വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പുനഃസ്‌നാനത്തെക്കുറിച്ചു പരിചിന്തിക്കാവുന്ന ചില സാഹചര്യങ്ങളേവ?

സ്‌നാനമേറ്റ ഒരാൾ ചില പ്രത്യേക കാരണങ്ങളാൽ തന്റെ സ്‌നാനത്തിനു സാധുതയില്ലെന്നും അതുകൊണ്ട്‌ വീണ്ടും സ്‌നാനമേൽക്കണമെന്നും വിചാരിച്ചേക്കാം. സ്‌നാനമേൽക്കുന്ന സമയത്ത്‌ അദ്ദേഹം എന്തെങ്കിലും രഹസ്യപാപങ്ങൾ ചെയ്യുന്നുണ്ടായിരുന്നിരിക്കാം—സ്‌നാനമേറ്റിരുന്നെങ്കിൽ പുറത്താക്കപ്പെടുമായിരുന്ന തരത്തിലുള്ള ഗുരുതരമായ തെറ്റുകൾ. അത്തരം തെറ്റ്‌ ചെയ്‌തുകൊണ്ടിരുന്ന ഒരു വ്യക്തിക്ക്‌ അപ്പോൾ ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കാനാകുമായിരുന്നോ? തിരുവെഴുത്തുവിരുദ്ധമായ തന്റെ ചെയ്‌തികൾ ഉപേക്ഷിച്ചിരുന്നെങ്കിൽ മാത്രമേ അയാൾക്ക്‌ ദൈവം അംഗീകരിക്കുന്ന രീതിയിലുള്ള ഒരു സമർപ്പണം നടത്താൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട്‌ സ്‌നാനമേറ്റസമയത്ത്‌ അത്തരം ഗുരുതരമായ തെറ്റുകൾ ചെയ്‌തുകൊണ്ടിരുന്ന വ്യക്തി പുനഃസ്‌നാനത്തെക്കുറിച്ചു ചിന്തിക്കുന്നത്‌ ഉചിതമായിരുന്നേക്കാം.

ഇനി, ഒരാൾ സ്‌നാനമേൽക്കുന്ന സമയത്ത്‌ ഗുരുതരമായ തെറ്റിൽ ഏർപ്പെട്ടിരുന്നില്ല; എന്നാൽ പിന്നീട്‌ തെറ്റു ചെയ്യുകയും ഒരു നീതിന്യായ കമ്മിറ്റി ആവശ്യമായി വരുകയും ചെയ്യുന്നുവെന്നു കരുതുക. സ്‌നാനത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെയാണ്‌ താൻ അന്നു സ്‌നാനമേറ്റതെന്നും അതുകൊണ്ടുതന്നെ തന്റെ സ്‌നാനത്തിനു സാധുതയില്ലെന്നും അയാൾ അവകാശപ്പെട്ടേക്കാം. എന്നാൽ മൂപ്പന്മാർ തെറ്റുകാരനുമായി സംസാരിക്കുമ്പോൾ അയാളുടെ സ്‌നാനത്തിന്റെ സാധുതയെ ചോദ്യംചെയ്യുകയോ സമർപ്പണത്തിന്റെയും സ്‌നാനത്തിന്റെയും സാധുതയെക്കുറിച്ച്‌ എന്തു തോന്നുന്നുവെന്ന്‌ അയാളോടു ചോദിക്കുകയോ ചെയ്യരുത്‌. സ്‌നാനത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടുള്ള തിരുവെഴുത്തധിഷ്‌ഠിത പ്രസംഗം എന്തായാലും അദ്ദേഹം കേട്ടതാണല്ലോ. സമർപ്പണത്തെയും സ്‌നാനത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ അദ്ദേഹം ‘ഉവ്വ്‌’ എന്ന്‌ ഉത്തരം പറഞ്ഞതുമാണ്‌. തുടർന്ന്‌ അദ്ദേഹം ഈ പടിയെക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെതന്നെയാണ്‌ സ്‌നാനസ്ഥലത്തേക്കു പോയതും വെള്ളത്തിൽ മുങ്ങി സ്‌നാനമേറ്റതും. അതുകൊണ്ട്‌ കാര്യത്തിന്റെ ഗൗരവം നന്നായി മനസ്സിലാക്കിയിട്ടാണ്‌ അദ്ദേഹം സ്‌നാനമേറ്റത്‌ എന്നു വിശ്വസിക്കുന്നത്‌ തികച്ചും ന്യായമാണ്‌. അക്കാരണത്താൽമൂപ്പന്മാർ അദ്ദേഹത്തെ സ്‌നാനമേറ്റ ഒരാളായിത്തന്നെ കണക്കാക്കണം.

