വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ആത്മാവും മണവാട്ടിയും ‘വരുക’ എന്നു പറയുന്നു”

“ആത്മാവും മണവാട്ടിയും ‘വരുക’ എന്നു പറയുന്നു”

“ആത്മാവും മണവാട്ടിയും ‘വരുക’ എന്നു പറയുന്നു”

“ആത്മാവും മണവാട്ടിയും ‘വരുക’ എന്നു പറയുന്നു. . . . ദാഹിക്കുന്ന ഏവനും വരട്ടെ. ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങിക്കൊള്ളട്ടെ.”—വെളി. 22:17.

1, 2. നമ്മുടെ ജീവിതത്തിൽ രാജ്യതാത്‌പര്യങ്ങൾക്ക്‌ എന്ത്‌ സ്ഥാനമുണ്ടായിരിക്കണം, എന്തുകൊണ്ട്‌?

രാജ്യതാത്‌പര്യങ്ങൾക്ക്‌ നമ്മുടെ ജീവിതത്തിൽ എന്ത്‌ സ്ഥാനമാണുള്ളത്‌? ‘ഒന്നാമത്‌ രാജ്യം അന്വേഷിക്കുവിൻ’ എന്ന്‌ യേശു തന്റെ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിച്ചു. അങ്ങനെ ചെയ്‌താൽ അവരുടെ ആവശ്യങ്ങൾ ദൈവം നിറവേറ്റും എന്ന്‌ അവൻ ഉറപ്പുനൽകി. (മത്താ. 6:25-33) മുത്തുകൾ തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരി “തനിക്കുള്ളതെല്ലാം വിറ്റ്‌” വാങ്ങിയ വിലയേറിയൊരു മുത്തിനോട്‌ യേശു ദൈവരാജ്യത്തെ ഉപമിച്ചു. (മത്താ. 13:45, 46) ആ സ്ഥിതിക്ക്‌, പ്രസംഗ-ശിഷ്യരാക്കൽ വേലയെ നാം അതീവ പ്രാധാന്യത്തോടെ കാണേണ്ടതല്ലേ?

2 ധൈര്യത്തോടെ ശുശ്രൂഷയിൽ ഏർപ്പെടുകയും ദൈവവചനം വിദഗ്‌ധമായി ഉപയോഗിക്കുകയും ചെയ്യുന്നത്‌ നാം ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്‌. കഴിഞ്ഞ രണ്ട്‌ അധ്യായങ്ങളിൽ നാം അതാണ്‌ പഠിച്ചത്‌. രാജ്യപ്രസംഗവേലയിൽ ക്രമമായി ഏർപ്പെടാൻ നമ്മെ സഹായിക്കുന്നതിലും പരിശുദ്ധാത്മാവിന്‌ ഒരു പങ്കുണ്ട്‌. അത്‌ എങ്ങനെയെന്ന്‌ നമുക്ക്‌ നോക്കാം.

എല്ലാവർക്കുമായി ഒരു ക്ഷണം!

3. ഏത്‌ ജലം കുടിക്കാനാണ്‌ മാലോകരെ ക്ഷണിച്ചിരിക്കുന്നത്‌?

3 മാലോകർക്കെല്ലാം പരിശുദ്ധാത്മാവിലൂടെ ഒരു ക്ഷണം ലഭിച്ചിരിക്കുന്നു. (വെളിപാട്‌ 22:17 വായിക്കുക.) ഒരു വിശേഷ ജലം കുടിച്ച്‌ ദാഹമകറ്റാനുള്ള ക്ഷണം. രണ്ട്‌ ഹൈഡ്രജൻ ആറ്റവും ഒരു ഓക്‌സിജൻ ആറ്റവും കൂടിച്ചേർന്ന സാധാരണ ജലമല്ല ഇത്‌. ഭൂമിയിൽ ജീവൻ നിലനിറുത്താൻ അത്‌ അത്യന്താപേക്ഷിതമാണ്‌ എന്നതു ശരിതന്നെ. എന്നാൽ ഒരിക്കൽ ഒരു കിണറ്റിനടുത്തുവെച്ച്‌ ശമര്യക്കാരി സ്‌ത്രീയോട്‌ സംസാരിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌ മറ്റൊരു തരം ജലമായിരുന്നു. അവൻ ആ സ്‌ത്രീയോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരിക്കലും ദാഹിക്കുകയില്ല. ആ വെള്ളം അവനിൽ, നിത്യജീവനിലേക്കു നിർഗളിക്കുന്ന ഒരു നീരുറവായിത്തീരും.” (യോഹ. 4:14) ഈ അസാധാരണ ജലം കുടിക്കുന്നവർക്ക്‌ നിത്യജീവൻ ലഭിക്കും.

