വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ നിങ്ങൾ ശ്രദ്ധകൊടുക്കുന്നുണ്ടോ?

യഹോവ ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ നിങ്ങൾ ശ്രദ്ധകൊടുക്കുന്നുണ്ടോ?

യഹോവ ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ നിങ്ങൾ ശ്രദ്ധകൊടുക്കുന്നുണ്ടോ?

നമ്മുടെ ഉള്ളിന്റെ ഉള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന നൂറുകണക്കിനു ചോദ്യങ്ങൾ ബൈബിളിൽ കാണാനാകും. യഹോവതന്നെ ചോദിച്ച ചോദ്യങ്ങളുമുണ്ട്‌ അക്കൂട്ടത്തിൽ. പ്രധാനപ്പെട്ട ചില വസ്‌തുതകൾ പഠിപ്പിക്കാനാണ്‌ അവൻ അവ ഉപയോഗിച്ചത്‌. ഉദാഹരണത്തിന്‌, നാശത്തിലേക്കാണ്‌ പോകുന്നത്‌ എന്ന്‌ കയീന്‌ മുന്നറിയിപ്പു നൽകാൻ യഹോവ അവനോട്‌ ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. (ഉല്‌പ. 4:6, 7) മറ്റൊരിക്കൽ, യഹോവ ചോദിച്ച ചോദ്യങ്ങൾ ദൈവസേവനത്തിന്‌ മുന്നോട്ടുവരാൻ യെശയ്യാവിനെ പ്രചോദിപ്പിച്ചു. “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്ന്‌ യഹോവ ചോദിച്ചപ്പോൾ യെശയ്യാവിന്റെ മറുപടി ഇങ്ങനെയായിരുന്നു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.”—യെശ. 6:8.

യേശുവും ചോദ്യങ്ങൾ ഉപയോഗിക്കുന്നതിൽ നിപുണനായിരുന്നു. മഹാനായ ഈ അധ്യാപകൻ ചോദിച്ച ചോദ്യങ്ങളിൽ 280-ലേറെ ചോദ്യങ്ങൾ സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചിലപ്പോൾ അവൻ ചോദ്യങ്ങൾ ചോദിച്ചത്‌ വിമർശകരുടെ വായടയ്‌ക്കാനായിരുന്നു എന്നത്‌ ശരിയാണ്‌. എന്നാൽ അവൻ ഉപയോഗിച്ച ചോദ്യങ്ങളിൽ മിക്കതും തങ്ങളുടെ ആത്മീയ അവസ്ഥയെക്കുറിച്ച്‌ സ്വയം വിലയിരുത്താൻ അവന്റെ ശ്രോതാക്കളെ പ്രേരിപ്പിക്കുന്നവയായിരുന്നു; അവരുടെ ഹൃദയത്തെ സ്‌പർശിക്കുന്നവയായിരുന്നു ആ ചോദ്യങ്ങൾ. (മത്താ. 22:41-46; യോഹ. 14:9, 10) ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ 14 പുസ്‌തകങ്ങൾ എഴുതിയ അപ്പൊസ്‌തലനായ പൗലോസും വൈദഗ്‌ധ്യത്തോടെ ചോദ്യങ്ങൾ ഉപയോഗിച്ചു. (റോമ. 10:13-15) റോമർക്കുള്ള അവന്റെ ലേഖനത്തിൽത്തന്നെ ധാരാളം ചോദ്യങ്ങൾ കാണാം. “ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധ”മാണെന്നു വിലമതിക്കാൻ പൗലോസിന്റെ ഈ ചോദ്യങ്ങൾ വായനക്കാരെ സഹായിക്കുന്നു.—റോമ. 11:33.

