വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവേചനാപ്രാപ്‌തിയെ നിരന്തരം പരിശീലിപ്പിക്കുക

വിവേചനാപ്രാപ്‌തിയെ നിരന്തരം പരിശീലിപ്പിക്കുക

വിവേചനാപ്രാപ്‌തിയെ നിരന്തരം പരിശീലിപ്പിക്കുക

തികഞ്ഞ മെയ്‌വഴക്കത്തോടെ ഒരു ജിംനാസ്റ്റ്‌ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടോ? നല്ല പരിശീലനത്തിന്റെ ഫലമാണ്‌ ആ പ്രകടനം. ഒരു ജിംനാസ്റ്റ്‌ പരിശീലനം നടത്തുന്നതുപോലെ ക്രിസ്‌ത്യാനികൾ തങ്ങളുടെ വിവേചനാപ്രാപ്‌തിയെ, അല്ലെങ്കിൽ ചിന്താപ്രാപ്‌തിയെ പരിശീലിപ്പിക്കാൻ ബൈബിൾ ഉദ്‌ബോധിപ്പിക്കുന്നു.

എബ്രായർക്കുള്ള ലേഖനത്തിൽ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “കട്ടിയായ ആഹാരമോ വളർച്ചയെത്തിയവർക്കുള്ളതാണ്‌; ഇവർ ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ തങ്ങളുടെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്നവരത്രേ.” (എബ്രാ. 5:14) വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിക്കാൻ പൗലോസ്‌ എബ്രായ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചത്‌ എന്തുകൊണ്ടാണ്‌? നമുക്ക്‌ എങ്ങനെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിക്കാൻ കഴിയും?

‘നിങ്ങൾ ഉപദേഷ്ടാക്കന്മാർ ആകേണ്ടവരാണ്‌’

‘മൽക്കീസേദെക്കിന്റെ മാതൃകപ്രകാരമുള്ള മഹാപുരോഹിതൻ’ എന്ന യേശുവിന്റെ സ്ഥാനത്തെക്കുറിച്ചു പറഞ്ഞുവരവെ പൗലോസ്‌ എഴുതി: “അവനെക്കുറിച്ച്‌ ഞങ്ങൾക്ക്‌ ഇനിയും ധാരാളം പറയാനുണ്ട്‌; എന്നാൽ നിങ്ങൾ കേൾക്കാൻ മാന്ദ്യമുള്ളവരായതിനാൽ വിശദീകരിക്കുക വിഷമം. കാലം നോക്കിയാൽ നിങ്ങൾ ഉപദേഷ്ടാക്കന്മാർ ആകേണ്ടവരാണെങ്കിലും ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകളുടെ ആദിപാഠങ്ങൾതന്നെ വീണ്ടും നിങ്ങൾക്കു പഠിപ്പിച്ചുതരേണ്ടത്‌ ആവശ്യമായിരിക്കുന്നു; കട്ടിയായ ആഹാരമല്ല, പാലാണ്‌ നിങ്ങൾക്ക്‌ ആവശ്യം എന്നു വന്നിരിക്കുന്നു.”—എബ്രാ. 5:10-12.

ഒന്നാം നൂറ്റാണ്ടിലെ യഹൂദ ക്രിസ്‌ത്യാനികളിൽ ചിലർ തിരുവെഴുത്തു ഗ്രാഹ്യം മെച്ചപ്പെടുത്തിക്കൊണ്ട്‌ ആത്മീയ പുരോഗതിവരുത്തുന്നതിൽ പരാജയപ്പെട്ടു എന്നതു വ്യക്തമാണ്‌. ഉദാഹരണത്തിന്‌, ന്യായപ്രമാണത്തോടും പരിച്ഛേദനയോടും ബന്ധപ്പെട്ട മാറ്റങ്ങൾ ഉൾക്കൊള്ളാൻ ചിലർക്കു ബുദ്ധിമുട്ടുതോന്നി. (പ്രവൃ. 15:1, 2, 27-29; ഗലാ. 2:11-14; 6:12, 13) മറ്റുചിലർക്ക്‌ വാരന്തോറുമുള്ള ശബത്ത്‌, വാർഷിക പാപപരിഹാര ദിവസം എന്നിവയോട്‌ അനുബന്ധിച്ച്‌ പരമ്പരാഗതമായി ചെയ്‌തുപോന്നിരുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ പ്രയാസമായിരുന്നു. (കൊലോ. 2:16, 17; എബ്രാ. 9:1-14) അതുകൊണ്ടാണ്‌, ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിക്കാനും ‘പക്വതയിലേക്കു വളരാനും’ പൗലോസ്‌ അവരെ ഉപദേശിച്ചത്‌. (എബ്രാ. 6:1, 2) തങ്ങൾ എങ്ങനെയാണ്‌ വിവേചനാപ്രാപ്‌തി ഉപയോഗിക്കുന്നതെന്നു വിലയിരുത്താനും ആത്മീയമായി പുരോഗമിക്കാനും പൗലോസിന്റെ ബുദ്ധിയുപദേശം ചിലരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടാവണം. ആ ബുദ്ധിയുപദേശം നമ്മെ എങ്ങനെ സ്വാധീനിക്കണം?

വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിക്കുക

ആത്മീയ പക്വത കൈവരിക്കണമെങ്കിൽ നാം ചിന്താപ്രാപ്‌തിയെ പരിശീലിപ്പിക്കേണ്ടതുണ്ട്‌. അതിന്‌ എങ്ങനെ കഴിയും? “ഉപയോഗത്താൽ” എന്ന്‌ പൗലോസ്‌ പറഞ്ഞു. സങ്കീർണവും അതിശയിപ്പിക്കുന്നതുമായ പ്രകടനങ്ങൾ കാഴ്‌ചവെക്കുന്നതിന്‌ ഒരു ജിംനാസ്റ്റ്‌ പരിശീലനം നടത്തുന്നതുപോലെ ശരിയും തെറ്റും തിരിച്ചറിയാൻ കഴിയണമെങ്കിൽ നാം ചിന്താപ്രാപ്‌തിയെ പരിശീലിപ്പിക്കേണ്ടതുണ്ട്‌.

ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂളിലെ മനോരോഗ വിഭാഗം പ്രൊഫസറായ ജോൺ റേറ്റി പറയുന്നു: “മസ്‌തിഷ്‌കത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള ഏക മാർഗം അതിന്‌ വ്യായാമം നൽകുക എന്നതാണ്‌.” ജോർജ്‌ വാഷിങ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ ജീൻ കോഹന്റെ അഭിപ്രായമനുസരിച്ച്‌, “മസ്‌തിഷ്‌കത്തെ കൂടുതലായി പ്രവർത്തിപ്പിക്കുമ്പോൾ മസ്‌തിഷ്‌ക കോശങ്ങളിൽ (നാഡീകോശങ്ങളിൽ) പുതിയ ഡെൻഡ്രൈറ്റുകൾ രൂപംകൊള്ളുന്നു; തത്‌ഫലമായി കൂടുതൽ സിനാപ്‌സുകളും.” *

അപ്പോൾ, നാം നമ്മുടെ ചിന്താപ്രാപ്‌തിയെ പരിശീലിപ്പിക്കുകയും ദൈവവചനത്തെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടും പ്രയോജനപ്രദമാണ്‌. ‘പരിപൂർണമായ ദൈവഹിതം’ ചെയ്യാൻ അത്‌ നമ്മെ കൂടുതൽ സജ്ജരാക്കും.—റോമ. 12:1, 2.

‘കട്ടിയായ ആഹാരത്തോട്‌’ പ്രിയം വളർത്തിയെടുക്കുക

നാം “പക്വതയിലേക്കു വളരാൻ” ആഗ്രഹിക്കുന്നെങ്കിൽ പിൻവരുന്ന ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുന്നത്‌ നല്ലതായിരിക്കും: ‘ബൈബിൾ സത്യങ്ങളെക്കുറിച്ചുള്ള എന്റെ ഗ്രാഹ്യം വർധിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടോ? ആത്മീയമായി പക്വതയുള്ള ഒരു വ്യക്തിയായിട്ടാണോ മറ്റുള്ളവർ എന്നെ വീക്ഷിക്കുന്നത്‌?’ ഒരു കൈക്കുഞ്ഞിന്‌ എത്ര സന്തോഷത്തോടെയായിരിക്കും അമ്മ പാലും കുറുക്കുമൊക്കെ കൊടുക്കുക. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞും കുട്ടി കട്ടിയായ ആഹാരം കഴിക്കുന്നില്ലെങ്കിലോ? തീർച്ചയായും അമ്മയ്‌ക്ക്‌ ആധിതോന്നും. നാം ബൈബിളധ്യയനമെടുക്കുന്ന ഒരു വ്യക്തി സമർപ്പണത്തിന്റെയും സ്‌നാനത്തിന്റെയും പടിയിലേക്കു പുരോഗമിക്കുമ്പോൾ നാം തീർച്ചയായും സന്തോഷിക്കും. എന്നാൽ അതിൽപ്പിന്നെ ആ വ്യക്തി ആത്മീയമായി പുരോഗമിക്കുന്നില്ലെങ്കിലോ? അത്‌ എത്ര സങ്കടകരമായിരിക്കും! (1 കൊരി. 3:1-4) ക്രമേണ തന്റെ വിദ്യാർഥിയും ഒരു അധ്യാപകനായിത്തീരണം എന്നതായിരിക്കില്ലേ ഏതൊരു അധ്യാപകന്റെയും ആഗ്രഹം?

