വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്രഷ്ടാവിനെ ഓർക്കാൻ ചെറുപ്പക്കാരെ സഹായിക്കുന്ന ഒരു പുസ്‌തകം

സ്രഷ്ടാവിനെ ഓർക്കാൻ ചെറുപ്പക്കാരെ സഹായിക്കുന്ന ഒരു പുസ്‌തകം

സ്രഷ്ടാവിനെ ഓർക്കാൻ ചെറുപ്പക്കാരെ സഹായിക്കുന്ന ഒരു പുസ്‌തകം

“നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക,” എന്ന്‌ 3,000-ത്തോളം വർഷംമുമ്പ്‌ ജ്ഞാനിയായ ശലോമോൻ എഴുതി. (സഭാ. 12:1) സ്രഷ്ടാവിനെ ഓർക്കാൻ ക്രിസ്‌തീയ യുവജനങ്ങളെ സഹായിക്കുന്ന മറ്റൊരു പുസ്‌തകം ഇപ്പോൾ ലഭ്യമാണ്‌. 2008 മേയ്‌മുതൽ 2009 ജനുവരിവരെ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ‘ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു’ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ പ്രകാശനം ചെയ്യപ്പെട്ട യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—വാല്യം 2 (ഇംഗ്ലീഷ്‌) ആണ്‌ അത്‌.

ഈ പുസ്‌തകത്തിന്റെ തുടക്കത്തിൽത്തന്നെ ചെറുപ്പക്കാർക്കുവേണ്ടി ഭരണസംഘം എഴുതിയ ഒരു കത്ത്‌ കാണാനാകും. കത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഇന്നത്തെ യുവജനങ്ങൾക്ക്‌ നേരിടേണ്ടിവരുന്ന സമ്മർദങ്ങളും പ്രലോഭനങ്ങളും ചെറുക്കാനും ദൈവേഷ്ടത്തിനു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കാനും ഈ പുസ്‌തകം നിങ്ങളെ സഹായിക്കട്ടെ എന്നാണ്‌ ഞങ്ങളുടെ ആത്മാർഥമായ പ്രാർഥന.”

“യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക്‌ അനുസൃതമായും” കുട്ടികളെ വളർത്തിക്കൊണ്ടുവരാനാണ്‌ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്‌. (എഫെ. 6:4) പല കുട്ടികളെയും സംബന്ധിച്ചിടത്തോളം കൗമാരം ആശയക്കുഴപ്പങ്ങളുടെ ഒരു കാലമാണ്‌. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ മാർഗനിർദേശം ലഭിക്കാൻ അവർ ആഗ്രഹിക്കും. നിങ്ങൾക്ക്‌ കൗമാരപ്രായത്തിലുള്ള ഒരു മകനോ മകളോ ഉണ്ടോ? ഈ പ്രസിദ്ധീകരണത്തിൽനിന്ന്‌ പരമാവധി പ്രയോജനം നേടാൻ നിങ്ങളുടെ കുട്ടിയെ എങ്ങനെ സഹായിക്കാനാകും? ഇതാ ചില നിർദേശങ്ങൾ.

