വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദ്യമായ സംസാരം—നല്ല ബന്ധങ്ങൾക്ക്‌

ഹൃദ്യമായ സംസാരം—നല്ല ബന്ധങ്ങൾക്ക്‌

ഹൃദ്യമായ സംസാരം—നല്ല ബന്ധങ്ങൾക്ക്‌

“നിങ്ങളുടെ സംസാരം . . . ഹൃദ്യമായിരിക്കട്ടെ.”—കൊലോ. 4:6.

1, 2. ഒരു സഹോദരന്റെ ഹൃദ്യമായ സംസാരം എന്തു ഗുണംചെയ്‌തു?

വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരിക്കെ ഒരു സഹോദരൻ ഒരാളെ കണ്ടുമുട്ടി. “എന്നോട്‌ വല്ലാതെ ദേഷ്യപ്പെട്ട അദ്ദേഹം കോപംകൊണ്ട്‌ വിറയ്‌ക്കാൻതുടങ്ങി” എന്ന്‌ സഹോദരൻ പറയുന്നു. “തിരുവെഴുത്തുകൾ ഉപയോഗിച്ച്‌ ഞാൻ ശാന്തമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ദേഷ്യം ഒന്നിനൊന്നു വർധിച്ചതേയുള്ളൂ. ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പം ചേർന്നു, അവരും എന്നോട്‌ കയർത്തു സംസാരിക്കാൻ തുടങ്ങി. അവിടം വിട്ടുപോരുന്നതാണ്‌ ബുദ്ധിയെന്ന്‌ തോന്നി. ‘പ്രശ്‌നമുണ്ടാക്കാനല്ല ഞാൻ വന്നത്‌, അതുകൊണ്ട്‌ സമാധാനത്തോടെ പോകാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്ന്‌ ഞാൻ അവരോടു പറഞ്ഞു. സ്‌നേഹം, സൗമ്യത, ആത്മനിയന്ത്രണം, സമാധാനം എന്നീ ഗുണങ്ങളെക്കുറിച്ചു പറയുന്ന ഗലാത്യർ 5:22, 23 അവരെ കാണിച്ചിട്ട്‌ ഞാൻ അവിടെനിന്നു മടങ്ങി.

2 “പിന്നീട്‌ അതിന്‌ എതിർവശത്തുള്ള വീടുകൾ സന്ദർശിക്കുമ്പോൾ, അവർ വീടിന്റെ മുൻവശത്തെ പടിയിൽ ഇരിക്കുന്നതു ഞാൻ കണ്ടു. അവരെന്നെ അങ്ങോട്ടു വിളിച്ചു. ‘എന്തിനാണ്‌ ആവോ?’ ഞാൻ മനസ്സിലോർത്തു. അദ്ദേഹം ഒരു പാത്രം തണുത്ത വെള്ളം എനിക്കു കുടിക്കാൻതന്നു; ദേഷ്യപ്പെട്ടതിന്‌ എന്നോട്‌ ക്ഷമചോദിച്ചെന്നു മാത്രമല്ല, എന്റെ ശക്തമായ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്‌തു. അങ്ങനെ ഞങ്ങൾ സന്തോഷമായി പിരിഞ്ഞു.”

3. മറ്റുള്ളവരുടെ പെരുമാറ്റം നമ്മെ ദേഷ്യംപിടിപ്പിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

3 ഇന്നത്തെ സമ്മർദപൂരിതമായ ലോകത്തിൽ കോപിഷ്‌ഠരായ ആളുകളെ നാം കൂടെക്കൂടെ കണ്ടുമുട്ടാറുണ്ട്‌, വയൽസേവനത്തിൽ ഏർപ്പെടുമ്പോഴും അത്തരക്കാരെ കണ്ടേക്കാം. അവരോട്‌ നാം “സൗമ്യതയോടും ഭയാദരവോടുംകൂടെ” ആയിരിക്കണം ഇടപെടേണ്ടത്‌. (1 പത്രോ. 3:15) മേൽപ്പറഞ്ഞ സഹോദരൻ വീട്ടുകാരന്റെ പരുഷമായ പെരുമാറ്റത്തിൽ കുപിതനായിത്തീർന്നിരുന്നെങ്കിൽ ആ വ്യക്തിയുടെ മനോഭാവത്തിനു മാറ്റംവരാൻ സാധ്യതയില്ലായിരുന്നു; പകരം, ദേഷ്യം വർധിക്കാനേ അത്‌ ഇടയാക്കുമായിരുന്നുള്ളൂ. സഹോദരൻ ആത്മസംയമനം പാലിച്ച്‌ ഹൃദ്യമായി സംസാരിച്ചതിനാൽ നല്ല ഫലമുണ്ടായി.

