യഹോവയിൽ ആശ്രയിക്കാൻ പരിശോധനകൾ ഞങ്ങളെ പഠിപ്പിച്ചു
യഹോവയിൽ ആശ്രയിക്കാൻ പരിശോധനകൾ ഞങ്ങളെ പഠിപ്പിച്ചു
ആഡാ ഡെല്ലോ സ്‌ട്രീറ്റോ പറഞ്ഞപ്രകാരം
ഇന്നത്തെ ദിനവാക്യം ഞാൻ എന്റെ നോട്ട്‌ബുക്കിലേക്ക് പകർത്തിക്കഴിഞ്ഞതേയുള്ളൂ. എനിക്ക് 36 വയസ്സുണ്ട്; പക്ഷേ ഈ ഏതാനും വരികൾ നോട്ട്‌ബുക്കിലെഴുതാൻ എനിക്ക് രണ്ടു മണിക്കൂർ വേണ്ടിവന്നു. ഇത്ര സമയം വേണ്ടിവന്നത് എന്തുകൊണ്ടാണ്? എന്റെ അമ്മ അതു പറയും.—ജോയൽ
ഭർത്താവും ഞാനും 1968-ൽ യഹോവയുടെ സാക്ഷികളായി സ്‌നാനമേറ്റു. 1973-ൽ ബെൽജിയത്തിലെ ബെൻഷ് (ബ്രസൽസ്സിൽനിന്ന് 60 കിലോമീറ്റർ തെക്ക്) എന്ന പട്ടണത്തിലുള്ള ഒരു ആശുപത്രിയിൽ ഞങ്ങളുടെ മൂന്നാമത്തെ മകനായ ജോയൽ ജനിച്ചു. ഞങ്ങളുടെ മൂത്ത പുത്രന്മാരായ ഡേവിഡും മാർക്കും നല്ല ആരോഗ്യമുള്ള കുട്ടികളായിരുന്നെങ്കിലും മാസംതികയാതെ ജനിച്ചതുകൊണ്ട് ജോയലിന് 1.7 കി.ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ആശുപത്രിയിൽനിന്നു പോരാനായെങ്കിലും തൂക്കം വർധിക്കുന്നതുവരെ അവന് ആശുപത്രിയിൽത്തന്നെ കഴിയേണ്ടിവന്നു.
ആഴ്‌ചകൾക്കു ശേഷവും ജോയലിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഞങ്ങൾ അവനെ ഒരു ശിശുരോഗവിദഗ്‌ധനെ കാണിച്ചു. ജോയലിനെ പരിശോധിച്ചശേഷം ഡോക്‌ടർ ഇങ്ങനെ പറഞ്ഞു: “ജോയലിന് അവന്റെ ചേട്ടന്മാർക്കില്ലാത്ത എല്ലാത്തരം പ്രശ്‌നങ്ങളുമുണ്ട്.” അതിനുശേഷം ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു. ഞങ്ങളുടെ കുഞ്ഞിന് ഗുരുതരമായ രോഗമുണ്ടെന്ന് എനിക്കു മനസ്സിലായത് അപ്പോഴാണ്. ഡോക്‌ടർ എന്റെ ഭർത്താവ് ലുയീജിയെ മാറ്റി നിറുത്തിയിട്ട് അദ്ദേഹത്തോടു പറഞ്ഞു: “നിങ്ങളുടെ കുഞ്ഞിന് ട്രൈസോമി 21 എന്ന അസുഖമാണ്.” ഇതിനെ ഡൗൺ സിൻഡ്രോം എന്നും പറയാറുണ്ട്. *
ജോയലിന്റെ രോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങൾ വല്ലാതെ വിഷമിച്ചു. മറ്റൊരു സ്‌പെഷ്യലിസ്റ്റിനെ കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഏകദേശം ഒരു മണിക്കൂറോളം ഡോക്‌ടർ ജോയലിനെ പരിശോധിച്ചു. അതിനിടെ അദ്ദേഹം ഒരക്ഷരംപോലും സംസാരിച്ചില്ല. ആ സമയം ഒരിക്കലും അവസാനിക്കാത്തതുപോലെയാണ് ഞങ്ങൾക്കു തോന്നിയത്. ഒടുവിൽ ഡോക്‌ടർ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കുട്ടിക്ക് എല്ലാറ്റിനും നിങ്ങളെ ആശ്രയിക്കേണ്ടിവരും.” തുടർന്ന് ദയാപുരസ്സരം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “പക്ഷേ നിങ്ങൾ അവനെ സ്‌നേഹിക്കുന്നതുകൊണ്ട് അവൻ സന്തോഷവാനായിരിക്കും.” വികാരാധീനയായി ഞാൻ ജോയലിനെ കൈകളിലെടുത്തു. ഞങ്ങൾ അവനെ വീട്ടിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും അവന് എട്ടാഴ്‌ച പ്രായമായിരുന്നു.
