വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കുക’

‘ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കുക’

‘ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കുക’

“അവർ . . . പരിശുദ്ധാത്മാവ്‌ നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിച്ചുകൊണ്ടിരുന്നു.”—പ്രവൃ. 4:31.

1, 2. ശുശ്രൂഷയിൽ വൈദഗ്‌ധ്യം നേടുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

“രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” മരിക്കുന്നതിന്‌ മൂന്നു ദിവസം മുമ്പ്‌ യേശു ശിഷ്യന്മാരോടു പറഞ്ഞ വാക്കുകളാണവ. പുനരുത്ഥാനത്തിനുശേഷം സ്വർഗത്തിലേക്കു മടങ്ങിപ്പോകുന്നതിനുമുമ്പ്‌, ‘താൻ കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിച്ചുകൊണ്ട്‌ സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കാനുള്ള’ നിയമനം യേശു അനുഗാമികൾക്കു നൽകി. മാത്രമല്ല, “യുഗസമാപ്‌തിയോളം എല്ലാനാളും” അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന്‌ അവൻ അവർക്കു വാക്കുകൊടുക്കുകയും ചെയ്‌തു.—മത്താ. 24:14; 26:1, 2; 28:19, 20.

2 ഒന്നാം നൂറ്റാണ്ടിൽ തുടങ്ങിവെച്ച ആ വേലയിൽ സജീവമായി പങ്കുപറ്റുന്നവരാണ്‌ ഇന്ന്‌ യഹോവയുടെ സാക്ഷികൾ. പ്രസംഗ-ശിഷ്യരാക്കൽ വേല ജീവരക്ഷാകരമായ ഒരു വേലയാണ്‌. അത്രത്തോളം പ്രധാനപ്പെട്ട മറ്റൊരു വേലയില്ല. ആ സ്ഥിതിക്ക്‌, പ്രസംഗവേലയിൽ വൈദഗ്‌ധ്യം നേടേണ്ടത്‌ എത്ര പ്രധാനമാണ്‌! പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നത്‌, ശുശ്രൂഷയിൽ ധൈര്യത്തോടെ ഏർപ്പെടാൻ നമ്മെ സഹായിക്കും. അതിനെക്കുറിച്ചാണ്‌ ഈ ലേഖനം ചർച്ചചെയ്യുന്നത്‌. വൈദഗ്‌ധ്യത്തോടെ പഠിപ്പിക്കാനും പ്രസംഗവേലയിൽ സ്ഥിരോത്സാഹം കാണിക്കാനും ദൈവാത്മാവ്‌ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയെന്നു വിശദമാക്കുന്നതാണ്‌ തുടർന്നുവരുന്ന രണ്ട്‌ ലേഖനങ്ങൾ.

ധൈര്യം ആവശ്യം

3. പ്രസംഗവേലയിൽ ഏർപ്പെടുന്നതിന്‌ ധൈര്യം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന രാജ്യപ്രസംഗവേല അനുപമമായ ഒരു പദവിയാണ്‌. എന്നാൽ പലപ്പോഴും അത്‌ അത്ര എളുപ്പമല്ല. ചിലർ മടികൂടാതെ രാജ്യസന്ദേശം സ്വീകരിച്ചെന്നുവരും. എന്നാൽ മറ്റുചിലർ നോഹയുടെ നാളിലെ ആളുകളെപ്പോലെയാണ്‌. “ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും നീക്കിക്കളയുവോളം അവർ ഗൗനിച്ചതേയില്ല” എന്ന്‌ യേശു പറഞ്ഞു. (മത്താ. 24:38, 39) നമ്മെ പരിഹസിക്കുകയോ എതിർക്കുകയോ ചെയ്യുന്നവരുമുണ്ട്‌. (2 പത്രോ. 3:3) അധികാരസ്ഥാനത്തുള്ളവർ, സഹപാഠികൾ, സഹജോലിക്കാർ, കുടുംബാംഗങ്ങൾ എന്നിങ്ങനെ എതിർപ്പ്‌ ആരിൽനിന്നുവേണമെങ്കിലും വരാം. ഇതിനെല്ലാം പുറമെ ലജ്ജ, തിരസ്‌കരിക്കപ്പെടുമോ എന്നുള്ള ഭയം തുടങ്ങി നമ്മുടെതന്നെ ബലഹീനതകളും പ്രശ്‌നം സൃഷ്ടിച്ചേക്കാം. “ധീരതയോടെ,” ‘നിർഭയമായി’ ദൈവവചനം പ്രസ്‌താവിക്കുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർക്കുന്ന ഘടകങ്ങൾ പലതുണ്ടെന്നു സാരം. (എഫെ. 6:19, 20) അതുകൊണ്ട്‌, സ്ഥിരോത്സാഹത്തോടെ വചനം ഘോഷിക്കുന്നതിന്‌ ധൈര്യം കൂടിയേതീരൂ. അങ്ങനെയെങ്കിൽ, ധൈര്യം സംഭരിക്കാൻ നമ്മെ എന്തു സഹായിക്കും?

