വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്യോന്യം ആത്മീയവർധന വരുത്തുക

അന്യോന്യം ആത്മീയവർധന വരുത്തുക

അന്യോന്യം ആത്മീയവർധന വരുത്തുക

“അന്യോന്യം ആശ്വസിപ്പിക്കുകയും ആത്മീയവർധന വരുത്തുകയും ചെയ്യുവിൻ.”—1 തെസ്സ. 5:11.

1. ക്രിസ്‌തീയ സഭയുടെ ഭാഗമായിരിക്കുന്നതുകൊണ്ടുള്ള അനുഗ്രഹങ്ങൾ എന്തെല്ലാം, എങ്കിലും ഏതെല്ലാം പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു?

ക്രിസ്‌തീയ സഭയുടെ ഭാഗമായിരിക്കുക എന്നത്‌ വലിയൊരു അനുഗ്രഹംതന്നെയാണ്‌! നിങ്ങൾക്ക്‌ യഹോവയുമായി ഒരു നല്ല ബന്ധം നേടാനായിരിക്കുന്നു; ഒരു വഴികാട്ടി എന്നനിലയിൽ അവന്റെ വചനത്തിൽ ആശ്രയിക്കുന്നതിനാൽ, ക്രിസ്‌തീയമല്ലാത്ത ഒരു ജീവിതഗതി പിന്തുടരുന്നതുനിമിത്തം നേരിട്ടേക്കാവുന്ന തിക്തഫലങ്ങളിൽനിന്ന്‌ നിങ്ങൾ സുരക്ഷിതരാണ്‌; നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന ധാരാളം ആത്മാർഥ സുഹൃത്തുക്കൾ നിങ്ങൾക്കു ചുറ്റുമുണ്ട്‌. അങ്ങനെ എത്രയെത്ര അനുഗ്രഹങ്ങൾ! ഇങ്ങനെയൊക്കെയാണെങ്കിലും മിക്ക ക്രിസ്‌ത്യാനികളെയും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്‌നം അലട്ടിക്കൊണ്ടിരിക്കുന്നു. അവരിൽ ചിലർക്ക്‌ ദൈവവചനത്തിലെ ഗഹനമായ കാര്യങ്ങൾ ഗ്രഹിക്കാൻ സഹായം ആവശ്യമായിരിക്കാം. മറ്റുചിലരാകട്ടെ, രോഗികളോ വിഷാദമഗ്നരോ ആയിരിക്കാം. ഇനി വേറെ ചിലർ, തങ്ങളെടുത്ത തെറ്റായ തീരുമാനങ്ങളുടെ ദാരുണഫലങ്ങൾ അനുഭവിക്കുന്നവരാണ്‌. ദൈവത്തിൽനിന്ന്‌ അകന്നുമാറിയിരിക്കുന്ന ഒരു ലോകത്തിലാണല്ലോ നാമെല്ലാം ജീവിക്കുന്നത്‌.

2. നമ്മുടെ സഹോദരങ്ങൾ കഷ്ടമോ പ്രയാസമോ നേരിടുമ്പോൾ നാം എന്തു ചെയ്യണം, എന്തുകൊണ്ട്‌?

2 സഹക്രിസ്‌ത്യാനികൾ കഷ്ടമോ പ്രയാസമോ അനുഭവിക്കുന്നതു കാണാൻ നാം ആരും ആഗ്രഹിക്കുന്നില്ല. അപ്പൊസ്‌തലനായ പൗലോസ്‌ സഭയെ ശരീരത്തോട്‌ ഉപമിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഒരു അവയവം കഷ്ടം അനുഭവിക്കുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം കഷ്ടം അനുഭവിക്കുന്നു.” (1 കൊരി. 12:12, 26) പ്രയാസമോ ബുദ്ധിമുട്ടുകളോ നേരിടുന്ന സഹോദരീസഹോദരന്മാരെ സഹായിക്കാൻ നമ്മാലാവുന്നതെല്ലാം ചെയ്യണം. പ്രയാസ സാഹചര്യങ്ങളെ നേരിടാനോ അവ തരണംചെയ്യാനോ സഹവിശ്വാസികൾക്ക്‌ സഭാംഗങ്ങൾ സഹായം നൽകിയതിന്റെ ധാരാളം ദൃഷ്ടാന്തങ്ങൾ തിരുവെഴുത്തുകളിൽ കാണാനാകും. അത്തരം ചില വിവരണങ്ങളാണ്‌ നാം ഇപ്പോൾ പരിശോധിക്കാൻ പോകുന്നത്‌. ഈ വിവരണങ്ങൾ ചർച്ചചെയ്യുമ്പോൾ, സമാനമായ സാഹചര്യങ്ങളിലുള്ളവരെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാം എന്ന്‌ ചിന്തിക്കുക. ദൈവസേവനത്തിൽ തുടരാൻ സഹോദരങ്ങളെ സഹായിച്ചുകൊണ്ട്‌ നിങ്ങൾക്ക്‌ എങ്ങനെ സഭയ്‌ക്ക്‌ ആത്മീയവർധന വരുത്താൻ കഴിയും?