ഈ പുസ്‌തകത്തിന്റെ ഒരു കോപ്പി സ്വന്തമാക്കുക. അത്‌ നല്ലവണ്ണം വായിച്ചുമനസ്സിലാക്കുക. ഈ പുസ്‌തകം ശ്രദ്ധാപൂർവം വായിക്കുക; ആശയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്‌ എങ്ങനെയെന്നും പ്രത്യേകം ശ്രദ്ധിക്കുക. എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്ന്‌ പറയുന്നതിനുപകരം, കുട്ടികളുടെ “വിവേചനാപ്രാപ്‌തിയെ പരിശീലിപ്പി”ക്കുക എന്ന ലക്ഷ്യത്തിലാണ്‌ ഈ പുസ്‌തകം തയ്യാർ ചെയ്‌തിരിക്കുന്നത്‌. (എബ്രാ. 5:14) ശരിയായതിനുവേണ്ടി ഉറച്ച നിലപാടെടുക്കാൻ സഹായകമായ പ്രായോഗിക നിർദേശങ്ങളും ഇതിലുണ്ട്‌. 15-ാം അധ്യായം (“സമപ്രായക്കാരിൽനിന്നുള്ള സമ്മർദം എനിക്ക്‌ എങ്ങനെ ചെറുക്കാനാകും?”) ഇതിന്‌ ഒരു ഉദാഹരണമാണ്‌. സമ്മർദങ്ങളും പ്രലോഭനങ്ങളും ചെറുക്കണം എന്നു പറയുന്നതിലുപരിയായി ബൈബിളിലെ ബുദ്ധിയുപദേശങ്ങളുടെ സഹായത്താൽ അവയെ എങ്ങനെ ഒഴിവാക്കാമെന്ന്‌ ഈ പുസ്‌തകം കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നു. മാത്രമല്ല, പ്രലോഭനങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നുകൂടെ ഈ പുസ്‌തകം കാണിച്ചുകൊടുക്കുന്നു. അങ്ങനെ, ‘ഓരോരുത്തരോടും യഥോചിതം സംസാരിക്കാനുള്ള’ പ്രാപ്‌തി കുട്ടികൾ നേടും.—കൊലോ. 4:6.

പുസ്‌തകത്തിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചോദ്യങ്ങളും മറ്റും ഈ പുസ്‌തകത്തിന്റെ ഒരു പ്രത്യേകതയാണ്‌. യുവപ്രായക്കാർക്കുവേണ്ടിയാണ്‌ ഇവ തയ്യാറാക്കിയിരിക്കുന്നതെങ്കിലും സ്വന്തം കോപ്പിയിൽ നിങ്ങൾക്കും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനായേക്കും. * ഉദാഹരണത്തിന്‌, 16-ാം പേജിൽ നൽകിയിരിക്കുന്ന ഡേറ്റിങ്ങിനോടു ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങൾ പരിചിന്തിക്കുമ്പോൾ, നിങ്ങളുടെ കുട്ടിയുടെ പ്രായത്തിൽ നിങ്ങൾ ഇതേക്കുറിച്ച്‌ എന്തു വിചാരിച്ചിരുന്നുവെന്ന്‌ ആലോചിച്ചുനോക്കുക. ആ പ്രായത്തിൽ നിങ്ങൾ നൽകുമായിരുന്ന ഉത്തരം അവിടെ എഴുതുക. എന്നിട്ട്‌ നിങ്ങളോടുതന്നെ ചോദിക്കുക: ‘വർഷങ്ങൾ പിന്നിട്ടപ്പോൾ എന്റെ വീക്ഷണത്തിന്‌ എന്തു മാറ്റമാണ്‌ വന്നിരിക്കുന്നത്‌? അന്ന്‌ മനസ്സിലാകാതിരുന്ന എന്തെല്ലാം കാര്യങ്ങൾ പിൽക്കാലത്ത്‌ എനിക്കു മനസ്സിലായി? അത്‌ ഇപ്പോൾ എന്റെ മകന്‌/മകൾക്ക്‌ ഫലപ്രദമായി എങ്ങനെ പറഞ്ഞുകൊടുക്കാനാകും?’

നിങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കുക. മനസ്സുതുറക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ്‌ ഈ പുസ്‌തകത്തിൽ ചോദ്യങ്ങളും മറ്റും നൽകിയിരിക്കുന്നത്‌. കുട്ടിയുടെ മനസ്സറിയുക എന്നതാണ്‌ നിങ്ങളുടെ ലക്ഷ്യം; അല്ലാതെ അവൻ പുസ്‌തകത്തിൽ എന്താണ്‌ എഴുതിയിരിക്കുന്നത്‌ എന്നറിയുകയല്ല. 3-ാം പേജിൽ “മാതാപിതാക്കളോട്‌ ഒരു വാക്ക്‌” എന്ന ഭാഗത്ത്‌ പറഞ്ഞിരിക്കുന്നത്‌ ഇങ്ങനെയാണ്‌: “സ്വന്തം അഭിപ്രായങ്ങൾ സത്യസന്ധമായി തുറന്നെഴുതാൻ കഴിയണമെങ്കിൽ കുട്ടികൾക്ക്‌ സ്വകാര്യത അനുവദിച്ചുകൊടുക്കേണ്ടതുണ്ട്‌. ഒരുപക്ഷേ, പുസ്‌തകത്തിലെഴുതിയ കാര്യങ്ങളെക്കുറിച്ച്‌ പിന്നീടൊരവസരത്തിൽ അവർതന്നെ നിങ്ങളോടു പറഞ്ഞെന്നുവരും.”