4. ജീവജലത്തിന്റെ ആവശ്യമുണ്ടായത്‌ എങ്ങനെയാണ്‌? ജീവജലം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

4 ആദാമും ഹവ്വായും തങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തോട്‌ അനുസരണക്കേട്‌ കാണിച്ചപ്പോഴാണ്‌ ആ ജീവജലത്തിന്റെ ആവശ്യമുണ്ടായത്‌. (ഉല്‌പ. 2:16, 17; 3:1-6) ആദാം “കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതി വരരുത്‌” എന്നു കരുതി അവരെ ദൈവം അവരുടെ ഭവനമായിരുന്ന ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. (ഉല്‌പ. 3:22) ആദ്യമനുഷ്യനായ ആദാമിലൂടെ മുഴുമനുഷ്യരാശിയിലും മരണം വ്യാപിച്ചു. (റോമ. 5:12) അനുസരണമുള്ള മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിച്ച്‌ ഭൂമിയിലെ പറുദീസയിൽ എന്നേക്കുമുള്ള പൂർണജീവൻ നൽകാനായി ദൈവം ചെയ്‌തിരിക്കുന്ന എല്ലാ കരുതലുകളെയുമാണ്‌ ജീവജലം പ്രതിനിധാനം ചെയ്യുന്നത്‌. ഈ കരുതലുകളെല്ലാം സാധ്യമാക്കുന്നത്‌ യേശുക്രിസ്‌തുവിന്റെ മറുവിലയാഗമാണ്‌.—മത്താ. 20:28; യോഹ. 3:16; 1 യോഹ. 4:9, 10.

5. വന്ന്‌ ‘ജീവജലം സൗജന്യമായി വാങ്ങാനുള്ള’ ക്ഷണം ആരിൽനിന്നാണ്‌ വരുന്നത്‌? വിശദീകരിക്കുക.

5 വന്ന്‌ ‘ജീവജലം സൗജന്യമായി വാങ്ങാൻ’ ക്ഷണിക്കുന്നത്‌ ആരാണ്‌? യേശു മുഖാന്തരം യഹോവ നിത്യജീവനായി ചെയ്‌തിരിക്കുന്ന സകല കരുതലുകളും മനുഷ്യവർഗത്തിനു പൂർണമായി ലഭ്യമാകുന്നത്‌ സഹസ്രാബ്ദവാഴ്‌ചക്കാലത്തായിരിക്കും. ആ കരുതലുകളെയാണ്‌ ‘സ്‌ഫടികംപോലെ തെളിഞ്ഞ ജീവജലനദി’ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ആ നദി, ‘ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിങ്കൽനിന്നു പുറപ്പെടുന്നതായി’ പറഞ്ഞിരിക്കുന്നു. (വെളി. 22:1) അതുകൊണ്ട്‌, ജീവദായകമായ ഈ ജലത്തിന്റെ ഉറവ്‌ ജീവദാതാവായ യഹോവതന്നെയാണ്‌. (സങ്കീ. 36:9) ‘കുഞ്ഞാടായ’ യേശുക്രിസ്‌തുവിലൂടെ ഈ ജീവജലം ലഭ്യമാക്കുന്നത്‌ അവനാണ്‌. (യോഹ. 1:29) ആദാമിന്റെ അനുസരണക്കേട്‌ മനുഷ്യവർഗത്തിനു വരുത്തിവെച്ച ദോഷങ്ങൾ ഇല്ലായ്‌മ ചെയ്യാനുള്ള യഹോവയുടെ ക്രമീകരണമാണ്‌ ഈ പ്രതീകാത്മക നദി. അതെ, “വരുക” എന്ന ക്ഷണം വരുന്നത്‌ യഹോവയാം ദൈവത്തിൽനിന്നാണ്‌.

6. “ജീവജലനദി” എന്നാണ്‌ ഒഴുകാൻ തുടങ്ങിയത്‌?

