വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളേ, യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കൂ

കുട്ടികളേ, യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കൂ

കുട്ടികളേ, യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കൂ

“നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.”—സഭാ. 12:1.

1. ഇസ്രായേലിലെ കുട്ടികൾക്ക്‌ എന്തിനുള്ള ക്ഷണമുണ്ടായിരുന്നു?

ഏകദേശം 3,500 വർഷങ്ങൾക്കുമുമ്പ്‌, യഹോവയുടെ പ്രവാചകനായ മോശ ഇസ്രായേലിലെ പുരോഹിതന്മാർക്കും മൂപ്പന്മാർക്കും ഈ നിർദേശം നൽകി: ‘പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്‌ ജനത്തെ വിളിച്ചുകൂട്ടേണം.’ (ആവ. 31:12, 13) ആരാധനയ്‌ക്ക്‌ ഒരുമിച്ച്‌ കൂടിവരാൻ ആരോടാണ്‌ പറഞ്ഞിരിക്കുന്നതെന്നു ശ്രദ്ധിക്കുക: പുരുഷന്മാരോടും സ്‌ത്രീകളോടും കുട്ടികളോടും. അതെ, തന്റെ നിർദേശങ്ങൾ കേൾക്കാനും പഠിക്കാനും പ്രമാണിക്കാനും യഹോവ ക്ഷണിച്ചവരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നു.

2. ആദിമ ക്രിസ്‌തീയ സഭയിലെ കുട്ടികളോടുള്ള താത്‌പര്യം യഹോവ പ്രകടമാക്കിയത്‌ എങ്ങനെ?

2 തന്റെ ജനത്തിനിടയിലെ കുട്ടികളോട്‌ യഹോവ ഒന്നാം നൂറ്റാണ്ടിലും താത്‌പര്യം കാണിച്ചു. ഉദാഹരണത്തിന്‌, സഭകൾക്കുള്ള ചില ലേഖനങ്ങളിൽ കുട്ടികൾക്കുവേണ്ടി പ്രത്യേകമായി ചില നിർദേശങ്ങൾ ഉൾപ്പെടുത്താൻ യഹോവ അപ്പൊസ്‌തലനായ പൗലോസിനെ നിശ്വസ്‌തനാക്കി. (എഫെസ്യർ 6:1; കൊലോസ്യർ 3:20 വായിക്കുക.) ഇത്തരം നിർദേശങ്ങൾ അനുസരിച്ച കുട്ടികൾ തങ്ങളുടെ സ്‌നേഹവാനായ സ്വർഗീയ പിതാവിനെ കൂടുതൽ വിലമതിക്കാനിടയായി. അവന്റെ അനുഗ്രഹം നേടാനും അവർക്കു കഴിഞ്ഞു.

3. ഇന്ന്‌ കുട്ടികൾ ദൈവത്തെ സേവിക്കാനുള്ള തങ്ങളുടെ ആഗ്രഹം തെളിയിക്കുന്നത്‌ എങ്ങനെ?

3 തന്നെ ആരാധിക്കുന്നതിന്‌ കൂടിവരാൻ യഹോവ ഇന്നും കുട്ടികളെ ക്ഷണിക്കുന്നുണ്ടോ? തീർച്ചയായും! പൗലോസ്‌ എഴുതി: “സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാണിക്കാം. ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നാം സഭായോഗങ്ങൾ ഉപേക്ഷിക്കരുത്‌; പകരം, ഒരുമിച്ചുകൂടിവന്നുകൊണ്ട്‌ നമുക്ക്‌ അന്യോന്യം പ്രോത്സാഹിപ്പിക്കാം; നാൾ സമീപിക്കുന്നു എന്നു കാണുന്തോറും നാം ഇത്‌ അധികമധികം ചെയ്യേണ്ടതാകുന്നു.” (എബ്രാ. 10:24, 25) ലോകമെമ്പാടുമായി അനേകം കുട്ടികൾ ദൈവത്തെ സേവിക്കുകയും പൗലോസിന്റെ ഈ നിർദേശം മുഴുമനസ്സോടെ പിൻപറ്റുകയും ചെയ്യുന്നത്‌ ദൈവജനത്തിന്‌ ഒന്നാകെ ആഹ്ലാദം പകരുന്ന കാഴ്‌ചയാണ്‌. കൂടാതെ പല കുട്ടികളും മാതാപിതാക്കളോടൊപ്പം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും ചെയ്യുന്നു. (മത്താ. 24:14) മാത്രമല്ല, യഹോവയോടുള്ള ഹൃദയം നിറഞ്ഞ സ്‌നേഹംനിമിത്തം ആയിരക്കണക്കിനു കുട്ടികളാണ്‌ ഓരോ വർഷവും സ്‌നാനമേൽക്കുന്നത്‌. അങ്ങനെ, ഒരു ക്രിസ്‌തുശിഷ്യനായിരിക്കുന്നതിന്റെ സന്തോഷം അവർ ആസ്വദിക്കുന്നു.—മത്താ. 16:24; മർക്കോ. 10:29, 30.

