വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിൽ പരിശുദ്ധാത്മാവിന്റെ പങ്ക്‌

യഹോവയുടെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിൽ പരിശുദ്ധാത്മാവിന്റെ പങ്ക്‌

യഹോവയുടെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിൽ പരിശുദ്ധാത്മാവിന്റെ പങ്ക്‌

‘എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ഞാൻ അയച്ച കാര്യം സാധിപ്പിക്കും.’—യെശ. 55:11.

1. പദ്ധതിയും ഉദ്ദേശ്യവും തമ്മിലുള്ള വ്യത്യാസം ദൃഷ്ടാന്തീകരിക്കുക.

യാത്രയ്‌ക്കു തയ്യാറെടുക്കുന്ന രണ്ടാളുകളെ ഭാവനയിൽ കാണുക. കാറിൽ യാത്രചെയ്യാനാണ്‌ ഇരുവരും തീരുമാനിച്ചിരിക്കുന്നത്‌. അതിലൊരാൾ, തന്റെ ലക്ഷ്യസ്ഥാനത്ത്‌ എത്തുന്നതിന്‌ കൃത്യമായ ഒരു വഴി മനസ്സിൽക്കണ്ടിട്ടുണ്ട്‌. മറ്റേയാൾക്കും ചെന്നെത്തേണ്ട സ്ഥലത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ട്‌. അവിടെ എത്താനുള്ള പല വഴികളും അയാൾക്ക്‌ അറിയാം. അതുകൊണ്ടുതന്നെ അയാൾ ഒരു പ്രത്യേക വഴി മുൻകൂട്ടി തിരഞ്ഞെടുത്തിട്ടില്ല. പോകുന്ന വഴിയിൽ എന്തെങ്കിലും തടസ്സംനേരിട്ടാൽ മറ്റേതെങ്കിലും വഴിയിലൂടെ അവിടെ ചെന്നെത്താനുള്ള തയ്യാറെടുപ്പുകൾ അയാൾ നടത്തിയിട്ടുണ്ട്‌. ഈ ഉദാഹരണം, പദ്ധതിയും ഉദ്ദേശ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ നമ്മെ സഹായിച്ചേക്കും. ഒരു നിശ്ചിതലക്ഷ്യത്തിൽ എത്താനായി ഒരു പ്രത്യേക വഴി തിരഞ്ഞെടുക്കുന്നതിനോട്‌ പദ്ധതിയെ ഉപമിക്കാനാകും. എന്നാൽ ഉദ്ദേശ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌, ഏതു മാർഗം സ്വീകരിക്കണമെന്ന്‌ മുന്നമേ നിശ്ചയിച്ചുറപ്പിക്കുന്നതിനു പകരം ലക്ഷ്യം വ്യക്തമായി മനസ്സിലുണ്ടായിരിക്കുന്നതാണ്‌.

2, 3. (എ) എന്താണ്‌ യഹോവയുടെ ഉദ്ദേശ്യം? ആദാമും ഹവ്വായും പാപം ചെയ്‌തപ്പോൾ ആ സാഹചര്യത്തെ യഹോവ എങ്ങനെ കൈകാര്യംചെയ്‌തു? (ബി) യഹോവ തന്റെ ഉദ്ദേശ്യം നടപ്പാക്കുന്ന വിധം നാം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത്‌ എന്തുകൊണ്ട്‌?

2 തന്റെ ഹിതം നടപ്പാക്കുന്നതിന്‌ യഹോവ സകല വിശദാംശങ്ങളുമടങ്ങുന്ന ഒരു നിശ്ചിത പദ്ധതി തയ്യാറാക്കിയിട്ടില്ല; പക്ഷേ, പടിപടിയായി നിവൃത്തിയിലേക്കു നീങ്ങുന്ന ഒരു ഉദ്ദേശ്യം അവനുണ്ട്‌. (എഫെ. 3:10) മുഴുഭൂമിയും ഒരു പറുദീസയായിത്തീരണമെന്നും അവിടെ പൂർണതയുള്ള മനുഷ്യർ സന്തോഷത്തോടെയും സമാധാനത്തോടെയും നിത്യം വസിക്കണമെന്നുമാണ്‌ മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം. (ഉല്‌പ. 1:28) ആദാമും ഹവ്വായും പാപം ചെയ്‌തപ്പോൾ, തന്റെ ആദിമോദ്ദേശ്യം പൂർത്തീകരിക്കുന്നതിന്‌ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്‌തുകൊണ്ട്‌ യഹോവ ആ സാഹചര്യം നന്നായി കൈകാര്യംചെയ്‌തു. (ഉല്‌പത്തി 3:15 വായിക്കുക.) തന്റെ ആലങ്കാരിക സ്‌ത്രീ ഒരു “സന്തതി”ക്കു ജന്മം നൽകുമെന്നും ആ സന്തതി കാലാന്തരത്തിൽ സാത്താനെ നശിപ്പിച്ച്‌ അവൻ വരുത്തിവെച്ച സകല ദുരിതങ്ങളും ഇല്ലായ്‌മചെയ്യുമെന്നും ആയിരുന്നു ദിവ്യനിർണയം.—എബ്രാ. 2:14; 1 യോഹ. 3:8.

