വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയകാര്യങ്ങളിൽനിന്ന്‌ ഉന്മേഷം കണ്ടെത്തുക

ആത്മീയകാര്യങ്ങളിൽനിന്ന്‌ ഉന്മേഷം കണ്ടെത്തുക

ആത്മീയകാര്യങ്ങളിൽനിന്ന്‌ ഉന്മേഷം കണ്ടെത്തുക

‘എന്റെ നുകം ഏൽക്കുവിൻ, എന്നാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും.’—മത്താ. 11:29.

1. ന്യായപ്രമാണത്തിൽ യഹോവ എന്ത്‌ നിർദേശം ഉൾപ്പെടുത്തി, എന്തുകൊണ്ട്‌?

സീനായ്‌ മലയിൽവെച്ച്‌ യഹോവ ഇസ്രായേൽ ജനത്തിന്‌ ന്യായപ്രമാണം നൽകിയപ്പോൾ, വാരന്തോറും ശബത്ത്‌ ആചരിക്കുന്നതിനുള്ള നിർദേശവും അതിലുണ്ടായിരുന്നു. മോശ മുഖാന്തരം യഹോവ അവർക്ക്‌ ഈ കൽപ്പന കൊടുത്തു: “ആറു ദിവസം വേല ചെയ്‌ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.” (പുറ. 23:12) അതെ, ന്യായപ്രമാണ നിയമത്തിൻകീഴിലുള്ളവരോട്‌ പരിഗണനയുള്ളവനായിരുന്നു യഹോവ. തന്റെ ജനത്തിന്‌ ‘ആശ്വാസവും’ ഉന്മേഷവും ലഭിക്കുന്നതിന്‌ സ്‌നേഹപൂർവം അവൻ വിശ്രമത്തിനായി ഒരു ദിവസം നൽകി.

2. ശബത്താചരണം ഇസ്രായേല്യർക്ക്‌ എങ്ങനെ പ്രയോജനംചെയ്‌തു?

2 വിശ്രമത്തിനുവേണ്ടിമാത്രം നീക്കിവെച്ചിരുന്ന ഒരു ദിവസമായിരുന്നോ ശബത്ത്‌? അല്ല. സത്യാരാധനയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു അത്‌. “നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ” കുടുംബാംഗങ്ങളെ പഠിപ്പിക്കുന്നതിന്‌ ആവശ്യമായ സമയം ഇതിലൂടെ കുടുംബനാഥന്മാർക്ക്‌ ലഭിച്ചു. (ഉല്‌പ. 18:19) ബന്ധുമിത്രാദികൾക്ക്‌ ഒരുമിച്ചുകൂടി യഹോവയുടെ പ്രവൃത്തികളെക്കുറിച്ച്‌ ധ്യാനിക്കാനും ആഹ്ലാദകരമായ സഹവാസം ആസ്വദിക്കാനുമുള്ള ഒരു വേദിയായിരുന്നു ശബത്ത്‌. (യെശ. 58:13, 14) എല്ലാറ്റിലും ഉപരി, യഥാർഥ ഉന്മേഷം ലഭിക്കാനിരിക്കുന്ന ക്രിസ്‌തുവിന്റെ ആയിരവർഷ വാഴ്‌ചക്കാലത്തെ അത്‌ മുൻനിഴലാക്കി. (റോമ. 8:20) എന്നാൽ ഇക്കാലത്ത്‌, യഹോവയുടെ വഴികൾ പ്രിയപ്പെടുന്ന സത്യക്രിസ്‌ത്യാനികൾക്ക്‌ എവിടെ, എങ്ങനെ നവോന്മേഷം കണ്ടെത്താനാകും?

നവോന്മേഷം—ക്രിസ്‌തീയ സഹവാസത്തിലൂടെ

3. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പരസ്‌പരം താങ്ങായി വർത്തിച്ചത്‌ എങ്ങനെ, അത്‌ എന്ത്‌ ഗുണംചെയ്‌തു?