ക്ഷണം സ്വീകരിക്കുക—ഇപ്പോൾത്തന്നെ

4. തന്നെ സേവിക്കാനുള്ള ദൈവത്തിന്റെ ക്ഷണം സ്വീകരിക്കാൻ കുട്ടികൾക്ക്‌ ഒരു നിശ്ചിത പ്രായം വേണമെന്നുണ്ടോ?

4 സഭാപ്രസംഗി 12:1-ൽ, “നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന ഹൃദയംഗമമായ ക്ഷണം നാം കാണുന്നു. യഹോവയെ ആരാധിക്കാനും സേവിക്കാനുമുള്ള ഈ ക്ഷണം സ്വീകരിക്കാൻ എന്തു പ്രായം വേണമെന്നാണ്‌ നിങ്ങൾ കരുതുന്നത്‌? തിരുവെഴുത്തുകൾ അതിന്‌ ഒരു നിശ്ചിത പ്രായം പറയുന്നില്ല. അതുകൊണ്ട്‌, യഹോവ പറയുന്നതു കേട്ടുപഠിക്കാനും അവനെ സേവിക്കാനും നിങ്ങൾക്കു പ്രായമായില്ലെന്നു വിചാരിച്ച്‌ മടിച്ചുനിൽക്കരുത്‌. നിങ്ങൾ എത്ര ചെറുപ്പമാണെങ്കിലും ശരി, ഈ ക്ഷണം സ്വീകരിക്കാൻ ഒട്ടും വൈകേണ്ടതില്ല!

5. ആത്മീയമായി പുരോഗമിക്കാൻ കുട്ടികളെ മാതാപിതാക്കൾക്ക്‌ എങ്ങനെ സഹായിക്കാം?

5 നിങ്ങളിൽ പലരെയും ആത്മീയമായി പുരോഗമിക്കാൻ മാതാപിതാക്കളിൽ ഒരാൾ അല്ലെങ്കിൽ രണ്ടുപേരും സഹായിച്ചിട്ടുണ്ടാകും. ബൈബിളിൽ കഥാപാത്രമായ തിമൊഥെയൊസിന്‌ ഇത്തരത്തിൽ സഹായം ലഭിച്ചിരുന്നു. അമ്മ യൂനിക്കയും വലിയമ്മ ലോവീസും ശൈശവംമുതൽ അവനെ വിശുദ്ധലിഖിതങ്ങൾ പഠിപ്പിച്ചു. (2 തിമൊ. 3:14, 15) നിങ്ങളുടെ മാതാപിതാക്കളും അതേവിധത്തിൽ നിങ്ങളെ പരിശീലിപ്പിക്കുന്നുണ്ടാകും. നിങ്ങളെ ബൈബിൾ പഠിപ്പിക്കുകയും നിങ്ങളോടൊപ്പം പ്രാർഥിക്കുകയും സഭായോഗങ്ങൾക്കും സമ്മേളനങ്ങൾക്കും നിങ്ങളെ കൊണ്ടുപോകുകയും വയൽസേവനത്തിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കുകയും ഒക്കെ ചെയ്‌തുകൊണ്ടായിരിക്കാം അവർ നിങ്ങൾക്കു പരിശീലനം നൽകുന്നത്‌. നിങ്ങളെ ദൈവത്തിന്റെ വഴികൾ പഠിപ്പിക്കുക എന്നത്‌ യഹോവയിൽനിന്ന്‌ അവർക്കു ലഭിച്ച പ്രധാനപ്പെട്ട ഒരു ചുമതലയാണ്‌. നിങ്ങളുടെ കാര്യത്തിൽ ഇത്രയധികം താത്‌പര്യമെടുക്കുന്ന, നിങ്ങളെ സ്‌നേഹിക്കുന്ന മാതാപിതാക്കളോട്‌ നന്ദിയുള്ളവരല്ലേ നിങ്ങൾ?—സദൃ. 23:22.

