വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പലവിധ വെല്ലുവിളികൾ നേരിടാൻ നിങ്ങളുടെ കുട്ടികളെ സജ്ജരാക്കുക

പലവിധ വെല്ലുവിളികൾ നേരിടാൻ നിങ്ങളുടെ കുട്ടികളെ സജ്ജരാക്കുക

പലവിധ വെല്ലുവിളികൾ നേരിടാൻ നിങ്ങളുടെ കുട്ടികളെ സജ്ജരാക്കുക

കഠിന സമ്മർദങ്ങൾക്കു നടുവിലാണ്‌ നമ്മുടെ കുട്ടികൾ ഇന്നു ജീവിക്കുന്നത്‌. സാത്താന്റെ ഈ ദുഷ്ടലോകത്തിന്റെ സ്വാധീനത്തെയും ‘യൗവ്വനമോഹങ്ങളെയും’ അവർക്കു ചെറുക്കേണ്ടതുണ്ട്‌. (2 തിമൊ. 2:22; 1 യോഹ. 5:19) മാത്രമല്ല, അവർ തങ്ങളുടെ ‘സ്രഷ്ടാവിനെ ഓർക്കുന്നു’ എന്ന കാരണത്താൽ, അവരുടെ വിശ്വാസത്തെ എതിർക്കുന്നവരിൽനിന്നുള്ള പരിഹാസവും ശല്യപ്പെടുത്തലുകളും അവർക്കു നേരിടേണ്ടിവരുന്നു. (സഭാ. 12:1) തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങൾ അനുസ്‌മരിച്ചുകൊണ്ട്‌ വിൻസെന്റ്‌ എന്ന സഹോദരൻ പറയുന്നു: “ഞാൻ സാക്ഷിയാണെന്ന കാരണത്താൽ ആരെങ്കിലുമൊക്കെ എപ്പോഴും എന്നെ ശല്യം ചെയ്‌തുകൊണ്ടിരുന്നു. എന്നെ ഭീഷണിപ്പെടുത്തുകയും എന്നോട്‌ വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും എനിക്ക്‌ അത്‌ അസഹനീയമായിരുന്നു, സ്‌കൂളിൽപോകാൻപോലും ഞാൻ മടിച്ചു.” *

ഈ ലോകത്തിൽനിന്നുള്ള സമ്മർദങ്ങൾക്കു പുറമേ നമ്മുടെ മക്കൾക്ക്‌ സമപ്രായക്കാരോടൊപ്പം നിൽക്കാനുള്ള സ്വാഭാവിക ആഗ്രഹത്തിനെതിരെ പോരാടേണ്ടതുമുണ്ട്‌. “വ്യത്യസ്‌തയായിരിക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല” കൗമാരം പിന്നിടാറായ കാതലീൻ പറയുന്നു. യുവസഹോദരനായ അലൻ പറയുന്നു: “വാരാന്തങ്ങളിൽ വെളിയിൽ പോകാൻ സ്‌കൂളിലെ കൂട്ടുകാർ പലപ്പോഴും ക്ഷണിക്കുമായിരുന്നു. പോകാൻ എനിക്ക്‌ ശരിക്കും ആഗ്രഹവുമുണ്ടായിരുന്നു.” ഇതൊന്നുമല്ലാതെ, സ്‌കൂളിലെ സ്‌പോർട്‌സിലും മറ്റും പങ്കെടുക്കാൻ കുട്ടികൾക്ക്‌ അതിയായ ആഗ്രഹമുണ്ടായിരിക്കും. വഴിപിഴച്ച കൂട്ടുകെട്ടിലേക്ക്‌ വഴുതിപ്പോകാൻ അവിടെ സാധ്യത ഏറെയാണ്‌. ടാനിയ എന്ന പേരുള്ള ഒരു സഹോദരി പറയുന്നു: “എനിക്ക്‌ സ്‌പോർട്‌സ്‌ ഇഷ്ടമാണ്‌. സ്‌കൂളിലെ കായികാധ്യാപകർ ടീമിൽ ചേരാൻ എപ്പോഴും നിർബന്ധിക്കുമായിരുന്നു. പറ്റില്ല എന്നു പറയാൻ വളരെ ബുദ്ധിമുട്ടായിരുന്നു.”

