വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌ത്രീകളേ, നിങ്ങൾ ശിരഃസ്ഥാനത്തിനു കീഴ്‌പെടേണ്ടത്‌ എന്തുകൊണ്ട്‌?

സ്‌ത്രീകളേ, നിങ്ങൾ ശിരഃസ്ഥാനത്തിനു കീഴ്‌പെടേണ്ടത്‌ എന്തുകൊണ്ട്‌?

സ്‌ത്രീകളേ, നിങ്ങൾ ശിരഃസ്ഥാനത്തിനു കീഴ്‌പെടേണ്ടത്‌ എന്തുകൊണ്ട്‌?

“സ്‌ത്രീയുടെ ശിരസ്സ്‌ പുരുഷൻ.”—1 കൊരി. 11:3.

1, 2. (എ) യഹോവ വെച്ചിരിക്കുന്ന ശിരഃസ്ഥാന ക്രമീകരണത്തെയും അതിനോടുള്ള കീഴ്‌പെടലിനെയും കുറിച്ച്‌ പൗലോസ്‌ എന്താണ്‌ എഴുതിയത്‌? (ബി) ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനത്തിലുണ്ട്‌?

അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “ഏതു പുരുഷന്റെയും ശിരസ്സ്‌ ക്രിസ്‌തു; . . . ക്രിസ്‌തുവിന്റെ ശിരസ്സ്‌ ദൈവം.” (1 കൊരി. 11:3) ഈ ശിരഃസ്ഥാന ക്രമീകരണം സ്ഥാപിച്ചത്‌ യഹോവയാണ്‌. യേശുവിന്‌ തന്റെ ശിരസ്സായ യഹോവയാം ദൈവത്തിനു കീഴ്‌പെട്ടിരിക്കുന്നത്‌ സന്തോഷമുള്ള കാര്യമായിരുന്നെന്നും അവൻ അതിനെ ഒരു പദവിയായി കണ്ടെന്നും കഴിഞ്ഞ ലേഖനത്തിൽ നാം പഠിച്ചു. ക്രിസ്‌തീയ പുരുഷന്മാരുടെ ശിരസ്സ്‌ ക്രിസ്‌തുവാണെന്നും നാം കാണുകയുണ്ടായി. ക്രിസ്‌തു ആളുകളോട്‌ ആത്മത്യാഗപരമായാണ്‌ ഇടപെട്ടത്‌; അവന്‌ അവരോടു ദയയും ആർദ്രതയും അനുകമ്പയും ഉണ്ടായിരുന്നു. ക്രിസ്‌തീയ പുരുഷന്മാരും ഇതേവിധത്തിലാണ്‌ മറ്റുള്ളവരോട്‌ ഇടപെടേണ്ടത്‌, പ്രത്യേകിച്ചും ഭാര്യമാരോട്‌.

2 എന്നാൽ സ്‌ത്രീകളുടെ കാര്യമോ? ആരാണ്‌ അവരുടെ ശിരസ്സ്‌? “സ്‌ത്രീയുടെ ശിരസ്സ്‌ പുരുഷൻ” എന്ന്‌ പൗലോസ്‌ എഴുതി. ഈ നിശ്വസ്‌ത വചനത്തെ സ്‌ത്രീകൾ എങ്ങനെയാണ്‌ കാണേണ്ടത്‌? ഭർത്താവ്‌ അവിശ്വാസിയാണെങ്കിലും ഭാര്യ ഈ തത്ത്വം അനുസരിക്കേണ്ടതുണ്ടോ? ഭർത്താവിന്റെ ശിരഃസ്ഥാനത്തിനു കീഴ്‌പെടുക എന്നാൽ ഭാര്യക്ക്‌ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നോ തീരുമാനങ്ങളെടുക്കുമ്പോൾ അവൾ മിണ്ടാതിരിക്കണം എന്നോ ആണോ ഉദ്ദേശിക്കുന്നത്‌? സ്‌ത്രീക്ക്‌ എങ്ങനെ പ്രശംസനേടിയെടുക്കാനാകും?

“ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും”

3, 4. ദാമ്പത്യത്തിൽ ശിരഃസ്ഥാന ക്രമീകരണത്തിന്റെ പ്രയോജനമെന്ത്‌?

