യഹോവയുടെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്
യഹോവയുടെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്
‘ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അതിനാലല്ലോ നിങ്ങളെ മുദ്രയിട്ടിരിക്കുന്നത്.’—എഫെ. 4:30.
1. ദശലക്ഷങ്ങൾക്കായി യഹോവ എന്തു ചെയ്‌തിരിക്കുന്നു? അവർക്ക് എന്ത് കടമയുണ്ട്?
പ്രക്ഷുബ്ധമായ ഈ ലോകത്തിൽ വസിക്കുന്ന ദശലക്ഷങ്ങൾക്കായി യഹോവ സവിശേഷമായ ഒരു കാര്യം ചെയ്‌തിരിക്കുന്നു: തന്റെ ഏകജാത പുത്രനായ യേശുക്രിസ്‌തുവിലൂടെ അവർക്ക് തന്നിലേക്ക് അടുക്കാനുള്ള വഴി അവനൊരുക്കി. (യോഹ. 6:44) ദൈവത്തിനു സമർപ്പിച്ച് അതിനു ചേർച്ചയിൽ ജീവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളും ആ കൂട്ടത്തിൽപ്പെടും. അങ്ങനെ സമർപ്പിച്ച് പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനമേറ്റ ഒരാൾക്ക് ആത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ നടക്കാനുള്ള കടമയുണ്ട്.—മത്താ. 28:19.
2. നാം ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?
2 “ആത്മാവിനുവേണ്ടി വിതയ്‌ക്കുന്ന”വർ പുതിയ വ്യക്തിത്വം ധരിച്ചവരാണ്. (ഗലാ. 6:8; എഫെ. 4:17-24) എന്നാൽ അവർക്ക്, അപ്പൊസ്‌തലനായ പൗലോസ് ചില ബുദ്ധിയുപദേശങ്ങൾ നൽകുന്നു; ഒപ്പം, ദൈവാത്മാവിനെ ദുഃഖിപ്പിക്കരുതെന്ന മുന്നറിയിപ്പും. (എഫെസ്യർ 4:25-32 വായിക്കുക.) അപ്പൊസ്‌തലന്റെ ആ ബുദ്ധിയുപദേശം നമുക്കൊന്ന് സൂക്ഷ്‌മമായി പരിശോധിക്കാം. ദൈവാത്മാവിനെ ദുഃഖിപ്പിക്കരുതെന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്? യഹോവയ്‌ക്കു സമർപ്പിച്ച ഒരു വ്യക്തി പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാൻ ഇടവരുന്നത് എങ്ങനെയാണ്? അത് നമുക്കെങ്ങനെ ഒഴിവാക്കാം?
പൗലോസ് പറഞ്ഞതിന്റെ അർഥം
3. എഫെസ്യർ 4:30-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ അർഥം വിശദീകരിക്കുക.
3 നമുക്കിപ്പോൾ എഫെസ്യർ 4:30-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ വാക്കുകൾ നോക്കാം. അവൻ എഴുതി: “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയുമരുത്; അതിനാലല്ലോ മറുവിലയാൽ വിടുവിക്കപ്പെടുന്ന നാളിലേക്കു നിങ്ങളെ മുദ്രയിട്ടിരിക്കുന്നത്.” തന്റെ പ്രിയ സഹാരാധകരുടെ ആത്മീയത നഷ്ടപ്പെടരുതെന്ന ആഗ്രഹമാണ് ഇതെഴുതാൻ പൗലോസിനെ പ്രേരിപ്പിച്ചത്. യഹോവയുടെ ആത്മാവിനാലാണ്, ‘മറുവിലയാൽ വിടുവിക്കപ്പെടുന്ന നാളിലേക്ക് അവരെ മുദ്രയിട്ടിരുന്നത്.’ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അന്ന്, വിശ്വസ്‌തരായ അഭിഷിക്തർക്കുള്ള മുദ്ര അല്ലെങ്കിൽ ‘അച്ചാരം’ ആയിരുന്നു; ഇന്നും അങ്ങനെതന്നെയാണ്. (2 കൊരി. 1:22) അവർ ദൈവത്തിന്റെ സ്വത്താണെന്നും അവർക്ക് സ്വർഗീയ ജീവൻ ലഭിക്കുമെന്നുമാണ് ഈ മുദ്ര സൂചിപ്പിക്കുന്നത്. അന്തിമമായി മുദ്രയേൽക്കുന്നവർ 1,44,000 പേരാണ്.—വെളി. 7:2-4.
4. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
4 പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചാൽ അതിന്റെ പരിണതഫലം എന്തായിരിക്കാം? ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയുടെ സ്വാധീനം തീർത്തും നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്ന ആദ്യപടിയായിരിക്കാം അത്. അങ്ങനെ സംഭവിച്ചേക്കാം എന്ന് വ്യക്തമാക്കുന്നതാണ് ദാവീദിന്റെ പിൻവരുന്ന വാക്കുകൾ. ബത്ത്-ശേബയോടുള്ള ബന്ധത്തിൽ പാപം ചെയ്‌തശേഷം അനുതാപത്തോടെ അവൻ യഹോവയോട് ഇപ്രകാരം യാചിച്ചു: “നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.” (സങ്കീ. 51:11) ‘മരണപര്യന്തം വിശ്വസ്‌തരായിരിക്കുന്ന’ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കു മാത്രമേ “ജീവകിരീടം,” അതായത് സ്വർഗത്തിലെ അമർത്യജീവൻ ലഭിക്കുകയുള്ളൂ. (വെളി. 2:10; 1 കൊരി. 15:53) ഭൗമിക പ്രത്യാശയുള്ള ക്രിസ്‌ത്യാനികൾക്കും പരിശുദ്ധാത്മാവ് ആവശ്യമാണ്. ദൈവത്തോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കുന്നതിനും അങ്ങനെ ക്രിസ്‌തുവിന്റെ മറുവിലായാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിത്യജീവനെന്ന സമ്മാനം നേടുന്നതിനും അവർക്ക് പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേതീരൂ. (യോഹ. 3:36; റോമ. 5:8; 6:23) അതുകൊണ്ട് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാൻ നാമെല്ലാം ജാഗ്രതയുള്ളവരായിരിക്കണം.
പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാൻ ഇടവരുന്നത് എങ്ങനെ?
5, 6. ഒരു ക്രിസ്‌ത്യാനി പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാൻ ഇടവന്നേക്കാവുന്നത് എങ്ങനെ?
5 സമർപ്പിത ക്രിസ്‌ത്യാനികളായ നമുക്ക് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നത് ഒഴിവാക്കാനാകും. ‘ആത്മാവിനെ അനുസരിച്ചു നടക്കുകയും ആത്മാവിനാൽ ജീവിക്കുകയും ചെയ്യുന്നെങ്കിൽ’ നമുക്കതു സാധിക്കും. അങ്ങനെയാണെങ്കിൽ നാം തെറ്റായ ജഡാഭിലാഷങ്ങൾക്ക് വഴിപ്പെടില്ല, ദുഷിച്ച സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കില്ല. (ഗലാ. 5:16, 25, 26) എന്നാൽ കാര്യങ്ങൾ എപ്പോഴും അങ്ങനെയായിരിക്കണമെന്നില്ല. ദൈവത്തിന്റെ ആത്മനിശ്വസ്‌ത വചനം നേരിട്ടു കുറ്റംവിധിക്കുന്ന കാര്യങ്ങളിൽ നാം ഏർപ്പെടുന്നില്ലായിരിക്കാം. പക്ഷേ അതിലേക്കു നയിക്കുന്ന എന്തെങ്കിലും നാം ചെയ്യുന്നെങ്കിൽ ഒരു പരിധിവരെ ദൈവാത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും നാം. ഇത് ഒരുപക്ഷേ നാം അറിയാതെ, സാവധാനമായിരിക്കാം സംഭവിക്കുന്നത്.
