വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതപങ്കാളി വഞ്ചിക്കുമ്പോൾ. . .

ജീവിതപങ്കാളി വഞ്ചിക്കുമ്പോൾ. . .

ജീവിതപങ്കാളി വഞ്ചിക്കുമ്പോൾ. . .

ഒത്തൊരുമിച്ച്‌ അനേക വർഷങ്ങൾ യഹോവയെ മുഴുസമയം സേവിച്ചവരായിരുന്നു മാർഗരറ്റും ഭർത്താവ്‌ റൂവലും. * പക്ഷേ മൂത്തകുട്ടിയുടെ ജനനത്തെത്തുടർന്ന്‌ റൂവൽ യഹോവയിൽനിന്ന്‌ അകലാൻതുടങ്ങി. പിന്നീട്‌ അധാർമിക ജീവിതം നയിച്ച റൂവലിനെ ക്രിസ്‌തീയ സഭയിൽനിന്ന്‌ പുറത്താക്കി. “ഇതൊക്കെ സംഭവിച്ചപ്പോൾ, ഞാൻ മരിച്ചുപോകും എന്ന്‌ എനിക്കു തോന്നി,” മാർഗരറ്റ്‌ പറയുന്നു. “ഞാൻ ആകെ തകർന്നുപോയി. എന്തു ചെയ്യണമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു.”

ജയിന്റെ ഭർത്താവ്‌ മറ്റൊരു വിധത്തിലാണ്‌ അവളെ വഞ്ചിച്ചത്‌. തന്നെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‌ത ഭാര്യയെ അയാൾ ശാരീരികമായി ഉപദ്രവിക്കാൻതുടങ്ങി, അതും, വിവാഹം കഴിഞ്ഞ്‌ അധികനാളാകുംമുമ്പ്‌. ജയിൻ അതേക്കുറിച്ചു പറയുന്നു: “ഭർത്താവ്‌ ആദ്യം എന്നെ മർദിച്ചപ്പോൾ എനിക്ക്‌ അത്‌ ഒട്ടും വിശ്വസിക്കാനായില്ല. എനിക്ക്‌ വല്ലാത്ത നാണക്കേടും വിഷമവും തോന്നി. ഓരോ പ്രാവശ്യവും ഉപദ്രവിച്ചിട്ട്‌ എന്നോടുവന്ന്‌ ക്ഷമചോദിക്കുമായിരുന്നു; ഇതൊരു പതിവായി. ഒരു ക്രിസ്‌ത്യാനിയായ ഞാൻ ഇതെല്ലാം പൊറുക്കുകയും മറക്കുകയും ചെയ്യണമെന്നായിരുന്നു എന്റെ വിചാരം. ഞങ്ങൾക്കിടയിലുള്ള ഈ പ്രശ്‌നത്തെക്കുറിച്ച്‌ ആരോടെങ്കിലും, മൂപ്പന്മാരോടുപോലും, പറയുന്നത്‌ അവിശ്വസ്‌തതയാണെന്ന്‌ ഞാൻ ചിന്തിച്ചു. വർഷങ്ങളോളം ഈ ദുഷ്‌പെരുമാറ്റം ഞാൻ സഹിച്ചു, ക്ഷമിച്ചു. ഭർത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റാൻ എനിക്ക്‌ ഇനിയും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നായിരുന്നു ഇക്കാലമത്രയും എന്റെ ചിന്ത. പക്ഷേ, ഒടുവിൽ അദ്ദേഹം എന്നെയും മകളെയും ഉപേക്ഷിച്ചുപോയി. ഞാൻ പരാജയപ്പെട്ടതായി എനിക്കു തോന്നി. ഞങ്ങളുടെ ബന്ധം തകരാതിരിക്കാൻ ഞാൻ വേറെ എന്തൊക്കെയോ ചെയ്യേണ്ടതായിരുന്നു എന്ന്‌ എന്റെ മനസ്സുപറഞ്ഞു.”