അവർ “അവനെ കൂട്ടിക്കൊണ്ടുപോയി”

3, 4. അക്വിലായും പ്രിസ്‌കില്ലയും അപ്പൊല്ലോസിനെ സഹായിച്ചത്‌ എങ്ങനെ?

3 എഫെസൊസിൽ എത്തുന്നതിനു മുമ്പുതന്നെ അപ്പൊല്ലോസ്‌ തീക്ഷ്‌ണതയുള്ള ഒരു സുവിശേഷ ഘോഷകനായിരുന്നു. അപ്പൊല്ലോസിന്‌ “യോഹന്നാന്റെ സ്‌നാനത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ എങ്കിലും . . . അവൻ ആത്മാവിനാൽ ജ്വലിച്ച്‌ യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ കൃത്യതയോടെ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്‌തുപോന്നു” എന്ന്‌ പ്രവൃത്തികളുടെ പുസ്‌തകം പറയുന്നു. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” ഉള്ള സ്‌നാനത്തെക്കുറിച്ച്‌ അപ്പൊല്ലോസിന്‌ അറിവില്ലായിരുന്നു. ഒന്നുകിൽ യോഹന്നാൻ സ്‌നാപകന്റെ ശിഷ്യന്മാരോ അല്ലെങ്കിൽ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനു മുമ്പുള്ള ക്രിസ്‌തുശിഷ്യന്മാരോ ആയിരിക്കാം അവനെ സുവിശേഷം അറിയിച്ചത്‌ എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. തീക്ഷ്‌ണതയുണ്ടായിരുന്നെങ്കിലും അപ്പൊല്ലോസിന്‌ ചില സുപ്രധാന കാര്യങ്ങൾ അറിയില്ലായിരുന്നു. സഹക്രിസ്‌ത്യാനികളോടൊത്ത്‌ സഹവസിച്ചത്‌ അവനെ എങ്ങനെ സഹായിച്ചു?—പ്രവൃ. 1:4, 5; 18:25; മത്താ. 28:19.

4 അപ്പൊല്ലോസ്‌ സിനഗോഗിൽ സധൈര്യം പ്രസംഗിക്കുന്നത്‌ ക്രിസ്‌തീയ ദമ്പതികളായ അക്വിലായും പ്രിസ്‌കില്ലയും കേട്ടു. അവർ അവനെ കൂട്ടിക്കൊണ്ടുപോയി, കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചു. (പ്രവൃത്തികൾ 18:24-26 വായിക്കുക.) സ്‌നേഹമുള്ള സഹോദരങ്ങൾ എന്നനിലയിൽ അവർ ചെയ്യേണ്ടിയിരുന്നതും ഇതുതന്നെയാണ്‌. വിമർശിക്കുകയാണെന്നു തോന്നാത്ത വിധത്തിൽ നയത്തോടെ, സഹായമനസ്‌കതയോടെ ആയിരിക്കാം അക്വിലായും പ്രിസ്‌കില്ലയും അപ്പൊല്ലോസിനോടു സംസാരിച്ചത്‌. ആദിമ ക്രിസ്‌തീയ സഭയുടെ ചരിത്രം അറിയില്ല എന്നതു മാത്രമായിരുന്നു അവന്‌ ഉണ്ടായിരുന്ന കുറവ്‌. സുപ്രധാനമായ ഈ വിവരങ്ങൾ തനിക്കു പറഞ്ഞുതന്ന പുതിയ സുഹൃത്തുക്കളോട്‌ അപ്പൊല്ലോസ്‌ തീർച്ചയായും നന്ദിയുള്ളവനായിരുന്നു. ഈ അറിവുകൾവെച്ച്‌ അവൻ അഖായയിലെ സഹോദരങ്ങളെ ‘വളരെ സഹായിക്കുകയും’ ശക്തമായ സാക്ഷ്യം നൽകുകയും ചെയ്‌തു.—പ്രവൃ. 18:27, 28.

5. ആയിരക്കണക്കിനുവരുന്ന രാജ്യഘോഷകർ സ്‌നേഹപൂർവം എന്തു സഹായം നൽകുന്നു, അതിന്റെ ഫലമെന്താണ്‌?