6 നിരന്തരം പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനെതിരെ പോകുന്നെങ്കിൽ പരിശുദ്ധാത്മാവിനെയും അതിന്റെ ഉറവിടമായ യഹോവയെയും നാം ദുഃഖിപ്പിക്കുകയായിരിക്കും. ഇത് എങ്ങനെ ഒഴിവാക്കാം? നമ്മുടെ നടത്ത എങ്ങനെയുള്ളതായിരിക്കണം എന്ന് എഫെസ്യർ 4:25-32 കാണിച്ചുതരുന്നു. അത് അനുസരിക്കുമ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാൻ നമുക്കാകും.
പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നത് ഒഴിവാക്കാൻ
7, 8. നാം സത്യം സംസാരിക്കേണ്ടത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
7 നാം സത്യം സംസാരിക്കണം. എഫെസ്യർ 4:25-ൽ പൗലോസ് എഴുതി: “നിങ്ങളിപ്പോൾ വ്യാജം ഉപേക്ഷിച്ചിരിക്കെ, ഓരോരുത്തനും താന്താന്റെ അയൽക്കാരനോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിലെ അവയവങ്ങളല്ലോ.” ‘ഒരേ ശരീരത്തിലെ അവയവങ്ങൾ’പോലെ ആയതിനാൽ നാം വക്രതയുള്ളവരോ സഹാരാധകരെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നവരോ ആയിരിക്കരുത്; അവരോടു ഭോഷ്‌കു പറയുന്നതിനു തുല്യമാണത്. അത്തരമൊരു ഗതിയിൽ തുടരുന്ന ആളുകൾക്ക് ദൈവവുമായുള്ള സകലബന്ധവും നഷ്ടപ്പെടും.—സദൃശവാക്യങ്ങൾ 3:32 വായിക്കുക.
8 വക്രതനിറഞ്ഞ വാക്കുകൾക്കും ചെയ്‌തികൾക്കും സഭയുടെ ഐക്യം തകർക്കാനാകും. വിശ്വസ്‌തനായിരുന്ന ദാനീയേൽ പ്രവാചകനെപ്പോലെ ദാനീ. 6:4) ‘ക്രിസ്‌തുവിന്റെ ശരീരത്തിന്റെ’ ഭാഗമായ ഓരോ വ്യക്തിയും ഒരു ശരീരത്തിലെ അവയവങ്ങളാണെന്ന് സ്വർഗീയ പ്രത്യാശയുള്ള ക്രിസ്‌ത്യാനികളോട് പൗലോസ് പറഞ്ഞ കാര്യം നാം മനസ്സിൽപ്പിടിക്കണം; യേശുവിന്റെ സത്യസന്ധരായ അഭിഷിക്ത അനുഗാമികളോട് പറ്റിനിൽക്കുകയും വേണം. (എഫെ. 4:11, 12) ഭൂമിയിലെ പറുദീസയിൽ നിത്യം ജീവിക്കാനാണ് നമ്മുടെ പ്രത്യാശയെങ്കിൽ നാമും സത്യം സംസാരിക്കുന്നവരായിരിക്കണം. അങ്ങനെ നമുക്ക് ആഗോള സഹോദരവർഗത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ ഒരു പങ്കുവഹിക്കാം.
ആയിരിക്കണം നാം; അവനിൽ ഒരു കുറ്റവും കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. (9. എഫെസ്യർ 4:26, 27-ലെ ബുദ്ധിയുപദേശം അനുസരിക്കേണ്ടത് എത്ര പ്രധാനമാണ്?
