വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം ‘സുരക്ഷിതരായിരിക്കാൻ’ യഹോവ ആഗ്രഹിക്കുന്നു

നാം ‘സുരക്ഷിതരായിരിക്കാൻ’ യഹോവ ആഗ്രഹിക്കുന്നു

നാം ‘സുരക്ഷിതരായിരിക്കാൻ’ യഹോവ ആഗ്രഹിക്കുന്നു

ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത ഭയാനക സംഭവങ്ങളാണ്‌ അരങ്ങേറാനിരിക്കുന്നത്‌. അന്ന്‌ തന്റെ അംഗീകാരമുള്ളവരെല്ലാം “രക്ഷ പ്രാപിക്കു”ന്നെന്ന്‌, അവർ സുരക്ഷിതരാണെന്ന്‌ സർവശക്തനായ ദൈവം ഉറപ്പുവരുത്തും. (യോവേ. 2:32, പി.ഒ.സി. ബൈബിൾ) തന്റെ ജനം സുരക്ഷിതരായിരിക്കണം എന്ന്‌ യഹോവ എക്കാലവും ആഗ്രഹിച്ചിരുന്നു. “ജീവന്റെ ഉറവ്‌” അവനായതിനാൽ സകല മനുഷ്യരും അവനു വിലപ്പെട്ടവരാണ്‌, സംരക്ഷിക്കപ്പെടേണ്ടവരാണ്‌.—സങ്കീ. 36:9.

ജീവനെ സംബന്ധിച്ച്‌ ദൈവത്തിന്റെ അതേ വീക്ഷണമാണ്‌ പുരാതന ദൈവദാസന്മാർക്കും ഉണ്ടായിരുന്നത്‌. യാക്കോബും കുടുംബവും അപകടം നിറഞ്ഞ ഒരു യാത്ര “സുരക്ഷിത”മായി പൂർത്തിയാക്കിയതിനെക്കുറിച്ച്‌ നാം തിരുവെഴുത്തുകളിൽ വായിക്കുന്നു. (ഉല്‌പ. 33:18, പി.ഒ.സി.) സംരക്ഷണത്തിനായി യാക്കോബ്‌ യഹോവയിൽ ആശ്രയിച്ചു. എന്നാൽ അതുമാത്രമല്ല, തന്നോടുകൂടെ യാത്ര ചെയ്‌തവരുടെ സുരക്ഷയ്‌ക്കുവേണ്ട കരുതലുകളും അവൻ ചെയ്‌തു. (ഉല്‌പ. 32:7, 8; 33:14, 15) ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാനാകും. അവ രാജ്യഹാൾ നിർമാണത്തിലും അതുപോലുള്ള മറ്റു ജോലികളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരെ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ നമുക്കു നോക്കാം.

ന്യായപ്രമാണവും സുരക്ഷാനിയമങ്ങളും

ദൈവജനം സുരക്ഷാനിയമങ്ങൾ പാലിക്കണമെന്ന്‌ ന്യായപ്രമാണം നിഷ്‌കർഷിച്ചു. ഉദാഹരണത്തിന്‌, ഒരു ഇസ്രായേല്യൻ വീടു പണിയുമ്പോൾ മേൽക്കൂരയ്‌ക്ക്‌ പാരപ്പറ്റ്‌ അഥവാ കൈമതിൽ കെട്ടണമായിരുന്നു. ആളുകൾ കൂടെക്കൂടെ ടെറസിൽ കയറുമായിരുന്നതിനാൽ മുകളിൽനിന്നു വീണ്‌ അപകടം സംഭവിക്കാതിരിക്കാനായിരുന്നു അത്‌. (1 ശമൂ. 9:25; മത്താ. 24:17) ഈ നിയമം അനുസരിക്കാതെ അപകടം പിണഞ്ഞാൽ വീട്ടുടമസ്ഥനായിരുന്നു അതിന്റെ ഉത്തരവാദിത്വം.—ആവ. 22:8.

