വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സ്വന്തമായിരിക്കുകയെന്ന അത്യുദാത്ത പദവി

യഹോവയുടെ സ്വന്തമായിരിക്കുകയെന്ന അത്യുദാത്ത പദവി

യഹോവയുടെ സ്വന്തമായിരിക്കുകയെന്ന അത്യുദാത്ത പദവി

“നാം യഹോവയ്‌ക്കുള്ളവർ.”—റോമ. 14:8.

1, 2. (എ) ഏതു പദവിയാണ്‌ നമുക്കുള്ളത്‌? (ബി) ഏതു ചോദ്യങ്ങൾ നാം പരിഗണിക്കും?

“നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും,” ഇസ്രായേൽ ജനതയോട്‌ യഹോവ പറഞ്ഞ വാക്കുകളാണിവ. (പുറ. 19:5) എത്ര വലിയൊരു പദവിയാണ്‌ അവൻ അവർക്കു നൽകിയത്‌! ഇന്ന്‌ ക്രിസ്‌തീയ സഭയിലുള്ളവർക്കും യഹോവയുടെ സ്വന്തം ജനമായിരിക്കാനുള്ള മഹനീയ പദവിയുണ്ട്‌. (1 പത്രോ. 2:9; വെളി. 7:9, 14, 15) ശാശ്വതമായ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു പദവിയാണത്‌.

2 യഹോവയ്‌ക്കുള്ളവർ ആയിരിക്കുന്നത്‌ പദവിയോടൊപ്പം ഉത്തരവാദിത്വങ്ങളും കൈവരുത്തുന്നു. എന്നാൽ ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘യഹോവ പ്രതീക്ഷിക്കുന്നത്‌ ചെയ്യാൻ എനിക്കാകുമോ? ഞാൻ എപ്പോഴെങ്കിലും പാപം ചെയ്‌താൽ അവൻ എന്നെ തള്ളിക്കളയുമോ? എന്നെ യഹോവയ്‌ക്കു വിട്ടുകൊടുത്താൽ എന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ?’ ഇത്തരം ചിന്തകൾ മനസ്സിൽവരുക സ്വാഭാവികമാണ്‌. എന്നാൽ ആദ്യംതന്നെ നമുക്ക്‌ സുപ്രധാനമായ മറ്റൊരു ചോദ്യം പരിചിന്തിക്കാം: യഹോവയ്‌ക്കുള്ളവർ ആയിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?

യഹോവയുടെ സ്വന്തമായിരിക്കുന്നത്‌ സന്തുഷ്ടിയിലേക്ക്‌ നയിക്കും

3. യഹോവയെ സേവിക്കാൻ തീരുമാനിച്ചതുകൊണ്ട്‌ രാഹാബിന്‌ എന്ത്‌ അനുഗ്രഹങ്ങൾ ലഭിച്ചു?

3 യഹോവയ്‌ക്കുള്ളവർ ആയിരിക്കുന്നതുകൊണ്ട്‌ ആളുകൾ പ്രയോജനം നേടുന്നുണ്ടോ? പുരാതന യെരീഹോയിൽ താമസിച്ചിരുന്ന ഒരു വേശ്യയായ രാഹാബിന്റെ കാര്യമെടുക്കുക. കനാന്യരുടെ മ്ലേച്ഛമായ ആരാധനാരീതികൾ ചെറുപ്പംമുതലേ അവൾ അനുഷ്‌ഠിച്ചിരുന്നു. എന്നാൽ യഹോവ ഇസ്രായേല്യർക്കു നൽകിയ വിജയങ്ങളെക്കുറിച്ചു കേട്ടറിഞ്ഞപ്പോൾ അവനാണ്‌ സത്യദൈവം എന്ന്‌ അവൾ തിരിച്ചറിഞ്ഞു. അതുകൊണ്ട്‌ തന്റെ സംരക്ഷണം ഇസ്രായേല്യരുടെ കൈകളിൽ ഭരമേൽപ്പിച്ച്‌, സ്വന്തജീവൻ അപകടപ്പെടുത്തി ദൈവജനത്തെ സംരക്ഷിക്കാൻ അവൾ ധൈര്യംകാണിച്ചു. ബൈബിൾ പറയുന്നു: “രാഹാബ്‌ എന്ന വേശ്യയും ദൂതന്മാരെ കൈക്കൊള്ളുകയും മറ്റൊരു വഴിയായി പറഞ്ഞയയ്‌ക്കുകയും ചെയ്‌തപ്പോൾ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്‌?” (യാക്കോ. 2:25) ശുദ്ധമായ ആരാധനാ രീതികളായിരുന്നു ദൈവജനത്തിന്‌ ഉണ്ടായിരുന്നത്‌. സ്‌നേഹത്തിലും നീതിയിലും വേരൂന്നിയ ദൈവിക നിയമങ്ങളാൽ അഭ്യസ്‌തരാക്കപ്പെട്ടവരായിരുന്നു അവർ. ആ ജനതയുടെ ഭാഗമായിത്തീർന്നപ്പോൾ അവൾക്കു കൈവന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുക. തന്റെ മുൻകാല ജീവിതരീതി അപ്പാടേ ഉപേക്ഷിച്ചതിൽ അവൾക്ക്‌ എത്രമാത്രം സന്തോഷം തോന്നിയിരിക്കണം! പിന്നീട്‌ അവളൊരു ഇസ്രായേല്യനെ വിവാഹംകഴിച്ചു, അവർക്ക്‌ ബോവസ്‌ എന്നൊരു മകൻ ജനിച്ചു. അവൻ ദൈവഭക്തനായ ഒരു മനുഷ്യനായിരുന്നു.—യോശു. 6:25; രൂത്ത്‌ 2:4-12; മത്താ. 1:5, 6.