മാർഗരറ്റിനെയും ജയിനെയും പോലെ ഭർത്താവിന്റെ വഞ്ചനയ്‌ക്കിരയായ ഒരു ഭാര്യയാണോ നിങ്ങൾ? എങ്കിൽ, വൈകാരികവും സാമ്പത്തികവും ആത്മീയവുമായി അതു നിങ്ങളെ തളർത്തിക്കളഞ്ഞിരിക്കും. അല്ലെങ്കിൽ, ഭാര്യയുടെ അവിശ്വസ്‌തതയ്‌ക്കിരയായ ഒരു ഭർത്താവാണോ നിങ്ങൾ? അതിന്റെ മനോവേദനയും ബുദ്ധിമുട്ടും പേറി ജീവിക്കുകയായിരിക്കും നിങ്ങൾ. ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ “ദുഷ്‌കരമായ സമയ”ങ്ങളിലാണ്‌ നാം ഇന്നു ജീവിക്കുന്നത്‌. “അന്ത്യകാലത്ത്‌” കുടുംബഭദ്രതയ്‌ക്ക്‌ ഭീഷണി നേരിടും എന്നും പല കുടുംബങ്ങളിലും സഹജസ്‌നേഹം കാണുകയില്ല എന്നും ഈ പ്രവചനം സൂചിപ്പിക്കുന്നു. ഇക്കാലത്തുള്ള ചിലർ ദൈവഭക്തിയുടെ വേഷം ധരിക്കുന്നെങ്കിലും അതിന്റെ ശക്തിക്കൊത്തവിധം ജീവിക്കാത്തവരാണ്‌. (2 തിമൊ. 3:1-5) സത്യക്രിസ്‌ത്യാനികളെയും ഇത്തരം പ്രശ്‌നങ്ങൾ ബാധിക്കുന്നതിനാൽ ഒരുപക്ഷേ നിങ്ങളും വഞ്ചനയ്‌ക്കിരയായിരിക്കാം. അങ്ങനെയെങ്കിൽ പിടിച്ചുനിൽക്കാൻ നിങ്ങളെ എന്തു സഹായിക്കും?

യഹോവ വീക്ഷിക്കുന്നതുപോലെ സ്വയം വീക്ഷിക്കുക

നിങ്ങൾ സ്‌നേഹിക്കുന്ന ഒരാൾ നിങ്ങളെ ഇത്രയധികം വേദനിപ്പിക്കും എന്ന്‌ വിശ്വസിക്കാൻതന്നെ ആദ്യമൊക്കെ ബുദ്ധിമുട്ടായിരിക്കാം. ഇണയുടെ ദുഷ്‌ചെയ്‌തിയെപ്രതി നിങ്ങൾ സ്വയം കുറ്റപ്പെടുത്തിയെന്നുംവരാം.

പക്ഷേ ഒന്നോർക്കുക, പൂർണമനുഷ്യനായിരുന്ന യേശുവിനെപ്പോലും, അവൻ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‌ത ഒരാൾ വഞ്ചിച്ചു. ദീർഘനേരം പ്രാർഥിക്കുകയും നന്നായി ആലോചിക്കുകയും ചെയ്‌തശേഷമാണ്‌ തന്റെ ഉറ്റസഹചാരികളായ അപ്പൊസ്‌തലന്മാരെ യേശു തിരഞ്ഞെടുത്തത്‌. അന്ന്‌ ആ 12 പേരും യഹോവയുടെ വിശ്വസ്‌ത സേവകരായിരുന്നു. അതുകൊണ്ടുതന്നെ, പിന്നീട്‌ യൂദാ “ഒറ്റുകാരനായിത്തീർന്ന”പ്പോൾ യേശുവിനെ അത്‌ വല്ലാതെ വേദനിപ്പിച്ചു. (ലൂക്കോ. 6:12-16) പക്ഷേ, യഹോവയുടെ ദൃഷ്ടിയിൽ യൂദായുടെ ഈ ദുഷ്‌ചെയ്‌തിക്ക്‌ യേശു ഒരിക്കലും ഉത്തരവാദിയല്ലായിരുന്നു.