ചില ചോദ്യങ്ങൾ ഉത്തരം പ്രതീക്ഷിച്ചുകൊണ്ടുള്ളതായിരിക്കാം. എന്നാൽ മറ്റു ചിലത്‌ ശ്രോതാക്കളെ ഇരുത്തിചിന്തിപ്പിക്കുന്നവയാണ്‌. രണ്ടാമത്‌ പറഞ്ഞതരത്തിലുള്ള ചോദ്യങ്ങൾ യേശു ധാരാളമായി ഉപയോഗിച്ചെന്ന്‌ സുവിശേഷങ്ങൾ വ്യക്തമാക്കുന്നു. ഒരവസരത്തിൽ യേശു ശിഷ്യന്മാർക്ക്‌ ഇങ്ങനെയൊരു മുന്നറിയിപ്പു നൽകി: “പരീശന്മാരുടെ പുളിമാവിനെയും ഹെരോദാവിന്റെ പുളിമാവിനെയുംകുറിച്ചു ജാഗ്രതയോടെയിരിക്കുവിൻ.” യേശു ഇവിടെ അവരുടെ കാപട്യത്തെയും വ്യാജപഠിപ്പിക്കലിനെയും കുറിച്ചാണ്‌ സംസാരിച്ചത്‌. (മർക്കോ. 8:15; മത്താ. 16:12) പക്ഷേ ശിഷ്യന്മാർക്ക്‌ യേശു പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. അതുകൊണ്ട്‌ അപ്പം എടുക്കാൻ മറന്നതിനെച്ചൊല്ലി അവർ തമ്മിൽ തർക്കിക്കാൻ തുടങ്ങി. അപ്പോൾ യേശു അവരോടു ചോദിച്ച ചില ചോദ്യങ്ങൾ ശ്രദ്ധിക്കുക: “അപ്പത്തെച്ചൊല്ലി നിങ്ങൾ കലഹിക്കുന്നതെന്ത്‌? നിങ്ങൾ ഇനിയും വിവേചിച്ച്‌ അർഥം മനസ്സിലാക്കുന്നില്ലയോ? ഗ്രഹിക്കുന്നതിൽ നിങ്ങളുടെ ഹൃദയം മാന്ദ്യമുള്ളതോ? ‘കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലയോ? ചെവിയുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലയോ?’ . . . നിങ്ങൾ ഇനിയും അർഥം ഗ്രഹിക്കുന്നില്ലയോ?” യേശുവിന്റെ ഈ ചോദ്യങ്ങൾ അവരെ ചിന്തിപ്പിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. യേശു പറഞ്ഞതിന്റെ യഥാർഥ അർഥം മനസ്സിലാക്കാൻ അവ ശിഷ്യന്മാരെ സഹായിച്ചു.—മർക്കോ. 8:16-21.

“ഞാൻ നിന്നോടു ചോദിക്കും”

തന്റെ ദാസനായ ഇയ്യോബിന്റെ ചിന്താഗതി തിരുത്താൻ യഹോവയാം ദൈവം ചോദ്യങ്ങൾ ഉപയോഗിച്ചു. സ്രഷ്ടാവിന്റെ മുമ്പിൽ ഇയ്യോബ്‌ എത്ര നിസ്സാരനാണെന്ന്‌ എണ്ണമറ്റ ചോദ്യങ്ങളിലൂടെ യഹോവ അവന്‌ മനസ്സിലാക്കിക്കൊടുത്തു. (ഇയ്യോ., അധ്യാ. 38-41) ഈ ഓരോ ചോദ്യത്തിനും ഇയ്യോബ്‌ ഉത്തരം പറയണമെന്ന്‌ യഹോവ പ്രതീക്ഷിച്ചോ? സാധ്യതയില്ല. “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?” എന്നതുപോലുള്ള ചോദ്യങ്ങൾ ഇയ്യോബിന്റെ ചിന്തയെയും വികാരങ്ങളെയും ഉണർത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. അത്തരം ചോദ്യങ്ങൾക്കു മുമ്പിൽ ഇയ്യോബ്‌ നിശ്ശബ്ദനായിപ്പോയി. “ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു,” ഇയ്യോബ്‌ പറഞ്ഞു. (ഇയ്യോ. 38:4; 40:4) ഇയ്യോബിന്‌ കാര്യം മനസ്സിലായി, അവൻ വിനയാനതനായി. പക്ഷേ ഈ ചോദ്യങ്ങളിലൂടെ യഹോവ ഇയ്യോബിനെ താഴ്‌മ പഠിപ്പിക്കുക മാത്രമായിരുന്നില്ല; ദൈവം അവന്റെ ചിന്താഗതിയും തിരുത്തി. എങ്ങനെ?

