വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മർക്കോസ്‌ ഒരു നല്ല ശുശ്രൂഷകൻ

മർക്കോസ്‌ ഒരു നല്ല ശുശ്രൂഷകൻ

മർക്കോസ്‌ ഒരു നല്ല ശുശ്രൂഷകൻ

അന്ത്യൊക്യ സഭയിൽ മുമ്പും ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്‌. പക്ഷേ ഇത്‌ അൽപ്പം വ്യത്യസ്‌തമാണ്‌. അപ്പൊസ്‌തലന്മാരായ പൗലോസിനും ബർന്നബാസിനും ഒരു കാര്യത്തിൽ പരസ്‌പരം യോജിക്കാൻ കഴിയുന്നില്ല. രണ്ടുപേരും ഒരു മിഷനറി യാത്രയ്‌ക്ക്‌ തയ്യാറെടുക്കുകയാണ്‌. പക്ഷേ ആരെ കൂടെക്കൊണ്ടുപോകും എന്നതാണ്‌ ഇപ്പോൾ പ്രശ്‌നം. അതേച്ചൊല്ലി “അവർ കോപിച്ച്‌ തമ്മിൽ ഉഗ്രമായ തർക്കമുണ്ടായി.” (പ്രവൃ. 15:39) അവസാനം അവർ തെറ്റിപ്പിരിഞ്ഞ്‌ രണ്ടു വഴിക്കു പോയി. ആകട്ടെ, ആരെച്ചൊല്ലിയാണ്‌ അവർ തർക്കിച്ചത്‌? മറ്റൊരു മിഷനറിയായ മർക്കോസിനെച്ചൊല്ലി.

ആരായിരുന്നു മർക്കോസ്‌? മർക്കോസിനെപ്രതി ആ അപ്പൊസ്‌തലന്മാർ തർക്കിച്ചത്‌ എന്തുകൊണ്ടാണ്‌? അവനെക്കുറിച്ചുള്ള അഭിപ്രായത്തിന്‌ പിന്നീട്‌ എപ്പോഴെങ്കിലും മാറ്റംവന്നോ? മർക്കോസിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

യെരുശലേമിലെ വീട്ടിൽ

യെരുശലേമിലാണ്‌ യഹൂദനായ മർക്കോസ്‌ വളർന്നുവന്നത്‌. സാധ്യതയനുസരിച്ച്‌ അവന്റേത്‌ ഒരു സമ്പന്ന കുടുംബമായിരുന്നു. ഏതാണ്ട്‌ എ.ഡി. 44-ൽ നടന്ന ഒരു സംഭവം വിവരിക്കുന്ന ഭാഗത്താണ്‌ മർക്കോസിനെ ആദ്യമായി പേരെടുത്തു പരാമർശിക്കുന്നത്‌. ഹെരോദാവ്‌ അഗ്രിപ്പാ ഒന്നാമൻ തടവിലാക്കിയിരുന്ന പത്രോസ്‌ അപ്പൊസ്‌തലനെ യഹോവയുടെ ദൂതൻ അത്ഭുതകരമായി മോചിപ്പിക്കുന്നു. അതിനുശേഷം പത്രോസ്‌, “മർക്കോസ്‌ എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മയായ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ കുറെപ്പേർ കൂടിവന്നു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു” എന്ന്‌ ആ വിവരണം പറയുന്നു.—പ്രവൃ. 12:1-12. *