കുടുംബ ബൈബിളധ്യയനത്തിനായി ഉപയോഗിക്കാം

കുടുംബാരാധനയ്‌ക്ക്‌ ഉപയോഗിക്കാൻ പറ്റിയ ഒരു പുസ്‌തകമാണ്‌ യുവജനങ്ങൾ ചോദിക്കുന്നു—വാല്യം 2. ഓരോ ഖണ്ഡികയ്‌ക്കും ചോദ്യം കൊടുത്തിട്ടില്ലാത്ത സ്ഥിതിക്ക്‌ നിങ്ങൾ എങ്ങനെയായിരിക്കും ഈ പുസ്‌തകം ഉപയോഗിച്ച്‌ അധ്യയനം നടത്തുക? കുട്ടിക്ക്‌ അനുയോജ്യമെന്നു തോന്നുന്ന ഏത്‌ അധ്യയനരീതിയും നിങ്ങൾക്ക്‌ പിൻപറ്റാവുന്നതാണ്‌.

ഉദാഹരണത്തിന്‌, 132-133 പേജുകളിലെ “സമപ്രായക്കാരിൽനിന്നുള്ള സമ്മർദം എങ്ങനെ തരണംചെയ്യാം?” എന്ന ചതുരം പരിചിന്തിക്കുമ്പോൾ ചില കുടുംബങ്ങൾ പരിശീലന സെഷനുകൾ നടത്തുന്നു. താൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതാണെന്നു കണ്ടെത്താൻ അവിടെ നൽകിയിരിക്കുന്ന ആദ്യത്തെ ചോദ്യം കുട്ടിയെ സഹായിക്കുന്നു. സമ്മർദം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യം കണ്ടെത്താൻ രണ്ടാമത്തെ ചോദ്യം അവനെ സഹായിക്കും. സമ്മർദത്തിനു വഴങ്ങിയാലുള്ള ഭവിഷ്യത്തുകളും അതിനെ ചെറുത്താലുള്ള പ്രയോജനങ്ങളും വിലയിരുത്തിയശേഷം, അത്തരം സാഹചര്യങ്ങളിൽ നൽകാനാകുന്ന ചില മറുപടികൾ ചിന്തിച്ചുറപ്പിക്കാൻ കുട്ടിക്ക്‌ കഴിയും. മറുപടി നൽകാനാകുന്ന മൂന്നുവിധങ്ങളെക്കുറിച്ച്‌ 131-ാം പേജിൽ പറഞ്ഞിരിക്കുന്നു. അതിലേതെങ്കിലും കുട്ടിക്ക്‌ തിരഞ്ഞെടുക്കാവുന്നതാണ്‌. ആത്മവിശ്വാസത്തോടും ബോധ്യത്തോടുംകൂടെ പറയാൻ പറ്റുന്ന മറുപടികൾ ചിന്തിച്ച്‌ മെനഞ്ഞെടുക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുക.—സങ്കീ. 119:46.