ആരും പൂർണരല്ല എന്നതാണ്‌ സത്യം; ഭാര്യക്കും ഭർത്താവിനും തെറ്റുപറ്റും. “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും?” എന്ന്‌ സങ്കീർത്തനക്കാരൻ നിശ്വസ്‌തതയിൽ പറഞ്ഞത്‌ എത്ര സത്യമാണ്‌! (സങ്കീ. 130:3) അതുകൊണ്ട്‌, യഹോവയെ അനുകരിച്ച്‌ കുറവുകൾ പരസ്‌പരം ക്ഷമിക്കാനും മറക്കാനും ദമ്പതികൾ മനസ്സുകാണിക്കണം.—1 പത്രോ. 4:8.

‘നാം ഓരോരുത്തരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാണ്‌.’ (റോമ. 14:12) മോശമായി സംസാരിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു ഇണ ശീലമാക്കുന്നെങ്കിൽ, ആ വ്യക്തിയാണ്‌ യഹോവയോട്‌ കണക്കുബോധിപ്പിക്കേണ്ടത്‌. ‘അക്രമത്തെയും’ ദുഷിച്ച സംസാരത്തെയും യഹോവ കുറ്റംവിധിക്കുന്നതിനാൽ, ഇണയോട്‌ സ്‌നേഹശൂന്യമായി, ആദരവില്ലാതെ ഇടപെടുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. (സങ്കീ. 11:5, പി.ഒ.സി. ബൈബിൾ; എഫെ. 5:33; കൊലോ. 3:6-8) ഒരു ക്രിസ്‌ത്യാനി ആവർത്തിച്ചാവർത്തിച്ച്‌, അൽപ്പംപോലും അനുതാപമില്ലാതെ ക്രോധപൂർവം പെരുമാറുകയും മാറ്റംവരുത്താൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ ആ വ്യക്തിയെ ക്രിസ്‌തീയ സഭയിൽനിന്ന്‌ പുറത്താക്കേണ്ടതാണ്‌. (ഗലാ. 5:19-21; 2 യോഹ. 9, 10) അതുകൊണ്ട്‌, ക്രിസ്‌ത്യാനികൾക്കു നിരക്കാത്ത ഇത്തരം കാര്യങ്ങൾ ഇണ ചെയ്യുന്നെങ്കിൽ അതേക്കുറിച്ച്‌ മൂപ്പന്മാരോടു പറയുന്നതിൽ വിഷമം തോന്നേണ്ടതില്ല. ഇത്തരം ദുഷ്‌പെരുമാറ്റങ്ങൾക്ക്‌ ഇരയാകുന്നവരോട്‌ യഹോവയ്‌ക്ക്‌ അനുകമ്പയുണ്ട്‌ എന്നോർക്കുക.

വ്യഭിചാരം ചെയ്യുന്ന ഒരാൾ സ്വന്ത ഇണയോടു മാത്രമല്ല, യഹോവയോടും പാപം ചെയ്യുന്നു. (മത്താ. 19:4-9; എബ്രാ. 13:4) തെറ്റു ചെയ്‌തിട്ടില്ലാത്ത ഇണ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്‌തസ്ഥിതിക്ക്‌ തന്റെ ഇണയുടെ വഞ്ചനയെപ്രതി കുറ്റഭാരംപേറേണ്ടതില്ല.