4. യഹോവയെ സേവിക്കാൻ തീരുമാനിച്ചതിനാൽ രൂത്ത്‌ എങ്ങനെ അനുഗ്രഹിക്കപ്പെട്ടു?

4 മോവാബ്യസ്‌ത്രീയായിരുന്നു രൂത്ത്‌. അവളും യഹോവയെ സേവിക്കാൻ തീരുമാനിച്ചു. ചെറുപ്പത്തിൽ അവൾ കെമോശിനെയും മറ്റ്‌ മോവാബ്യ ദൈവങ്ങളെയും ആരാധിച്ചിട്ടുണ്ടാകണം. എന്നാൽ അവൾ സത്യദൈവമായ യഹോവയെക്കുറിച്ച്‌ അറിയാൻ ഇടയായി. തന്റെ നാട്ടിൽ അഭയാർഥിയായി വന്നുപാർത്ത ഒരു ഇസ്രായേല്യനെ അവൾ വിവാഹം ചെയ്‌തു. (രൂത്ത്‌ 1:1-6 വായിക്കുക.) രൂത്തും അവളുടെ ഭർത്താവിന്റെ സഹോദരപത്‌നിയായ ഒർപ്പയും അമ്മാവിയമ്മയായ നൊവൊമിക്കൊപ്പം ബേത്ത്‌ലെഹെമിലേക്ക്‌ യാത്രതിരിച്ചപ്പോൾ, അവരവരുടെ വീടുകളിലേക്കു തിരിച്ചുപോകാൻ നൊവൊമി തന്റെ മരുമക്കളോട്‌ ആവശ്യപ്പെട്ടു. ഇസ്രായേലിൽ സ്ഥിരതാമസമാക്കുക അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാകുമായിരുന്നു. ഒർപ്പ അതുകേട്ട്‌ “തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ” മടങ്ങിപ്പോയി. എന്നാൽ രൂത്ത്‌ പോയില്ല. അവൾ തന്റെ വിശ്വാസത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു. താൻ ആർക്കുള്ളവളായിരിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ അവൾക്കു ബോധ്യമുണ്ടായിരുന്നു. അവൾ നൊവൊമിയോട്‌ പറയുന്നു: “നിന്നെ വിട്ടുപിരിവാനും നിന്റെകൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത്‌ 1:15, 16) യഹോവയെ സേവിക്കാൻ തീരുമാനിച്ചതിനാൽ രൂത്ത്‌ അനുഗ്രഹിക്കപ്പെട്ടു. വിധവമാരോടും ദരിദ്രരോടും ഭൂരഹിതരോടും പ്രത്യേക കരുതൽ കാണിക്കണമെന്നുള്ള നിർദേശങ്ങൾ ദൈവം നൽകിയ ന്യായപ്രമാണത്തിൽ അടങ്ങിയിരുന്നു. അങ്ങനെ യഹോവയുടെ ചിറകിൻകീഴിൽ അവൾ സന്തോഷവും സംരക്ഷണവും സുരക്ഷിതത്വവും കണ്ടെത്തി.

5. യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന ആളുകളുടെ ജീവിതത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?

5 യഹോവയ്‌ക്കു സ്വയം സമർപ്പിക്കുകയും ദശകങ്ങളോളം അവനെ വിശ്വസ്‌തതയോടെ സേവിക്കുകയും ചെയ്‌തിരിക്കുന്നവരെ നിങ്ങൾക്ക്‌ അറിയാമായിരിക്കും. അവനെ സേവിച്ചതുകൊണ്ട്‌ ലഭിച്ചിരിക്കുന്ന പ്രയോജനങ്ങളെക്കുറിച്ച്‌ അവരോട്‌ ആരായുക. പ്രശ്‌നങ്ങളില്ലാത്ത ഒരു ജീവിതം ആർക്കുമില്ലെങ്കിലും അവരുടെ ജീവിതം സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾക്ക്‌ അടിവരയിടുന്നതാണ്‌: “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.”—സങ്കീ. 144:15.