ആശയവിനിമയത്തിനുള്ള ഒരു ഉപാധി

മാതാപിതാക്കളോടു മനസ്സുതുറക്കാൻ യുവജനങ്ങളെ പ്രേരിപ്പിക്കുന്ന വിധത്തിലാണ്‌ യുവജനങ്ങൾ ചോദിക്കുന്നു—വാല്യം 2 തയ്യാറാക്കിയിരിക്കുന്നത്‌. ഉദാഹരണത്തിന്‌, “ ഞാൻ എങ്ങനെ ഡാഡിയോടും മമ്മിയോടും സെക്‌സിനെപ്പറ്റി സംസാരിക്കും?” (പേജുകൾ 63-64), “മാതാപിതാക്കളോടു തുറന്നു സംസാരിക്കുക!” (പേജ്‌ 189) എന്നീ ചതുരങ്ങളിൽ, സാധാരണഗതിയിൽ തുറന്നുസംസാരിക്കാൻ മടിക്കുന്ന വിഷയങ്ങൾ എങ്ങനെ അവതരിപ്പിക്കാമെന്നതു സംബന്ധിച്ചുള്ള പല പ്രായോഗിക നിർദേശങ്ങളുമുണ്ട്‌. 13-കാരിയായ ഒരു പെൺകുട്ടി ഇങ്ങനെ എഴുതി: “എന്റെ മനസ്സിലുള്ളത്‌, എന്തിന്‌ ഞാൻ ചെയ്‌ത ചില കാര്യങ്ങൾപോലും, മാതാപിതാക്കളോടു തുറന്നുപറയാൻ ഈ പുസ്‌തകം എനിക്കു ധൈര്യം പകർന്നു.”

ആശയവിനിമയത്തിന്‌ അവസരമേകുന്ന വേറെയും സവിശേഷതകളുണ്ട്‌ ഈ പുസ്‌തകത്തിൽ. ഓരോ അധ്യായത്തിനും ഒടുവിലായി “നിങ്ങൾക്ക്‌ എന്ത്‌ തോന്നുന്നു?” എന്നൊരു ചതുരമുണ്ട്‌. കേവലം പുനരവലോകന ചോദ്യങ്ങളായി അവയെ കാണാതെ കുടുംബചർച്ചയ്‌ക്കായി അവ ഉപയോഗിക്കുക. ഓരോ അധ്യായത്തിലും “ആക്ഷൻ പ്ലാൻ” എന്നൊരു ചതുരവുമുണ്ട്‌. ആ അധ്യായത്തിൽ പഠിച്ച കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്നുവെന്ന്‌ യുവജനങ്ങൾക്ക്‌ അവിടെ എഴുതാവുന്നതാണ്‌. ഓരോ “ആക്ഷൻ പ്ലാൻ”-ന്റെയും അവസാനഭാഗത്ത്‌ പ്രസ്‌തുത വിഷയത്തെക്കുറിച്ച്‌ മാതാപിതാക്കളോട്‌ ചോദിച്ചറിയാൻ ആഗ്രഹിക്കുന്നത്‌ എന്താണെന്ന്‌ എഴുതാനുള്ള സ്ഥലം കൊടുത്തിട്ടുണ്ട്‌. മാതാപിതാക്കളിൽനിന്ന്‌ വിലപ്പെട്ട ഉപദേശങ്ങൾ തേടാൻ ഇത്‌ കുട്ടികൾക്ക്‌ അവസരമേകും.

കുട്ടിയുടെ മനസ്സറിയാൻ

സ്വന്തം മകന്റെ/മകളുടെ മനസ്സറിയുക എന്നത്‌ മാതാപിതാക്കളായ നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. യുവജനങ്ങൾ ചോദിക്കുന്നു—വാല്യം 2 നിങ്ങളെ അതിനു സഹായിക്കും. ഒരു പിതാവ്‌ ഈ പുസ്‌തകം എങ്ങനെ പ്രയോജനപ്പെടുത്തി എന്നു നോക്കുക.

“എനിക്കും എന്റെ മകൾ റിബേക്കയ്‌ക്കും പ്രിയപ്പെട്ട ചില സ്ഥലങ്ങളുണ്ട്‌. ആ പ്രദേശത്തുകൂടെയൊക്കെ വെറുതെ നടക്കാനും സൈക്കിളോടിക്കാനും ഡ്രൈവു ചെയ്യാനും ഞങ്ങൾക്ക്‌ വളരെ ഇഷ്ടമാണ്‌. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിലാണ്‌ അവൾ മനസ്സുതുറക്കാറ്‌.

