വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദിമ ക്രിസ്‌ത്യാനികളും റോമൻ ദൈവങ്ങളും

ആദിമ ക്രിസ്‌ത്യാനികളും റോമൻ ദൈവങ്ങളും

ആദിമ ക്രിസ്‌ത്യാനികളും റോമൻ ദൈവങ്ങളും

റോമൻ ചക്രവർത്തിയായ ട്രാജനുള്ള ഒരു കത്തിൽ ബിഥുന്യയിലെ ഗവർണറായ പ്ലിനി ദി യംഗർ എഴുതി: “ക്രിസ്‌ത്യാനികളെന്ന്‌ ആരോപിക്കപ്പെട്ട്‌ എന്റെ മുമ്പിൽ ഹാജരാക്കുന്നവരോട്‌, അവർ ക്രിസ്‌ത്യാനികളാണോ എന്ന്‌ ഞാൻ ചോദിക്കും. ആണെന്നു പറഞ്ഞാൽ ഭീഷണിയുടെ സ്വരത്തിൽ രണ്ടാമതും മൂന്നാമതും ചോദ്യം ആവർത്തിക്കും. എന്നിട്ടും നിലപാടിൽ മാറ്റമില്ലെങ്കിൽ അവരെ വധശിക്ഷയ്‌ക്കു വിധിക്കും. ഇതാണ്‌ അവരുടെ കാര്യത്തിൽ ഞാൻ കൈക്കൊള്ളുന്ന നടപടി.” ക്രിസ്‌തുവിനെ ശപിച്ചുകൊണ്ടും താൻ വരുത്തിച്ച ദേവവിഗ്രഹങ്ങൾക്കും ചക്രവർത്തിയുടെ പ്രതിമയ്‌ക്കും മുമ്പാകെ വണങ്ങിക്കൊണ്ടും ക്രിസ്‌തുമതത്തെ തള്ളിപ്പറഞ്ഞവരെക്കുറിച്ച്‌ പ്ലിനി എഴുതി: “അവരെ വിട്ടയയ്‌ക്കുന്നതിൽ ഞാൻ കുഴപ്പമൊന്നും കണ്ടില്ല.”

ചക്രവർത്തിയെയും വിഗ്രഹങ്ങളെയും ആരാധിക്കാൻ വിസമ്മതിച്ച ആദിമകാല ക്രിസ്‌ത്യാനികൾക്ക്‌ പീഡനം അനുഭവിക്കേണ്ടിവന്നു. റോമാസാമ്രാജ്യത്തിലെ മറ്റു മതങ്ങളുടെ കാര്യമോ? അവർ ഏതെല്ലാം ദൈവങ്ങളെയാണ്‌ ആരാധിച്ചിരുന്നത്‌? റോമാക്കാർ അവയെ എങ്ങനെയാണ്‌ വീക്ഷിച്ചത്‌? റോമൻ ദൈവങ്ങൾക്കു ബലിയർപ്പിക്കാൻ വിസമ്മതിച്ച ക്രിസ്‌ത്യാനികൾക്കു പീഡനം നേരിട്ടത്‌ എന്തുകൊണ്ട്‌? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം. യഹോവയോടുള്ള വിശ്വസ്‌തത പരിശോധിക്കപ്പെടുന്ന സമാനമായ സാഹചര്യങ്ങളെ നേരിടാൻ അവ നമ്മെ സഹായിക്കും.

റോമാസാമ്രാജ്യത്തിലെ മതങ്ങൾ

നാനാതരം ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമവേദിയായിരുന്ന റോമാസാമ്രാജ്യത്തിൽ അത്രയുംതന്നെ ദേവഗണങ്ങളും ഉണ്ടായിരുന്നു. റോമാക്കാർക്ക്‌ യഹൂദമതം വിചിത്രമായി തോന്നിയിരിക്കാമെങ്കിലും അവർ അതിനെ റിലിജിയോ ലികിറ്റാ അഥവാ അംഗീകൃതമതമായി പരിഗണിച്ച്‌ പരിരക്ഷിച്ചുപോന്നു. യെരുശലേമിലെ ആലയത്തിൽ ദിവസം രണ്ടുപ്രാവശ്യം കൈസറിന്റെയും റോമിന്റെയും നന്മയ്‌ക്കായി രണ്ട്‌ ആട്ടിൻകുട്ടികളെയും ഒരു കാളയെയും ബലിയർപ്പിച്ചിരുന്നു. ഈ യാഗങ്ങൾ പ്രീണിപ്പിച്ചത്‌ ഏകദൈവത്തെയാണോ ബഹുദൈവങ്ങളെയാണോ എന്നതൊന്നും റോമാക്കാർക്ക്‌ ഒരു വിഷയമായിരുന്നില്ല. റോമിനോട്‌ യഹൂദന്മാർക്കുണ്ടായിരുന്ന കൂറിന്റെ പ്രതീകമായിരുന്നു ഈ യാഗങ്ങൾ; റോമാക്കാർക്ക്‌ അതേ വേണ്ടിയിരുന്നുള്ളൂ.