3 അപ്പൊസ്‌തലനായ പൗലോസ്‌ ക്രിസ്‌തീയ സഭയെ ‘സത്യത്തിന്റെ തൂണും താങ്ങും’ എന്നാണ്‌ വിശേഷിപ്പിച്ചത്‌. (1 തിമൊ. 3:15) അന്യോന്യം പ്രോത്സാഹിപ്പിക്കുകയും സ്‌നേഹപൂർവം ബലപ്പെടുത്തുകയും ചെയ്‌തുകൊണ്ട്‌ ആദിമക്രിസ്‌ത്യാനികൾ പരസ്‌പരം താങ്ങായി വർത്തിച്ചു. (എഫെ. 4:11, 12, 16) പൗലോസ്‌ എഫെസൊസിൽ ആയിരുന്നപ്പോൾ അവനെ കാണാൻ കൊരിന്ത്യസഭയിൽനിന്ന്‌ ചില സഹോദരങ്ങൾ വരുകയുണ്ടായി. അവരിൽനിന്ന്‌ തനിക്കു ലഭിച്ച പ്രോത്സാഹനത്തെക്കുറിച്ച്‌ പൗലോസ്‌ എഴുതി: ‘സ്‌തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതിൽ ഞാൻ സന്തോഷിക്കുന്നു; അവർ എന്റെ മനസ്സിന്‌ ഉന്മേഷം പകർന്നു.’ (1 കൊരി. 16:17, 18) കൊരിന്ത്യസഭയിലെ സഹോദരങ്ങളെ സഹായിക്കാനായി തീത്തൊസ്‌ അവരെ സന്ദർശിച്ചതിനെക്കുറിച്ച്‌ പൗലോസ്‌ എഴുതി: “നിങ്ങൾ ഏവരും അവന്റെ മനസ്സിന്‌ ഉന്മേഷം പകർന്നുവല്ലോ.” (2 കൊരി. 7:13) ഇന്നും, പ്രോത്സാഹനം പകരുന്ന ക്രിസ്‌തീയ സഹവാസത്തിലൂടെ യഹോവയുടെ സാക്ഷികൾ യഥാർഥ നവോന്മേഷം കണ്ടെത്തുന്നു.

4. സഭായോഗങ്ങൾ നമുക്ക്‌ നവോന്മേഷം പകരുന്നത്‌ എങ്ങനെ?

4 സന്തോഷനിർഭരമായ അവസരങ്ങളാണ്‌ സഭായോഗങ്ങളെന്ന്‌ നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. അവിടെ നമ്മുടെയും മറ്റുള്ളവരുടെയും “വിശ്വാസത്താൽ നമുക്കു പരസ്‌പരം പ്രോത്സാഹനം” ലഭിക്കുന്നു. (റോമ. 1:12) നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ നമുക്കു വെറും പരിചയക്കാരല്ല; യാത്രയ്‌ക്കിടയിൽ കണ്ടുമുട്ടുന്ന വെറും വഴിപോക്കരുമല്ല. നാം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഉറ്റസുഹൃത്തുക്കളാണവർ. അവരോടൊപ്പം യോഗങ്ങൾക്ക്‌ ക്രമമായി കൂടിവരുമ്പോൾ നമുക്ക്‌ അളവറ്റ സന്തോഷവും ആശ്വാസവും അനുഭവിക്കാനാകുന്നു.—ഫിലേ. 7.

5. കൺവെൻഷനുകളിലും സമ്മേളനങ്ങളിലും നമുക്ക്‌ പരസ്‌പരം നവോന്മേഷം പകരാനാകുന്നത്‌ എങ്ങനെ?

5 നവോന്മേഷം പകരുന്ന മറ്റ്‌ അവസരങ്ങളാണ്‌ നമ്മുടെ വാർഷിക കൺവെൻഷനുകളും സമ്മേളനങ്ങളും. ദൈവവചനമായ ബൈബിളിൽനിന്ന്‌ സത്യത്തിന്റെ ജീവജലം പകർന്നുതരുന്ന ഈ കൂടിവരവുകൾ നമ്മുടെ സുഹൃദ്വലയം ‘വിശാലമാക്കാനുള്ള’ സന്ദർഭം കൂടിയാണ്‌. (2 കൊരി. 6:12, 13) പക്ഷേ ആളുകളെ പരിചയപ്പെടുന്ന കാര്യത്തിൽ നാം സ്വതവെ ലജ്ജയുള്ളവരാണെങ്കിലോ? നമുക്കത്‌ ബുദ്ധിമുട്ടായി തോന്നുന്നെങ്കിലോ? കൺവെൻഷനുകളിൽ സ്വമേധാസേവനത്തിനു മുന്നോട്ടുവരുന്നതാണ്‌ നമ്മുടെ സഹോദരീസഹോദരന്മാരെ പരിചയപ്പെടാനുള്ള ഒരു മാർഗം. ഒരു അന്താരാഷ്‌ട്ര കൺവെൻഷനോട്‌ അനുബന്ധിച്ച്‌ സ്വമേധാസേവനത്തിൽ ഏർപ്പെട്ട ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “എന്റെ കുടുംബാംഗങ്ങളും ഏതാനും സുഹൃത്തുക്കളും ഒഴികെ അവിടെയുള്ള ആരെയുംതന്നെ എനിക്ക്‌ അറിയില്ലായിരുന്നു. എന്നാൽ അവിടെ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോൾ എനിക്ക്‌ കുറെ സഹോദരീസഹോദരന്മാരെ പരിചയപ്പെടാൻ കഴിഞ്ഞു. അത്‌ എത്ര രസമായിരുന്നെന്നോ!”

