വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായമായവരെ മാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പ്രായമായവരെ മാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പ്രായമായവരെ മാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഐക്യനാടുകളിലെ കാലിഫോർണിയൻ തീരത്ത്‌ ‘ലോൺ സൈപ്രസ്‌’ എന്നറിയപ്പെടുന്ന ഒരു വൃക്ഷമുണ്ട്‌. അതിന്‌ 250-ലധികം വർഷം പഴക്കമുണ്ടത്രേ! ലോകത്തിൽ ഏറ്റവുമധികം ക്യാമറക്കണ്ണുകളെ ആകർഷിക്കുന്ന വൃക്ഷങ്ങളുടെ കൂട്ടത്തിലാണ്‌ അതിന്റെ സ്ഥാനം. പ്രാതികൂല്യങ്ങൾ പലതും അതിജീവിച്ചു നിൽക്കുന്ന ഈ മനോഹര വൃക്ഷത്തെ പരിരക്ഷിക്കാൻ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. കമ്പികൾ വലിച്ചുകെട്ടുകയും ചുറ്റും കല്ലുകെട്ടുകയും ഒക്കെ ചെയ്‌തിരിക്കുന്നത്‌ അതിനൊരു ഉദാഹരണമാണ്‌.

ഈ സൈപ്രസ്‌വൃക്ഷംപോലെയാണ്‌ പ്രായംചെന്ന നമ്മുടെ സഹക്രിസ്‌ത്യാനികൾ. പ്രാതികൂല്യങ്ങളിൽ തളരാതെനിൽക്കുന്ന അവർ സഹിഷ്‌ണുതയുടെ ഉത്തമമാതൃകകളാണ്‌. വിശ്വസ്‌തതയോടെ അവർ ഇപ്പോഴും പ്രസംഗവേലയിൽ തുടരുന്നു. ‘വൃദ്ധന്മാർ’ ബൈബിൾ സന്ദേശം ഘോഷിക്കുമെന്ന്‌ യോവേൽ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. (യോവേ. 2:28-32; പ്രവൃ. 2:16-21) ‘രാജ്യത്തിന്റെ സുവിശേഷം’ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവർ എത്രയേറെ മണിക്കൂറുകളാണ്‌ ചെലവഴിക്കുന്നത്‌! (മത്താ. 24:14) അവരിൽ ചിലർ വർഷങ്ങളോളം പീഡനങ്ങളും മറ്റു കഷ്ടതകളും അനുഭവിച്ചവരാണ്‌. കാലത്തെ അതിജീവിച്ചുവെന്ന കാരണത്താൽ ഒരു വൃക്ഷത്തിന്‌ ആളുകൾ ഇത്രയധികം ശ്രദ്ധയും അംഗീകാരവും നൽകുന്നെങ്കിൽ, വർഷങ്ങളായി ക്രിസ്‌തീയ സേവനത്തിലായിരിക്കുന്ന നമ്മുടെ പ്രായമായ സഹോദരങ്ങൾക്ക്‌ എത്രയധികം ആദരവും അംഗീകാരവും ലഭിക്കേണ്ടതാണ്‌!

“നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും . . . വേണം” എന്ന്‌ യഹോവ ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. (ലേവ്യ. 19:32) ദശകങ്ങളായി ദൈവത്തോടൊത്തു നടന്നിട്ടുള്ള, വിശ്വസ്‌തതയുടെ മാതൃകകളായ അനേകം സഹോദരീസഹോദരന്മാർ ഇന്ന്‌ യഹോവയുടെ ജനത്തിനിടയിലുണ്ട്‌. (മീഖാ 6:8) അവർ ഇപ്പോഴും ബൈബിൾ തത്ത്വങ്ങൾക്ക്‌ അനുസൃതമായി ജീവിക്കുന്നു, അവരുടെ “നരച്ച തല,” യഥാർഥത്തിൽ ‘ശോഭയുള്ള ഒരു കിരീടമാണ്‌.’—സദൃ. 16:31.