പലരൂപത്തിലുള്ള പുറജാതീയ ആചാരങ്ങളും വിശ്വാസങ്ങളും നിറഞ്ഞതായിരുന്നു പ്രാദേശിക മതവിഭാഗങ്ങൾ. ഗ്രീക്ക്‌ പുരാണം പരക്കെ പ്രചാരം സിദ്ധിച്ചിരുന്നു; ഭാവികഥനവിദ്യ സർവസാധാരണമായിരുന്നു. നിഗൂഢമതങ്ങളെന്ന്‌ അറിയപ്പെട്ടിരുന്ന പൗരസ്‌ത്യ ഉത്ഭവമുള്ള മതങ്ങൾ ഭക്തർക്ക്‌ അമർത്യതയും നേരിട്ടുള്ള വെളിപാടും വാഗ്‌ദാനംചെയ്‌തു. മാന്ത്രികവിദ്യകളിലൂടെ ദൈവങ്ങളെ സമീപിക്കാനാകുമെന്ന്‌ അവ പഠിപ്പിച്ചു. ഇത്തരം മതങ്ങൾ സാമ്രാജ്യത്തിലുടനീളം വ്യാപിച്ചിരുന്നു. ക്രിസ്‌തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽ വളരെ ജനപ്രീതിയുണ്ടായിരുന്നവയാണ്‌ ഈജിപ്‌ഷ്യൻ ദേവനായ സെറാപിസിന്റെയും ദേവിയായ ഐസസിന്റെയും സിറിയൻ മത്സ്യദേവതയായ അറ്റാർഗറ്റീസിന്റെയും പേർഷ്യൻ സൂര്യദേവനായ മിത്രയുടെയും പേരിലുള്ള മതപ്രസ്ഥാനങ്ങൾ.

ആദിമ ക്രിസ്‌ത്യാനികൾക്കു ചുറ്റുമുണ്ടായിരുന്ന മതാന്തരീക്ഷം എങ്ങനെയുള്ളതായിരുന്നെന്ന്‌ പ്രവൃത്തികളെന്ന ബൈബിൾ പുസ്‌തകത്തിൽനിന്നു നമുക്കു മനസ്സിലാക്കാം. ഉദാഹരണത്തിന്‌, സൈപ്രസിലെ റോമൻ പ്രവിശ്യാധിപതി ഒരു യഹൂദമന്ത്രവാദിയെ കൂടെക്കൊണ്ടുനടന്നിരുന്നതായി വിവരണം സൂചിപ്പിക്കുന്നു. (പ്രവൃ. 13:6, 7) ലുസ്‌ത്രയിലെ ആളുകളാകട്ടെ പൗലോസിനെയും ബർന്നബാസിനെയും ഗ്രീക്ക്‌ ദേവന്മാരായ ഹെർമിസും സിയൂസുമായി തെറ്റിദ്ധരിച്ചു. (പ്രവൃ. 14:11-13) മറ്റൊരിക്കൽ ഫിലിപ്പിയിൽവെച്ച്‌ പൗലോസ്‌ വെളിച്ചപ്പാടത്തിയായ ഒരു ദാസിപ്പെൺകുട്ടിയെ കാണാനിടയായി. (പ്രവൃ. 16:16-18) ഏഥൻസ്‌ നിവാസികളോട്‌, ‘മറ്റുള്ളവരെക്കാൾ ദേവന്മാരെ ഭയപ്പെടുന്നവരാണ്‌ നിങ്ങളെന്നു ഞാൻ കാണുന്നു’ എന്ന്‌ പൗലോസ്‌ പറഞ്ഞതായി നാം വായിക്കുന്നു. “അജ്ഞാതദേവന്‌” എന്ന്‌ എഴുതിയിരിക്കുന്ന ഒരു ബലിപീഠവും അവൻ അവിടെ കണ്ടു. (പ്രവൃ. 17:22, 23, അടിക്കുറിപ്പ്‌) എഫെസൊസുകാരുടെ കാര്യമെടുത്താൽ, അവർ അർത്തെമിസ്‌ ദേവിയുടെ ആരാധകരായിരുന്നു. (പ്രവൃ. 19:1, 23, 24, 34) ഒരിക്കൽ മാൾട്ടയിൽവെച്ച്‌ പൗലോസിനെ ഒരു പാമ്പ്‌ കടിച്ചെങ്കിലും അവനു ദോഷമൊന്നും ഉണ്ടായില്ലെന്നു കണ്ടപ്പോൾ ആ ദ്വീപുവാസികൾ അവൻ ഒരു ദേവനാണെന്ന്‌ പറയാൻതുടങ്ങി. (പ്രവൃ. 28:3-6) ഇത്തരം സാഹചര്യങ്ങൾ നിലവിലിരുന്നതിനാൽ, അവയൊന്നും സത്യാരാധനയെ കളങ്കപ്പെടുത്താതിരിക്കാൻ ക്രിസ്‌ത്യാനികൾ ജാഗ്രതയുള്ളവർ ആയിരിക്കേണ്ടിയിരുന്നു.