സംസാരം ഹൃദ്യമാക്കാൻ

4. ഹൃദ്യമായി സംസാരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്‌?

4 സഭയ്‌ക്ക്‌ അകത്തുള്ളവരോടും പുറത്തുള്ളവരോടും എന്തിന്‌, കുടുംബാംഗങ്ങളോടുപോലും ഇടപെടുമ്പോൾ പൗലോസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന ബുദ്ധിയുപദേശം അനുസരിക്കുന്നത്‌ പ്രധാനമാണ്‌: “നിങ്ങളുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ.” (കൊലോ. 4:6) നല്ലരീതിയിൽ ആശയവിനിമയം നടത്തുന്നതിനും പരസ്‌പരം സമാധാനത്തിലായിരിക്കുന്നതിനും അത്തരത്തിലുള്ള ഹൃദ്യവും സന്ദർഭോചിതവുമായ സംസാരം കൂടിയേതീരൂ.

5. നല്ലരീതിയിൽ ആശയപ്രകാശനം നടത്തുക എന്നുപറഞ്ഞാൽ എന്തല്ല? ദൃഷ്ടാന്തീകരിക്കുക.

5 നല്ലരീതിയിൽ ആശയപ്രകാശനം നടത്തുക എന്നു പറഞ്ഞാൽ, മനസ്സിൽ തോന്നുന്നതെല്ലാം അതേപടി പറയുക എന്നല്ല; വിശേഷിച്ചും മനസ്സ്‌ പ്രക്ഷുബ്ധമായിരിക്കുമ്പോൾ. ആത്മസംയമനമില്ലാതെ കോപം പ്രകടിപ്പിക്കുന്നത്‌ കരുത്തിന്റെ ലക്ഷണമല്ല; അതൊരു ബലഹീനതയാണെന്ന്‌ തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 25:28; 29:11 വായിക്കുക.) തന്റെ കാലത്തു ജീവിച്ചിരുന്ന സകലമനുഷ്യരിലുംവെച്ച്‌ “അതിസൗമ്യനായിരുന്നു” മോശ. എന്നാൽ ഇസ്രായേൽ ജനതയുടെ മത്സരംനിമിത്തം ഒരിക്കൽ ക്ഷമനശിച്ച്‌ അവൻ കോപിക്കുകയും ദൈവത്തിനു മഹത്ത്വം കൊടുക്കുന്നതിൽ പരാജയപ്പെടുകയും ചെയ്‌തു. തന്റെ മനസ്സിൽ തോന്നിയത്‌ മോശ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവരോടു പറഞ്ഞു; പക്ഷേ അവന്റെ സംസാരം യഹോവയ്‌ക്ക്‌ പ്രസാദമായില്ല. ഫലമോ? 40 വർഷം ഇസ്രായേല്യരെ നയിച്ച മോശയ്‌ക്ക്‌ അവസാനം അവരെ വാഗ്‌ദത്തദേശത്ത്‌ എത്തിക്കാനുള്ള പദവി നഷ്ടമായി.—സംഖ്യാ. 12:3; 20:10, 12; സങ്കീ. 106:32.

6. വിവേകത്തോടെ സംസാരിക്കുക എന്നു പറഞ്ഞാൽ എന്താണ്‌?

