വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതം മാറിമറിയുമ്പോഴും ദൈവപ്രീതിയിൽ നിലകൊള്ളുക

ജീവിതം മാറിമറിയുമ്പോഴും ദൈവപ്രീതിയിൽ നിലകൊള്ളുക

ജീവിതം മാറിമറിയുമ്പോഴും ദൈവപ്രീതിയിൽ നിലകൊള്ളുക

സമീപകാലത്ത്‌ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ? ആ മാറ്റം ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണോ നിങ്ങൾ? ചില ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതം പരിശോധിക്കുന്നത്‌ ഇത്തരം സാഹചര്യങ്ങളെ വിജയകരമായി നേരിടാൻ നമ്മെ സഹായിക്കും.

ദാവീദിന്റെ കാര്യംതന്നെയെടുക്കുക. ഒന്നിനുപുറകെ ഒന്നായി പല മാറ്റങ്ങളും അവന്റെ ജീവിതത്തിലുണ്ടായി. ഭാവിയിൽ ഇസ്രായേലിനെ ഭരിക്കേണ്ട രാജാവായി ശമൂവേൽ അവനെ അഭിഷേകം ചെയ്യുമ്പോൾ അവൻ വെറുമൊരു ഇടയബാലനായിരുന്നു. ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്തിനെ നേരിടാൻ തയ്യാറായി മുന്നോട്ടുവന്നപ്പോഴും അവൻ തീരെ ചെറുപ്പമായിരുന്നു. (1 ശമൂ. 17:26-32, 42) പിന്നീട്‌ ശൗൽ രാജാവിന്റെ കൊട്ടാരത്തിൽ താമസിക്കാൻ അവന്‌ ക്ഷണം ലഭിച്ചു. വൈകാതെ അവൻ സൈന്യാധിപനായി നിയമിതനാകുകയും ചെയ്‌തു. തന്റെ ജീവിതത്തിൽ ഇത്രയെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്ന്‌ ദാവീദ്‌ സ്വപ്‌നത്തിൽപ്പോലും കരുതിയിട്ടുണ്ടാവില്ല; ഭാവിയിൽ തന്നെ കാത്തിരിക്കുന്നത്‌ എന്തൊക്കെയാണെന്നും അപ്പോൾ അവന്‌ ഒരു രൂപവും ഉണ്ടായിരുന്നിരിക്കില്ല.

കാലാന്തരത്തിൽ ശൗലും ദാവീദും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽവീണു. (1 ശമൂ. 18:8, 9; 19:9, 10) ശൗലിൽനിന്ന്‌ രക്ഷപ്പെട്ടോടിയ ദാവീദിന്‌ അനേക വർഷങ്ങൾ ഒളിവിൽ കഴിയേണ്ടിവന്നു. പിന്നീട്‌ ഇസ്രായേലിന്റെ രാജാവായി വാണപ്പോഴും അവന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി, വ്യഭിചാരം ചെയ്യുകയും ആ തെറ്റ്‌ മൂടിവെക്കാനുള്ള ശ്രമത്തിൽ കൊലപാതകം നടത്തുകയും ചെയ്‌തശേഷം പ്രത്യേകിച്ചും. (2 ശമൂ. 12:10-12; 15:1-14) ഇതൊക്കെയാണെങ്കിലും ദാവീദ്‌ തന്റെ തെറ്റുകളെപ്രതി അനുതപിച്ചപ്പോൾ യഹോവ അവനോടു ക്ഷമിച്ചു. വീണ്ടും അവന്‌ ദൈവത്തിന്റെ പ്രീതി ലഭിക്കാനിടയായി. എങ്കിലും ആ തെറ്റുകളുടെ ഫലമായി അവന്റെ കുടുംബത്തിൽ പല ദുരന്തങ്ങളും വന്നുഭവിച്ചു. അവന്റെ മകനായ അബ്‌ശാലോം അവനെതിരെ മത്സരിച്ചത്‌ അതിനൊരു ഉദാഹരണംമാത്രം.