ക്രിസ്‌തീയ യോഗങ്ങളും ശുശ്രൂഷയും ശക്തീകരിച്ചു
ജോയലിന്റെ ഹൃദയത്തിന് കാര്യമായ തകരാറുണ്ടെന്നും അവന് കണരോഗം (റിക്കറ്റ്‌സ്) ഉണ്ടെന്നും പിന്നീടുള്ള പരിശോധനകളിൽ തെളിഞ്ഞു. അവന്റെ ഹൃദയത്തിന് വലിപ്പം കൂടുതലായിരുന്നു. അത് ശ്വാസകോശത്തെ ഞെരുക്കിയിരുന്നതിനാൽ അണുബാധയുണ്ടാകാൻ
ഏറെ സാധ്യതയുണ്ടായിരുന്നു. നാലു മാസം പ്രായമായപ്പോൾ ജോയലിന് ശ്വാസകോശ ന്യുമോണിയ ബാധിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അവനെ അവിടെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. അവൻ പ്രയാസപ്പെടുന്നത് കണ്ടുനിൽക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. അവനെ ഒന്ന് കൈയിലെടുത്ത് താലോലിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു. പക്ഷേ, 10 ആഴ്‌ചത്തേക്ക് അവനെ തൊടാൻപോലും ഞങ്ങളെ അനുവദിച്ചില്ല. ജോയലിനെ വെറുതെ കാണാൻ മാത്രമേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ. പരസ്‌പരം ആശ്വസിപ്പിക്കാനും പ്രാർഥിക്കാനും അല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല.പ്രയാസം നിറഞ്ഞ ആ സമയങ്ങളിലും മറ്റു രണ്ടു മക്കളോടൊപ്പം ഞങ്ങൾ യോഗങ്ങൾക്ക് മുടങ്ങാതെ പോയിരുന്നു. അന്ന് ഡേവിഡിന് ആറുവയസ്സായിരുന്നു; മാർക്കിന് മൂന്നും. രാജ്യഹാളിൽ ആയിരിക്കെ യഹോവയുടെ കൈക്കുമ്പിളിലാണെന്നു ഞങ്ങൾക്കു തോന്നി. സഹോദരങ്ങളോടൊപ്പം ചെലവഴിച്ച ആ സമയത്ത് മനസ്സിന് ശരിക്കും പ്രശാന്തത അനുഭവപ്പെട്ടിരുന്നു; യഹോവയുടെമേൽ ഭാരങ്ങൾ ഇറക്കിവെക്കാനാകുന്നതായും ഞങ്ങൾക്കു തോന്നി. (സങ്കീ. 55:22) യോഗങ്ങൾക്ക് ഹാജരാകുന്നതുകൊണ്ടാണ് ഞങ്ങൾക്ക് സമനില കാത്തുസൂക്ഷിക്കാൻ കഴിയുന്നതെന്ന് ജോയലിനെ പരിചരിച്ച ചില നഴ്‌സുമാർപോലും പറഞ്ഞു.
ആ സമയങ്ങളിൽ ശുശ്രൂഷയിൽ ഏർപ്പെടാനുള്ള ശക്തിക്കായി ഞാൻ യഹോവയോട് യാചിച്ചു. വെറുതെ വീട്ടിലിരുന്ന് കരയുന്നതിനുപകരം, രോഗങ്ങളില്ലാത്ത ഒരു ലോകം വരുമെന്ന ദൈവത്തിന്റെ വാഗ്‌ദാനത്തെക്കുറിച്ചും അതിൽ വിശ്വസിക്കുന്നത് എന്നെ ബലപ്പെടുത്തുന്നത് എങ്ങനെയെന്നും മറ്റുള്ളവരോടു പറയാൻ ഞാൻ ആഗ്രഹിച്ചു. ശുശ്രൂഷയിൽ ഏർപ്പെടാനായപ്പോഴെല്ലാം യഹോവ എന്റെ പ്രാർഥന കേട്ടതായി എനിക്ക് തോന്നി.