6 സംസാരിക്കുമ്പോൾ സംയമനം ആവശ്യമാണ്‌; വിവേകത്തോടെ ചിന്തിച്ച്‌ സംസാരിക്കണം. ഇത്തരം സംസാരത്തെയാണ്‌ തിരുവെഴുത്തുകൾ പ്രകീർത്തിക്കുന്നത്‌. “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ (“വിവേകി,” ഓശാന ബൈബിൾ).” (സദൃ. 10:19; 17:27) വിവേകത്തോടെ സംസാരിക്കുക എന്നു പറയുമ്പോൾ ഒന്നും തുറന്നുപറയരുത്‌ എന്നല്ല ഉദ്ദേശിക്കുന്നത്‌. മനസ്സിനെ മുറിപ്പെടുത്താതെ മനസ്സിന്റെ മുറിവുണക്കുംവിധം “ഹൃദ്യമായി” സംസാരിക്കുന്നതിനെയാണ്‌ ഇത്‌ അർഥമാക്കുന്നത്‌.—സദൃശവാക്യങ്ങൾ 12:18; 18:21 വായിക്കുക.

“മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം”

7. നാം ഏതുതരം കാര്യങ്ങൾ ഒഴിവാക്കണം, എന്തുകൊണ്ട്‌?

7 സഹപ്രവർത്തകരോടും ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന അപരിചിതരോടും മാത്രമല്ല സഭയിലും കുടുംബത്തിലും നാം ഹൃദ്യമായും സംയമനത്തോടെയും സംസാരിക്കണം. ദേഷ്യം തീർക്കാൻവേണ്ടി ചിന്താശൂന്യമായി സംസാരിക്കുന്നെങ്കിലോ? നമ്മുടെയും മറ്റുള്ളവരുടെയും ആത്മീയവും വൈകാരികവും ശാരീരികവുമായ ആരോഗ്യത്തെ അത്‌ ദോഷകരമായി ബാധിച്ചേക്കാം. (സദൃ. 18:6, 7) ദേഷ്യവും നീരസവും പോലുള്ള, അപൂർണതയുടെ ഫലമായി ഉണ്ടാകുന്ന വികാരങ്ങളെ നാം നിയന്ത്രിക്കണം. ദൂഷണം, പരിഹാസം, പുച്ഛം, ക്രോധം, വെറുപ്പ്‌ എന്നിവയെല്ലാം തെറ്റാണ്‌. (കൊലോ. 3:8; യാക്കോ. 1:20) മറ്റുള്ളവരും ദൈവവുമായുള്ള നമ്മുടെ അമൂല്യമായ ബന്ധത്തെ തച്ചുടയ്‌ക്കാൻ അവയ്‌ക്കു കഴിയും. യേശു പഠിപ്പിച്ചത്‌ ഇങ്ങനെയാണ്‌: “തന്റെ സഹോദരനോടു ക്രോധം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം നീതിപീഠത്തിനു മുമ്പാകെ കണക്കുബോധിപ്പിക്കേണ്ടിവരും. സഹോദരനെ ഒരു നിന്ദാവാക്കിനാൽ സംബോധന ചെയ്യുന്നവനാകട്ടെ പരമോന്നത നീതിപീഠത്തിനു മുമ്പാകെ കണക്കുബോധിപ്പിക്കേണ്ടിവരും. ‘മൂഢാ’ എന്നു വിളിക്കുന്നവനോ എരിയുന്ന ഗിഹെന്നയ്‌ക്ക്‌ അർഹനാകും.”—മത്താ. 5:22.

8. നമ്മുടെ മനസ്സിലുള്ളത്‌ തുറന്നു പറയേണ്ടത്‌ എപ്പോൾ, എന്നാൽ ഏതു വിധത്തിൽ?