ഇയ്യോബ്‌ “നിഷ്‌കളങ്കനും നേരുള്ളവനും” ആയിരുന്നെങ്കിലും അവന്‌ തെറ്റായ ഒരു വീക്ഷണം ഉണ്ടായിരുന്നെന്ന്‌ അവൻ പറഞ്ഞ ചില കാര്യങ്ങൾ വെളിപ്പെടുത്തി. അക്കാര്യം എലീഹൂ പിന്നീട്‌ ഇയ്യോബിന്റെ ശ്രദ്ധയിൽപ്പെടുത്തി. “ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചതുകൊണ്ട്‌” എലീഹൂ അവനെ ശാസിച്ചു. (ഇയ്യോ. 1:8; 32:2; 33:8-12) ഇയ്യോബിന്റെ ഈ ചിന്താഗതിയെയാണ്‌ ചില ചോദ്യങ്ങളിലൂടെ യഹോവ തിരുത്തിയത്‌. യഹോവ ഒരു ചുഴലിക്കാറ്റിൽ നിന്ന്‌ ഇയ്യോബിനോടു ഇങ്ങനെ അരുളിച്ചെയ്‌തു: “അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.” (ഇയ്യോ. 38:1-3) യഹോവ പല ചോദ്യങ്ങളിലൂടെ, സൃഷ്ടിക്രിയകളിൽ പ്രകടമായിരിക്കുന്ന തന്റെ അപരിമേയ ജ്ഞാനവും ശക്തിയും ഇയ്യോബിന്റെ ശ്രദ്ധയിൽപ്പെടുത്തി. യഹോവയുടെ ന്യായത്തീർപ്പുകളിലും അവന്റെ പ്രവർത്തനരീതിയിലും മുമ്പെന്നത്തെക്കാൾ അധികമായി വിശ്വാസമർപ്പിക്കാൻ ഈ തിരിച്ചറിവ്‌ ഇയ്യോബിനെ സഹായിച്ചു. സർവശക്തനായ ദൈവം നേരിട്ടു ചോദ്യങ്ങൾ ചോദിക്കുക, എന്തൊരു അനുഭവമായിരുന്നിരിക്കണം ഇയ്യോബിന്‌ അത്‌!

യഹോവ നമ്മോടും ചോദ്യങ്ങൾ ചോദിക്കട്ടെ!

നമ്മുടെ കാര്യമോ? ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ നമുക്കും പ്രയോജനം ചെയ്യുമോ? ഉവ്വ്‌. ആ ചോദ്യങ്ങളെക്കുറിച്ച്‌ നാം സമയമെടുത്ത്‌ ചിന്തിക്കുന്നെങ്കിൽ സമൃദ്ധമായ ആത്മീയ അനുഗ്രഹങ്ങൾ കൈവരും. ബൈബിളിൽ അടങ്ങിയിരിക്കുന്ന ചോദ്യങ്ങൾ അതിലെ സന്ദേശത്തിന്‌ കൂടുതൽ ശക്തിപകരുന്നു. അതെ, ‘ദൈവത്തിന്റെ വചനം ശക്തിയുള്ളതും ഹൃദയവിചാരങ്ങളെയും അന്തർഗതങ്ങളെയും വിവേചിക്കാൻ കഴിവുള്ളതുമാകുന്നു.’ (എബ്രാ. 4:12) ബൈബിളിലുള്ള ഈ ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്‌. നമ്മോട്‌ ഓരോരുത്തരോടുമുള്ള യഹോവയുടെ ചോദ്യങ്ങളായി നാം അവയെ കണക്കാക്കുന്നെങ്കിൽ നമുക്ക്‌ അതിൽനിന്ന്‌ പരമാവധി പ്രയോജനം നേടാനാകും. (റോമ. 15:4) ചില ഉദാഹരണങ്ങൾ നോക്കാം.

“സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?” (ഉല്‌പ. 18:25) സൊദോമിനും ഗൊമോരയ്‌ക്കുമെതിരെ യഹോവ ന്യായവിധി പ്രഖ്യാപിച്ച സമയത്താണ്‌ അബ്രാഹാം ഈ ചോദ്യം ചോദിച്ചത്‌. ഉത്തരം പ്രതീക്ഷിച്ചുകൊണ്ടുള്ള ഒരു ചോദ്യമായിരുന്നില്ല അത്‌. ദുഷ്ടനോടൊപ്പം നീതിമാനെ നശിപ്പിച്ചുകൊണ്ട്‌ യഹോവ ഒരിക്കലും അനീതി പ്രവർത്തിക്കില്ലെന്ന്‌ അബ്രാഹാമിന്‌ ഉറപ്പായിരുന്നു. യഹോവയുടെ നീതിയിലുള്ള അബ്രാഹാമിന്റെ ശക്തമായ വിശ്വാസമാണ്‌ ആ ചോദ്യത്തിൽ നിഴലിച്ചത്‌.

ആരായിരിക്കും അർമ്മഗെദ്ദോനെ അതിജീവിക്കുക, ആർക്കൊക്കെയായിരിക്കും പുനരുത്ഥാനം ലഭിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ചിലർ ഊഹാപോഹങ്ങൾ നടത്തിയേക്കാം. യഹോവ ഭാവിയിൽ നടത്താനിരിക്കുന്ന ന്യായവിധികളെക്കുറിച്ച്‌ ഇത്തരത്തിൽ ആകുലപ്പെടുന്നതിനുപകരം അബ്രാഹാം ചോദിച്ച ചോദ്യം നമുക്ക്‌ ഓർക്കാനാകും. നമ്മുടെ സ്വർഗീയ പിതാവായ യഹോവ ഉദാരമതിയാണെന്നും അവന്റെ നീതിയും കരുണയും പിഴവറ്റതാണെന്നും അബ്രാഹാമിനെപ്പോലെ നമുക്കും ഉറച്ചു വിശ്വസിക്കാം. അങ്ങനെയാകുമ്പോൾ അനാവശ്യമായ ആകുലതയും സംശയവും നിഷ്‌ഫലമായ വാദപ്രതിവാദവും ഒഴിവാക്കാൻ നമുക്കു കഴിയും.

“ഉത്‌കണ്‌ഠപ്പെടുന്നതിനാൽ ആയുസ്സിനോട്‌ ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?” (മത്താ. 6:27) തന്റെ ശിഷ്യന്മാരുൾപ്പെടെയുള്ള ഒരു വലിയ ജനക്കൂട്ടത്തോടു സംസാരിക്കുകയായിരുന്നു യേശു. യഹോവയുടെ സ്‌നേഹകരുതലിൽ സമ്പൂർണമായി ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കാനാണ്‌ അവൻ അപ്പോൾ ഈ ചോദ്യം ചോദിച്ചത്‌. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യകാലത്ത്‌ ജീവിക്കുന്ന നമ്മെ പല ഉത്‌കണ്‌ഠകൾ അലട്ടിയേക്കാം. പക്ഷേ അതേക്കുറിച്ച്‌ വ്യാകുലപ്പെട്ടതുകൊണ്ട്‌ നമ്മുടെ ആയുസ്സ്‌ വർധിക്കുകയോ ജീവിതാവസ്ഥകൾ മെച്ചപ്പെടുകയോ ചെയ്യില്ല.