നമ്മെക്കുറിച്ച്‌ ന്യായമായ പ്രതീക്ഷകളുള്ള ദൈവം

6. യഹോവയുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാൻ സാധിക്കുമോയെന്ന്‌ ആകുലപ്പെടേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

6 യഹോവ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കുമോയെന്ന്‌ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. യഹോവയുടെ ഒരു ദാസനായിരിക്കുക, അവന്റെ നിയമങ്ങൾ അനുസരിച്ച്‌ ജീവിക്കുക, അവന്റെ നാമത്തിൽ സംസാരിക്കുക ഇതെല്ലാം വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെന്ന്‌ ചിന്തിക്കുക എളുപ്പമാണ്‌. ഇസ്രായേല്യരോടും ഈജിപ്‌റ്റിലെ ഫറവോനോടും സംസാരിക്കാനായി മോശയെ അയച്ചപ്പോൾ തന്റെ കഴിവിൽ മോശയ്‌ക്ക്‌ അപര്യാപ്‌തത തോന്നി. എന്നാൽ അവനെക്കുറിച്ച്‌ അതിരുകവിഞ്ഞ പ്രതീക്ഷയൊന്നും യഹോവയ്‌ക്ക്‌ ഇല്ലായിരുന്നു. അവൻ ചെയ്യേണ്ടത്‌ യഹോവ അവന്‌ ‘ഉപദേശിച്ചുകൊടുത്തു.’ (പുറപ്പാടു 3:11; 4:1, 10, 13-15 വായിക്കുക.) യഹോവ നൽകിയ സഹായം സ്വീകരിച്ചതുകൊണ്ട്‌ മോശയ്‌ക്ക്‌ ദൈവഹിതം നിറവേറ്റുന്നതിന്റെ സന്തോഷം അനുഭവിക്കാനായി. നമ്മുടെ കാര്യത്തിലും അതേ ന്യായബോധമാണ്‌ യഹോവ പ്രകടമാക്കുന്നത്‌. അപൂർണമായ നമ്മുടെ പ്രകൃതം അവൻ മനസ്സിലാക്കുന്നു, നമ്മെ സഹായിക്കാൻ അവൻ ആഗ്രഹിക്കുന്നു. (സങ്കീ. 103:14) യേശുവിന്റെ അനുഗാമി ആയിരുന്നുകൊണ്ട്‌ ദൈവത്തെ സേവിക്കുന്നത്‌ ഭാരമുള്ള ഒരു സംഗതിയല്ല, മറിച്ച്‌ ഉന്മേഷപ്രദമാണ്‌. അത്തരമൊരു ജീവിതം മറ്റുള്ളവർക്കു ഗുണം ചെയ്യുകയും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യും എന്നതാണ്‌ കാരണം. യേശു പറഞ്ഞു: “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരും. എന്റെ നുകം ഏറ്റുകൊണ്ട്‌ എന്നിൽനിന്നു പഠിക്കുവിൻ. ഞാൻ സൗമ്യതയും താഴ്‌മയും ഉള്ളവനാകുന്നു.”—മത്താ. 11:28, 29.

7. താൻ ആഗ്രഹിക്കുന്നപ്രകാരം പ്രവർത്തിക്കാൻ യഹോവ നിങ്ങളെ സഹായിക്കും എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

7 നാം ശക്തിക്കായി യഹോവയിൽ ആശ്രയിക്കുന്നിടത്തോളംകാലം നമുക്ക്‌ ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകാൻ അവൻ എക്കാലവും ഒരുക്കമാണ്‌. യിരെമ്യാവിനെക്കുറിച്ചു ചിന്തിക്കുക. കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതിൽ സ്വതവേ ധൈര്യം കാട്ടിയിരുന്ന ആളല്ല അവൻ. തന്റെ പ്രവാചകനായി യഹോവ അവനെ നിയമിച്ചപ്പോൾ അവൻ ഇങ്ങനെ പ്രതിവചിച്ചു: “അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ.” പിന്നീടൊരിക്കൽ അവൻ ഇങ്ങനെയും പറഞ്ഞു: ‘ഞാൻ ഇനി അവന്റെ നാമത്തിൽ സംസാരിക്കില്ല.’ (യിരെ. 1:6; 20:9) എന്നാൽ യഹോവയുടെ പിന്തുണയോടെ യിരെമ്യാവ്‌ ജനപ്രിയമല്ലാത്ത ഒരു സന്ദേശം 40 വർഷം പ്രസംഗിച്ചു. ‘നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ട്‌’ എന്നു പറഞ്ഞുകൊണ്ട്‌ യഹോവ അവനെ പലവട്ടം ബലപ്പെടുത്തുകയുണ്ടായി.—യിരെ. 1:8, 19; 15:20.