8 എന്നാൽ ചില കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതാണ്‌ നല്ലതെന്ന്‌ നമുക്ക്‌ തോന്നിയേക്കാം. ഒരു സഹോദരൻ പറയുകയോ ചെയ്യുകയോ ചെയ്‌ത എന്തെങ്കിലും നിങ്ങളെ വല്ലാതെ വിഷമിപ്പിച്ചെന്നു കരുതുക. അത്‌ ക്ഷമിച്ചുകളയാൻ പറ്റുന്നില്ലെങ്കിലോ? ആ സഹോദരനോടുള്ള വിദ്വേഷം മനസ്സിൽ വളരാൻ അനുവദിക്കരുത്‌. (സദൃ. 19:11) അങ്ങനെ ആരെങ്കിലും നിങ്ങളെ ദേഷ്യംപിടിപ്പിച്ചാൽ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക; അതിനുശേഷം, പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ പടികൾ സ്വീകരിക്കുക. “സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്‌” എന്ന്‌ പൗലോസ്‌ എഴുതി. പ്രശ്‌നം നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നതിനാൽ ഉചിതമായ സമയത്ത്‌ ദയാപൂർവം അത്‌ കൈകാര്യം ചെയ്യുക. (എഫെസ്യർ 4:26, 27, 31, 32 വായിക്കുക.) പ്രശ്‌നം പരിഹരിക്കണം എന്ന ലക്ഷ്യത്തിൽ, സഹോദരനെ മുറിപ്പെടുത്താതെ അതേക്കുറിച്ച്‌ തുറന്ന്‌ സംസാരിക്കുക.—ലേവ്യ. 19:17; മത്താ. 18:15.

9. പ്രശ്‌നത്തെക്കുറിച്ച്‌ സംസാരിക്കാൻ മറ്റുള്ളവരെ സമീപിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കേണ്ടത്‌ എന്തുകൊണ്ട്‌?

9 പ്രശ്‌നത്തെക്കുറിച്ച്‌ സംസാരിക്കാൻവേണ്ടി ഉചിതമായ സമയം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. “മിണ്ടാതിരിപ്പാൻ ഒരു കാലം” ഉണ്ടെന്നും “സംസാരിപ്പാൻ ഒരു കാലം” ഉണ്ടെന്നും ബൈബിൾ പറയുന്നു. (സഭാ. 3:1, 7) കൂടാതെ, “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു” എന്നും നാം വായിക്കുന്നു. (സദൃ. 15:28) ഇക്കാരണത്താൽ, പ്രശ്‌നത്തെക്കുറിച്ച്‌ സംസാരിക്കാനായി ചിലപ്പോൾ അൽപ്പം കാത്തിരിക്കേണ്ടി വന്നേക്കാം. നമ്മുടെ മനസ്സ്‌ പ്രക്ഷുബ്ധമായിരിക്കുമ്പോൾ പ്രശ്‌നം പരിഹരിക്കാൻ ചെന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകാനാണ്‌ സാധ്യത. എന്നുവരികിലും, അത്‌ വെച്ചുതാമസിപ്പിക്കുന്നതും ബുദ്ധിയല്ല.

ഹൃദ്യമായ പെരുമാറ്റം—നല്ല ബന്ധങ്ങൾക്ക്‌

10. മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഹൃദ്യമായ പെരുമാറ്റം എങ്ങനെ സഹായിച്ചേക്കാം?

10 ഹൃദ്യമായ സംസാരവും നല്ല ആശയവിനിമയവും സമാധാനം സ്ഥാപിക്കാനും സ്‌നേഹബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും സഹായിക്കും. ഇനി, മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നമ്മാലാവുന്നതു ചെയ്യുന്നത്‌ അവരുമായുള്ള ആശയവിനിമയവും മെച്ചപ്പെടുത്തും. സഹായിക്കാനുള്ള അവസരങ്ങൾ തേടുക, സമ്മാനങ്ങൾ നൽകുക, ആതിഥ്യമരുളുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഹൃദയപൂർവം ചെയ്യുന്നെങ്കിൽ അത്‌ നല്ല ആശയവിനിമയത്തിന്‌ വഴിയൊരുക്കിയേക്കാം. ഒരുവന്റെ തലയിൽ ‘തീക്കനൽ കൂട്ടിക്കൊണ്ട്‌’ അയാളിലെ നല്ല ഗുണങ്ങൾ പുറത്തുകൊണ്ടുവരാൻപോലും അത്‌ ഇടയാക്കിയേക്കും; അപ്പോൾ, കാര്യങ്ങൾ തുറന്നു സംസാരിക്കാനും പ്രശ്‌നം പരിഹരിക്കാനും എളുപ്പമാകും.—റോമ. 12:20, 21.

11. ഏശാവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ യാക്കോബ്‌ മുൻകൈയെടുത്തത്‌ എങ്ങനെ, അതിന്‌ എന്തു ഫലമുണ്ടായി?

11 ഗോത്രപിതാവായ യാക്കോബ്‌ ഈ സത്യം മനസ്സിലാക്കിയിരുന്നു. ദേഷ്യംമൂത്ത തന്റെ സഹോദരനായ ഏശാവ്‌ തന്നെ കൊല്ലുമെന്നു ഭയന്ന്‌ യാക്കോബിന്‌ നാടുവിട്ട്‌ ഓടിപ്പോകേണ്ടിവന്നു. പിന്നീട്‌ വർഷങ്ങൾക്കുശേഷം, യാക്കോബ്‌ മടങ്ങിവരുന്നെന്ന്‌ അറിഞ്ഞ്‌ ഏശാവ്‌ 400 ആളുകളുമായി അവനു നേരെ ചെന്നു. യാക്കോബ്‌ എന്തു ചെയ്‌തു? സഹായത്തിനായി അവൻ യഹോവയോടു പ്രാർഥിച്ചു. തുടർന്ന്‌, തനിക്കുമുമ്പായി ആടുമാടുകളുടെ വലിയൊരു കൂട്ടത്തെ ഏശാവിന്‌ സമ്മാനമായി കൊടുത്തയച്ചു. ആ സമ്മാനം, പ്രതീക്ഷിച്ച ഫലംചെയ്‌തു. അവർ തമ്മിൽ കണ്ടുമുട്ടിയപ്പോഴേക്കും ഏശാവിന്റെ മനസ്സുമാറിയിരുന്നു, അവൻ ഓടിച്ചെന്ന്‌ യാക്കോബിനെ കെട്ടിപ്പിടിച്ചു.—ഉല്‌പ. 27:41-44; 32:6, 11, 13-15; 33:4, 10.

ഹൃദ്യമായ സംസാരത്താൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക

12. സഹോദരങ്ങളോട്‌ നാം ഹൃദ്യമായി സംസാരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

12 ക്രിസ്‌ത്യാനികൾ സേവിക്കുന്നത്‌ ദൈവത്തെയാണ്‌, മനുഷ്യരെയല്ല. എങ്കിലും മറ്റുള്ളവർ നമ്മെ അംഗീകരിക്കാനും വിലമതിക്കാനും നാമെല്ലാം ആഗ്രഹിക്കുന്നു, അത്‌ സ്വാഭാവികം മാത്രമാണ്‌. നമ്മുടെ ഹൃദ്യമായ വാക്കുകൾ നമ്മുടെ സഹോദരങ്ങളുടെ ക്ലേശഭാരങ്ങൾ ലഘൂകരിച്ചേക്കാം. എന്നാൽ കടുത്ത വിമർശനം ആ ഭാരം വർധിപ്പിക്കുകയേയുള്ളൂ; തങ്ങൾക്ക്‌ യഹോവയുടെ അംഗീകാരം നഷ്ടമായോ എന്നു ചിന്തിക്കാൻപോലും അത്‌ അവരെ പ്രേരിപ്പിച്ചേക്കാം. അതുകൊണ്ട്‌ “കേൾക്കുന്നവർക്കു ഗുണം ചെയ്യേണ്ടതിന്‌, ആത്മീയവർധനയ്‌ക്ക്‌ ഉതകുന്നതും സന്ദർഭോചിതവുമായ നല്ല വാക്കു”കൾ ഉപയോഗിച്ച്‌, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുംവിധം ഹൃദയംഗമമായി സംസാരിക്കുക.—എഫെ. 4:29.

13. മൂപ്പന്മാർ എന്തു മനസ്സിൽപ്പിടിക്കണം (എ) ബുദ്ധിയുപദേശം നൽകുമ്പോൾ? (ബി) കത്തിടപാടുകൾ നടത്തുമ്പോൾ?