3 വെളിപ്പെടുത്തപ്പെട്ട ഈ ദൈവോദ്ദേശ്യത്തിനു തടയിടാൻ സ്വർഗത്തിലോ ഭൂമിയിലോ ഒരു ശക്തിക്കുമാവില്ല. (യെശ. 46:9-11) അങ്ങനെ പറയാൻ കഴിയുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം, യഹോവയുടെ പരിശുദ്ധാത്മാവ്‌, അതെ, ആർക്കും തടയാനാകാത്ത ആ ശക്തി, ദിവ്യോദ്ദേശ്യം ‘നിവർത്തിക്കപ്പെടുന്നു’ എന്ന്‌ ഉറപ്പാക്കും. (യെശ. 55:10, 11) ദൈവം തന്റെ ഉദ്ദേശ്യം നടപ്പാക്കുന്ന വിധം നാം മനസ്സിലാക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം. കാരണം, നമ്മുടെ ഭാവിപ്രത്യാശ ദിവ്യോദ്ദേശ്യത്തിന്റെ നിവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, തന്റെ ഉദ്ദേശ്യനിവൃത്തിക്കായി യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നത്‌ എങ്ങനെയെന്നു കാണുമ്പോൾ നമ്മുടെ വിശ്വാസം ബലിഷ്‌ഠമാകും. ആകട്ടെ, യഹോവയുടെ ഉദ്ദേശ്യനിർവഹണത്തിൽ പരിശുദ്ധാത്മാവ്‌ കഴിഞ്ഞ കാലത്ത്‌ എന്തു ചെയ്‌തു? ഇപ്പോൾ എന്തു ചെയ്യുന്നു? ഭാവിയിൽ എന്തു ചെയ്യും? അതാണ്‌ ഇനി നാം ചർച്ചചെയ്യാൻ പോകുന്നത്‌.

പരിശുദ്ധാത്മാവിന്റെ പങ്ക്‌—കഴിഞ്ഞ കാലത്ത്‌

4. ബൈബിൾക്കാലങ്ങളിൽ യഹോവ പടിപടിയായി തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയത്‌ എങ്ങനെ?

4 ബൈബിൾക്കാലങ്ങളിൽ യഹോവ തന്റെ ഉദ്ദേശ്യം പടിപടിയായി വെളിപ്പെടുത്തി. തുടക്കത്തിൽ, വാഗ്‌ദത്ത സന്തതി ആരാണെന്നത്‌ ഒരു “പാവനരഹസ്യ”മായിരുന്നു. (1 കൊരി. 2:7) പിന്നീട്‌ രണ്ടായിരം വർഷങ്ങൾക്കുശേഷം, യഹോവ ഒരു സന്തതിയെക്കുറിച്ച്‌ പരാമർശിക്കുകയുണ്ടായി. (ഉല്‌പത്തി 12:7; 22:15-18 വായിക്കുക.) യഹോവ അബ്രാഹാമിന്‌ നൽകിയ ഈ വാഗ്‌ദാനത്തിന്‌ വലിയൊരു നിവൃത്തിയുണ്ടായിരുന്നു. “നിന്റെ സന്തതി മുഖാന്തരം” എന്ന പരാമർശം, സന്തതി അബ്രാഹാമിന്റെ വംശത്തിൽ പിറക്കുമെന്നും അതുകൊണ്ട്‌ ആ സന്തതി ഒരു മനുഷ്യനായിരിക്കുമെന്നും വ്യക്തമാക്കി. ഈ വിശദാംശം അറിയാനായതിൽ സാത്താനും സന്തോഷമുണ്ടായിരുന്നു എന്നതിൽ സംശയമില്ല. അബ്രാഹാമും സാറായും ഉൾപ്പെടെ ആ വംശാവലിയിലുള്ളവരെ നശിപ്പിക്കുകയോ ദുഷിപ്പിക്കുകയോ ചെയ്‌തുകൊണ്ട്‌ ദിവ്യോദ്ദേശ്യം തകർക്കുകയായിരുന്നു ഈ ശത്രുവിന്റെ ലക്ഷ്യം. പക്ഷേ, ദൈവത്തിന്റെ അദൃശ്യമായ ആത്മാവ്‌ പ്രവർത്തിച്ചതിനാൽ അവന്‌ അതിനു സാധിച്ചില്ല. ആകട്ടെ, ഇക്കാര്യത്തിൽ എങ്ങനെയാണ്‌ പരിശുദ്ധാത്മാവ്‌ പ്രവർത്തിച്ചത്‌?

5, 6. സന്തതി ജനിക്കാനിരുന്ന വംശാവലിയിലുള്ള വ്യക്തികളെ സംരക്ഷിക്കാൻ യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ചത്‌ എങ്ങനെ?