8. യഹോവയിൽ ആശ്രയിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ തെളിയിക്കാം?

8 മോശയെയും യിരെമ്യാവിനെയും ശക്തീകരിച്ചതുപോലെ തന്റെ ഇഷ്ടം ചെയ്യാൻ ക്രിസ്‌ത്യാനികളായ നമ്മെയും യഹോവ സഹായിക്കും. അതിനു നാം അവനിൽ ആശ്രയിക്കേണ്ടതുണ്ട്‌. അതു പ്രധാനമാണ്‌, കാരണം ബൈബിൾ പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃ. 3:5, 6) തന്റെ വചനത്തിലൂടെയും സഭയിലൂടെയും യഹോവ നൽകുന്ന സഹായം നാം സ്വീകരിക്കുമ്പോൾ നാം അവനിൽ ആശ്രയിക്കുകയാണ്‌. നമ്മുടെ പാതകളെ നയിക്കാൻ നാം യഹോവയെ അനുവദിക്കുന്നെങ്കിൽ അവനോടു വിശ്വസ്‌തരായിരിക്കുന്നതിൽനിന്നും നമ്മെ തടയാൻ യാതൊന്നിനും കഴിയില്ല.

വ്യക്തിപരമായി യഹോവ നമുക്കുവേണ്ടി കരുതുന്നു

9, 10. ഏതു തരത്തിലുള്ള സംരക്ഷണമാണ്‌ 91-ാം സങ്കീർത്തനത്തിൽ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌?

9 യഹോവയ്‌ക്കു സമർപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവരിൽ ചിലർക്ക്‌, തങ്ങൾ തെറ്റിൽ അകപ്പെട്ടുപോകുമോ, അങ്ങനെ ദൈവത്തിന്റെ അപ്രീതിക്കു പാത്രമായി അവനാൽ തിരസ്‌കരിക്കപ്പെടുമോ എന്ന ഭയമുണ്ട്‌. സന്തോഷകരമെന്നു പറയട്ടെ, യഹോവയുമായുള്ള അമൂല്യബന്ധത്തിന്‌ ഉലച്ചിൽതട്ടാതിരിക്കാൻ നമുക്ക്‌ ആവശ്യമായ എല്ലാ സംരക്ഷണവും അവൻ നൽകുന്നുണ്ട്‌. 91-ാം സങ്കീർത്തനത്തിൽ അത്‌ വർണിച്ചിരിക്കുന്നത്‌ എങ്ങനെയെന്നു നമുക്കു നോക്കാം.

10 പിൻവരുന്ന വാക്കുകളോടെയാണ്‌ ആ സങ്കീർത്തനം ആരംഭിക്കുന്നത്‌: “അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.” (സങ്കീ. 91:1-3) ദൈവത്തെ സ്‌നേഹിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുന്നവരെ അവൻ സംരക്ഷിക്കുമെന്നുള്ള അവന്റെ ഉറപ്പാണ്‌ നാം ഇവിടെ കാണുന്നത്‌. (സങ്കീർത്തനം 91:9, 14 വായിക്കുക.) ഏതു തരത്തിലുള്ള സംരക്ഷണമാണ്‌ അവൻ നൽകുന്നത്‌? പുരാതനകാലത്ത്‌ യഹോവ തന്റെ ദാസന്മാരിൽ ചിലരെ ശാരീരികമായി സംരക്ഷിച്ചിട്ടുണ്ട്‌. വാഗ്‌ദത്ത മിശിഹായിലേക്കുള്ള വംശാവലി പരിരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്‌. എന്നാൽ, ദൈവത്തോടുള്ള വിശ്വസ്‌തത തകർക്കുക എന്ന ലക്ഷ്യത്തിൽ സാത്താൻ, വിശ്വസ്‌തരായ അനേകം ദൈവദാസന്മാർ തടവിലാക്കപ്പെടാനും പീഡിപ്പിക്കപ്പെടാനും മൃഗീയമായി കൊല്ലപ്പെടാനും ഇടയാക്കിയിട്ടുണ്ട്‌. (എബ്രാ. 11:34-39) തന്നോടുള്ള വിശ്വസ്‌തത മുറുകെപ്പിടിക്കാൻ സഹായിച്ചുകൊണ്ട്‌ യഹോവ അവർക്ക്‌ ആത്മീയ സംരക്ഷണമേകിയതിനാൽ ഇതെല്ലാം സഹിച്ചുനിൽക്കാൻ ആവശ്യമായ ധൈര്യം അവർക്കു ലഭിച്ചു. അതുകൊണ്ട്‌ യഹോവ നൽകുന്ന ആത്മീയ സംരക്ഷണത്തിന്റെ വാഗ്‌ദാനമായി 91-ാം സങ്കീർത്തനത്തെ നമുക്കു കണക്കാക്കാം.

