വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക

സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക

സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക

“ആത്മാവിനെ അനുസരിച്ചു നടക്കുവിൻ; അപ്പോൾ ജഡാഭിലാഷങ്ങൾ തൃപ്‌തിപ്പെടുത്താൻ നിങ്ങൾ മുതിരുകയില്ല.”—ഗലാ. 5:16.

1. പെന്തെക്കൊസ്‌ത്‌ നാളിൽ ഏത്‌ രണ്ടുതരം സ്‌നാനം നടന്നു?

യേശുവിന്റെ അനുഗാമികൾ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ അന്യഭാഷകളിൽ സംസാരിച്ചത്‌ പരിശുദ്ധാത്മാവിനാൽ സ്‌നാനമേറ്റശേഷമാണ്‌. ആത്മാവിന്റെ ഒരു വരമായിരുന്നു അത്‌. (1 കൊരി. 12:4-10) അവർക്ക്‌ ആ വരം ലഭിച്ചതിന്റെ പ്രയോജനം എന്തായിരുന്നു? അന്ന്‌ പത്രോസ്‌ നടത്തിയ പ്രസംഗം കേട്ട്‌ “ഹൃദയത്തിൽ കുത്തുകൊണ്ട” അനേകർ അനുതപിച്ച്‌ സ്‌നാനമേറ്റു. അതേക്കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “അവന്റെ വാക്ക്‌ ഹൃദയപൂർവം കൈക്കൊണ്ടവർ സ്‌നാനമേറ്റു. ആ ദിവസം ഏകദേശം മൂവായിരംപേർകൂടെ ചേർക്കപ്പെട്ടു.” (പ്രവൃ. 2:22, 36-41) യേശു പറഞ്ഞതനുസരിച്ച്‌ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർ ജലസ്‌നാനമേറ്റിരിക്കണം.—മത്താ. 28:19.

2, 3. (എ) പരിശുദ്ധാത്മാവിനാൽ സ്‌നാനമേൽക്കുന്നതും പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്ത്‌? (ബി) സത്യക്രിസ്‌ത്യാനികളാകുന്ന എല്ലാവരും ജലസ്‌നാനമേൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

2 പരിശുദ്ധാത്മാവിനാൽ സ്‌നാനമേൽക്കുന്നതും പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഉണ്ട്‌. പരിശുദ്ധാത്മാവിനാൽ സ്‌നാനമേൽക്കുന്നവർ ദൈവത്തിന്റെ ആത്മപുത്രന്മാരായി ‘വീണ്ടും ജനിക്കുകയാണ്‌.’ (യോഹ. 3:3) ദൈവത്തിന്റെ സ്വർഗീയരാജ്യത്തിൽ സഹരാജാക്കന്മാരും ഉപപുരോഹിതന്മാരുമായിരിക്കാൻ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന അവർ ക്രിസ്‌തുവിന്റെ ആത്മീയ ശരീരത്തിന്റെ ഭാഗമാണ്‌. (1 കൊരി. 12:13; ഗലാ. 3:27; വെളി. 20:6) പെന്തെക്കൊസ്‌ത്‌ നാളിലും പിന്നീടും, ക്രിസ്‌തുവിനോടുകൂടെ ഭരിക്കാനുള്ളവരെ തിരഞ്ഞെടുത്തപ്പോൾ യഹോവ നടത്തിയത്‌ പരിശുദ്ധാത്മാവിനാലുള്ള ഈ സ്‌നാനമാണ്‌. (റോമ. 8:15-17) എന്നാൽ ഇന്ന്‌ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിലും സമ്മേളനങ്ങളിലും നടക്കുന്ന പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള ജലസ്‌നാനത്തിന്റെ കാര്യമോ?

3 യഹോവയാം ദൈവത്തിന്‌ തങ്ങളെത്തന്നെ പൂർണമായി സമർപ്പിച്ചിരിക്കുന്നു എന്നതിന്റെ പ്രതീകമായിട്ടാണ്‌ സത്യക്രിസ്‌ത്യാനികൾ ജലസ്‌നാനമേൽക്കുന്നത്‌. ഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശയുള്ള ദശലക്ഷക്കണക്കിന്‌ സ്‌ത്രീപുരുഷന്മാർ അവശ്യം സ്വീകരിക്കേണ്ട ഒരു പടിയാണിത്‌. സ്വർഗീയ പ്രത്യാശയുള്ളവരും ഈ സ്‌നാനമേൽക്കേണ്ടതുണ്ട്‌. അതെ, ഒരു വ്യക്തിയുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയാലും ദൈവാംഗീകാരം നേടണമെങ്കിൽ അയാൾ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ജലസ്‌നാനമേൽക്കണം. അങ്ങനെ സ്‌നാനമേൽക്കുന്ന ഒരു ക്രിസ്‌ത്യാനി ‘ആത്മാവിനെ അനുസരിച്ചു നടക്കുന്നതിൽ’ തുടരണം. (ഗലാത്യർ 5:16 വായിക്കുക.) അങ്ങനെയാകുമ്പോൾ, സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ അയാൾക്കു കഴിയും. ആകട്ടെ, നിങ്ങൾ ആത്മാവിനെ അനുസരിച്ചു നടക്കുന്നുണ്ടോ?