6. (എ) സങ്കീർത്തനം 110:3 പറയുന്നതനുസരിച്ച്‌ എങ്ങനെയുള്ള സേവനമാണ്‌ യഹോവയെ സന്തോഷിപ്പിക്കുന്നത്‌? (ബി) നാം ഇപ്പോൾ എന്ത്‌ പരിശോധിക്കും?

6 വളർന്നുവരവെ നിങ്ങളും, തിമൊഥെയൊസിനെപ്പോലെ സ്വയം ‘നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു തിരിച്ചറിയണം’ എന്ന്‌ യഹോവ ആഗ്രഹിക്കുന്നു. (റോമ. 12:2) നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ സഭാ പ്രവർത്തനങ്ങളിൽ നിങ്ങൾ ഉത്സാഹത്തോടെ ഏർപ്പെടും; അച്ഛനമ്മമാരുടെ നിർബന്ധത്തിനു വഴങ്ങിയല്ല, മറിച്ച്‌ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ നിങ്ങൾക്ക്‌ ആഗ്രഹമുള്ളതുകൊണ്ട്‌. സ്വമനസ്സാലേ നിങ്ങൾ അവനെ സേവിക്കുമ്പോൾ അത്‌ അവനെ സന്തോഷിപ്പിക്കും. (സങ്കീ. 110:3) യഹോവ പറയുന്നതു കേൾക്കാനും അവന്റെ നിർദേശങ്ങൾ അനുസരിക്കാനും ഉള്ള ആഗ്രഹം ശക്തമാക്കാൻ നിങ്ങൾക്കു താത്‌പര്യമുണ്ടെന്ന്‌ എങ്ങനെ കാണിക്കാം? അതിനുള്ള മൂന്ന്‌ പ്രധാന മാർഗങ്ങളാണ്‌ പഠനം, പ്രാർഥന, നല്ല നടത്ത എന്നിവ. ഒന്നൊന്നായി നമുക്ക്‌ ഇപ്പോൾ അവ പരിശോധിക്കാം.

യഹോവയെ അടുത്തറിയുക

7. തിരുവെഴുത്തുകൾ പഠിക്കുന്ന കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു, അതിന്‌ അവനെ സഹായിച്ചത്‌ എന്താണ്‌?

7 യഹോവയെ സേവിക്കാനുള്ള ആഗ്രഹം ശക്തമാക്കാൻ എടുക്കേണ്ട ആദ്യപടി ബൈബിൾ ദിവസവും വായിക്കുന്നതാണ്‌. ദൈവവചനം ക്രമമായി വായിക്കുന്നെങ്കിൽ നിങ്ങളുടെ ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്താനും അമൂല്യമായ ബൈബിൾ സത്യം ഗ്രഹിക്കാനും നിങ്ങൾക്കു കഴിയും. (മത്താ. 5:3) യേശു ഇതിന്‌ നല്ലൊരു മാതൃകവെച്ചു. അവന്‌ 12 വയസ്സുള്ളപ്പോൾ അവന്റെ മാതാപിതാക്കൾ അവൻ ആലയത്തിൽ “ഉപദേഷ്ടാക്കളുടെ നടുവിലിരുന്ന്‌ അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യു”ന്നതായി കണ്ടു. (ലൂക്കോ. 2:44-46) കുട്ടിയായിരിക്കുമ്പോൾത്തന്നെ യേശു തിരുവെഴുത്തുകൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള വാഞ്‌ഛ വളർത്തിയെടുത്തിരുന്നു. എന്താണ്‌ അവനെ അതിനു സഹായിച്ചത്‌? നിസ്സംശയമായും അക്കാര്യത്തിൽ, അവന്റെ അമ്മ മറിയയും വളർത്തുപിതാവായ യോസേഫും വലിയൊരു പങ്കുവഹിച്ചു. ദൈവദാസരായിരുന്ന അവർ യേശുവിനെ ശൈശവംമുതൽ ദൈവകൽപ്പനകൾ പഠിപ്പിച്ചിരുന്നു.—മത്താ. 1:18-20; ലൂക്കോ. 2:41, 51.