തന്റെ സ്‌നാനത്തിന്റെ സാധുതയെക്കുറിച്ച്‌ ഒരാൾ സംശയം പ്രകടിപ്പിക്കുന്നെങ്കിൽ മൂപ്പന്മാർക്ക്‌, പുനഃസ്‌നാനത്തെക്കുറിച്ച്‌ വീക്ഷാഗോപുരത്തിൽ വന്നിരിക്കുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുകയും അദ്ദേഹത്തോടൊപ്പം അവ പരിചിന്തിക്കുകയും ചെയ്യാവുന്നതാണ്‌. (ഇംഗ്ലീഷ്‌ വീക്ഷാഗോപുരം, 1960 മാർച്ച്‌ 1 ലക്കത്തിന്റെ 159, 160 പേജുകളും 1964 ഫെബ്രുവരി 15 ലക്കത്തിന്റെ 123-126 പേജുകളും കാണുക.) ശരിയായ ബൈബിൾ പരിജ്ഞാനം ഇല്ലാതെ സ്‌നാനമേറ്റതുപോലുള്ള ചില പ്രത്യേക സാഹചര്യങ്ങളിൽ പുനഃസ്‌നാനം വേണമോ എന്നു തീരുമാനിക്കേണ്ടത്‌ ഓരോ വ്യക്തിയുമാണ്‌.

ബന്ധുക്കളോ സുഹൃത്തുക്കളോ പോലെ, പല ആളുകൾ ഒരുമിച്ചു താമസിക്കേണ്ടിവരുമ്പോൾ ക്രിസ്‌ത്യാനികൾ മനസ്സിൽപ്പിടിക്കേണ്ട ചില കാര്യങ്ങൾ ഏവ?

താമസിക്കാൻ ഒരിടം—എല്ലാവർക്കും അതാവശ്യമാണ്‌. എങ്കിലും ഇന്ന്‌ പലർക്കും സ്വന്തമായി ഒരു വീടില്ല എന്നതാണ്‌ വസ്‌തുത. സാമ്പത്തികാവസ്ഥയോ ആരോഗ്യസ്ഥിതിയോ മറ്റു ചില പ്രശ്‌നങ്ങളോ നിമിത്തം പലപ്പോഴും ഭർത്താവും ഭാര്യയും കുട്ടികളും കൂടാതെയുള്ള കുടുംബാംഗങ്ങൾ ഒരു കൂരയ്‌ക്കുകീഴിൽ ഒരുമിച്ചു താമസിക്കാൻ നിർബന്ധിതരാകുന്നു. ചില സ്ഥലങ്ങളിലാകട്ടെ, അവർ ഇങ്ങനെ താമസിക്കുന്നത്‌ അൽപ്പംപോലും സ്വകാര്യതയില്ലാത്ത ഒറ്റമുറി വീട്ടിലും.

ക്രിസ്‌തീയ സഭയിലുള്ള ഓരോരുത്തരും എങ്ങനെയുള്ള താമസസൗകര്യം തിരഞ്ഞെടുക്കണം എന്നതുസംബന്ധിച്ച്‌ യഹോവയുടെ സംഘടന പ്രത്യേക വ്യവസ്ഥകൾ വെക്കുന്നില്ല. തിരുവെഴുത്തു തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ക്രിസ്‌ത്യാനിയുമാണ്‌ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌. ആ വിധത്തിൽ തീരുമാനമെടുക്കുന്നതിലൂടെ തങ്ങളുടെ തീരുമാനം ദൈവത്തിനു സ്വീകാര്യമായിരിക്കുമോ അല്ലയോ എന്ന്‌ അവർക്കു നിശ്ചയപ്പെടുത്താനാകും. പരിചിന്തിക്കാനാകുന്ന ചില തിരുവെഴുത്തു തത്ത്വങ്ങൾ ഏവയാണ്‌?

കൂടെ താമസിക്കുന്നവർ നമ്മെയും നമ്മുടെ ആത്മീയതയെയും ഏതുവിധത്തിൽ സ്വാധീനിക്കും എന്നതിനെക്കുറിച്ചു നാം ചിന്തയുള്ളവരായിരിക്കണം: അവർ എങ്ങനെയുള്ളവരാണ്‌? സത്യാരാധകരാണോ? ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവരാണോ? പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “വഴിതെറ്റിക്കപ്പെടരുത്‌. ദുഷിച്ച സംസർഗം സദ്‌ശീലങ്ങളെ കെടുത്തിക്കളയുന്നു.”—1 കൊരി. 15:33.

തിരുവെഴുത്തുകൾ വ്യക്തമാക്കുന്നതുപോലെ യഹോവ വ്യഭിചാരവും പരസംഗവും കുറ്റംവിധിക്കുന്നു. (എബ്രാ. 13:4) അതുകൊണ്ട്‌ വിപരീതലിംഗവർഗത്തിൽപ്പെട്ട അവിവാഹിതരായ രണ്ടുപേർ ഒരേ മുറിയിൽ അന്തിയുറങ്ങാൻ ഇടയാക്കുന്ന ഒരു സാഹചര്യം ഒരിക്കലും ദൈവത്തിനു സ്വീകാര്യമായിരിക്കില്ല. അധാർമികത അനുവദിച്ചുകൊടുക്കുന്ന സ്ഥലങ്ങളിൽ ഒരു ക്രിസ്‌ത്യാനി താമസിക്കരുത്‌.