വിവേചനയോടെ കാര്യങ്ങൾ വിലയിരുത്തുന്നതിന്‌ ശ്രദ്ധാപൂർവകമായ പഠനവും ധ്യാനവും അനിവാര്യമാണ്‌. അതിന്‌ നമ്മുടെ ഭാഗത്ത്‌ ബോധപൂർവകമായ ശ്രമം ആവശ്യമാണ്‌. (സങ്കീ. 1:1-3) ടെലിവിഷൻ കാണുന്നതിനും ഹോബികൾക്കും അധികം മാനസിക അധ്വാനം ആവശ്യമില്ലല്ലോ. പ്രാധാന്യമേറിയ സംഗതികൾ മനനംചെയ്യുന്നതിൽനിന്ന്‌ ഇത്തരം കാര്യങ്ങൾ നമ്മുടെ ശ്രദ്ധപതറിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. കാര്യങ്ങൾ വിവേചിക്കാനുള്ള നമ്മുടെ പ്രാപ്‌തി വികസിപ്പിക്കണമെങ്കിൽ, ബൈബിളും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ പ്രസിദ്ധീകരണങ്ങളും പഠിക്കാനുള്ള ഒരു ആഗ്രഹം നാം വളർത്തിയെടുക്കുകയും അത്‌ തൃപ്‌തിപ്പെടുത്തുകയും വേണം. (മത്താ. 24:45-47) ദിവസേനയുള്ള ബൈബിൾ വായനയ്‌ക്കു പുറമേ കുടുംബാരാധനയ്‌ക്കും ബൈബിൾ വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതിനും സമയം നീക്കിവെക്കേണ്ടത്‌ വളരെ പ്രധാനമാണ്‌.

മെക്‌സിക്കോയിലെ ഒരു സഞ്ചാരമേൽവിചാരകനായ ജെറോനിമോ പറയുന്നത്‌, വീക്ഷാഗോപുരം മാസിക കൈയിൽ കിട്ടിയാൽ ഉടൻതന്നെ താൻ അതു പഠിക്കുമെന്നാണ്‌. ഭാര്യയോടൊപ്പം ബൈബിൾ പഠിക്കാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്‌. അദ്ദേഹം പറയുന്നു: “ദിവസവും ഒരുമിച്ചിരുന്ന്‌ ബൈബിൾ വായിക്കുന്നത്‌ ഞങ്ങളുടെ പതിവാണ്‌. കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രിക പോലുള്ള പഠന സഹായികളും ഞങ്ങൾ ഉപയോഗിക്കാറുണ്ട്‌.” സഭാ ബൈബിൾ വായനാ പട്ടിക കൃത്യമായി പിൻപറ്റാറുണ്ടെന്ന്‌ റൊണാൾഡ്‌ എന്ന സഹോദരൻ പറയുന്നു. വ്യക്തിപരമായ പഠനത്തിന്‌ അദ്ദേഹം ഒന്നോ രണ്ടോ വിഷയങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്‌; കുറച്ചുകാലമെടുത്ത്‌ പഠിച്ചുതീർക്കേണ്ട ഗഹനമായ വിഷയങ്ങളാണവ. “വിഷയത്തിന്റെ ബാക്കിഭാഗം പഠിക്കാനുള്ള ദിവസത്തിനായി ഞാൻ നോക്കിയിരിക്കും,” റൊണാൾഡ്‌ പറയുന്നു.

തിരുവെഴുത്തുകൾ പഠിക്കുന്നതിനും ധ്യാനിക്കുന്നതിനുമായി നാം വേണ്ടത്ര സമയം മാറ്റിവെക്കുന്നുണ്ടോ? നാം നമ്മുടെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിക്കുകയും തിരുവെഴുത്തു തത്ത്വങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങളെടുക്കാൻ പരിചയംസിദ്ധിക്കുകയും ചെയ്യുന്നുണ്ടോ? (സദൃ. 2:1-7) ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്ന, ആത്മീയമായി പക്വതയുള്ള ക്രിസ്‌ത്യാനികളായിത്തീരണം എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം!

[അടിക്കുറിപ്പ്‌]

^ ഖ. 9 മറ്റൊരു നാഡീകോശത്തിൽനിന്ന്‌ ആവേഗങ്ങൾ സ്വീകരിച്ച്‌ കോശശരീരത്തിൽ എത്തിക്കുന്നത്‌ ചെറുതും ശാഖിതവുമായ ഡെൻഡ്രൈറ്റുകളാണ്‌. നാഡീകോശങ്ങൾക്കിടയിലെ ചെറിയ വിടവുകളാണ്‌ സിനാപ്‌സുകൾ. ഒരു നാഡീകോശത്തിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ ആവേഗങ്ങൾ പ്രേഷണം ചെയ്യപ്പെടുന്നത്‌ സിനാപ്‌സുകൾവഴിയാണ്‌. കാര്യങ്ങൾ പഠിച്ചെടുക്കുന്നതിലും ഓർമയിൽ സൂക്ഷിക്കുന്നതിലും സിനാപ്‌സുകൾക്ക്‌ ഒരു പ്രധാനപങ്കുണ്ട്‌.

[23-ാം പേജിലെ ചിത്രം]

“ഉപയോഗത്താൽ” നാം നമ്മുടെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിക്കുന്നു