മർക്കോസിന്റെ അമ്മയുടെ വീട്ടിലായിരിക്കണം യെരുശലേം സഭ യോഗങ്ങൾക്കായി കൂടിവന്നിരുന്നത്‌. അവിടെ “കുറെപ്പേർ” കൂടിവന്നു എന്ന പരാമർശം, അതൊരു വലിയ വീടായിരുന്നെന്നു സൂചിപ്പിക്കുന്നു. മറിയയ്‌ക്ക്‌ രോദാ എന്ന ഒരു ദാസിയുമുണ്ടായിരുന്നു. അവളാണ്‌ പത്രോസ്‌ “പടിപ്പുരവാതിൽക്കൽ മുട്ടിവിളിച്ചപ്പോൾ” വാതിൽ തുറന്നുകൊടുത്തത്‌. ഇതിൽനിന്നെല്ലാം, മറിയ സമ്പന്നയായിരുന്നു എന്നുവേണം അനുമാനിക്കാൻ. ഈ സമയത്ത്‌ മർക്കോസ്‌ ചെറുപ്പമായിരുന്നിരിക്കാം; മറിയ വിധവയായിരുന്നിരിക്കാനും സാധ്യതയുണ്ട്‌. അതുകൊണ്ടായിരിക്കാം ഇവിടെ മർക്കോസിന്റെ പിതാവിന്റെ വീട്‌ എന്നു പറയാതെ “അമ്മയായ മറിയയുടെ” വീട്‌ എന്നു പറഞ്ഞിരിക്കുന്നത്‌.—പ്രവൃ. 12:13.

പ്രാർഥിക്കാനായി അവിടെ കൂടിവന്നവരുടെ കൂട്ടത്തിൽ മർക്കോസും ഉണ്ടായിരുന്നിരിക്കാൻ ഇടയുണ്ട്‌. യേശുവിന്റെ ശിഷ്യന്മാരുമായും അവൻ ചെയ്‌ത കാര്യങ്ങൾ നേരിൽക്കണ്ട മറ്റുള്ളവരുമായും മർക്കോസിന്‌ നല്ല അടുപ്പമുണ്ടായിരുന്നുകാണും. യേശുവിനെ അറസ്റ്റുചെയ്‌തുകൊണ്ടുപോകുമ്പോൾ അവനെ അനുഗമിച്ചിരുന്ന, എന്നാൽ തന്നെ പിടികൂടാൻ ശ്രമിച്ചപ്പോൾ പുതപ്പ്‌ ഉപേക്ഷിച്ച്‌ ഓടിപ്പോയ യുവാവ്‌ മർക്കോസ്‌ ആയിരുന്നിരിക്കണം.—മർക്കോ. 14:51, 52.

ഉത്തരവാദിത്വങ്ങൾ ലഭിക്കുന്നു

പക്വതയുള്ള ക്രിസ്‌ത്യാനികളുമായി സഹവസിച്ചത്‌ ആത്മീയമായി പുരോഗമിക്കാൻ മർക്കോസിനെ സഹായിച്ചു. അവന്റെ പുരോഗതി ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള സഹോദരങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഏതാണ്ട്‌ എ.ഡി. 46-ൽ യെരുശലേമിൽ ക്ഷാമം ഉണ്ടായപ്പോൾ “ദുരിതാശ്വാസപ്രവർത്തനങ്ങൾ”ക്കായി പൗലോസും ബർന്നബാസും അന്ത്യൊക്യയിൽനിന്ന്‌ യെരുശലേമിൽ എത്തി. അവിടെവെച്ച്‌ അവർ മർക്കോസിനെ കണ്ടുമുട്ടി. അന്ത്യൊക്യയിലേക്കു മടങ്ങിപ്പോയപ്പോൾ അവർ മർക്കോസിനെയും കൂടെക്കൊണ്ടുപോയി.—പ്രവൃ. 11:27-30; 12:25.

ഈ തിരുവെഴുത്തുഭാഗം വെറുതെ വായിച്ചുപോകുന്ന ഒരാൾക്ക്‌, ഇവർക്കിടയിൽ ക്രിസ്‌തീയ സഹോദരങ്ങൾ എന്നതിൽ കവിഞ്ഞ്‌ മറ്റുബന്ധമൊന്നും കാണാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ മർക്കോസ്‌, ബർന്നബാസിന്റെ ബന്ധുവാണെന്ന്‌ കൊലോസ്യർക്കുള്ള പൗലോസിന്റെ ലേഖനത്തിൽ നാം കാണുന്നു. (കൊലോ. 4:10) മർക്കോസ്‌ ഉൾപ്പെട്ട പിൻവരുന്ന സംഭവങ്ങൾ മനസ്സിലാക്കാൻ ഈ വിവരം നമ്മെ സഹായിക്കും.