റോമൻ മതം

സാമ്രാജ്യത്തിന്റെ അതിരുകൾ വിശാലമാക്കിയതോടൊപ്പം റോമാക്കാർ ആ ദേശങ്ങളിലെ ദേവന്മാരെയും സ്വീകരിച്ചു. തങ്ങൾക്ക്‌ പരിചിതമായ ദേവന്മാരുടെ പ്രതിരൂപങ്ങൾ—അങ്ങനെയാണ്‌ അവർ ആ ദേവന്മാരെ കണ്ടത്‌. അന്യമതങ്ങളെ തുടച്ചുനീക്കുന്നതിനുപകരം റോമൻ ജേതാക്കൾ അവയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്‌തു. സംസ്‌കാരങ്ങളുടെ വൈവിധ്യംപോലെതന്നെ വൈവിധ്യംനിറഞ്ഞതായിരുന്നു റോമൻ മതവും. അനന്യഭക്തി നിഷ്‌കർഷിക്കുന്നവയായിരുന്നില്ല റോമൻ മതവിശ്വാസങ്ങൾ. ഒരേസമയം പല ദൈവങ്ങളെ ആരാധിക്കുന്നത്‌ അവർക്കൊരു പ്രശ്‌നമല്ലായിരുന്നു.

ഓപ്‌റ്റിമസ്‌ മാക്‌സിമസ്‌ (അത്യുത്തമനും അതിമഹാനും) എന്നറിയപ്പെട്ടിരുന്ന ജൂപ്പിറ്ററായിരുന്നു റോമൻ ദൈവങ്ങൾക്കിടയിൽ അഗ്രഗണ്യൻ. കാറ്റിന്റെയും മഴയുടെയും മിന്നലിന്റെയും ഇടിമുഴക്കത്തിന്റെയും ദേവനായിരുന്നു ജൂപ്പിറ്റർ. ജൂപ്പിറ്ററിന്റെ സഹോദരിയും ജീവിതപങ്കാളിയുമായിരുന്ന ജൂനൊ (ഒരു ചന്ദ്രദേവത) സ്‌ത്രീ ജീവിതത്തിന്റെ എല്ലാ അംശങ്ങളുമായി ബന്ധപ്പെട്ടിരുന്നു; സ്‌ത്രീകളുടെ ‘കാവൽമാലാഖ’യായി അവരെ കണക്കാക്കിപ്പോന്നു. കരകൗശലപ്പണികൾ, വിദഗ്‌ധജോലികൾ, കലകൾ, യുദ്ധം എന്നിവയുടെ ദേവിയായിരുന്നു ജൂപ്പിറ്ററിന്റെ മകളായ മിനർവ.