3 ശിരഃസ്ഥാന ക്രമീകരണത്തിന്റെ ഉപജ്ഞാതാവ്‌ യഹോവയാം ദൈവമാണ്‌. ആദാമിനെ സൃഷ്ടിച്ചശേഷം ദൈവം ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും.” യഹോവ ഹവ്വായെ സൃഷ്ടിച്ചപ്പോൾ തനിക്കൊരു തുണയെ, സഹായിയെ കിട്ടിയതിൽ ആദാം അത്യധികം ആഹ്ലാദിച്ചു. അവൻ പറഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.” (ഉല്‌പ. 2:18-24) മഹത്തായ പദവിയാണ്‌ ആദാമിനും ഹവ്വായ്‌ക്കും ഉണ്ടായിരുന്നത്‌: ഭൂമിയിലെ പറുദീസയിൽ എന്നേക്കും സന്തോഷത്തോടെ ജീവിക്കേണ്ട പൂർണരായ മനുഷ്യമക്കൾക്കു ജന്മംനൽകാനുള്ള പദവി!

4 നമ്മുടെ ആദ്യമാതാപിതാക്കളുടെ മത്സരംമൂലം, പിഴവറ്റ രീതിയിൽ ശിരഃസ്ഥാന ക്രമീകരണം പിൻപറ്റാനുള്ള പ്രാപ്‌തി മനുഷ്യരാശിക്കു കൈമോശംവന്നു. (റോമർ 5:12 വായിക്കുക.) പക്ഷേ, ആ ക്രമീകരണത്തിന്‌ മാറ്റമുണ്ടായില്ല. ശരിയാംവണ്ണം പിൻപറ്റുന്നെങ്കിൽ അത്‌ ധാരാളം അനുഗ്രഹങ്ങൾ കൈവരുത്തും, വിവാഹജീവിതം സന്തുഷ്ടവുമായിരിക്കും. പിതാവിന്റെ ശിരഃസ്ഥാനത്തിനു കീഴടങ്ങിയിരുന്നപ്പോൾ യേശു അനുഭവിച്ച സന്തോഷത്തെക്കുറിച്ച്‌ ഒന്നോർത്തുനോക്കൂ. ഭൂമിയിൽ വരുന്നതിനുമുമ്പ്‌ യേശു “ഇടവിടാതെ അവന്റെ (യഹോവയുടെ) മുമ്പിൽ വിനോദിച്ചു”കൊണ്ടിരുന്നു എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (സദൃ. 8:30) ആ സന്തോഷം നിങ്ങൾക്കും അനുഭവിക്കാനാകും. അപൂർണതനിമിത്തം ഒരു പുരുഷനും പിഴവറ്റ രീതിയിൽ ശിരഃസ്ഥാനം പ്രയോഗിക്കാൻ കഴിയില്ല; ഒരു സ്‌ത്രീക്കും അതിന്‌ സമ്പൂർണമായി കീഴ്‌പെടാനും കഴിയില്ല. എന്നാൽ ഭാര്യയും ഭർത്താവും ഈ ക്രമീകരണത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ പരമാവധി ശ്രമിക്കുന്നെങ്കിൽ വിവാഹജീവിതത്തിൽ ഇക്കാലത്ത്‌ ലഭിക്കാവുന്നത്ര സന്തോഷവും സംതൃപ്‌തിയും നേടാനാകും.

5. റോമർ 12:10-ൽ കാണുന്ന നിർദേശം ഭാര്യയും ഭർത്താവും അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 “സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ. പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ.” (റോമ. 12:10) എല്ലാ ക്രിസ്‌ത്യാനികൾക്കുമുള്ള ഈ ഉപദേശം ദമ്പതികൾ വിശേഷാൽ ബാധകമാക്കേണ്ടതാണ്‌; ദാമ്പത്യ വിജയത്തിന്‌ അത്‌ അനിവാര്യമാണ്‌. “തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി . . . അന്യോന്യം ഉദാരമായി ക്ഷമിക്കു”ന്നവരായിരിക്കാനും ഭാര്യയും ഭർത്താവും യത്‌നിക്കണം.—എഫെ. 4:32.

ഇണ അവിശ്വാസിയാണെങ്കിൽ. . .

6, 7. വിശ്വാസത്തിലില്ലാത്ത ഭർത്താവിന്‌ ഭാര്യ കീഴ്‌പെട്ടിരിക്കുന്നതിന്റെ പ്രയോജനമെന്ത്‌?