നിങ്ങൾ അനുഭവിക്കുന്ന വേദന യഹോവ മനസ്സിലാക്കുന്നുണ്ട്‌. അത്‌ എങ്ങനെ അറിയാം? ഇസ്രായേൽ ജനതയുടെ ഭർത്താവായി യഹോവ സ്വയം വിശേഷിപ്പിച്ചിരിക്കുന്നു; ആ ജനത ആത്മീയവ്യഭിചാരത്തിൽ ഏർപ്പെട്ടപ്പോൾ യഹോവയ്‌ക്ക്‌ അനുഭവപ്പെട്ട മനോവേദനയെക്കുറിച്ച്‌ വിവരിക്കുന്ന ഹൃദയസ്‌പർശിയായ പല ഭാഗങ്ങളും ബൈബിളിൽ കാണാം. (യെശ. 54:5, 6; യിരെ. 3:1, 6-10) നിങ്ങളുടെ ഇണ ഏതെങ്കിലും വിധത്തിൽ നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ, അതേക്കുറിച്ച്‌ ഓർത്തു നിങ്ങൾ പൊഴിച്ചിരിക്കുന്ന കണ്ണീർ യഹോവ കാണാതെപോയിട്ടില്ല എന്ന്‌ ഉറപ്പുണ്ടായിരിക്കുക. (മലാ. 2:13, 14) നിങ്ങൾക്ക്‌ ആശ്വാസവും പ്രോത്സാഹനവും ആവശ്യമാണെന്ന്‌ അവന്‌ അറിയാം.

യഹോവ ആശ്വാസം നൽകുന്ന വിധം

ആശ്വാസം പകരാനായി യഹോവ ഒരുക്കിയിരിക്കുന്ന ഒരു മാർഗം ക്രിസ്‌തീയ സഭയാണ്‌. ജയിന്‌ സഭയിൽനിന്ന്‌ അത്തരം സഹായം ലഭിച്ചു. അവൾ പറയുന്നു: “ഞാൻ വൈകാരികമായി ആകെ തളർന്നിരുന്ന സമയത്തായിരുന്നു സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനം. എന്റെ ഭർത്താവ്‌ അപ്പോൾ വിവാഹമോചനത്തിനായി കേസ്‌ കൊടുത്തിരിക്കുകയായിരുന്നു. ഞാൻ എത്രമാത്രം വിഷമം അനുഭവിക്കുന്നെന്ന്‌ സഹോദരന്‌ മനസ്സിലായി. 1 കൊരിന്ത്യർ 7:15 പോലുള്ള തിരുവെഴുത്തുകൾ വായിച്ച്‌ അവ മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നതിന്‌ അദ്ദേഹം സമയംകണ്ടെത്തി. ബൈബിൾ വാക്യങ്ങളും അദ്ദേഹത്തിന്റെ ദയയോടുകൂടിയ സംസാരവും, ഞാൻ തെറ്റുകാരിയാണെന്ന ചിന്ത അകറ്റാൻ എന്നെ സഹായിച്ചു; എനിക്കു കുറെയൊക്കെ മനസ്സമാധാനവും ലഭിച്ചു.” *