ആത്മാവിനെ അനുസരിച്ചു നടക്കുവിൻ”—അർഥം

4. “ആത്മാവിനെ അനുസരിച്ചു നടക്കുവിൻ” എന്നതിന്റെ അർഥമെന്ത്‌?

4 പരിശുദ്ധാത്മാവിനെ നമ്മിൽ പ്രവർത്തിക്കാൻ അനുവദിക്കുകയും അത്‌ കാണിച്ചുതരുന്ന മാർഗത്തിലൂടെ ചരിക്കുകയും ചെയ്യുമ്പോൾ നാം “ആത്മാവിനെ അനുസരിച്ചു നടക്കു”കയാണ്‌. ഓരോ ദിനവും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ നിയന്ത്രിക്കുന്നത്‌ പരിശുദ്ധാത്മാവായിരിക്കണം എന്നാണ്‌ അതിന്റെ അർഥം. ആത്മാവിന്‌ കീഴ്‌പെട്ടിരിക്കുന്നതും ജഡത്തിന്‌ കീഴ്‌പെട്ടിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഗലാത്യർ 5-ാം അധ്യായം വിശദീകരിക്കുന്നു.—ഗലാത്യർ 5:17, 18 വായിക്കുക.

5. പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻ കീഴിലാണ്‌ പ്രവർത്തിക്കുന്നതെങ്കിൽ നാം എന്ത്‌ ഒഴിവാക്കും?

5 ജഡത്തിന്റെ പ്രവൃത്തികളിൽ “പരസംഗം, അശുദ്ധി, ദുർന്നടപ്പ്‌, വിഗ്രഹാരാധന, ഭൂതവിദ്യ, ശത്രുത, ശണ്‌ഠ, സ്‌പർധ, ക്രോധം, കലഹം, ഭിന്നത, ഭിന്നപക്ഷങ്ങൾ, അസൂയ, മദ്യപാനം, വെറിക്കൂത്ത്‌” എന്നിവ ഉൾപ്പെടുന്നു. (ഗലാ. 5:19-21) പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻ കീഴിലാണ്‌ പ്രവർത്തിക്കുന്നതെങ്കിൽ അത്തരം പ്രവൃത്തികൾ ഒഴിവാക്കാൻ നാം ശ്രദ്ധിക്കും. അങ്ങനെ ചെയ്യുമ്പോൾ നാം “ആത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കു”കയാണ്‌. (റോമ. 8:5, 13) ജഡത്തിന്റെ മോഹങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതിനുപകരം ആത്മാവിന്റെ കാര്യങ്ങളാൽ മനസ്സുനിറയ്‌ക്കാനും അതു നയിക്കുന്ന വഴിയിലൂടെ ചരിക്കാനും അങ്ങനെ നമുക്കാകും.

6. ആത്മാവിന്റെ ഫലം പുറപ്പെടുവിക്കാൻ എന്ത്‌ ആവശ്യമാണ്‌? ദൃഷ്ടാന്തീകരിക്കുക.