കുട്ടികൾ നേരിടുന്ന ഇത്തരത്തിലുള്ള പലവിധ വെല്ലുവിളികളെ നേരിടാൻ നിങ്ങൾക്ക്‌ എങ്ങനെ അവരെ സഹായിക്കാനാകും? കുട്ടികൾക്ക്‌ മാർഗനിർദേശം കൊടുക്കാൻ യഹോവ മാതാപിതാക്കളെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. (സദൃ. 22:6; എഫെ. 6:4) ദൈവത്തെ അനുസരിക്കാനുള്ള ആഗ്രഹം മക്കളുടെ ഹൃദയത്തിൽ വളർത്തിയെടുക്കുക എന്നതായിരിക്കണം ദൈവഭക്തരായ മാതാപിതാക്കളുടെ ലക്ഷ്യം. (സദൃ. 6:20-23) അങ്ങനെയാകുമ്പോൾ, മാതാപിതാക്കൾ അടുത്തില്ലാത്തപ്പോൾപ്പോലും ലോകത്തിന്റെ പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ കുട്ടികൾക്ക്‌ സാധിക്കും.

ഉപജീവനമാർഗം തേടുക, കുടുംബത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുക, സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക എന്നിവയെല്ലാം ഒരേസമയം ചെയ്യുകയെന്നത്‌ മാതാപിതാക്കൾക്ക്‌ ഒരു വെല്ലുവിളിതന്നെയാണ്‌. ഇണയില്ലാതെ ഒറ്റയ്‌ക്ക്‌ ഇതെല്ലാം ചിലർക്ക്‌ ചെയ്യേണ്ടതുണ്ടായിരിക്കാം. വിശ്വാസത്തിലില്ലാത്ത ഇണയിൽനിന്നുള്ള എതിർപ്പു സഹിച്ചുകൊണ്ടായിരിക്കാം ചിലർ ഇതൊക്കെ ചെയ്യുന്നത്‌. എങ്കിൽപ്പോലും മക്കൾക്കുവേണ്ട മാർഗനിർദേശങ്ങളും സഹായങ്ങളും നൽകാൻ യഹോവ മാതാപിതാക്കളിൽനിന്നും പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ, സ്‌കൂളിലും മറ്റും മക്കൾ ദിവസേനയെന്നോണം നേരിടുന്ന സമ്മർദങ്ങൾ, പ്രലോഭനങ്ങൾ, ഉപദ്രവങ്ങൾ എന്നിവയെ ചെറുത്തുനിൽക്കാൻ നിങ്ങൾക്ക്‌ അവരെ എങ്ങനെ സഹായിക്കാനാകും?