8. (എ) മാതാപിതാക്കൾ കുട്ടികളുടെ ഹൃദയത്തിൽ ദൈവവചനത്തോടുള്ള സ്‌നേഹം എപ്പോൾമുതൽ വളർത്തിയെടുക്കാൻ തുടങ്ങണം? (ബി) കുട്ടികളെ ശൈശവംമുതൽ പരിശീലിപ്പിക്കുന്നതിന്റെ പ്രയോജനം വ്യക്തമാക്കുന്ന ഒരു അനുഭവം പറയുക.

8 കുട്ടികളുടെ ഹൃദയത്തിൽ വളരെ ചെറുപ്പം മുതൽത്തന്നെ ബൈബിൾ സത്യത്തോടുള്ള വാഞ്‌ഛ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ദൈവഭയമുള്ള മാതാപിതാക്കൾ ഇന്നും തിരിച്ചറിയുന്നു. (ആവ. 6:6-9) റൂബി എന്ന സഹോദരി, മൂത്തമകൻ ജോസഫ്‌ ജനിച്ച്‌ അധികം വൈകാതെ അങ്ങനെ ചെയ്‌തു. റൂബി ദിവസവും അവനെ എന്റെ ബൈബിൾ കഥാപുസ്‌തകം വായിച്ചുകേൾപ്പിച്ചിരുന്നു. പിന്നീട്‌, തിരുവെഴുത്തുകൾ മനഃപാഠമാക്കാൻ അവനെ സഹായിച്ചു. ജോസഫിന്‌ ആ പരിശീലനം പ്രയോജനപ്പെട്ടോ? സംസാരിക്കാൻ പഠിച്ചതോടെ, ബൈബിളിലുള്ള പല കഥകളും അവൻ സ്വന്തം വാക്കുകളിൽ പറയാൻ തുടങ്ങി. അഞ്ചുവയസ്സുള്ളപ്പോൾ അവൻ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ തന്റെ ആദ്യ പ്രസംഗം നടത്തി.

9. ബൈബിൾ വായിക്കുന്നതിന്റെയും അതേക്കുറിച്ച്‌ ചിന്തിക്കുന്നതിന്റെയും പ്രാധാന്യമെന്ത്‌?

9 കുട്ടികളേ, ആത്മീയമായി കൂടുതൽ പുരോഗമിക്കാൻ ദിവസവും ബൈബിൾ വായിക്കുന്നത്‌ നിങ്ങളുടെ ശീലമാക്കുക; മുതിർന്നാലും ഈ ശീലം ഉപേക്ഷിക്കരുത്‌. (സങ്കീ. 71:17) ആത്മീയ പുരോഗതി നേടാൻ ബൈബിൾ വായന നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെയാണ്‌? തന്റെ പിതാവിനോട്‌ പ്രാർഥിച്ചപ്പോൾ യേശു ഇപ്രകാരം പറഞ്ഞു: “ഏകസത്യദൈവമായ നിന്നെ . . . അവർ അറിയുന്നതല്ലോ നിത്യജീവൻ.” (യോഹ. 17:3) യഹോവയെക്കുറിച്ച്‌ കൂടുതൽ പഠിക്കുമ്പോൾ മുമ്പെന്നത്തെക്കാൾ അധികമായി അവനെ ഒരു യഥാർഥ വ്യക്തിയായി കാണാൻ നിങ്ങൾക്കു കഴിയും, അവനെ നിങ്ങൾ കൂടുതൽ സ്‌നേഹിക്കും. (എബ്രാ. 11:27) അതുകൊണ്ട്‌, ഓരോ പ്രാവശ്യവും ബൈബിൾ വായിക്കുമ്പോൾ, യഹോവയെക്കുറിച്ച്‌ കൂടുതൽ അറിയാൻ ആ അവസരം ഉപയോഗിക്കുക. ബൈബിൾ വായിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കുക: ‘യഹോവയെക്കുറിച്ച്‌ ഈ ഭാഗം എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌? അവന്‌ എന്നോടു സ്‌നേഹവും താത്‌പര്യവുമുണ്ടെന്ന്‌ ഈ ബൈബിൾ വിവരണം വ്യക്തമാക്കുന്നത്‌ എങ്ങനെ?’ ഇങ്ങനെ ചിന്തിക്കാൻ സമയമെടുക്കുന്നെങ്കിൽ, യഹോവയുടെ ചിന്താരീതികളും അവന്റെ വികാരങ്ങളും മനസ്സിലാക്കാനും അവൻ നിങ്ങളിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ അറിയാനും നിങ്ങൾക്കാകും. (സദൃശവാക്യങ്ങൾ 2:1-5 വായിക്കുക.) അപ്പോൾ, തിരുവെഴുത്തുകളിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾക്കു “ബോധ്യ”മാകും; തിമൊഥെയൊസിനെപ്പോലെ സ്വമനസ്സാലേ യഹോവയെ ആരാധിക്കാൻ നിങ്ങൾക്ക്‌ അത്‌ പ്രചോദനമേകും.—2 തിമൊ. 3:14.