ക്രിസ്‌തീയ സഭയിലൂടെ യഹോവ പ്രായോഗിക സഹായം നൽകുന്നുവെന്ന്‌ മുമ്പു പരാമർശിച്ച മാർഗരറ്റും മനസ്സിലാക്കി. അവൾ പറയുന്നു: “എന്റെ ഭർത്താവിന്‌ ഒട്ടും അനുതാപമില്ലെന്ന്‌ മനസ്സിലായപ്പോൾ കുട്ടികളെയുംകൂട്ടി ഞാൻ മറ്റൊരു പട്ടണത്തിലേക്ക്‌ പോയി. അവിടെ വാടകയ്‌ക്ക്‌ രണ്ടുമുറികൾ കണ്ടെത്തി. അടുത്ത ദിവസം ബാഗിൽനിന്ന്‌ ഞാൻ സാധനങ്ങളെല്ലാം എടുത്തുവെക്കുകയായിരുന്നു; വല്ലാത്ത വിഷമത്തിലായിരുന്നു ഞാൻ. അപ്പോഴാണ്‌ കതകിൽ ഒരു മുട്ടുകേട്ടത്‌. തൊട്ടടുത്തു താമസിക്കുന്ന വീട്ടുടമസ്ഥയായിരിക്കും അതെന്ന്‌ ഞാൻ വിചാരിച്ചു. എന്നാൽ, ഞാൻ അതിശയിച്ചുപോയി; എന്റെ അമ്മയ്‌ക്ക്‌ അധ്യയനമെടുക്കുകയും സത്യം പഠിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്‌ത സഹോദരിയായിരുന്നു അത്‌. അവർ എന്നെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല. വീട്ടുടമസ്ഥയ്‌ക്ക്‌ അധ്യയനമെടുക്കാനാണ്‌ സഹോദരി അവിടെ വന്നത്‌. എനിക്ക്‌ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. എനിക്ക്‌ കരച്ചിലടക്കാനായില്ല. നടന്നതെല്ലാം ഞാൻ സഹോദരിയോടു പറഞ്ഞു, ഞങ്ങൾ രണ്ടുപേരും കരഞ്ഞു. സഹോദരി ഉടൻതന്നെ, ഞങ്ങൾക്ക്‌ അന്നത്തെ യോഗങ്ങൾക്കു പോകാനുള്ള ക്രമീകരണം ചെയ്‌തു. സഭയിലെ സഹോദരങ്ങൾ വളരെ സന്തോഷത്തോടെയാണ്‌ ഞങ്ങളെ സ്വീകരിച്ചത്‌. കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ എന്നെ സഹായിക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്‌തു.”

മറ്റുള്ളവർക്ക്‌ സഹായിക്കാനാകുന്ന വിധം

ക്രിസ്‌തീയ സഭയിലുള്ള സഹോദരങ്ങൾക്ക്‌ ഇത്തരം സാഹചര്യങ്ങളിലുള്ളവരെ പല വിധത്തിൽ സഹായിക്കാനാകും. ഉദാഹരണത്തിന്‌, മാർഗരറ്റിന്‌ ജോലിക്കു പോകേണ്ടിയിരുന്നതിനാൽ കുട്ടികൾ സ്‌കൂൾവിട്ടു വരുമ്പോൾ അവരെ നോക്കിക്കൊള്ളാമെന്ന്‌ സഭയിലുള്ള ഒരു കുടുംബം അവളോടു പറഞ്ഞു.

“എന്നോടും മക്കളോടുമൊപ്പം വയൽസേവനത്തിനു വരാൻ സഹോദരീസഹോദരന്മാർ മനസ്സുകാണിക്കുന്നതാണ്‌ ഞാൻ ഏറെ വിലമതിക്കുന്ന ഒരു കാര്യം,” മാർഗരറ്റ്‌ പറയുന്നു. ഇത്തരം പ്രായോഗികമായ സഹായങ്ങൾ ചെയ്‌തുകൊണ്ട്‌ സഭയിലെ സഹോദരങ്ങൾക്ക്‌ ‘തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കാനാകും.’ അങ്ങനെ ചെയ്യുമ്പോൾ അവർ “ക്രിസ്‌തുവിന്റെ പ്രമാണം” നിവർത്തിക്കുകയാണ്‌.—ഗലാ. 6:2.