5 ബൈബിൾ പഠിക്കാൻ തങ്ങളെ സഹായിച്ചവരോട്‌ വളരെയേറെ നന്ദിയുള്ളവരാണ്‌ ക്രിസ്‌തീയ സഭയിലെ സഹോദരങ്ങൾ. ബൈബിൾ വിദ്യാർഥികളും അധ്യാപകരും പലപ്പോഴും നല്ല സുഹൃത്തുക്കളായിത്തീരുന്നു. ഒരു വിദ്യാർഥിയെ സത്യം പഠിപ്പിക്കുന്നതിന്‌ മാസങ്ങളോളം ക്രമമായി ബൈബിളധ്യയനങ്ങൾ നടത്തേണ്ടിവരുന്നു. എന്നിരുന്നാലും രാജ്യഘോഷകർ അത്തരം ത്യാഗങ്ങൾ ചെയ്യാൻ മനസ്സൊരുക്കമുള്ളവരാണ്‌; വിദ്യാർഥികളുടെ ജീവൻ ഉൾപ്പെട്ടിരിക്കുന്നു എന്ന്‌ അവർക്കറിയാം. (യോഹ. 17:3) ആളുകൾ സത്യം മനസ്സിലാക്കി അതിനനുസരിച്ച്‌ ജീവിക്കുകയും യഹോവയുടെ ഹിതം ചെയ്യാൻ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്നതു കാണുമ്പോൾ അത്‌ എത്ര ആഹ്ലാദകരമാണ്‌!

അവനെക്കുറിച്ച്‌ “വളരെ നല്ല അഭിപ്രായമായിരുന്നു”

6, 7. (എ) മിഷനറിവേലയിൽ പൗലോസ്‌ തിമൊഥെയൊസിനെ കൂടെക്കൊണ്ടുപോയത്‌ എന്തുകൊണ്ട്‌? (ബി) എന്തു പുരോഗതി കൈവരിക്കാൻ തിമൊഥെയൊസിന്‌ സഹായം ലഭിച്ചു?

6 അപ്പൊസ്‌തലന്മാരായ പൗലോസും ശീലാസും രണ്ടാം മിഷനറിയാത്രയിൽ ലുസ്‌ത്ര സന്ദർശിച്ചപ്പോൾ തിമൊഥെയൊസ്‌ എന്ന്‌ പേരുള്ള ഒരു യുവാവിനെ കണ്ടുമുട്ടി. അപ്പോൾ തിമൊഥെയൊസ്‌ കൗമാരത്തിന്റെ ഒടുവിലോ 20-കളുടെ തുടക്കത്തിലോ ആയിരുന്നിരിക്കണം. “ലുസ്‌ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാർക്ക്‌ തിമൊഥെയൊസിനെക്കുറിച്ചു വളരെ നല്ല അഭിപ്രായമായിരുന്നു.” അവന്റെ അമ്മ യൂനിക്കയും വലിയമ്മ ലോവീസും സമർപ്പിത ക്രിസ്‌ത്യാനികളായിരുന്നെങ്കിലും പിതാവ്‌ അവിശ്വാസിയായിരുന്നു. (2 തിമൊ. 1:5) ഏതാനും വർഷങ്ങൾക്കുമുമ്പ്‌ അവിടം സന്ദർശിച്ചപ്പോൾ പൗലോസ്‌ ഇവരെ പരിചയപ്പെട്ടിട്ടുണ്ടാകണം. പക്ഷേ ഇപ്പോൾ തിമൊഥെയൊസിൽ ചില വിശേഷഗുണങ്ങൾ കണ്ട പൗലോസ്‌ അവന്റെ കാര്യത്തിൽ പ്രത്യേക താത്‌പര്യം എടുക്കുകയും മൂപ്പന്മാരുടെ സംഘത്തിന്റെ അനുമതിയോടെ മിഷനറി സേവനത്തിൽ അവനെ സഹായിയായി കൂടെക്കൊണ്ടുപോകുകയും ചെയ്യുന്നു.—പ്രവൃത്തികൾ 16:1-3 വായിക്കുക.

7 തന്നെക്കാൾ മുതിർന്ന ഈ സുഹൃത്തിൽനിന്ന്‌ തിമൊഥെയൊസിന്‌ ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. അവൻ വളരെയേറെ പുരോഗതി നേടി. അതുകൊണ്ട്‌, സഭകൾ സന്ദർശിക്കാനും തന്റെ പ്രതിനിധിയായി പ്രവർത്തിക്കാനും ധൈര്യത്തോടെ പൗലോസിന്‌ അവനെ അയയ്‌ക്കാൻ കഴിഞ്ഞു. അനുഭവപരിചയമില്ലാതിരുന്ന, ഒരുപക്ഷേ ലജ്ജാലുവായിരുന്ന ആ യുവാവ്‌ പൗലോസിനൊപ്പം ചെലവഴിച്ച ഏകദേശം 15 വർഷംകൊണ്ട്‌ കഴിവുറ്റ ഒരു മേൽവിചാരകനായിത്തീർന്നു.—ഫിലി. 2:19-22; 1 തിമൊ. 1:3, 4എ.