11. ‘അത്യുന്നതന്റെ മറവ്‌’ എന്താണ്‌, ആർക്കാണ്‌ അവിടെ ദൈവത്തിന്റെ സംരക്ഷണം ലഭിക്കുന്നത്‌?

11 ‘അത്യുന്നതന്റെ മറവ്‌’ എന്ന്‌ സങ്കീർത്തനക്കാരൻ പരാമർശിക്കുന്നത്‌ ആത്മീയ സംരക്ഷണം ലഭിക്കുന്ന ഒരു ആലങ്കാരിക ഇടത്തെയാണ്‌. അവിടെ, ദൈവത്തിന്റെ അതിഥികളായി വസിക്കുന്നവർക്ക്‌ ആത്മീയ സംരക്ഷണം ലഭിക്കും. അവരുടെ വിശ്വാസത്തെയും ദൈവത്തോടുള്ള സ്‌നേഹത്തെയും തകർക്കാൻ ശ്രമിക്കുന്ന ഏതൊന്നിൽനിന്നും ഏതൊരാളിൽനിന്നും അവർ സംരക്ഷിതരായിരിക്കും. (സങ്കീ. 15:1, 2; 121:5) അവിശ്വാസികളായ ആളുകൾക്ക്‌ മനസ്സിലാക്കാൻ കഴിയാത്തതിനാൽ ഈ ആലങ്കാരിക ഇടത്തെ ‘മറവ്‌’ എന്നു വിളിക്കുന്നു. ‘ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവം’ എന്ന്‌ യഹോവയോടു പറയുന്നവർക്ക്‌ ഇവിടെ സംരക്ഷണം ലഭിക്കും. ഈ അഭയസങ്കേതത്തിൽ നാം എപ്പോഴും കഴിയുകയാണെങ്കിൽ ‘വേട്ടക്കാരനായ’ സാത്താന്റെ കെണിയിൽവീണ്‌ ദൈവപ്രസാദം നഷ്ടമാകുമോയെന്ന്‌ അനാവശ്യമായി ഭയക്കേണ്ടിവരില്ല.

12. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‌ ഭീഷണിയായി നിൽക്കുന്നത്‌ എന്തെല്ലാം?

12 ദൈവവുമായുള്ള നമ്മുടെ വിലയേറിയ ബന്ധത്തിന്‌ ഭീഷണിയാകുന്ന എന്തെല്ലാം അപകടങ്ങളാണുള്ളത്‌? പല അപകടങ്ങളെക്കുറിച്ച്‌ സങ്കീർത്തനക്കാരൻ പറയുന്നുണ്ട്‌. ‘രാത്രിയിലെ ഭയവും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരവും’ അവയിൽ ചിലതാണ്‌. (സങ്കീ. 91:5, 6.) ‘വിലക്കുകളില്ലാത്ത ജീവിതം’ എന്ന ഇരയിട്ട്‌ ‘വേട്ടക്കാരൻ’ പലരെയും കെണിയിൽപ്പെടുത്തിയിട്ടുണ്ട്‌. (2 കൊരി. 11:3) അത്യാർത്തി, അഹങ്കാരം, ഭൗതികത്വം എന്നിവയിലാണ്‌ അവൻ മറ്റുചിലരെ കുടുക്കുന്നത്‌. സ്വരാജ്യസ്‌നേഹം, പരിണാമം എന്നീ ആശയഗതികളും വ്യാജമതവുമാണ്‌ അവൻ ഉപയോഗിക്കുന്ന മറ്റു ചില കെണികൾ. (കൊലോ. 2:8) അവനുപയോഗിക്കുന്ന വഴിവിട്ട ലൈംഗികതയുടെ പിടിയിലാണ്‌ അനേകരും. ആത്മീയഹാനി വരുത്തുന്ന ഇതുപോലെയുള്ള ‘മഹാവ്യാധികൾ,’ ദശലക്ഷക്കണക്കിന്‌ ആളുകളുടെ ദൈവസ്‌നേഹം നഷ്ടപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.—സങ്കീർത്തനം 91:7-10 വായിക്കുക; മത്താ. 24:12.

ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹം കാത്തുസൂക്ഷിക്കുക

13. നമ്മുടെ ആത്മീയ ക്ഷേമത്തെ അപകടപ്പെടുത്തുന്ന കാര്യങ്ങളിൽനിന്നും യഹോവ നമ്മെ സംരക്ഷിക്കുന്നത്‌ എങ്ങനെ?

13 നാം കണ്ടുകഴിഞ്ഞ ആത്മീയ അപകടങ്ങളിൽനിന്ന്‌ യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നത്‌ എങ്ങനെയാണ്‌? സങ്കീർത്തനം പറയുന്നു: “നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്‌പിക്കും.” (സങ്കീ. 91:11) യഹോവയുടെ സ്വർഗീയ ദൂതന്മാർ നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട്‌ നമുക്ക്‌ സുവാർത്ത അറിയിക്കാൻ കഴിയുന്നു. (വെളി. 14:6) ക്രിസ്‌തീയ മൂപ്പന്മാർ ദൈവവചനം മുറുകെപ്പിടിച്ച്‌ നമ്മെ ഉപദേശിക്കുന്നതിനാൽ വ്യാജ ഉപദേശങ്ങളാൽ നാം വഴിതെറ്റിക്കപ്പെടുന്നില്ല. ലോകത്തിന്റെ മനോഭാവങ്ങളിൽനിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്‌ വ്യക്തിപരമായ സഹായം നൽകാൻ അവർക്കു കഴിയും. (തീത്തൊ. 1:9; 1 പത്രോ. 5:2) കൂടാതെ വിശ്വസ്‌തനും വിവേകിയുമായ അടിമ നമുക്ക്‌ ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു. (മത്താ. 24:45) അത്‌, അധാർമിക ചിന്താഗതി, സമ്പത്തിനും പ്രാമുഖ്യതയ്‌ക്കും പിന്നാലെയുള്ള നെട്ടോട്ടം, ഹാനികരമായ മറ്റ്‌ ആഗ്രഹങ്ങൾ എന്നിവയിൽനിന്നെല്ലാം നമ്മെ സംരക്ഷിക്കുന്നു. പരിണാമസിദ്ധാന്തം പോലുള്ള തത്ത്വശാസ്‌ത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും ഈ അടിമ നമുക്കു കാണിച്ചുതരുന്നു. ഈ അപകടങ്ങളിൽ ചിലത്‌ ചെറുക്കാൻ നിങ്ങളെ സഹായിച്ചത്‌ എന്താണ്‌?

14. ദൈവം നൽകുന്ന സംരക്ഷണം നമുക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം?

14 ദൈവത്തിന്റെ ‘മറവിൽത്തന്നെ’ കഴിഞ്ഞുകൊണ്ട്‌ സുരക്ഷിതരായിരിക്കാൻ നാം എന്തു ചെയ്യണം? അപകടങ്ങളിൽനിന്നും കുറ്റവാളികളിൽനിന്നും പകർച്ചവ്യാധികളിൽനിന്നും സംരക്ഷണം നേടാനായി നാം എപ്പോഴും ജാഗ്രതയോടെയിരിക്കും. ഇതുപോലെതന്നെ ആത്മീയ അപകടങ്ങളെപ്രതിയും നാം സദാ ജാഗ്രതയുള്ളവരായിരിക്കണം. അതുകൊണ്ട്‌ പ്രസിദ്ധീകരണങ്ങളിലൂടെയും സഭായോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും യഹോവ നമുക്കു നൽകുന്ന നിർദേശങ്ങളിൽനിന്ന്‌ നാം ക്രമമായി പ്രയോജനം നേടണം. മൂപ്പന്മാരുടെ ഉപദേശം ചോദിക്കാനും നാം മടിക്കേണ്ടതില്ല. നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങൾ പ്രകടമാക്കുന്ന അനവധിയായ ക്രിസ്‌തീയ ഗുണങ്ങളിൽനിന്നും നാം പ്രയോജനം നേടുന്നില്ലേ? സഭയുമായുള്ള നമ്മുടെ സഹവാസം ജ്ഞാനികളായിത്തീരാൻ നമ്മെ നിശ്ചയമായും സഹായിക്കും.—സദൃ. 13:20; 1 പത്രോസ്‌ 4:10 വായിക്കുക.