ദാവീദിനെപ്പോലെതന്നെ നിങ്ങളുടെ സാഹചര്യങ്ങളും മാറിമറിഞ്ഞേക്കാം. ആരോഗ്യ പ്രശ്‌നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബ പ്രശ്‌നങ്ങൾ, എന്തിന്‌ സ്വന്തം പ്രവൃത്തികൾപോലും ജീവിതത്തിൽ പല മാറ്റങ്ങളും വന്നുഭവിക്കുന്നതിന്‌ ഇടയാക്കിയേക്കാം. ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ എങ്ങനെ കഴിയും? അതിന്‌ നമ്മെ സഹായിക്കുന്ന ചില ഗുണങ്ങളെക്കുറിച്ച്‌ നമുക്കിപ്പോൾ നോക്കാം.

താഴ്‌മ നമ്മെ സഹായിക്കും

താണുകൊടുക്കാനുള്ള മനസ്സൊരുക്കമാണ്‌ താഴ്‌മ. നമ്മെത്തന്നെയും മറ്റുള്ളവരെയും വസ്‌തുനിഷ്‌ഠമായി വിലയിരുത്താൻ താഴ്‌മ നമ്മെ സഹായിക്കും. താഴ്‌മയുണ്ടെങ്കിൽ നാം മറ്റുള്ളവരുടെ ഗുണങ്ങളെയും നേട്ടങ്ങളെയുമൊന്നും താഴ്‌ത്തിമതിക്കില്ല, പകരം നാം അവരെ വിലമതിക്കയും അവരുടെ കഴിവുകളെ അംഗീകരിക്കുകയും ചെയ്യും. ഇനി, നമുക്ക്‌ എന്തെങ്കിലും സംഭവിക്കുമ്പോൾ എന്തുകൊണ്ട്‌ അങ്ങനെ സംഭവിച്ചുവെന്നും ആ സാഹചര്യത്തെ നേരിടേണ്ടത്‌ എങ്ങനെയെന്നും മനസ്സിലാക്കാൻ താഴ്‌മ നമ്മെ സഹായിക്കും.

ശൗലിന്റെ മകനായ യോനാഥാൻ താഴ്‌മയുടെ നല്ലൊരു മാതൃകയാണ്‌. അവന്റെ ജീവിതത്തെ മാറ്റിമറിച്ചത്‌ സ്വന്തം നിയന്ത്രണത്തിനും അപ്പുറമുള്ള കാര്യങ്ങളായിരുന്നു. യഹോവ ശൗലിൽനിന്ന്‌ രാജത്വം എടുത്തുമാറ്റുമെന്ന്‌ അറിയിച്ച സന്ദർഭത്തിൽ, അടുത്ത രാജാവ്‌ യോനാഥാനായിരിക്കുമെന്ന്‌ ശമൂവേൽ പറഞ്ഞില്ല. (1 ശമൂ. 15:28; 16:1, 12, 13) ദാവീദിനെയായിരുന്നു ഇസ്രായേലിന്റെ അടുത്ത രാജാവായി ദൈവം തിരഞ്ഞെടുത്തത്‌. ഒരർഥത്തിൽ, ശൗലിന്റെ അനുസരണക്കേട്‌ യോനാഥാന്‌ വലിയ നഷ്ടങ്ങൾതന്നെ വരുത്തി. തന്റേതല്ലാത്ത തെറ്റിന്‌ രാജാവാകാനുള്ള അവസരം യോനാഥാന്‌ നഷ്ടമായി. (1 ശമൂ. 20:30, 31) ഈ സാഹചര്യത്തിൽ യോനാഥാൻ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? അവന്‌ ദാവീദിനോട്‌ നീരസമോ അസൂയയോ തോന്നിയോ? ഇല്ല. ദാവീദിനെക്കാൾ പ്രായവും അനുഭവപരിചയവും ഉണ്ടായിരുന്നിട്ടും അവൻ ദാവീദിനെ സവിശ്വസ്‌തം പിന്തുണച്ചു. (1 ശമൂ. 23:16-18) താഴ്‌മയുണ്ടായിരുന്നതിനാൽ ദൈവത്തിന്റെ അംഗീകാരം ആർക്കാണുള്ളതെന്ന്‌ അവൻ തിരിച്ചറിഞ്ഞു. അവൻ ‘തന്നെക്കുറിച്ചുതന്നെ വേണ്ടതിലധികം ഭാവിച്ചില്ല.’ (റോമ. 12:3) യഹോവ തന്നിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ മനസ്സിലാക്കിയ അവൻ യഹോവയുടെ തീരുമാനത്തെ മനസ്സോടെ ഉൾക്കൊണ്ടു.