6 ആയിരം വർഷ വാഴ്‌ചക്കാലത്താണ്‌ “ജീവജലനദി” പൂർണമായി ഒഴുകുന്നതെങ്കിലും ‘കുഞ്ഞാട്‌’ സ്വർഗീയ സിംഹാസനത്തിൽ ഉപവിഷ്ടനായ 1914-ൽ, അതായത്‌ ‘കർത്തൃദിവസത്തിന്റെ’ ആരംഭത്തിൽ, അത്‌ ഒഴുകാൻ തുടങ്ങി. (വെളി. 1:10) അതുകൊണ്ട്‌, നിത്യജീവന്റെ കരുതലുകളിൽ ചിലത്‌ അതിനുശേഷം ലഭ്യമായി. ബൈബിളിൽനിന്നുള്ള സന്ദേശം അക്കൂട്ടത്തിൽപ്പെടും. കാരണം ദൈവവചനത്തിലെ സന്ദേശത്തെ “ജലം” എന്ന്‌ വിളിച്ചിട്ടുണ്ട്‌. (എഫെ. 5:26) ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത കേൾക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തുകൊണ്ട്‌ ‘ജീവജലം വാങ്ങാനുള്ള’ ക്ഷണം സകലർക്കുമുണ്ട്‌. എന്നാൽ കർത്താവിന്റെ ദിവസത്തിൽ യഥാർഥത്തിൽ ആരാണ്‌ ഈ ക്ഷണം നൽകുന്നത്‌?

“വരുക” എന്ന്‌ “മണവാട്ടി” പറയുന്നു

7. ‘കർത്തൃദിവസത്തിൽ’ “വരുക” എന്ന ക്ഷണം ആദ്യമായി നീട്ടിക്കൊടുത്തത്‌ ആരാണ്‌? ആരെയാണ്‌ ക്ഷണിച്ചത്‌?

7 മണവാട്ടിവർഗത്തിലെ അംഗങ്ങളായ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളാണ്‌ ആദ്യമായി, “വരുക” എന്ന ക്ഷണം നീട്ടിക്കൊടുത്തത്‌. ആരെയാണ്‌ അവർ ക്ഷണിച്ചത്‌? “വരുക” എന്ന്‌ മണവാട്ടി തന്നോടുതന്നെയല്ല പറയുന്നത്‌. “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിനുശേഷം ഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശയുള്ളവർക്കാണ്‌ ഈ ക്ഷണം നൽകുന്നത്‌.—വെളിപാട്‌ 16:14, 16 വായിക്കുക.

8. 1918 മുതൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ യഹോവയുടെ ക്ഷണം ആളുകൾക്ക്‌ നീട്ടിക്കൊടുക്കുകയാണ്‌ എന്നതിന്‌ എന്തു തെളിവുണ്ട്‌?

8 ക്രിസ്‌തുവിന്റെ അഭിഷിക്ത അനുഗാമികൾ 1918 മുതൽ ഈ ക്ഷണം നൽകിക്കൊണ്ടിരിക്കുകയാണ്‌. ആ വർഷം നടന്ന, “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കാതിരുന്നേക്കാം” എന്ന പരസ്യപ്രസംഗം അനേകർക്ക്‌ പറുദീസയിലെ നിത്യജീവനുള്ള പ്രത്യാശ പകർന്നുകൊടുത്തു. 1922-ൽ യു.എസ്‌.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ നടന്ന ബൈബിൾ വിദ്യാർഥികളുടെ കൺവെൻഷനിൽ, “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ” എന്ന ആഹ്വാനം സദസ്സിനു ലഭിച്ചു. ഇത്‌ കൂടുതൽ ആളുകൾക്ക്‌ ക്ഷണം നീട്ടിക്കൊടുക്കാൻ അഭിഷിക്ത ശേഷിപ്പിനെ സഹായിച്ചു. 1929 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്‌) ഒരു ലേഖനത്തിന്റെ വിഷയം “കൃപാപൂർവകമായ ക്ഷണം” എന്നതായിരുന്നു. വെളിപാട്‌ 22:17 ആയിരുന്നു ആധാരവാക്യം. “(അത്യുന്നതനോടൊപ്പം) അഭിഷിക്തശേഷിപ്പ്‌ ‘വരുക’ എന്ന കൃപാപൂർവകമായ ഈ ക്ഷണം വെച്ചുനീട്ടുന്നു. സത്യവും നീതിയും പുലർന്നു കാണാൻ ആഗ്രഹിക്കുന്നവരെ ഈ സന്ദേശം അറിയിക്കണം. അതു ചെയ്യാനുള്ള സമയം ഇപ്പോഴാണ്‌” എന്ന്‌ ആ ലേഖനം പ്രസ്‌താവിച്ചു. മണവാട്ടിവർഗം ഇന്നോളം ആ ക്ഷണം വെച്ചുനീട്ടുന്നതിൽ തുടരുന്നു.