4. (എ) എന്താണ്‌ ധൈര്യം? (ബി) തെസ്സലോനിക്യയിൽ പ്രസംഗിക്കാൻ പൗലോസിനു ധൈര്യം ലഭിച്ചത്‌ എങ്ങനെ?

4 “ധൈര്യം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്‌ ഭയംകൂടാതെ തുറന്നു സംസാരിക്കുക എന്ന അർഥമാണുള്ളത്‌. ധീരത, ആത്മവിശ്വാസം, നിർഭയത്വം എന്നിവയെ കുറിക്കാനാണ്‌ ഈ പദം ഉപയോഗിക്കുന്നത്‌. മര്യാദയില്ലാതെയോ പരുഷമായോ സംസാരിക്കുന്നതിനെയല്ല ധൈര്യം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. (കൊലോ. 4:6) ധൈര്യം കാണിക്കുമ്പോൾത്തന്നെ എല്ലാ മനുഷ്യരോടും സമാധാനത്തിലായിരിക്കാൻ നാം ശ്രദ്ധിക്കും. (റോമ. 12:18) അതുകൂടാതെ, രാജ്യസന്ദേശം പ്രസംഗിക്കുമ്പോൾ മറ്റുള്ളവരെ പ്രകോപിപ്പിക്കാതിരിക്കാൻ നാം ശ്രമിക്കും. അതിന്‌ ധൈര്യത്തോടൊപ്പം നയവും ആവശ്യമാണ്‌. അതെ, ധൈര്യം കാണിക്കുന്നതിന്‌ പല ഗുണങ്ങൾ ആവശ്യമാണ്‌. ആ ഗുണങ്ങളാകട്ടെ, നല്ല ശ്രമംചെയ്‌തു വളർത്തിയെടുക്കേണ്ടവയുമാണ്‌. ഇത്തരം ധൈര്യം നമ്മുടെ ഉള്ളിൽനിന്ന്‌ തനിയെ ഉണ്ടാകുന്നതല്ല, നമ്മുടെ സ്വന്തം ശക്തിയാൽ നേടിയെടുക്കാനുമാവില്ല. ഉദാഹരണത്തിന്‌, പൗലോസ്‌ അപ്പൊസ്‌തലനും കൂട്ടാളികൾക്കും ‘ഫിലിപ്പിയിൽവെച്ച്‌ കഷ്ടവും അപമാനവും സഹിക്കേണ്ടിവന്നു’ എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. എന്നാൽ അതിനുശേഷവും, തെസ്സലോനിക്യയിലുള്ളവരോട്‌ അവർ ധൈര്യപൂർവം പ്രസംഗിച്ചു. അവർക്ക്‌ അതിന്‌ എങ്ങനെ സാധിച്ചു? “അവന്റെ (ദൈവത്തിന്റെ) സഹായത്താൽ” എന്ന്‌ പൗലോസ്‌ എഴുതി. (1 തെസ്സലോനിക്യർ 2:2 വായിക്കുക.) ഇന്നും, നമ്മുടെ ഉള്ളിലെ ഭയം നീക്കി സമാനമായ ധൈര്യം പകരാൻ യഹോവയ്‌ക്കു കഴിയും.

5. പത്രോസിനെയും യോഹന്നാനെയും മറ്റു ശിഷ്യന്മാരെയും യഹോവ ധൈര്യപ്പെടുത്തിയത്‌ എങ്ങനെ?