5 സന്തതി ജനിക്കാനിരുന്ന വംശാവലിയിൽപ്പെട്ട വ്യക്തികളെ സംരക്ഷിക്കാൻ യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ചു. “ഞാൻ നിന്റെ പരിച . . . ആകുന്നു” എന്ന്‌ യഹോവ അബ്രാമിനോട്‌ (അബ്രാഹാമിനോട്‌) പറഞ്ഞു. (ഉല്‌പ. 15:1) വെറുമൊരു പാഴ്‌വാക്കായിരുന്നോ അത്‌? അല്ല. ഏതാണ്ട്‌ ബി.സി. 1919-ൽ നടന്ന ഒരു സംഭവം നോക്കാം. അബ്രാഹാമും സാറായും ഗെരാറിൽ പരദേശികളായി പാർക്കുന്ന കാലം. സാറാ അബ്രാഹാമിന്റെ ഭാര്യയാണെന്ന്‌ അറിയാതെ ഗെരാറിലെ രാജാവായ അബീമേലെക്‌ അവളെ ഭാര്യയാക്കാനായി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. സാറാ അബ്രാഹാമിന്റെ സന്തതിക്കു ജന്മംനൽകാതിരിക്കാൻ സാത്താൻ ചരടുവലിക്കുകയായിരുന്നോ? ബൈബിൾ അത്‌ പറയുന്നില്ല. പക്ഷേ യഹോവ അക്കാര്യത്തിൽ ഇടപെട്ടു; സാറായെ തൊടരുതെന്ന്‌ ഒരു സ്വപ്‌നത്തിലൂടെ അബീമേലെക്കിന്‌ മുന്നറിയിപ്പുനൽകി.—ഉല്‌പ. 20:1-18.

6 അത്‌ ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. അബ്രാഹാമിനെയും കുടുംബാംഗങ്ങളെയും പല സന്ദർഭങ്ങളിലും യഹോവ രക്ഷിച്ചിട്ടുണ്ട്‌. (ഉല്‌പ. 12:14-20; 14:13-20; 26:26-29) അതുകൊണ്ടാണ്‌ അബ്രാഹാമിനെയും അവന്റെ സന്തതിപരമ്പരകളെയും കുറിച്ച്‌ സങ്കീർത്തനക്കാരൻ പിൻവരുന്നവിധം പറഞ്ഞത്‌: “അവരെ പീഡിപ്പിപ്പാൻ അവൻ (യഹോവ) ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു: എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.”—സങ്കീ. 105:14, 15.

7. ഏതെല്ലാം വിധങ്ങളിൽ യഹോവ ഇസ്രായേൽ ജനതയെ സംരക്ഷിച്ചു?

7 തന്റെ ആത്മാവ്‌ മുഖാന്തരം, വാഗ്‌ദത്തസന്തതി ജനിക്കാനിരുന്ന ഇസ്രായേൽ ജനതയെ യഹോവ സംരക്ഷിച്ചു. പരിശുദ്ധാത്മാവിനെ ഉപയോഗിച്ചാണ്‌ അവൻ അവർക്ക്‌ ന്യായപ്രമാണം നൽകിയത്‌. ആ ന്യായപ്രമാണമാകട്ടെ, യഹൂദന്മാരെ ആത്മീയവും ധാർമികവും ശാരീരികവുമായ ദുഷിപ്പിൽനിന്ന്‌ സംരക്ഷിക്കുകയും സത്യാരാധനയെ പരിരക്ഷിക്കുകയും ചെയ്‌തു. (പുറ. 31:18; 2 കൊരി. 3:3) ന്യായാധിപന്മാരുടെ കാലത്ത്‌ ഇസ്രായേൽ ജനത്തെ ശത്രുക്കളിൽനിന്ന്‌ വിടുവിക്കാൻ യഹോവയുടെ പരിശുദ്ധാത്മാവ്‌ ചില പുരുഷന്മാരെ ശക്തരാക്കി. (ന്യായാ. 3:9, 10) യേശുവിന്റെ ജനനത്തോട്‌ അടുത്തുള്ള നൂറ്റാണ്ടുകളിൽ ബേത്ത്‌ലെഹെമും യെരുശലേമും അവിടത്തെ ആലയവും സംരക്ഷിക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചിരിക്കണം; കാരണം, അബ്രാഹാമിന്റെ സന്തതിയുടെ മുഖ്യഭാഗമായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളുടെ നിവൃത്തിയിൽ ഇവയെല്ലാം പങ്കുവഹിക്കുമായിരുന്നു.

8. ദൈവപുത്രന്റെ ജീവിതത്തിലും ശുശ്രൂഷയിലും പരിശുദ്ധാത്മാവ്‌ നേരിട്ട്‌ ഉൾപ്പെട്ടിരുന്നു എന്നതിന്‌ തെളിവെന്ത്‌?