13 വിശേഷാൽ മൂപ്പന്മാർ, “ആർദ്രത”യുള്ളവരും ആട്ടിൻകൂട്ടത്തോട്‌ വാത്സല്യപൂർവം ഇടപെടുന്നവരും ആയിരിക്കണം. (1 തെസ്സ. 2:7, 8) ബുദ്ധിയുപദേശം കൊടുക്കേണ്ടിവരുമ്പോൾ “സൗമ്യതയോടെ” അങ്ങനെ ചെയ്യാൻ മൂപ്പന്മാർ ശ്രദ്ധിക്കണം; “എതിർക്കുന്ന”വരോടുപോലും അവർ സൗമ്യതയോടെവേണം സംസാരിക്കാൻ. (2 തിമൊ. 2:24, 25) ബ്രാഞ്ചോഫീസിലേക്കോ മറ്റൊരു സഭയിലെ മൂപ്പന്മാരുടെ സംഘത്തിനോ കത്തുകൾ എഴുതുമ്പോഴും അവരുടെ വാക്കുകൾ ഹൃദ്യമായിരിക്കണം. മത്തായി 7:12-നു ചേർച്ചയിൽ ആദരവും നയവും അവയിൽ പ്രകടമായിരിക്കണം.

ഹൃദ്യമായ സംസാരം—കുടുംബത്തിൽ

14. പൗലോസ്‌ ഭർത്താക്കന്മാർക്ക്‌ എന്ത്‌ ബുദ്ധിയുപദേശം നൽകുന്നു, എന്തുകൊണ്ട്‌?

14 നമ്മുടെ വാക്കുകളും മുഖഭാവവും മട്ടുംമാതിരിയും എല്ലാം മറ്റുള്ളവരെ എത്രമാത്രം ബാധിച്ചേക്കാം എന്ന കാര്യം നാം പലപ്പോഴും തിരിച്ചറിഞ്ഞെന്നുവരില്ല. ഉദാഹരണത്തിന്‌, തങ്ങളുടെ വാക്കുകൾ സ്‌ത്രീകളെ എത്രയധികം ബാധിക്കും എന്ന്‌ ചില പുരുഷന്മാർക്ക്‌ അറിയില്ല. ഒരു സഹോദരി പറയുന്നു: “എന്റെ ഭർത്താവ്‌ എന്നോട്‌ ദേഷ്യത്തോടെ ശബ്ദമുയർത്തി സംസാരിക്കുമ്പോൾ എനിക്കു പേടിതോന്നും.” കടുത്ത വാക്കുകൾ ഒരു പുരുഷനെ ബാധിക്കുന്നതിലേറെ ഒരു സ്‌ത്രീയെ ബാധിച്ചേക്കാം, അവളുടെ മനസ്സിൽ അത്‌ ദീർഘകാലം മായാതെകിടന്നെന്നുംവരാം. (ലൂക്കോ. 2:19) താൻ സ്‌നേഹിക്കുകയും ആദരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ്‌ അങ്ങനെ സംസാരിക്കുന്നതെങ്കിൽ ഇത്‌ വിശേഷാൽ സത്യമാണ്‌. “നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുവിൻ; അവരോടു കയ്‌പായിരിക്കുകയും അരുത്‌” എന്ന്‌ പൗലോസ്‌ ഭർത്താക്കന്മാരെ ഉപദേശിച്ചത്‌ അതുകൊണ്ടാണ്‌.—കൊലോ. 3:19.

15. ഭർത്താവ്‌ ഭാര്യയോട്‌ ആർദ്രതയോടെ ഇടപെടേണ്ടത്‌ എന്തുകൊണ്ടാണെന്ന്‌ ദൃഷ്ടാന്തീകരിക്കുക.