5 ജനത്തിന്റെ “പ്രമാണിമാരും മൂപ്പന്മാരും ശാസ്‌ത്രിമാരും” ചോദ്യംചെയ്‌തപ്പോൾ പത്രോസും യോഹന്നാനും ഇങ്ങനെ പറഞ്ഞു: “ദൈവത്തിനു പകരം നിങ്ങളെ അനുസരിക്കുന്നത്‌ ദൈവമുമ്പാകെ ന്യായമോ? നിങ്ങൾതന്നെ വിധിക്കുവിൻ. ഞങ്ങളെ സംബന്ധിച്ചാണെങ്കിൽ, കാണുകയും കേൾക്കുകയും ചെയ്‌തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.” പീഡനം നീക്കേണമേ എന്ന്‌ ദൈവത്തോടു പ്രാർഥിക്കുന്നതിനു പകരം അവരും സഹവിശ്വാസികളും എന്താണ്‌ പ്രാർഥിച്ചതെന്നു നോക്കുക: “യഹോവേ, അവരുടെ ഭീഷണികൾ ഗൗനിക്കേണമേ. . . . നിന്റെ വചനം പൂർണ ധൈര്യത്തോടെ ഘോഷിച്ചുകൊണ്ടിരിക്കാൻ അടിയങ്ങളെ പ്രാപ്‌തരാക്കേണമേ.” (പ്രവൃ. 4:5, 19, 20, 29, 30) യഹോവ അവരുടെ അപേക്ഷ കേട്ടോ? (പ്രവൃത്തികൾ 4:31 വായിക്കുക.) തീർച്ചയായും. പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട്‌, ധൈര്യം നേടാൻ യഹോവ അവരെ സഹായിച്ചു. ഇന്നും ധൈര്യം നേടാൻ നമ്മെ സഹായിക്കുന്നതിന്‌ പരിശുദ്ധാത്മാവിനു കഴിയും. അങ്ങനെയെങ്കിൽ, പരിശുദ്ധാത്മാവു ലഭിക്കാനും ശുശ്രൂഷയിലായിരിക്കെ അതിനാൽ നയിക്കപ്പെടാനും നാം എന്തു ചെയ്യണം?

ധൈര്യം നേടാൻ

6, 7. പരിശുദ്ധാത്മാവ്‌ ലഭിക്കാനുള്ള നേരിട്ടുള്ള മാർഗം എന്ത്‌? ചില ഉദാഹരണങ്ങൾ നൽകുക.

6 പരിശുദ്ധാത്മാവിനുവേണ്ടി യാചിക്കുന്നതാണ്‌ അത്‌ ലഭിക്കാനുള്ള നേരിട്ടുള്ള മാർഗം. ഒരിക്കൽ യേശു ശ്രോതാക്കളോടു പറഞ്ഞത്‌ ശ്രദ്ധിക്കുക: “മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ ദോഷികളായ നിങ്ങൾക്ക്‌ അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം നൽകും!” (ലൂക്കോ. 11:13) പരിശുദ്ധാത്മാവിനുവേണ്ടി നാം നിരന്തരം അപേക്ഷിക്കേണ്ടതുണ്ട്‌. തെരുവുസാക്ഷീകരണം, അനൗപചാരിക സാക്ഷീകരണം, കടകൾതോറുമുള്ള സാക്ഷീകരണം എന്നിവയിൽ ഏർപ്പെടാൻ നമുക്ക്‌ ഭയമാണെങ്കിലോ? ധൈര്യത്തിനായി യഹോവയോട്‌ പ്രാർഥിക്കുക. പരിശുദ്ധാത്മാവിനെ നൽകാനായി അവനോട്‌ യാചിക്കുക.—1 തെസ്സ. 5:17.