“കേൾക്കുന്നവനും ‘വരുക’ എന്നു പറയട്ടെ”

9, 10. ക്ഷണം ലഭിച്ചവർക്ക്‌, “വരുക” എന്ന്‌ മറ്റുള്ളവരെ ക്ഷണിക്കാൻ പ്രചോദനം ലഭിച്ചത്‌ എങ്ങനെ?

9 “വരുക” എന്ന ക്ഷണം കേൾക്കുന്നവരുടെ കാര്യമോ? അവർക്കും “വരുക” എന്നു പറയാനുള്ള ആഹ്വാനം ലഭിച്ചിരിക്കുന്നു. 1932 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 232-ാം പേജിൽ ഇത്‌ സംബന്ധിച്ച്‌ ഇങ്ങനെ പ്രസ്‌താവിച്ചിരുന്നു: “അഭിഷിക്തർ, രാജ്യത്തിന്റെ സുവിശേഷം അറിയിക്കുന്നതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഏവരെയും അതു ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. കർത്താവിന്റെ സന്ദേശം ഘോഷിക്കുന്നതിന്‌ അവർ അഭിഷിക്തരായിരിക്കണമെന്ന്‌ നിർബന്ധമില്ല. യഹോവയുടെ സാക്ഷികളായ എല്ലാവർക്കും, അർമഗെദോനെ അതിജീവിച്ച്‌ ഭൂമിയിൽ നിത്യം ജീവിക്കാനിരിക്കുന്ന ഒരു കൂട്ടത്തിന്‌ ജീവജലം പകർന്നുകൊടുക്കാനാകും എന്ന ഈ അറിവ്‌ എത്ര ആശ്വാസദായകമാണ്‌!”

10 ക്ഷണം ലഭിക്കുന്നവർക്ക്‌ മറ്റുള്ളവരെ ക്ഷണിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നു കാണിക്കുന്ന ഒരു ലേഖനം 1934 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ 249-ാം പേജിൽ ഇങ്ങനെ പറഞ്ഞിരുന്നു: “യോനാദാബ്‌ വർഗത്തിൽപ്പെട്ടവർ യേഹു വർഗത്തോട്‌, അതായത്‌, അഭിഷിക്തരോട്‌ ചേർന്ന്‌ രാജ്യത്തിന്റെ സന്ദേശം പ്രഖ്യാപിക്കണം, അവർ യഹോവയുടെ അഭിഷിക്ത സാക്ഷികൾ അല്ലെങ്കിലും.” വെളിപാട്‌ 7:9-17-ൽ പരാമർശിച്ചിരിക്കുന്ന “മഹാപുരുഷാരം” ആരാണെന്ന്‌ 1935-ൽ വ്യക്തമാക്കപ്പെട്ടു. അതോടെ, ദൈവത്തിന്റെ ക്ഷണം നീട്ടിക്കൊടുക്കുന്ന വേലയുടെ ആക്കം വർധിച്ചു. അന്നുമുതൽ സത്യാരാധകരുടെ ഒരു മഹാപുരുഷാരം ആ ക്ഷണം സ്വീകരിച്ചിരിക്കുന്നു. ഇന്ന്‌ അവരുടെ എണ്ണം 70 ലക്ഷത്തിലേറെയാണ്‌. ക്ഷണം സന്തോഷപൂർവം സ്വീകരിച്ച അവർ തങ്ങളെ ദൈവത്തിനു സമർപ്പിച്ച്‌ ജലസ്‌നാനമേറ്റിരിക്കുന്നു. മണവാട്ടിവർഗത്തോടു ചേർന്ന്‌, ‘വന്ന്‌ ജീവജലം സൗജന്യമായി വാങ്ങിക്കുടിക്കാൻ’ അവരും മറ്റുള്ളവരെ ക്ഷണിക്കുന്നു.