9 നാം പിശാചിനോട് എതിർത്തുനിൽക്കണം, നമുക്ക് ആത്മീയഹാനി വരുത്താൻ അവനെ അനുവദിക്കരുത്. (യാക്കോ. 4:7) സാത്താനെ ചെറുത്തുനിൽക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. അനിയന്ത്രിതമായ കോപം ഒഴിവാക്കുന്നതാണ് സാത്താനെ ചെറുത്തുനിൽക്കാനുള്ള ഒരു മാർഗം. പൗലോസ് എഴുതി: “കോപം വന്നാലും പാപം ചെയ്യരുത്; സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്; പിശാചിന് ഇടംകൊടുക്കുകയുമരുത്.” (എഫെ. 4:26, 27) നമ്മുടെ കോപം ചിലപ്പോൾ ന്യായമായിരിക്കാം. എന്നാൽ അപ്പോൾപ്പോലും പെട്ടെന്ന് മൗനമായി ഒന്നു പ്രാർഥിക്കുന്നെങ്കിൽ ‘മനസ്സ് ശാന്തമാക്കാനും’ ദൈവാത്മാവിനെ ദുഃഖിപ്പിക്കുന്ന വിധത്തിൽ പെരുമാറാതെ ആത്മനിയന്ത്രണം പാലിക്കാനും നമുക്കു കഴിയും. (സദൃ. 17:27) പ്രകോപിതാവസ്ഥയിൽ തുടരരുത്. തുടരുന്നെങ്കിൽ, തിന്മചെയ്യുന്നതിനു നമ്മെ പ്രേരിപ്പിക്കാൻ സാത്താന് അവസരംകൊടുക്കുകയായിരിക്കും നാം. (സങ്കീ. 37:8, 9) യേശു നൽകിയ ബുദ്ധിയുപദേശം അനുസരിച്ചുകൊണ്ട് നമുക്കിടയിലെ ഭിന്നതകൾ പെട്ടെന്നു പരിഹരിക്കുന്നതാണ് പിശാചിനെ ചെറുക്കാനുള്ള മറ്റൊരു മാർഗം.—മത്താ. 5:23, 24; 18:15-17.
10, 11. മോഷ്ടിക്കുകയോ കള്ളത്തരം കാണിക്കുകയോ ചെയ്യരുതാത്തത് എന്തുകൊണ്ട്?
10 മോഷ്ടിക്കാനോ കള്ളത്തരം കാണിക്കാനോ ഉള്ള പ്രലോഭനത്തിൽ നാം വീണുപോകരുത്. പൗലോസ് എഴുതി: “മോഷ്ടാവ് ഇനി മോഷ്ടിക്കാതെ ഞെരുക്കത്തിലായിരിക്കുന്നവർക്കു ദാനം ചെയ്യാൻ വക ഉണ്ടാകേണ്ടതിന് സ്വന്തകൈകൊണ്ട് മാന്യമായ വേലചെയ്‌ത് അധ്വാനിക്കട്ടെ.” (എഫെ. 4:28) ഒരു സമർപ്പിത ക്രിസ്‌ത്യാനി മോഷ്ടിക്കുന്നെങ്കിൽ അയാൾ ദൈവത്തിന്റെ നാമത്തിനു നിന്ദവരുത്തുകയായിരിക്കും. (സദൃ. 30:7-9) ദാരിദ്ര്യംപോലും മോഷ്ടിക്കാനുള്ള ഒരു ന്യായമല്ല. മോഷണത്തെ ഒരുകാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് ദൈവത്തെയും അയൽക്കാരനെയും സ്‌നേഹിക്കുന്നവർക്ക് അറിയാം.—മർക്കോ. 12:28-31.