മാറ്റങ്ങളുണ്ടാകുമ്പോൾ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം. ഒരു ഘട്ടത്തിൽ, യോനാഥാൻ തികച്ചും വിഷമസന്ധിയിലായി: ഒരു വശത്ത്‌ ഭാവിയിൽ രാജസ്ഥാനം ഏൽക്കേണ്ടിയിരുന്ന തന്റെ ആത്മസുഹൃത്തായ ദാവീദ്‌, മറുവശത്ത്‌ വാഴ്‌ച നടത്തിക്കൊണ്ടിരുന്ന തന്റെ പിതാവായ ശൗൽ. ദാവീദിന്‌ യഹോവയുടെ അംഗീകാരമുണ്ടായിരുന്നു, ശൗലിനെയാകട്ടെ യഹോവ തള്ളിക്കളഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ യഹോവയുടെ പ്രീതി നഷ്ടപ്പെടാതെനോക്കുക എന്നത്‌ യോനാഥാനെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മർദമുളവാക്കുന്ന ഒരു കാര്യമായിരുന്നിരിക്കണം. സമാനമായി, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ ഭയാശങ്കകൾക്ക്‌ ഇടയാക്കിയേക്കാം. എന്നാൽ യഹോവയുടെ വീക്ഷണഗതി മനസ്സിലാക്കാൻ ശ്രമിക്കുന്നപക്ഷം യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ വിട്ടുവീഴ്‌ച വരുത്താതെതന്നെ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ നമുക്കാകും.

എളിമ—പരിമിതികൾ തിരിച്ചറിയാൻ സഹായിക്കും

താഴ്‌മയും എളിമയും ഒന്നാണെന്ന്‌ ധരിക്കരുത്‌. എളിമയുള്ള ഒരു വ്യക്തി സ്വന്തം പരിമിതികളെക്കുറിച്ചു ബോധവാനായിരിക്കും. എന്നാൽ താഴ്‌മയുള്ള ഒരു വ്യക്തി തന്റെ പരിമിതികളെക്കുറിച്ച്‌ പൂർണമായും ബോധവാനായിരിക്കണമെന്നില്ല.

ദാവീദ്‌ എളിമയുള്ളവനായിരുന്നു. യഹോവ അവനെ രാജാവായി തിരഞ്ഞെടുത്തിരുന്നെങ്കിലും വർഷങ്ങളോളം അവൻ ആ സ്ഥാനത്ത്‌ അവരോധിതനായില്ല. ഈ കാലതാമസത്തിനുള്ള കാരണം യഹോവ അവനോടു വിശദീകരിച്ചതായി യാതൊരു സൂചനയും ബൈബിളിലില്ല. നിരാശ തോന്നാൻ സാധ്യതയുള്ള ഒരു സാഹചര്യമായിരുന്നു അത്‌. പക്ഷേ ദാവീദ്‌ തെല്ലും അസ്വസ്ഥനായില്ല. തന്റെ പരിമിതികളെക്കുറിച്ച്‌ അവൻ ബോധവാനായിരുന്നു. ആ സാഹചര്യം തുടരാൻ അനുവദിക്കുന്നത്‌ യഹോവയാണെന്നും കാര്യങ്ങളെല്ലാം യഹോവയുടെ നിയന്ത്രണത്തിലാണെന്നും ദാവീദിന്‌ അറിയാമായിരുന്നു. സ്വന്തം ജീവൻ രക്ഷിക്കുന്നതിനു വേണ്ടിയാണെങ്കിൽപ്പോലും ശൗലിനെ കൊല്ലാൻ ദാവീദ്‌ തയ്യാറാകാതിരുന്നത്‌ അതുകൊണ്ടാണ്‌. ശൗലിനെ കൊല്ലുന്നതിൽനിന്ന്‌ ദാവീദ്‌ കൂട്ടാളിയായ അബീശായിയെ പിന്തിരിപ്പിക്കുകയും ചെയ്‌തു.—1 ശമൂ. 26:6-9.