7 റോസ എന്ന ഒരു സഹോദരി ചെയ്‌തതും അതാണ്‌. * ഒരു സഹ അധ്യാപിക, കുട്ടികളോടുള്ള ദുഷ്‌പെരുമാറ്റത്തെക്കുറിച്ച്‌ മറ്റൊരു സ്‌കൂളിൽനിന്നു ലഭിച്ച ഒരു റിപ്പോർട്ടു വായിക്കുന്നത്‌ റോസയുടെ ശ്രദ്ധയിൽപ്പെട്ടു. വായിച്ച കാര്യങ്ങൾ ആ അധ്യാപികയെ വല്ലാതെ വിഷമിപ്പിച്ചു. ‘ഈ ലോകം എവിടെച്ചെന്ന്‌ അവസാനിക്കും?’ അവർ പരിതപിച്ചു. സാക്ഷ്യം നൽകാൻ പറ്റിയ ആ അവസരം വിട്ടുകളയാൻ റോസയ്‌ക്കു മനസ്സുവന്നില്ല. സാക്ഷീകരിക്കാനുള്ള ധൈര്യം സംഭരിക്കാൻ റോസ എന്തു ചെയ്‌തു? “പരിശുദ്ധാത്മാവിന്റെ സഹായത്തിനായി ഞാൻ യഹോവയോട്‌ അപേക്ഷിച്ചു,” റോസ പറയുന്നു. എന്തായിരുന്നു ഫലം? നല്ല സാക്ഷ്യം നൽകാൻ സാധിച്ചെന്നു മാത്രമല്ല, കൂടുതലായ ചർച്ചയ്‌ക്കുവേണ്ട ക്രമീകരണവും ചെയ്‌തു. ഇനി, ന്യൂയോർക്കിൽ താമസിക്കുന്ന അഞ്ചുവയസ്സുകാരി മിലാനിയുടെ കാര്യമെടുക്കുക. “സ്‌കൂളിൽ പോകുന്നതിനുമുമ്പ്‌ എന്നും ഞാനും മമ്മിയും യഹോവയോട്‌ പ്രാർഥിക്കും,” അവൾ പറയുന്നു. എന്തിനുവേണ്ടിയാണ്‌ അവർ പ്രാർഥിക്കുന്നത്‌? സ്‌കൂളിലായിരിക്കെ മിലാനിക്ക്‌ തന്റെ ദൈവത്തെക്കുറിച്ച്‌ സംസാരിക്കാനും ശരിയായ നിലപാട്‌ സ്വീകരിക്കാനുമുള്ള ധൈര്യത്തിനുവേണ്ടി! “ജന്മദിനങ്ങളും മറ്റ്‌ വിശേഷദിവസങ്ങളും ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണെന്നു വിശദീകരിക്കാനും അത്തരം ആഘോഷങ്ങളിൽനിന്നു വിട്ടുനിൽക്കാനും ഇത്‌ മിലാനിയെ സഹായിച്ചിരിക്കുന്നു” എന്ന്‌ അവളുടെ അമ്മ പറയുന്നു. ധൈര്യം നേടാൻ പ്രാർഥന സഹായിക്കും എന്നല്ലേ ഈ ഉദാഹരണങ്ങൾ കാണിക്കുന്നത്‌?

8. ധൈര്യം സംഭരിക്കുന്ന കാര്യത്തിൽ നമുക്ക്‌ യിരെമ്യാ പ്രവാചകനിൽനിന്ന്‌ എന്തു പഠിക്കാം?

8 അടുത്തതായി, ധൈര്യം സംഭരിക്കാൻ യിരെമ്യാ പ്രവാചകനെ സഹായിച്ചത്‌ എന്താണെന്നു നോക്കാം. ജാതികൾക്കു പ്രവാചകനായി യഹോവ തന്നെ നിയമിച്ചപ്പോൾ യിരെമ്യാവ്‌ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? “എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ,” അവൻ പറഞ്ഞു. (യിരെ. 1:4-6) കാലാന്തരത്തിൽ പക്ഷേ, അവൻ പ്രസംഗവേലയിൽ തീക്ഷ്‌ണതയോടെ ഏർപ്പെടാൻ തുടങ്ങി; വിനാശം വിളിച്ചുകൂവുന്നവനായാണ്‌ അവൻ അറിയപ്പെട്ടത്‌. അങ്ങനെയൊരു പേര്‌ സമ്പാദിക്കണമെങ്കിൽ, അവൻ എത്രമാത്രം ധൈര്യത്തോടും തീക്ഷ്‌ണതയോടും കൂടെ തന്റെ നിയമനം നിവർത്തിച്ചുകാണും എന്ന്‌ ആലോചിച്ചുനോക്കൂ. (യിരെ. 38:4) 65-ലേറെ വർഷം അവൻ യഹോവയുടെ ന്യായവിധി സന്ദേശം ധൈര്യസമേതം ഘോഷിച്ചു. അവന്റെ ധൈര്യം ഇസ്രായേലിലെങ്ങും പ്രസിദ്ധമായിരുന്നു. അതുകൊണ്ടാണ്‌, ഏതാണ്ട്‌ 600 വർഷങ്ങൾക്കുശേഷം യേശു ധൈര്യത്തോടെ പ്രസംഗിച്ചപ്പോൾ, ഉയിർത്തെഴുന്നേറ്റുവന്ന യിരെമ്യാവായി ആളുകൾ അവനെ തെറ്റിദ്ധരിച്ചത്‌. (മത്താ. 16:13, 14) നിയമനം സ്വീകരിക്കാൻ തുടക്കത്തിൽ വൈമനസ്യം കാണിച്ച യിരെമ്യാവിന്‌ ഇത്രമാത്രം ധൈര്യമുണ്ടായത്‌ എങ്ങനെയാണ്‌? അവൻതന്നെ പറയുന്നത്‌ ശ്രദ്ധിക്കുക: “(ദൈവത്തിന്റെ വചനം) എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.” (യിരെ. 20:9) അതെ, യഹോവയുടെ വചനത്തിന്റെ ശക്തി! അതാണ്‌ അവനെ പ്രസംഗിക്കാൻ പ്രചോദിപ്പിച്ചത്‌.