പൗലോസ്‌ അപ്പൊസ്‌തലൻ യുവാവായ തിമൊഥെയൊസിന്‌ പിൻവരുന്ന ഉപദേശം നൽകി: “പ്രായംചെന്നവനെ ശകാരിക്കരുത്‌; പകരം, അപ്പനെപ്പോലെ കണക്കാക്കി ഉദ്‌ബോധിപ്പിക്കുകയത്രേ വേണ്ടത്‌; . . . പ്രായംചെന്ന സ്‌ത്രീകളെ അമ്മമാരെപ്പോലെയും . . . കണക്കാക്കി ഉദ്‌ബോധിപ്പിക്കുക.” (1 തിമൊ. 5:1, 2) മറ്റു വാക്കുകളിൽ പറഞ്ഞാൽ, തിമൊഥെയൊസ്‌ ‘നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കണമായിരുന്നു.’ പ്രായംചെന്നവരോട്‌ ആദരപൂർവം സംസാരിച്ചുകൊണ്ട്‌ അവരെ ബഹുമാനിക്കാൻ യഹോവ നമ്മിൽനിന്നും പ്രതീക്ഷിക്കുന്നു.

“പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ” എന്ന്‌ റോമർ 12:10 പറയുന്നു. പ്രായമായ സഹോദരങ്ങളെ ആദരിക്കാൻ ക്രിസ്‌തീയ സഭയിലെ മേൽവിചാരകന്മാർ പ്രത്യേകം ശ്രദ്ധിക്കുന്നു. വാസ്‌തവത്തിൽ നാമെല്ലാവരും പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കേണ്ടതുണ്ട്‌.

പ്രായമായവരുടെ കാര്യത്തിൽ അവരുടെ മക്കൾക്കും കൊച്ചുമക്കൾക്കും പ്രത്യേക ഉത്തരവാദിത്വമുണ്ട്‌. നേരത്തേപറഞ്ഞ വൃക്ഷത്തെ പരിരക്ഷിക്കാൻ, പല മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നതായി നാം കണ്ടു. അങ്ങനെയെങ്കിൽ പ്രായംചെന്ന നമ്മുടെ മാതാപിതാക്കളുടെയും വല്യമ്മവല്യപ്പന്മാരുടെയും കാര്യത്തിൽ നാം അത്‌ എത്രയധികം ചെയ്യേണ്ടതാണ്‌? അവർക്കു പറയാനുള്ളത്‌ നന്നായി ശ്രദ്ധിക്കുകയും നമ്മുടെ താത്‌പര്യത്തിനനുസരിച്ച്‌ കാര്യങ്ങൾ നടക്കണമെന്ന്‌ ശഠിക്കാതെ അവരുടെ വികാരങ്ങൾ മാനിക്കുകയും ചെയ്‌തുകൊണ്ട്‌ അവർ വിലയേറിയവരാണെന്ന്‌ നമുക്കു കാണിക്കാനാകും.—സദൃ. 23:22; 1 തിമൊ. 5:4.

പ്രായമായ നമ്മുടെ സഹോദരങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയവരാണ്‌. അവൻ അവരെ ഉപേക്ഷിച്ചുകളയുന്നില്ല. (സങ്കീ. 71:18) വീണുപോകാതെ, തന്നെ വിശ്വസ്‌തമായി സേവിക്കാൻ യഹോവ അവരെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട്‌ നമുക്കും, ജീവിതസായാഹ്നത്തിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ പിന്തുണയ്‌ക്കുകയും ആദരിക്കുകയും ചെയ്യാം!

[7-ാം പേജിലെ ചിത്രങ്ങൾ]

ഈ സൈപ്രസ്‌വൃക്ഷംപോലെയാണ്‌ പ്രായംചെന്ന ക്രിസ്‌ത്യാനികൾ. അവർ നമ്മുടെ പിന്തുണയും ആദരവും അർഹിക്കുന്നു

[കടപ്പാട്‌]

American Spirit Images/age fotostock