നമ്മെക്കുറിച്ചോ നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ചോ ഉത്‌കണ്‌ഠ തോന്നുന്നെങ്കിൽ യേശുവിന്റെ ഈ ചോദ്യത്തെക്കുറിച്ച്‌ ധ്യാനിക്കുക. ഉത്‌കണ്‌ഠയ്‌ക്കിടയാക്കുന്ന സംഗതിയെ ശരിയായ വിധത്തിൽ വീക്ഷിക്കാൻ അതു നമ്മെ സഹായിക്കും. മാനസികമായും വൈകാരികമായും ശാരീരികമായും നമ്മെ തളർത്തിയേക്കാവുന്ന നിഷേധാത്മക ചിന്തകൾക്കും ഉത്‌കണ്‌ഠകൾക്കും തടയിടാൻ അങ്ങനെ നമുക്കു കഴിയും. യേശു പറഞ്ഞതുപോലെ, ആകാശത്തിലെ പക്ഷികളെ തീറ്റിപ്പോറ്റുകയും വയലിലെ സസ്യങ്ങളെ അണിയിച്ചൊരുക്കുകയും ചെയ്യുന്ന നമ്മുടെ സ്വർഗീയ പിതാവ്‌ നമുക്ക്‌ ആവശ്യമുള്ളത്‌ എന്താണെന്ന്‌ നന്നായി അറിയുന്നു.—മത്താ. 6:26-34.

“ഒരു മനുഷ്യന്നു തന്റെ വസ്‌ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ?” (സദൃ. 6:27) സദൃശവാക്യങ്ങളിലെ ആദ്യത്തെ ഒൻപത്‌ അധ്യായങ്ങൾ ഒരു പിതാവ്‌ തന്റെ പുത്രന്‌ നൽകുന്ന ഉപദേശങ്ങളാണ്‌. അതിലെ ഒരു വാക്യമാണ്‌ മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്‌. വ്യഭിചാരത്തിന്റെ തിക്തഫലങ്ങളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണിത്‌. (സദൃ. 6:29) തെറ്റായ ലൈംഗിക മോഹങ്ങൾ മനസ്സിൽ വരുമ്പോൾ, അല്ലെങ്കിൽ എതിർലിംഗത്തിൽപ്പെട്ടവരോട്‌ നിങ്ങൾ ശൃംഗരിക്കുന്നുവെന്നു തിരിച്ചറിയുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക്‌ ഈ ചോദ്യം ഒരു ആപൽസൂചകംപോലെ കടന്നുവരണം. ബുദ്ധിശൂന്യമായ ഒരു ഗതി—അത്‌ എന്തുതന്നെയാകട്ടെ—തിരഞ്ഞെടുക്കാൻ പ്രലോഭനം ഉണ്ടാകുമ്പോഴെല്ലാം ഈ ചോദ്യം സ്വയം ചോദിക്കാവുന്നതാണ്‌. നിങ്ങൾ “വിതയ്‌ക്കുന്നതുതന്നെ കൊയ്യും” എന്ന ബൈബിൾ തത്ത്വമല്ലേ ഈ ചോദ്യം എടുത്തുകാണിക്കുന്നത്‌.—ഗലാ. 6:7.

“മറ്റൊരുവന്റെ ദാസനെ വിധിക്കാൻ നീ ആർ?” (റോമ. 14:4) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിൽ ഉടലെടുത്ത ചില പ്രശ്‌നങ്ങളെക്കുറിച്ച്‌ റോമർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ്‌ പരാമർശിച്ചു. അന്നത്തെ ക്രിസ്‌ത്യാനികൾ വ്യത്യസ്‌ത സംസ്‌കാരങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നും ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ സഹക്രിസ്‌ത്യാനികളുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും വിമർശിക്കാനുള്ള പ്രവണത അവരിൽ ചിലർക്കുണ്ടായിരുന്നു. അന്യോന്യം കൈക്കൊള്ളാനും ന്യായവിധി ദൈവത്തിന്‌ വിട്ടുകൊടുക്കാനും പൗലോസിന്റെ ഈ ചോദ്യം ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചു.

അന്നത്തെപ്പോലെ ഇന്നും ദൈവജനം വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ളവരാണ്‌. എന്നാൽ യഹോവ നമ്മെയെല്ലാം ഒന്നിച്ചു കൂട്ടിവരുത്തിയിരിക്കുന്നു. നമുക്കിടയിലെ അമൂല്യമായ ഈ ഐക്യം കാത്തുസൂക്ഷിക്കാൻ നാം ശ്രമിക്കുന്നുണ്ടോ? മനസ്സാക്ഷിയനുസരിച്ച്‌ ഒരു സഹോദരൻ എടുക്കുന്ന തീരുമാനത്തെ എടുത്തുചാടി വിമർശിക്കാനുള്ള പ്രവണത നമുക്കുണ്ടെങ്കിൽ പൗലോസ്‌ ചോദിച്ച ആ ചോദ്യം സ്വയം ചോദിക്കുന്നത്‌ നന്നായിരിക്കും.