15. ദൈവാംഗീകാരം നഷ്ടമാകുന്ന എന്തിൽനിന്നും യഹോവ നിങ്ങളെ സംരക്ഷിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

15 യഹോവയുടെ അംഗീകാരം നമുക്കു നഷ്ടപ്പെടുത്തുന്ന ഏതൊരു അപകടത്തിൽനിന്നും നമ്മെ സംരക്ഷിക്കാൻ യഹോവയ്‌ക്കു കഴിയും. ഇക്കാര്യത്തിൽ നമുക്ക്‌ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. (റോമ. 8:38, 39) ശക്തരായ മത-രാഷ്‌ട്രീയ വൈരികളിൽനിന്നും സത്യക്രിസ്‌തീയ സഭയെ യഹോവ സംരക്ഷിച്ചിട്ടുണ്ട്‌. നമ്മെ കൊല്ലുകയെന്നതല്ല മറിച്ച്‌, പരിശുദ്ധനായ ദൈവത്തിൽനിന്ന്‌ നമ്മെ അകറ്റുകയെന്നതാണ്‌ പലപ്പോഴും അവരുടെ ലക്ഷ്യം. “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല” എന്ന യഹോവയുടെ വാഗ്‌ദാനം സത്യമെന്നു തെളിഞ്ഞിരിക്കുന്നു.—യെശ. 54:17.

നമുക്ക്‌ സ്വാതന്ത്ര്യം നൽകുന്നതാർ?

16. നമുക്ക്‌ സ്വാതന്ത്ര്യം നൽകാൻ ഈ ലോകത്തിന്‌ കഴിയില്ലാത്തത്‌ എന്തുകൊണ്ട്‌?

16 യഹോവയ്‌ക്കുള്ളവരായിരിക്കുന്നതുകൊണ്ട്‌ നമ്മുടെ സ്വാതന്ത്ര്യമെല്ലാം ഇല്ലാതാകുമോ? വാസ്‌തവത്തിൽ, ലോകത്തിനുള്ളവരായിരിക്കുമ്പോഴാണ്‌ നമ്മുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത്‌. യഹോവയിൽനിന്ന്‌ അകന്ന ഈ ലോകത്തെ ഭരിക്കുന്നത്‌ ആളുകളെ അടിമകളാക്കുന്ന ഒരു ദുഷ്ടദൈവമാണ്‌. (യോഹ. 14:30) ഉദാഹരണത്തിന്‌, സാത്താന്റെ ഈ വ്യവസ്ഥിതി ആളുകളെ സാമ്പത്തിക സമ്മർദത്തിലകപ്പെടുത്തി അവരുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നു. (വെളിപാട്‌ 13:16, 17 താരതമ്യം ചെയ്യുക.) പാപത്തിനും ആളുകളെ അടിമകളാക്കാനുള്ള വഞ്ചകശക്തിയുണ്ട്‌. (യോഹ. 8:34; എബ്രാ. 3:13) യഹോവയുടെ പഠിപ്പിക്കലുകൾക്ക്‌ വിരുദ്ധമായ ഒരു ജീവിതശൈലി ഉന്നമിപ്പിച്ചുകൊണ്ട്‌ അവിശ്വാസികൾ സ്വാതന്ത്ര്യം വാഗ്‌ദാനം ചെയ്യുന്നു. പക്ഷേ, അതിനു വഴിപ്പെടുന്നവർ പാപപങ്കിലവും അധമവുമായ ഒരു ജീവിതത്തിലാണ്‌ തങ്ങൾ കുരുങ്ങിയിരിക്കുന്നതെന്ന്‌ പെട്ടെന്നുതന്നെ മനസ്സിലാക്കും.—റോമ. 1:24-32.

17. യഹോവ നൽകുന്ന സ്വാതന്ത്ര്യം എന്താണ്‌?

17 നാം നമ്മെത്തന്നെ യഹോവയുടെ കൈകളിൽ ഭരമേൽപ്പിക്കുന്നെങ്കിൽ നമുക്ക്‌ ദോഷം ചെയ്യുന്ന സകലതിൽനിന്നും അവൻ നമ്മെ വിടുവിക്കും. ഒരർഥത്തിൽ, മരണകരമായ ഒരു രോഗത്തിൽനിന്ന്‌ വിടുവിക്കാൻ കഴിയുന്ന വിദഗ്‌ധനായ ഒരു ഡോക്‌ടറുടെ പരിചരണത്തിൽ തന്റെ ജീവൻ വിട്ടുകൊടുക്കുന്ന ഒരു വ്യക്തിയെപ്പോലെയാണ്‌ നാം. പാപം എന്ന മരണകരമായ വ്യാധി നമ്മെ ഗ്രസിച്ചിരിക്കുകയാണ്‌. ക്രിസ്‌തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ നാം നമ്മെ യഹോവയ്‌ക്ക്‌ സമർപ്പിക്കുന്നെങ്കിൽ മാത്രമേ നമുക്ക്‌ പാപത്തിന്റെ ക്ഷതങ്ങളിൽനിന്ന്‌ മോചിതരാകാനും എന്നേക്കും ജീവിക്കാനും കഴിയൂ. (യോഹ. 3:36) വിദഗ്‌ധനായ ആ ഡോക്‌ടറുടെ പ്രാപ്‌തിയെക്കുറിച്ച്‌ അറിയുന്തോറും അദ്ദേഹത്തിലുള്ള നമ്മുടെ വിശ്വാസം വർധിക്കും. അതുപോലെ യഹോവയെക്കുറിച്ച്‌ പഠിക്കുന്തോറും അവനിലുള്ള നമ്മുടെ ആശ്രയവും വർധിക്കും. അതുകൊണ്ട്‌, ദൈവവചനം ശ്രദ്ധാപൂർവം നിരന്തരം നാം പഠിക്കേണ്ടതുണ്ട്‌. അതാകട്ടെ, യഹോവയ്‌ക്കു സമർപ്പിക്കുന്നതിൽനിന്ന്‌ പിന്നോട്ടു വലിച്ചേക്കാവുന്ന ഏത്‌ ഭയാശങ്കകളെയും പിന്തള്ളി അവനെ സ്‌നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കും.—1 യോഹ. 4:18.

