വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉറ്റവർക്കു പരിചരണം നൽകുമ്പോൾ ആത്മീയബലം ക്ഷയിക്കാതെ നോക്കുക

ഉറ്റവർക്കു പരിചരണം നൽകുമ്പോൾ ആത്മീയബലം ക്ഷയിക്കാതെ നോക്കുക

ഉറ്റവർക്കു പരിചരണം നൽകുമ്പോൾ ആത്മീയബലം ക്ഷയിക്കാതെ നോക്കുക

അയർലൻഡിലുള്ള കിം യഹോവയുടെ ഒരു സാക്ഷിയാണ്‌. * അവരുടെ നട്ടെല്ലിനടുത്ത്‌ കണ്ട മുഴ പരിശോധനയിൽ കാൻസറാണെന്നു തെളിഞ്ഞു. അവരുടെ ഭർത്താവ്‌ സ്റ്റീവ്‌ പറയുന്നു: “മുഴ ശസ്‌ത്രക്രിയചെയ്‌ത്‌ നീക്കിയശേഷം കിമ്മിന്‌ റേഡിയോതെറാപ്പിയും കീമോതെറാപ്പിയും വേണ്ടിവന്നു. ചികിത്സയെത്തുടർന്ന്‌ അവൾ വല്ലാതെ ക്ഷീണിച്ചു; എഴുന്നേറ്റു നടക്കാൻപോലും വയ്യാത്ത അവസ്ഥയിലായി.”

ശരീരത്തെ കാർന്നുതിന്നുന്ന ഒരു രോഗവുമായി തന്റെ ഭാര്യ മല്ലിടുന്നതു കണ്ടുനിൽക്കേണ്ടിവന്ന സ്റ്റീവിന്റെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ഒരുപക്ഷേ നിങ്ങളുടെ ഒരു കുടുംബാംഗം, ഒരു മാരകരോഗത്താലോ വാർധക്യസഹജമായ ബുദ്ധിമുട്ടുകളാലോ വലയുന്നുണ്ടായിരിക്കാം. (സഭാ. 12:1-7) അങ്ങനെയെങ്കിൽ ഒരു കാര്യം മനസ്സിൽപ്പിടിക്കുന്നത്‌ നന്നായിരിക്കും; നിങ്ങളുടെതന്നെ ആരോഗ്യം കാത്തുസൂക്ഷിച്ചാൽ മാത്രമേ ഉറ്റവർക്ക്‌ നല്ല പരിചരണം നൽകാൻ നിങ്ങൾക്കു കഴിയൂ. ആത്മീയ ആരോഗ്യത്തിന്‌ നിങ്ങൾ ശ്രദ്ധ നൽകാതിരുന്നാൽ അത്‌ നിങ്ങളുടെ വൈകാരികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. ഒടുവിൽ രോഗിയായ കുടുംബാംഗത്തിനു വേണ്ട ശ്രദ്ധയും പരിചരണവും നൽകാൻ നിങ്ങൾക്കു കഴിയാതെ വരും. അങ്ങനെയെങ്കിൽ രോഗത്താൽ അല്ലെങ്കിൽ വാർധക്യത്താൽ ക്ലേശമനുഭവിക്കുന്ന ഒരു കുടുംബാംഗത്തെ ശുശ്രൂഷിക്കവെ നിങ്ങളുടെ ആത്മീയ ആരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കാനാകും? ക്രിസ്‌തീയ സഭയിലുള്ളവർക്ക്‌ രോഗിയായ ഒരാളോട്‌ എങ്ങനെ പരിഗണന കാണിക്കാനാകും?

സമനില—എങ്ങനെ?

രോഗിയായ ഒരു കുടുംബാംഗത്തെ ശുശ്രൂഷിക്കവെ, ആത്മീയവും ശാരീരികവുമായ ആരോഗ്യം നിങ്ങൾക്ക്‌ എങ്ങനെ കാത്തുസൂക്ഷിക്കാനാകും? സാഹചര്യത്തിനനുസരിച്ച്‌ ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതും സമയവും ഊർജവും കരുതലോടെ ചെലവഴിക്കുന്നതും സഹായകമായിരിക്കും. “താഴ്‌മയുള്ളവരുടെ പക്കലോ (“വിനയമുള്ളവരോടുകൂടെ,” പി.ഒ.സി. ബൈബിൾ) ജ്ഞാനമുണ്ട്‌” എന്ന്‌ ബൈബിൾ പറയുന്നു. (സദൃ. 11:2) സ്വന്തം പരിമിതികൾ മനസ്സിലാക്കുന്നതിനെയാണ്‌ ഇവിടെ ‘വിനയം’ എന്ന വാക്കുകൊണ്ട്‌ അർഥമാക്കുന്നത്‌. ആവുന്നതിലധികം കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടോ? എങ്കിൽ ദൈനംദിന കാര്യാദികളും അതുപോലെ നിങ്ങളുടെ ഉത്തരവാദിത്വങ്ങളും ഒന്ന്‌ പുനഃപരിശോധിക്കുന്നത്‌ നന്നായിരിക്കും.