നമ്മുടെ സഭയിൽ ചില കാര്യങ്ങൾ വേണ്ടവിധത്തിലല്ല കൈകാര്യംചെയ്യുപ്പെടുന്നതെന്ന്‌ ചിലപ്പോൾ നമുക്ക്‌ തോന്നിയേക്കാം. ഇനി, ചിലതിന്റെയെല്ലാം കാരണം നമുക്ക്‌ മനസ്സിലായില്ലെന്നുംവരാം. അപ്പോൾ നാം എന്തു ചെയ്യും? യേശുവാണ്‌ സഭയുടെ ശിരസ്സെന്നും നേതൃത്വം എടുക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന മൂപ്പന്മാരുടെ സംഘത്തിലൂടെയാണ്‌ അവൻ ഇന്ന്‌ കാര്യങ്ങൾ ചെയ്യുന്നതെന്നുമുള്ള വസ്‌തുത നാം എളിമയോടെ അംഗീകരിക്കുമോ? യേശുക്രിസ്‌തു മുഖാന്തരം അങ്ങനെ യഹോവ കാര്യങ്ങൾ ചെയ്യുന്നതിനായി നാം ക്ഷമയോടെ കാത്തിരിക്കുമോ? അത്‌ അത്ര എളുപ്പമല്ലായിരിക്കാം. എങ്കിലും എളിമയുണ്ടെങ്കിൽ നമുക്കതിന്‌ കഴിയും. യഹോവയുടെ പ്രീതിയിൽ നിലനിൽക്കാൻ അത്‌ ആവശ്യവുമാണ്‌.—സദൃ. 11:2.

സൗമ്യത—നല്ല വശം കാണാൻ സഹായിക്കും

ദ്രോഹങ്ങൾ അനുഭവിക്കേണ്ടിവരുമ്പോൾ നീരസവും പകയുമൊന്നും വെച്ചുപുലർത്താതെ അവ ക്ഷമയോടെ സഹിക്കാൻ ഈ ഗുണം നമ്മെ സഹായിക്കും. സൗമ്യത നട്ടുവളർത്തുക അത്ര എളുപ്പമല്ല. ‘ഭൂമിയിലെ സൌമ്യന്മാ’രായവരോടുപോലും “സൌമ്യത അന്വേഷി”ക്കാൻ ബൈബിൾ ആഹ്വാനം ചെയ്യുന്നു എന്നുള്ളത്‌ ശ്രദ്ധേയമാണ്‌. (സെഫ. 2:3) താഴ്‌മയും എളിമയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഗുണമാണ്‌ സൗമ്യത; പക്ഷേ അതിൽ നന്മയും ശാന്തതയും പോലുള്ള മറ്റു ഗുണങ്ങളും ഉൾപ്പെടുന്നുണ്ട്‌. സൗമ്യതയുള്ള ഒരു വ്യക്തി മനസ്സോടെ ബുദ്ധിയുപദേശങ്ങൾ സ്വീകരിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യും. അങ്ങനെ ആത്മീയമായി വളരാൻ ആ വ്യക്തിക്കു കഴിയും.

ജീവിതത്തിൽ മാറിവരുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സൗമ്യത നമ്മെ എങ്ങനെയാണ്‌ സഹായിക്കുന്നത്‌? മിക്കവരും മാറ്റങ്ങളെ സന്തോഷത്തോടെയല്ല സ്വാഗതം ചെയ്യുന്നതെന്ന്‌ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ യഹോവയാൽ പരിശീലിപ്പിക്കപ്പെടുന്നതിനുള്ള കൂടുതലായ അവസരങ്ങൾ അവ നമുക്കു നൽകുന്നു എന്നതാണ്‌ വാസ്‌തവം. മോശയുടെ ജീവിതം അതാണ്‌ തെളിയിക്കുന്നത്‌.