6 പരിശുദ്ധാത്മാവ്‌ നിങ്ങളുടെമേൽ പ്രവർത്തിക്കുമ്പോൾ നിങ്ങൾ ദൈവികഗുണങ്ങൾ, അതായത്‌ ‘ആത്മാവിന്റെ ഫലം’ പുറപ്പെടുവിക്കും. (ഗലാ. 5:22, 23) പക്ഷേ ഇതിന്‌ നിങ്ങളുടെ ഭാഗത്ത്‌ ശ്രമം ആവശ്യമാണ്‌. ഉദാഹരണത്തിന്‌, ഒരു കൃഷിക്കാരനെക്കുറിച്ച്‌ ചിന്തിക്കുക. അയാൾ കൃഷിക്കായി നിലം ഒരുക്കുകയാണ്‌. കൃഷിക്ക്‌ സൂര്യപ്രകാശവും വെള്ളവും കൂടിയേതീരൂ. അതില്ലെങ്കിൽ വിളവ്‌ കിട്ടില്ല. പരിശുദ്ധാത്മാവിനെ നമുക്ക്‌ സൂര്യപ്രകാശത്തോട്‌ ഉപമിക്കാം. ആത്മാവിന്റെ ഫലം പുറപ്പെടുവിക്കാൻ നമുക്ക്‌ പരിശുദ്ധാത്മാവ്‌ കൂടിയേതീരൂ. പക്ഷേ, കർഷകൻ നന്നായി അധ്വാനിച്ചില്ലെങ്കിലോ? നല്ല വിളവ്‌ കിട്ടുമോ? (സദൃ. 10:4) സമാനമായി, നാം ആത്മാവിന്റെ ഫലം എത്ര നന്നായി പുറപ്പെടുവിക്കും എന്നത്‌ നാം നമ്മുടെ ഹൃദയമാകുന്ന മണ്ണിനെ എങ്ങനെ ഒരുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട്‌ സ്വയം ഇങ്ങനെ ചോദിക്കുക: ‘പരിശുദ്ധാത്മാവിനോട്‌ സഹകരിച്ചുകൊണ്ട്‌, എന്നിൽ അതിന്റെ ഫലം ഉളവാക്കാൻ ഞാൻ അതിനെ അനുവദിക്കുന്നുണ്ടോ?’

7. പരിശുദ്ധാത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതിന്‌ ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

7 നല്ല വിളവ്‌ കിട്ടാൻ കർഷകൻ കൃഷിസ്ഥലം നനയ്‌ക്കുകയും വേണം. അതുപോലെ, ആത്മാവിന്റെ ഫലം പുറപ്പെടുവിക്കാൻ ബൈബിളിലൂടെയും ക്രിസ്‌തീയ സഭയിലൂടെയും ലഭിക്കുന്ന സത്യത്തിന്റെ ജലം നമുക്ക്‌ ആവശ്യമാണ്‌. (യെശ. 55:1) വിശുദ്ധ തിരുവെഴുത്തുകൾ പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ടതാണെന്ന കാര്യം നിങ്ങൾതന്നെ മറ്റുള്ളവരോട്‌ പറഞ്ഞിട്ടുണ്ടാകാം. (2 തിമൊ. 3:16) വിശ്വസ്‌തനും വിവേകിയുമായ അടിമയാകട്ടെ, ഈ തിരുവെഴുത്തുകളിൽ നിന്നുള്ള സത്യം ഗ്രഹിക്കാൻ ആവശ്യമായ സഹായവും നൽകുന്നു. (മത്താ. 24:45-47) പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻ കീഴിൽ വരുന്നതിന്‌ നാം ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യണമെന്ന്‌ വ്യക്തം. അങ്ങനെ ചെയ്യുമ്പോൾ, പ്രവാചകന്മാരുടെ മാതൃക പിൻപറ്റുകയാണ്‌ നാം. കാരണം, അവർ അന്ന്‌ ലഭ്യമായിരുന്ന വിവരങ്ങൾ “ആരായുകയും സൂക്ഷ്‌മതയോടെ അന്വേഷിക്കുകയും ചെയ്‌തിരുന്നു.” വാഗ്‌ദത്ത സന്തതിയെക്കുറിച്ചും അഭിഷിക്ത ക്രിസ്‌തീയ സഭയെക്കുറിച്ചുമുള്ള ആത്മീയ സത്യങ്ങൾ അറിയാൻ ദൂതന്മാർപോലും അതീവ തത്‌പരരായിരുന്നു.—1 പത്രോസ്‌ 1:10-12 വായിക്കുക.

ആത്മാവിനാൽ നയിക്കപ്പെടാൻ എന്തു ചെയ്യണം?

8. നാം യഹോവയോട്‌ അവന്റെ ആത്മാവിനായി യാചിക്കേണ്ടത്‌ എന്തുകൊണ്ട്‌?