“ഇത് ഒരു അതിശയമാണ്!”
ഒടുവിൽ ജോയലിനെ ഞങ്ങൾക്ക് വീട്ടിൽ കൊണ്ടുവരാനായി. എത്ര സന്തോഷം നിറഞ്ഞ ഒരു ദിനമായിരുന്നെന്നോ അത്! പക്ഷേ ഞങ്ങളുടെ സന്തോഷം നീണ്ടുനിന്നില്ല. പിറ്റേദിവസം അവന്റെ അവസ്ഥ പെട്ടെന്നു വഷളായി. ഞങ്ങൾ അവനെയുംകൊണ്ട് ആശുപത്രിയിലേക്ക് ഓടി. അവനെ പരിശോധിച്ചതിനുശേഷം ഡോക്‌ടർമാർ പറഞ്ഞു: “കൂടിവന്നാൽ ആറുമാസം, അതിനപ്പുറം ജോയൽ ജീവിച്ചിരിക്കില്ല.” രണ്ടുമാസത്തിനുശേഷം, അതായത് അവന് എട്ടുമാസം പ്രായമുള്ളപ്പോൾ അവന്റെ അവസ്ഥ വീണ്ടും വഷളായി. ഡോക്‌ടർമാർ പറഞ്ഞതുപോലെ സംഭവിക്കുകയാണെന്ന് ഞങ്ങൾക്കു തോന്നി. ഒരു ഡോക്‌ടർ ഞങ്ങളുടെ അടുത്തുവന്ന് പറഞ്ഞു: “അവനു വേണ്ടി ഞങ്ങൾക്ക് ഇനി ഒന്നുംചെയ്യാനില്ല. ഈ അവസ്ഥയിൽ യഹോവയ്‌ക്കു മാത്രമേ അവനെ രക്ഷിക്കാനാകൂ.”
ഞാൻ ജോയൽ കിടക്കുന്ന മുറിയിലേക്കു പോയി. വൈകാരികമായും ശാരീരികമായും തളർന്നിരുന്നെങ്കിലും ഞാൻ അവന്റെ കിടക്കയ്‌ക്കരികിൽത്തന്നെ ഇരിപ്പുറപ്പിച്ചു. ലുയീജിക്ക് ഞങ്ങളുടെ മറ്റു കുട്ടികളുടെ കാര്യം നോക്കേണ്ടതുണ്ടായിരുന്നതിനാൽ സഭയിലെ സഹോദരിമാർ പലരും മാറിമാറി എനിക്ക് കൂട്ടിരുന്നു. അങ്ങനെ ഒരാഴ്‌ച കടന്നുപോയി. അതിനുശേഷം പെട്ടെന്ന് ജോയലിന് ഹൃദയസ്‌തംഭനം ഉണ്ടായി. നഴ്‌സുമാർ ഓടിയെത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. ഏതാനും മിനിട്ടുകൾക്കുശേഷം അവരിൽ ഒരാൾ പതിയെപ്പറഞ്ഞു: “കഴിഞ്ഞു. . . ” പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ മുറിവിട്ടുപോയി. ഞാൻ യഹോവയോട് പ്രാർഥിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് പറയാൻ വാക്കുകളില്ലായിരുന്നു. ഏതാണ്ട് 15 മിനിട്ടു കഴിഞ്ഞുകാണും; “ജോയൽ ശ്വസിക്കുന്നുണ്ട്!” എന്ന് ഒരു നഴ്‌സ് എന്നോട് വിളിച്ചുപറഞ്ഞു. “വാ, അവനെ വന്ന് കാണൂ” എന്ന് പറഞ്ഞ് അവൾ എന്റെ കൈപിടിച്ചു വലിച്ചു. ഞാൻ ജോയലിന്റെ അടുത്തു ചെന്നപ്പോൾ വീണ്ടും അവന്റെ ഹൃദയമിടിക്കാൻ തുടങ്ങിയിരുന്നു! ജോയൽ മരിച്ചിട്ടില്ലെന്ന വിവരം പെട്ടെന്നുതന്നെ എല്ലാവരും അറിഞ്ഞു. നഴ്‌സുമാരും ഡോക്‌ടർമാരും അവനെ കാണാൻ എത്തി. “ഇത് ഒരു അതിശയമാണ്!” പലരും പറഞ്ഞു.