15 “ഏറെ ബലഹീനമായ പാത്രം” എന്നപോലെ ഭാര്യയോട്‌ ഇടപെടണം എന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? തന്റെ ഏറെക്കാലത്തെ അനുഭവത്തിൽനിന്ന്‌, ഭാര്യയോട്‌ ആർദ്രതയോടെ ഇടപെടേണ്ടതിന്റെ കാരണം ഒരു സഹോദരൻ ദൃഷ്ടാന്തീകരിക്കുന്നു: “വിലപിടിപ്പുള്ള, ലോലമായ അലങ്കാരവസ്‌തുക്കളും മറ്റും പിടിക്കുമ്പോൾ നാം അധികം ബലംകൊടുക്കാറില്ല; കാരണം അവ പൊട്ടിപ്പോകും. ഒട്ടിച്ചുവെച്ചാലും പൊട്ടിയ പാട്‌ അവശേഷിക്കും. സമാനമായി, ഭർത്താവ്‌ ഭാര്യയോട്‌ കടുപ്പിച്ചു സംസാരിക്കുന്നെങ്കിൽ അത്‌ അവളെ മുറിപ്പെടുത്തിയേക്കാം; അത്‌ അവരുടെ ബന്ധത്തിൽ മായാത്ത വിള്ളൽ വീഴ്‌ത്തിയെന്നുംവരാം.”—1 പത്രോസ്‌ 3:7 വായിക്കുക.

16. ഭാര്യക്ക്‌ തന്റെ ‘വീടു പണിയാൻ’ കഴിയുന്നത്‌ എങ്ങനെ?

16 ഭാര്യയുടെയും മറ്റുള്ളവരുടെയും വാക്കുകൾക്ക്‌ പുരുഷന്മാരെയും പ്രോത്സാഹിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ കഴിയും. ഭർത്താവ്‌ തന്റെ വികാരങ്ങളെ മാനിക്കാൻ ഭാര്യ പ്രതീക്ഷിക്കും; അതുപോലെ, ഭർത്താവിന്‌ ‘വിശ്വാസമർപ്പിക്കാൻ’ കഴിയുന്ന “ബുദ്ധിയുള്ള ഭാര്യ” അദ്ദേഹത്തിന്റെ വികാരങ്ങളെ മാനിക്കും. (സദൃ. 19:14; 31:11) ഗുണത്തിനായാലും ദോഷത്തിനായാലും കുടുംബത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ ഭാര്യക്കാകും. അതുകൊണ്ടാണ്‌, “സ്‌ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു” എന്ന്‌ ബൈബിൾ പറയുന്നത്‌.—സദൃ. 14:1.

17. (എ) മക്കൾ മാതാപിതാക്കളോട്‌ സംസാരിക്കേണ്ടത്‌ എങ്ങനെയാണ്‌? (ബി) മുതിർന്നവർ കുട്ടികളോട്‌ എങ്ങനെ സംസാരിക്കണം, എന്തുകൊണ്ട്‌?

17 മാതാപിതാക്കളും മക്കളും തമ്മിലുള്ള സംസാരവും ഹൃദ്യമായിരിക്കണം. (മത്താ. 15:4) മുതിർന്നവർ കുട്ടികളോടു സംസാരിക്കുമ്പോൾ അവരെ ‘പ്രകോപിപ്പിക്കാതിരിക്കാൻ,’ അല്ലെങ്കിൽ ‘അസഹ്യപ്പെടുത്താതിരിക്കാൻ,’ ചിന്തിച്ച്‌ സംസാരിക്കേണ്ടതുണ്ട്‌. (കൊലോ. 3:21; എഫെ. 6:4) കുട്ടികൾക്കു ശിക്ഷണം നൽകേണ്ടിവരുമ്പോൾപ്പോലും മാതാപിതാക്കളും മൂപ്പന്മാരും ആദരവോടെവേണം അവരോടു സംസാരിക്കാൻ. അങ്ങനെയാകുമ്പോൾ കുട്ടികൾക്കു തെറ്റു തിരുത്താനും ദൈവവുമായുള്ള ബന്ധം നിലനിറുത്താനും എളുപ്പമായിരിക്കും. ‘നീ ഒരിക്കലും നന്നാകാൻപോകുന്നില്ല’ എന്ന ധ്വനിയാണ്‌ നമ്മുടെ സംസാരത്തിൽ നിഴലിക്കുന്നതെങ്കിൽ നന്നാകാനുള്ള ശ്രമം അവർ ഉപേക്ഷിച്ചേക്കാം. ലഭിക്കുന്ന ഉപദേശങ്ങളെല്ലാം കുട്ടികൾ ഓർത്തിരിക്കണമെന്നില്ല, പക്ഷേ അവരോട്‌ അതു പറഞ്ഞ വിധം അവർ ഓർത്തിരിക്കും.