ഏതാണ്ട്‌ ഒരുവർഷം കഴിഞ്ഞ്‌, പരിശുദ്ധാത്മാവിന്റെ നിർദേശപ്രകാരം പൗലോസും ബർന്നബാസും ഒരു മിഷനറിയാത്രയ്‌ക്ക്‌ തയ്യാറെടുക്കുന്നു. അവർ അന്ത്യൊക്യയിൽനിന്ന്‌ സൈപ്രസിലേക്ക്‌ യാത്രതിരിച്ചു; “സഹായിയായി” യോഹന്നാൻ മർക്കോസും കൂടെപ്പോയി. (പ്രവൃ. 13:2-5) പൗലോസിനും ബർന്നബാസിനും മിഷനറിവേലയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയേണ്ടതിന്‌ അവർക്കുവേണ്ട മറ്റു സഹായങ്ങൾ ചെയ്‌തുകൊടുത്തിരുന്നത്‌ മർക്കോസായിരിക്കാം.

സൈപ്രസിൽ പ്രസംഗിച്ചശേഷം പൗലോസും ബർന്നബാസും മർക്കോസും ഏഷ്യാമൈനറിലേക്കു പോയി. അവർ പെർഗയിൽ എത്തിയപ്പോൾ യോഹന്നാൻ മർക്കോസ്‌ “അവരെ വിട്ട്‌ യെരുശലേമിലേക്കു മടങ്ങിപ്പോയി” എന്ന്‌ വിവരണം പറയുന്നു. (പ്രവൃ. 13:13) മർക്കോസ്‌ എന്തുകൊണ്ടാണ്‌ അങ്ങനെ ചെയ്‌തതെന്ന്‌ നമുക്ക്‌ അറിയില്ല. പക്ഷേ, മർക്കോസിന്റെ ഈ പ്രവൃത്തി പൗലോസിനെ വിഷമിപ്പിച്ചു.

ആ സംഭവം നടന്നിട്ട്‌ ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പൗലോസും ബർന്നബാസും മർക്കോസും ഇപ്പോൾ അന്ത്യൊക്യയിലുണ്ട്‌. തങ്ങൾ ആദ്യം സന്ദർശിച്ച സ്ഥലങ്ങളിലെ സഹോദരങ്ങളെ ബലപ്പെടുത്തുന്നതിന്‌ രണ്ടാമതൊരു മിഷനറിയാത്ര നടത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണ്‌ പൗലോസും ബർന്നബാസും. ബർന്നബാസിന്‌ തന്റെ ബന്ധുവായ മർക്കോസിനെ കൂടെക്കൊണ്ടുപോകണം എന്നുണ്ട്‌. പക്ഷേ, മുമ്പ്‌ തങ്ങളെ വിട്ടുപോയ മർക്കോസിനെ കൂടെക്കൂട്ടാൻ പൗലോസിന്‌ സമ്മതമല്ല. അങ്ങനെയാണ്‌, തുടക്കത്തിൽ പരാമർശിച്ചതുപോലെ അവർക്കിടയിൽ ഉഗ്രമായ തർക്കമുണ്ടാകുന്നത്‌. ഒടുവിൽ ബർന്നബാസ്‌ മർക്കോസിനെ കൂട്ടിക്കൊണ്ട്‌ തന്റെ സ്വദേശമായ സൈപ്രസിലേക്കും പൗലോസ്‌ സിറിയയിലേക്കും പോകുന്നു. (പ്രവൃ. 15:36-41) അന്ന്‌ യെരുശലേമിലേക്കു മടങ്ങിപ്പോകാൻ മർക്കോസ്‌ എടുത്ത തീരുമാനത്തെ പൗലോസും ബർന്നബാസും തികച്ചും വ്യത്യസ്‌തമായ വിധത്തിലാണ്‌ നോക്കിക്കണ്ടതെന്നു വ്യക്തം.