“വരുക” എന്ന്‌ ‘ആത്മാവ്‌’ പറയുന്നു

11. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പ്രസംഗവേലയിൽ പരിശുദ്ധാത്മാവ്‌ എന്ത്‌ പങ്കുവഹിച്ചു?

11 നസറെത്തിലെ ഒരു സിനഗോഗിൽ പ്രസംഗിക്കവെ യെശയ്യാ പ്രവാചകന്റെ ചുരുൾ തുറന്ന്‌ യേശു ഇപ്രകാരം വായിച്ചു: “ദരിദ്രരോടു സുവിശേഷം ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കയാൽ അവന്റെ ആത്മാവ്‌ എന്റെമേൽ ഉണ്ട്‌. തടവുകാരോടു മോചനവും അന്ധന്മാരോടു കാഴ്‌ചയും ഘോഷിക്കാനും മർദിതരെ വിടുവിച്ചയയ്‌ക്കാനും യഹോവയുടെ പ്രസാദവർഷം പ്രസിദ്ധമാക്കാനും അവൻ എന്നെ അയച്ചിരിക്കുന്നു.” അതിനുശേഷം, അത്‌ തനിക്കു ബാധകമാക്കിക്കൊണ്ട്‌ യേശു പറഞ്ഞു: “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെഴുത്തിന്‌ ഇന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കോ. 4:17-21) സ്വർഗാരോഹണത്തിനു മുമ്പായി യേശു ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “പരിശുദ്ധാത്മാവ്‌ നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി ലഭിച്ചിട്ട്‌ നിങ്ങൾ . . . ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.” (പ്രവൃ. 1:8) ഒന്നാം നൂറ്റാണ്ടിൽ പ്രസംഗവേലയുടെ വ്യാപനത്തിൽ പരിശുദ്ധാത്മാവ്‌ ഒരു സുപ്രധാന പങ്കുവഹിച്ചു.

12. “വരുക” എന്ന ക്ഷണം നീട്ടിക്കൊടുക്കുന്നതിൽ ഇന്ന്‌ പരിശുദ്ധാത്മാവിന്‌ എന്തു പങ്കാണുള്ളത്‌?

12 “വരുക” എന്ന ക്ഷണം നീട്ടിക്കൊടുക്കുന്നതിൽ ഇന്ന്‌ പരിശുദ്ധാത്മാവിന്‌ എന്തു പങ്കാണുള്ളത്‌? പരിശുദ്ധാത്മാവിന്റെ ഉറവ്‌ യഹോവയാണ്‌. മണവാട്ടിവർഗത്തിന്‌ തന്റെ വചനമായ ബൈബിൾ മനസ്സിലാക്കിക്കൊടുക്കാൻ യഹോവ ഉപയോഗിക്കുന്നത്‌ പരിശുദ്ധാത്മാവിനെയാണ്‌. ഈ ക്ഷണം നൽകുകയും തിരുവെഴുത്തു സത്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്‌തുകൊണ്ട്‌, ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ആളുകൾക്ക്‌ നീട്ടിക്കൊടുക്കാൻ പരിശുദ്ധാത്മാവ്‌ മണവാട്ടിവർഗത്തെ പ്രചോദിപ്പിക്കുന്നു. ക്ഷണം സ്വീകരിച്ച്‌ ക്രിസ്‌തുവിന്റെ ശിഷ്യന്മാരായിത്തീരുകയും മറ്റുള്ളവർക്കും ആ ക്ഷണം പകർന്നുകൊടുക്കുകയും ചെയ്യുന്നവരുടെ കാര്യമോ? അവരോടുള്ള ബന്ധത്തിലും പരിശുദ്ധാത്മാവ്‌ പ്രവർത്തിക്കുന്നുണ്ട്‌. ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’ സ്‌നാനപ്പെട്ടിരിക്കുന്ന അവർ അതിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കുകയും സഹായത്തിനായി പരിശുദ്ധാത്മാവിനെ ആശ്രയിക്കുകയും ചെയ്യുന്നു. (മത്താ. 28:19) ഇനി, അഭിഷിക്തരും അവരോടു ചേർന്ന്‌ മഹാപുരുഷാരവും അറിയിച്ചുകൊണ്ടിരിക്കുന്ന സന്ദേശത്തിന്റെ കാര്യമെടുക്കാം. പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തമാക്കപ്പെട്ട ബൈബിളിൽനിന്നുള്ളതാണ്‌ ആ സന്ദേശം. അതുകൊണ്ട്‌, ആ ക്ഷണം നൽകുന്നത്‌ പരിശുദ്ധാത്മാവ്‌ മുഖാന്തരമാണ്‌. ക്ഷണം നീട്ടിക്കൊടുക്കുമ്പോൾ നാം വാസ്‌തവത്തിൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുകയാണ്‌. ആ സ്ഥിതിക്ക്‌, മറ്റുള്ളവരെ ക്ഷണിക്കുന്ന വേലയിൽ നാം എത്രത്തോളം ഏർപ്പെടണം? അതാണ്‌ നാം അടുത്തതായി കാണാൻപോകുന്നത്‌.