8 പരിശുദ്ധാത്മാവ്‌ യേശുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലും നേരിട്ട്‌ ഉൾപ്പെട്ടിരുന്നു. ഒരു കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവ്‌, അതിനു മുമ്പോ ശേഷമോ നടന്നിട്ടില്ലാത്ത ഒരു അത്ഭുതം പ്രവർത്തിച്ചു. അപൂർണ സ്‌ത്രീയായിരുന്ന മറിയയ്‌ക്ക്‌ പാപത്തിന്റെയും മരണത്തിന്റെയും പിടിയിലല്ലാത്ത പൂർണതയുള്ള ഒരു പുത്രനെ പ്രസവിക്കാൻ കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. (ലൂക്കോ. 1:26-31, 34, 35) പിന്നീട്‌, ശിശുവായ യേശുവിനെ അകാലമരണത്തിൽനിന്നു സംരക്ഷിച്ചതും പരിശുദ്ധാത്മാവാണ്‌. (മത്താ. 2:7, 8, 12, 13) യേശുവിന്‌ ഏകദേശം 30 വയസ്സുള്ളപ്പോൾ ദൈവം അവനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്‌ത്‌ ദാവീദിന്റെ സിംഹാസനത്തിന്‌ അവകാശിയാക്കുകയും പ്രസംഗവേലയ്‌ക്കു നിയോഗിക്കുകയും ചെയ്‌തു. (ലൂക്കോ. 1:32, 33; 4:16-21) രോഗികളെ സൗഖ്യമാക്കുന്നതും ജനക്കൂട്ടത്തെ പോഷിപ്പിക്കുന്നതും മരിച്ചവരെ ഉയിർപ്പിക്കുന്നതും പോലുള്ള അത്ഭുതങ്ങൾ ചെയ്യാനും പരിശുദ്ധാത്മാവ്‌ യേശുവിനെ ശക്തീകരിച്ചു. യേശുവിന്റെ രാജകീയ ഭരണത്തിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ ഒരു പൂർവദർശനമായിരുന്നു അവൻ ചെയ്‌ത ആ വീര്യപ്രവൃത്തികൾ.

9, 10. (എ) ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരിൽ പരിശുദ്ധാത്മാവ്‌ പ്രവർത്തിച്ചിരുന്നു എന്നതിന്‌ എന്തു തെളിവുണ്ട്‌? (ബി) തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനോടു ബന്ധപ്പെട്ട ഏതു കാര്യമാണ്‌ യഹോവ ഒന്നാം നൂറ്റാണ്ടിൽ വെളിപ്പെടുത്തിയത്‌?

9 അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗത്തിൽപ്പെട്ടവരെ (അവരിൽ പലരും അബ്രാഹാമിന്റെ വംശത്തിൽപ്പെട്ടവരായിരുന്നില്ല) അഭിഷേകം ചെയ്യാൻ എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ മുതൽ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു. (റോമ. 8:15-17; ഗലാ. 3:29) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തുശിഷ്യരുടെമേൽ പരിശുദ്ധാത്മാവ്‌ പ്രവർത്തിച്ചതുകൊണ്ടാണ്‌ അവർ തീക്ഷ്‌ണതയോടെ പ്രസംഗിക്കുകയും വീര്യപ്രവൃത്തികൾ ചെയ്യാൻ ശക്തരാകുകയും ചെയ്‌തത്‌. (പ്രവൃ. 1:8; 2:1-4; 1 കൊരി. 12:7-11) അവർക്ക്‌ അത്ഭുതവരങ്ങൾ നൽകിയതിലൂടെ തന്റെ ഉദ്ദേശ്യനിർവഹണവുമായി ബന്ധപ്പെട്ട ഒരു പുതിയ കാര്യം യഹോവ വെളിപ്പെടുത്തി: യെരുശലേമിലെ ആലയത്തെ കേന്ദ്രീകരിച്ചു നടത്തിയിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാരീതിക്ക്‌ മേലാൽ ദൈവാംഗീകാരം ഇല്ല. പകരം, പുതുതായി രൂപംകൊണ്ട അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയെയാണ്‌ അന്നുമുതൽ ഇന്നോളം തന്റെ ഉദ്ദേശ്യനിർവഹണത്തിനായി യഹോവ ഉപയോഗിക്കുന്നത്‌.

10 അതെ, സംരക്ഷിക്കാനും ശക്തീകരിക്കാനും അഭിഷേകം ചെയ്യാനുമായി യഹോവ ബൈബിൾക്കാലങ്ങളിൽ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചിട്ടുണ്ട്‌. കഴിഞ്ഞ കാലങ്ങളിൽ, തന്റെ ഉദ്ദേശ്യം പൂർത്തീകരണത്തിലേക്കു നീങ്ങുന്നു എന്ന്‌ ഉറപ്പുവരുത്താൻ അവൻ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച ഏതാനും ചില വിധങ്ങൾ മാത്രമാണ്‌ ഇവ. എന്നാൽ തന്റെ ഉദ്ദേശ്യനിർവഹണത്തോടു ബന്ധപ്പെട്ട്‌ യഹോവ ഇന്ന്‌ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നത്‌ എങ്ങനെയാണ്‌? ആത്മാവിനെ അനുസരിച്ചു നടക്കാൻ ആഗ്രഹിക്കുന്ന നാം അത്‌ അറിഞ്ഞിരിക്കേണ്ടതാണ്‌. നമ്മുടെ ഈ നാളിൽ യഹോവ തന്റെ ആത്മാവിനെ ഉപയോഗിക്കുന്ന നാല്‌ വ്യത്യസ്‌ത വിധങ്ങൾ നമുക്കിപ്പോൾ ചർച്ചചെയ്യാം.