18. യഹോവയ്‌ക്കുള്ളവരായിരിക്കുന്നതുകൊണ്ട്‌ എന്ത്‌ പ്രയോജനമുണ്ട്‌?

18 തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ എല്ലാ മനുഷ്യർക്കും നൽകിയിട്ടുണ്ട്‌. അവന്റെ വചനം പറയുന്നു: “നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും . . . നിന്റെ ദൈവമായ യഹോവയെ സ്‌നേഹിക്കയും . . . ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ആവ. 30:19, 20) അവനെ സേവിക്കാൻ സ്വയം തീരുമാനിച്ചുകൊണ്ട്‌ നാം അവനോടുള്ള സ്‌നേഹം കാണിക്കണമെന്ന്‌ യഹോവ ആഗ്രഹിക്കുന്നു. നാം സ്‌നേഹിക്കുന്ന നമ്മുടെ ദൈവത്തിനുള്ളവരായിരിക്കുന്നത്‌ നമ്മുടെ സ്വാതന്ത്ര്യം കവർന്നെടുക്കുകയില്ല, മറിച്ച്‌ അത്‌ നമ്മെ സന്തോഷമുള്ളവരാക്കുകയേയുള്ളൂ.

19. നാം യഹോവയുടെ സ്വന്തമായിരിക്കുന്നത്‌ അവന്റെ കൃപകൊണ്ടാണെന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌?

19 പാപികളെന്ന നിലയിൽ പൂർണനായ ഒരു ദൈവത്തിനുള്ളവരായിരിക്കുന്നതിനുള്ള യോഗ്യത നമുക്കില്ല. ദൈവത്തിന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ്‌ നമുക്ക്‌ ആ പദവി ലഭിച്ചിരിക്കുന്നത്‌. (2 തിമൊ. 1:9, 10) അതുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “ജീവിക്കുന്നെങ്കിൽ നാം യഹോവയ്‌ക്കായി ജീവിക്കുന്നു; മരിക്കുന്നെങ്കിൽ നാം യഹോവയ്‌ക്കായി മരിക്കുന്നു. ആകയാൽ ജീവിച്ചാലും മരിച്ചാലും നാം യഹോവയ്‌ക്കുള്ളവർതന്നെ.” (റോമ. 14:8) യഹോവയ്‌ക്കുള്ളവരായിരിക്കാനുള്ള തീരുമാനത്തെപ്രതി നമുക്ക്‌ ഒരിക്കലും ഖേദിക്കേണ്ടിവരില്ല.

എന്താണ്‌ നിങ്ങളുടെ ഉത്തരം?

• യഹോവയ്‌ക്കുള്ളവർ ആയിരിക്കുന്നതിന്റെ പ്രയോജനങ്ങൾ ഏവ?

• ദൈവം നമ്മോട്‌ ആവശ്യപ്പെടുന്നത്‌ നമുക്ക്‌ ചെയ്യാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

• തന്റെ ദാസന്മാരെ യഹോവ സംരക്ഷിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ചിത്രങ്ങൾ]

യഹോവയ്‌ക്കുള്ളവർ ആയിരിക്കുന്നതുകൊണ്ട്‌ എന്തെല്ലാം പ്രയോജനങ്ങളുണ്ടെന്ന്‌ മറ്റു സഹോദരങ്ങളോട്‌ ചോദിച്ചറിയുക

[10-ാം പേജിലെ ചിത്രം]

യഹോവ സംരക്ഷണം നൽകുന്ന ചില വിധങ്ങളേവ?