അവർ “‘വരുക’ എന്നു പറയുന്നു”

13. “ആത്മാവും മണവാട്ടിയും ‘വരുക’ എന്നു പറയുന്നു” എന്ന പ്രസ്‌താവനയിൽനിന്ന്‌ എന്തു മനസ്സിലാക്കാം?

13 “വരുക” എന്ന്‌ “ആത്മാവും മണവാട്ടിയും” ഒരിക്കൽ പറഞ്ഞ്‌ നിറുത്തുന്നില്ല. മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പദം തുടർച്ചയായ ക്രിയയെയാണ്‌ സൂചിപ്പിക്കുന്നത്‌. ദൈവത്തിന്റെ ക്ഷണം തുടർച്ചയായി നീട്ടിക്കൊടുക്കുന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. ആ ക്ഷണം കേൾക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരുടെ കാര്യമോ? “വരുക” എന്ന്‌ അവരും പറയുന്നു. സത്യാരാധകരുടെ മഹാപുരുഷാരം, ‘രാപകൽ യഹോവയുടെ ആലയത്തിൽ വിശുദ്ധസേവനം അനുഷ്‌ഠിക്കുന്നതായി’ ബൈബിൾ പറയുന്നു. (വെളി. 7:9, 15) ഇവിടെ ‘രാപകലുള്ള സേവനം’ എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? (ലൂക്കോസ്‌ 2:36, 37; പ്രവൃത്തികൾ 20:31; 2 തെസ്സലോനിക്യർ 3:8 വായിക്കുക.) രാപകലുള്ള സേവനം, ശുശ്രൂഷയിൽ തുടർച്ചയായി, ഉത്സാഹത്തോടെ ഏർപ്പെടുന്നതിനെ കുറിക്കുന്നു എന്നാണ്‌ ഹന്നാ പ്രവാചകയുടെയും പൗലോസ്‌ അപ്പൊസ്‌തലന്റെയും ദൃഷ്ടാന്തങ്ങൾ കാണിക്കുന്നത്‌.

14, 15. ആരാധനയുടെ കാര്യത്തിൽ ക്രമം ഉണ്ടായിരിക്കേണ്ടത്‌ പ്രധാനമാണെന്ന്‌ ദാനീയേൽ കാണിച്ചതെങ്ങനെ?

14 ആരാധനയുടെ കാര്യത്തിൽ ക്രമം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ച മറ്റൊരാളാണ്‌ ദാനീയേൽ പ്രവാചകൻ. (ദാനീയേൽ 6:4-10, 16 വായിക്കുക.) ഒരു മാസത്തേക്കുപോലും തന്റെ ആത്മീയചര്യക്ക്‌—“ദിവസം മൂന്നു പ്രാവശ്യം” പ്രാർഥിക്കുന്ന പതിവിന്‌—ദാനീയേൽ മുടക്കംവരുത്തിയില്ല, സിംഹക്കുഴിയിൽ എറിയും എന്ന്‌ അറിയാമായിരുന്നിട്ടും. യഹോവയെ മുടക്കംകൂടാതെ ആരാധിക്കുന്നതിനെക്കാൾ പ്രധാനമായി ഒന്നുമില്ലെന്ന്‌ കാഴ്‌ചക്കാരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ദാനീയേലിന്റെ നിലപാട്‌.—മത്താ. 5:16.