യഹോവയുമായുള്ള വ്യക്തിപരമായ ബന്ധം

ആദ്യംതന്നെ നമ്മുടെ കുട്ടികൾ യഹോവയെ ഒരു യഥാർഥ വ്യക്തിയെന്ന നിലയിൽ അടുത്തറിയേണ്ടതുണ്ട്‌. ‘അദൃശ്യനായവനെ കാണാനുള്ള’ സഹായം അവർക്ക്‌ കൊടുക്കേണ്ടതുണ്ട്‌. (എബ്രാ. 11:27) യഹോവയുമായി ഒരു അടുത്തബന്ധം വളർത്തിയെടുക്കാൻ തന്റെ മാതാപിതാക്കൾ സഹായിച്ചവിധത്തെപ്പറ്റി നേരത്തെകണ്ട വിൻസെന്റ്‌ പറയുന്നു: “പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം അവരെനിക്കു മനസ്സിലാക്കിത്തന്നു. വളരെ ചെറുപ്പംമുതലേ, ഉറങ്ങാൻ പോകുന്നതിനുമുമ്പ്‌ എല്ലാദിവസവും ഞാൻ യഹോവയോട്‌ പ്രാർഥിക്കുമായിരുന്നു. യഹോവ എനിക്ക്‌ ഒരു യഥാർഥ വ്യക്തിയായിരുന്നു.” നിങ്ങൾ കുട്ടികളോടൊപ്പം പ്രാർഥിക്കാറുണ്ടോ? കുട്ടികൾ സ്വന്തമായി പ്രാർഥിക്കുമ്പോൾ എന്താണ്‌ അവർ യഹോവയോട്‌ പറയുന്നതെന്ന്‌ ശ്രദ്ധിക്കരുതോ? എന്നും പറയാറുള്ള കാര്യങ്ങൾ വെറുതെ ആവർത്തിക്കുകമാത്രമാണോ അവർ ചെയ്യുന്നത്‌? അതോ യഹോവയോട്‌ അവർക്ക്‌ തോന്നുന്ന വികാരങ്ങളെല്ലാം അവർ അവനെ അറിയിക്കുന്നുണ്ടോ? അവരുടെ പ്രാർഥനകൾ ശ്രദ്ധിക്കുമ്പോൾ നിങ്ങൾക്കവരുടെ ആത്മീയപുരോഗതി മനസ്സിലാക്കാനാകും.

ദൈവവചനം പതിവായി വായിക്കാൻ ലക്ഷ്യംവെക്കുന്നതാണ്‌ യഹോവയോട്‌ അവർക്ക്‌ അടുത്തുചെല്ലാൻ കഴിയുന്ന മറ്റൊരു മാർഗം. കാതലീൻ പറയുന്നു: “ചെറുപ്പകാലത്തുടനീളം എനിക്ക്‌ ബൈബിൾ വായിക്കുന്ന ശീലമുണ്ടായിരുന്നു. അത്‌ എന്നെ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്‌. ആളുകൾ എന്നെ എതിർത്താലും യഹോവ എന്റെ കൂടെയുണ്ടായിരിക്കും എന്ന ഉറപ്പും ധൈര്യവും എനിക്ക്‌ അതിലൂടെ ലഭിച്ചു.” നിങ്ങളുടെ മക്കൾക്ക്‌ അവരുടേതായ ഒരു ബൈബിൾവായന ഉണ്ടോ?—സങ്കീ. 1:1-3; 77:12.

അമ്മയപ്പന്മാർ കൊടുക്കുന്ന നിർദേശങ്ങളോട്‌ ഓരോ കുട്ടിയും പ്രതികരിക്കുന്നത്‌ വ്യത്യസ്‌തമായിട്ടായിരിക്കും. അതുപോലെ പ്രായത്തേയുംകൂടെ ആശ്രയിച്ചായിരിക്കും അവരുടെ ആത്മീയ വളർച്ച. എന്നാൽ യഹോവയെ ഒരു യഥാർഥ വ്യക്തിയെന്ന നിലയിൽ അടുത്തറിയാൻ കുട്ടികൾക്ക്‌ സഹായം കൂടിയേതീരൂ. മാതാപിതാക്കൾ യഹോവയുടെ വചനം മക്കളിൽ ഉൾനടുകയാണെങ്കിൽ, ഏതു സാഹചര്യത്തിലായിരുന്നാലും യഹോവ സംസാരിച്ചാലെന്നതുപോലെ അത്‌ അവരുടെ ഉള്ളിൽനിന്ന്‌ അവരോടു ‘സംസാരിക്കും.’ (ആവ. 6:6-9) യഹോവയ്‌ക്ക്‌ വ്യക്തിപരമായി തങ്ങളോട്‌ താത്‌പര്യമുണ്ടെന്ന്‌ കുട്ടികൾക്ക്‌ ബോധ്യം വരേണ്ടതുണ്ട്‌.

ആശയവിനിമയം: എങ്ങനെ അർഥവത്താക്കാം?