6. അവധിക്കാലം നവോന്മേഷം പകരുന്നതാക്കാനുള്ള ഒരു മാർഗമെന്ത്‌?

6 ദൈവത്തെ ആരാധിക്കുന്നതിനായി വർഷത്തിൽ മൂന്നുപ്രാവശ്യം യെരുശലേമിൽ ഉത്സവങ്ങൾക്കു പോകുന്നത്‌ ഇസ്രായേല്യരുടെ പതിവായിരുന്നു. (പുറ. 34:23) അവർക്ക്‌ അതിനായി തങ്ങളുടെ കൃഷിയിടവും വ്യാപാരവുമെല്ലാം വിട്ട്‌ പൊടിനിറഞ്ഞ പാതകളിലൂടെ ദിവസങ്ങളോളം കാൽനടയായി യാത്രചെയ്യേണ്ടിയിരുന്നു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, ആലയത്തിലുള്ളവർ ‘യഹോവയെ സ്‌തുതിക്കുന്നതു’ കാണാൻ അവിടെ പോകുന്നത്‌ അവർക്ക്‌ ‘മഹാസന്തോഷം’ നൽകി. (2 ദിന. 30:21) ഇന്ന്‌ സമാനമായി, യഹോവയുടെ ദാസന്മാരായ അനേകരും കുടുംബസമേതം അടുത്തുള്ള ബെഥേൽ (യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ്‌) സന്ദർശിക്കാറുണ്ട്‌. അവർക്ക്‌ അത്‌ ഏറെ ആഹ്ലാദം പകരുന്ന ഒരു അനുഭവമാണ്‌. അടുത്ത അവധിക്കാലത്ത്‌ കുടുംബം ഒത്തൊരുമിച്ച്‌ ബെഥേൽ സന്ദർശിക്കാൻ നിങ്ങൾക്ക്‌ ആസൂത്രണം ചെയ്യാനാകുമോ?

7. (എ) സാമൂഹിക കൂടിവരവുകൾ പ്രയോജനകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) കൂടിവരവുകൾ അവിസ്‌മരണീയവും പ്രോത്സാഹനമേകുന്നതും ആക്കിത്തീർക്കാൻ എന്തു ചെയ്യണം?

7 സാമൂഹിക കൂടിവരവുകൾക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടുന്നതും പ്രോത്സാഹനം പകർന്നേക്കാം. ജ്ഞാനിയായ ശലോമോൻ രാജാവ്‌ പറഞ്ഞു: “തിന്നു കുടിച്ചു തന്റെ പ്രയത്‌നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല.” (സഭാ. 2:24) ഇത്തരം കൂടിവരവുകൾ നമുക്ക്‌ ഉന്മേഷം പകരുമെന്നു മാത്രമല്ല നമ്മുടെ സഹോദരങ്ങളെ അടുത്തറിയാനും അവരുമായുള്ള സ്‌നേഹബന്ധം കരുത്തുറ്റതാക്കാനും സഹായിക്കും. ഈ അവസരങ്ങൾ അവിസ്‌മരണീയവും പ്രോത്സാഹനമേകുന്നതും ആയിത്തീരണമെങ്കിൽ അവ ചെറിയ കൂട്ടങ്ങളായിരിക്കുന്നതാണ്‌ നല്ലത്‌. നല്ല മേൽനോട്ടവും ആവശ്യമാണ്‌; മദ്യം വിളമ്പുന്നെങ്കിൽ വിശേഷിച്ചും.