11 നാം എന്ത് ചെയ്യരുതെന്നു മാത്രമല്ല എന്ത് ചെയ്യണം എന്നും പൗലോസ് ചൂണ്ടിക്കാട്ടി. ആത്മാവിനെ അനുസരിച്ചു നടക്കുകയും ജീവിക്കുകയും ചെയ്യുന്നെങ്കിൽ കുടുംബത്തെ പോറ്റാനും ‘ഞെരുക്കത്തിലായിരിക്കുന്നവർക്കു ദാനം ചെയ്യാൻ വക ഉണ്ടാകേണ്ടതിനും’ നാം കഠിനാധ്വാനം ചെയ്യും. (1 തിമൊ. 5:8) യേശുവും അപ്പൊസ്‌തലന്മാരും പാവങ്ങളെ സഹായിക്കുന്നതിനായി പണം നീക്കിവെച്ചിരുന്നു. എന്നാൽ വഞ്ചകനായ യൂദാ ഈസ്‌കര്യോത്താ ആരുമറിയാതെ അതിൽനിന്ന് പണം എടുത്തിരുന്നു. (യോഹ. 12:4-6) അവനെ നയിച്ചിരുന്നത് പരിശുദ്ധാത്മാവല്ലെന്നു വ്യക്തം. ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന നാം പൗലോസിനെപ്പോലെ “സകലത്തിലും സത്യസന്ധരായിരി”ക്കും. (എബ്രാ. 13:18) അങ്ങനെ നാം പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നത് ഒഴിവാക്കും.
ആത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാനുള്ള മറ്റു വഴികൾ
12, 13. (എ) എഫെസ്യർ 4:29 പറയുന്നതുപോലെ ഏതുതരം സംസാരം നാം ഒഴിവാക്കണം? (ബി) നമ്മുടെ സംസാരം എങ്ങനെയുള്ളതായിരിക്കണം?
12 നമ്മുടെ സംസാരം എങ്ങനെയുള്ളതാണെന്നു ശ്രദ്ധിക്കുക. പൗലോസ് എഴുതി: “കേൾക്കുന്നവർക്കു ഗുണം ചെയ്യേണ്ടതിന്, ആത്മീയവർധനയ്‌ക്ക് ഉതകുന്നതും സന്ദർഭോചിതവുമായ നല്ല വാക്കുകളല്ലാതെ ദുഷിച്ചതൊന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്.” (എഫെ. 4:29) ഇവിടെയും, എന്തു ചെയ്യരുതെന്നു മാത്രമല്ല എന്തു ചെയ്യണം എന്നുംകൂടി പൗലോസ് നമ്മോടു പറയുന്നു. ‘കേൾക്കുന്നവർക്കു ഗുണം ചെയ്യേണ്ടതിന്, ആത്മീയവർധനയ്‌ക്ക് ഉതകുന്ന നല്ല വാക്കുകൾ പറയാൻ’ ദൈവാത്മാവിന്റെ സ്വാധീനത്താൽ നാം പ്രചോദിതരാകും. നമ്മുടെ വായിൽനിന്നു “ദുഷിച്ചതൊന്നും” പുറത്തുവരാതിരിക്കാനും നാം ശ്രദ്ധിക്കണം. ചീഞ്ഞ പഴത്തെയും അഴുകിയ മത്സ്യമാംസാദികളെയും കുറിക്കുന്നതിനാണ് ‘ദുഷിച്ചത്’ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ഗ്രീക്ക് പദം ഉപയോഗിച്ചിരിക്കുന്നത്. അത്തരം ഭക്ഷണപദാർഥങ്ങൾ നമുക്ക് അറപ്പാണ്; യഹോവ മോശമെന്നു കരുതുന്ന സംസാരരീതികളോടും നമുക്ക് അതേ അറപ്പും വെറുപ്പും തോന്നണം.
13 നാം മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരാണെന്ന് നമ്മുടെ സംസാരത്തിൽനിന്ന് ആളുകൾക്കു തിരിച്ചറിയാൻ കഴിയണം. അതിന്, നമ്മുടെ സംസാരം മാന്യവും ദയയോടു കൂടിയതും “ഉപ്പിനാൽ രുചിവരുത്തിയ”തും ആയിരിക്കേണ്ടതുണ്ട്. (കൊലോ. 3:8-10; 4:6) “ആത്മീയവർധനയ്‌ക്ക് ഉതകുന്ന” കാര്യങ്ങൾ സംസാരിച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കുകയായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ” എന്നു പാടിയ സങ്കീർത്തനക്കാരനോട് നമുക്കും ചേരാം.—സങ്കീ. 19:14.