കുട്ടികളെ സഹായിക്കാൻ കഴിയുന്ന മറ്റൊരു സുപ്രധാന മാർഗമാണ്‌ ആശയവിനിമയം. കുട്ടികളോടു വെറുതെ സംസാരിക്കുന്നതു മാത്രമല്ല നല്ല ആശയവിനിമയത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌. ചോദ്യങ്ങൾ ചോദിക്കുന്നതും ക്ഷമയോടെ അവരുടെ ഉത്തരങ്ങൾ കേൾക്കുന്നതും—നിങ്ങൾ ആഗ്രഹിക്കുന്ന ഉത്തരമല്ല അവർ പറയുന്നതെങ്കിൽപോലും—അതിൽ ഉൾപ്പെടുന്നു. രണ്ട്‌ ആൺകുട്ടികളുടെ അമ്മയായ ആൻ പറയുന്നു: “അവരുടെ ഉള്ളിലുള്ളത്‌ എന്താണെന്നും എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ അവർ നേരിടുന്നതെന്നും എനിക്കു പിടികിട്ടുന്നതുവരെ ഞാൻ ചോദ്യങ്ങൾ ചോദിക്കും.” സംസാരിക്കുമ്പോൾ കേൾക്കാൻ മനസ്സുകാട്ടുന്നവരായിട്ടാണോ നിങ്ങളെ കുട്ടികൾ കാണുന്നത്‌? ടാനിയ പറയുന്നു: “ഞാൻ പറയുന്ന കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിച്ചുകേൾക്കുകയും പറഞ്ഞ കാര്യങ്ങളൊക്കെ ഓർത്തിരിക്കുകയും ചെയ്യും. എന്റെ ക്ലാസ്സിലെ കുട്ടികളുടെ പേരുകളൊക്കെ അവർക്ക്‌ അറിയാം. എന്റെ മാതാപിതാക്കൾ, അവരുടെ കാര്യം തിരക്കുകയും ഞങ്ങൾ മുമ്പ്‌ സംസാരിച്ചിട്ടുള്ള മറ്റു കാര്യങ്ങളെക്കുറിച്ച്‌ ചോദിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.” ശ്രദ്ധിച്ചു കേൾക്കുന്നതും കേൾക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കുന്നതും ഫലപ്രദമായ ആശയവിനിമയത്തിന്‌ അനിവാര്യമാണ്‌.

പല കുടുംബങ്ങളിലും ഭക്ഷണവേളകളാണ്‌ അർഥവത്തായ ആശയവിനിമയങ്ങൾക്ക്‌ വേദിയൊരുക്കുന്നത്‌. വിൻസെന്റ്‌ പറയുന്നു: “വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. ഞങ്ങൾക്കത്‌ വളരെ പ്രധാനമായിരുന്നു. സാധിക്കുമ്പോഴൊക്കെ ഭക്ഷണസമയത്ത്‌ ഒരുമിച്ചുണ്ടായിരിക്കാൻ പ്രതീക്ഷിച്ചിരുന്നു. ഭക്ഷണത്തിന്റെ സമയത്ത്‌ ടിവി കാണാനോ റേഡിയോ കേൾക്കാനോ എന്തെങ്കിലും വായിക്കാനോ ഒന്നും ഞങ്ങളെ അനുവദിക്കുമായിരുന്നില്ല. ഭക്ഷണം കഴിക്കാനായി ഒത്തുകൂടുമ്പോൾ പിരിമുറുക്കമുണ്ടാക്കാത്ത, സാധാരണമട്ടിലുള്ള സംഭാഷണങ്ങളായിരുന്നു പലപ്പോഴും ഞങ്ങളുടേത്‌. അതുകൊണ്ട്‌ സ്‌കൂളിൽ ഞാൻ അനുഭവിക്കുന്ന സമ്മർദങ്ങളും ഉത്‌കണ്‌ഠകളുമൊക്കെ തുറന്നുസംസാരിക്കാൻ ഇത്‌ അവസരമേകി.” “ഭക്ഷണവേളകളിൽ ഇങ്ങനെ മാതാപിതാക്കളോട്‌ സംസാരിക്കുക പതിവായിരുന്നതുകൊണ്ട്‌ ഗൗരവതരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നപ്പോൾ മാതാപിതാക്കളുടെ സഹായം തേടാൻ എനിക്ക്‌ യാതൊരു മടിയുമുണ്ടായിരുന്നില്ല” വിൻസെന്റ്‌ പറയുന്നു.