സ്റ്റീവ്‌ തന്റെ ചുമതലകൾ വിലയിരുത്തിക്കൊണ്ട്‌ ജ്ഞാനത്തോടും വിനയത്തോടുംകൂടെ പ്രവർത്തിച്ചു. സ്റ്റീവിന്‌ ജോലിയുണ്ടായിരുന്നു. അതിനുപുറമേ അദ്ദേഹം സഭയിൽ സേവനമേൽവിചാരകനായും മൂപ്പന്മാരുടെ സംഘത്തിന്റെ കോ-ഓർഡിനേറ്ററായും സേവിച്ചിരുന്നു. ആശുപത്രി ഏകോപന സമിതി അംഗവുമായിരുന്നു അദ്ദേഹം. “ഈ ചുമതലകളെല്ലാം നിറവേറ്റുന്നതിനിടെ ഞാനവളെ ശരിക്കും നോക്കുന്നില്ലെന്നു പറഞ്ഞ്‌ കിം ഒരിക്കലും പരിഭവിച്ചിട്ടില്ല,” സ്റ്റീവ്‌ പറയുന്നു. “പക്ഷേ എന്നെക്കൊണ്ടാവുന്നതിലുമധികം കാര്യങ്ങളാണ്‌ ഞാൻ ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ എനിക്കറിയാമായിരുന്നു.” സ്റ്റീവ്‌ ഇതിനൊരു പരിഹാരം കണ്ടെത്തിയത്‌ എങ്ങനെയാണ്‌? അദ്ദേഹം പറയുന്നു: “പ്രാർഥനാപൂർവം ഞാൻ കാര്യങ്ങൾ വിലയിരുത്തി. കോ-ഓർഡിനേറ്ററായി തുടരേണ്ടായെന്ന്‌ ഞാൻ തീരുമാനിച്ചു. എന്നാൽ ഒരു മൂപ്പനായി സേവിക്കാൻ കഴിയുമെന്ന്‌ എനിക്കു തോന്നി. സഭയിലെ ചില ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുകവഴി കിമ്മിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവൾക്ക്‌ വേണ്ട ശ്രദ്ധ നൽകാനും എനിക്കു കഴിഞ്ഞു.”

ക്രമേണ കിമ്മിന്റെ ആരോഗ്യം മെച്ചപ്പെട്ടു. സ്റ്റീവും കിമ്മും ചേർന്ന്‌ അവരുടെ സാഹചര്യം പുനഃപരിശോധിച്ചു. കിമ്മിന്റെ പിന്തുണയോടെ സ്റ്റീവിന്‌ പഴയ ഉത്തരവാദിത്വങ്ങൾ വീണ്ടും ഏറ്റെടുക്കാനായി. “രോഗം മൂലം ഉണ്ടായ പരിമിതികൾ കണക്കിലെടുത്തുകൊണ്ട്‌ ജീവിക്കാൻ ഞങ്ങളിരുവരും പഠിച്ചു. സഹായം നൽകിയതിന്‌ യഹോവയോടും ആരോഗ്യം മോശമായിരുന്നിട്ടും പരിഭവങ്ങളേതുമില്ലാതെ എനിക്കു പിന്തുണയേകിയ എന്റെ ഭാര്യയോടും എനിക്ക്‌ തീർത്താൽത്തീരാത്ത നന്ദിയുണ്ട്‌,” സ്റ്റീവ്‌ പറയുന്നു.