നവോന്മേഷം—ശുശ്രൂഷയിലൂടെ

8, 9. (എ) യേശുവിന്റെ സന്ദേശം ശാസ്‌ത്രിമാരുടെയും പരീശന്മാരുടെയും ഉപദേശത്തിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ? (ബി) ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുന്നു?

8 ശുശ്രൂഷയിൽ തീക്ഷ്‌ണതയുള്ളവനായിരുന്നു യേശു; തീക്ഷ്‌ണതയുള്ളവരായിരിക്കാൻ അവൻ ശിഷ്യന്മാരെയും പ്രോത്സാഹിപ്പിച്ചു. അവന്റെ പിൻവരുന്ന വാക്കുകളിൽനിന്ന്‌ അത്‌ വ്യക്തമാണ്‌: “കൊയ്‌ത്തു വളരെയുണ്ട്‌; വേലക്കാരോ ചുരുക്കം; അതുകൊണ്ട്‌ കൊയ്‌ത്തിലേക്കു വേലക്കാരെ അയയ്‌ക്കാൻ കൊയ്‌ത്തിന്റെ യജമാനനോടു യാചിക്കുവിൻ.” (മത്താ. 9:37, 38) യേശു ആളുകളെ അറിയിച്ച സന്ദേശം തീർച്ചയായും നവോന്മേഷപ്രദമായിരുന്നു; “സുവിശേഷം” ആയിരുന്നു അവൻ അവരെ അറിയിച്ചത്‌. (മത്താ. 4:23; 24:14) പരീശന്മാർ ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച ഭാരമേറിയ നിയമാവലികളിൽനിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു അത്‌.—മത്തായി 23:4, 23, 24 വായിക്കുക.

9 രാജ്യസന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ നാം അവർക്ക്‌ ആത്മീയനവോന്മേഷം പകരുകയാണ്‌; അമൂല്യമായ ആ ബൈബിൾ സത്യങ്ങൾ നമ്മുടെതന്നെ മനസ്സിലേക്കും ഹൃദയത്തിലേക്കും ആഴ്‌ന്നിറങ്ങാനും അതിടയാക്കും. സങ്കീർത്തനക്കാരന്റെ വാക്കുകൾ എത്രയോ സത്യമാണ്‌: “യഹോവയെ സ്‌തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്‌തുതി ഉചിതവും തന്നേ.” (സങ്കീ. 147:1) നിങ്ങളുടെ അയൽക്കാരോട്‌ യഹോവയെക്കുറിച്ചു പറഞ്ഞുകൊണ്ട്‌, അവന്‌ സ്‌തുതികരേറ്റുന്നതിലൂടെ ലഭിക്കുന്ന സന്തോഷം നിങ്ങൾക്ക്‌ വർധിപ്പിക്കാനാകുമോ?

10. സുവാർത്തയോട്‌ ആളുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണോ ശുശ്രൂഷയിലെ നമ്മുടെ വിജയം നിർണയിക്കുന്നത്‌? വിശദീകരിക്കുക.

10 മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ ചില പ്രദേശങ്ങളിൽ ആളുകൾ സുവാർത്ത കേൾക്കാൻ കൂടുതൽ ചായ്‌വുള്ളവരാണ്‌ എന്നതു ശരിയാണ്‌. (പ്രവൃത്തികൾ 18:1, 5-8 വായിക്കുക.) നിങ്ങളുടെ പ്രദേശത്തുള്ള ആളുകൾ രാജ്യസന്ദേശത്തോട്‌ കാര്യമായി പ്രതികരിക്കുന്നില്ലെങ്കിലോ? ശുശ്രൂഷയിൽ ഏർപ്പെടുന്നതിലൂടെ കൈവരുന്ന നന്മയിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മടുത്തുപോകാതെ യഹോവയുടെ നാമം ഘോഷിക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമം വ്യർഥമാകില്ല എന്നോർക്കുക. (1 കൊരി. 15:58) മാത്രമല്ല, സുവാർത്തയോട്‌ ആളുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നതല്ല നമ്മുടെ വിജയത്തിന്റെ അളവുകോൽ. ആത്മാർഥഹൃദയരായ എല്ലാവർക്കും രാജ്യസന്ദേശം ശ്രദ്ധിക്കാനുള്ള അവസരം യഹോവ നൽകും എന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം.—യോഹ. 6:44.