8 ആത്മാവിനാൽ നയിക്കപ്പെടാൻ ദൈവവചനത്തിന്റെ പഠനവും ധ്യാനവും മാത്രം മതിയാകുന്നില്ല. യഹോവയുടെ സഹായത്തിനും മാർഗനിർദേശത്തിനുമായി എപ്പോഴും യാചിക്കുകയും വേണം. “നാം ചോദിക്കുന്നതിലും നിനയ്‌ക്കുന്നതിലും എല്ലാം ഉപരിയായി ചെയ്‌തുതരാൻ” കഴിയുന്നവനാണ്‌ യഹോവ. (എഫെ. 3:20; ലൂക്കോ. 11:13) “‘എനിക്കു വേണ്ടത്‌ എന്താണെന്ന്‌ ഞാൻ ചോദിക്കുന്നതിനു മുമ്പുതന്നെ’ ദൈവം അറിയുന്നുണ്ടെങ്കിൽപ്പിന്നെ ഞാൻ അവനോട്‌ ചോദിച്ചുകൊണ്ടിരിക്കേണ്ടതുണ്ടോ?” എന്ന്‌ ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ എന്തു മറുപടി പറയും? (മത്താ. 6:8) ഒരു സംഗതി, നിങ്ങൾ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുമ്പോൾ യഹോവയിലുള്ള നിങ്ങളുടെ ആശ്രയമാണ്‌ അതിലൂടെ വെളിവാകുന്നത്‌. ഉദാഹരണത്തിന്‌, ആരെങ്കിലും നിങ്ങളോട്‌ ഒരു സഹായം ആവശ്യപ്പെടുകയാണെന്നു കരുതുക. നിങ്ങളാലാവുന്നത്‌ നിങ്ങൾ ചെയ്‌തുകൊടുക്കും. എന്തായിരിക്കും നിങ്ങളെ അതിനു പ്രേരിപ്പിക്കുന്നത്‌? നിങ്ങൾ സഹായിക്കും എന്ന വിശ്വാസത്തിൽ അയാൾ നിങ്ങളിൽ ആശ്രയിച്ചു, നിങ്ങളോട്‌ ചോദിച്ചു. അതായിരിക്കാം ഒരു കാരണം. (സദൃശവാക്യങ്ങൾ 3:27 താരതമ്യം ചെയ്യുക.) നാം യഹോവയോട്‌ അവന്റെ ആത്മാവിനായി യാചിക്കുന്നെങ്കിൽ അവൻ അതിൽ പ്രസാദിക്കും; തന്റെ ആത്മാവിനെ അവൻ നമുക്കു തരും.—സദൃ. 15:8.

9. ദൈവാത്മാവിനാൽ നയിക്കപ്പെടാൻ ക്രിസ്‌തീയ യോഗങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കും?

9 യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കുന്നതാണ്‌ ദൈവാത്മാവിനാൽ നയിക്കപ്പെടാനുള്ള മറ്റൊരു മാർഗം. ഈ പരിപാടികൾക്ക്‌ ഹാജരാകുന്നതിനും അവ ശ്രദ്ധിച്ചു കേൾക്കുന്നതിനും പ്രത്യേക ശ്രമം ചെയ്യേണ്ടത്‌ വളരെ പ്രധാനമാണ്‌. ഇപ്രകാരം ചെയ്യുന്നെങ്കിൽ ‘ഗഹനമായ ദൈവികകാര്യങ്ങൾ’ ഗ്രഹിക്കാൻ നിങ്ങൾക്കാകും. (1 കൊരി. 2:10) യോഗങ്ങളിൽ അഭിപ്രായം പറയുന്നത്‌ ഒരു ശീലമാക്കുക. അതിന്‌ ധാരാളം പ്രയോജനങ്ങളുണ്ട്‌. കഴിഞ്ഞ നാല്‌ ആഴ്‌ചത്തെ യോഗങ്ങളെക്കുറിച്ച്‌ ഒന്ന്‌ ചിന്തിക്കുക. ഉത്തരം പറയാനായി നിങ്ങൾ എത്ര കൂടെക്കൂടെ കൈ ഉയർത്തി? യോഗങ്ങളിൽ ഉത്തരം പറയുന്നത്‌ നിങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരമായി നിങ്ങൾ കാണാറുണ്ടോ? നിങ്ങൾ ഇക്കാര്യത്തിൽ മെച്ചപ്പെടേണ്ടതുണ്ടെന്ന്‌ തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ, വരും ആഴ്‌ചകളിൽ യോഗങ്ങളിൽ ഉത്തരം പറയുമെന്ന്‌ ഒരു തീരുമാനമെടുക്കരുതോ? യോഗങ്ങളിൽ പങ്കുപറ്റാനുള്ള നിങ്ങളുടെ ശ്രമങ്ങൾ യഹോവ കാണും, നിങ്ങൾക്ക്‌ അവന്റെ ആത്മാവിനെ നൽകുകയും ചെയ്യും. യോഗങ്ങളിൽനിന്ന്‌ കൂടുതൽ പ്രയോജനം നേടാൻ ദൈവാത്മാവ്‌ നിങ്ങളെ സഹായിക്കും.

10. ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ മറ്റുള്ളവർക്ക്‌ ഏതു ക്ഷണം വെച്ചുനീട്ടും?

10 ആത്മാവിനെ അനുസരിച്ചു നടക്കുന്നതിൽ വെളിപാട്‌ 22:17-ലെ ക്ഷണത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നത്‌ ഉൾപ്പെടുന്നു: “ആത്മാവും മണവാട്ടിയും ‘വരുക’ എന്നു പറയുന്നു. കേൾക്കുന്നവനും ‘വരുക’ എന്നു പറയട്ടെ. ദാഹിക്കുന്ന ഏവനും വരട്ടെ. ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങിക്കൊള്ളട്ടെ.” ജീവജലം കുടിക്കാനുള്ള ക്ഷണം അഭിഷിക്ത മണവാട്ടിവർഗത്തിലൂടെ നൽകുന്നത്‌ പരിശുദ്ധാത്മാവാണ്‌. “വരുക” എന്ന ക്ഷണം സ്വീകരിച്ചവരാണ്‌ നിങ്ങളെങ്കിൽ “വരുക” എന്ന്‌ മറ്റുള്ളവരെയും ക്ഷണിക്കാൻ നിങ്ങൾ ദൃഢചിത്തരാണോ? ഈ ജീവരക്ഷാകര വേലയിൽ പങ്കുണ്ടായിരിക്കുന്നത്‌ എത്ര മഹത്തായ ഒരു പദവിയാണ്‌!

11, 12. പ്രസംഗവേലയിൽ പരിശുദ്ധാത്മാവിന്റെ പങ്കെന്ത്‌?

11 ഇന്ന്‌ ഈ സുപ്രധാന വേല നടക്കുന്നത്‌ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിലാണ്‌. ഒന്നാം നൂറ്റാണ്ടിലെ മിഷനറിമാർക്കായി പുതിയ പ്രവർത്തന പ്രദേശങ്ങൾ തുറന്നുകൊടുക്കാൻ പരിശുദ്ധാത്മാവ്‌ പ്രവർത്തിച്ചതിനെക്കുറിച്ച്‌ നാം വായിക്കുന്നു. അപ്പൊസ്‌തലനായ പൗലോസും കൂട്ടാളികളും “ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കുന്നത്‌ പരിശുദ്ധാത്മാവ്‌ വിലക്കി.” ബിഥുന്യയിലേക്കു പോകാനും അവരെ അനുവദിച്ചില്ല. ഈ പ്രദേശങ്ങളിലേക്കു പോകുന്നതിൽനിന്ന്‌ പരിശുദ്ധാത്മാവ്‌ അവരെ എങ്ങനെയാണ്‌ തടഞ്ഞതെന്ന്‌ നമുക്ക്‌ അറിയില്ല. എന്നാൽ യൂറോപ്പിലെ വിസ്‌തൃതമായ വയലിലേക്ക്‌ പരിശുദ്ധാത്മാവ്‌ പൗലോസിനെ നയിച്ചു. സഹായത്തിനായി അപേക്ഷിക്കുന്ന മാസിഡോണിയക്കാരനായ ഒരു മനുഷ്യനെക്കുറിച്ചുള്ള ദർശനം അവന്‌ ലഭിക്കുകയുണ്ടായി.—പ്രവൃ. 16:6-10.

12 ലോകമെമ്പാടുമായി നടക്കുന്ന പ്രസംഗവേലയെ യഹോവയുടെ ആത്മാവ്‌ ഇന്നും നയിക്കുന്നുണ്ട്‌. അത്ഭുതകരമായ ദർശനങ്ങളൊന്നും യഹോവ അതിനായി ഉപയോഗിക്കുന്നില്ല; പകരം, പരിശുദ്ധാത്മാവിലൂടെ അവൻ അഭിഷിക്തരെ വഴിനടത്തുന്നു. മാത്രമല്ല, പ്രസംഗ-പഠിപ്പിക്കൽ വേലയിൽ പരമാവധി ചെയ്യാൻ പരിശുദ്ധാത്മാവ്‌ സഹോദരീസഹോദരന്മാരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതിപ്രധാനമായ ഈ വേലയിൽ നിങ്ങൾ തീർച്ചയായും പങ്കെടുക്കുന്നുണ്ടാകും. എന്നുവരികിലും, ആവേശകരമായ ഈ വേലയിലുള്ള സന്തോഷം നിങ്ങൾക്ക്‌ വർധിപ്പിക്കാനാകുമോ?

13. പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിന്‌ നമുക്ക്‌ എങ്ങനെ കീഴ്‌പെടാനാകും? ഉദാഹരണം പറയുക.

13 ദൈവജനത്തിനു ലഭിക്കുന്ന നിർദേശങ്ങൾ ബാധകമാക്കുമ്പോൾ നാം പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിന്‌ കീഴ്‌പെടുകയാണ്‌. ജപ്പാൻകാരിയായ മിഹോകോ എന്ന പെൺകുട്ടിയുടെ കാര്യമെടുക്കുക. പയനിയറിങ്‌ തുടങ്ങിയ കാലത്ത്‌, തനിക്ക്‌ മടക്കസന്ദർശനങ്ങൾ നടത്താനുള്ള കഴിവില്ലെന്ന്‌ അവൾക്കു തോന്നിയിരുന്നു. വീട്ടുകാരന്റെ താത്‌പര്യമുണർത്തുംവിധം സംസാരിക്കാൻ തനിക്കറിയില്ലെന്നായിരുന്നു അവളുടെ ചിന്ത. ആ സമയത്താണ്‌, ഹ്രസ്വമായ മടക്കസന്ദർശനങ്ങൾ എങ്ങനെ നടത്താനാകും എന്നതു സംബന്ധിച്ച്‌ പ്രായോഗികമായ ചില നിർദേശങ്ങൾ നമ്മുടെ രാജ്യ ശുശ്രൂഷയിലൂടെ ലഭിച്ചത്‌. ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം? എന്ന ലഘുപത്രികയും വൈകാതെ പുറത്തിറങ്ങി. ജപ്പാൻ വയലിൽ വളരെ ഫലകരമായ ഒരു ലഘുപത്രികയാണിത്‌. ഈ ലഘുപത്രിക ഉപയോഗിക്കാനുള്ള നിർദേശങ്ങൾ, പ്രത്യേകിച്ചും ഇത്‌ ഉപയോഗിച്ച്‌ ഹ്രസ്വമായ മടക്കസന്ദർശനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ മിഹോകോ ബാധകമാക്കി. മുമ്പായിരുന്നെങ്കിൽ അധ്യയനത്തിനു താത്‌പര്യം കാണിക്കാൻ സാധ്യതയില്ലായിരുന്ന ആളുകളുമായി പെട്ടെന്നുതന്നെ അവൾക്ക്‌ അധ്യയനം തുടങ്ങാനായി. അവൾ പറയുന്നതു ശ്രദ്ധിക്കുക: “എനിക്ക്‌ ധാരാളം അധ്യയനങ്ങൾ ലഭിച്ചു, ഒരു സമയത്ത്‌ 12 എണ്ണംവരെ. അതുകൊണ്ട്‌ ചിലത്‌ പിന്നീട്‌ നടത്താനായി മാറ്റിവയ്‌ക്കുമായിരുന്നു!” യഹോവ തന്റെ ദാസന്മാർക്കു നൽകുന്ന നിർദേശങ്ങൾ ബാധകമാക്കിക്കൊണ്ട്‌ ആത്മാവിനെ അനുസരിച്ച്‌ നടക്കുന്നെങ്കിൽ നിങ്ങൾ ധാരാളമായി കൊയ്യും എന്നത്‌ നിശ്ചയമാണ്‌.

ദൈവാത്മാവിൽ ആശ്രയിക്കുക

14, 15. (എ) അപൂർണ മനുഷ്യർക്ക്‌ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ എങ്ങനെ കഴിയും? (ബി) ഏറ്റവും നല്ല സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?

14 നിയമിത ശുശ്രൂഷകരെന്ന നിലയിൽ നമുക്ക്‌ ഒരു ശുശ്രൂഷ നിർവഹിക്കാനുണ്ട്‌. (റോമ. 10:14) ‘ആ ഉത്തരവാദിത്വം നിറവേറ്റാനുള്ള പ്രാപ്‌തി എനിക്കില്ല’ എന്ന്‌ ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ അഭിഷിക്തരുടെ കാര്യത്തിലെന്നപോലെ ദൈവമാണ്‌ നിങ്ങളെയും യോഗ്യരാക്കുന്നത്‌. (2 കൊരിന്ത്യർ 3:5 വായിക്കുക.) ദൈവാത്മാവിൽ ആശ്രയിച്ച്‌ നിങ്ങളുടെ പരമാവധി ചെയ്യുന്നെങ്കിൽ നിങ്ങൾക്ക്‌ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനാകും.