വീണ്ടും ഒത്തുചേരുന്നു

ഈ സംഭവം മർക്കോസിനെ വളരെ വിഷമിപ്പിച്ചിട്ടുണ്ടാകും. എങ്കിലും അവൻ വിശ്വസ്‌തതയോടെ ശുശ്രൂഷയിൽ തുടർന്നു. ഇതിനുശേഷം ഏതാണ്ട്‌ 11, 12 വർഷങ്ങൾ കഴിഞ്ഞാണ്‌ പിന്നെ ബൈബിളിൽ മർക്കോസിനെക്കുറിച്ച്‌ പരാമർശിക്കുന്നത്‌. അവൻ അപ്പോൾ എവിടെയായിരുന്നു? നാം ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളോടൊപ്പം—പൗലോസിനോടൊപ്പം!

എ.ഡി. 60-61 കാലത്ത്‌ റോമിൽ തടവിലായിരിക്കെ, ഇന്നു വിശുദ്ധതിരുവെഴുത്തുകളുടെ ഭാഗമായ പല ലേഖനങ്ങളും പൗലോസ്‌ എഴുതുകയുണ്ടായി. അതിലൊന്നിൽ അവൻ ഇങ്ങനെ എഴുതി: “എന്റെ സഹതടവുകാരനായ അരിസ്‌തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കോസും നിങ്ങളെ സ്‌നേഹം അറിയിക്കുന്നു. (മർക്കോസിനെപ്പറ്റി, അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ സ്വാഗതം ചെയ്യാൻ നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ.) . . . ഇവർ മാത്രമാണ്‌ ദൈവരാജ്യത്തിനുവേണ്ടി എനിക്കിവിടെ കൂട്ടുവേലക്കാരായുള്ളത്‌. ഇവർ എനിക്ക്‌ ബലപ്പെടുത്തുന്ന സഹായമായിത്തീർന്നു.”—കൊലോ. 4:10, 11.

കാര്യങ്ങൾ എങ്ങനെ മാറിമറിഞ്ഞെന്നു നോക്കൂ! ഒരിക്കൽ പൗലോസിന്റെ കടുത്ത അനിഷ്ടത്തിനു പാത്രമായ മർക്കോസ്‌ ഇപ്പോൾ അവനു പ്രിയപ്പെട്ട കൂട്ടുവേലക്കാരനാണ്‌. മർക്കോസ്‌ കൊലോസ്യ സഭ സന്ദർശിച്ചേക്കും എന്ന്‌ പൗലോസ്‌ അവരെ അറിയിച്ചിരുന്നു. അവൻ ആ സന്ദർശനം നടത്തിയോ എന്നതിനെക്കുറിച്ച്‌ ബൈബിൾ ഒന്നും പറയുന്നില്ല. നടത്തിയെങ്കിൽ അവൻ പോയത്‌ പൗലോസിന്റെ പ്രതിനിധിയായിട്ടാണ്‌!

പണ്ട്‌ പ്രശ്‌നം ഉണ്ടായപ്പോൾ പൗലോസ്‌ മർക്കോസിനെ അനാവശ്യമായി കുറ്റപ്പെടുത്തിയതാണോ? അതോ, തനിക്കു ലഭിച്ച ശിക്ഷണത്തിൽനിന്ന്‌ മർക്കോസ്‌ പ്രയോജനംനേടിയതാണോ? അതുമല്ലെങ്കിൽ, ഈ പറഞ്ഞ രണ്ടു കാര്യങ്ങളും സത്യമായിരുന്നോ? കാര്യം എന്തുതന്നെയായിരുന്നാലും ഈ ഒത്തുചേരൽ പൗലോസിന്റെയും മർക്കോസിന്റെയും പക്വതയാണ്‌ വെളിവാക്കുന്നത്‌. കഴിഞ്ഞതെല്ലാം മറന്ന്‌ ഒരുമിച്ചു പ്രവർത്തിക്കാൻ അവർക്കു കഴിഞ്ഞു. സഹവിശ്വാസികളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുന്നെങ്കിൽ അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക!