6 നിങ്ങളുടെ ഇണ യഹോവയെ ആരാധിക്കുന്ന ഒരാളല്ലെങ്കിലോ? പലപ്പോഴും, ഭർത്താവായിരിക്കും വിശ്വാസത്തിലില്ലാത്തത്‌. അതാണ്‌ സാഹചര്യമെങ്കിൽ ഭാര്യ അദ്ദേഹത്തോട്‌ എങ്ങനെ ഇടപെടണം? അതിനുള്ള ഉത്തരം ബൈബിൾ നൽകുന്നു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുവിൻ. അങ്ങനെ, അവരിൽ ആരെങ്കിലും വചനം അനുസരിക്കാത്തവരായിട്ടുണ്ടെങ്കിൽ ഭയാദരവോടെയുള്ള നിങ്ങളുടെ നിർമലമായ നടപ്പു കണ്ടിട്ട്‌ ഒരു വാക്കും കൂടാതെ നിങ്ങളുടെ നടപ്പിനാൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.”—1 പത്രോ. 3:1, 2.

7 വിശ്വാസത്തിലില്ലാത്ത ഭർത്താവിനു കീഴ്‌പെട്ടിരിക്കാൻ ദൈവവചനം ഭാര്യയെ ഉദ്‌ബോധിപ്പിക്കുന്നു. ഭാര്യ ഇത്ര നന്നായി പെരുമാറാനുള്ള കാരണമെന്താണെന്നു ചിന്തിക്കാൻ അവളുടെ സത്‌പെരുമാറ്റം ഭർത്താവിനെ പ്രേരിപ്പിച്ചേക്കാം. ഫലമോ? ഭാര്യയുടെ വിശ്വാസങ്ങളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനും പിന്നീട്‌ അദ്ദേഹം സത്യം സ്വീകരിക്കാനും അത്‌ ഇടയാക്കിയേക്കാം.

8, 9. തന്റെ നല്ല പെരുമാറ്റം അവിശ്വാസിയായ ഭർത്താവിന്‌ മാറ്റമുണ്ടാക്കുന്നില്ലെങ്കിൽ ഭാര്യക്ക്‌ എന്തു ചെയ്യാനാകും?

8 അവിശ്വാസിയായ ഭർത്താവിന്‌ മാറ്റമുണ്ടാകുന്നില്ലെങ്കിലോ? എല്ലാ സാഹചര്യങ്ങളിലും, ബുദ്ധിമുട്ടുള്ളപ്പോൾപ്പോലും, ക്രിസ്‌തീയ ഗുണങ്ങൾ പ്രകടിപ്പിക്കാൻ തിരുവെഴുത്തുകൾ വിശ്വാസിയായ ഭാര്യയെ പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന്‌, “സ്‌നേഹം ദീർഘക്ഷമ”യുള്ളതാണെന്ന്‌ 1 കൊരിന്ത്യർ 13:4 പറയുന്നു. അതുകൊണ്ട്‌, ‘തികഞ്ഞ വിനയത്തോടും സൗമ്യതയോടും’ കൂടെ ഭർത്താവിനോട്‌ ഇടപെടാനും “ദീർഘക്ഷമ”യോടെ സ്‌നേഹപൂർവം സഹിച്ചുനിൽക്കാനും ക്രിസ്‌തീയ ഭാര്യ തുടർന്നും ശ്രമിക്കണം. (എഫെ. 4:2) ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയുടെ സഹായത്താൽ, പ്രയാസകരമായ സാഹചര്യങ്ങളിൽ ക്രിസ്‌തീയ ഗുണങ്ങൾ പ്രകടിപ്പിക്കാൻ ഭാര്യക്കു കഴിയും.

9 “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌തനാണ്‌” എന്ന്‌ പൗലോസ്‌ എഴുതി. (ഫിലി. 4:13) സ്വന്തം പ്രാപ്‌തിയാൽ കഴിയാത്ത പല കാര്യങ്ങളും ചെയ്യാൻ ക്രിസ്‌തീയ ഭാര്യയെ ദൈവാത്മാവ്‌ സഹായിക്കും. ഒരു സാഹചര്യം നോക്കുക. ഭർത്താവിന്റെ മോശമായ പെരുമാറ്റം, അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഭാര്യയെ പ്രേരിപ്പിച്ചേക്കാം. എന്നാൽ ക്രിസ്‌ത്യാനികളോട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ആർക്കും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌. . . . ‘യഹോവ അരുളിച്ചെയ്യുന്നു: പ്രതികാരം എനിക്കുള്ളത്‌; ഞാൻ പകരം ചെയ്യും.’” (റോമ. 12:17-19) 1 തെസ്സലോനിക്യർ 5:15-ഉം നമ്മോടു പറയുന്നു: “നിങ്ങളിൽ ആരും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌; നിങ്ങൾ തമ്മിൽത്തമ്മിലും കൂടാതെ മറ്റുള്ളവർക്കും സദാ നന്മ ചെയ്യുവിൻ.” ഈ ബുദ്ധിയുപദേശം ബാധകമാക്കാൻ പ്രയാസമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ യഹോവയുടെ പരിശുദ്ധാത്മാവിന്റെ പിന്തുണയുണ്ടെങ്കിൽ, സ്വന്തം ശക്തിയാൽ അസാധ്യമായ കാര്യങ്ങൾ സാധ്യമാകും. നമ്മുടെ കുറവുകൾ പരിഹരിക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