അപ്രതീക്ഷിതമായ ഒരു കാൽവെപ്പ്!
ജോയലിന്റെ ആദ്യ വർഷങ്ങളിൽ ശിശുരോഗവിദഗ്‌ധൻ ഞങ്ങളോട് കൂടെക്കൂടെ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്: “ജോയലിന് സ്‌നേഹം വാരിക്കോരി കൊടുക്കണം.” ജോയലിന്റെ ജനനത്തിനുശേഷം ഞാനും ലുയീജിയും യഹോവയുടെ സ്‌നേഹപൂർവമുള്ള കരുതൽ വിശേഷാൽ അനുഭവിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ മകന് ആ സ്‌നേഹം പകർന്നു നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു. അവന് എല്ലാ കാര്യത്തിലും
ഞങ്ങളുടെ സഹായം വേണ്ടിയിരുന്നതിനാൽ അത്തരത്തിൽ സ്‌നേഹം പകർന്നു നൽകാൻ ധാരാളം അവസരം ഉണ്ടായിരുന്നു.ജോയൽ ജനിച്ച് ആദ്യത്തെ ഏഴു വർഷം ഒരേ കഥയായിരുന്നു. ഒക്‌ടോബറിനും മാർച്ചിനും ഇടയ്‌ക്ക് അവന് ഒന്നല്ലെങ്കിൽ മറ്റൊരു ആരോഗ്യ പ്രശ്‌നം ഉണ്ടാകും; എപ്പോഴും ആശുപത്രിയിലേക്കുള്ള ഓട്ടമായിരുന്നു. ഇതിന്റെ ഇടയിലും ഡേവിഡിനും മാർക്കിനും വേണ്ടി കഴിയുന്നത്ര സമയം മാറ്റിവെക്കാൻ ഞാൻ ശ്രമിച്ചു. പിന്നീട് അവരും ജോയലിനെ സഹായിക്കാൻ തുടങ്ങി. അതിന് പ്രതീക്ഷിക്കാത്ത പല നല്ല ഫലങ്ങളുമുണ്ടായി. ഉദാഹരണത്തിന്, ജോയലിന് ഒരിക്കലും നടക്കാൻ കഴിയില്ലെന്നാണ് പല ഡോക്‌ടർമാരും ഞങ്ങളോടു പറഞ്ഞിരുന്നത്. പക്ഷേ ജോയലിന് നാലുവയസ്സുള്ളപ്പോൾ ഒരു ദിവസം, “ജോയൽ, നീ ഒന്ന് നടന്നു കാണിച്ചേ, നിനക്ക് നടക്കാൻ പറ്റുമെന്ന് മമ്മിക്ക് കാണിച്ചുകൊടുക്ക്,” എന്ന് മാർക്ക് ജോയലിനോടു പറഞ്ഞു. ഞങ്ങളെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് ജോയൽ തന്റെ ആദ്യ ചുവടെടുത്തുവെച്ചു. ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഞങ്ങൾ കുടുംബം ഒന്നിച്ച് യഹോവയോടു നന്ദിപറഞ്ഞു. ജോയൽ ചെറിയ പുരോഗതി വരുത്തിയ മറ്റ് അവസരങ്ങളിലും ഞങ്ങൾ അവനെ ഏറെ പ്രോത്സാഹിപ്പിക്കുമായിരുന്നു.
ശൈശവംമുതൽ നൽകിയ പരിശീലനം ഫലംകണ്ടു
സാധിക്കുമ്പോഴെല്ലാം, ജോയലിനെ ഞങ്ങളോടൊപ്പം യോഗങ്ങൾക്ക് കൊണ്ടുപോയി. അവന് പെട്ടെന്ന് രോഗം ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നതിനാൽ അണുബാധയേൽക്കാതിരിക്കാൻ ഞങ്ങൾ അവനെ ഒരു പ്രത്യേകതരം സ്‌ട്രോളറിൽ (കുട്ടികളെ കിടത്തി ഉന്തിക്കൊണ്ടുപോകുന്ന വണ്ടി) കിടത്തി, സുതാര്യമായ പ്ലാസ്റ്റിക് കവറുകൊണ്ട് മൂടുമായിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും യോഗങ്ങൾക്ക് വരുന്നത് വളരെ ഇഷ്ടമായിരുന്നു അവന്.