ഒരു സഞ്ചാര മേൽവിചാരകനായ ജെറിയുടെയും ഭാര്യ മരിയയുടെയും കാര്യമെടുക്കുക. പ്രായമായ മാതാപിതാക്കളെ നോക്കുന്നതിനുവേണ്ടി അവർക്ക്‌ തങ്ങളുടെ ലക്ഷ്യങ്ങളിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവന്നു. “ഏതെങ്കിലും ഒരു വിദേശ രാജ്യത്ത്‌ മിഷനറിമാരായി സേവിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം,” മരിയ പറയുന്നു. “ജെറി ഏകമകനായിരുന്നു. മാതാപിതാക്കൾക്കാണെങ്കിൽ പരിചരണവും ആവശ്യമായിരുന്നു. അതുകൊണ്ട്‌ അയർലൻഡിൽത്തന്നെ താമസിച്ച്‌ മാതാപിതാക്കളെ നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. ജെറിയുടെ പിതാവ്‌ കുറെനാൾ ആശുപത്രിയിൽ കിടന്നശേഷമാണ്‌ മരിച്ചത്‌. ആ ദിവസങ്ങളിൽ, മുഴുവൻ സമയവും അദ്ദേഹത്തോടൊപ്പമായിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഇപ്പോൾ വീട്ടിൽ തനിച്ചായിരിക്കുന്ന അമ്മയെ ഞങ്ങൾ എല്ലാദിവസവുംതന്നെ വിളിച്ച്‌ വിവരങ്ങൾ തിരക്കാറുണ്ട്‌. അടുത്തായതുകൊണ്ട്‌ അമ്മയ്‌ക്ക്‌ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓടിയെത്താനും ഞങ്ങൾക്കു കഴിയുന്നു. അമ്മയുടെ സഭയിലെ സഹോദരങ്ങളും വളരെയേറെ പിന്തുണ നൽകുന്നുണ്ട്‌. അതുകൊണ്ടൊക്കെയാണ്‌ ഞങ്ങൾക്ക്‌ സഞ്ചാരവേലയിൽ തുടരാനാകുന്നത്‌.”

മറ്റുള്ളവർക്കും സഹായിക്കാം

സഭയിലെ പ്രായംചെന്ന വിധവമാർക്ക്‌ ഭൗതിക സഹായം നൽകുന്നതിനെക്കുറിച്ചു പറഞ്ഞുവരവെ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “തനിക്കുള്ളവർക്കും പ്രത്യേകിച്ച്‌ സ്വന്തകുടുംബത്തിനുംവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞവനും അവിശ്വാസിയെക്കാൾ അധമനും ആകുന്നു.” പ്രായമായ മാതാപിതാക്കൾക്കും വല്യമ്മവല്യപ്പന്മാർക്കുംവേണ്ടി ഭൗതികമായി കരുതിയാലേ അവരുടെ ആരാധന “ദൈവസന്നിധിയിൽ പ്രസാദകര”മായിരിക്കുകയുള്ളുവെന്ന കാര്യം പൗലോസ്‌ അപ്പൊസ്‌തലൻ സഹാരാധകരെ ഓർമിപ്പിച്ചു. (1 തിമൊ. 5:4, 8) എന്നിരുന്നാലും സഭയിലെ മറ്റുള്ളവർക്കും പ്രായോഗിക സഹായം നൽകാനാകും, അത്‌ അവർ ചെയ്യേണ്ടതുമാണ്‌.

സ്വീഡനിലുള്ള പ്രായംചെന്ന ഹോക്കൻ-ഇങ്കർ ദമ്പതികളുടെ കാര്യമെടുക്കാം. ഹോക്കൻ പറയുന്നു: “ഇങ്കറിന്‌ കാൻസറാണെന്ന്‌ അറിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേർക്കും അത്‌ വിശ്വസിക്കാനായില്ല. കാരണം നല്ല ആരോഗ്യവതിയായിരുന്നു അവൾ. ചികിത്സയ്‌ക്കായി എല്ലാദിവസവുംതന്നെ ഞങ്ങൾക്ക്‌ ആശുപത്രിയിൽ പോകേണ്ടിയിരുന്നു. മരുന്നുകളുടെ പാർശ്വഫലങ്ങൾ തളർത്തിക്കളയുന്നതായിരുന്നു. ഈ സമയത്ത്‌ ഇങ്കർ വീട്ടിൽത്തന്നെയായിരുന്നു. അവളെ ശുശ്രൂഷിക്കാൻ മുഴുവൻ സമയവും ഞാൻ കൂടെ വേണമായിരുന്നു.” സഭയിലെ സഹോദരങ്ങൾ ഇവരെ സഹായിച്ചത്‌ എങ്ങനെയാണ്‌?