8, 9. ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാൻ സഭാംഗങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? ഒരു അനുഭവം പറയുക.

8 ക്രിസ്‌തീയ സഭയിലെ പല യുവാക്കളും യുവതികളും വാസ്‌തവത്തിൽ നല്ല കഴിവുള്ളവരാണ്‌. ആത്മീയമനസ്‌കരായ സുഹൃത്തുക്കളിൽനിന്ന്‌ പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്നപക്ഷം ഈ ചെറുപ്പക്കാർക്ക്‌ പുരോഗതി കൈവരിച്ച്‌ യഹോവയുടെ ജനത്തിനിടയിൽ കൂടുതലായ ഉത്തരവാദിത്വങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞേക്കും. നിങ്ങളുടെ സഭയിലുള്ള ചെറുപ്പക്കാരെക്കുറിച്ചൊന്ന്‌ ചിന്തിക്കുക. തിമൊഥെയൊസിനെപ്പോലെ ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ സാധിക്കുന്ന ചെറുപ്പക്കാരെ നിങ്ങൾക്ക്‌ കാണാൻ കഴിയുന്നില്ലേ? നിങ്ങളുടെ പ്രോത്സാഹനവും സഹായവും ലഭിക്കുന്നെങ്കിൽ അവർ ഒരുപക്ഷേ പയനിയർമാരോ ബെഥേൽ അംഗങ്ങളോ മിഷനറിമാരോ സഞ്ചാരമേൽവിചാരകന്മാരോ ആയിത്തീർന്നേക്കാം. അത്തരം ലക്ഷ്യങ്ങൾവെച്ചു പുരോഗമിക്കാൻ നിങ്ങൾക്ക്‌ അവരെ എങ്ങനെ സഹായിക്കാം?

9 ബെഥേലിൽ 20 വർഷമായി സേവിക്കുന്ന ഒരു സഹോദരനാണ്‌ മാർട്ടിൻ. 30 വർഷംമുമ്പ്‌ ഒരു സർക്കിട്ട്‌ മേൽവിചാരകനോടൊപ്പം വയൽസേവനത്തിലായിരിക്കെ അദ്ദേഹം തന്നോടു കാണിച്ച താത്‌പര്യത്തെക്കുറിച്ച്‌ മാർട്ടിൻ നന്ദിയോടെ സ്‌മരിക്കുന്നു. അന്ന്‌ അദ്ദേഹം, താൻ പണ്ട്‌ ബെഥേലിൽ സേവിച്ചതിനെക്കുറിച്ച്‌ ആവേശത്തോടെ പറയുകയുണ്ടായി. യഹോവയുടെ സംഘടനയ്‌ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹം മാർട്ടിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ താൻ കൈക്കൊണ്ട പല തീരുമാനങ്ങൾക്കും വഴികാട്ടിയായിരുന്നു ഈ സംഭാഷണം എന്ന്‌ മാർട്ടിൻ കരുതുന്നു. ദിവ്യാധിപത്യ ലക്ഷ്യങ്ങൾ വെക്കാൻ ചെറുപ്പക്കാരായ സുഹൃത്തുക്കളെ നിങ്ങൾക്കു പ്രോത്സാഹിപ്പിക്കാനാകുമോ? അത്‌ എന്തെല്ലാം സത്‌ഫലങ്ങൾ കൈവരുത്തിയേക്കും എന്ന്‌ ചിന്തിച്ചുനോക്കൂ!

“വിഷാദമഗ്നരെ സാന്ത്വനപ്പെടുത്തുവിൻ”

10. എപ്പഫ്രൊദിത്തോസിന്‌ എന്തു സംഭവിച്ചു, അത്‌ അവനെ എങ്ങനെ ബാധിച്ചു?

10 വിശ്വാസത്തെപ്രതി തടവിലായിരുന്ന പൗലോസിനെ സന്ദർശിക്കാനായി എപ്പഫ്രൊദിത്തോസ്‌ ഫിലിപ്പിയിൽനിന്ന്‌ റോമിലെത്തി. ക്ഷീണിപ്പിക്കുന്ന ഒരു ദീർഘദൂര യാത്രയായിരുന്നു അത്‌. ഫിലിപ്പിയിലെ സഹോദരങ്ങളുടെ പ്രതിനിധിയായി, അവർ ഏൽപ്പിച്ച സമ്മാനവുമായാണ്‌ അവൻ പൗലോസിനെ കാണാൻ വന്നത്‌. ദുഷ്‌കരമായ സാഹചര്യത്തിലായിരുന്ന പൗലോസിനെ തന്നെക്കൊണ്ടു കഴിയുന്നതുപോലെ സഹായിക്കുന്നതിനായി അവിടെ തങ്ങാനും അവൻ തീരുമാനിച്ചിരുന്നു. എന്നാൽ റോമിൽവെച്ച്‌ എപ്പഫ്രൊദിത്തോസ്‌ രോഗം പിടിപെട്ടു “മരിക്കാറായി.” തന്റെ ദൗത്യം നിർവഹിക്കാനായില്ല എന്ന ചിന്ത അവനെ വിഷാദത്തിലാഴ്‌ത്തി.—ഫിലി. 2:25-27.