15 ദാനീയേൽ ഒരു രാത്രി മുഴുവൻ സിംഹക്കുഴിയിൽ കഴിച്ചുകൂട്ടി. പിറ്റേന്ന്‌ രാജാവ്‌ നേരിട്ടുവന്ന്‌ ദാനീയേലിനോട്‌: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്‌തനായോ” എന്നു ചോദിച്ചു. അതിന്‌ ദാനീയേൽ: “രാജാവു ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്‌തിട്ടില്ല എന്നു ഉണർത്തിച്ചു.” അതെ, ആരാധനയ്‌ക്കു മുടക്കംവരുത്താതിരുന്നതിന്‌ യഹോവ ദാനീയേലിന്‌ പ്രതിഫലം നൽകി.—ദാനീ. 6:19-22.

16. ശുശ്രൂഷയിലെ നമ്മുടെ പങ്കുപറ്റൽ സംബന്ധിച്ച്‌ ഏതു ചോദ്യങ്ങൾ ചോദിക്കാൻ ദാനീയേലിന്റെ മാതൃക നമ്മെ പ്രചോദിപ്പിക്കണം?

16 തന്റെ ആത്മീയചര്യക്ക്‌ മുടക്കംവരുത്തുന്നതിനെക്കാൾ ഭേദം മരിക്കുന്നതാണെന്ന്‌ ദാനീയേൽ കരുതി. ഇക്കാര്യത്തിൽ നാം എങ്ങനെയാണ്‌? രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ മുടക്കംവരുത്താതിരിക്കാൻ എന്തെല്ലാം ത്യാഗങ്ങൾ നാം ചെയ്യുന്നുണ്ട്‌, എന്തെല്ലാം ത്യാഗങ്ങൾ ചെയ്യാൻ നാം തയ്യാറാണ്‌? യഹോവയെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാതെ ഒരു മാസംപോലും കടന്നുപോകാൻ നാം അനുവദിക്കരുത്‌! സാധിക്കുന്നിടത്തോളം, ഓരോ ആഴ്‌ചയും ശുശ്രൂഷയിൽ പങ്കുപറ്റാൻ നാം ശ്രമിക്കേണ്ടതല്ലേ? നമ്മുടെ ശാരീരിക പരിമിതികൾമൂലം മാസത്തിൽ 15 മിനിട്ട്‌ മാത്രമേ സാക്ഷ്യംനൽകാൻ കഴിഞ്ഞുള്ളുവെങ്കിൽപ്പോലും നാം അത്‌ റിപ്പോർട്ടുചെയ്യണം. കാരണം, ആത്മാവിനോടും മണവാട്ടിയോടുമൊപ്പം, “വരുക” എന്ന ക്ഷണം കൊടുക്കുന്നതിൽ തുടരാനാണ്‌ നമ്മുടെ ആഗ്രഹം. അതെ, ക്രമമുള്ള രാജ്യഘോഷകരായിരിക്കുന്നതിന്‌ നമ്മാലാവുന്നതെല്ലാം നാം ചെയ്യും.

17. യഹോവയുടെ ക്ഷണം വെച്ചുനീട്ടാനുള്ള ഏതെല്ലാം അവസരങ്ങൾ നാം പാഴാക്കിക്കളയരുത്‌?

17 വയൽസേവനത്തിലായിരിക്കുമ്പോൾ മാത്രമല്ല എല്ലായ്‌പോഴും യഹോവയുടെ ഈ ക്ഷണം വെച്ചുനീട്ടാൻ നാം പ്രത്യേകം ശ്രമിക്കണം. കടയിൽ പോകുമ്പോഴും യാത്രചെയ്യുമ്പോഴും അവധിക്കാലം ചെലവിടുമ്പോഴും ജോലിസ്ഥലത്തും സ്‌കൂളിലും ഒക്കെ നമുക്കത്‌ ചെയ്യാനാകും. ‘വന്ന്‌ ജീവജലം കുടിക്കാനുള്ള’ ക്ഷണം ആത്മീയ ദാഹമുള്ളവർക്ക്‌ നീട്ടിക്കൊടുക്കാൻ ഈ അവസരങ്ങൾ ഉപയോഗിക്കാനാകുന്നത്‌ എത്ര വലിയ പദവിയാണ്‌! അധികാരികൾ നമ്മുടെ പ്രസംഗവേലയ്‌ക്ക്‌ നിയന്ത്രണം ഏർപ്പെടുത്തുമ്പോഴും നാം വിവേചനയോടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നു. ഒരു പ്രദേശത്തെ എല്ലാ വീടുകളിലും പ്രവർത്തിക്കുന്നതിനു പകരം ഒരുസമയത്ത്‌ ഏതാനും വീടുകൾമാത്രം സന്ദർശിക്കുകയോ അനൗപചാരിക സാക്ഷീകരണത്തിൽ കൂടുതലായി ഏർപ്പെടുകയോ ചെയ്‌തുകൊണ്ടായിരിക്കും അത്‌.