നവോന്മേഷം—കുടുംബാരാധനയിലൂടെ

11. യഹോവ മാതാപിതാക്കളെ എന്ത്‌ ഉത്തരവാദിത്വം ഭരമേൽപ്പിച്ചിരിക്കുന്നു, അത്‌ നിർവഹിക്കാൻ അവർക്ക്‌ എന്ത്‌ ചെയ്യാനാകും?

11 ദൈവഭയമുള്ള മാതാപിതാക്കൾക്ക്‌ യഹോവയെയും അവന്റെ വഴികളെയും കുറിച്ച്‌ മക്കളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വമുണ്ട്‌. (ആവ. 11:18, 19) നിങ്ങൾക്ക്‌ കുട്ടികളുണ്ടെങ്കിൽ, സ്‌നേഹവാനായ സ്വർഗീയ പിതാവിനെക്കുറിച്ച്‌ അവരെ പഠിപ്പിക്കാൻ നിങ്ങൾ സമയം മാറ്റിവെച്ചിട്ടുണ്ടോ? ഗൗരവമുള്ള ഈ ഉത്തരവാദിത്വം നിർവഹിക്കാനും നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും നിങ്ങളെ സഹായിക്കുന്നതിനായി പുസ്‌തകങ്ങൾ, മാസികകൾ, വീഡിയോകൾ, ഓഡിയോ റെക്കോർഡിങ്ങുകൾ എന്നിവയുടെ രൂപത്തിൽ യഹോവ പോഷകസമൃദ്ധമായ ആത്മീയാഹാരം ധാരാളമായി നൽകിയിരിക്കുന്നു.

12, 13. (എ) കുടുംബാരാധന കുടുംബങ്ങൾക്ക്‌ എങ്ങനെയാണ്‌ പ്രയോജനംചെയ്യുന്നത്‌? (ബി) കുടുംബാരാധന നവോന്മേഷം പകരുന്ന അവസരമാക്കാൻ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാനാകും?

12 ഇതിനെല്ലാം പുറമേ, കുടുംബാരാധനയ്‌ക്കായി നാം ഒരു സായാഹ്നം നീക്കിവെക്കാനും വിശ്വസ്‌തനും വിവേകിയുമായ അടിമ ക്രമീകരണം ചെയ്‌തിരിക്കുന്നു. ഓരോ ആഴ്‌ചയും കുടുംബം ഒത്തൊരുമിച്ച്‌ ബൈബിൾ പഠിക്കാനായി നീക്കിവെക്കുന്ന ഒരു വൈകുന്നേരമാണിത്‌. ഈ ക്രമീകരണംമൂലം കുടുംബാംഗങ്ങൾക്കിടയിലെ സ്‌നേഹവും യഹോവയുമായുള്ള അവരുടെ ബന്ധവും ശക്തമായിരിക്കുന്നെന്ന്‌ അനേകരും തിരിച്ചറിഞ്ഞിരിക്കുന്നു. കുടുംബാരാധന ആത്മീയനവോന്മേഷം പകരുന്ന ഒന്നാക്കാൻ മാതാപിതാക്കളായ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