സഭയിലെ സഹോദരങ്ങൾ ഞങ്ങളോട് വളരെ സ്‌നേഹത്തോടെ ഇടപെട്ടു, വേണ്ടുന്ന സഹായങ്ങളും ചെയ്‌തുതന്നു. അങ്ങനെ അവർ ഞങ്ങൾക്ക് വളരെയേറെ ശക്തി പകർന്നു. ഒരു സഹോദരൻ യെശയ്യാവു 59:1-ലെ വാക്കുകൾ കൂടെക്കൂടെ ഞങ്ങളെ ഓർമിപ്പിക്കുമായിരുന്നു: “രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.” സാന്ത്വനദായകമായ ആ വാക്കുകൾ യഹോവയിൽ ആശ്രയിക്കാൻ ഞങ്ങളെ സഹായിച്ചു.
ജോയൽ വളർന്നുവരവെ, യഹോവയെ സേവിക്കുന്നത് അവന്റെ ജീവിതത്തിലെ മുഖ്യസംഗതിയാക്കാൻ ഞങ്ങൾ ശ്രമിച്ചു. തന്റെ സ്വർഗീയ പിതാവുമായി ഗാഢമായ ഒരു സ്‌നേഹബന്ധം അവൻ വളർത്തിയെടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ട് കിട്ടിയ അവസരങ്ങളിലെല്ലാം യഹോവയെക്കുറിച്ച് ഞങ്ങൾ അവനോട് സംസാരിക്കുമായിരുന്നു. ഞങ്ങൾ നൽകുന്ന പരിശീലനം ഫലവത്താകാൻ സഹായിക്കണമേയെന്ന് യഹോവയോട് അപേക്ഷിക്കുമായിരുന്നു.
കണ്ടുമുട്ടുന്നവരോടെല്ലാം ബൈബിൾ സത്യത്തെക്കുറിച്ചു സംസാരിക്കാൻ കൗമാരത്തിന്റെ ആരംഭത്തിൽത്തന്നെ ജോയൽ വലിയ താത്‌പര്യം കാണിച്ചുതുടങ്ങി. അതു ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. 14-ാം വയസ്സിൽ ഒരു വലിയ ശസ്‌ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ആയിരുന്ന സമയത്ത് “മമ്മീ, ഞാൻ ആ ഡോക്‌ടർക്ക് ഒരു പറുദീസാ പുസ്‌തകം കൊടുക്കട്ടേ?” എന്ന് ജോയൽ എന്നോടു ചോദിച്ചപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഏതാനും വർഷങ്ങൾക്കുശേഷം അവന് മറ്റൊരു ശസ്‌ത്രക്രിയയ്‌ക്കു വിധേയനാകേണ്ടിവന്നു. അവൻ ആ ശസ്‌ത്രക്രിയയെ അതിജീവിക്കാൻ സാധ്യത കുറവാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ ഒരുമിച്ച് എഴുതിയുണ്ടാക്കിയ ഒരു കത്ത് ശസ്‌ത്രക്രിയയ്‌ക്ക് മുമ്പ് ജോയൽ അവന്റെ ഡോക്‌ടർക്ക് നൽകി. രക്തം ഉപയോഗിക്കുന്ന കാര്യത്തിൽ അവന്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ആ കത്ത്. “നീ ഇതിനോടു യോജിക്കുന്നുണ്ടോ?” ഡോക്‌ടർ ജോയലിനോട് ചോദിച്ചു. “ഞാൻ യോജിക്കുന്നു ഡോക്‌ടർ” എന്നായിരുന്നു അവന്റെ ഉറച്ച മറുപടി. സ്രഷ്ടാവിലുള്ള അവന്റെ ആശ്രയവും
ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ദൃഢനിശ്ചയവും കണ്ടപ്പോൾ ഞങ്ങൾക്ക് ഏറെ അഭിമാനം തോന്നി. ആശുപത്രി ജീവനക്കാർ ഞങ്ങളോട് നന്നായി സഹകരിച്ചു എന്ന കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു.ജോയലിന്റെ ആത്മീയ പുരോഗതി
17-ാം വയസ്സിൽ ജോയൽ ദൈവത്തിന് സമർപ്പിച്ച് സ്‌നാനമേറ്റു. ഞങ്ങൾക്ക് അത് ഒരു അവിസ്‌മരണീയ ദിനമായിരുന്നു. അവൻ ആത്മീയമായി പുരോഗമിക്കുന്നതു കാണുന്നത് ഞങ്ങൾക്ക് ഏറെ സന്തോഷം പകരുന്നു. യഹോവയോടുള്ള അവന്റെ സ്‌നേഹത്തിനും സത്യത്തോടുള്ള അവന്റെ തീക്ഷ്‌ണതയ്‌ക്കും ഇതുവരേക്കും യാതൊരു കുറവും ഉണ്ടായിട്ടില്ല. കണ്ടുമുട്ടുന്ന എല്ലാവരോടും ജോയൽ പറയുന്ന ഒരു കാര്യമുണ്ട്: “‘സത്യമാണ്’ എനിക്ക് ജീവിതത്തിൽ എല്ലാം!”
ഏതാണ്ട് 19 വയസ്സായപ്പോഴേക്കും ജോയൽ എഴുതാനും വായിക്കാനും പഠിച്ചു. അവന് അത് എളുപ്പമല്ലായിരുന്നു. അവൻ എഴുതിയ ഓരോ ചെറിയ വാക്കും ഒരു വൻ നേട്ടമായിരുന്നു. അന്നുമുതൽ അവൻ ഓരോ ദിവസവും തുടങ്ങുന്നത് തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ വായിച്ചുകൊണ്ടാണ്. തുടർന്ന് അന്നത്തെ വാക്യം വളരെ പാടുപെട്ട് അവൻ ഒരു നോട്ട്‌ബുക്കിലേക്ക് പകർത്തും. അതിന്റെ ഒരു വലിയ ശേഖരംതന്നെ ഇപ്പോഴുണ്ട്!
യോഗങ്ങൾ ഉള്ള ദിവസം രാജ്യഹാളിൽ നേരത്തേ എത്തിച്ചേരണമെന്ന് ജോയലിന് നിർബന്ധമുണ്ട്. യോഗങ്ങൾക്ക് വരുന്നവരെയെല്ലാം സ്വാഗതംചെയ്യാൻ അവന് വലിയ സന്തോഷമാണ്. ഉത്തരം പറയുന്നതും അവതരണങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം അവൻ ആസ്വദിക്കുന്നു. മൈക്ക് കൈകാര്യംചെയ്യാനും മറ്റും അവൻ സഹായിക്കാറുണ്ട്. ആരോഗ്യം അനുവദിക്കുന്നെങ്കിൽ അവൻ എല്ലാ ആഴ്‌ചയും ഞങ്ങളോടൊപ്പം പ്രസംഗവേലയിൽ പങ്കുപറ്റും. അവനെ സഭയിൽ ഒരു ശുശ്രൂഷാദാസനായി നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് 2007-ൽ വായിച്ചു. സന്തോഷംകൊണ്ട് അപ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു. യഹോവയിൽനിന്നുള്ള എത്ര വലിയ അനുഗ്രഹം!