അതുകൊണ്ട്‌ ചിന്തിക്കുക: ‘ഒരാഴ്‌ചയിൽ ഞങ്ങളുടെ കുടുംബം എത്ര തവണ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാറുണ്ട്‌?’ കുട്ടികളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിന്‌ ഇക്കാര്യത്തിൽ എന്തെങ്കിലും ഭേദഗതികൾ വരുത്തേണ്ടതുണ്ടോ?

പരിശീലന സെഷനുകളുടെ പ്രാധാന്യം കുറച്ചുകാണരുത്‌

കുട്ടികളുമായി അർഥവത്തായ രീതിയിൽ ആശയവിനിമയം നടത്താനുള്ള ഒരു സന്ദർഭമാണ്‌ കുടുംബാരാധനയുടെ സമയം. അനുദിനം അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യുന്നതിനാവശ്യമായ സഹായം അവർക്ക്‌ അവിടെ നൽകാനാകും. അലൻ പറയുന്നു: “ഞങ്ങളുടെ ഉള്ളിലുള്ളത്‌ എന്താണെന്ന്‌ മനസ്സിലാക്കാൻ മാതാപിതാക്കൾ കുടുംബാധ്യയനവേളയെ ഉപയോഗപ്പെടുത്തുമായിരുന്നു. ഞങ്ങൾക്ക്‌ ഏറ്റവും ഉപകരിക്കുന്ന വിഷയങ്ങളാണ്‌ അവർ ചർച്ച ചെയ്‌തിരുന്നത്‌.” അലന്റെ അമ്മ പറയുന്നു: “അധ്യയനത്തിന്റെ സമയത്ത്‌ കുറച്ചുസമയം ഞങ്ങൾ പരിശീലന സെഷനുകൾക്കുവേണ്ടി ഉപയോഗിക്കുമായിരുന്നു. സ്വന്തം വിശ്വാസങ്ങൾക്കുവേണ്ടി സംസാരിക്കേണ്ടത്‌ എങ്ങനെയെന്നും അവർ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന്‌ അവർക്കുതന്നെ ബോധ്യപ്പെടാനും ഈ സെഷനുകൾ മക്കളെ സഹായിച്ചു. ഇത്‌ അവർക്ക്‌ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാൻ മതിയായ ആത്മവിശ്വാസം പകർന്നു.”

സമപ്രായക്കാരുടെ ദുസ്സ്വാധീനങ്ങളെ ചെറുക്കണമെങ്കിൽ ചിലപ്പോൾ അവരോട്‌, ‘പറ്റില്ല’ ‘വേണ്ടാ’ എന്നൊക്കെ മാത്രം പറഞ്ഞാൽ മതിയാകുകയില്ല, അതിന്റെ കാരണം എന്താണെന്നുകൂടി വിശദീകരിക്കേണ്ടി വന്നേക്കാം. വിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവർ കളിയാക്കുകയോ മറ്റോ ചെയ്യുമ്പോൾ എന്താണ്‌ ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണയും അവബോധവും അവർക്കുണ്ടായിരിക്കണം. വിശ്വാസത്തിനുവേണ്ടി പ്രതിവാദം ചെയ്യാൻ അവർക്ക്‌ കഴിയുന്നില്ലെങ്കിൽ സത്യാരാധനയ്‌ക്കുവേണ്ടി ഒരു ധീരനിലപാടെടുക്കാൻ അവർക്കു ബുദ്ധിമുട്ടായിരിക്കും. ഇവിടെയാണ്‌ പരിശീലന സെഷനുകളുടെ പ്രാധാന്യം. കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ അത്‌ സഹായിക്കും.