എണ്ണിയാലൊടുങ്ങാത്തത്ര ദേവന്മാരുണ്ടായിരുന്നു റോമാക്കാർക്ക്‌. കുടുംബങ്ങളുടെ സംരക്ഷകരായിരുന്നു ലാറീസുകളും പെനാറ്റീസുകളും. അടുപ്പിന്റെ ദേവിയായിരുന്നു വെസ്റ്റ, രണ്ടു മുഖങ്ങളുള്ള ജെയ്‌നസ്സ്‌ ആരംഭങ്ങളുടെ ദേവനും. ഓരോ തൊഴിലിനും ദേവന്മാരുണ്ടായിരുന്നു. എന്തിന്‌, അമൂർത്താശയങ്ങളുമായി ബന്ധപ്പെട്ടും റോമാക്കാർക്ക്‌ ദൈവങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്‌, സമാധാനത്തിന്റെ കാവലാളായിരുന്നു പാക്‌സ്‌. സാലസ്‌ ആരോഗ്യത്തിന്റെയും ഫൈഡീസ്‌ വിശ്വസ്‌തതയുടെയും വെർട്ടസ്‌ ധൈര്യത്തിന്റെയും വൊളുപ്‌റ്റസ്‌ സന്തോഷത്തിന്റെയും പ്യുഡീകിറ്റ്യാ വിനയത്തിന്റെയും ചാരിത്ര്യത്തിന്റെയും ദൈവമായിരുന്നു. പൊതുജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും എല്ലാക്കാര്യങ്ങളും ദൈവങ്ങളുടെ ഇഷ്ടപ്രകാരമാണ്‌ നടക്കുന്നതെന്ന്‌ റോമാക്കാർ കരുതി. അതുകൊണ്ട്‌ അഭീഷ്ടസിദ്ധിക്കായി അതാതു ദൈവങ്ങളെ പ്രീണിപ്പിക്കുന്നതിന്‌ പ്രാർഥനകളും ബലികളും ഉത്സവങ്ങളും അവർ നടത്തുമായിരുന്നു.

ദേവഹിതം അറിയാനുള്ള ഒരു മാർഗമായിരുന്നു ശകുനം നോക്കുന്നത്‌; കുരുതികൊടുക്കുന്ന മൃഗങ്ങളുടെ ആന്തരാവയവങ്ങൾ പരിശോധിക്കുന്നതായിരുന്നു അതിനുള്ള ഒരു മുഖ്യവിധം. ഈ അവയവങ്ങളുടെ അവസ്ഥ, സ്ഥാനം എന്നിവ നോക്കി, ചെയ്യാൻ പോകുന്ന കാര്യത്തിന്‌ ദൈവങ്ങളുടെ ആശീർവാദമുണ്ടോയെന്നു കണ്ടെത്താനാകുമെന്ന്‌ അവർ കരുതി.

ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്‌ റോമാക്കാർ തങ്ങളുടെ മുഖ്യദൈവങ്ങൾക്ക്‌ ഗ്രീക്ക്‌ പ്രതിരൂപങ്ങൾ കണ്ടെത്തി. ഉദാഹരണത്തിന്‌, റോമൻ ദൈവങ്ങളായ ജൂപ്പിറ്ററും ജൂനൊയും തന്നെയാണ്‌ ഗ്രീക്ക്‌ ദൈവങ്ങളായ സിയൂസും ഹീരയും എന്ന്‌ അവർ കരുതി. അത്തരം ദൈവങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങളും റോമാക്കാർ ഗ്രീക്കുകാരിൽനിന്നു കടമെടുത്തു. ഈ ഐതിഹ്യങ്ങൾ ദേവന്മാരുടെ യശസ്സുയർത്തുന്നവയായിരുന്നില്ല; മനുഷ്യരെപ്പോലെ തെറ്റുകളും കുറവുകളും ഉള്ളവരായിരുന്നു ആ ദേവന്മാർ. ഉദാഹരണത്തിന്‌, ഒരു ബലാത്സംഗക്കാരനായിട്ടാണ്‌ സിയൂസിനെ ചിത്രീകരിച്ചിരിക്കുന്നത്‌. കുട്ടികളോട്‌ ലൈംഗികാകർഷണമുണ്ടായിരുന്ന സിയൂസിന്‌ മർത്യരും ‘അമർത്യ’രുമായ നിരവധി സ്‌ത്രീകളുമായും അവിഹിതബന്ധമുണ്ടായിരുന്നു. അക്കാലത്തെ നാടകശാലകളിൽ ആയിരങ്ങളുടെ കയ്യടിനേടിയ ഈ അഴിഞ്ഞാട്ട കഥകൾ അസാന്മാർഗിക ചെയ്‌തികളിൽ ഏർപ്പെടാൻ ഭക്തർക്ക്‌ പ്രചോദനമായി.