പരിശുദ്ധാത്മാവിന്റെ പങ്ക്‌—ഇന്ന്‌

11. ശുദ്ധരായിരിക്കാൻ പരിശുദ്ധാത്മാവ്‌ ദൈവജനത്തെ സഹായിക്കുന്നു എന്നതിന്റെ തെളിവെന്ത്‌? ദൈവാത്മാവിനോട്‌ സഹകരിക്കുന്നെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ കാണിക്കാം?

11 ഒന്നാമതായി, ശുദ്ധരായി നിലകൊള്ളാൻ പരിശുദ്ധാത്മാവ്‌ ദൈവജനത്തെ സഹായിക്കുന്നു. ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ അവനെ സേവിക്കുന്നതിന്‌ അവർ ധാർമികമായി ശുദ്ധരായിരിക്കണം. (1 കൊരിന്ത്യർ 6:9-11 വായിക്കുക.) സത്യക്രിസ്‌ത്യാനികളിൽ ചിലർ മുമ്പ്‌ പരസംഗം, വ്യഭിചാരം, സ്വവർഗഭോഗം എന്നിങ്ങനെയുള്ള അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു. ഇത്തരം പാപപ്രവൃത്തികൾക്ക്‌ ഇടയാക്കുന്ന മോഹങ്ങൾ ഒരുപക്ഷേ ആഴത്തിൽ വേരുറച്ചതായിരിക്കാം. (യാക്കോ. 1:14, 15) എങ്കിലും അവർ ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി ജീവിതത്തിൽ മാറ്റങ്ങൾവരുത്തിയിരിക്കുന്നു, അവർ തങ്ങളെത്തന്നെ ‘കഴുകിവെടിപ്പാക്കിയിരിക്കുന്നു.’ തെറ്റായ മോഹങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാനുള്ള ഉൾപ്രേരണയെ ചെറുത്തുനിൽക്കാൻ ഒരുവനെ എന്തു സഹായിക്കും? 1 കൊരിന്ത്യർ 6:11 പറയുന്നതുപോലെ, ‘ദൈവത്തിന്റെ ആത്മാവ്‌.’ ധാർമികശുദ്ധി കാത്തുസൂക്ഷിക്കുക; അങ്ങനെ, പരിശുദ്ധാത്മാവിന്‌ നിങ്ങളുടെ ജീവിതത്തിൽ ശക്തമായ ഒരു സ്വാധീനമുണ്ടെന്നു കാണിക്കുക.

12. (എ) യെഹെസ്‌കേലിന്റെ ദർശനമനുസരിച്ച്‌, യഹോവ തന്റെ സംഘടനയെ നയിക്കുന്നതെങ്ങനെ? (ബി) ആത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കുന്നെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ തെളിയിക്കാം?

12 രണ്ടാമതായി, താൻ ആഗ്രഹിക്കുന്ന ദിശയിൽ തന്റെ സംഘടനയെ നയിക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു. യെഹെസ്‌കേലിന്റെ ദർശനത്തിൽ യഹോവയുടെ സംഘടനയുടെ സ്വർഗീയ ഭാഗത്തെ, ദിവ്യോദ്ദേശ്യം സാക്ഷാത്‌കരിക്കാൻ അപ്രതിരോധ്യമായി നീങ്ങുന്ന സ്വർഗീയരഥമായി ചിത്രീകരിച്ചിരിക്കുന്നു. പരിശുദ്ധാത്മാവാണ്‌ ഈ രഥത്തെ ഏതൊരു ദിശയിലേക്കും നയിക്കുന്നത്‌. (യെഹെ. 1:20, 21) യഹോവയുടെ സംഘടനയ്‌ക്ക്‌ രണ്ടു ഭാഗങ്ങളുണ്ടെന്ന്‌ ഓർക്കുക: സ്വർഗീയവും ഭൗമികവും. സ്വർഗീയ ഭാഗത്തെ നയിക്കുന്നത്‌ പരിശുദ്ധാത്മാവായതിനാൽ ഭൗമിക ഭാഗത്തെ നയിക്കുന്നതും പരിശുദ്ധാത്മാവായിരിക്കണം. അതുകൊണ്ട്‌, ദൈവത്തിന്റെ സംഘടനയുടെ ഭൗമിക ഭാഗം നൽകുന്ന നിർദേശങ്ങൾ സവിശ്വസ്‌തം അനുസരിക്കുക. അങ്ങനെയെങ്കിൽ, നിങ്ങൾക്ക്‌ യഹോവയുടെ സ്വർഗീയരഥത്തിനൊപ്പം നീങ്ങുന്നെന്നും അവന്റെ ആത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കുന്നെന്നും തെളിയിക്കാനാകും.—എബ്രാ. 13:17.

13, 14. (എ) യേശു ഏത്‌ “തലമുറ”യെക്കുറിച്ചാണ്‌ പറഞ്ഞത്‌? (ബി) ദൈവാത്മാവ്‌ ബൈബിൾ സത്യങ്ങൾ മറനീക്കിത്തരുന്നു എന്നതിന്‌ ഒരു ഉദാഹരണം പറയുക. (“അധികമധികം ശോഭിച്ചു വരുന്ന സത്യത്തിന്റെ പ്രകാശവുമായി നിങ്ങൾ പരിചിതരാണോ?” എന്ന ചതുരം കാണുക.)