പ്രാർഥന—യഹോവയോടുള്ള സ്‌നേഹം വർധിപ്പിക്കാൻ

10, 11. ദൈവത്തോട്‌ അടുക്കാനുള്ള ആഗ്രഹത്തെ പ്രാർഥന എങ്ങനെ ശക്തമാക്കും?

10 യഹോവയെ മുഴുഹൃദയാ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കാനുള്ള അടുത്ത മാർഗം പ്രാർഥനയാണ്‌. സങ്കീർത്തനം 65:2-ൽ നാം ഇങ്ങനെ വായിക്കുന്നു: “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.” ഇസ്രായേല്യർ ദൈവത്തിന്റെ ഉടമ്പടിജനതയായിരുന്ന സമയത്ത്‌ യഹോവയുടെ ആലയത്തിൽ വന്നിരുന്ന അന്യജാതിക്കാർക്കും അവനോട്‌ പ്രാർഥിക്കാമായിരുന്നു. (1 രാജാ. 8:41, 42) ദൈവം പക്ഷപാതിത്വമുള്ളവനല്ല. തന്റെ കൽപ്പനകൾ പാലിക്കുന്നവരുടെയെല്ലാം പ്രാർഥനകൾ ശ്രദ്ധിക്കുമെന്ന്‌ അവൻ ഉറപ്പുനൽകിയിരിക്കുന്നു. (സദൃ. 15:8) അതെ, യഹോവ പ്രാർഥന കേൾക്കുന്നവരുടെ കൂട്ടത്തിൽ തീർച്ചയായും കുട്ടികളായ നിങ്ങളുമുണ്ട്‌.

11 നല്ല ഒരു സുഹൃദ്‌ബന്ധത്തിന്റെ അടിത്തറ ആശയവിനിമയമാണെന്ന്‌ നിങ്ങൾക്കറിയാം. ഏറ്റവും അടുത്ത ഒരു സുഹൃത്തിനോട്‌ നിങ്ങളുടെ ആകുലതകളും വികാരവിചാരങ്ങളും തുറന്നുപറയാൻ നിങ്ങൾക്ക്‌ ഇഷ്ടമായിരിക്കും. സമാനമായി, ഹൃദയംഗമമായി പ്രാർഥിക്കുമ്പോൾ നിങ്ങളുടെ മഹാസ്രഷ്ടാവുമായി നിങ്ങൾ ആശയവിനിമയം നടത്തുകയാണ്‌. (ഫിലി. 4:6, 7) നിങ്ങളെ അതിയായി സ്‌നേഹിക്കുന്ന മാതാപിതാക്കളോടോ നിങ്ങളുടെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ യഹോവയോട്‌ ഹൃദയംതുറന്നു സംസാരിക്കുക. യഹോവയുമായുള്ള അടുപ്പം നിങ്ങളുടെ പ്രാർഥനകളിൽ നിഴലിക്കും. അവനുമായുള്ള സൗഹൃദം ശക്തമാകുന്നതോടെ നിങ്ങളുടെ പ്രാർഥന കൂടുതൽ അർഥവത്തായിത്തീരും.

12. (എ) കുറെ വാക്കുകൾ ചേർന്നാൽമാത്രം അത്‌ അർഥവത്തായ ഒരു പ്രാർഥനയാകില്ല എന്നു പറയുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവ നിങ്ങൾക്കു സമീപസ്ഥനാണെന്നു തിരിച്ചറിയാൻ എന്തു സഹായിക്കും?