മറ്റുള്ളവർ ചെയ്‌ത തെറ്റിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നവർ തീർച്ചയായും ഇത്തരം പ്രായോഗിക സഹായങ്ങൾ വളരെയധികം വിലമതിക്കും. ഭർത്താവ്‌ ഉപേക്ഷിച്ചുപോയ മോണിക്കിന്റെ കാര്യമെടുക്കുക. ഏകദേശം ഏഴുലക്ഷം രൂപ കടം വരുത്തിവെച്ചിട്ടാണ്‌ അയാൾ പോയത്‌. നാലുമക്കളെ വളർത്തിക്കൊണ്ടുവരേണ്ട ഉത്തരവാദിത്വവും അവൾക്കുണ്ടായിരുന്നു. അവൾ പറയുന്നു: “എന്റെ ആത്മീയ സഹോദരീസഹോദരന്മാർ എന്നോട്‌ വളരെയേറെ സ്‌നേഹം കാണിച്ചു. അവരുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ പിടിച്ചുനിന്നേനെ എന്ന്‌ ഞാൻ ചിന്തിക്കാറുണ്ട്‌. എന്റെ മക്കളെ സഹായിക്കാൻ മനസ്സുവെച്ച നല്ലവരായ സഹോദരന്മാരെ നൽകിയത്‌ യഹോവയാണ്‌. അവരുടെ സഹായത്താൽ എന്റെ മക്കൾ ആത്മീയപക്വതയിലേക്ക്‌ വളരുന്നതു കാണാൻ എനിക്കു കഴിഞ്ഞു. എനിക്ക്‌ മാർഗനിർദേശം വേണ്ടിയിരുന്നപ്പോഴെല്ലാം മൂപ്പന്മാർ അതു നൽകി. എനിക്ക്‌ സംസാരിക്കണമെന്നു തോന്നിയപ്പോഴെല്ലാം അവർ ശ്രദ്ധിച്ചു.”—മർക്കോ. 10:29, 30.

ഒരു വ്യക്തിയുടെ ദുരനുഭവത്തെക്കുറിച്ച്‌ അയാളോട്‌ എപ്പോൾ സംസാരിക്കണം, എപ്പോൾ സംസാരിക്കരുത്‌ എന്ന്‌ സ്‌നേഹമുള്ള ഒരു സുഹൃത്ത്‌ വിവേചിച്ചറിയും. (സഭാ. 3:7) പുതിയ സഭയിലെ സഹോദരിമാരുമായുള്ള സംഭാഷണങ്ങളെക്കുറിച്ച്‌ മാർഗരറ്റ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “മിക്കപ്പോഴും വയൽസേവനത്തെയും ഞങ്ങളുടെ ബൈബിളധ്യയനങ്ങളെയും കുട്ടികളെയും കുറിച്ച്‌, അതായത്‌ എന്റെ പ്രശ്‌നങ്ങളൊഴിച്ച്‌ മറ്റെന്തിനെയും കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നത്‌. ഞാൻ അത്‌ ഏറെ ആസ്വദിച്ചു. കഴിഞ്ഞതെല്ലാം മറന്ന്‌ ഒരു പുതിയ ജീവിതം തുടങ്ങാൻ എന്നെ അനുവദിച്ചതിൽ എനിക്ക്‌ അവരോട്‌ വളരെ നന്ദിയുണ്ട്‌.”

പകരംവീട്ടാനുള്ള പ്രേരണയെ ചെറുക്കുക

ഇണ തെറ്റുചെയ്‌തതിന്‌ നിങ്ങൾ ഉത്തരവാദിയല്ലെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാം. പക്ഷേ, ഇണയുടെ തെറ്റുമൂലം നിങ്ങൾ അനുഭവിക്കുന്ന ദുരന്തത്തെപ്രതി നിങ്ങൾക്ക്‌ ചിലപ്പോൾ ആ വ്യക്തിയോട്‌ ദേഷ്യം തോന്നിയെന്നുവരാം. അത്‌ വളരാൻ അനുവദിക്കുന്നെങ്കിലോ? യഹോവയോടു വിശ്വസ്‌തരായിരിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിന്‌ ഇളക്കംതട്ടാനിടയുണ്ട്‌. ഒരുപക്ഷേ, നിങ്ങളെ വഞ്ചിച്ച ഇണയോട്‌ പകരംവീട്ടാനുള്ള വഴികൾ നിങ്ങൾ തേടിയെന്നുവരാം.