13 മൂന്നാമതായി, ബൈബിൾ സത്യങ്ങൾ മറനീക്കിത്തരുന്നതിന്‌ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു. (സദൃ. 4:18) “വിശ്വസ്‌തനും വിവേകിയുമായ അടിമ” മുഖ്യമായും വീക്ഷാഗോപുരം എന്ന ഈ മാസികയിലൂടെയാണ്‌ അത്തരത്തിലുള്ള ബൈബിൾ സത്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. (മത്താ. 24:45) ഉദാഹരണത്തിന്‌, യേശു പറഞ്ഞ “ഈ തലമുറ”യെക്കുറിച്ചു പഠിച്ചത്‌ ഓർക്കുക. (മത്തായി 24:32-34 വായിക്കുക.) യേശു ഏത്‌ തലമുറയെക്കുറിച്ചാണ്‌ പറഞ്ഞത്‌? “ക്രിസ്‌തുവിന്റെ സാന്നിധ്യം—നിങ്ങൾക്ക്‌ അത്‌ എന്തർഥമാക്കുന്നു?” എന്ന ലേഖനം അതു വിശദീകരിക്കുകയുണ്ടായി: യേശു പറഞ്ഞത്‌ ദുഷ്ടന്മാരുടെ ഒരു തലമുറയെക്കുറിച്ചല്ല മറിച്ച്‌, പെട്ടെന്നുതന്നെ പരിശുദ്ധാത്മാഭിഷേകം ലഭിക്കാനിരുന്ന തന്റെ ശിഷ്യന്മാരുടെ തലമുറയെക്കുറിച്ചാണ്‌. * കാരണം, യേശു പറഞ്ഞതുപോലെ, അടയാളം കാണുക മാത്രമല്ല അതിന്റെ അർഥം അതായത്‌, യേശു ‘വാതിൽക്കൽ എത്തിയിരിക്കുന്നു’ എന്ന വസ്‌തുത ഗ്രഹിക്കുകകൂടി ചെയ്യുമായിരുന്നത്‌ അവന്റെ അഭിഷിക്ത അനുഗാമികളാണ്‌—ഒന്നാം നൂറ്റാണ്ടിലെയും ഇന്നത്തെയും.

14 യേശു പറഞ്ഞ “ഈ തലമുറ”യുടെ ദൈർഘ്യം കൃത്യമായി നിർണയിക്കാനാവില്ലെങ്കിലും തലമുറ എന്ന പദത്തെക്കുറിച്ച്‌ ചില കാര്യങ്ങൾ മനസ്സിൽപ്പിടിക്കുന്നത്‌ നല്ലതാണ്‌: ഒരു പ്രത്യേക കാലത്ത്‌ ജീവിച്ചിരിക്കുന്ന വിവിധ പ്രായക്കാരായ ആളുകളെയാണ്‌ തലമുറ എന്ന പദം പൊതുവെ അർഥമാക്കുന്നത്‌; ഒരു തലമുറയ്‌ക്ക്‌ അവസാനമുണ്ട്‌, അത്‌ വളരെയധികം നീണ്ടുപോകില്ല. (പുറ. 1:6) ഒരു അപ്പനും മകനും അല്ലെങ്കിൽ വല്ല്യപ്പനും കൊച്ചുമകനും ഒരു തലമുറയാണെന്നു പറയാനാകും. അങ്ങനെയെങ്കിൽ, “ഈ തലമുറ”യെക്കുറിച്ചുള്ള യേശുവിന്റെ പരാമർശം നാം എങ്ങനെ മനസ്സിലാക്കണം? 1914-ൽ അടയാളം ദൃശ്യമായപ്പോൾ ഉണ്ടായിരുന്ന അഭിഷിക്തരും അവരെല്ലാം മരിക്കുന്നതിനുമുമ്പ്‌ അഭിഷിക്തരായി, മഹാകഷ്ടത്തിന്റെ ആരംഭത്തിനു ദൃക്‌സാക്ഷികളാകുന്ന അഭിഷിക്തരും അടങ്ങുന്നതാണ്‌ “ഈ തലമുറ.” “ഈ തലമുറ”യ്‌ക്ക്‌ ഒരു തുടക്കമുണ്ടായിരുന്നു, തീർച്ചയായും അതിനൊരു അവസാനവുമുണ്ട്‌. ഈ ഗ്രാഹ്യം നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും? അടയാളത്തിന്റെ വിവിധ വശങ്ങളുടെ നിവൃത്തി മഹാകഷ്ടം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്‌. നാം അടിയന്തിരതാബോധം കാത്തുസൂക്ഷിക്കുകയും സദാ ജാഗരൂകരായിരിക്കുകയും ചെയ്യണം; എങ്കിൽ ക്രമാനുഗതമായി വെളിപ്പെട്ടു കിട്ടുന്ന ബൈബിൾ സത്യങ്ങൾ മനസ്സിലാക്കി പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ ജീവിക്കുകയാണെന്നു പറയാനാകും.—മർക്കോ. 13:37.

15. സുവാർത്ത ഘോഷിക്കാൻ നമ്മെ ശക്തീകരിക്കുന്നത്‌ പരിശുദ്ധാത്മാവാണെന്ന്‌ എന്തു കാണിക്കുന്നു?