12 കുറെ വാക്കുകൾ ചേർന്നാൽമാത്രം അത്‌ അർഥവത്തായ ഒരു പ്രാർഥനയാകില്ല എന്ന്‌ ഓർക്കുക. നിങ്ങളുടെ ഉള്ളിലുള്ള വികാരങ്ങൾക്കും അതിലൊരു പങ്കുണ്ട്‌. യഹോവയോടുള്ള ഹൃദയംനിറഞ്ഞ സ്‌നേഹവും ആഴമായ ബഹുമാനവും അവനിലുള്ള സമ്പൂർണ ആശ്രയവും നിങ്ങളുടെ പ്രാർഥനകളിൽ പ്രകടമായിരിക്കണം. നിങ്ങളുടെ പ്രാർഥനകൾക്ക്‌ യഹോവ ഉത്തരം നൽകുന്നതായി തിരിച്ചറിയുമ്പോൾ, യഹോവ “തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു” എന്ന യാഥാർഥ്യം നിങ്ങൾക്ക്‌ കൂടുതൽ ബോധ്യമാകും. (സങ്കീ. 145:18) യഹോവ നിങ്ങളോട്‌ അടുത്തുവരും. പിശാചിനോട്‌ എതിർത്തുനിൽക്കാനും ജീവിതത്തിൽ ശരിയായ തീരുമാനങ്ങളെടുക്കാനും അവൻ നിങ്ങളെ സഹായിക്കും.—യാക്കോബ്‌ 4:7, 8 വായിക്കുക.

13. (എ) യഹോവയുമായുള്ള സൗഹൃദം ഒരു സഹോദരിയെ സഹായിച്ചത്‌ എങ്ങനെ? (ബി) സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ നേരിടാൻ യഹോവയുമായുള്ള സൗഹൃദം നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെ?

13 യഹോവയുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരുന്നത്‌ ഷെറിയെ സഹായിച്ചു. എങ്ങനെ? ഹൈസ്‌കൂളിലായിരുന്നപ്പോൾ പഠനത്തിലും സ്‌പോർട്‌സിലും മികവുപുലർത്തിയ അവൾക്ക്‌ പല അവാർഡുകളും ലഭിച്ചു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു സ്‌കോളർഷിപ്പ്‌ അവൾക്കു വാഗ്‌ദാനം ചെയ്യപ്പെട്ടു. “ആരെയും മോഹിപ്പിക്കുന്ന ഒന്നായിരുന്നു അത്‌. അത്‌ സ്വീകരിക്കാൻ എന്റെ കായികാധ്യാപകരും കൂട്ടുകാരും എന്നെ ഒരുപാട്‌ നിർബന്ധിച്ചു,” ഷെറി പറയുന്നു. പക്ഷേ, അതിനു പിന്നാലെ പോയാൽ, പഠനവും പരിശീലനവുമൊക്കെ കഴിഞ്ഞ്‌ ദൈവത്തെ സേവിക്കാൻ അധികം സമയമൊന്നും കിട്ടില്ലെന്ന്‌ അവൾ മനസ്സിലാക്കി. ഷെറി എന്തു ചെയ്‌തു? അവൾ പറയുന്നു: “യഹോവയോട്‌ പ്രാർഥിച്ചിട്ട്‌ ഞാൻ ആ സ്‌കോളർഷിപ്പ്‌ വേണ്ടെന്നു വെച്ചു, ഒരു സാധാരണ പയനിയറായി പ്രവർത്തിക്കാനും തുടങ്ങി.” അവൾ പയനിയറിങ്‌ തുടങ്ങിയിട്ട്‌ ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ഷെറി തുടരുന്നു: “എനിക്ക്‌ അതിൽ ഖേദമൊന്നുമില്ല. യഹോവയെ സന്തോഷിപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു എന്റേതെന്ന്‌ ഓർക്കുമ്പോൾ എനിക്കു സന്തോഷം തോന്നുന്നു. ദൈവരാജ്യത്തിന്‌ നമ്മൾ ഒന്നാം സ്ഥാനം നൽകുന്നെങ്കിൽ മറ്റെല്ലാം നമുക്കു ലഭിക്കും എന്നത്‌ സത്യമാണ്‌.”—മത്താ. 6:33.

നല്ല നടത്ത—നിർമലമായ ഹൃദയത്തിന്റെ ലക്ഷണം

14. നിങ്ങളുടെ നല്ല നടത്തയ്‌ക്ക്‌ യഹോവ പ്രാധാന്യം കൽപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?