18-ാം പേജിലെ ചതുരത്തിൽ ചില സാഹചര്യങ്ങൾ കൊടുത്തിട്ടുണ്ട്‌. അവ കുടുംബാരാധനയുടെ സമയത്ത്‌ പരിശീലിച്ചു നോക്കാവുന്നതാണ്‌. കുട്ടികൾ നൽകുന്ന വിശദീകരണങ്ങളെ ഖണ്ഡിക്കുന്ന മറുചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ ചർച്ചയെ ജീവസ്സുറ്റതാക്കുക. പരിശീലന സെഷനോടൊപ്പം ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നു പഠിക്കാൻ കഴിയുന്ന പ്രായോഗിക പാഠങ്ങളുംകൂടെ ഉൾപ്പെടുത്തുക. വീട്ടിൽ കിട്ടുന്ന ഇത്തരം പരിശീലനം സ്‌കൂളിലെന്നു മാത്രമല്ല എവിടെയായിരുന്നാലും നിങ്ങളുടെ മക്കളെ വെല്ലുവിളികൾ നേരിടാൻ സജ്ജരാക്കും തീർച്ച.

കുട്ടികൾ ഓടിയണയാനാഗ്രഹിക്കുന്ന അഭയസ്ഥാനമാണോ നിങ്ങളുടെ വീട്‌?

സ്‌കൂൾവിടുമ്പോൾ കുട്ടികൾ ഓടിയണയാൻ കൊതിക്കുന്ന, അവർക്ക്‌ അഭയവും ആശ്വാസവുമേകുന്ന ഒന്നാണോ നിങ്ങളുടെ ഭവനം? നിത്യേന വന്നുചേരുന്ന പ്രശ്‌നങ്ങളെ തരണംചെയ്യാൻ അങ്ങനെയൊരു അന്തരീക്ഷം നിങ്ങളുടെ മക്കൾക്ക്‌ കരുത്തേകും. ഇപ്പോൾ ബെഥേലിൽ സേവിക്കുന്ന ഒരു സഹോദരി പറയുന്നു: “കുട്ടിക്കാലത്ത്‌, ഞാൻ ഓടിയണയാനാഗ്രഹിച്ചിരുന്ന അഭയസ്ഥാനമായിരുന്നു എന്റെ വീട്‌. സ്‌കൂളിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും വീട്ടിൽവരുമ്പോൾ എല്ലാം ശരിയാകും എന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.” നിങ്ങളുടെ വീട്ടിലെ അന്തരീക്ഷം എങ്ങനെയുള്ളതാണ്‌? നിങ്ങളുടെ ഭവനം, “ക്രോധം, കലഹം, ഭിന്നത” എന്നിവയാൽ നിറഞ്ഞതാണോ അതോ “സ്‌നേഹം, സന്തോഷം, സമാധാനം” എന്നീ ഗുണങ്ങളാണോ അവിടെക്കാണാൻ കഴിയുന്നത്‌? (ഗലാ. 5:19-23) വീട്ടിൽ ശാന്തിയും സമാധാനവുമില്ലെങ്കിൽ സാഹചര്യം മെച്ചപ്പെടുത്താൻ ആവുന്നത്ര ശ്രമിക്കരുതോ, നിങ്ങളുടെ മക്കൾക്കുവേണ്ടി?