15 പൂർണനായ യഹോവയാം ദൈവത്തിനുള്ള നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ അപൂർണരായ നമുക്ക്‌ എളുപ്പമല്ലെന്നത്‌ സത്യമാണ്‌. ഒരുകാലത്ത്‌ നിങ്ങളുടെ സുഹൃത്തുക്കളായിരുന്നവർക്ക്‌ നിങ്ങളുടെ പുതിയ ജീവിതരീതി വിചിത്രമായി തോന്നിയേക്കാം; അവർ “നിങ്ങളെ ദുഷിക്കുക”പോലും ചെയ്‌തെന്നുവരാം. ഇതായിരിക്കാം നിങ്ങൾ നേരിടേണ്ടിവരുന്ന ഒരു പ്രശ്‌നം. (1 പത്രോ. 4:4) പക്ഷേ, ഇതിനോടകം നിങ്ങൾക്ക്‌ പുതിയ സുഹൃത്തുക്കളെ നേടാനായിട്ടുണ്ട്‌ എന്ന കാര്യം വിസ്‌മരിച്ചുകളയരുത്‌. വിശേഷിച്ച്‌, യഹോവയും യേശുവുമായി നിങ്ങൾക്ക്‌ സൗഹൃദം സ്ഥാപിക്കാനായിരിക്കുന്നു. (യാക്കോബ്‌ 2:21-23 വായിക്കുക.) നിങ്ങളുടെ സഭയിലെ സഹോദരീസഹോദരന്മാരെ അടുത്തറിയാൻ ശ്രമിക്കുന്നതും പ്രധാനമാണ്‌. ലോകമെങ്ങുമുള്ള നമ്മുടെ “മുഴുസഹോദരവർഗ”ത്തിന്റെ ഭാഗമാണവർ. (1 പത്രോ. 2:17; സദൃ. 17:17) നിങ്ങളെ നല്ലരീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന സുഹൃത്തുക്കളെ നേടാൻ യഹോവ തന്റെ ആത്മാവിലൂടെ നിങ്ങളെ സഹായിക്കും.

16. പൗലോസിനെപ്പോലെ ‘ബലഹീനതകൾ സഹിക്കുന്നതിൽ ആനന്ദംകൊള്ളാൻ’ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

16 സഭയിൽ നിങ്ങൾക്ക്‌ സഹായമനസ്‌കരായ സുഹൃത്തുക്കൾ ഉണ്ടെങ്കിലും അനുദിന ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാൻ നിങ്ങൾക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം. അവ ചിലപ്പോൾ നിങ്ങളെ വല്ലാതെ തളർത്തിക്കളഞ്ഞെന്നുവരാം. പ്രശ്‌നങ്ങളുടെ നിലയില്ലാക്കയത്തിൽ അകപ്പെട്ടതുപോലെ നിങ്ങൾക്കു തോന്നിയേക്കാം. വിശേഷാൽ അത്തരം സാഹചര്യങ്ങളിൽ യഹോവയിലേക്കു തിരിഞ്ഞ്‌ അവന്റെ ആത്മാവിനായി യാചിക്കേണ്ടതുണ്ട്‌. “ബലഹീനനായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തനുമല്ലോ” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി. (2 കൊരിന്ത്യർ 4:7-10; 12:10 വായിക്കുക.) നമ്മുടെ മാനുഷികമായ കുറവുകൾ എന്തുതന്നെയായിരുന്നാലും അവ നികത്താൻ ദൈവാത്മാവിന്‌ കഴിയുമെന്ന്‌ പൗലോസിന്‌ അറിയാമായിരുന്നു. നിങ്ങൾക്ക്‌ സഹായം ആവശ്യമുള്ളപ്പോൾ, തളർന്നു എന്നു തോന്നുമ്പോൾ, അത്‌ എപ്പോഴായിരുന്നാലും ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിക്ക്‌ നിങ്ങളെ ബലപ്പെടുത്താനാകും. ‘ബലഹീനതകൾ സഹിക്കുന്നതിൽ ഞാൻ ആനന്ദംകൊള്ളുന്നു’ എന്ന്‌ പൗലോസ്‌ എഴുതി. ബലഹീനനായിരുന്നപ്പോൾ പരിശുദ്ധാത്മാവ്‌ തന്നിൽ പ്രവർത്തിക്കുന്നതായി അവന്‌ അനുഭവപ്പെട്ടു. നിങ്ങൾക്കും അത്‌ അനുഭവിച്ചറിയാനാകും!—റോമ. 15:13.

