വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹാരാൻ തിരക്കേറിയ ഒരു പുരാതന നഗരം

ഹാരാൻ തിരക്കേറിയ ഒരു പുരാതന നഗരം

ഹാരാൻ തിരക്കേറിയ ഒരു പുരാതന നഗരം

ബൈബിൾ വായിച്ചു പരിചയമുള്ള ഏതൊരാൾക്കും ഹാരാൻ എന്ന വാക്കു കേൾക്കുമ്പോൾത്തന്നെ വിശ്വസ്‌ത ഗോത്രപിതാവായ അബ്രാഹാമിനെ ഓർമവരും. ഊർ പട്ടണത്തിൽനിന്ന്‌ കനാനിലേക്കുള്ള യാത്രയിൽ അബ്രാഹാമും ഭാര്യ സാറായും പിതാവ്‌ തേരഹും സഹോദരപുത്രൻ ലോത്തും തങ്ങിയ സ്ഥലമാണ്‌ ഹാരാൻ. അവിടെവെച്ച്‌ അബ്രാഹാം ധാരാളം സമ്പത്ത്‌ സ്വരൂപിച്ചു. പിതാവിന്റെ മരണത്തെത്തുടർന്ന്‌ അബ്രാഹാം, സത്യദൈവം വാഗ്‌ദാനംചെയ്‌ത ദേശത്തേക്കുള്ള യാത്രതുടർന്നു. (ഉല്‌പ. 11:31, 32; 12:4, 5; പ്രവൃ. 7:2-4) പിന്നീട്‌, യിസ്‌ഹാക്കിന്‌ ഭാര്യയെ കണ്ടെത്താനായി അബ്രാഹാം തന്റെ ഏറ്റവും പ്രായംകൂടിയ ദാസനെ അയച്ചത്‌ ഹാരാനിലേക്കോ അതിനടുത്തുള്ള പ്രദേശത്തേക്കോ ആണ്‌. അബ്രാഹാമിന്റെ പൗത്രനായ യാക്കോബും അനേക വർഷങ്ങൾ ഹാരാനിൽ താമസിച്ചിട്ടുണ്ട്‌.—ഉല്‌പ. 24:1-4, 10; 27:42-45; 28:1, 2, 10.

അശ്ശൂർ രാജാവായ സൻഹേരീബ്‌ യെഹൂദാ രാജാവായ ഹിസ്‌കീയാവിനു കൊടുത്ത അന്ത്യശാസനത്തിൽ, അശ്ശൂർ രാജാക്കന്മാർ പിടിച്ചടക്കിയതായി പറഞ്ഞിരിക്കുന്ന രാഷ്‌ട്രങ്ങളിൽ ഹാരാനെയും പരാമർശിച്ചിട്ടുണ്ട്‌. ഇവിടെ “ഹാരാൻ,” ആ നഗരത്തെ മാത്രമല്ല ചുറ്റുമുള്ള പ്രദേശങ്ങളെയും കുറിക്കുന്നു. (2 രാജാ. 19:11, 12) യെഹെസ്‌കേലിന്റെ പ്രവചനത്തിൽ സോരിന്റെ പ്രധാന കച്ചവടപങ്കാളികളിൽ ഒന്നായാണ്‌ ഹാരാനെ വർണിച്ചിരിക്കുന്നത്‌. ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഹാരാൻ എന്ന വസ്‌തുതയ്‌ക്ക്‌ ഇത്‌ അടിവരയിടുന്നു.—യെഹെ. 27:1, 2, 23.

പുരാതനകാലത്ത്‌ തിരക്കേറിയ ഒരു നഗരമായിരുന്നു ഹാരാൻ. എന്നാൽ ഇന്ന്‌ ഇത്‌ കിഴക്കൻ തുർക്കിയിലെ ഷൻലിയുർഫ എന്ന സ്ഥലത്തിനടുത്തുള്ള ഒരു ചെറിയ പട്ടണമാണ്‌. ഇന്നും ബൈബിളിലെ പേരിനാൽത്തന്നെ അറിയപ്പെടുന്ന അപൂർവം ചില സ്ഥലങ്ങളിലൊന്നാണ്‌ ഹാരാൻ. ഇതിന്റെ അസ്സീറിയൻ പേരായ ‘ഹാരാനു’ എന്ന പദത്തിന്‌ “വീഥി” അല്ലെങ്കിൽ “യാത്രാക്കൂട്ടങ്ങൾ പോകുന്ന വീഥി” എന്നാണ്‌ അർഥം. വലിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രമുഖ വാണിജ്യപാതകൾ ഹാരാനിലൂടെ കടന്നുപോയിരുന്നു എന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. അവിടെനിന്നു കുഴിച്ചെടുത്തിട്ടുള്ള ആലേഖനങ്ങൾ കാണിക്കുന്നതനുസരിച്ച്‌, നബോണീഡസിന്റെ (ബാബിലോൺ രാജാവ്‌) അമ്മ ഹാരാനിലെ ചന്ദ്രദേവനായ സിന്നിന്റെ ക്ഷേത്രത്തിലെ മഹാപുരോഹിതയായിരുന്നു. ഈ ക്ഷേത്രം നബോണീഡസ്‌ പുനരുദ്ധരിച്ചതായി കരുതപ്പെടുന്നു. പിന്നീട്‌ പല സാമ്രാജ്യങ്ങളും വന്നുപോയെങ്കിലും ഹാരാൻ നിലനിന്നു.

പുരാതനകാലത്തെ ഹാരാൻ ഇന്നത്തേതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായിരുന്നു. തലയെടുപ്പോടെ ഉയർന്നുനിന്നിരുന്ന ഒരു പ്രമുഖ വികസിത നഗരമായിരുന്നു അന്ന്‌ അത്‌, പ്രത്യേകിച്ചും ചില കാലഘട്ടങ്ങളിൽ. എന്നാൽ താഴികക്കുടംപോലുള്ള മേൽക്കൂരകളോടുകൂടിയ കുറെ വീടുകളാണ്‌ ഇന്നത്തെ ഹാരാൻ. പ്രാചീന സംസ്‌കാരങ്ങളുടെ നാശാവശിഷ്ടങ്ങൾ ആ പട്ടണത്തിനു ചുറ്റും കാണാം. ഹാരാനിൽ പണ്ടു ജീവിച്ചിരുന്ന അബ്രാഹാം, സാറാ, ലോത്ത്‌ തുടങ്ങിയ പലരും ദൈവം കൊണ്ടുവരാൻപോകുന്ന പുതിയ ലോകത്തിൽ പുനരുത്ഥാനത്തിൽ വരും. പുരാതനകാലത്തെ തിരക്കേറിയ ഹാരാനെക്കുറിച്ച്‌ അവർക്ക്‌ മറ്റു പലതും പറയാനുണ്ടാകും എന്നതിന്‌ സംശയമില്ല.

[20-ാം പേജിലെ ചിത്രം]

ഹാരാൻ—നാശാവശിഷ്ടങ്ങൾ

[20-ാം പേജിലെ ചിത്രം]

ഹാരാനിലെ വീടുകൾ

[20-ാം പേജിലെ ചിത്രം]

ഇന്നത്തെ ഹാരാൻ