വളർത്തുമൃഗങ്ങളാൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ കുറയ്‌ക്കുന്നതിനും ന്യായപ്രമാണം നിയമങ്ങൾ വെച്ചു. ഒരു കാള ആരെയെങ്കിലും കുത്തിക്കൊന്നാൽ ഉടമസ്ഥൻ അതിനെ കൊന്നുകളയണം; ആ കാള മറ്റാരെയും ഉപദ്രവിക്കാതിരിക്കാനായിരുന്നു അത്‌. അതിന്റെ മാംസം ഭക്ഷിക്കാനോ വിൽക്കാനോ പാടില്ലായിരുന്നതുകൊണ്ട്‌ അതിനെ കൊല്ലുന്നത്‌ ഉടമസ്ഥന്‌ വലിയ നഷ്ടം വരുത്തുമായിരുന്നു. എന്നാൽ അതിന്റെ പേരിൽ, ആരെയെങ്കിലും കുത്തിയ ഒരു കാളയെ ഉടമസ്ഥൻ കെട്ടിയിടാതിരുന്നാലോ? ആ കാള പിന്നെ ആരെയെങ്കിലും കുത്തിക്കൊന്നാൽ കാളയെ മാത്രമല്ല ഉടമസ്ഥനെയും കൊന്നുകളയണമെന്നു ന്യായപ്രമാണം നിഷ്‌കർഷിച്ചു. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നവർക്ക്‌ ഒരു മുന്നറിയിപ്പായിരുന്നു അത്‌.—പുറ. 21:28, 29.

പണിയായുധങ്ങൾ ശരിയാംവണ്ണം ഉപയോഗിക്കാനും ന്യായപ്രമാണം പ്രോത്സാഹിപ്പിച്ചു. മരം വെട്ടുന്നതിനിടയിൽ കോടാലി പിടിയിൽനിന്നൂരി തെറിച്ചുപോയി അടുത്തുനിൽക്കുന്നയാൾ കൊല്ലപ്പെട്ടാൽ മരംവെട്ടിയ ആൾ സങ്കേത നഗരത്തിലേക്ക്‌ ഓടിപ്പോകണമെന്നായിരുന്നു നിയമം. മഹാപുരോഹിതന്റെ മരണംവരെ അയാൾ ആ സങ്കേത നഗരത്തിൽ കഴിയേണ്ടിയിരുന്നു. അബദ്ധവശാൽ ഒരാളെ കൊന്ന ഒരു വ്യക്തിക്ക്‌ വർഷങ്ങളോളം വീട്ടിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും അകന്ന്‌ കഴിയേണ്ടിവരുമായിരുന്നു എന്നാണ്‌ ഇതിന്റെ അർഥം. യഹോവ ജീവനെ പാവനമായി കാണുന്നു എന്ന്‌ ഈ ക്രമീകരണം ഇസ്രായേൽ ജനതയെ പഠിപ്പിച്ചു. ദൈവത്തിന്റെ അതേ വീക്ഷണമുള്ള ഒരാൾ തന്റെ പണിയായുധങ്ങൾ കേടുപാടുകൾ പോക്കി സൂക്ഷിക്കുകയും ശ്രദ്ധയോടെ അവ കൈകാര്യംചെയ്യുകയും ചെയ്‌തിരുന്നു.—സംഖ്യാ. 35:25; ആവ. 19:4-6.

തന്റെ ജനം വീട്ടിലും പുറത്തും സുരക്ഷാ നടപടികൾ പിൻപറ്റാൻ യഹോവ പ്രതീക്ഷിച്ചിരുന്നെന്ന്‌ അത്തരം നിയമങ്ങൾ വ്യക്തമാക്കി. മറ്റാരെയെങ്കിലും കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്ന ഒരാൾ—അബദ്ധവശാൽ ആണെങ്കിൽപ്പോലും—ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിയിരുന്നു. ഇക്കാര്യത്തിൽ യഹോവയുടെ ചിന്താഗതിക്ക്‌ ഇന്നും മാറ്റമൊന്നുമില്ല. (മലാ. 3:6) ആളുകൾ തങ്ങൾക്കുതന്നെയോ മറ്റുള്ളവർക്കോ അപകടം വരുത്തിവയ്‌ക്കരുതെന്ന്‌ അവൻ ഇപ്പോഴും ആഗ്രഹിക്കുന്നു. അവന്റെ സത്യാരാധനയ്‌ക്കുവേണ്ടിയുള്ള കെട്ടിടങ്ങൾ നിർമിക്കുകയും കേടുപോക്കുകയും ചെയ്യുമ്പോൾ ഇക്കാര്യത്തിന്‌ വിശേഷശ്രദ്ധ നൽകണം.