9. യിരെമ്യാവിന്റെ കാര്യത്തിലെന്നപോലെ ദൈവത്തിൽനിന്നുള്ള സന്ദേശത്തിന്‌ നമ്മെയും സ്വാധീനിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

9 എബ്രായർക്കുള്ള ലേഖനത്തിൽ പൗലോസ്‌ ഇങ്ങനെ എഴുതി: “ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ളത്‌; അത്‌ ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും ദേഹിയെയും ആത്മാവിനെയും, സന്ധിമജ്ജകളെയും വേർപെടുത്തുംവരെ തുളച്ചുചെല്ലുന്നതും ഹൃദയവിചാരങ്ങളെയും അന്തർഗതങ്ങളെയും വിവേചിക്കാൻ കഴിവുള്ളതുമാകുന്നു.” (എബ്രാ. 4:12) യിരെമ്യാവിന്റെ കാര്യത്തിലെന്നപോലെ, ദൈവത്തിൽനിന്നുള്ള സന്ദേശത്തിന്‌ നമ്മെയും സ്വാധീനിക്കാനാകും. ബൈബിൾ എഴുതാൻ ദൈവം മനുഷ്യരെയാണ്‌ ഉപയോഗിച്ചതെങ്കിലും മനുഷ്യജ്ഞാനം പ്രതിഫലിപ്പിക്കുന്ന പുസ്‌തകങ്ങളുടെ ഒരു സമാഹാരമല്ല അത്‌. കാരണം, ദൈവമാണ്‌ അത്‌ നിശ്വസ്‌തമാക്കിയത്‌. 2 പത്രോസ്‌ 1:21-ൽ നാം ഇങ്ങനെ വായിക്കുന്നു: “പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ ഉണ്ടായതല്ല; പിന്നെയോ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്‌താവിച്ചതത്രേ.” അർഥവത്തായ ബൈബിൾ പഠനത്തിനുവേണ്ടി സമയം നീക്കിവെക്കുമ്പോൾ പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തമാക്കപ്പെട്ട സന്ദേശം നമ്മുടെ മനസ്സുകളിൽ നിറയും. (1 കൊരിന്ത്യർ 2:10 വായിക്കുക.) അതിലെ സന്ദേശത്തിന്‌ നമ്മുടെ ഉള്ളിൽ ‘കത്തുന്ന തീപോലെ’ ആയിരിക്കാനാകും. അത്‌ നമുക്ക്‌ ഉള്ളിൽ അടക്കിവെക്കാനാവില്ല.

10, 11. (എ) ധൈര്യത്തോടെ പ്രസംഗിക്കാൻ കഴിയണമെങ്കിൽ നമ്മുടെ വ്യക്തിപരമായ പഠനം എങ്ങനെയുള്ളതായിരിക്കണം? (ബി) വ്യക്തിപരമായ പഠനം കൂടുതൽ അർഥവത്താക്കാൻ എന്തു ചെയ്യാനാണ്‌ നിങ്ങൾ ഉദ്ദേശിക്കുന്നത്‌?