40 വയസ്സുണ്ടായിരുന്നപ്പോൾതന്നെ മോശയ്‌ക്ക്‌ പല ശ്രേഷ്‌ഠ ഗുണങ്ങളുമുണ്ടായിരുന്നു. ദൈവജനത്തിന്റെ കഷ്ടങ്ങളിൽ വേദനിക്കുന്ന ഒരു മനസ്സ്‌ അവനുണ്ടായിരുന്നു. അവരെ സഹായിക്കാനായി സ്വന്തം സുഖസൗകര്യങ്ങൾപോലും ത്യജിക്കാൻ അവൻ തയ്യാറായിരുന്നു. (എബ്രാ. 11:24-26) എന്നിട്ടും, ഇസ്രായേല്യരെ ഈജിപ്‌റ്റിൽനിന്നു പുറപ്പെടുവിച്ചു കൊണ്ടുവരാനുള്ള നിയമനം യഹോവയിൽനിന്നു ലഭിക്കുന്നതിനുമുമ്പ്‌, അവന്‌ പല മാറ്റങ്ങളിലൂടെയും കടന്നുപോകേണ്ടിവന്നു. ആ അനുഭവങ്ങളാകട്ടെ അവനെ കൂടുതൽ സൗമ്യതയുള്ളവനാക്കിത്തീർത്തു. ഈജിപ്‌റ്റിൽനിന്ന്‌ പലായനം ചെയ്യേണ്ടിവന്ന അവന്‌ 40 വർഷം മിദ്യാനിൽ താമസിക്കേണ്ടിവന്നു, അവിടെ അവൻ വെറുമൊരു ആട്ടിടയനായി ജീവിച്ചു. ഈജിപ്‌റ്റിലായിരിക്കെ ഉണ്ടായിരുന്ന പ്രാമുഖ്യതയൊന്നും അവന്‌ അവിടെ ഉണ്ടായിരുന്നില്ല. ഫലമെന്തായിരുന്നു? മാറ്റങ്ങളിലൂടെ കടന്നുപോയ അവൻ മെച്ചപ്പെട്ട ഒരു വ്യക്തിയായിത്തീർന്നു. (സംഖ്യാ. 12:3) സ്വന്തം താത്‌പര്യങ്ങളെക്കാളുപരി യഹോവയുടെ ഇഷ്ടത്തിന്‌ മുൻതൂക്കം കൊടുക്കാൻ അവൻ പഠിച്ചു.

മോശ എത്രത്തോളം സൗമ്യതയുള്ളവനായിരുന്നു? മത്സരമുള്ള ഇസ്രായേൽ ജനതയെ തള്ളിക്കളഞ്ഞിട്ട്‌ പകരം മോശയുടെ പിൻഗാമികളെ ശക്തമായ ഒരു ജനതയാക്കിത്തീർക്കുമെന്ന്‌ യഹോവ ഒരിക്കൽ പറഞ്ഞു. (സംഖ്യാ. 14:11-20) അപ്പോൾ മോശയുടെ പ്രതികരണം എന്തായിരുന്നു? അവൻ ജനത്തിനുവേണ്ടി യഹോവയോടു അപേക്ഷിച്ചു, അവർക്കായി ക്ഷമാപണം നടത്തി. അവന്റെ വാക്കുകളിൽ നിഴലിച്ചത്‌ ദൈവത്തിന്റെമേൽ നിന്ദവരുമോയെന്ന ആകുലതയും തന്റെ സഹോദരന്മാരുടെ ക്ഷേമത്തിലുള്ള ആത്മാർഥമായ താത്‌പര്യവുമായിരുന്നു, അല്ലാതെ സ്വന്തം താത്‌പര്യങ്ങളായിരുന്നില്ല. അതെ, ഇസ്രായേൽ ജനതയുടെ നേതാവും മധ്യസ്ഥനുമെന്ന സ്ഥാനം അലങ്കരിക്കാൻ മോശയെപ്പോലെ സൗമ്യതയുള്ള ഒരു വ്യക്തിയെയായിരുന്നു വേണ്ടിയിരുന്നത്‌. മിര്യാമും അഹരോനും അവനു വിരോധമായി പിറുപിറുത്തപ്പോൾപോലും അവൻ സൗമ്യത കൈവിട്ടില്ല. ആ ബൈബിൾഭാഗത്ത്‌ മോശയെക്കുറിച്ചു പറഞ്ഞിരിക്കുന്നത്‌ അവൻ “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” എന്നാണ്‌. (സംഖ്യാ. 12:1-3, 9-15) അവരുടെ വിമർശനങ്ങളെല്ലാം മോശ നിശ്ശബ്ദം സഹിച്ചു. മോശ സൗമ്യനല്ലായിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നു!

മറ്റൊരവസരത്തിൽ, യഹോവയുടെ ആത്മാവ്‌ ചില പുരുഷന്മാരുടെമേൽ വരുകയും അവർ പ്രവചിക്കാൻ തുടങ്ങുകയും ചെയ്‌തു. അവർ ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ മോശയുടെ പരിചാരകനായ യോശുവയ്‌ക്കു തോന്നി. എന്നാൽ സൗമ്യതയുണ്ടായിരുന്നതിനാൽ യഹോവയുടെ വീക്ഷണകോണിലൂടെ കാര്യങ്ങളെ കാണാൻ മോശയ്‌ക്കായി. തന്റെ അധികാരം നഷ്ടപ്പെടുമോയെന്ന ആകുലതയൊന്നും അവന്‌ ഉണ്ടായിരുന്നില്ല. (സംഖ്യാ. 11:26-29) സൗമ്യതയില്ലായിരുന്നെങ്കിൽ, യഹോവ കൊണ്ടുവന്ന ഈ മാറ്റം ഉൾക്കൊള്ളാൻ മോശയ്‌ക്കാകുമായിരുന്നോ? ഒരിക്കലുമില്ല.