നിർമാണ പ്രവർത്തനങ്ങൾ സുരക്ഷിതമായി

രാജ്യഹാൾ, സമ്മേളനഹാൾ, ബ്രാഞ്ചോഫീസ്‌ കെട്ടിടങ്ങൾ മുതലായവ നിർമിക്കുന്നതും അറ്റകുറ്റപ്പണികൾ ചെയ്യുന്നതും വലിയ പദവിയായി നാം കാണുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കാര്യവും വ്യത്യസ്‌തമല്ല. ചെറുതും വലുതുമായ എല്ലാ ജോലികളും, എല്ലായ്‌പോഴും വളരെ ശ്രദ്ധയോടും വൈദഗ്‌ധ്യത്തോടും കൂടെ ചെയ്യേണ്ടതുണ്ട്‌. അല്ലാത്തപക്ഷം അതു നമുക്കും മറ്റുള്ളവർക്കും അപകടം വരുത്തിയേക്കും. (സഭാ. 10:9) ജോലിസ്ഥലത്ത്‌ സുരക്ഷാ മാർഗങ്ങൾ അവലംബിക്കുന്നെങ്കിൽ അത്യാഹിതങ്ങൾ ഒഴിവാക്കാനാകും.

ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.” (സദൃ. 20:29) ശക്തിയുണ്ടെങ്കിലേ ഭാരപ്പെട്ട ജോലികൾ ചെയ്യാനാകൂ. യുവാക്കൾക്ക്‌ അതിനു കഴിയും. എന്നാൽ “വൃദ്ധന്മാ”രായവർക്ക്‌—നിർമാണ പ്രവർത്തനങ്ങളിൽ അനുഭവപരിചയമുള്ളവർക്ക്‌—നല്ല വൈദഗ്‌ധ്യം വേണ്ട വേലകൾ ചെയ്യാനാകും. ഒരിക്കൽ ഇവരും ചെറുപ്പമായിരുന്നു. അന്ന്‌ അവർ തങ്ങളുടെ ശക്തി ഉപയോഗിച്ച്‌ ഭാരപ്പെട്ട പണികൾ ചെയ്‌തിരുന്നു. നിങ്ങൾ പുതിയ ആളാണെങ്കിൽ അനുഭവപരിചയം ഉള്ളവർ ജോലിചെയ്യുന്നത്‌ എങ്ങനെയെന്ന്‌ നിരീക്ഷിക്കുക. അവർ തരുന്ന നിർദേശങ്ങൾ അനുസരിക്കുക. നിങ്ങൾക്ക്‌ പഠിക്കാൻ മനസ്സുണ്ടെങ്കിൽ, അവർ നിങ്ങളെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കും. അപകട കാരണമായേക്കാവുന്ന വസ്‌തുക്കൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത്‌ എങ്ങനെയെന്നും ഭാരമുള്ള വസ്‌തുക്കൾ ഉയർത്തേണ്ടത്‌ എങ്ങനെയെന്നുമെല്ലാം അവർ പറഞ്ഞുതരും. അങ്ങനെയാകുമ്പോൾ നിങ്ങൾക്ക്‌ സന്തോഷത്തോടെ സുരക്ഷിതമായി, നല്ലരീതിയിൽ ജോലിചെയ്യാനാകും.

ജോലിക്കാർ എപ്പോഴും അതീവ ശ്രദ്ധയുള്ളവർ ആയിരിക്കണം. ജോലിസ്ഥലത്തെ സാഹചര്യവും പരിസരവും പെട്ടെന്ന്‌ മാറിയേക്കാം. ഉറച്ച നിലം ഉണ്ടായിരുന്നിടത്ത്‌ ഇപ്പോൾ ഒരു കുഴിയായിരിക്കാം. ഇനി, മറ്റു ജോലിക്കാർ ആരെങ്കിലും ഒരു ഗോവണിയോ പലകയോ ഒരു ബക്കറ്റ്‌ പെയിന്റോ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിയെന്നുവരാം; ശ്രദ്ധിച്ചില്ലെങ്കിൽ, പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്‌. ജോലിക്കാർ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരിക്കണം എന്ന്‌ സാധാരണഗതിയിൽ സുരക്ഷാനിയമങ്ങൾ നിഷ്‌കർഷിക്കാറുണ്ട്‌. സേഫ്‌റ്റി ഗ്ലാസുകൾ, സേഫ്‌റ്റി ഹെൽമറ്റ്‌, ജോലിക്കിണങ്ങിയ ഷൂസ്‌ എന്നിവ ധരിക്കുന്നത്‌ പല അപകടങ്ങളിൽനിന്നും നിങ്ങളെ സംരക്ഷിക്കും. അവ കേടുപാടുകൾ ഇല്ലാത്തതായിരിക്കണം, അവ ധരിക്കുകയും വേണം. എങ്കിൽ മാത്രമേ പ്രയോജനമുള്ളൂ.