വെല്ലുവിളികളെ നേരിടാൻ മക്കളെ സഹായിക്കുന്നതിനുള്ള മറ്റൊരു മാർഗം അവർക്ക്‌ നല്ല സഹവാസം ലഭിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതാണ്‌. ഉദാഹരണത്തിന്‌, കുടുംബം ഒത്തൊരുമിച്ച്‌ വിനോദങ്ങളിലേർപ്പെടുമ്പോൾ നിങ്ങളുടെ സഭയിലെ ആത്മീയമനസ്‌കരായ സഹോദരങ്ങളെ ഒപ്പം കൂട്ടരുതോ? സഞ്ചാരമേൽവിചാരകനെയോ മുഴുസമയശുശ്രൂഷയിലുള്ള മറ്റു സഹോദരങ്ങളെയോ നിങ്ങളുടെ വീട്ടിലേക്ക്‌ ഒരു നേരത്തെ ഭക്ഷണത്തിനായി വിളിക്കരുതോ? നിങ്ങളുടെ മക്കളുമായി സൗഹൃദം സ്ഥാപിക്കാൻ പറ്റിയ ഏതെങ്കിലും മിഷനറിമാരെയോ ബെഥേലംഗങ്ങളെയോ നിങ്ങൾക്കറിയാമോ? ഒരുപക്ഷേ എഴുത്തെഴുതിക്കൊണ്ടോ ഇ-മെയിൽ അയച്ചുകൊണ്ടോ ഫോൺ വിളിച്ചുകൊണ്ടോ കുട്ടികൾക്ക്‌ അവരുമായി സൗഹൃദം സ്ഥാപിക്കാനാകും. അത്തരം സുഹൃദ്‌ബന്ധങ്ങൾ നിങ്ങളുടെ മക്കളുടെ കാലടികളെ നേർവഴിക്കു നയിക്കാൻ സഹായിക്കും. ആത്മീയ ലക്ഷ്യങ്ങൾവെച്ചു പ്രവർത്തിക്കാൻ അവർക്കത്‌ പ്രചോദനമാകും. ബാലനായ തിമൊഥെയൊസിന്റെ ജീവിതത്തിൽ പൗലോസ്‌ അപ്പൊസ്‌തലൻ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചൊന്നു ചിന്തിക്കുക. (2 തിമൊ. 1:13; 3:10) പൗലോസുമായുള്ള അടുത്ത സഹവാസം ആത്മീയ ലക്ഷ്യങ്ങളിൽ മനസ്സു കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തിമൊഥെയൊസിനെ സഹായിച്ചു.—1 കൊരി. 4:17.

കുട്ടികളെ അഭിനന്ദിക്കുക

സാത്താന്റെ ലോകം കൊണ്ടുവരുന്ന ശക്തമായ സമ്മർദങ്ങൾ ഉണ്ടായിട്ടും ദൈവികനിലവാരങ്ങൾക്കുവേണ്ടി ഉറച്ച നിലപാടെടുക്കുന്ന ബാലികാബാലന്മാരെ യഹോവ അതിയായി വിലമതിക്കുന്നു. (സങ്കീ. 147:11; സദൃ. 27:11) നമ്മുടെ മക്കൾ ജീവിതത്തിൽ ദൈവികമൂല്യങ്ങൾ പ്രിയപ്പെടുന്നതു കാണുമ്പോൾ മാതാപിതാക്കളായ നിങ്ങൾക്കും ചാരിതാർഥ്യമുണ്ടാകും. (സദൃ. 10:1) അവരെക്കുറിച്ച്‌ നിങ്ങൾ എന്തു ചിന്തിക്കുന്നെന്ന്‌ അവരെ അറിയിക്കുക. അവരെ അഭിനന്ദിക്കുന്നതിൽ യാതൊരു പിശുക്കും കാണിക്കരുത്‌. ഇക്കാര്യത്തിൽ യഹോവ നിങ്ങൾക്കൊരു മാതൃകയാണ്‌. യേശു സ്‌നാനമേറ്റ സമയത്ത്‌ യഹോവ ഇങ്ങനെ പറഞ്ഞു: “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മർക്കോ. 1:11) വരാനിരിക്കുന്ന പലവിധമായ പരിശോധനകളെ നേരിടാൻ അംഗീകാരത്തിന്റെ ആ വാക്കുകൾ യേശുവിന്‌ എത്രമാത്രം കരുത്തുപകർന്നിരിക്കണം! അതുപോലെ, നിങ്ങളും നിങ്ങളുടെ സ്‌നേഹം മക്കളെ അറിയിക്കുക, അവർ ചെയ്യുന്ന കാര്യങ്ങളെ നിർലോപം അഭിനന്ദിക്കുക.