15 നാലാമതായി, സുവാർത്ത ഘോഷിക്കാൻ പരിശുദ്ധാത്മാവ്‌ നമ്മെ ശക്തീകരിക്കുന്നു. (പ്രവൃ. 1:8) അതിന്റെ വ്യക്തമായ തെളിവല്ലേ ഭൂമിയിലെമ്പാടുമായി നടക്കുന്ന സുവാർത്താഘോഷണം? ഉദാഹരണത്തിന്‌, ലജ്ജയോ ഭയമോ നിമിത്തം, ‘ഒരിക്കലും വീടുതോറും പോയി പ്രസംഗിക്കാൻ എനിക്കാവില്ല’ എന്നു കരുതിയിരുന്ന ഒരാളാണോ നിങ്ങൾ? പക്ഷേ ഇപ്പോൾ ആ വേലയിൽ നിങ്ങൾ തീക്ഷ്‌ണമായി പങ്കെടുക്കുന്നു. * വിശ്വസ്‌തരായ അനേകം സാക്ഷികൾ, എതിർപ്പും പീഡനവുമെല്ലാം നേരിടുന്നെങ്കിലും പ്രസംഗപ്രവർത്തനത്തിൽ തുടരുന്നു. അധൈര്യപ്പെടുത്തുന്ന സാഹചര്യങ്ങൾ തരണംചെയ്യാനും സ്വന്തം ശക്തിയാൽ അസാധ്യമായ കാര്യങ്ങൾ ചെയ്യാനും ദൈവാത്മാവിനു മാത്രമേ നമ്മെ ശക്തീകരിക്കാനാകൂ. (മീഖാ 3:8; മത്താ. 17:20) പ്രസംഗപ്രവർത്തനത്തിൽ പരമാവധി ചെയ്യുന്നെങ്കിൽ, ദൈവാത്മാവിനോടു സഹകരിച്ചു പ്രവർത്തിക്കുകയാണെന്നു തെളിയിക്കുകയായിരിക്കും നിങ്ങൾ.

പരിശുദ്ധാത്മാവിന്റെ പങ്ക്‌—ഭാവിയിൽ

16. മഹാകഷ്ടത്തിന്റെ സമയത്ത്‌ യഹോവ തന്റെ ജനത്തെ സംരക്ഷിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളത്‌ എന്തുകൊണ്ട്‌?

16 ഭാവിയിൽ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിന്‌ യഹോവ പരിശുദ്ധാത്മാവിനെ ശ്രദ്ധേയമായ വിധങ്ങളിൽ ഉപയോഗിക്കും. ഉദാഹരണത്തിന്‌, സംരക്ഷണത്തിന്റെ കാര്യമെടുക്കുക. നാം കണ്ടുകഴിഞ്ഞതുപോലെ, പുരാതന കാലത്ത്‌ വ്യക്തികളെയും ഇസ്രായേൽ ജനത്തെ ഒരു കൂട്ടമെന്നനിലയിലും സംരക്ഷിക്കാൻ യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ചു. അതുകൊണ്ട്‌, ആസന്നമായിരിക്കുന്ന മഹാകഷ്ടത്തിന്റെ സമയത്തും തന്റെ ജനത്തെ സംരക്ഷിക്കാൻ യഹോവ ശക്തമായ അതേ ആത്മാവിനെ ഉപയോഗിക്കും എന്ന കാര്യത്തിൽ സംശയമില്ല. യഹോവ അന്നു നമ്മെ സംരക്ഷിക്കുന്നത്‌ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച്‌ ഊഹാപോഹങ്ങൾ നടത്തുന്നതിനുപകരം ആത്മവിശ്വാസത്തോടെ നമുക്ക്‌ ഭാവിയിലേക്ക്‌ നോക്കാം. കാരണം, യഹോവയെ സ്‌നേഹിക്കുന്നവർ അവന്റെ ദൃഷ്ടിയിൽനിന്ന്‌ ഒരിക്കലും മറഞ്ഞിരിക്കുന്നില്ല; അവന്റെ ആത്മാവിന്റെ എത്തുപാടിന്‌ അപ്പുറത്തല്ല അവർ.—2 ദിന. 16:9; സങ്കീ. 139:7-12.

17. പുതിയ ലോകത്തിൽ യഹോവ തന്റെ ആത്മാവിനെ എങ്ങനെ ഉപയോഗിക്കും?

17 പുതിയ ലോകത്തിൽ യഹോവ തന്റെ ആത്മാവിനെ ഏതുവിധത്തിൽ ഉപയോഗിക്കും? അന്നാളിൽ തുറക്കാനിരിക്കുന്ന പുതിയ ചുരുളുകൾ രേഖപ്പെടുത്തുന്നതിനു പിന്നിലുള്ള ശക്തി പരിശുദ്ധാത്മാവായിരിക്കും. (വെളി. 20:12) എന്തായിരിക്കും ആ ചുരുളുകളുടെ ഉള്ളടക്കം? സാധ്യതയനുസരിച്ച്‌, ആയിരം വർഷ വാഴ്‌ചയിൽ നാം പിൻപറ്റേണ്ട കാര്യങ്ങളായിരിക്കും അതിൽ. ആ ചുരുളിലെ വിവരങ്ങൾ അറിയാൻ നിങ്ങൾ ആകാംക്ഷയുള്ളവരല്ലേ? പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ യഹോവ ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം പൂർത്തീകരിക്കുന്ന ആ അനുഗൃഹീത കാലത്തെ ജീവിതം നമ്മുടെ സകലഭാവനകളെയും വെല്ലുന്നതായിരിക്കും! ആ പുതിയ ലോകത്തിനായി നാം അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്‌.