10. തന്നോടു മോശമായി പെരുമാറിയവരോട്‌ യേശു എങ്ങനെ ഇടപെട്ടു?

10 തന്നോടു മോശമായി പെരുമാറിയവരോട്‌ യേശു ഇടപെട്ടവിധം തികച്ചും ശ്രദ്ധേയമാണ്‌. “അധിക്ഷേപിക്കപ്പെട്ടപ്പോൾ പകരം അധിക്ഷേപിക്കുകയോ കഷ്ടത സഹിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്നവന്റെ പക്കൽ അവൻ തന്നെത്തന്നെ ഭരമേൽപ്പിക്കുകയത്രേ ചെയ്‌തത്‌” എന്ന്‌ 1 പത്രോസ്‌ 2:23-ൽ അവനെക്കുറിച്ച്‌ നാം വായിക്കുന്നു. നാം ആ നല്ല മാതൃക അനുകരിക്കണം. മറ്റുള്ളവരുടെ മോശമായ പെരുമാറ്റം നമ്മെ പ്രകോപിപ്പിക്കരുത്‌. “ദ്രോഹത്തിനു ദ്രോഹവും അധിക്ഷേപത്തിന്‌ അധിക്ഷേപവും പകരം നൽകുന്നവരായിരിക്കാതെ” “മനസ്സലിവും താഴ്‌മയും ഉള്ളവരായി”രിക്കാൻ ക്രിസ്‌ത്യാനികളോട്‌ പറഞ്ഞിരിക്കുന്നു.—1 പത്രോ. 3:8, 9.

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തവരോ?

11. ചില സ്‌ത്രീകൾക്ക്‌ എന്തിനുള്ള മഹത്തായ പദവിയുണ്ട്‌?

11 ഭർത്താവിന്റെ ശിരഃസ്ഥാനത്തിനു കീഴ്‌പെടണം എന്നതിന്റെ അർഥം കുടുംബത്തോടു ബന്ധപ്പെട്ടോ അല്ലാതെയോ ഉള്ള കാര്യങ്ങളിൽ ഭാര്യയുടെ അഭിപ്രായത്തിനു വിലയില്ലെന്നാണോ? ഒരിക്കലുമല്ല. പുരുഷന്മാർക്കും അതുപോലെ സ്‌ത്രീകൾക്കും യഹോവ പല പദവികളും നൽകിയിരിക്കുന്നു. ക്രിസ്‌തു ഭൂമിയെ ഭരിക്കുമ്പോൾ അവനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കാൻ 1,44,000 പേർക്കു ലഭിച്ചിരിക്കുന്ന പദവിയെക്കുറിച്ച്‌ ചിന്തിച്ചുനോക്കുക. ആ പദവി ലഭിച്ചവരിൽ സ്‌ത്രീകളുമുണ്ട്‌. (ഗലാ. 3:26-29) അതെ, തന്റെ ഹിതം നടപ്പാക്കുന്നതിൽ യഹോവ സ്‌ത്രീകളെ ഉപയോഗിക്കുന്നു, അവർക്ക്‌ അതിൽ സജീവമായ പങ്കുണ്ട്‌.

12, 13. സ്‌ത്രീകൾ പ്രവചിച്ചിരുന്നു എന്നതിന്‌ എന്തു തെളിവുണ്ട്‌?

12 ഉദാഹരണത്തിന്‌, ബൈബിൾക്കാലങ്ങളിൽ ചില സ്‌ത്രീകൾ പ്രവചിച്ചിരുന്നു. യോവേൽ 2:28, 29-ൽ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; . . . ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.”