10 ബൈബിളിലെ സന്ദേശം നമ്മുടെ ഹൃദയത്തിലെത്തി നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കണം. ആ വിധത്തിലായിരിക്കണം നാം ബൈബിൾ പഠിക്കേണ്ടത്‌. അത്തരം പഠനത്തിനു മാത്രമേ നമ്മുടെ ജീവിതത്തിൽ പ്രഭാവം ചെലുത്താനാകൂ. യെഹെസ്‌കേൽ പ്രവാചകന്റെ കാര്യമെടുക്കുക. യെഹെസ്‌കേലിന്‌ ഒരു ദർശനമുണ്ടായി. അതിൽ, ഒരു ചുരുൾ തിന്നാൻ യഹോവ അവനോട്‌ ആവശ്യപ്പെടുന്നു. കേൾക്കാൻ കൂട്ടാക്കാത്ത ഒരു ജനതയ്‌ക്കുവേണ്ടിയുള്ള ശക്തമായ സന്ദേശമായിരുന്നു ആ ചുരുളിൽ. യെഹെസ്‌കേൽ ആ സന്ദേശം മുഴുവനായി ഉൾക്കൊള്ളണമായിരുന്നു. അങ്ങനെയാകുമ്പോൾ ആ സന്ദേശം ഘോഷിക്കുന്നത്‌ രസകരമായ ഒരു അനുഭവമാകുമായിരുന്നു—തേൻപോലെ മധുരിക്കുന്ന അനുഭവം.—യെഹെസ്‌കേൽ 2:8–3:4, 7-9 വായിക്കുക.

11 യെഹെസ്‌കേലിന്റേതിനോടു സമാനമായ ഒരു അവസ്ഥയിലാണ്‌ നാം ഇന്ന്‌. ബൈബിൾ പറയുന്നതു ശ്രദ്ധിക്കാൻ പലർക്കും താത്‌പര്യമില്ല. ദൈവവചനം പ്രസംഗിക്കുന്നതിൽ തുടരുന്നതിന്‌, ബൈബിളിലെ സന്ദേശം മുഴുവനായി ഉൾക്കൊള്ളുന്ന വിധത്തിൽ നാം ബൈബിൾ പഠിക്കേണ്ടത്‌ പ്രധാനമാണ്‌. അതിന്‌ വല്ലപ്പോഴും മാത്രം പഠിച്ചാൽപ്പോരാ, ക്രമമായി പഠിക്കണം. “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ” എന്നു പറഞ്ഞ സങ്കീർത്തനക്കാരന്റെ മനോഭാവം നമുക്കും ഉണ്ടായിരിക്കണം. (സങ്കീ. 19:14) വായിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ധ്യാനിക്കുന്നതിന്‌ സമയമെടുക്കുന്നത്‌ വളരെ പ്രധാനമാണ്‌! എങ്കിൽ മാത്രമേ ബൈബിൾ സത്യങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുകയുള്ളൂ. വ്യക്തിപരമായ പഠനം കൂടുതൽ അർഥവത്താക്കാൻ നാം ആത്മാർഥമായി ശ്രമിക്കണം. *

12. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ ക്രിസ്‌തീയ യോഗങ്ങൾ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

12 ‘സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം പരസ്‌പരം കരുതൽ കാണിക്കുകയും സഭായോഗങ്ങൾ ഉപേക്ഷിക്കാതിരിക്കുകയും’ ചെയ്യുന്നതാണ്‌ യഹോവയുടെ പരിശുദ്ധാത്മാവിൽനിന്ന്‌ പ്രയോജനം നേടുന്നതിനുള്ള മറ്റൊരു മാർഗം. (എബ്രാ. 10:24, 25) ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും പരിപാടികൾ ശ്രദ്ധിച്ചു കേൾക്കുകയും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നതും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നമ്മെ സഹായിക്കും. ദൈവാത്മാവ്‌ സഭയിലൂടെ, നമുക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകും എന്നതിന്‌ സംശയമുണ്ടോ?—വെളിപാട്‌ 3:6 വായിക്കുക.

ധൈര്യം നേടുന്നതിന്റെ പ്രയോജനങ്ങൾ

13. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ പ്രസംഗപ്രവർത്തനത്തിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സിലാക്കാം?

13 പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയാണ്‌ പരിശുദ്ധാത്മാവ്‌. യഹോവയുടെ ഇഷ്ടം ചെയ്യാൻ മനുഷ്യരെ ശക്തീകരിക്കാൻ അതിനാകും. പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൻകീഴിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പ്രസംഗവേലയിൽ മഹത്തായ നേട്ടങ്ങളാണ്‌ കൈവരിച്ചത്‌. “ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിടയിൽ” അവർ സുവിശേഷം അറിയിച്ചു. (കൊലോ. 1:23) അവരിൽ പലരും “പഠിപ്പില്ലാത്തവരും സാധാരണക്കാരും” ആയിരുന്നു എന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ, അവർ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുകയായിരുന്നെന്നു വ്യക്തം.—പ്രവൃ. 4:13.

14. “ആത്മാവിൽ ജ്വലിക്കു”ന്നവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?