യഹോവയുടെ സഹായം ഞങ്ങൾ അനുഭവിച്ചറിയുന്നു
1999-ൽ മറ്റൊരു ദുരന്തം ഉണ്ടായി. അശ്രദ്ധമായി ഓടിച്ചുവന്ന ഒരു വണ്ടി ഞങ്ങളുടെ കാറിൽ വന്നിടിച്ചു. ലുയീജിക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ചുകളയേണ്ടിവന്നു; നട്ടെല്ലിന് പലതവണ വലിയ ശസ്‌ത്രക്രിയകളും വേണ്ടിവന്നു. യഹോവയിൽ ആശ്രയിച്ചപ്പോൾ അവൻ ശക്തിപ്പെടുത്തുന്നത് വീണ്ടും ഞങ്ങൾക്ക് അനുഭവിച്ചറിയാനായി. (ഫിലി. 4:13) ലുയീജിക്ക് പഴയപോലെ കാര്യങ്ങൾ ചെയ്യാനാകുന്നില്ല. പക്ഷേ എല്ലാറ്റിന്റെയും നല്ല വശം കാണാൻ ഞങ്ങൾ ശ്രമിക്കുന്നു. പുറത്തു ജോലിക്കുപോകാൻ കഴിയാത്തതിനാൽ അദ്ദേഹം ജോയലിന്റെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നു. അതിനാൽ ആത്മീയ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ എനിക്കു സാധിക്കുന്നുണ്ട്. മൂപ്പന്മാരുടെ സംഘത്തിന്റെ കോ-ഓർഡിനേറ്റർ ആയി സേവിക്കുന്ന ലുയീജിക്കാണെങ്കിൽ സഭയുടെയും കുടുംബത്തിന്റെയും ആത്മീയ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാനും കഴിയുന്നു.
ഈ പ്രത്യേക സാഹചര്യങ്ങൾ നിമിത്തം കൂടുതൽ സമയവും ഞങ്ങൾ കുടുംബം ഒത്തൊരുമിച്ചാണ്. സാധിക്കുന്നതിലേറെ പ്രതീക്ഷിക്കാതിരിക്കാൻ കാലം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. നിരുത്സാഹം തോന്നുമ്പോഴെല്ലാം ഞങ്ങൾ പ്രാർഥനയിൽ വിഷമങ്ങളെല്ലാം യഹോവയെ അറിയിക്കും. സങ്കടകരമെന്നു പറയട്ടെ, ഞങ്ങളുടെ മൂത്ത പുത്രന്മാരായ ഡേവിഡും മാർക്കും പ്രായപൂർത്തിയായി വീട്ടിൽനിന്നു മാറിത്താമസിക്കാൻ തുടങ്ങിയശേഷം പതിയെപ്പതിയെ യഹോവയെ സേവിക്കുന്നത് നിറുത്തിക്കളഞ്ഞു. അവർ സത്യത്തിലേക്കു മടങ്ങിവരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.—ലൂക്കോ. 15:17-24.
കഴിഞ്ഞ വർഷങ്ങളിൽ ഉടനീളം യഹോവ ഞങ്ങളെ കൈപിടിച്ചുനടത്തിയത് ഞങ്ങൾ അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഏതു പ്രതിസന്ധികളിലും അവനിൽ ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചു. യെശയ്യാവു 41:13 ഞങ്ങൾക്ക് പ്രിയപ്പെട്ട വാക്യമാണ്: “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.” യഹോവ നമ്മുടെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്നു എന്നറിയുന്നത് എത്ര ആശ്വാസമാണെന്നോ! പ്രശ്‌നങ്ങളിലൂടെ കടന്നുപോകവെ സ്വർഗീയ പിതാവായ യഹോവയിലുള്ള ഞങ്ങളുടെ ആശ്രയം ബലിഷ്‌ഠമായിരിക്കുന്നു.
[അടിക്കുറിപ്പ്]
^ ഖ. 5 മാനസിക വൈകല്യത്തിന് ഇടയാക്കുന്ന ജന്മനാ ഉണ്ടാകുന്ന ഒരു രോഗമാണ് ട്രൈസോമി 21. സാധാരണഗതിയിൽ ക്രോമസോമുകൾ ജോഡിയായിട്ടാണ് കാണുക. എന്നാൽ ട്രൈസോമി രോഗമുള്ള ശിശുക്കളുടെ കാര്യത്തിൽ ഒരു ക്രോമസോം ജോഡിയിൽ ഒരു അധിക ക്രോമസോം ഉണ്ടാകും. ട്രൈസോമി 21 ഉള്ളവരിൽ 21-ാം ക്രോമസോമിനായിരിക്കും ആ തകരാർ.
[16, 17 പേജുകളിലെ ചിത്രങ്ങൾ]
ജോയലും അമ്മ ആഡായും
[18-ാം പേജിലെ ചിത്രം]
ആഡാ, ജോയൽ, ലുയീജി
[19-ാം പേജിലെ ചിത്രം]
രാജ്യഹാളിൽ വരുന്നവരെ ജോയൽ സ്വാഗതം ചെയ്യുന്നു