13 എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ ദിവസം യെരുശലേമിലെ മാളികമുറിയിൽ കൂടിവന്ന, യേശുവിന്റെ 120 ശിഷ്യന്മാരുടെ കൂട്ടത്തിൽ സ്‌ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അവരുടെ എല്ലാവരുടെയുംമേൽ ദൈവാത്മാവ്‌ പകരപ്പെട്ടു. അതുകൊണ്ടാണ്‌, പ്രവാചകനായ യോവേലിന്റെ വാക്കുകൾ പത്രോസിന്‌ ആ സ്‌ത്രീകൾക്കും പുരുഷന്മാർക്കും ബാധകമാക്കാനായത്‌. അവൻ പറഞ്ഞു: “ഇത്‌ വാസ്‌തവത്തിൽ, യോവേൽ പ്രവാചകൻ മുഖാന്തരം പറഞ്ഞിട്ടുള്ളതത്രേ. ‘ദൈവം അരുളിച്ചെയ്യുന്നു: “അന്ത്യകാലത്തു ഞാൻ സകലതരം ആളുകളുടെമേലും എന്റെ ആത്മാവിനെ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. . . . അന്നാളിൽ എന്റെ ദാസന്മാരുടെമേലും എന്റെ ദാസിമാരുടെമേലും ഞാൻ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.”’”—പ്രവൃ. 2:16-18.

14. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനത്തിൽ സ്‌ത്രീകൾ എന്തു പങ്കുവഹിച്ചു?

14 ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനത്തിൽ സ്‌ത്രീകൾ വലിയൊരു പങ്കുവഹിച്ചു. അവർ ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കുകയും പ്രസംഗപ്രവർത്തനത്തോടു ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ചെയ്യുകയും ചെയ്‌തു. (ലൂക്കോ. 8:1-3) ഉദാഹരണത്തിന്‌, ഫേബയെ “കെംക്രെയ സഭയിലെ ശുശ്രൂഷക” എന്ന്‌ പൗലോസ്‌ വിശേഷിപ്പിച്ചു. സഹവിശ്വാസികൾക്ക്‌ സ്‌നേഹാശംസകൾ അറിയിച്ച കൂട്ടത്തിൽ പൗലോസ്‌ വിശ്വസ്‌തരായ ചില സ്‌ത്രീകളുടെ പേരും എടുത്തു പറഞ്ഞു. ‘കർത്താവിൽ കഠിനാധ്വാനം ചെയ്‌ത സ്‌ത്രീകളായ ത്രുഫൈനയും ത്രുഫോസയും’ അക്കൂട്ടത്തിൽപ്പെടും. “കർത്താവിൽ വളരെ അധ്വാനിച്ചവളായ നമ്മുടെ പ്രിയ പെർസിസിനെ സ്‌നേഹം അറിയിക്കുക” എന്നും പൗലോസ്‌ എഴുതി.—റോമ. 16:1, 12.

15. ഇക്കാലത്ത്‌ ക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനത്തിൽ സ്‌ത്രീകൾ എന്തു പങ്കുവഹിക്കുന്നു?

15 ഇന്ന്‌ ലോകമെമ്പാടും ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്ന എഴുപതുലക്ഷത്തിലധികംവരുന്ന സാക്ഷികളിൽ വലിയൊരു പങ്കും പല പ്രായക്കാരായ സ്‌ത്രീകളാണ്‌. (മത്താ. 24:14) അവരിൽ പലരും മുഴുസമയശുശ്രൂഷകരാണ്‌; അതിൽ ചിലർ മിഷനറിമാരോ ബെഥേൽ അംഗങ്ങളോ ആയി സേവിക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദ്‌ ഇങ്ങനെ പാടി: “കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.” (സങ്കീ. 68:11) ഈ വാക്കുകൾ ഇന്ന്‌ എത്ര സത്യമാണ്‌! സുവാർത്ത പ്രസംഗിക്കുന്നതിലും തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിലും സ്‌ത്രീകൾ വഹിക്കുന്ന പങ്കിനെ യഹോവ അതിയായി വിലമതിക്കുന്നു. ക്രിസ്‌തീയ സ്‌ത്രീകൾ കീഴടങ്ങിയിരിക്കണം എന്ന്‌ ആവശ്യപ്പെടുമ്പോൾ, അവർ മിണ്ടാതിരിക്കണമെന്നല്ല ദൈവം അർഥമാക്കുന്നത്‌ എന്നല്ലേ ഇതെല്ലാം കാണിക്കുന്നത്‌?

അഭിപ്രായം തുറന്നുപറഞ്ഞ രണ്ടു സ്‌ത്രീകൾ

16, 17. ഭാര്യമാർക്ക്‌ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന്‌ സാറായുടെ ദൃഷ്ടാന്തം തെളിയിക്കുന്നത്‌ എങ്ങനെ?