ഫോണിലൂടെ ക്രിസ്‌തീയ യോഗങ്ങൾ ശ്രദ്ധിക്കാനുള്ള സംവിധാനം സഭയിലെ മൂപ്പന്മാർ അവർക്ക്‌ ഒരുക്കിക്കൊടുത്തു. മറ്റു സഹോദരീസഹോദരന്മാരാകട്ടെ, അവരെ ചെന്നുകാണുകയും ഫോണിലൂടെ വിവരങ്ങൾ തിരക്കുകയും കത്തുകളും കാർഡുകളുംമറ്റും അയയ്‌ക്കുകയും ചെയ്‌തു. “യഹോവയുടെ സഹായവും സഹോദരങ്ങളുടെ പിന്തുണയും ഞങ്ങൾക്ക്‌ അനുഭവിച്ചറിയാനായി,” ഹോക്കൻ പറയുന്നു. “ആത്മീയ കരുത്ത്‌ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അതൊക്കെ ഞങ്ങൾക്ക്‌ ആവശ്യമായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, ഇങ്കർ ആരോഗ്യം വീണ്ടെടുത്തു. ഇപ്പോൾ രാജ്യഹാളിൽ യോഗങ്ങൾക്കു പോകാൻ ഞങ്ങൾക്ക്‌ സാധിക്കുന്നുണ്ട്‌.” രോഗികളെയും പ്രായംചെന്നവരെയും സഹായിക്കാൻ സഭാംഗങ്ങൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമ്പോൾ അവർ, ‘എല്ലാകാലത്തും സ്‌നേഹിക്കുന്ന സ്‌നേഹിതന്മാരും അനർത്ഥകാലത്തു സഹോദരന്മാരും’ ആണെന്നു തെളിയിക്കുകയാണ്‌.—സദൃ. 17:17.

നിങ്ങളുടെ ശ്രമങ്ങളെ യഹോവ വിലമതിക്കുന്നു

രോഗിയായ ഒരു കുടുംബാംഗത്തെ പരിചരിക്കുന്നത്‌ നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. എന്നിരുന്നാലും ദാവീദ്‌ രാജാവ്‌ എഴുതിയത്‌ ഓർക്കുക: “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ.” അതെ, എളിയവർക്ക്‌ അഥവാ രോഗത്താലോ മറ്റോ വലയുന്നവർക്ക്‌ വേണ്ട സഹായം നൽകുന്നത്‌ തീർച്ചയായും സന്തുഷ്ടി പകരും.—സങ്കീ. 41:1.

രോഗശയ്യയിലായിരിക്കുന്നവരെ ശുശ്രൂഷിക്കുന്നവർക്ക്‌ സന്തോഷിക്കാൻ എന്തു കാരണമാണുള്ളത്‌? “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്‌പ കൊടുക്കുന്നു; അവൻ ചെയ്‌ത നന്മെക്കു അവൻ പകരം കൊടുക്കും” എന്ന്‌ ബൈബിൾ പറയുന്നു. (സദൃ. 19:17) രോഗത്തിന്റെ വൈഷമ്യങ്ങൾ അനുഭവിക്കുന്ന തന്റെ വിശ്വസ്‌ത ദാസരുടെ കാര്യത്തിൽ യഹോവയ്‌ക്ക്‌ പ്രത്യേക താത്‌പര്യമുണ്ട്‌. അവരോടു കരുണ കാണിക്കുന്നവരെ അവൻ തീർച്ചയായും അനുഗ്രഹിക്കും. സങ്കീർത്തനക്കാരനായ ദാവീദ്‌ ഇങ്ങനെ പാടി: “യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.” (സങ്കീ. 41:3) രോഗപീഡകൾ അനുഭവിക്കുന്നവരെ ഇന്ന്‌ സ്‌നേഹപൂർവം പരിചരിക്കുന്നവർക്ക്‌ നാളെയൊരു സമയത്ത്‌ ക്ലേശങ്ങളുണ്ടായാൽ അവരെ താങ്ങാൻ യഹോവ ഉണ്ടായിരിക്കുമെന്ന്‌ ഉറപ്പാണ്‌.

രോഗിയായ ഒരു കുടുംബാംഗത്തിനുവേണ്ടി നാം ചെയ്യുന്ന കാര്യങ്ങൾ യഹോവ കാണുന്നുണ്ടെന്നും അവൻ അത്‌ ഏറെ വിലമതിക്കുന്നുണ്ടെന്നും അറിയുന്നത്‌ എത്ര സന്തോഷകരമാണ്‌! അത്തരം സഹായം നൽകുന്നതിന്‌ നാം ചില ത്യാഗങ്ങൾ ചെയ്യേണ്ടിവന്നേക്കാമെങ്കിലും ‘ഇങ്ങനെയുള്ള യാഗങ്ങളിലാണ്‌ ദൈവം പ്രസാദിക്കുന്നത്‌’ എന്ന കാര്യം നമുക്ക്‌ എപ്പോഴും ഓർക്കാം.—എബ്രാ. 13:16.

[അടിക്കുറിപ്പ്‌]

^ ഖ. 2 പേരുകൾ മാറ്റിയിട്ടുണ്ട്‌.

[18-ാം പേജിലെ ചിത്രങ്ങൾ]

ആത്മീയ ആരോഗ്യം കാത്തുസൂക്ഷിക്കുകയും മറ്റുള്ളവർ നൽകുന്ന സഹായം സ്വീകരിക്കുകയും ചെയ്യുക