14. എഫെസ്യർ 4:30, 31 അനുസരിച്ച് നാം എന്ത് ഒഴിവാക്കണം?
14 വിദ്വേഷവും ക്രോധവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളും നാം ഒഴിവാക്കണം. ദൈവാത്മാവിനെ ദുഃഖിപ്പിക്കുന്നതിനെക്കുറിച്ചു മുന്നറിയിപ്പു നൽകിയശേഷം പൗലോസ് എഴുതി: “വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ.” (എഫെ. 4:30, 31) അപൂർണരായതിനാൽ നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ നാമെല്ലാം കഠിനശ്രമം ചെയ്യേണ്ടതുണ്ട്. ‘വിദ്വേഷത്തിനും കോപത്തിനും ക്രോധത്തിനും’ നമ്മുടെ ഉള്ളിൽ ഇടംകൊടുക്കുന്നെങ്കിൽ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും നാം. മറ്റുള്ളവർ നമ്മോടു ചെയ്യുന്ന തെറ്റുകളുടെ കണക്കു സൂക്ഷിക്കുകയോ നീരസം വെച്ചുകൊണ്ടിരിക്കുകയോ അവരുമായി അനുരഞ്‌ജനപ്പെടാൻ വിസമ്മതിക്കുകയോ ചെയ്യുമ്പോഴും നാം പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയാണ്. ബൈബിൾ നൽകുന്ന ഇത്തരം ബുദ്ധിയുപദേശങ്ങൾ അവഗണിക്കുന്നെങ്കിൽ ആത്മാവിനെതിരെ പാപംചെയ്യാനുള്ള പ്രവണത നാം വളർത്തിയെടുത്തേക്കാം. അത് ദാരുണഫലങ്ങൾക്ക് ഇടയാക്കും.
15. ആരെങ്കിലും നമ്മെ മുറിപ്പെടുത്തിയാൽ നാം എന്തു ചെയ്യണം?
15 നാം ദയയും അനുകമ്പയും ഉള്ളവരും ക്ഷമിക്കുന്നവരും ആയിരിക്കണം. പൗലോസ് എഴുതി: “തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി ദൈവം ക്രിസ്‌തുമൂലം നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.” (എഫെ. 4:32) ആരെങ്കിലും നമ്മെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവരോടു ക്ഷമിച്ചുകൊണ്ട് നമുക്ക് ദൈവത്തെ അനുകരിക്കാം. (ലൂക്കോ. 11:4) ഒരു സഹവിശ്വാസി നമ്മെക്കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞെന്നു കരുതുക. പ്രശ്‌നം പരിഹരിക്കാൻ നാം അദ്ദേഹത്തിന്റെ അടുത്തു ചെല്ലുന്നു. അദ്ദേഹത്തിനു ഖേദം തോന്നി നമ്മോടു ക്ഷമചോദിക്കുന്നു, നാം ക്ഷമിക്കുന്നു. പക്ഷേ അതുമാത്രം മതിയാകുന്നില്ല. “പ്രതികാരം ചെയ്യരുതു; നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുത്” എന്ന് ലേവ്യപുസ്‌തകം 19:17, 18 പറയുന്നു. അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.”
ജാഗ്രതയുള്ളവരായിരിക്കുക
16. ദൈവാത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാൻ നാം ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം എന്നതിന് ഒരു ഉദാഹരണം പറയുക.