16 യഹോവ സ്‌ത്രീകൾക്ക്‌ പല പദവികളും നൽകുന്നസ്ഥിതിക്ക്‌ ഗൗരവമേറിയ തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ്‌ ഭർത്താവ്‌ ഭാര്യയുടെ അഭിപ്രായം ആരായേണ്ടതല്ലേ? അങ്ങനെ ചെയ്യുന്നെങ്കിൽ അത്‌ വിവേകത്തിന്റെ ലക്ഷണമാണ്‌. ഭർത്താവ്‌ ആവശ്യപ്പെടാതെതന്നെ മുൻകൈയെടുത്തു പ്രവർത്തിക്കുകയോ തങ്ങളുടെ അഭിപ്രായം പറയുകയോ ചെയ്‌ത ഭാര്യമാരെക്കുറിച്ച്‌ തിരുവെഴുത്തുകൾ പരാമർശിക്കുന്നുണ്ട്‌. അത്തരത്തിലുള്ള രണ്ടുപേരുടെ മാതൃക നമുക്കിപ്പോൾ പരിശോധിക്കാം.

17 ഗോത്രപിതാവായ അബ്രാഹാമിന്റെ ഭാര്യ സാറായുടേതാണ്‌ ഒരു ദൃഷ്ടാന്തം. അബ്രാഹാമിന്റെ രണ്ടാം ഭാര്യയുടെയും മകന്റെയും ആദരവില്ലാത്ത പെരുമാറ്റംനിമിത്തം അവരെ വീട്ടിൽനിന്നു പറഞ്ഞുവിടാൻ സാറാ അബ്രാഹാമിനോട്‌ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. “ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി.” എന്നാൽ യഹോവ അതിനെ അങ്ങനെയല്ല വീക്ഷിച്ചത്‌. അവൻ അബ്രാഹാമിനോട്‌, “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക” എന്നു കൽപ്പിച്ചു. (ഉല്‌പ. 21:8-12) അബ്രാഹാം യഹോവ പറഞ്ഞത്‌ അനുസരിച്ചു; സാറായുടെ വാക്കുകേട്ട്‌, അവൾ ആവശ്യപ്പെട്ടതുപോലെ ചെയ്‌തു.

18. അബീഗയിൽ മുൻകൈയെടുത്തു പ്രവർത്തിച്ചത്‌ എങ്ങനെ?

18 നാബാലിന്റെ ഭാര്യയായ അബീഗയിലിന്റേതാണ്‌ മറ്റൊരു ദൃഷ്ടാന്തം. അസൂയാലുവായിരുന്ന ശൗൽ രാജാവിന്റെ അടുത്തുനിന്ന്‌ ഓടിപ്പോന്ന ദാവീദ്‌ നാബാലിന്റെ ആട്ടിൻപറ്റങ്ങൾക്കരികെ പാളയമടിച്ചിരിക്കുകയായിരുന്നു. ധനികനായ നാബാലിന്റെ വസ്‌തുവകകൾ കൊള്ളയടിക്കുന്നതിനുപകരം ദാവീദും അവന്റെ ആളുകളും അവ സംരക്ഷിക്കുകയാണു ചെയ്‌തത്‌. എന്നാൽ നാബാൽ “നിഷ്‌ഠുരനും ദുഷ്‌കർമ്മിയും ആയിരുന്നു.” ഒരിക്കൽ ദാവീദിന്റെ ആളുകൾ ഭക്ഷണസാധനങ്ങൾ ചോദിച്ചുകൊണ്ട്‌ നാബാലിന്റെ അടുക്കൽച്ചെന്നു. പക്ഷേ, ‘ദുസ്സ്വഭാവിയും ഭോഷനും’ ആയ നാബാൽ അവരെ ‘ശകാരിച്ച്‌ അയയ്‌ക്കുക’യാണുണ്ടായത്‌. സംഭവം അറിഞ്ഞപ്പോൾ അബീഗയിൽ എന്തു ചെയ്‌തു? നാബാലിനോടു ചോദിക്കാതെതന്നെ അവൾ ഉടനെ “ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്‌ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു”കൊണ്ടുപോയി ദാവീദിനും അവന്റെ ആളുകൾക്കും കൊടുത്തു. അബീഗയിൽ ചെയ്‌തത്‌ ശരിയായിരുന്നോ? “യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി” എന്ന്‌ വിവരണം പറയുന്നു. ദാവീദ്‌ പിന്നീട്‌ അബീഗയിലിനെ വിവാഹംകഴിച്ചു.—1 ശമൂ. 25:3, 14-19, 23-25, 38-42.