18. എന്താണ്‌ നിങ്ങളുടെ ദൃഢനിശ്ചയം?

18 യഹോവ പടിപടിയായി വെളിപ്പെടുത്തുന്ന അവന്റെ ഉദ്ദേശ്യം നിശ്ചയമായും നിറവേറും; കാരണം, യഹോവ അതിനായി ഉപയോഗിക്കുന്നത്‌ അഖിലാണ്ഡത്തിലെ ഏറ്റവും പ്രബലമായ ശക്തിയെ, അതായത്‌ പരിശുദ്ധാത്മാവിനെയാണ്‌. ആ ദൈവോദ്ദേശ്യത്തിൽ നിങ്ങളും ഉൾപ്പെടുന്നുണ്ട്‌. അതുകൊണ്ട്‌, യഹോവയുടെ പരിശുദ്ധാത്മാവിനായി യാചിക്കാനും അതിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കാനുമായിരിക്കട്ടെ നിങ്ങളുടെ ദൃഢനിശ്ചയം. (ലൂക്കോ. 11:13) അങ്ങനെ ചെയ്യുന്നപക്ഷം, യഹോവ മനുഷ്യവർഗത്തിനായി ഉദ്ദേശിച്ചിരിക്കുന്ന പറുദീസാഭൂമിയിൽ നിത്യം ജീവിക്കാൻ നിങ്ങൾക്കാകും.

[അടിക്കുറിപ്പുകൾ]

^ ഖ. 15 ലജ്ജയെ തരണംചെയ്‌ത്‌ ശുശ്രൂഷയിൽ തീക്ഷ്‌ണമായി ഏർപ്പെടുന്ന ഒരു സഹോദരിയുടെ അനുഭവം അറിയാനായി 1993 സെപ്‌റ്റംബർ 15 വീക്ഷാഗോപുരത്തിന്റെ 19-ാം പേജ്‌ കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• തന്റെ ഉദ്ദേശ്യനിർവഹണത്തോടുള്ള ബന്ധത്തിൽ ബൈബിൾക്കാലങ്ങളിൽ യഹോവ പരിശുദ്ധാത്മാവിനെ ഏതെല്ലാം വിധങ്ങളിൽ ഉപയോഗിച്ചു?

• ഇന്ന്‌ യഹോവ തന്റെ ആത്മാവിനെ ഉപയോഗിക്കുന്നത്‌ എങ്ങനെ?

• തന്റെ ഉദ്ദേശ്യം പൂർത്തീകരിക്കുന്നതിനായി ഭാവിയിൽ യഹോവ പരിശുദ്ധാത്മാവിനെ എങ്ങനെ ഉപയോഗിക്കും?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചതുരം]

അധികമധികം ശോഭിച്ചു വരുന്ന സത്യത്തിന്റെ പ്രകാശവുമായി നിങ്ങൾ പരിചിതരാണോ?

യഹോവ തന്റെ ജനത്തിന്മേൽ സത്യത്തിന്റെ പ്രകാശം ചൊരിയുന്നതിനാൽ നമ്മുടെ ഗ്രാഹ്യം വർധിച്ചുകൊണ്ടിരിക്കുന്നു. വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അതിന്റെ ചില ഉദാഹരണങ്ങൾ നോക്കാം.

▪ ആത്മീയ വളർച്ചയെക്കുറിച്ചുള്ള ഏതു നല്ല പാഠമാണ്‌ പുളിമാവിന്റെ ദൃഷ്ടാന്തത്തിലൂടെ യേശു പഠിപ്പിച്ചത്‌? (മത്താ.13:33)—2008 ജൂലൈ 15, പേജ്‌ 19-20.

▪ ക്രിസ്‌ത്യാനികൾക്കുള്ള സ്വർഗീയ വിളി എപ്പോഴാണ്‌ അവസാനിക്കുന്നത്‌?​—⁠2007 മേയ്‌ 1, പേജ്‌ 30-31.

▪ യഹോവയെ ‘ആത്മാവിൽ’ ആരാധിക്കുക എന്നതിന്റെ അർഥമെന്ത്‌? (യോഹ. 4:24)—2002 ജൂലൈ 15, പേജ്‌ 15.

▪ മഹാപുരുഷാരം ഏത്‌ പ്രാകാരത്തിലാണ്‌ സേവിക്കുന്നത്‌? (വെളി. 7:15)—2002 മേയ്‌ 1, പേജ്‌ 30-31.

▪ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നത്‌ എപ്പോൾ? (മത്താ. 25:31-33)—1995 ഒക്‌ടോബർ 15, പേജ്‌ 18-28.