“ഈ പുസ്‌തകത്തിൽ ഞങ്ങൾ ആദ്യം വായിച്ചത്‌ ഭരണസംഘത്തിന്റെ കത്തും ‘മാതാപിതാക്കളോട്‌ ഒരു വാക്ക്‌’ എന്ന ഭാഗവുമായിരുന്നു. 3-ാം പേജിൽ പറഞ്ഞിരിക്കുന്നതുപോലെ, മനസ്സിൽ തോന്നുന്നതെല്ലാം യാതൊരു മടിയുംകൂടാതെ അവൾക്ക്‌ തന്റെ പുസ്‌തകത്തിൽ എഴുതാമെന്ന്‌ ഞാൻ അവളോടു പറഞ്ഞു. അവൾ എഴുതുന്നത്‌ വായിച്ചുനോക്കില്ലെന്ന്‌ ഞാൻ ഉറപ്പുകൊടുത്തു.

“ചർച്ചചെയ്യാൻ ഇഷ്ടമുള്ള അധ്യായങ്ങൾ തിരഞ്ഞെടുത്തുകൊള്ളാൻ ഞാൻ റിബേക്കയോടു പറഞ്ഞു. അവൾ പറഞ്ഞ ക്രമത്തിലാണ്‌ ഞങ്ങൾ അധ്യായങ്ങൾ ചർച്ചചെയ്‌തത്‌. അവൾ ആദ്യം തിരഞ്ഞെടുത്തത്‌ ‘എനിക്ക്‌ ഇലക്‌ട്രോണിക്‌ ഗെയിമുകൾ കളിക്കാമോ?’ എന്ന അധ്യായമായിരുന്നു. അവൾ അത്‌ തിരഞ്ഞെടുക്കുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചതേയില്ല. പക്ഷേ അവൾ അതു ചെയ്‌തതിന്‌ ഒരു കാരണമുണ്ടായിരുന്നു. അവളുടെ സുഹൃത്തുക്കളിൽ പലരും അങ്ങേയറ്റം മോശമായ ഒരു ഗെയിം കളിക്കുന്നുണ്ടായിരുന്നു. 251-ാം പേജിലെ “ആക്ഷൻ പ്ലാൻ” ചർച്ചചെയ്‌തപ്പോഴാണ്‌ എനിക്കതിന്റെ ഭീകരത മനസ്സിലാകുന്നത്‌. അസഭ്യ സംസാരവും അതിഭയങ്കരമായ ക്രൂരകൃത്യങ്ങളും നിറഞ്ഞ ഒരു ഗെയിമായിരുന്നു അത്‌. ആ ഗെയിം കളിക്കാൻ ആരെങ്കിലും നിർബന്ധിച്ചാൽ, പറയേണ്ട മറുപടി മനസ്സിൽ കുറിച്ചിടാൻ ആ ചതുരം റിബേക്കയ്‌ക്ക്‌ സഹായകമായി.

“പുസ്‌തകത്തിൽ എഴുതുന്നതെല്ലാം ഇപ്പോൾ റിബേക്ക എന്നോടു പറയാറുണ്ട്‌. അധ്യയനസമയത്ത്‌ എത്രയെത്ര കാര്യങ്ങളാണ്‌ ഇപ്പോൾ ഞങ്ങൾക്ക്‌ സംസാരിക്കാനുള്ളത്‌. ഞങ്ങൾ ഓരോ ഭാഗവും മാറിമാറി വായിക്കും. ചിത്രങ്ങളും ചതുരങ്ങളുമടക്കം എല്ലാറ്റിനെക്കുറിച്ചും അവൾ സംസാരിക്കും. ഞാൻ അവളുടെ പ്രായത്തിലായിരുന്നപ്പോൾ കാര്യങ്ങൾ എങ്ങനെയൊക്കെയായിരുന്നുവെന്ന്‌ പറയാൻ എനിക്ക്‌ അവസരം ലഭിക്കുന്നു. അവളോടു ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവളും തുറന്നുപറയും.”

മാതാപിതാക്കളേ, ഈ പുസ്‌തകം പ്രകാശനംചെയ്‌തപ്പോൾ നിങ്ങൾ വളരെയധികം സന്തോഷിച്ചുകാണുമെന്നതിൽ സംശയമില്ല. ഇനി, ഇത്‌ നന്നായി ഉപയോഗിക്കുക. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—വാല്യം 2 നിങ്ങളുടെ കുടുംബത്തിന്‌ ഒരു അനുഗ്രഹമായിരിക്കട്ടെ എന്നാണ്‌ ഭരണസംഘത്തിന്റെ പ്രത്യാശ. ‘പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കാൻ’ ഇത്‌ എല്ലാവരെയും, വിശേഷാൽ നമ്മുടെ പ്രിയ യുവജനങ്ങളെ, സഹായിക്കുമാറാകട്ടെ.—ഗലാ. 5:16.