ചില ഉപകരണങ്ങൾ ഉപയോഗിക്കാൻ എളുപ്പമാണെന്ന്‌ തോന്നിയേക്കാം. പക്ഷേ സുരക്ഷിതമായി വൈദഗ്‌ധ്യത്തോടെ അവ ഉപയോഗിക്കാൻ നല്ല പരിശീലനം വേണ്ടിവരും. നിങ്ങൾക്ക്‌ ആവശ്യമുള്ള ഒരു ഉപകരണം ഉപയോഗിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അറിയില്ലെങ്കിൽ മേൽനോട്ടം വഹിക്കുന്ന സഹോദരനോട്‌ അക്കാര്യം പറയുക. നിങ്ങളെ പരിശീലിപ്പിക്കാൻ അദ്ദേഹം ക്രമീകരണംചെയ്യും. സ്വന്തം പരിമിതികൾ തിരിച്ചറിയുന്നത്‌ ഏറെ ഗുണംചെയ്യും. ജോലിസ്ഥലത്ത്‌ നിങ്ങളുൾപ്പെടെയുള്ളവരെ അപകടങ്ങളിൽനിന്ന്‌ സംരക്ഷിക്കാൻ അതു സഹായിക്കും.—സദൃ. 11:2.

പണിസ്ഥലങ്ങളിൽ മിക്കപ്പോഴും മുകളിൽനിന്നു വീണാണ്‌ അപകടങ്ങൾ സംഭവിക്കാറുള്ളത്‌. ഗോവണിയിൽ കയറുന്നതിനുമുമ്പ്‌ അല്ലെങ്കിൽ പലകത്തട്ടിൽ (സ്‌കഫോൾഡ്‌) ചവിട്ടുന്നതിനുമുമ്പ്‌ അവ ഉറപ്പുള്ളതാണെന്ന്‌ തീർച്ചപ്പെടുത്തുക. പലകത്തട്ടിൽനിന്നോ മേൽക്കൂരയിൽനിന്നോ ജോലിചെയ്യുമ്പോൾ സുരക്ഷാബെൽറ്റ്‌ ധരിക്കണമെന്ന്‌ അല്ലെങ്കിൽ അവയ്‌ക്ക്‌ കൈവരികൾ സ്ഥാപിക്കണമെന്ന്‌ നിയമം ഉണ്ടായിരിക്കാം. ഉയരത്തിൽനിന്ന്‌ ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ അതേക്കുറിച്ചുള്ള സംശയങ്ങൾ മേൽനോട്ടം വഹിക്കുന്ന സഹോദരനോടു ചോദിക്കുക. *