സാധ്യതയനുസരിച്ച്‌, മിക്ക വിദ്യാസമ്പന്നരും ഈ പുരാണകഥകളെ അക്ഷരാർഥത്തിലെടുത്തിരുന്നില്ല; അവ ദൃഷ്ടാന്തകഥകളാണ്‌ എന്നായിരുന്നു ചിലരുടെ മതം. ഇത്തരം സന്ദേഹം നിലനിന്നിരുന്നതിനാൽ, “ഒരു കാര്യം സംബന്ധിച്ചും ശരിയെന്താണെന്ന്‌ കൃത്യമായി നിർണയിക്കാനാവില്ല എന്നായിരുന്നു വിദ്യാസമ്പന്നരുടെ പരക്കെയുള്ള ധാരണ.” “എന്താകുന്നു സത്യം?” എന്ന്‌ പൊന്തിയൊസ്‌ പീലാത്തൊസ്‌ ചോദിച്ചത്‌ അതുകൊണ്ടായിരിക്കാം.—യോഹ. 18:38.

ചക്രവർത്തിയാരാധന

ഔഗുസ്‌തൊസിന്റെ വാഴ്‌ചക്കാലത്താണ്‌ (ബി.സി. 27എ.ഡി. 14) ചക്രവർത്തിയാരാധന ഉദയംകൊണ്ടത്‌. വിശേഷിച്ച്‌ ഗ്രീക്ക്‌ സംസാരിച്ചിരുന്ന കിഴക്കൻ പ്രവിശ്യകളിലുള്ള പലർക്കും ഔഗുസ്‌തൊസിനോട്‌ പ്രത്യേക കടപ്പാടു തോന്നിയിരുന്നു. കാരണം, ദീർഘകാലത്തെ യുദ്ധത്തിനുശേഷം സമാധാനവും സമൃദ്ധിയും കളിയാടിയത്‌ അദ്ദേഹത്തിന്റെ ഭരണകാലത്താണ്‌. ദൃശ്യമായ ഒരു ഭരണം മുഖേനയുള്ള സ്ഥിരമായ സംരക്ഷണം അവർ ആഗ്രഹിച്ചു. മതഭിന്നതകൾ മറികടക്കുന്ന, ദേശസ്‌നേഹം ഊട്ടിയുറപ്പിക്കുന്ന, ഒരു “രക്ഷകനു” കീഴിൽ ലോകം ഒന്നിക്കണമെന്ന്‌ അവർ വാഞ്‌ഛിച്ചു. അങ്ങനെ ചക്രവർത്തിയെ അവർ ദൈവമായി വീക്ഷിക്കാൻ തുടങ്ങി.

തന്നെ ആരാധിക്കാൻ ഔഗുസ്‌തൊസ്‌ ആരെയും അനുവദിച്ചിരുന്നില്ല. പക്ഷേ റോമിന്റെ പ്രതിരൂപമായി റോമ ഡിയ എന്ന ദേവിയെ ആരാധിക്കണമെന്ന്‌ അദ്ദേഹം നിഷ്‌കർഷിച്ചിരുന്നു. എന്നാൽ ഔഗുസ്‌തൊസിന്റെ മരണശേഷം ജനം അദ്ദേഹത്തെ ദൈവമായി പ്രതിഷ്‌ഠിച്ചു. അങ്ങനെ പ്രവിശ്യകളിലെ ആളുകൾ തങ്ങളുടെ ആരാധനയും ദേശഭക്തിയും സാമ്രാജ്യത്തിന്റെ ഭരണകേന്ദ്രത്തിനും ഭരണാധികാരികൾക്കും നൽകിത്തുടങ്ങി. ഈ ആരാധനാരീതി താമസിയാതെ എല്ലാ പ്രവിശ്യകളിലേക്കും വ്യാപിച്ചു; രാഷ്‌ട്രത്തോടുള്ള ഭക്തിയും കൂറും തെളിയിക്കാനുള്ള ഒരു മാർഗമായി അതു മാറി.