11. (എ) സഭയിൽ ആരെങ്കിലുമൊക്കെ വിഷാദം അനുഭവിക്കുന്നെങ്കിൽ നാം അതിശയിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) എപ്പഫ്രൊദിത്തോസിന്റെ കാര്യത്തിൽ എന്തു ചെയ്യാനാണ്‌ പൗലോസ്‌ നിർദേശിച്ചത്‌?

11 ഇന്നും പലവിധ സമ്മർദങ്ങൾ ആളുകളെ വിഷാദത്തിലാഴ്‌ത്തുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച്‌ ലോകജനസംഖ്യയിൽ അഞ്ചിൽ ഒരാൾ വീതം ജീവിതത്തിൽ എപ്പോഴെങ്കിലും വിഷാദത്തിന്റെ പിടിയിലാകാൻ ഇടയുണ്ട്‌. യഹോവയുടെ ദാസന്മാരെയും ഇത്‌ ബാധിക്കുന്നു. കുടുംബത്തിനായി കരുതുന്നതിനുണ്ടാകുന്ന ബുദ്ധിമുട്ടോ രോഗമോ പരാജയങ്ങളാൽ ഉണ്ടാകുന്ന നിരുത്സാഹമോ ഒക്കെ ഒരു വ്യക്തിയുടെ മനസ്സിടിയാൻ കാരണമായേക്കാം. എപ്പഫ്രൊദിത്തോസിനെ സഹായിക്കാൻ ഫിലിപ്പിയിലെ സഹോദരങ്ങൾക്ക്‌ എന്തു ചെയ്യാനാകുമായിരുന്നു? പൗലോസ്‌ അവർക്ക്‌ എഴുതി: “കർത്താവിലുള്ളവരെ നിങ്ങൾ കൈക്കൊള്ളാറുള്ളതുപോലെ അത്യാനന്ദത്തോടെ അവനെയും സ്വീകരിക്കുവിൻ; ഇങ്ങനെയുള്ളവരെ ആദരിക്കുവിൻ. കർത്താവിന്റെ വേലയ്‌ക്കായി തന്റെ പ്രാണനെപ്പോലും കരുതാതെ അധ്വാനിച്ചവനാണല്ലോ അവൻ; നിങ്ങൾക്ക്‌ ഇവിടെവന്നു നൽകാൻ കഴിയാതെപോയ സഹായം എനിക്കു ചെയ്‌തുതരാനായി സ്വന്തം ജീവൻപോലും അവൻ അപകടത്തിലാക്കി.”—ഫിലി. 2:29, 30.

12. വിഷാദം അനുഭവിക്കുന്നവർക്ക്‌ എങ്ങനെ ആശ്വാസം ലഭിച്ചേക്കാം?

12 നിരുത്സാഹമോ വിഷാദമോ അനുഭവിക്കുന്ന സഹോദരങ്ങളെ നാമും പ്രോത്സാഹിപ്പിക്കണം. ദൈവത്തെ സേവിക്കാനായി അവരെല്ലാവരും അഭിനന്ദനാർഹമായ പലതും ചെയ്യുന്നുണ്ട്‌. അക്കാര്യങ്ങളെക്കുറിച്ച്‌ നമുക്ക്‌ അവരോട്‌ സംസാരിക്കാൻ കഴിയും. ഒരു ക്രിസ്‌ത്യാനിയായിത്തീരുന്നതിനോ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുന്നതിനോ വേണ്ടി അവർ ജീവിതത്തിൽ വളരെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാം. അതു നാം വിലമതിക്കുന്നു; യഹോവയും അത്‌ വിലമതിക്കുന്നു എന്ന്‌ നമുക്ക്‌ ഉറപ്പുനൽകാനാകും. വിശ്വസ്‌തരായ പല ക്രിസ്‌ത്യാനികൾക്കും പ്രായാധിക്യമോ രോഗമോ നിമിത്തം, മുമ്പു ചെയ്‌തിരുന്നതുപോലെ ഇപ്പോൾ പ്രവർത്തിക്കാൻ കഴിയുന്നില്ലായിരിക്കാം. എങ്കിലും മുൻകാലവർഷങ്ങളിലെ അവരുടെ വിശ്വസ്‌ത സേവനത്തെപ്രതി അവർ ആദരവ്‌ അർഹിക്കുന്നു. നമ്മുടെ സഹോദരങ്ങളുടെ വിഷാദത്തിനുള്ള കാരണങ്ങൾ പലതായിരിക്കാം. അവ എന്തുതന്നെ ആയിരുന്നാലും, തന്റെ എല്ലാ വിശ്വസ്‌ത ദാസന്മാർക്കും യഹോവ നൽകുന്ന നിർദേശം നമുക്കു പിൻപറ്റാം: “വിഷാദമഗ്നരെ സാന്ത്വനപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ.”—1 തെസ്സ. 5:14.

“അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും” ചെയ്യുക

13, 14. (എ) കൊരിന്ത്യസഭ എന്തു നടപടി സ്വീകരിച്ചു, എന്തുകൊണ്ട്‌? (ബി) പുറത്താക്കൽ നടപടിയുടെ ഫലം എന്തായിരുന്നു?

13 അനുതാപമില്ലാതെ പരസംഗം ചെയ്‌തിരുന്ന ഒരു മനുഷ്യൻ ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യസഭയിലുണ്ടായിരുന്നു. അയാളുടെ ആ ദുഷ്‌പ്രവൃത്തി സഭയുടെ വിശുദ്ധിക്ക്‌ ഒരു ഭീഷണിയായിരുന്നു; വിജാതീയരെപ്പോലും ഞെട്ടിച്ച ഒന്നായിരുന്നു അത്‌. അതുകൊണ്ട്‌ അയാളെ സഭയിൽനിന്നു നീക്കിക്കളയാൻ പൗലോസ്‌ നിർദേശിച്ചത്‌ തികച്ചും ഉചിതമായിരുന്നു.—1 കൊരി. 5:1, 7, 11-13.

14 ഈ ശിക്ഷണനടപടികൊണ്ട്‌ ഫലം ഉണ്ടായി. ദുഷിച്ച സ്വാധീനത്തിൽനിന്ന്‌ അത്‌ സഭയെ സംരക്ഷിച്ചെന്നു മാത്രമല്ല പാപിയായ ആ മനുഷ്യൻ സുബോധത്തിലേക്കുവന്ന്‌ തന്റെ തെറ്റിനെക്കുറിച്ച്‌ ആത്മാർഥമായി അനുതപിക്കാനും ഇടയാക്കി. അനുതാപത്തിനു ചേർച്ചയിലുള്ള ആ വ്യക്തിയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അയാളെ പുനഃസ്ഥിതീകരിക്കാൻ കൊരിന്ത്യർക്കുള്ള രണ്ടാമത്തെ ലേഖനത്തിൽ പൗലോസ്‌ നിർദേശിച്ചു. പക്ഷേ അതുമാത്രം മതിയായിരുന്നില്ല. അനുതപിച്ച ആ ദുഷ്‌പ്രവൃത്തിക്കാരനോട്‌ “നിങ്ങൾ ദയാപുരസ്സരം ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും വേണം; ഇല്ലെങ്കിൽ അവൻ അഗാധദുഃഖത്തിൽ ആണ്ടുപോകാൻ ഇടയാകും” എന്നും പൗലോസ്‌ അവരോടു പറഞ്ഞു.—2 കൊരിന്ത്യർ 2:5-8 വായിക്കുക.

15. സഭയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്നവരെ നാം എങ്ങനെ വീക്ഷിക്കണം?

15 ഈ വിവരണം നമ്മെ എന്തു പഠിപ്പിക്കുന്നു? ആരെയെങ്കിലും സഭയിൽനിന്ന്‌ പുറത്താക്കേണ്ടിവരുന്നത്‌ സങ്കടകരംതന്നെയാണ്‌. അയാൾ ദൈവനാമത്തിന്‌ നിന്ദവരുത്തുകയും സഭയുടെ സത്‌പേര്‌ കളങ്കപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടാകാം. ചിലപ്പോൾ അയാൾ തെറ്റുചെയ്‌തത്‌ നമുക്കെതിരെയും ആയിരിക്കാം. എന്നാൽ ഇപ്പോൾ അനുതാപം പ്രകടിപ്പിച്ച അദ്ദേഹത്തെ സഭയിലേക്കു തിരിച്ചെടുക്കാൻ, അക്കാര്യം കൈകാര്യം ചെയ്യുന്ന മൂപ്പന്മാർ ദിവ്യമാർഗനിർദേശത്തിനു ചേർച്ചയിൽ തീരുമാനിച്ചു എന്നു കരുതുക. അത്‌ സൂചിപ്പിക്കുന്നത്‌ യഹോവ അയാളോടു ക്ഷമിച്ചു എന്നാണ്‌. (മത്താ. 18:17-20) യഹോവയെപ്പോലെ നാമും ക്ഷമിക്കേണ്ടതല്ലേ? അദ്ദേഹത്തോടു ക്ഷമിക്കാതെ പരുഷമായി പെരുമാറുന്നെങ്കിൽ നാം യഹോവയെ എതിർക്കുന്നതിനു തുല്യമായിരിക്കും. അനുതപിക്കുകയും പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയെ നാം ‘സ്‌നേഹിക്കുന്നെന്ന്‌ ഉറപ്പുകൊടുക്കേണ്ടതുണ്ട്‌.’ സഭയുടെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാനും നമുക്ക്‌ യഹോവയുടെ പ്രീതിയിൽ തുടരാനും അത്‌ അനിവാര്യമാണ്‌.—മത്താ. 6:14, 15; ലൂക്കോ. 15:7.