14 യഹോവയെ നിങ്ങൾ സ്വമനസ്സാലെയാണ്‌ സേവിക്കുന്നതെന്നു തെളിയിക്കാനുള്ള മൂന്നാമത്തെ മാർഗമാണ്‌ നല്ല നടത്ത. ധാർമികശുദ്ധി കാത്തുസൂക്ഷിക്കുന്ന യുവാക്കളെ യഹോവ അനുഗ്രഹിക്കും. (സങ്കീർത്തനം 24:3-5 വായിക്കുക.) മഹാപുരോഹിതനായിരുന്ന ഏലിയുടെ പുത്രന്മാരുടെ ദുഷ്‌ചെയ്‌തികൾ അനുകരിക്കാൻ ബാലനായ ശമൂവേൽ കൂട്ടാക്കിയില്ല. ശമൂവേലിന്റെ ആ നല്ല പെരുമാറ്റം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയില്ല. “ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു” എന്ന്‌ നാം ബൈബിളിൽ വായിക്കുന്നു.—1 ശമൂ. 2:26.

15. നല്ല നടത്ത ഉണ്ടായിരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌?

15 പൗലോസ്‌ പറഞ്ഞതുപോലെ, സ്വസ്‌നേഹികളും ധാർഷ്ട്യക്കാരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും അവിശ്വസ്‌തരും നിഷ്‌ഠുരന്മാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും ആയ ആളുകളെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌ ഇന്നത്തെ ലോകം. (2 തിമൊ. 3:1-5) ഈ ദുഷിച്ച ചുറ്റുപാടിൽ മാതൃകായോഗ്യരായി ജീവിക്കുന്നത്‌ വളരെ ദുഷ്‌കരമായിരിക്കാം. എന്നാൽ, ശരിയായതു ചെയ്യുകയും മോശമായ പ്രവൃത്തികൾ ഒഴിവാക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഒരു കാര്യം തെളിയിക്കുകയാണ്‌: അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ നിങ്ങൾ യഹോവയുടെ പക്ഷത്താണെന്ന കാര്യം. (ഇയ്യോ. 2:3, 4) “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക” എന്ന യഹോവയുടെ ഹൃദയംഗമമായ ക്ഷണത്തിനു ചെവികൊടുക്കുകയാണെന്നു തിരിച്ചറിയുന്നതിന്റെ സംതൃപ്‌തിയും നിങ്ങൾക്ക്‌ ഉണ്ടാകും. (സദൃ. 27:11) കൂടാതെ, യഹോവയുടെ അംഗീകാരം നിങ്ങൾക്കുണ്ടെന്നു മനസ്സിലാകുമ്പോൾ, അവനെ സേവിക്കാനുള്ള ആഗ്രഹം ശക്തമാക്കാൻ നിങ്ങൾ പ്രേരിതരാകും.

16. ഒരു സഹോദരി യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചത്‌ എങ്ങനെ?

16 ക്രിസ്‌ത്യാനിയായ കാരളിന്റെ അനുഭവം നോക്കൂ. ബൈബിൾ തത്ത്വങ്ങളോടു പറ്റിനിന്നിരുന്ന അവളുടെ നല്ല നടത്ത, സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നു. ഫലമോ? ബൈബിൾ പരിശീലിത മനസ്സാക്ഷി നിമിത്തം വിശേഷദിവസങ്ങളിൽനിന്നും ദേശഭക്തിപരമായ ചടങ്ങുകളിൽനിന്നും വിട്ടുനിന്നതുകൊണ്ട്‌ സഹപാഠികൾ അവളെ പരിഹസിച്ചിരുന്നു. അത്തരം ചില സന്ദർഭങ്ങളിൽ തന്റെ വിശ്വാസത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ അവൾക്ക്‌ അവസരം കിട്ടി. കൂടെ പഠിച്ചിരുന്ന ഒരു കുട്ടി വർഷങ്ങൾക്കുശേഷം അവൾക്കൊരു കാർഡ്‌ അയച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിനക്ക്‌ ഒരു കാർഡ്‌ അയയ്‌ക്കണം, നിന്നോട്‌ നന്ദി പറയണം എന്ന്‌ കുറെ നാളായി വിചാരിക്കുന്നു. ക്രിസ്‌ത്യാനിയായ നിന്റെ നല്ല പെരുമാറ്റവും മാതൃകയും വിശേഷദിന പരിപാടികളിൽനിന്ന്‌ ഒഴിഞ്ഞിരിക്കാനുള്ള നിന്റെ ധൈര്യവും ഞാൻ ശ്രദ്ധിച്ചിരുന്നു. യഹോവയുടെ സാക്ഷികളിൽ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്‌ നിന്നെയാണ്‌.” കാരളിന്റെ മാതൃക ആ സഹപാഠിയെ വളരെയേറെ സ്വാധീനിച്ചു, അവൾ പിന്നീട്‌ ബൈബിൾ പഠിക്കാൻ അത്‌ ഇടയാക്കി. അവൾ മറ്റൊരു കാര്യംകൂടി ആ കാർഡിൽ എഴുതിയിരുന്നു: താൻ സ്‌നാനമേറ്റിട്ട്‌ 40 വർഷമായെന്ന്‌! കാരളിനെപ്പോലെ നിങ്ങളും ബൈബിൾ തത്ത്വങ്ങളോട്‌ ധീരമായി പറ്റിനിൽക്കുമ്പോൾ യഹോവയെ അറിയാൻ സത്യതത്‌പരരായ പലരെയും അത്‌ പ്രചോദിപ്പിച്ചേക്കാം.