ലോകമെമ്പാടും യഹോവയെ സേവിക്കുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്‌. അതുകൊണ്ടുതന്നെ സത്യാരാധനയ്‌ക്ക്‌ ആവശ്യമായ രാജ്യഹാളുകളും മറ്റു സൗകര്യങ്ങളും കൂടുതൽ ആവശ്യമായിവരുന്നു. രാജ്യഹാൾ നിർമാണത്തിനോ അതുപോലുള്ള മറ്റു പ്രവർത്തനങ്ങൾക്കോ മേൽനോട്ടംവഹിക്കുന്നവർക്ക്‌ തങ്ങളുടെ കീഴിൽ ജോലിചെയ്യുന്ന യഹോവയുടെ അജഗണങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്‌. (യെശ. 32:1, 2) നിർമാണ വേലയിൽ പങ്കെടുക്കുന്ന സഹോദരീസഹോദരന്മാർക്ക്‌ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ടെങ്കിൽ അവരുടെ സുരക്ഷയ്‌ക്ക്‌ അതീവ പ്രാധാന്യം നൽകുക. പണിസ്ഥലം എപ്പോഴും വൃത്തിയുള്ളതാണെന്നും അനാവശ്യ സാധനങ്ങൾ അവിടെ ഇവിടെ കിടക്കുന്നില്ലെന്നും ഉറപ്പുവരുത്തുക. സുരക്ഷാനിയമങ്ങൾ പാലിക്കുന്നതിൽ വീഴ്‌ചവരുത്തുന്നവരോട്‌ ദയാപുരസ്സരം, എന്നാൽ ദൃഢതയോടെ അതേക്കുറിച്ച്‌ സംസാരിക്കുക. അനുഭവപരിചയം ഇല്ലാത്തവരെ ഏറെ അപകടസാധ്യതയുള്ള സ്ഥലത്തേക്ക്‌ കടക്കാൻ അനുവദിക്കരുത്‌. ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ മുൻകൂട്ടിക്കണ്ട്‌ അവ ഒഴിവാക്കാൻ വേണ്ട പരിശീലനം നൽകുക. ഒരു കാര്യം എപ്പോഴും മനസ്സിൽപ്പിടിക്കണം: അപകടങ്ങളൊന്നും കൂടാതെ നിർമാണം പൂർത്തിയാക്കുക എന്നതാണ്‌ നമ്മുടെ ലക്ഷ്യം.

സ്‌നേഹം പ്രധാനം

രാജ്യഹാളുകളുടെയും മറ്റും നിർമാണത്തിൽ അപകടസാധ്യതയുള്ള ജോലികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജോലിക്കാരെല്ലാം നല്ല ശ്രദ്ധയുള്ളവർ ആയിരിക്കണം. ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതും ഇത്തരം പ്രവർത്തനങ്ങൾക്കായി നൽകിയിരിക്കുന്ന നിർദേശങ്ങൾ അനുസരിക്കുന്നതും നല്ല വിവേചനയോടെ കാര്യങ്ങൾ ചെയ്യുന്നതും പ്രധാനമാണ്‌. അങ്ങനെയാകുമ്പോൾ നിങ്ങൾക്ക്‌ അപകടങ്ങൾ ഒഴിവാക്കാനാകും, കൂടെ ജോലിചെയ്യുന്നവരെ സംരക്ഷിക്കാനുമാകും.

സുരക്ഷയ്‌ക്ക്‌ ഏറെ പ്രാധാന്യം കൊടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ സ്‌നേഹമാണ്‌. അതെ, യഹോവയോടുള്ള സ്‌നേഹം ജീവനെ അവൻ വീക്ഷിക്കുന്നതുപോലെ അമൂല്യമായി കാണാൻ നമ്മെ പ്രചോദിപ്പിക്കും. ആളുകളോടുള്ള സ്‌നേഹം, നമ്മുടെ കൈപ്പിഴമൂലം മറ്റുള്ളവർക്ക്‌ അപകടം ഉണ്ടാക്കുന്നതിൽനിന്ന്‌ നമ്മെ തടയും. (മത്താ. 22:37-39) അതുകൊണ്ട്‌ നമ്മോടൊപ്പം നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ‘സുരക്ഷിതത്വത്തിന്‌’ നമ്മാലാകുന്നതെല്ലാം ചെയ്യാം.

[അടിക്കുറിപ്പ്‌]

^ ഖ. 14 30-ാം പേജിലെ “ഗോവണി ഉപയോഗിക്കുമ്പോൾ. . .” എന്ന ചതുരം കാണുക.

[30-ാം പേജിലെ ചതുരം/ചിത്രം]

ഗോവണി ഉപയോഗിക്കുമ്പോൾ. . .

സമീപ വർഷങ്ങളിലൊന്നിൽ ഐക്യനാടുകളിൽത്തന്നെ 1,60,000 ജോലിക്കാർക്ക്‌ ഗോവണിയിൽനിന്നു വീണ്‌ പരിക്കേറ്റിട്ടുണ്ട്‌. ഏകദേശം 150 പേർ അത്തരം വീഴ്‌ചയിൽ മരണമടയുകയുണ്ടായി. ഗോവണി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

◇ ഇളകുന്നതോ കേടുപറ്റിയതോ ആയ ഗോവണി ഉപയോഗിക്കരുത്‌. അത്‌ നന്നാക്കാൻ ശ്രമിക്കാതെ നശിപ്പിച്ചുകളയുക.