അത്തരം വികാരങ്ങൾ നിങ്ങളുടെ ഉള്ളിൽ വളർന്നുവരുന്നെങ്കിൽ, യോശുവയുടെയും കാലേബിന്റെയും ദൃഷ്ടാന്തം ഓർക്കുക. വാഗ്‌ദത്തദേശം ഒറ്റുനോക്കാനായി തങ്ങളുടെ ജീവൻ പണയംവെച്ചവരാണ്‌ ഈ വിശ്വസ്‌ത മനുഷ്യർ. വിശ്വാസമില്ലാതിരുന്ന മറ്റ്‌ ഒറ്റുകാരാകട്ടെ, യഹോവയെ അനുസരിക്കുന്നതിൽനിന്ന്‌ ജനത്തെ പിന്തിരിപ്പിച്ചു. വിശ്വസ്‌തരായി നിൽക്കാൻ ജനത്തെ പ്രോത്സാഹിപ്പിച്ച യോശുവയെയും കാലേബിനെയും കല്ലെറിയാൻ ചില ഇസ്രായേല്യർ മുറവിളികൂട്ടി. (സംഖ്യാ. 13:25–14:10) ആ ഇസ്രായേല്യരുടെ പ്രവൃത്തിയുടെ ഫലമായി യോശുവയ്‌ക്കും കാലേബിനും അവരോടൊപ്പം 40 വർഷം മരുഭൂമിയിൽ അലയേണ്ടിവന്നു. സ്വന്തം തെറ്റുമൂലമല്ല മറ്റുള്ളവരുടെ തെറ്റുമൂലമാണ്‌ അവർക്ക്‌ അത്‌ അനുഭവിക്കേണ്ടിവന്നത്‌.

യോശുവയ്‌ക്കും കാലേബിനും നിരാശ തോന്നിയിരിക്കാമെങ്കിലും തങ്ങളുടെ സഹോദരങ്ങളുടെ തെറ്റുകളെപ്രതി ഉള്ളിൽ അമർഷം വളരാൻ അവർ അനുവദിച്ചില്ല. സ്വന്തം ആത്മീയസമനില കാത്തുസൂക്ഷിക്കുന്നതിൽ അവർ ശ്രദ്ധവെച്ചു. അതിനു പ്രതിഫലവും ലഭിച്ചു—40 വർഷത്തെ മരുപ്രയാണത്തിനുശേഷം അവർക്ക്‌ വാഗ്‌ദത്തദേശത്തു പ്രവേശിക്കാൻ കഴിഞ്ഞു. ആ തലമുറയിൽ അതിനു പദവി ലഭിച്ചത്‌ അവർക്കും ലേവ്യർക്കും മാത്രമാണ്‌.—സംഖ്യാ. 14:28-30; യോശു. 14:6-12.

അവിശ്വസ്‌തത കാണിച്ച ഇണയുടെ ചെയ്‌തികൾ ദീർഘകാലം നിങ്ങളെ വേദനിപ്പിച്ചേക്കാം. ഒരുപക്ഷേ വിവാഹബന്ധം അവസാനിച്ചാലും വൈകാരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നിങ്ങളെ തുടർന്നും വലച്ചേക്കാം. എന്നുവരികിലും നിങ്ങളുടെ മനസ്സിൽ അശുഭചിന്തകൾ നിറയാൻ അനുവദിക്കരുത്‌. മരുഭൂമിയിൽവെച്ച്‌ അവിശ്വസ്‌തത കാണിച്ച ഇസ്രായേല്യരുടെ ദൃഷ്ടാന്തം കാണിക്കുന്നതുപോലെ, തന്റെ നിലവാരങ്ങൾ മനഃപൂർവം തള്ളിക്കളയുന്നവരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന്‌ യഹോവയ്‌ക്ക്‌ നന്നായി അറിയാമെന്ന കാര്യം മനസ്സിൽപ്പിടിക്കുക.—എബ്രാ. 10:30, 31; 13:4.

നിങ്ങൾക്ക്‌ പിടിച്ചുനിൽക്കാനാകും!