13 കുടുംബാരാധന അൽപ്പസ്വൽപ്പം നർമരസമുള്ളതായിരിക്കണം, അത്‌ വിരസമായിരിക്കരുത്‌. കാരണം, യഹോവ “സന്തുഷ്ടനായ ദൈവ”മാണ്‌; നാം അവനെ സന്തോഷത്തോടെ ആരാധിക്കാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. (1 തിമൊ. 1:11, അടിക്കുറിപ്പ്‌; ഫിലി. 4:4) ബൈബിളിലുള്ള ആത്മീയമുത്തുകൾ സ്വന്തമാക്കാനായി ലഭിച്ചിരിക്കുന്ന ഈ പ്രത്യേക സായാഹ്നം ശരിക്കും ഒരു അനുഗ്രഹമാണ്‌. സർഗാത്മകതയും ഭാവനാശക്തിയും ഉപയോഗിച്ച്‌ വ്യത്യസ്‌ത പഠിപ്പിക്കൽ രീതികൾ കണ്ടെത്താൻ മാതാപിതാക്കൾക്ക്‌ കഴിയും. ഒരു കുടുംബം ചെയ്‌തത്‌ എന്താണെന്നു നോക്കാം. അവരുടെ പത്തുവയസ്സുള്ള മകൻ ബ്രാൻഡന്‌ പാമ്പുകളെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ പാമ്പുകളെ സാത്താനോട്‌ ബന്ധപ്പെടുത്തി പറയുന്നത്‌ അവനെ വിഷമിപ്പിച്ചിരുന്നു. ഇക്കാരണത്താൽ, “സാത്താനെ പ്രതിനിധീകരിക്കാൻ യഹോവ പാമ്പിനെ ഉപയോഗിച്ചത്‌ എന്തുകൊണ്ടാണ്‌?” എന്ന വിഷയത്തെക്കുറിച്ച്‌ ഒരു റിപ്പോർട്ട്‌ തയ്യാറാക്കി അവതരിപ്പിക്കാൻ അവർ അവനോടു പറഞ്ഞു. മറ്റുചില കുടുംബങ്ങളാകട്ടെ, ഇടയ്‌ക്കൊക്കെ ബൈബിൾ നാടകങ്ങൾ കുടുംബാരാധനയിൽ ഉൾപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, ഒരു ബൈബിൾ ഭാഗത്തുള്ള കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ കുടുംബത്തിലെ ഓരോരുത്തരും ഭാവവ്യത്യാസത്തോടെ വായിക്കുകയോ അല്ലെങ്കിൽ ഒരു ബൈബിൾ വിവരണം അഭിനയിക്കുകയോ ചെയ്യുന്നു. ഇത്തരം രീതികൾ പഠനം രസകരമാക്കും, കുട്ടികളെ അതിൽ സജീവമായി ഉൾപ്പെടുത്താനും കഴിയും. അങ്ങനെയാകുമ്പോൾ, ബൈബിൾ തത്ത്വങ്ങൾ അവരുടെ ഹൃദയത്തിൽ പതിയും. *

നമ്മെ ഞെരുക്കിക്കളയുന്ന കാര്യങ്ങൾ ഒഴിവാക്കുക

14, 15. (എ) ഈ അന്ത്യനാളുകളിൽ സമ്മർദവും അരക്ഷിതത്വവും വർധിച്ചിരിക്കുന്നത്‌ എങ്ങനെ? (ബി) മറ്റുള്ളവർക്കില്ലാത്ത എന്ത്‌ സമ്മർദങ്ങൾ നമുക്കു നേരിടേണ്ടിവന്നേക്കാം?

14 ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ സമ്മർദവും അരക്ഷിതത്വവും ഒന്നിനൊന്ന്‌ വർധിച്ചുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്‌മയാലും മറ്റ്‌ സാമ്പത്തികബുദ്ധിമുട്ടുകളാലും വലയുകയാണ്‌ ലക്ഷക്കണക്കിന്‌ ആളുകൾ. ജോലിയുള്ളവർപോലും, തങ്ങൾ സമ്പാദിക്കുന്ന പണം മുഴുവൻ ഓട്ടസഞ്ചിയിലാണോ ഇടുന്നതെന്ന്‌ ചിന്തിച്ചുപോകുന്നു; കുടുംബത്തിന്‌ കാര്യമായി ഒന്നും നൽകാൻ അവർക്ക്‌ കഴിയുന്നില്ല. (ഹഗ്ഗായി 1:4-6 താരതമ്യം ചെയ്യുക.) തീവ്രവാദത്തിനും സാമൂഹിക തിന്മകൾക്കുമെതിരെയുള്ള പോരാട്ടത്തിൽ തങ്ങൾ നിസ്സഹായരാണെന്ന്‌ രാഷ്‌ട്രീയനേതാക്കന്മാരും മറ്റ്‌ സാമൂഹിക പ്രവർത്തകരും തിരിച്ചറിയുന്നു. മറ്റനേകരാകട്ടെ, തങ്ങളുടെതന്നെ ബലഹീനതകളാൽ നിരുത്സാഹിതരാണ്‌.—സങ്കീ. 38:4.

15 സാത്താന്റെ ഈ വ്യവസ്ഥിതിയിലുള്ള പ്രശ്‌നങ്ങളും സമ്മർദങ്ങളും സത്യക്രിസ്‌ത്യാനികളെയും ബാധിക്കുന്നു. (1 യോഹ. 5:19) ഇതിനു പുറമേ, യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നവർക്ക്‌ ചിലപ്പോഴൊക്കെ, മറ്റുള്ളവരെ ബാധിക്കാത്ത സമ്മർദങ്ങളും അനുഭവിക്കേണ്ടിവരുന്നു. “അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും” എന്ന്‌ യേശു പറയുകയുണ്ടായി. (യോഹ. 15:20) പക്ഷേ, നാം “പീഡിതരെങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല.” (2 കൊരി. 4:9) എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

16. സന്തോഷം നിലനിറുത്താൻ നമ്മെ എന്തു സഹായിക്കും?