ചോദ്യങ്ങൾ—ദൈവത്തോട്‌ അടുക്കാൻ

ദൈവവചനത്തിലെ ചോദ്യങ്ങളുടെ സ്വാധീനശക്തി മനസ്സിലാക്കാൻ ഈ ഏതാനും ഉദാഹരണങ്ങൾ നമ്മെ സഹായിച്ചു. ബൈബിളിലുള്ള ഓരോ ചോദ്യവും എന്തിനോട്‌ ബന്ധപ്പെട്ടാണ്‌ എന്നു മനസ്സിലാക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നപക്ഷം, സമാനമായ സാഹചര്യങ്ങളിൽ അവ നമുക്കും പ്രയോജനംചെയ്യും. ബൈബിൾ വായിക്കവെ ഇത്തരത്തിലുള്ള ധാരാളം ചോദ്യങ്ങൾ നാം ഇനിയും കണ്ടെത്തും.—14-ാം പേജിലെ ചതുരം കാണുക.

ദൈവവചനത്തിലുള്ള ചിന്തോദ്ദീപകമായ ചോദ്യങ്ങൾ നമ്മുടെ ഉള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങട്ടെ! അങ്ങനെയാകുമ്പോൾ നമ്മുടെ മനസ്സും ഹൃദയവും യഹോവയുടെ നീതിയുള്ള നിലവാരങ്ങളോട്‌ ചേർന്നുവരും. യഹോവയുടെ ചോദ്യങ്ങൾ കേട്ടശേഷം ഇയ്യോബ്‌ ഇങ്ങനെ സമ്മതിച്ചു: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോ. 42:5) അതെ, യഹോവ എന്ന വ്യക്തി അവന്‌ കൂടുതൽ യാഥാർഥ്യമായി, കണ്മുമ്പിൽ അവനെ കണ്ടാലെന്നപോലെ. ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ പറയുകയുണ്ടായി: “ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.” (യാക്കോ. 4:8) ചോദ്യങ്ങൾ ഉൾപ്പെടെ ദൈവവചനത്തിലുള്ള സകലതും ആത്മീയമായി വളരാൻ, യഹോവയെ അടുത്ത്‌ ‘കാണാൻ’ നമ്മെ സഹായിക്കുമാറാകട്ടെ!

[14-ാം പേജിലെ ചതുരം]

യഹോവയുടെ വീക്ഷണം മനസ്സിലാക്കാൻ സഹായിക്കുന്ന ചില ചോദ്യങ്ങൾ

▪ “യഹോവയുടെ കല്‌പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ?”—1 ശമൂ. 15:22.

▪ “കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?”—സങ്കീ. 94:9.

▪ “തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ?”—സദൃ. 26:12.

▪ “നീ കോപിക്കുന്നതു വിഹിതമോ?”—യോനാ 4:4.

▪ “ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും തന്റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവന്‌ എന്തു പ്രയോജനം?”—മത്താ. 16:26.

▪ “ക്രിസ്‌തുവിന്റെ സ്‌നേഹത്തിൽനിന്നു നമ്മെ വേർപെടുത്താൻ ആർക്കു കഴിയും?”—റോമ. 8:35.

▪ “ലഭിച്ചതല്ലാതെ നിനക്ക്‌ എന്തുണ്ട്‌?”—1 കൊരി. 4:7.

▪ “വെളിച്ചത്തിന്‌ ഇരുളുമായി എന്തു പങ്കാളിത്തം?”—2 കൊരി. 6:14.

[15-ാം പേജിലെ ചിത്രം]

യഹോവ ചോദിച്ച ചോദ്യങ്ങളിൽനിന്ന്‌ ഇയ്യോബ്‌ എന്തു പഠിച്ചു?