17. ലക്ഷ്യസ്ഥാനത്തേക്ക്‌ നിങ്ങൾ മുന്നേറുമ്പോൾ പരിശുദ്ധാത്മാവ്‌ നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെ?

17 ദൈവത്തോടുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നമുക്ക്‌ ദൈവാത്മാവിന്റെ സഹായം കൂടിയേതീരൂ. നിങ്ങൾ ഒരു പായ്‌ക്കപ്പലിന്റെ അമരക്കാരനെപ്പോലെയാണ്‌. യഹോവയെ നിത്യം സേവിക്കുക എന്ന ലക്ഷ്യത്തിലാണ്‌ നിങ്ങൾ നീങ്ങുന്നത്‌. സാത്താന്യ ലോകത്തിന്റെ ആത്മാവിനാൽ ആടിയുലയാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. (1 കൊരി. 2:12) അതുകൊണ്ട്‌, നിങ്ങൾ ശരിയായ ദിശയിലേക്കുള്ള കാറ്റ്‌ ഏതാണെന്നു മനസ്സിലാക്കുകയും അത്‌ പ്രയോജനപ്പെടുത്തുകയും വേണം. ലക്ഷ്യസ്ഥാനത്ത്‌ സുരക്ഷിതമായി എത്തിച്ചേരാൻ സഹായിക്കുന്ന ആ ‘കാറ്റ്‌’ പരിശുദ്ധാത്മാവാണ്‌. ദൈവത്തിന്റെ വചനത്തിലൂടെയും അവന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന സംഘടനയിലൂടെയും പരിശുദ്ധാത്മാവ്‌ ശരിയായ ദിശയിൽ നിങ്ങളെ നയിക്കും.

18. എന്താണ്‌ നിങ്ങളുടെ ദൃഢനിശ്ചയം, എന്തുകൊണ്ട്‌?

18 യഹോവയുടെ സാക്ഷികളോടൊത്ത്‌ പഠിച്ചുകൊണ്ടിരിക്കുന്ന, അവരോടൊപ്പം ആത്മീയ സഹവാസം ആസ്വദിക്കുന്ന ഒരാളാണോ നിങ്ങൾ? നിങ്ങൾ ഇതുവരെ സമർപ്പണം, സ്‌നാനം എന്നീ സുപ്രധാന പടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ, ‘എന്തുകൊണ്ടാണ്‌ ഞാൻ മടിച്ചുനിൽക്കുന്നത്‌?’ എന്ന്‌ സ്വയം ചോദിക്കുക. ഇന്ന്‌ യഹോവയുടെ ഹിതം നിർവഹിക്കുന്നതിൽ പരിശുദ്ധാത്മാവിനുള്ള പങ്ക്‌ തിരിച്ചറിയുകയും അതിന്റെ പ്രവർത്തനം വിലമതിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾ മനസ്സിലാക്കിയ ശരിയായ പാതയിലേക്ക്‌ ചുവടെടുത്തുവെക്കുക. യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. അവൻ തന്റെ ആത്മാവിനെ ധാരാളമായി നിങ്ങൾക്കു നൽകും. നിങ്ങൾ സ്‌നാനമേറ്റിട്ട്‌ വർഷങ്ങളോ പതിറ്റാണ്ടുകളോ കഴിഞ്ഞിട്ടുണ്ടെങ്കിൽ, പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പ്‌ തീർച്ചയായും നിങ്ങൾക്ക്‌ അനുഭവവേദ്യമായിട്ടുണ്ട്‌. ദൈവം തന്റെ ആത്മാവിലൂടെ നിങ്ങളെ ബലപ്പെടുത്തുന്നത്‌ നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിങ്ങൾക്കത്‌ തുടർന്നും അനുഭവിക്കാനാകും, നിത്യതയിലുടനീളം. അതുകൊണ്ട്‌, ആത്മാവിനെ അനുസരിച്ചു നടക്കാൻ ദൃഢചിത്തരായിരിക്കുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• ‘ആത്മാവിനെ അനുസരിച്ചു നടക്കുക’ എന്നാൽ എന്താണ്‌ അർഥം?

• ‘ആത്മാവിനെ അനുസരിച്ചു നടക്കുന്നതിൽ’ തുടരാൻ നമ്മെ എന്തു സഹായിക്കും?

• സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

ഹൃദയമാകുന്ന നിലം ഒരുക്കാൻ ശ്രമം ആവശ്യമാണ്‌

[16, 17 പേജുകളിലെ ചിത്രങ്ങൾ]

ദൈവാത്മാവിന്റെ വഴിനടത്തിപ്പിൻ കീഴിലാണോ നിങ്ങൾ?