“ആത്മീയ വളർച്ച—കുട്ടികളുടെ അവകാശം”
“ആത്മീയ വളർച്ച—കുട്ടികളുടെ അവകാശം”
ഒരു സ്വീഡിഷ് അക്കാദമി (കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതാണിത്) 2008 ഡിസംബർ 9-ന് “ആത്മീയ വളർച്ച—കുട്ടികളുടെ അവകാശം” എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഇസ്ലാം മതം, സ്വീഡിഷ് സഭ, മറ്റു ക്രൈസ്‌തവ മതവിഭാഗങ്ങൾ, മതേതരത്വ പ്രസ്ഥാനം എന്നിവയുടെയെല്ലാം പ്രതിനിധികൾ ഈ വിഷയത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കുകയുണ്ടായി.
പ്രാസംഗികരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പുരോഹിതൻ പറഞ്ഞു: “കുട്ടികളുടെ ആത്മീയ വളർച്ചയിൽ ബൈബിൾ വിവരണങ്ങൾ ചെലുത്തുന്ന പ്രഭാവത്തെക്കുറിച്ച് എത്ര വർണിച്ചാലും മതിയാവില്ല.” ആകട്ടെ, തിരുവെഴുത്തു വിവരണങ്ങൾ കുട്ടികളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നത് എങ്ങനെയാണ്?
“തനിയെ ഇരുന്ന് ചിന്തിക്കാനും ധ്യാനിക്കാനുമുള്ള വിവരങ്ങൾ തിരുവെഴുത്തുകൾ കുട്ടികൾക്കു നൽകുന്നു,” ആ പുരോഹിതൻ പറഞ്ഞു. “ആദാം-ഹവ്വാ, കയീൻ-ഹാബേൽ, ദാവീദ്-ഗോലിയാത്ത് എന്നിവരുടെ കഥ, യേശുവിന്റെ ജനനം, ചുങ്കക്കാരൻ സക്കായിയുടെ കഥ, മുടിയനായ പുത്രന്റെ ഉപമ, നല്ല ശമര്യക്കാരന്റെ ഉപമ” തുടങ്ങിയവയെ അതിനുള്ള ഉദാഹരണങ്ങളായി അദ്ദേഹം നിരത്തി. “വഞ്ചന, ക്ഷമ, പാപപരിഹാരം, വിദ്വേഷം, തരംതാഴ്‌ത്തൽ, തെറ്റുതിരുത്തൽ, സാഹോദര്യ സ്‌നേഹം, നിസ്സ്വാർഥ സ്‌നേഹം എന്നീ വിഷയങ്ങളിലെല്ലാം (കുട്ടികളുടെ) ചിന്തയെ വഴിനയിക്കാൻപോന്ന ചില മാതൃകാ വിവരണങ്ങൾ” ആയിട്ടാണ് ഇവയെ പരാമർശിച്ചത്. “സ്വന്തം ജീവിതത്തിൽ പകർത്താനാകുന്ന, പ്രായോഗിക മൂല്യമുള്ള കാര്യങ്ങളാണ് അത്തരം വിവരണങ്ങളിൽ അടങ്ങിയിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈബിൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ഒരു നല്ല സംഗതിയാണെന്നതു ശരിതന്നെ. പക്ഷേ, സ്വന്തമായി തിരുവെഴുത്തുകൾ വായിച്ച് അവയെക്കുറിച്ച് “ചിന്തിക്കാനും ധ്യാനിക്കാ”നും അങ്ങനെ ശരിയായ ഒരു തീരുമാനത്തിൽ എത്തിച്ചേരാനും ഉള്ള പ്രാപ്‌തി കുട്ടികൾക്കുണ്ടോ?
തിരുവെഴുത്തുകൾ വിശദീകരിച്ചു കൊടുത്താൽ മാത്രമേ മുതിർന്നവർക്കുപോലും അവ ശരിയായി മനസ്സിലാക്കാനാകൂ. അതിന്റെ ഒരു ഉദാഹരണം ബൈബിളിൽത്തന്നെ കാണാവുന്നതാണ്. എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥൻ സ്വന്തമായി തിരുവെഴുത്തുകൾ വായിച്ച് ‘ചിന്തിക്കുകയും ധ്യാനിക്കുകയും’ ചെയ്‌തെങ്കിലും അദ്ദേഹത്തിന് ആത്മീയ സത്യങ്ങൾ കണ്ടെത്താനായില്ല. യെശയ്യാ പ്രവചനം വായിച്ച അദ്ദേഹത്തിന് അതിന്റെ അർഥം ഗ്രഹിക്കാൻ സാധിച്ചില്ല. എന്നാൽ പ്രവാചകൻ പറഞ്ഞ കാര്യം മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് ശിഷ്യനായ ഫിലിപ്പോസ് അതേക്കുറിച്ചു വിശദീകരിച്ചപ്പോൾ അദ്ദേഹം അതു ശ്രദ്ധിച്ചു കേട്ടു. (പ്രവൃ. 8:26-40) ആ എത്യോപ്യക്കാരനെപ്പോലെതന്നെയാണ് നാമെല്ലാം. ആരെങ്കിലും തിരുവെഴുത്തുകൾ വിശദീകരിച്ചു തന്നെങ്കിലേ നമുക്ക്—പ്രത്യേകിച്ച് കുട്ടികൾക്ക്—അതിന്റെ അർഥം മനസ്സിലാക്കാനാകൂ.
ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു.” (സദൃ. 22:15) അതുകൊണ്ട് കുട്ടികൾക്കു മാർഗനിർദേശം കൂടിയേ തീരൂ. ബൈബിളിൽ പറഞ്ഞിരിക്കുന്നതും ക്രിസ്‌തീയ യോഗങ്ങളിൽ ചർച്ചചെയ്യപ്പെടുന്നതുമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, കുട്ടികൾക്ക് ധാർമികവും ആത്മീയവുമായ പരിശീലനം നൽകാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. അത്തരം പരിശീലനം കുട്ടികളുടെ ഒരു അവകാശവുമാണ്. നല്ല ആത്മീയ വ്യക്തികളായി വളരുന്നതിന് അവർക്ക് തിരുവെഴുത്തധിഷ്‌ഠിതമായ ഉറച്ച അടിസ്ഥാനം വേണം. അതിന് ചെറുപ്പം മുതൽക്കേ അവർക്കു സഹായം നൽകണം. അങ്ങനെയാകുമ്പോൾ അവർ ‘വളർച്ചയെത്തിയവർ’—‘ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ തങ്ങളുടെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്നവർ’—ആകും.—എബ്രാ. 5:14.