‘പ്രശംസ നേടുന്ന സ്‌ത്രീ’

19, 20. സ്‌ത്രീയെ യഥാർഥത്തിൽ പ്രശംസാർഹയാക്കുന്നത്‌ എന്താണ്‌?

19 യഹോവയ്‌ക്ക്‌ ഇഷ്ടമുള്ള വിധത്തിൽ കാര്യങ്ങൾ ചെയ്യുന്ന ഭാര്യമാരെ ബൈബിൾ അഭിനന്ദിക്കുന്നു. “സാമർത്ഥ്യമുള്ള ഭാര്യയെ” പ്രശംസിച്ചുകൊണ്ട്‌ സദൃശവാക്യങ്ങളുടെ പുസ്‌തകം ഇങ്ങനെ പറയുന്നു: “അവളുടെ വില മുത്തുകളിലും ഏറും. ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല. അവൾ തന്റെ ആയുഷ്‌കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു. അവൾ ജ്ഞാനത്തോടെ വായ്‌ തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു. വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല. അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്‌ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസി”ക്കുന്നു.—സദൃ. 31:10-12, 26-28.

20 സ്‌ത്രീയെ യഥാർഥത്തിൽ പ്രശംസാർഹയാക്കുന്നത്‌ എന്താണ്‌? “ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്‌ത്രീയോ പ്രശംസിക്കപ്പെടും” എന്ന്‌ സദൃശവാക്യങ്ങൾ 31:30 പറയുന്നു. യഹോവാഭക്തിയിൽ, ശിരഃസ്ഥാനം എന്ന ദിവ്യക്രമീകരണത്തിനു മനസ്സോടെ കീഴ്‌പെടുന്നത്‌, അതായത്‌, ‘ഏതു പുരുഷന്റെയും ശിരസ്സ്‌ ക്രിസ്‌തുവും’ ‘ക്രിസ്‌തുവിന്റെ ശിരസ്സ്‌ ദൈവവും’ ആയിരിക്കുന്നതുപോലെ ‘സ്‌ത്രീയുടെ ശിരസ്സ്‌ പുരുഷനാണെന്ന്‌’ അംഗീകരിക്കുന്നത്‌ ഉൾപ്പെടുന്നു.—1 കൊരി. 11:3.

വിവാഹം—ഒരു ദിവ്യസമ്മാനം

21, 22. (എ) വിവാഹിതരായ ക്രിസ്‌ത്യാനികൾക്ക്‌ ദൈവത്തോടു നന്ദിയുള്ളവരായിരിക്കാൻ എന്തെല്ലാം കാരണങ്ങളുണ്ട്‌? (ബി) യഹോവ വെച്ചിരിക്കുന്ന അധികാരവും ശിരഃസ്ഥാനവും നാം മാനിക്കേണ്ടത്‌ എന്തുകൊണ്ട്‌? (17-ാം പേജിലെ ചതുരം കാണുക.)

21 വിവാഹിതരായ ക്രിസ്‌ത്യാനികൾക്ക്‌ ദൈവത്തിനു നന്ദിപറയാൻ എത്രയോ കാരണങ്ങളുണ്ട്‌! ജീവിതപാതയിൽ സന്തോഷത്തോടെ കൈകോർത്തുനീങ്ങാൻ അവർക്കാകും. ഭാര്യക്കും ഭർത്താവിനും ഒന്നുചേർന്ന്‌ ദൈവത്തോടൊപ്പം നടക്കാനുള്ള അമൂല്യമായ അവസരമാണ്‌ വിവാഹത്തിലൂടെ ലഭിക്കുന്നത്‌. അതുകൊണ്ട്‌ ദൈവം നൽകിയ വിവാഹമെന്ന ഈ അമൂല്യ സമ്മാനത്തിന്‌ അവർ ദൈവത്തോട്‌ നന്ദിയുള്ളവരായിരിക്കണം. (രൂത്ത്‌ 1:9; മീഖാ 6:8) വൈവാഹിക സന്തുഷ്ടിക്ക്‌ യഥാർഥത്തിൽ എന്താണ്‌ ആവശ്യമായിരിക്കുന്നതെന്ന്‌ വിവാഹത്തിന്റെ കാരണഭൂതനായ യഹോവയ്‌ക്കറിയാം. അതുകൊണ്ട്‌ എപ്പോഴും അവൻ പറയുന്നതുപോലെ ചെയ്യുന്നെങ്കിൽ, പ്രശ്‌നപൂരിതമായ ഈ ലോകത്തിലും “യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം” ആയിരിക്കും.—നെഹെ. 8:10.