എ.ഡി. 81-96 കാലത്ത്‌ റോം ഭരിച്ചിരുന്ന ഡൊമിഷ്യനാണ്‌ തന്നെ ദൈവമായി ആരാധിക്കാൻ ആവശ്യപ്പെട്ട ആദ്യത്തെ റോമൻ ചക്രവർത്തി. ഈ സമയമായപ്പോഴേക്കും റോമാക്കാർ ക്രിസ്‌ത്യാനികളെ യഹൂദന്മാരിൽനിന്ന്‌ വ്യത്യസ്‌തരായി കാണാൻ തുടങ്ങുകയും ഒരു പുതിയ മതഭേദമായി കണ്ട്‌ അതിനെ എതിർക്കുകയും ചെയ്‌തു. സാധ്യതയനുസരിച്ച്‌ ഡൊമിഷ്യന്റെ ഭരണകാലത്താണ്‌ യോഹന്നാൻ അപ്പൊസ്‌തലനെ ‘യേശുവിനെക്കുറിച്ചു സാക്ഷ്യം നൽകി’യതിന്റെ പേരിൽ പത്മൊസ്‌ ദ്വീപിലേക്കു നാടുകടത്തിയത്‌.—വെളി. 1:9.

തടവിലായിരുന്ന കാലത്താണ്‌ യോഹന്നാൻ വെളിപാട്‌ പുസ്‌തകം എഴുതുന്നത്‌. അതിൽ അവൻ പെർഗമൊസിൽവെച്ച്‌—ചക്രവർത്തിയാരാധനയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു അത്‌—കൊല്ലപ്പെട്ട അന്തിപ്പാസ്‌ എന്ന ക്രിസ്‌ത്യാനിയെക്കുറിച്ച്‌ പറയുന്നു. (വെളി. 2:12, 13) അപ്പോഴേക്കും, ക്രിസ്‌ത്യാനികൾ രാഷ്‌ട്രത്തിന്റെ ഔദ്യോഗിക മതചടങ്ങുകളിൽ പങ്കെടുക്കണമെന്ന്‌ ഭരണകൂടം നിഷ്‌കർഷിക്കാൻ തുടങ്ങിയിട്ടുണ്ടാകണം. ഇത്‌ ശരിയാണെങ്കിലും അല്ലെങ്കിലും ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത്‌ പരാമർശിച്ച ട്രാജനുള്ള കത്തിൽ സൂചിപ്പിച്ചതുപോലെ എ.ഡി. 112-ഓടെ, ബിഥുന്യയിലുള്ള ക്രിസ്‌ത്യാനികൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കണമെന്ന്‌ പ്ലിനി ആവശ്യമുന്നയിച്ചു.

തന്റെ മുമ്പിൽ ഹാജരാക്കുന്നവരെ പ്ലിനി കൈകാര്യം ചെയ്യുന്ന വിധത്തെ ട്രാജൻ പ്രകീർത്തിച്ചു; റോമൻ ദൈവങ്ങളെ ആരാധിക്കാൻ വിസമ്മതിക്കുന്ന ക്രിസ്‌ത്യാനികളെ വധിക്കണമെന്നുതന്നെ നിർദേശിക്കുകയും ചെയ്‌തു. ട്രാജൻ എഴുതി: “എന്നാൽ ആരോപണവിധേയനായ ഒരാൾ താൻ ക്രിസ്‌ത്യാനിയല്ലെന്നു സമ്മതിച്ചുപറയുകയും നമ്മുടെ ദൈവങ്ങളോട്‌ പ്രാർഥിച്ചുകൊണ്ട്‌ അതിനു തെളിവുനൽകുകയും ചെയ്‌താൽ മനസ്‌തപിച്ച അയാളെ (മുൻ ആരോപണങ്ങൾ ഗണ്യമാക്കാതെ) വെറുതെ വിടണം.”