സൗമ്യതയുണ്ടായിരുന്നതുകൊണ്ടാണ്‌ ദൈവദത്ത അധികാരം ശരിയായി വിനിയോഗിക്കാനും ദൈവം നൽകിയ നിയോഗം ഭംഗിയായി നിറവേറ്റാനും മോശയ്‌ക്കു കഴിഞ്ഞത്‌. ഹോരേബ്‌ പർവതത്തിൽവെച്ച്‌ ദൈവം ഒരു ദൂതൻ മുഖാന്തരം മോശയോടു സംസാരിക്കുകയും അവനെ ന്യായപ്രമാണ ഉടമ്പടിയുടെ മധ്യസ്ഥനാക്കുകയും ചെയ്‌തു. ഇത്രയും വലിയൊരു സ്ഥാനം ഏറ്റെടുക്കാനും അതേസമയം അഹങ്കരിച്ചുപോകാതെ ദൈവപ്രീതിയിൽ നിലനിൽക്കാനും മോശയെ സഹായിച്ചത്‌ അവന്റെ സൗമ്യതയായിരുന്നു.

നമ്മുടെ കാര്യമോ? അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ നമുക്ക്‌ സൗമ്യത കൂടിയേതീരൂ. ദൈവജനത്തിനിടയിൽ പദവികളും സ്ഥാനങ്ങളും അലങ്കരിക്കുന്നവർ വിശേഷാൽ സൗമ്യതയുള്ളവരായിരിക്കണം. മാറ്റങ്ങളെ ശരിയായ മനോഭാവത്തോടെ വീക്ഷിക്കാനും അഹങ്കാരം അകറ്റിനിറുത്താനും ഈ ഗുണം സഹായിക്കും. ഒരു മാറ്റമുണ്ടാകുമ്പോൾ നാം എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളത്‌ വളരെ പ്രധാനമാണ്‌. നാം ആ മാറ്റത്തെ ഉൾക്കൊള്ളുമോ? മെച്ചപ്പെടാനുള്ള അവസരമായി നാം അതിനെ വീക്ഷിക്കുമോ? സൗമ്യത നട്ടുവളർത്താനുള്ള സുവർണാവസരമായിരുന്നേക്കാം അത്‌.

ജീവിതത്തിൽ പലപ്പോഴും സാഹചര്യങ്ങൾ മാറിമറിഞ്ഞേക്കാം. ചിലപ്പോൾ അതിന്റെയൊന്നും കാരണം മനസ്സിലായില്ലെന്നുംവരാം. നമ്മുടെ പ്രശ്‌നങ്ങളും ആകുലതകളും, യഹോവയുടെ വീക്ഷണകോണിലൂടെ കാര്യങ്ങളെ നോക്കിക്കാണുന്നതിന്‌ ഒരു തടസ്സമായി നിന്നേക്കാം. എങ്കിലും താഴ്‌മയും എളിമയും സൗമ്യതയും പോലുള്ള ഗുണങ്ങൾ നട്ടുവളർത്തുന്നെങ്കിൽ മാറിവരുന്ന സാഹചര്യങ്ങളെ ഉൾക്കൊള്ളാനും ദൈവപ്രീതിയിൽ നിലനിൽക്കാനും നമുക്കു കഴിയുകതന്നെചെയ്യും.

[4-ാം പേജിലെ ആകർഷകവാക്യം]

നമ്മെത്തന്നെ വസ്‌തുനിഷ്‌ഠമായി വിലയിരുത്താൻ താഴ്‌മ നമ്മെ സഹായിക്കും.

[5-ാം പേജിലെ ആകർഷകവാക്യം]

ആത്മീയമായി അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ സൗമ്യത കൂടിയേതീരൂ

[5-ാം പേജിലെ ചിത്രം]

ജീവിതത്തിലുണ്ടായ വെല്ലുവിളികൾ മോശയുടെ സൗമ്യതയ്‌ക്ക്‌ മാറ്റുകൂട്ടി