കുട്ടികൾക്കു നേരിടേണ്ടിവരുന്ന ദുസ്സ്വാധീനങ്ങളിൽനിന്നും ഉപദ്രവങ്ങളിൽനിന്നും പരിഹാസങ്ങളിൽനിന്നും പൂർണമായി പരിരക്ഷിക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. എന്നിരുന്നാലും, മാതാപിതാക്കളായ നിങ്ങൾക്ക്‌ നാം കണ്ടതുപോലെ പലകാര്യങ്ങളും ചെയ്യാനാകും. അതായത്‌, യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ അവരെ സഹായിക്കുക. അർഥവത്തായ ആശയവിനിമയത്തിനുള്ള ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുക. കുടുംബാരാധന പ്രായോഗികമായി, ഫലപ്രദമായി, നടത്തുക. നിങ്ങളുടെ വീടിനെ സുരക്ഷിതത്വത്തിന്റെയും ആശ്വാസത്തിന്റെയും കേദാരമാക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ മക്കൾ നിത്യേന നേരിടുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും അവർക്ക്‌ തരണംചെയ്യാനാകും തീർച്ച.

[അടിക്കുറിപ്പ്‌]

^ ഖ. 2 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[18-ാം പേജിലെ ചതുരം/ചിത്രം]

പരിശീലന സെഷനുകൾക്ക്‌ ഉപയോഗിക്കാവുന്ന ചില സാഹചര്യങ്ങൾ

നമ്മുടെ യുവപ്രായക്കാർ നേരിടുന്ന ചില സാഹചര്യങ്ങളാണ്‌ താഴെക്കൊടുത്തിരിക്കുന്നത്‌. കുടുംബാരാധനയുടെ സമയത്ത്‌ ഇവയിൽ ചിലത്‌ ഒന്നു പരിശീലിച്ചു നോക്കരുതോ?

▸ സ്‌കൂളിലെ സ്‌പോർട്‌സ്‌ ടീമിൽ ചേരാൻ നിങ്ങളുടെ മകളോട്‌ കായികാധ്യാപകൻ ആവശ്യപ്പെടുന്നു.

▸ സ്‌കൂൾവിട്ടുവരുമ്പോൾ നിങ്ങളുടെ മകനെ കൂട്ടുകാർ സിഗരറ്റു വലിക്കാൻ നിർബന്ധിക്കുന്നു.

▸ ഇനി പ്രസംഗവേലയിൽ ഏർപ്പെടുന്നതു കണ്ടാൽ തല്ലുമെന്ന്‌ നിങ്ങളുടെ മകനെ ചില ചെറുപ്പക്കാർ ഭീഷണിപ്പെടുത്തുന്നു.

▸ നിങ്ങളുടെ മകൾ വയൽസേവനത്തിലായിരിക്കെ അവളുടെ സഹപാഠികളിലൊരാളുടെ വീട്ടിൽച്ചെല്ലുന്നു.

▸ പതാകയെ വന്ദിക്കാത്തത്‌ എന്തുകൊണ്ടെന്ന്‌ മുഴു ക്ലാസ്സിനോടും വിശദീകരിക്കാൻ നിങ്ങളുടെ മകളോട്‌ ആവശ്യപ്പെടുന്നു.

▸ സാക്ഷിയായതിന്റെ പേരിൽ നിങ്ങളുടെ മകനെ ഒരു ആൺകുട്ടി നിരന്തരം ശല്യപ്പെടുത്തുന്നു.

[17-ാം പേജിലെ ചിത്രം]

നിങ്ങളുടെ മക്കൾക്ക്‌ അവരുടേതായ ഒരു ബൈബിൾവായന ഉണ്ടോ?

[19-ാം പേജിലെ ചിത്രം]

വിനോദങ്ങളിലേർപ്പെടുമ്പോൾ നിങ്ങളുടെ സഭയിലെ ആത്മീയമനസ്‌കരായ സഹോദരങ്ങളെ ഒപ്പം കൂട്ടാറുണ്ടോ?