16 തനിച്ചായിരിക്കുമ്പോൾപ്പോലും യഹോവയെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനം ഉണ്ടായേക്കാം. ഉദാഹരണത്തിന്, ഒരു സഹോദരൻ ക്രിസ്‌ത്യാനികൾക്കു ചേരാത്തതരം സംഗീതം ശ്രവിക്കാറുണ്ടെന്നു കരുതുക. “വിശ്വസ്‌തനും വിവേകിയുമായ അടിമ” നൽകുന്ന ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലെ ബുദ്ധിയുപദേശം അവഗണിക്കുന്നതുമൂലം മനസ്സാക്ഷി അദ്ദേഹത്തെ അലട്ടാൻ തുടങ്ങുന്നു. (മത്താ. 24:45) ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പ്രാർഥിക്കുകയും എഫെസ്യർ 4:30-ലെ പൗലോസിന്റെ വാക്കുകൾ ഓർക്കുകയും ചെയ്യുന്നു. ദൈവാത്മാവിനെ ദുഃഖിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്ന ദൃഢനിശ്ചയത്തോടെ, മേലാൽ അത്തരം സംഗീതം ശ്രവിക്കില്ലെന്ന് അദ്ദേഹം തീരുമാനിക്കുന്നു. സഹോദരന്റെ ഈ തീരുമാനത്തെ യഹോവ അനുഗ്രഹിക്കും എന്നതിനു സംശയമില്ല. നമുക്കെല്ലാം ദൈവാത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാൻ എപ്പോഴും ജാഗ്രതയുള്ളവരായിരിക്കാം.
17. നാം ജാഗ്രതയുള്ളവരും പ്രാർഥനാനിരതരും അല്ലെങ്കിൽ എന്തു സംഭവിച്ചേക്കാം?
17 ജാഗ്രതയുള്ളവരും പ്രാർഥനാനിരതരും അല്ലെങ്കിൽ നാം അശുദ്ധമായ, തെറ്റായ കാര്യങ്ങൾ ചെയ്‌തുകൊണ്ട് അവയ്‌ക്ക് അടിമപ്പെടാനും അങ്ങനെ ദൈവാത്മാവിനെ ദുഃഖിപ്പിക്കാനും ഇടയായേക്കാം. എല്ലായ്‌പോഴും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നത് യഹോവയുടെ വ്യക്തിത്വഗുണങ്ങളായതിനാൽ അതിനെ ദുഃഖിപ്പിക്കുന്നെങ്കിൽ നാം യഹോവയെയാണ് ദുഃഖിപ്പിക്കുന്നത് അഥവാ വേദനിപ്പിക്കുന്നത്. നാമൊരിക്കലും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല! (എഫെ. 4:30) യേശുവിന്റെ അത്ഭുതങ്ങൾക്കു പിന്നിൽ സാത്താനാണെന്ന് ഒന്നാം നൂറ്റാണ്ടിലെ യഹൂദ ശാസ്‌ത്രിമാർ ആരോപിച്ചു. (മർക്കോസ് 3:22-30 വായിക്കുക.) അങ്ങനെ യേശുവിന്റെ ആ എതിരാളികൾ ‘പരിശുദ്ധാത്മാവിനെതിരെ ദൂഷണം’പറഞ്ഞു, ക്ഷമ ലഭിക്കുകയില്ലാത്ത പാപം ചെയ്‌തു. നാം ഒരിക്കലും അങ്ങനെ ചെയ്യാൻ ഇടവരാതിരിക്കട്ടെ!
18. നാം ക്ഷമ ലഭിക്കുകയില്ലാത്ത പാപം ചെയ്‌തിട്ടില്ലെന്ന് എങ്ങനെ അറിയാം?
18 ക്ഷമ ലഭിക്കുകയില്ലാത്ത പാപം മാത്രമല്ല, അതിലേക്കു നയിക്കുന്ന കാര്യങ്ങൾപോലും ചെയ്യാൻ നാം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നതിനെക്കുറിച്ച് പൗലോസ് പറഞ്ഞ കാര്യങ്ങൾ നാം ഓർക്കേണ്ടതുണ്ട്. എന്നാൽ നാം ഗുരുതരമായ ഒരു തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിലോ? അനുതപിക്കുകയും മൂപ്പന്മാരിൽനിന്ന് സഹായം സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ ദൈവം നമ്മോട് ക്ഷമിച്ചിരിക്കുന്നു എന്നും പരിശുദ്ധാത്മാവിനെതിരെ നാം പാപം ചെയ്‌തിട്ടില്ല എന്നും തീർച്ചപ്പെടുത്താം. വീണ്ടും ദൈവാത്മാവിനെ ഒരുവിധത്തിലും ദുഃഖിപ്പിക്കാതിരിക്കാൻ ദൈവത്തിന്റെ സഹായത്താൽ നമുക്കു കഴിയും.