◇ ഓരോ ഗോവണിക്കും താങ്ങാനാകുന്ന ഒരു ഭാരമുണ്ട്‌. നിങ്ങളുടെയും നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും മൊത്തം ഭാരം ഗോവണിക്കു താങ്ങാനാകുന്ന ഭാര പരിധിക്കുള്ളിലാണെന്ന്‌ ഉറപ്പുവരുത്തുക.

◇ നിരപ്പായ, ഉറപ്പുള്ള ഒരു സ്ഥലത്ത്‌ ഗോവണി വെക്കുക. പലകത്തട്ട്‌ (സ്‌കഫോൾഡ്‌), ബക്കറ്റ്‌, ബോക്‌സ്‌ എന്നിങ്ങനെ ഉറപ്പില്ലാത്ത വസ്‌തുക്കളുടെമേൽ ഗോവണി ഉറപ്പിക്കരുത്‌.

◇ ഗോവണിക്ക്‌ അഭിമുഖമായിവേണം അതിൽ കയറാനും ഇറങ്ങാനും.

◇ ഒരു ഗോവണിയുടെയും മുകളിലത്തെ ആദ്യ രണ്ടുപടികളിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുത്‌.

◇ മേൽക്കൂരയിലോ മറ്റോ കയറാൻ ഗോവണി ഉപയോഗിക്കുമ്പോൾ കയറിച്ചെല്ലേണ്ട ഇടത്തുനിന്ന്‌ അത്‌ ഒരുമീറ്ററോളം ഉയർന്നുനിൽക്കണം. ഗോവണിയുടെ ചുവട്‌ തെന്നിമാറാതിരിക്കാൻ ഒന്നുകിൽ അതു കെട്ടിവെക്കുക അല്ലെങ്കിൽ അതിന്റെ മുമ്പിൽ പലക അടിച്ചുറപ്പിക്കുക. ഇങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഗോവണിയിൽ പിടിക്കാൻ ആരോടെങ്കിലും ആവശ്യപ്പെടുക. വശങ്ങളിലേക്ക്‌ തെന്നിമാറാതിരിക്കാൻ ഗോവണിയുടെ മുകൾഭാഗം കെട്ടിവെക്കുക.

◇ ഗോവണിപ്പടികളിൽ പലകകൾവെച്ച്‌ അതിൽ കയറിനിന്ന്‌ ജോലിചെയ്യരുത്‌.

◇ ഉയരത്തിൽനിന്നു ജോലിചെയ്യുമ്പോൾ എത്തിവലിഞ്ഞ്‌ ഒന്നും ചെയ്യാൻ ശ്രമിക്കരുത്‌. ഗോവണി ഇളകാൻ അത്‌ ഇടയാക്കും. വേണ്ടുമ്പോഴെല്ലാം ആവശ്യമുള്ളിടത്തേക്ക്‌ ഗോവണി നീക്കിവെക്കുക.

◇ അടച്ചിട്ട വാതിലിനു മുമ്പിലാണ്‌ ഗോവണി വെച്ചിരിക്കുന്നതെങ്കിൽ വാതിൽ തുറക്കാതിരിക്കാൻ ബോർഡ്‌ തൂക്കുകയും വാതിൽ പൂട്ടുകയും ചെയ്യുക. പൂട്ടാൻ കഴിയില്ലെങ്കിൽ വാതിൽക്കൽ ഒരാളെ നിറുത്തുക. അതിലെ ആരും പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണം.

◇ രണ്ടുപേർക്ക്‌ കയറാവുന്ന ഗോവണിയല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആൾ അതിൽ കയറരുത്‌. *

[അടിക്കുറിപ്പ്‌]

^ ഖ. 33 ഗോവണി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾക്കായി 1999 ആഗസ്റ്റ്‌ 8 ലക്കം ഉണരുക!യുടെ 22-24 പേജുകൾ കാണുക.

[29-ാം പേജിലെ ചിത്രം]

മേൽക്കൂരയ്‌ക്ക്‌ കൈമതിൽ കെട്ടണമെന്ന്‌ മോശൈക ന്യായപ്രമാണം നിഷ്‌കർഷിച്ചു