വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വിഗ്രഹാരാധന വിലക്കുന്ന യഹോവ എന്തുകൊണ്ടാണ്‌ സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിയതിന്‌ അഹരോനെ ശിക്ഷിക്കാതിരുന്നത്‌?

പുറപ്പാടു 32-ാം അധ്യായത്തിലാണ്‌ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്‌. സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കുകവഴി അഹരോൻ വിഗ്രഹാരാധന സംബന്ധിച്ച ദൈവനിയമമാണ്‌ ലംഘിച്ചത്‌. (പുറ. 20:3-5) തത്‌ഫലമായി, ‘അഹരോനെ നശിപ്പിക്കുമാറ്‌ അവന്റെ നേരെ യഹോവ ഏറ്റവും കോപിച്ചു.’ എന്നാൽ, മോശ ‘അന്ന്‌ അഹരോനുവേണ്ടി (യഹോവയോട്‌) അപേക്ഷിച്ചു.’ (ആവ. 9:19, 20) നീതിമാനായ മോശയുടെ ആ അപേക്ഷയ്‌ക്ക്‌ “വലിയ ശക്തി” ഉണ്ടായിരുന്നോ? (യാക്കോ. 5:16) ഉണ്ടായിരുന്നു. മോശയുടെ അപേക്ഷ കൈക്കൊണ്ടതുകൊണ്ടാവണം യഹോവ അഹരോനെ ശിക്ഷിക്കാതിരുന്നത്‌. എന്നാൽ യഹോവ അവനെ ശിക്ഷിക്കാതിരുന്നതിന്‌ വേറെ രണ്ടു കാരണങ്ങളെങ്കിലും ഉണ്ട്‌.

അഹരോന്റെ മുൻകാല വിശ്വസ്‌തതയായിരുന്നു ഒരു കാരണം. ഫറവോനെ ചെന്നുകണ്ട്‌, ഇസ്രായേല്യരെ ഈജിപ്‌റ്റിൽനിന്ന്‌ വിട്ടയയ്‌ക്കണമെന്നു പറയാനുള്ള നിയോഗം യഹോവ മോശയ്‌ക്ക്‌ നൽകിയ സന്ദർഭം ഓർക്കുക. അന്ന്‌ മോശയുടെ കൂടെപ്പോകാനും അവനുവേണ്ടി ഫറവോനോടു സംസാരിക്കാനും യഹോവ ചുമതലപ്പെടുത്തിയത്‌ അഹരോനെയായിരുന്നു. (പുറ. 4:10-16) കഠിനഹൃദയനായ ഫറവോന്റെ കോപത്തിനു പാത്രമാകുമെന്നറിഞ്ഞിട്ടും അവരിരുവരും അനുസരണപൂർവം ആ ഭരണാധികാരിയെ ചെന്നുകണ്ടു, അതും ഒന്നല്ല പല പ്രാവശ്യം. അതെ, യഹോവയുടെ ഒരു വിശ്വസ്‌ത ദാസനാണെന്ന്‌ ഈജിപ്‌റ്റിലായിരിക്കെത്തന്നെ അഹരോൻ തെളിയിച്ചു.—പുറ. 4:21.

ഇനി, അവൻ ആ കാളക്കുട്ടിയെ ഉണ്ടാക്കുന്നതിലേക്കു നയിച്ച സാഹചര്യത്തെക്കുറിച്ച്‌ ചിന്തിക്കുക. 40 ദിവസമായി മോശ സീനായ്‌ മലയിലായിരുന്നു. അവൻ “പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ” അവർ അഹരോന്റെ അടുക്കൽച്ചെന്ന്‌ ഒരു ‘ദൈവത്തെ’ ഉണ്ടാക്കിക്കൊടുക്കാൻ അവനെ നിർബന്ധിച്ചു. അവരുടെ വാക്കുകേട്ട്‌ അഹരോൻ ഒരു സ്വർണക്കാളക്കുട്ടിയെ വാർത്തുണ്ടാക്കി. (പുറ. 32:1-6) എന്നാൽ മനസ്സുകൊണ്ട്‌ അവന്‌ അതിനോടു യോജിപ്പില്ലായിരുന്നു എന്നാണ്‌ തുടർന്നുള്ള അവന്റെ നടപടികൾ സൂചിപ്പിക്കുന്നത്‌; നിർബന്ധത്തിനു വഴിപ്പെട്ടാവാം അവൻ അങ്ങനെ ചെയ്‌തത്‌. തുടർന്ന്‌, മോശയുടെ ആഹ്വാനമനുസരിച്ച്‌ യഹോവയുടെ പക്ഷംചേർന്ന ലേവ്യരിൽ അഹരോനുമുണ്ടായിരുന്നു എന്നതിൽനിന്ന്‌ അതാണ്‌ വ്യക്തമാകുന്നത്‌. വിഗ്രഹാരാധനയ്‌ക്ക്‌ ചുക്കാൻപിടിച്ച 3,000 പേർ അന്ന്‌ ആ ലേവ്യരുടെ കൈയാൽ കൊല്ലപ്പെട്ടു.—പുറ. 32:25-29.

അടുത്ത ദിവസം മോശ ജനത്തോടായി പറഞ്ഞു: “നിങ്ങൾ ഒരു മഹാപാപം ചെയ്‌തിരിക്കുന്നു.” (പുറ. 32:30) അതെ, അഹരോനു മാത്രമല്ല, ജനത്തിനു മുഴുവൻ തെറ്റിൽ പങ്കുണ്ടായിരുന്നു. രണ്ടുകൂട്ടർക്കും യഹോവയുടെ കരുണ ലഭിക്കുകയും ചെയ്‌തു.

ഈ സംഭവത്തിനുശേഷം അഹരോനെ മഹാപുരോഹിതനായി വാഴിക്കാൻ യഹോവ കൽപ്പിച്ചു. യഹോവ മോശയോടു പറഞ്ഞു: “അഹരോനെ വിശുദ്ധവസ്‌ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകംചെയ്‌തു ശുദ്ധീകരിക്കേണം.” (പുറ. 40:12, 13) അഹരോനു വന്നുപോയ പിഴവ്‌ യഹോവ ക്ഷമിച്ചു എന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാൽ, സത്യാരാധനയ്‌ക്കുവേണ്ടി സവിശ്വസ്‌തം നിലകൊണ്ട ഒരു വ്യക്തിയായിരുന്നു അഹരോൻ, അല്ലാതെ മത്സരമനോഭാവത്തോടെ വിഗ്രഹാരാധനയെ പിന്തുണച്ച ഒരാളല്ലായിരുന്നു.