22 ഭാര്യയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരു ക്രിസ്‌തീയ ഭർത്താവ്‌ ആർദ്രതയോടും പരിഗണനയോടും കൂടെയായിരിക്കും ശിരഃസ്ഥാനം പ്രയോഗിക്കുക. അദ്ദേഹത്തെ പിന്തുണയ്‌ക്കുകയും വളരെയേറെ ബഹുമാനിക്കുകയും ചെയ്യുന്ന ഭാര്യ അദ്ദേഹത്തിന്റെ സ്‌നേഹം നേടിയെടുക്കും. എല്ലാറ്റിലും ഉപരി, എല്ലാ സ്‌തുതിക്കും അർഹനായ യഹോവയാം ദൈവത്തിന്‌ മഹത്ത്വം കരേറ്റുന്നതായിരിക്കും ആ ദാമ്പത്യം.

നിങ്ങൾ ഓർമിക്കുന്നുവോ?

• ശിരഃസ്ഥാനവും കീഴ്‌പെടലും സംബന്ധിച്ച്‌ യഹോവയുടെ ക്രമീകരണം എന്താണ്‌?

• ദമ്പതികൾക്കിടയിൽ പരസ്‌പരബഹുമാനം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ഒരു ക്രിസ്‌തീയ ഭാര്യ അവിശ്വാസിയായ ഭർത്താവിനോട്‌ ഇടപെടേണ്ടത്‌ എങ്ങനെ?

• ഗൗരവമേറിയ തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ്‌ ഭർത്താവ്‌ ഭാര്യയോട്‌ അഭിപ്രായം ചോദിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചതുരം]

അധികാരത്തെ മാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു അധികാരത്തിന്‌ കീഴ്‌പെട്ടിരിക്കാൻ യഹോവ ക്രമീകരിച്ചിരിക്കുന്നു. യഹോവ ഈ ക്രമീകരണം വെച്ചിരിക്കുന്നത്‌ ആത്മസൃഷ്ടികളുടെയും മനുഷ്യരുടെയും നന്മയ്‌ക്കാണ്‌. ദൈവം വെച്ചിരിക്കുന്ന അധികാരത്തിനും ശിരഃസ്ഥാനത്തിനും മനസ്സോടെ കീഴ്‌പെടുമ്പോൾ ഐക്യത്തിൽ ഒത്തൊരുമിച്ച്‌ സേവിച്ചുകൊണ്ട്‌ അവനെ മഹത്ത്വപ്പെടുത്തുകയാണ്‌ നാം.—സങ്കീ. 133:1.

അഭിഷിക്ത ക്രിസ്‌തീയസഭ യേശുക്രിസ്‌തുവിന്റെ അധികാരത്തെയും ശിരഃസ്ഥാനത്തെയും അംഗീകരിക്കുന്നു. (എഫെ. 1:22, 23) “പുത്രൻതന്നെയും” യഹോവയുടെ അധികാരത്തെ മാനിച്ച്‌ ഭാവിയിൽ, “ദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിന്‌ . . . സകലവും അവനു കീഴാക്കിക്കൊടുത്തവനു കീഴ്‌പെട്ടിരിക്കും.” (1 കൊരി. 15:27, 28) ആ സ്ഥിതിക്ക്‌, ദൈവത്തിന്റെ സമർപ്പിത ദാസരായ നാം സഭയിലും കുടുംബത്തിലുമുള്ള ശിരഃസ്ഥാന ക്രമീകരണത്തെ എത്രയധികം മാനിക്കണം! (1 കൊരി. 11:3; എബ്രാ. 13:17) അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവയുടെ അംഗീകാരം നമുക്കുണ്ടായിരിക്കും; അവൻ നമ്മെ അനുഗ്രഹിക്കും.—യെശ. 48:17.

[13-ാം പേജിലെ ചിത്രം]

ദൈവിക ഗുണങ്ങൾ പ്രകടമാക്കാൻ പ്രാർഥന ഭാര്യയെ സഹായിക്കും

[15-ാം പേജിലെ ചിത്രങ്ങൾ]

രാജ്യസത്യത്തിന്റെ വ്യാപനത്തിൽ സ്‌ത്രീകൾ വഹിക്കുന്ന പങ്ക്‌ യഹോവ വിലമതിക്കുന്നു