16 യേശു പറഞ്ഞു: “ക്ലേശിതരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരും.” (മത്താ. 11:28) ക്രിസ്‌തുവിന്റെ മറുവിലായാഗത്തിൽ നാം പൂർണമായി വിശ്വാസമർപ്പിക്കുമ്പോൾ നമ്മെത്തന്നെ യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കുകയാണെന്നു പറയാനാകും. അതു നമുക്ക്‌ “അസാമാന്യശക്തി” നൽകും. (2 കൊരി. 4:7) സന്തോഷം നഷ്ടപ്പെടാതെ പരിശോധനകളും പ്രയാസങ്ങളും സഹിച്ചുനിൽക്കാൻ കഴിയേണ്ടതിന്‌ പരിശുദ്ധാത്മാവ്‌ എന്ന “സഹായകൻ” നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കും.—യോഹ. 14:26; യാക്കോ. 1:2-4.

17, 18. (എ) ഏതുതരം മനോഭാവത്തിനെതിരെ നാം ജാഗ്രതയുള്ളവർ ആയിരിക്കണം? (ബി) ലൗകികസുഖങ്ങൾക്കു പ്രാധാന്യം കൊടുത്താൽ എന്തു സംഭവിച്ചേക്കാം?

17 ഉല്ലാസത്തിനായി എന്തു വിലകൊടുക്കാനും മടിക്കാത്ത ലോകത്തിലാണ്‌ നാം ജീവിക്കുന്നത്‌. ലോകത്തിന്റെ ഈ മനോഭാവം നമ്മെ സ്വാധീനിക്കാതിരിക്കാൻ സത്യക്രിസ്‌ത്യാനികളായ നാമെല്ലാം ജാഗ്രതയുള്ളവരായിരിക്കണം. (എഫെസ്യർ 2:2-5 വായിക്കുക.) അല്ലാത്തപക്ഷം, “ജഡമോഹം, കണ്മോഹം, ജീവിതത്തിന്റെ പ്രതാപം” എന്നീ കെണികളിൽ നാം വീണുപോയേക്കാം. (1 യോഹ. 2:16) കൂടാതെ, ജഡമോഹത്തെ തൃപ്‌തിപ്പെടുത്തുന്നത്‌ സന്തോഷം നൽകുമെന്ന അബദ്ധധാരണയും നമുക്കുണ്ടായേക്കാം. (റോമ. 8:6) ഉദാഹരണത്തിന്‌, ചില ആളുകൾ തങ്ങളുടെ മനസ്സിനു ഹരം പകരാൻ മയക്കുമരുന്ന്‌, മദ്യത്തിന്റെ ദുരുപയോഗം, അശ്ലീലം, സാഹസിക വിനോദങ്ങൾ, അധാർമിക പ്രവർത്തനങ്ങൾ എന്നിവയിലേക്കു തിരിഞ്ഞിരിക്കുന്നു. യഥാർഥ നവോന്മേഷം പകരുന്നത്‌ എന്താണെന്നതു സംബന്ധിച്ച്‌ വികലമായ ധാരണ നൽകി നമ്മെ വഴിതെറ്റിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്‌ സാത്താന്റെ ‘കുടിലതന്ത്രങ്ങൾ.’—എഫെ. 6:11.

18 മിതത്വം പാലിക്കുന്നെങ്കിൽ, തിന്നുന്നതും കുടിക്കുന്നതും പരിപുഷ്ടിപ്പെടുത്തുന്ന വിനോദപരിപാടികളിൽ പങ്കെടുക്കുന്നതും തെറ്റല്ലെന്നു നമുക്കറിയാം. എന്നാൽ ഇത്തരം കാര്യങ്ങൾ നമ്മുടെ ജീവിതത്തിലെ മുഖ്യ സംഗതികളായിത്തീരരുത്‌. കാലത്തിന്റെ അടിയന്തിരത കണക്കിലെടുക്കുമ്പോൾ സമനിലയുള്ളവർ ആയിരിക്കുന്നതും ആത്മനിയന്ത്രണം പാലിക്കുന്നതും ഇന്ന്‌ ഏറെ പ്രധാനമാണ്‌. അല്ലാത്തപക്ഷം, “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പരിജ്ഞാനം സംബന്ധിച്ച്‌ . . . ഉദാസീനരോ ഫലശൂന്യരോ” ആകാൻ ഇടയാകുംവിധം വ്യക്തിപരമായ താത്‌പര്യങ്ങൾ നമ്മെ ഞെരുക്കിക്കളഞ്ഞേക്കാം.—2 പത്രോ. 1:8.