അക്ഷീണ സഞ്ചാരി

ഒരുപാട്‌ യാത്രചെയ്‌ത ഒരു വ്യക്തിയാണ്‌ മർക്കോസ്‌. അവൻ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരണങ്ങൾ വായിച്ചാൽ അതു മനസ്സിലാകും. യെരുശലേമിൽനിന്ന്‌ അവൻ അന്ത്യൊക്യയിലെത്തി. അവിടെനിന്ന്‌ സൈപ്രസിലേക്കും തുടർന്ന്‌ പെർഗയിലേക്കും യാത്രചെയ്‌തു. പിന്നീട്‌ അവൻ റോമിലേക്കു പോയി. അവിടെനിന്ന്‌ അവനെ കൊലോസ്യയിലേക്ക്‌ അയയ്‌ക്കാൻ പൗലോസ്‌ ആഗ്രഹിച്ചു. അവന്റെ യാത്രകളെക്കുറിച്ചു പറയാൻ ഇനിയുമുണ്ട്‌.

ഏകദേശം എ.ഡി. 62-64 കാലത്ത്‌, തന്റെ ആദ്യലേഖനത്തിൽ പത്രോസ്‌ ഇങ്ങനെ എഴുതി: “ബാബിലോണിലുള്ളവളും എന്റെ മകനായ മർക്കോസും നിങ്ങളെ സ്‌നേഹം അറിയിക്കുന്നു.” (1 പത്രോ. 5:13) അതെ, പണ്ട്‌ തന്റെ അമ്മയുടെ ഭവനത്തിൽ യോഗങ്ങൾക്കായി കൂടിവന്ന ആ അപ്പൊസ്‌തലനോടൊപ്പം പ്രവർത്തിക്കാൻ മർക്കോസ്‌ ബാബിലോണിലേക്ക്‌ പോയി എന്നാണ്‌ ഇതു കാണിക്കുന്നത്‌.

ഏകദേശം എ.ഡി. 65-ൽ റോമിൽ രണ്ടാമത്‌ തടവിലായിരിക്കെ പൗലോസ്‌ എഫെസൊസിലായിരുന്ന തിമൊഥെയൊസിന്‌ ഇങ്ങനെ എഴുതി: “മർക്കോസിനെ നീ കൂട്ടിക്കൊണ്ടുവരണം.” (2 തിമൊ. 4:11) അതിന്റെ അർഥം, മർക്കോസ്‌ അപ്പോൾ എഫെസൊസിലായിരുന്നു എന്നാണ്‌. തിമൊഥെയൊസിനോടൊപ്പം റോമിലേക്കു ചെല്ലാൻ പൗലോസ്‌ ആവശ്യപ്പെട്ടപ്പോൾ അവൻ യാതൊരു മടിയും കാണിച്ചിട്ടുണ്ടാകാനിടയില്ല. അക്കാലത്ത്‌ യാത്ര അത്ര എളുപ്പമായിരുന്നില്ലെങ്കിലും മർക്കോസ്‌ അതിനു തയ്യാറായിരുന്നു.