മാത്രമല്ല, ദൈവത്തിന്റെ പ്രീതി ആഗ്രഹിക്കുന്നവരെല്ലാം “പരസംഗത്തിൽനിന്ന്‌ ഓടിയക”ലണമെന്നും ബൈബിൾ ഉദ്‌ബോധിപ്പിക്കുന്നു. (1 കൊരി. 6:18) അധാർമിക പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രലോഭനമായിത്തീർന്നേക്കാവുന്ന ഏതൊരു താമസക്രമീകരണവും ഒഴിവാക്കണമെന്നു സാരം. ക്രിസ്‌ത്യാനികളായ പലർ ഒരു വീട്ടിൽ താമസിക്കുന്നുവെന്നിരിക്കട്ടെ. ചിലപ്പോൾ വീട്ടിലുള്ള മറ്റുള്ളവരെല്ലാം എവിടേക്കെങ്കിലും പോകുമ്പോൾ അവിവാഹിതരായ രണ്ടുപേർമാത്രം അവിടെ തനിച്ചായേക്കാം. അതവരെ തെറ്റിലേക്കു നയിച്ചേക്കാം, തികച്ചും അപ്രതീക്ഷിതമായി. ഇനി, പരസ്‌പരം അനുരാഗം തോന്നുന്ന രണ്ടുപേർ ഒരേ വീട്ടിൽ ഒരുമിച്ചു കഴിയേണ്ടിവരുന്ന ഒരു സാഹചര്യം സംജാതമാകുന്നെങ്കിലോ? അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ്‌ ബുദ്ധി. കാരണം, അതും അധാർമികതയ്‌ക്കു കളമൊരുക്കിയേക്കാം.

വിവാഹമോചനം നേടിയ ഒരു ദമ്പതികൾ ഒരേ വീട്ടിൽ തുടർന്നു താമസിക്കുന്നതും ഉചിതമായിരിക്കില്ല; കാരണം, മുമ്പ്‌ അടുത്തബന്ധം പുലർത്തിയിരുന്നവർ ആയതുകൊണ്ട്‌ അവർ അധാർമികതയിലേക്കു വഴുതിവീഴാൻ എളുപ്പമാണ്‌.—സദൃ. 22:3.

താമസസൗകര്യം തിരഞ്ഞെടുക്കുമ്പോൾ നാം പരിഗണിക്കേണ്ട സുപ്രധാനമായ മറ്റൊരു കാര്യം, സമൂഹം അതിനെ എങ്ങനെ വീക്ഷിക്കുന്നു എന്നതാണ്‌. ഒരു ക്രിസ്‌ത്യാനിയുടെ ദൃഷ്ടിയിൽ ഉചിതമെന്നു തോന്നുന്ന താമസസൗകര്യം മറ്റാളുകൾ മോശമായി കാണുന്നെങ്കിൽ അതു കണക്കിലെടുക്കേണ്ടതുണ്ട്‌. നമ്മുടെ പെരുമാറ്റത്തിലൂടെ ദൈവനാമത്തിനു കളങ്കംവരാൻ നാം ഒരിക്കലും ഇടയാക്കരുത്‌. പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “യഹൂദന്മാർക്കാകട്ടെ ഗ്രീക്കുകാർക്കാകട്ടെ ദൈവത്തിന്റെ സഭയ്‌ക്കാകട്ടെ ആർക്കും ഇടർച്ചയ്‌ക്കു കാരണമാകാതിരിക്കുവിൻ. ഞാനും എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടേണ്ടതിന്‌ അവരുടെ നന്മതന്നെ അന്വേഷിച്ചുകൊണ്ട്‌ എല്ലാവരെയും എല്ലാറ്റിലും പ്രസാദിപ്പിക്കുകയാണ്‌.”—1 കൊരി. 10:32, 33.

ഉചിതമായ ഒരു താമസസ്ഥലം കണ്ടുപിടിക്കുന്നത്‌ യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഒരു വെല്ലുവിളി ആയിരുന്നേക്കാം. എന്നാൽ ക്രിസ്‌ത്യാനികൾ “കർത്താവിനു പ്രസാദകരമായത്‌ എന്തെന്ന്‌ സദാ പരിശോധിച്ച്‌ ഉറപ്പാ”ക്കണം. തങ്ങളുടെ വീട്ടിൽ മോശമായതൊന്നും നടക്കുന്നില്ലെന്ന്‌ അവർ ഉറപ്പുവരുത്തണം. (എഫെ. 5:5, 10) അതിനായി അവർക്ക്‌ എന്തു ചെയ്യാനാകും? ദിവ്യമാർഗനിർദേശത്തിനുവേണ്ടി പ്രാർഥിക്കുക; നമ്മുടെയോ മറ്റുള്ളവരുടെയോ ശാരീരികവും ധാർമികവുമായ ക്ഷേമത്തിന്‌ അപകടമുയർത്തിയേക്കാവുന്നതും ദൈവനാമത്തിനു നിന്ദവരുത്തിയേക്കാവുന്നതും ആയ യാതൊന്നും ചെയ്യുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.