19, 20. (എ) നാം ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഏവ? (ബി) എന്തു ചെയ്യാൻ നാം ദൃഢചിത്തരായിരിക്കണം?
19 പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് ദൈവം തന്റെ ജനത്തിനിടയിൽ സ്‌നേഹവും സന്തോഷവും ഐക്യവും ഉന്നമിപ്പിക്കുന്നു. (സങ്കീ. 133:1-3) അതുകൊണ്ട് അപവാദ പ്രചാരണങ്ങളിൽ ഏർപ്പെടുകയോ ആത്മാവിനാൽ നിയമിതരായ ഇടയന്മാരെ അവമതിക്കുന്ന എന്തെങ്കിലും പറയുകയോ ചെയ്‌തുകൊണ്ട് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നതിൽനിന്ന് നാമെല്ലാം ഒഴിഞ്ഞിരിക്കണം. (പ്രവൃ. 20:28; യൂദാ 8) സഭയ്‌ക്കുള്ളിൽ ഐക്യവും പരസ്‌പര ബഹുമാനവും വളർത്താനായിരിക്കണം നാം ശ്രമിക്കേണ്ടത്. കുറച്ച് ആളുകളോടുമാത്രം കൂട്ടുകൂടിക്കൊണ്ട് നാം സഹോദരങ്ങൾക്കിടയിലെ ഐക്യത്തിനു ഭംഗംവരുത്തില്ല. പൗലോസ് എഴുതി: “സഹോദരന്മാരേ, നിങ്ങൾ എല്ലാവരും യോജിപ്പോടെ സംസാരിക്കുകയും ഭിന്നതകളില്ലാതെ ഏക മനസ്സോടും ഏക ചിന്തയോടുംകൂടെ തികഞ്ഞ ഐക്യത്തിൽ വർത്തിക്കുകയും ചെയ്യണമെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു.”—1 കൊരി. 1:10.
20 പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നത് ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നതിന് യഹോവയ്‌ക്കു കഴിയും, അവൻ അതിന് ഒരുക്കവുമാണ്. അതുകൊണ്ട് നമുക്കു തുടർന്നും പരിശുദ്ധാത്മാവിനായി പ്രാർഥിക്കാം, അതിനെ ദുഃഖിപ്പിക്കാതിരിക്കാൻ ദൃഢനിശ്ചയം ചെയ്യാം. ഇപ്പോഴും എപ്പോഴും ആത്മാവിന്റെ വഴിനടത്തിപ്പിനായി യാചിക്കാം, അങ്ങനെ ‘ആത്മാവിനുവേണ്ടി വിതയ്‌ക്കുന്നതിൽ’ തുടരാം.
നിങ്ങളുടെ ഉത്തരം എന്താണ്?
• ദൈവാത്മാവിനെ ദുഃഖിപ്പിക്കരുതെന്നു പറഞ്ഞാൽ എന്താണ് അർഥം?
• യഹോവയ്‌ക്കു സമർപ്പിച്ച ഒരു വ്യക്തി പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാൻ ഇടവരുന്നത് എങ്ങനെയാണ്?
• പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നത് നമുക്കെങ്ങനെ ഒഴിവാക്കാം?
[അധ്യയന ചോദ്യങ്ങൾ]
[30-ാം പേജിലെ ചിത്രം]
ഭിന്നതകൾ പെട്ടെന്നുതന്നെ പരിഹരിക്കുക
[31-ാം പേജിലെ ചിത്രം]
നിങ്ങളുടെ സംസാരം ഇതിൽ ഏതു പോലെയാണ്?