14 പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ ജീവിക്കുമ്പോൾ, ധൈര്യത്തോടെ ശുശ്രൂഷ നിർവഹിക്കാനുള്ള പ്രചോദനം നമുക്ക്‌ ലഭിക്കും. പരിശുദ്ധാത്മാവിനായി നിരന്തരം പ്രാർഥിക്കുകയും ശുഷ്‌കാന്തിയോടെ ബൈബിൾ പഠിക്കുകയും വായിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ധ്യാനിക്കുകയും യോഗങ്ങൾക്ക്‌ മുടങ്ങാതെ കൂടിവരുകയും ചെയ്യുന്നത്‌ ‘ആത്മാവിൽ ജ്വലിക്കാൻ’ നമ്മെ സഹായിക്കും. (റോമ. 12:11) എഫെസൊസിൽ എത്തിയ ‘അലക്‌സാൻഡ്രിയക്കാരനും അപ്പൊല്ലോസ്‌ എന്നു പേരുള്ളവനുമായ ഒരു യഹൂദനെക്കുറിച്ച്‌’ ബൈബിൾ ഇങ്ങനെ പറയുന്നു: “അവൻ ആത്മാവിനാൽ ജ്വലിച്ച്‌ യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ കൃത്യതയോടെ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്‌തുപോന്നു.” (പ്രവൃ. 18:24, 25) “ആത്മാവിൽ ജ്വലിക്കു”ന്നവരാണെങ്കിൽ, വീടുതോറുമുള്ള ശുശ്രൂഷയിലും അനൗപചാരിക സാക്ഷീകരണത്തിലും ധൈര്യത്തോടെ ഏർപ്പെടാൻ നമുക്കാകും.—റോമ. 12:11.

15. ധൈര്യത്തോടെ പ്രസംഗിക്കുന്നതിന്‌ എന്തു പ്രയോജനങ്ങളുണ്ട്‌?

15 ധൈര്യത്തോടെ പ്രസംഗിക്കുന്നത്‌ നമുക്കുതന്നെ പ്രയോജനങ്ങൾ കൈവരുത്തും. നമ്മുടെ വേലയുടെ പ്രാധാന്യവും പ്രയോജനങ്ങളും തിരിച്ചറിയുമ്പോൾ നമ്മുടെ മനോഭാവം മെച്ചപ്പെടും. ഫലപ്രദമായി ശുശ്രൂഷ നിർവഹിക്കുമ്പോൾ ലഭിക്കുന്ന വലിയ സന്തോഷം നമ്മുടെ ഉത്സാഹം വർധിപ്പിക്കും. പ്രസംഗവേലയുടെ അടിയന്തിരതയെക്കുറിച്ചുള്ള ബോധം നമ്മുടെ ശുഷ്‌കാന്തി വർധിപ്പിക്കും.

16. ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്‌ണതയ്‌ക്ക്‌ മങ്ങലേറ്റിട്ടുണ്ടെങ്കിൽ നാം എന്തു ചെയ്യണം?

16 ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്‌ണത നഷ്ടപ്പെടുകയോ കുറയുകയോ ചെയ്‌തിട്ടുണ്ടെങ്കിലോ? സത്യസന്ധമായി നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്‌. പൗലോസ്‌ എഴുതി: “നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന്‌ പരിശോധിച്ചുകൊണ്ടിരിക്കുവിൻ; നിങ്ങളെത്തന്നെ ശോധനചെയ്‌തുകൊണ്ടിരിക്കുവിൻ.” (2 കൊരി. 13:5) ‘ഇപ്പോഴും ഞാൻ ആത്മാവിനാൽ ജ്വലിക്കുന്നുണ്ടോ? പരിശുദ്ധാത്മാവിനുവേണ്ടി ഞാൻ യഹോവയോടു പ്രാർഥിക്കുന്നുണ്ടോ? ദൈവേഷ്ടം ചെയ്യാൻ ഞാൻ അവനിൽ ആശ്രയിക്കുന്നെന്ന്‌ എന്റെ പ്രാർഥനകൾ കാണിക്കുന്നുണ്ടോ? യഹോവ ഭരമേൽപ്പിച്ചിരിക്കുന്ന ശുശ്രൂഷയെപ്രതി ഞാൻ അവന്‌ നന്ദികൊടുക്കാറുണ്ടോ? വ്യക്തിപരമായ പഠനത്തിന്റെ കാര്യത്തിൽ ഞാൻ എങ്ങനെയാണ്‌? വായിക്കുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്‌ ധ്യാനിക്കാൻ ഞാൻ എത്ര സമയം നീക്കിവെക്കുന്നുണ്ട്‌? യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുന്ന കാര്യത്തിൽ ഞാൻ എങ്ങനെയാണ്‌?’ ഇത്തരം ആത്മപരിശോധന, എവിടെയാണ്‌ കുറവുള്ളതെന്ന്‌ കണ്ടെത്താനും അത്‌ പരിഹരിക്കാനും നമ്മെ സഹായിക്കും.