ഒരു വലിയ പദവി

ദിവ്യനിശ്വസ്‌തതയിൽ സുവിശേഷങ്ങളിലൊന്ന്‌ എഴുതാനുള്ള മഹത്തായ അവസരം മർക്കോസിനു ലഭിച്ചു. എഴുത്തുകാരൻ ആരാണെന്ന പരാമർശം ആ സുവിശേഷത്തിൽ ഇല്ലെങ്കിലും മർക്കോസാണ്‌ അത്‌ എഴുതിയതെന്നും പത്രോസിൽനിന്നാണ്‌ അവന്‌ ആവശ്യമായ വിവരങ്ങൾ ലഭിച്ചതെന്നും പണ്ടുമുതലേ വിശ്വസിച്ചുപോരുന്നു. വാസ്‌തവത്തിൽ, മർക്കോസ്‌ രേഖപ്പെടുത്തിയിരിക്കുന്ന മിക്ക സംഭവങ്ങൾക്കും പത്രോസ്‌ സാക്ഷിയായിരുന്നു.

വിജാതീയരായ വായനക്കാരെ ഉദ്ദേശിച്ചാണ്‌ മർക്കോസ്‌ സുവിശേഷം എഴുതിയതെന്ന്‌ അതു വിശകലനം ചെയ്യുന്നവർ കരുതുന്നു. കാരണം, യഹൂദ ആചാരങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ തന്റെ സുവിശേഷത്തിൽ അവൻ ഉൾപ്പെടുത്തിയിട്ടുണ്ട്‌. (മർക്കോ. 7:3; 14:12; 15:42) യഹൂദരല്ലാത്ത വായനക്കാർക്ക്‌ മനസ്സിലാകുന്നതിനുവേണ്ടി മർക്കോസ്‌ തന്റെ സുവിശേഷത്തിൽ അരമായ പദങ്ങളുടെ അർഥം നൽകിയിരിക്കുന്നു. (മർക്കോ. 3:17; 5:41; 7:11, 34; 15:22, 34) തന്റെ എഴുത്തിൽ അവൻ പല ലത്തീൻ പദങ്ങളും ഉപയോഗിച്ചിട്ടുണ്ട്‌. സാധാരണ ഉപയോഗിക്കാറുള്ള ചില ഗ്രീക്ക്‌ പദങ്ങൾ വിശദീകരിക്കാനും അവൻ ലത്തീൻ പദങ്ങൾ ഉപയോഗിച്ചു. മർക്കോസ്‌ റോമിൽവെച്ചാണ്‌ സുവിശേഷം എഴുതിയതെന്നുള്ള വിശ്വാസത്തെ ഈ വസ്‌തുതകളെല്ലാം പിന്താങ്ങുന്നു.

ഒരു നല്ല ശുശ്രൂഷകൻ

സുവിശേഷം എഴുതിയതു കൂടാതെ റോമിൽവെച്ച്‌ മർക്കോസ്‌ മറ്റെന്തു ചെയ്‌തു? “മർക്കോസിനെ നീ കൂട്ടിക്കൊണ്ടുവരണം” എന്ന്‌ പൗലോസ്‌ തിമൊഥെയൊസിനോട്‌ പറഞ്ഞത്‌ ഓർക്കുന്നില്ലേ? എന്തിനുവേണ്ടിയായിരുന്നു അത്‌? “ശുശ്രൂഷയിൽ അവൻ എനിക്ക്‌ ഉപകാരപ്പെടും” എന്നാണ്‌ പൗലോസ്‌ പറഞ്ഞത്‌.—2 തിമൊ. 4:11.

എഴുതിയകാലം വെച്ചുനോക്കുമ്പോൾ മർക്കോസിനെക്കുറിച്ചുള്ള ഈ പരാമർശം അവസാനത്തേതാണ്‌. ഈ പരാമർശം അവനെക്കുറിച്ച്‌ ചില പ്രധാനപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുന്നു. മർക്കോസ്‌ സഭയിൽ നേതൃത്വമെടുത്തതായോ ഒരു അപ്പൊസ്‌തലനോ പ്രവാചകനോ ആയി സേവിച്ചതായോ നാം ഒരിടത്തും വായിക്കുന്നില്ല. അവൻ ഒരു ശുശ്രൂഷകൻ, അതായത്‌ മറ്റുള്ളവർക്ക്‌ സേവനം ചെയ്യുന്ന ഒരാൾ ആയിരുന്നു. തീർച്ചയായും, പൗലോസിന്‌ തന്റെ മരണത്തോടടുത്ത കാലത്ത്‌ മർക്കോസ്‌ വലിയൊരു സഹായമായിരുന്നു.