ഏതെങ്കിലും ഒരു മതം അതിന്റെ വിശ്വാസികളിൽനിന്ന്‌ സമ്പൂർണഭക്തി നിഷ്‌കർഷിക്കുന്നത്‌ റോമാക്കാർക്ക്‌ ഉൾക്കൊള്ളാനാകുമായിരുന്നില്ല. റോമൻ ദൈവങ്ങൾ അത്‌ ആവശ്യപ്പെട്ടിരുന്നില്ല, അപ്പോൾപ്പിന്നെ ക്രിസ്‌ത്യാനികളുടെ ദൈവം എന്തുകൊണ്ട്‌ അത്‌ ആവശ്യപ്പെടണം? ദേശത്തെ അംഗീകൃത ദൈവങ്ങളെ ആരാധിക്കുന്നത്‌ രാജ്യത്തെ രാഷ്‌ട്രീയ വ്യവസ്ഥയെ അംഗീകരിക്കുന്നതിന്റെ തെളിവായാണ്‌ അവർ കണക്കാക്കിയിരുന്നത്‌. അതുകൊണ്ട്‌ അവയെ ആരാധിക്കാൻ വിസമ്മതിക്കുന്നത്‌ രാജ്യദ്രോഹമായി വീക്ഷിച്ചു. എന്നുവരികിലും ക്രിസ്‌ത്യാനികളിൽ മിക്കവരുടെയും മനംമാറ്റാൻ ആർക്കും ഒരു പ്രകാരത്തിലും സാധിക്കുമായിരുന്നില്ല; താമസിയാതെ പ്ലിനിക്ക്‌ ഇക്കാര്യം മനസ്സിലായി. ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ദൈവങ്ങളെ ആരാധിക്കുന്നത്‌ യഹോവയോടുള്ള അവിശ്വസ്‌തതയെ കുറിക്കുമായിരുന്നു. ചക്രവർത്തിയാരാധന ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം വിഗ്രഹാരാധനയായിരുന്നു. അതുകൊണ്ട്‌ അതിനെക്കാൾ ഭേദം മരണം വരിക്കുന്നതാണെന്ന്‌ അവർ കരുതി.

ഈ ചരിത്രത്തിൽ നമുക്ക്‌ താത്‌പര്യമുള്ളത്‌ എന്തുകൊണ്ടാണ്‌? ചില രാജ്യങ്ങളിൽ പൗരന്മാർ രാഷ്‌ട്രീയ ചിഹ്നങ്ങളെ വണങ്ങാൻ പ്രതീക്ഷിക്കപ്പെടുന്നു. ക്രിസ്‌ത്യാനികളായ നാം തീർച്ചയായും ഗവണ്മെന്റുകളെ ആദരിക്കുന്നവരാണ്‌. (റോമ. 13:1) എന്നാൽ ദേശീയ പതാക ഉൾപ്പെടുന്ന ചടങ്ങുകളുടെ കാര്യത്തിൽ, അനന്യഭക്തി നിഷ്‌കർഷിക്കുന്ന യഹോവയാം ദൈവത്തെയാണ്‌ നാം അനുസരിക്കുക. “വിഗ്രഹാരാധന വിട്ട്‌ ഓടുവിൻ,” “വിഗ്രഹങ്ങളിൽനിന്ന്‌ അകന്നുസൂക്ഷിച്ചുകൊള്ളുവിൻ” എന്നീ ദിവ്യകൽപ്പനകളും അത്തരം സന്ദർഭങ്ങളിൽ നാം പിൻപറ്റുന്നു. (1 കൊരി. 10:14; 1 യോഹ. 5:21; നഹൂം 1:2, NW) “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്‌; അവനെ മാത്രമേ നീ സേവിക്കാവൂ” എന്ന്‌ യേശു പറഞ്ഞു. (ലൂക്കോ. 4:8) അതുകൊണ്ട്‌ നാം ആരാധിക്കുന്ന ദൈവത്തോട്‌ നമുക്ക്‌ എന്നും കൂറുപുലർത്താം.

[5-ാം പേജിലെ ആകർഷകവാക്യം]

സത്യക്രിസ്‌ത്യാനികൾ യഹോവയ്‌ക്ക്‌ അനന്യഭക്തി നൽകുന്നു

[3-ാം പേജിലെ ചിത്രങ്ങൾ]

ആദിമ ക്രിസ്‌ത്യാനികൾ ചക്രവർത്തിയെയോ ദേവപ്രതിമകളെയോ ആരാധിക്കാൻ വിസമ്മതിച്ചു

ഡൊമിഷ്യൻ ചക്രവർത്തി

സിയൂസ്‌

[കടപ്പാട്‌]

ഡൊമിഷ്യൻ ചക്രവർത്തി: Todd Bolen/Bible Places.com; സിയൂസ്‌: Photograph by Todd Bolen/Bible Places.com, taken at Archaeological Museum of Istanbul

[4-ാം പേജിലെ ചിത്രം]

എഫെസൊസുകാരുടെ ഇഷ്ടദേവതയായ അർത്തെമിസിനെ ആരാധിക്കാൻ ക്രിസ്‌ത്യാനികൾ വിസമ്മതിച്ചു.—പ്രവൃ. 19:23-41