ദൈവാത്മാവ്‌ നിങ്ങൾക്ക്‌ ധൈര്യം പകരട്ടെ!

17, 18. (എ) പ്രസംഗവേല ഇന്ന്‌ എത്ര വ്യാപകമാണ്‌? (ബി) “തികഞ്ഞ ധൈര്യത്തോടെ” ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

17 പുനരുത്ഥാനത്തിനുശേഷം യേശു ശിഷ്യന്മാരോട്‌ പറഞ്ഞു: “പരിശുദ്ധാത്മാവ്‌ നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി ലഭിച്ചിട്ട്‌ നിങ്ങൾ യെരുശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.” (പ്രവൃ. 1:8) അന്നു തുടങ്ങിയ ആ വേല മുമ്പൊന്നും നടന്നിട്ടില്ലാത്ത അളവിൽ ഇന്ന്‌ നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതാണ്ട്‌ 70 ലക്ഷത്തിലേറെ യഹോവയുടെ സാക്ഷികൾ 230-ലധികം ദേശങ്ങളിലായി രാജ്യസന്ദേശം ഘോഷിച്ചുകൊണ്ടിരിക്കുന്നു. വർഷത്തിൽ ഏകദേശം 150 കോടി മണിക്കൂറാണ്‌ ഇതിനായി ചെലവഴിക്കുന്നത്‌. പിന്നീട്‌ ഒരിക്കലും ആവർത്തിക്കപ്പെടാത്ത ഈ വേലയിൽ തീക്ഷ്‌ണതയോടെ പങ്കുപറ്റുന്നത്‌ എത്ര ആവേശജനകമാണ്‌!

18 ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ ഇന്നും ദൈവാത്മാവിന്റെ വഴിനടത്തിപ്പിൻകീഴിലാണ്‌ ആഗോള പ്രസംഗവേല നടക്കുന്നത്‌. ദൈവാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടുന്നെങ്കിൽ, “തികഞ്ഞ ധൈര്യത്തോടെ” ശുശ്രൂഷയിൽ ഏർപ്പെടാൻ നമുക്കാകും. (പ്രവൃ. 28:31) അതുകൊണ്ട്‌, ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കവെ ദൈവാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടാൻ നമുക്ക്‌ പരമാവധി ശ്രമിക്കാം.

[അടിക്കുറിപ്പുകൾ]

^ ഖ. 7 പേരുകൾക്ക്‌ മാറ്റം വരുത്തിയിട്ടുണ്ട്‌.

^ ഖ. 11 ബൈബിൾ വായനയിൽനിന്നും വ്യക്തിപരമായ പഠനത്തിൽനിന്നും പരമാവധി പ്രയോജനം നേടാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്‌തകത്തിലെ 21-32 പേജുകളിലുള്ള “വായനയിൽ ഉത്സുകനായിരിക്കുക,” “പഠനം പ്രതിഫലദായകം” എന്നീ അധ്യായങ്ങൾ കാണുക.

നിങ്ങൾ എന്തു പഠിച്ചു?

• ദൈവവചനം ധൈര്യത്തോടെ ഘോഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ധൈര്യത്തോടെ വചനം പ്രസംഗിക്കാൻ ആദിമ ശിഷ്യന്മാരെ സഹായിച്ചതെന്ത്‌?

• ധൈര്യം നേടാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

• ധൈര്യം നേടുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

[അധ്യയന ചോദ്യങ്ങൾ]

[7-ാം പേജിലെ ചിത്രം]

ധൈര്യം നേടാൻ മാതാപിതാക്കൾക്ക്‌ കുട്ടികളെ എങ്ങനെ സഹായിക്കാനാകും?

[8-ാം പേജിലെ ചിത്രങ്ങൾ]

ശുശ്രൂഷയിലായിരിക്കെ ധൈര്യം സംഭരിക്കാൻ ഹ്രസ്വമായ ഒരു പ്രാർഥന സഹായിക്കും