മർക്കോസിനെക്കുറിച്ചുള്ള ഈ വിവരണങ്ങളെല്ലാം ചേർത്തുവെക്കുമ്പോൾ, മറ്റുള്ളവരെ സേവിക്കാൻ മനസ്സുകാണിച്ച, ലോകത്തിന്റെ പല ഭാഗങ്ങളിൽ സുവാർത്ത എത്തിക്കുന്നതിൽ തീക്ഷ്‌ണമായി പ്രവർത്തിച്ച ഒരു മനുഷ്യന്റെ ചിത്രമാണ്‌ തെളിയുന്നത്‌. നിരാശപ്പെട്ടു പിന്മാറാതിരുന്നതുകൊണ്ട്‌ മർക്കോസിന്‌ എന്തെല്ലാം അനുഗ്രഹങ്ങളാണ്‌ ലഭിച്ചത്‌!

ദൈവദാസരായ നാമും മർക്കോസിനെപ്പോലെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത അറിയിക്കാൻ ദൃഢചിത്തരാണ്‌. അവൻ ചെയ്‌തതുപോലെ സുവാർത്താഘോഷണത്തിനായി മറ്റു സ്ഥലങ്ങളിലേക്ക്‌, ഒരുപക്ഷേ വിദേശരാജ്യങ്ങളിലേക്കുപോലും മാറിത്താമസിക്കാൻ നമ്മിൽ ചിലർക്കു കഴിഞ്ഞേക്കാം. എന്നാൽ എല്ലാവർക്കും അതിനു കഴിഞ്ഞെന്നുവരില്ല. പക്ഷേ മറ്റൊരു കാര്യത്തിൽ നമുക്കെല്ലാം മർക്കോസിനെ അനുകരിക്കാം. തന്റെ ക്രിസ്‌തീയ സഹോദരങ്ങളെ സേവിക്കാൻ അവൻ പ്രത്യേക ശ്രമം ചെയ്‌തതുപോലെ, നമുക്ക്‌ നമ്മുടെ സഹവിശ്വാസികൾക്ക്‌ ദൈവസേവനത്തിൽ തുടരാനാവശ്യമായ സഹായം ചെയ്യാനാകും. അങ്ങനെ ചെയ്യുന്നെങ്കിൽ നമുക്കും അനുഗ്രഹങ്ങൾ ലഭിക്കും എന്നതിനു സംശയംവേണ്ട.—സദൃ. 3:27; 10:22; ഗലാ. 6:2.

[അടിക്കുറിപ്പ്‌]

^ ഖ. 5 അക്കാലത്ത്‌ ആളുകൾ മറ്റൊരു പേരുകൂടി (എബ്രായ പേരോ വിദേശപേരോ) സ്വീകരിക്കുക പതിവായിരുന്നു. യോഹന്നാൻ എന്നായിരുന്നു മർക്കോസിന്റെ യഹൂദപേര്‌. അവന്റെ ലത്തീൻ പേരായിരുന്നു മാർക്കസ്‌ അഥവാ മർക്കോസ്‌.—പ്രവൃ. 12:25.

[8, 9 പേജുകളിലെ ഭൂപടം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മർക്കോസ്‌ സന്ദർശിച്ച ചില സ്ഥലങ്ങൾ

റോം

എഫെസൊസ്‌

കൊലോസ്യ

പെർഗ

അന്ത്യൊക്യ (സിറിയ)

സൈപ്രസ്‌

മധ്യധരണ്യാഴി

യെരുശലേം

ബാബിലോൺ