19, 20. യഥാർഥ നവോന്മേഷം നമുക്ക്‌ എങ്ങനെ കണ്ടെത്താം?

19 നമ്മുടെ ചിന്തകളെ യഹോവയുടെ നിർദേശങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരുന്നെങ്കിൽ ഈ ലോകം വെച്ചുനീട്ടുന്ന സുഖങ്ങളെല്ലാം ക്ഷണികമാണെന്ന്‌ നാം തിരിച്ചറിയും. മോശ അതു മനസ്സിലാക്കി, നാമും അതു മനസ്സിലാക്കുന്നു. (എബ്രാ. 11:25) അതെ, സ്വർഗീയ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിലൂടെ മാത്രമേ യഥാർഥ നവോന്മേഷം ലഭിക്കൂ. അത്‌ മാത്രമാണ്‌ നിലനിൽക്കുന്ന സംതൃപ്‌തിയും സന്തോഷവും നൽകുന്നത്‌.—മത്താ. 5:6.

20 അതുകൊണ്ട്‌ നവോന്മേഷത്തിനായി എപ്പോഴും ആത്മീയകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുക. “ഭക്തിവിരുദ്ധമായ ജീവിതരീതികളും ലൗകികമോഹങ്ങളും” വർജിച്ചുകൊണ്ട്‌ “മഹത്തായ പ്രത്യാശയുടെ സാക്ഷാത്‌കാരത്തിനും മഹാദൈവത്തിന്റെയും നമ്മുടെ രക്ഷകനായ ക്രിസ്‌തുയേശുവിന്റെയും തേജോമയമായ പ്രത്യക്ഷതയ്‌ക്കുമായി” നമുക്ക്‌ കാത്തിരിക്കാം. (തീത്തൊ. 2:12, 13) യേശുക്രിസ്‌തുവിന്റെ അധികാരത്തിനും നിർദേശങ്ങൾക്കും കീഴ്‌പെട്ടിരുന്നുകൊണ്ട്‌ അവന്റെ നുകത്തിൻകീഴിൽ തുടരാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. അങ്ങനെ ചെയ്യുന്നെങ്കിൽ, യഥാർഥ സന്തോഷവും നവോന്മേഷവും നാം കണ്ടെത്തും!

[അടിക്കുറിപ്പ്‌]

^ ഖ. 13 കുടുംബാധ്യയനം രസകരവും വിജ്ഞാനപ്രദവുമാക്കാൻ സഹായിക്കുന്ന കൂടുതൽ വിവരങ്ങൾക്ക്‌ 1991 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1-ാം പേജ്‌ കാണുക.

നിങ്ങളുടെ ഉത്തരം എന്താണ്‌?

• യഹോവയുടെ ജനത്തിനിടയിൽ നമുക്ക്‌ എങ്ങനെ നവോന്മേഷം കണ്ടെത്താം?

• നമ്മുടെ ശുശ്രൂഷ നമുക്കും നമ്മെ ശ്രദ്ധിക്കുന്നവർക്കും നവോന്മേഷം പകരുന്നത്‌ എങ്ങനെ?

• കുടുംബാരാധന നവോന്മേഷം പകരുന്നതാക്കാൻ കുടുംബനാഥന്മാർക്ക്‌ എന്തു ചെയ്യാൻ കഴിയും?

• ഏതെല്ലാം കാര്യങ്ങൾ നമ്മെ ആത്മീയമായി ഞെരുക്കിക്കളഞ്ഞേക്കാം?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രങ്ങൾ]

യേശുവിന്റെ നുകം ഏൽക്കുമ്പോൾ നവോന്മേഷത്തിനുള്ള വിവിധ മാർഗങ്ങൾ നാം കണ്ടെത്തും