“വരുക” എന്നു പറയുന്നതിൽ തുടരുക

18, 19. ദൈവത്തിന്റെ കൂട്ടുവേലക്കാരാകാനുള്ള പദവിയെ നാം വിലമതിക്കുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാം?

18 ജീവജലത്തിനായി ദാഹിക്കുന്ന ഏവരോടും “വരുക” എന്ന്‌ ആത്മാവും മണവാട്ടിയും പറയാൻ തുടങ്ങിയിട്ട്‌ ഒൻപത്‌ പതിറ്റാണ്ടിലേറെയായി. നിങ്ങൾക്ക്‌ ആ ക്ഷണം ലഭിച്ചോ? എങ്കിൽ, നിങ്ങൾ മറ്റുള്ളവരെയും ക്ഷണിക്കുക.

19 യഹോവയിൽനിന്നുള്ള സ്‌നേഹപുരസ്സരമായ ഈ ക്ഷണം എത്ര നാൾ നീണ്ടുനിൽക്കും എന്ന്‌ നമുക്കറിയില്ല. എന്നാൽ നാം ആ ക്ഷണത്തോട്‌ പ്രതികരിച്ചുകൊണ്ട്‌ മറ്റുള്ളവരോട്‌ “വരുക” എന്നു പറയുമ്പോൾ നാം യഹോവയുടെ കൂട്ടുവേലക്കാരാകുകയാണ്‌. (1 കൊരി. 3:6, 9) എത്ര വലിയ പദവിയാണത്‌! ക്രമമായി പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ട്‌ ‘എല്ലായ്‌പോഴും സ്‌തോത്രയാഗം അർപ്പിക്കുകവഴി’ നമുക്ക്‌ ഈ പദവിയോട്‌ വിലമതിപ്പുണ്ടെന്ന്‌ കാണിക്കാം. (എബ്രാ. 13:15) മണവാട്ടിവർഗത്തോടൊപ്പം, ഭൗമിക പ്രത്യാശയുള്ളവർക്കും “വരുക” എന്ന്‌ പറയുന്നതിൽ തുടരാം! അങ്ങനെ, ഇനിയും അനേകർ ‘ജീവജലം സൗജന്യമായി വാങ്ങാൻ’ ഇടവരട്ടെ!

നിങ്ങൾ എന്തു പഠിച്ചു?

• “വരുക” എന്ന ക്ഷണം ലഭിക്കുന്നത്‌ ആർക്കാണ്‌?

• “വരുക” എന്ന ക്ഷണത്തിന്റെ ഉറവ്‌ യഹോവയാണെന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌?

• “വരുക” എന്ന ക്ഷണം നൽകുന്നതിൽ പരിശുദ്ധാത്മാവിന്‌ എന്തു പങ്കുണ്ട്‌?

• മുടക്കംവരാതെ ശുശ്രൂഷയിൽ ഏർപ്പെടുന്നതിന്‌ നാം നല്ല ശ്രമം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചാർട്ട്‌/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

“വരുക” എന്ന്‌ പറയുന്നു

1914

5,100 പ്രസാധകർ

1918

അനേകർ പറുദീസാഭൂമിയിൽ നിത്യം ജീവിക്കും

1922

“രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ”

1929

അഭിഷിക്തശേഷിപ്പ്‌, “വരുക” എന്നു പറയുന്നു

1932

അഭിഷിക്തരല്ലാത്തവർക്കും, “വരുക” എന്നു പറയാനുള്ള ക്ഷണം ലഭിക്കുന്നു

1934

യോനാദാബ്‌ വർഗത്തിന്‌ പ്രസംഗിക്കാനുള്ള ക്ഷണം ലഭിക്കുന്നു

1935

“മഹാപുരുഷാരം” ആരാണെന്ന്‌ വ്യക്തമാകുന്നു

2009

73,13,173 പ്രസാധകർ