“അവൻ എനിക്ക്‌ ഉപകാരപ്പെടും”

16. മർക്കോസ്‌ പൗലോസിനെ നിരാശപ്പെടുത്തിയത്‌ എങ്ങനെ?

16 നമ്മെ നിരാശപ്പെടുത്തിയവരോട്‌ നീരസം വെച്ചുകൊണ്ടിരിക്കരുത്‌ എന്നു കാണിക്കുന്നതാണ്‌ മറ്റൊരു തിരുവെഴുത്തു വിവരണം. അപ്പൊസ്‌തലനായ പൗലോസിനെ ഒരിക്കൽ യോഹന്നാൻ മർക്കോസ്‌ നിരാശപ്പെടുത്തി. എങ്ങനെ? ആദ്യത്തെ മിഷനറിയാത്രയിൽ പൗലോസിനെയും ബർന്നബാസിനെയും സഹായിക്കാനായി മർക്കോസും അവരോടൊപ്പം പോയിരുന്നു. എന്നാൽ യാത്രയ്‌ക്കിടയിൽ എന്തോ കാരണത്താൽ യോഹന്നാൻ മർക്കോസ്‌ അവരെ വിട്ട്‌ വീട്ടിലേക്കു തിരിച്ചുപോയി. മർക്കോസിന്റെ ഈ തീരുമാനം പൗലോസിനെ വല്ലാതെ നിരാശപ്പെടുത്തി. രണ്ടാമത്തെ മിഷനറിയാത്രയ്‌ക്കായി തയ്യാറെടുക്കവെ മർക്കോസിനെ കൂടെക്കൊണ്ടുപോകുന്നതിനെച്ചൊല്ലി പൗലോസും ബർന്നബാസും തമ്മിൽ അഭിപ്രായവ്യത്യാസത്തിനുപോലും അത്‌ ഇടയാക്കി. ആദ്യ യാത്രയ്‌ക്കിടയിലെ ആ സംഭവംനിമിത്തം മർക്കോസിനെ കൂടെക്കൊണ്ടുപോകാൻ പൗലോസിനു താത്‌പര്യമില്ലായിരുന്നു.—പ്രവൃത്തികൾ 13:1-5, 13; 15:37, 38 വായിക്കുക.

17, 18. പൗലോസിനും മർക്കോസിനും ഇടയിലുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം, ഇതിൽനിന്ന്‌ നമുക്കെന്തു പഠിക്കാം?

17 പൗലോസ്‌ തന്നെ കൂടെക്കൊണ്ടുപോകാത്തതിൽ മർക്കോസ്‌ അങ്ങേയറ്റം നിരുത്സാഹപ്പെട്ടുപോയില്ല. ബർന്നബാസിനോടൊപ്പം മറ്റൊരു പ്രദേശത്ത്‌ അവൻ മിഷനറി സേവനം തുടർന്നു. (പ്രവൃ. 15:39) താൻ വിശ്വസ്‌തനും ആശ്രയയോഗ്യനും ആണെന്ന്‌ മർക്കോസ്‌ പിന്നീട്‌ തെളിയിച്ചതായി ഏതാനും വർഷങ്ങൾക്കുശേഷം പൗലോസ്‌ എഴുതിയ ലേഖനം വ്യക്തമാക്കുന്നു. റോമിൽ തടവിലായിരുന്നപ്പോൾ, തിമൊഥെയൊസിനോട്‌ തന്റെ അടുക്കൽ വരാൻ പറഞ്ഞ്‌ പൗലോസ്‌ കത്തെഴുതുകയുണ്ടായി. “മർക്കോസിനെ നീ കൂട്ടിക്കൊണ്ടുവരണം; ശുശ്രൂഷയിൽ അവൻ എനിക്ക്‌ ഉപകാരപ്പെടും” എന്നും അതേ കത്തിൽ പൗലോസ്‌ എഴുതിയിരുന്നു. (2 തിമൊ. 4:11) പൗലോസിന്റെ ദൃഷ്ടിയിൽ, മർക്കോസ്‌ പുരോഗതിവരുത്തിയെന്നു വ്യക്തം.