നിഷേധാത്മക ചിന്തകൾ നിങ്ങളെ തളർത്തിക്കളയാൻ അനുവദിക്കരുത്‌; പകരം, ദൈവിക ചിന്തകളാൽ മനസ്സുനിറയ്‌ക്കുക. ജയിൻ പറയുന്നത്‌ എന്താണെന്നു നോക്കൂ: “സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ച ഒരു സംഗതി വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ റെക്കോർഡിങ്ങുകൾ കേൾക്കുന്നതായിരുന്നു. യോഗങ്ങളും എനിക്ക്‌ ഏറെ ശക്തിപകർന്നു. യോഗങ്ങളിൽ നന്നായി പങ്കുപറ്റുന്നതും വയൽസേവനത്തിൽ ഏർപ്പെടുന്നതും സ്വന്തം പ്രശ്‌നങ്ങളെക്കുറിച്ച്‌ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ ഒഴിവാക്കാൻ എന്നെ സഹായിച്ചു. യഹോവയിൽ വിശ്വസിക്കാൻ മറ്റുള്ളവരെ പഠിപ്പിച്ചപ്പോൾ എന്റെയും വിശ്വാസം ബലിഷ്‌ഠമായി. ബൈബിൾ വിദ്യാർഥികൾക്കായി സമയം ചെലവഴിച്ചുകൊണ്ട്‌ പ്രാധാന്യമേറിയ കാര്യങ്ങളിൽ മനസ്സുപതിപ്പിക്കാൻ എനിക്കു കഴിഞ്ഞു.”

നേരത്തെ പരാമർശിച്ച മോണിക്ക്‌ പറയുന്നത്‌ ശ്രദ്ധിക്കുക: “യോഗങ്ങളിൽ ക്രമമായി ഹാജരാകുന്നതും സാധിക്കുന്നത്ര കൂടെക്കൂടെ ശുശ്രൂഷയിൽ ഏർപ്പെടുന്നതും പിടിച്ചുനിൽക്കാൻ എന്നെ പ്രാപ്‌തയാക്കി. ഞാനും മക്കളും പരസ്‌പരം കൂടുതൽ അടുക്കുന്നതിന്‌ അത്‌ ഇടയാക്കിയെന്നു മാത്രമല്ല, സഭയുമായും ഞങ്ങൾ കൂടുതൽ അടുത്തു. ഞാൻ കടന്നുപോയ സാഹചര്യം, എനിക്കുള്ള ബലഹീനതകൾ തിരിച്ചറിയാൻ എന്നെ സഹായിച്ചു. ഒരു വലിയ പരിശോധനയാണ്‌ എനിക്കുണ്ടായതെങ്കിലും യഹോവയുടെ സഹായത്താൽ എനിക്ക്‌ പിടിച്ചുനിൽക്കാനായിരിക്കുന്നു.”

സമാനമായ പരിശോധനകളിൽ നിങ്ങൾക്കും സഹിച്ചുനിൽക്കാനാകും. ഇണയുടെ വഞ്ചന നിങ്ങളുടെ മനസ്സിനെ മുറിപ്പെടുത്തിയിരിക്കാമെങ്കിലും, “നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌” എന്ന പൗലോസിന്റെ ഉദ്‌ബോധനത്തിന്‌ ശ്രദ്ധകൊടുക്കുക. ഓർക്കുക: “തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാ. 6:9.

[അടിക്കുറിപ്പുകൾ]

^ ഖ. 2 ചില പേരുകൾ മാറ്റിയിരിക്കുന്നു.

^ ഖ. 13 വിവാഹമോചനവും വേർപിരിയലും സംബന്ധിച്ചുള്ള ബൈബിളിന്റെ വീക്ഷണം അറിയാൻ “ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്‌തകത്തിന്റെ 142-148, 251-253 പേജുകൾ കാണുക.

[31-ാം പേജിലെ ചിത്രം]

വയൽസേവനത്തിന്‌ അവരെ കൂട്ടിക്കൊണ്ടുപോകുക, അവർ അത്‌ വിലമതിക്കും