യഹോവയെ സ്‌തുതിക്കുന്ന കുട്ടികൾ

17, 18. (എ) നിങ്ങളുടെ സഭയിലെ കുട്ടികളെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു? (ബി) ദൈവഭയമുള്ള കുട്ടികളുടെ ഭാവി എങ്ങനെയുള്ളതായിത്തീരും?

17 ആയിരക്കണക്കിന്‌ കുട്ടികളാണ്‌ ഇന്ന്‌ തീക്ഷ്‌ണതയോടെ സത്യാരാധനയിൽ പങ്കുപറ്റുന്നത്‌! യഹോവയുടെ ലോകവ്യാപക സംഘടനയുടെ ഭാഗമായ നമുക്കെല്ലാം ആഹ്ലാദം പകരുന്ന ഒരു കാഴ്‌ചയാണത്‌. ദിവസവും ബൈബിൾ വായിക്കുകയും പ്രാർഥിക്കുകയും ദൈവത്തിനു ഹിതകരമായ വിധത്തിൽ പെരുമാറുകയും ചെയ്‌തുകൊണ്ട്‌ ഈ കുട്ടികൾ യഹോവയെ ആരാധിക്കാനുള്ള അവരുടെ ആഗ്രഹം ശക്തമാക്കുന്നു. മാതൃകായോഗ്യരായ ഈ കുട്ടികൾ അവരുടെ മാതാപിതാക്കൾക്കു മാത്രമല്ല ദൈവജനത്തിന്‌ ഒന്നാകെ പ്രോത്സാഹനം പകരുന്നു.—സദൃ. 23:24, 25.

18 ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിലേക്ക്‌ അതിജീവിക്കുന്നവരുടെ കൂട്ടത്തിൽ, വിശ്വസ്‌തരായ കുട്ടികളും ഉണ്ടായിരിക്കും. (വെളി. 7:9, 14) അവിടെ, യഹോവയോടുള്ള വിലമതിപ്പിൽ വളർന്നുവരുമ്പോൾ അവർക്ക്‌ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ അവർണനീയമാണ്‌. നിത്യതയിലുടനീളം അവർക്ക്‌ യഹോവയെ സ്‌തുതിക്കാനാകും.—സങ്കീ. 148:12, 13.

വിശദീകരിക്കാമോ?

• കുട്ടികൾക്ക്‌ ഇന്ന്‌ സത്യാരാധനയിൽ പങ്കുപറ്റാനാകുന്ന വിധങ്ങൾ ഏവ?

• ബൈബിൾ വായനയിൽനിന്ന്‌ പ്രയോജനം ലഭിക്കാൻ നിങ്ങൾ അതേക്കുറിച്ച്‌ ധ്യാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• യഹോവയോട്‌ അടുത്തുചെല്ലാൻ പ്രാർഥന നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെ?

• ഒരു ക്രിസ്‌ത്യാനിയുടെ നല്ല നടത്തയ്‌ക്ക്‌ എന്തെല്ലാം പ്രയോജനങ്ങളുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[5-ാം പേജിലെ ചിത്രം]

ദിവസവും ബൈബിൾ വായിക്കുന്നത്‌ നിങ്ങളുടെ ശീലമാണോ?