18 ഈ വിവരണത്തിൽ നമുക്ക്‌ പഠിക്കാൻ ഒരു പാഠമുണ്ട്‌. ഒരു നല്ല മിഷനറിക്കുവേണ്ട ഗുണങ്ങൾ മർക്കോസ്‌ വളർത്തിയെടുത്തു. തന്നെ കൂടെക്കൊണ്ടുപോകാൻ പൗലോസ്‌ വിസമ്മതിച്ചതുനിമിത്തം അവൻ നിരുത്സാഹപ്പെട്ട്‌ പിന്മാറിയില്ല. മർക്കോസും പൗലോസും ആത്മീയമനസ്‌കരായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ പരിഭവം അധികകാലം നീണ്ടുനിന്നില്ല. വാസ്‌തവത്തിൽ മർക്കോസ്‌ തനിക്കൊരു സഹായമാണെന്ന്‌ പൗലോസ്‌ പിന്നീട്‌ സമ്മതിച്ചുപറഞ്ഞു. അതുകൊണ്ട്‌, പ്രശ്‌നം പരിഹരിച്ചശേഷവും അതേക്കുറിച്ച്‌ ഓർത്തുകൊണ്ടിരിക്കാതെ ദൈവസേവനത്തിൽ മുന്നേറുക, ആത്മീയപുരോഗതി നേടാൻ മറ്റുള്ളവരെ സഹായിക്കുക. മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കുമ്പോൾ സഭ കെട്ടുറപ്പുള്ളതാകും.

സഭയും നിങ്ങളും

19. ക്രിസ്‌തീയ സഭയിലുള്ളവർക്ക്‌ പരസ്‌പരം എന്തു സഹായം നൽകാനാകും?

19 ഈ ‘ദുഷ്‌കരമായ സമയങ്ങളിൽ’ സഭയിലെ സഹോദരീസഹോദരന്മാരുടെ സഹായം നിങ്ങൾക്ക്‌ ആവശ്യമാണ്‌; അവർക്ക്‌ നിങ്ങളുടെ സഹായവും. (2 തിമൊ. 3:1) താൻ നേരിടുന്ന സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ ഒരു ക്രിസ്‌ത്യാനിക്ക്‌ അറിയില്ലായിരിക്കാം; പക്ഷേ യഹോവയ്‌ക്ക്‌ അറിയാം. ശരിയായ വിധത്തിൽ അത്‌ കൈകാര്യം ചെയ്യുന്നതിന്‌ അദ്ദേഹത്തെ സഹായിക്കാനായി നിങ്ങൾ ഉൾപ്പെടെ സഭയിലെ വ്യത്യസ്‌ത ആളുകളെ ദൈവത്തിന്‌ ഉപയോഗിക്കാനാകും. (യെശ. 30:20, 21; 32:1, 2) അതുകൊണ്ട്‌ പൗലോസിന്റെ ഉദ്‌ബോധനം എപ്പോഴും മനസ്സിൽപ്പിടിക്കുക: “നിങ്ങൾ ഇപ്പോൾ ചെയ്‌തുവരുന്നതുപോലെ അന്യോന്യം ആശ്വസിപ്പിക്കുകയും ആത്മീയവർധന വരുത്തുകയും ചെയ്യുവിൻ.”—1 തെസ്സ. 5:11.

നിങ്ങളുടെ ഉത്തരം എന്ത്‌?

• ക്രിസ്‌തീയ സഭയിൽ പരസ്‌പരം ആത്മീയവർധന വരുത്തേണ്ടത്‌ എന്തുകൊണ്ട്‌?

• ഏതെല്ലാം തരത്തിലുള്ള പ്രശ്‌നങ്ങൾ തരണംചെയ്യാൻ നിങ്ങൾക്ക്‌ മറ്റുള്ളവരെ സഹായിക്കാനാകും?

• സഭയിലുള്ള മറ്റുള്ളവരുടെ സഹായം നമുക്ക്‌ ആവശ്യമുള്ളത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചിത്രം]

സഹക്രിസ്‌ത്യാനിക്ക്‌ ബുദ്ധിമുട്ട്‌ നേരിടുമ്പോൾ നമുക്ക്‌ സഹായിക്കാനാകും

[12-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ സഭയിലെ പല ചെറുപ്പക്കാരും നല്ല കഴിവുള്ളവരാണ്‌