[അടിക്കുറിപ്പ്‌]

^ ഖ. 6 ഈ പുസ്‌തകത്തിലെ, അഭിപ്രായം രേഖപ്പെടുത്താനുള്ള ചില വർക്ക്‌ഷീറ്റുകൾ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌, “നിങ്ങളുടെ കോപം നിയന്ത്രിക്കുക” എന്ന ചതുരം (221-ാം പേജ്‌) മക്കൾക്കും നിങ്ങൾക്കും ഒരുപോലെ സഹായകമായിരിക്കും; അതുപോലെതന്നെ “സമപ്രായക്കാരിൽനിന്നുള്ള സമ്മർദം എങ്ങനെ തരണംചെയ്യാം?” (പേജ്‌ 132-133), “എന്റെ ബഡ്‌ജറ്റ്‌” (പേജ്‌ 163), ‘എന്റെ ലക്ഷ്യങ്ങൾ’ (പേജ്‌ 314) തുടങ്ങിയ ചതുരങ്ങളും.

[30-ാം പേജിലെ ചതുരം]

ചെറുപ്പക്കാരായ ചിലർ പറയുന്നത്‌

“വെറുതെ വായിച്ചുപോകേണ്ട ഒരു പുസ്‌തകമല്ലിത്‌. കൈയിലൊരു പെൻസിലുമായിരുന്ന്‌, നന്നായി ചിന്തിച്ച്‌ വായിക്കേണ്ട ഒന്നാണിത്‌. ഒരു ഡയറിയുടെ രൂപത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്‌തകം, സ്വയം വിലയിരുത്താനും ഏറ്റവും നല്ല ജീവിതപാത തിരഞ്ഞെടുക്കാനും യുവപ്രായക്കാരെ സഹായിക്കും.”—നിക്കോള

“ഡേറ്റുചെയ്യാൻ പലരും സമ്മർദം ചെലുത്താറുണ്ട്‌, ചിലർ സദുദ്ദേശത്തോടെയാണ്‌ അങ്ങനെ ചെയ്യുന്നത്‌. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ശരി, ഞാൻ ഡേറ്റുചെയ്യാൻ തയ്യാറല്ലെന്ന കാര്യം മനസ്സിലുറപ്പിക്കാൻ ഈ പുസ്‌തകത്തിന്റെ ആദ്യഭാഗം എന്നെ സഹായിച്ചു.”—കത്രീന

“‘സ്‌നാനമേൽക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കുന്നുവോ?’ എന്ന ചതുരം എന്റെ സമർപ്പണത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്റെ പഠനശീലത്തെയും പ്രാർഥനയെയും മറ്റും വിലയിരുത്താൻ അത്‌ എന്നെ സഹായിച്ചു.”—ആഷ്‌ലി.

“ക്രിസ്‌ത്യാനികളായ എന്റെ മാതാപിതാക്കൾ ബാല്യംമുതൽക്കെ എന്നെ പഠിപ്പിച്ചിരുന്നെങ്കിലും, ഏതു ജീവിതഗതി തിരഞ്ഞെടുക്കണമെന്നു സ്വയം തീരുമാനിക്കാൻ എന്നെ സഹായിച്ചത്‌ ഈ പുസ്‌തകമാണ്‌. മാതാപിതാക്കളോടു കാര്യങ്ങൾ തുറന്നുസംസാരിക്കാനും അത്‌ എനിക്ക്‌ പ്രചോദനമായി.”—സമീറ.

[31-ാം പേജിലെ ചിത്രം]

മാതാപിതാക്കളേ, ഈ പുസ്‌തകം നന്നായി വായിച്ചുമനസ്സിലാക്കുക

[32-ാം പേജിലെ ചിത്രം]

കുട്ടിയുടെ മനസ്സറിയാൻ ശ്രമിക്കുക