ഹൃദയത്തിൽനിന്ന്‌ നല്ലതു സംസാരിക്കുക

18. വിദ്വേഷവും കോപവും മനസ്സിൽനിന്നു പിഴുതെറിയാൻ നമുക്ക്‌ എങ്ങനെ സാധിക്കും?

18 കോപം പുറത്തുകാണിക്കാതെ പുറമെ ശാന്തരായിരിക്കുന്നതു മാത്രമല്ല കോപം അടക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഉള്ളിൽ കോപം തിളച്ചുമറിയുമ്പോൾ ശാന്തത ഭാവിക്കാൻ ശ്രമിക്കുന്നത്‌ നിങ്ങളെ കടുത്ത സമ്മർദത്തിലാക്കും. പ്രഷർകുക്കറിന്റെ അടിയിൽ തീ കത്തിച്ചിട്ട്‌ വെയിറ്റ്‌ അമർത്തിപ്പിടിക്കുന്നതിനു സമാനമായിരിക്കും അത്‌. മർദം കൂടി കുക്കർ പൊട്ടിത്തെറിക്കുന്നതുപോലെ, നിങ്ങളുടെ ഉള്ളിലൊതുക്കിവെക്കുന്ന കോപം പിന്നീട്‌ പൊട്ടിത്തെറിക്കും. അതുകൊണ്ട്‌ കോപം ഉള്ളിലൊതുക്കിവെക്കരുത്‌. കോപവും വിദ്വേഷവും ഉള്ളിൽനിന്നു പിഴുതെറിയാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ദൈവഹിതത്തിനു ചേർച്ചയിൽ കൊണ്ടുവരാൻ ദൈവാത്മാവിനെ അനുവദിക്കുക.—റോമർ 12:2; എഫെസ്യർ 4:23, 24 വായിക്കുക.

19. കോപിഷ്‌ഠരായി പരസ്‌പരം സംസാരിക്കുന്നത്‌ ഒഴിവാക്കാൻ ഏതു പടികൾ നമ്മെ സഹായിക്കും?

19 കോപം നിയന്ത്രിക്കുന്നതിന്‌ പ്രായോഗികമായ പടികൾ സ്വീകരിക്കുക. സമ്മർദപൂരിതമായ ഒരു സാഹചര്യത്തിലാണ്‌ നിങ്ങൾ എന്നു കരുതുക; മാത്രമല്ല, നിങ്ങളുടെ ഉള്ളിൽ ദേഷ്യവും തോന്നിത്തുടങ്ങുന്നു. നിങ്ങൾ എന്തു ചെയ്യും? അങ്ങനെയൊരു സാഹചര്യത്തിൽ അവിടം വിട്ടുപോകുന്നതായിരിക്കും ബുദ്ധി. ദേഷ്യം കെട്ടടങ്ങാൻ വേണ്ട സമയം അങ്ങനെ നിങ്ങൾക്കു ലഭിക്കും. (സദൃ. 17:14) ഇനി, നിങ്ങളോട്‌ ഒരാൾ ദേഷ്യപ്പെടാൻ തുടങ്ങുന്നെങ്കിലോ? അദ്ദേഹത്തോട്‌ ഹൃദ്യമായി സംസാരിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു” എന്ന്‌ ഓർക്കുക. (സദൃ. 15:1) മുറിപ്പെടുത്തുന്ന വാക്കുകൾ മൃദുവായ സ്വരത്തിൽ പറഞ്ഞാൽപ്പോലും അത്‌ എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ആയിരിക്കും. (സദൃ. 26:21) അതുകൊണ്ട്‌ നിങ്ങളുടെ ക്ഷമപരീക്ഷിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുന്നെങ്കിൽ “കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും” കാണിക്കുക. മോശമായതൊന്നും പറയാതെ, നല്ലതുമാത്രം പറയാൻ കഴിയേണ്ടതിന്‌ ദൈവാത്മാവിന്റെ സഹായത്തിനായി പ്രാർഥിക്കുക.—യാക്കോ. 1:19.

ഹൃദയപൂർവം ക്ഷമിക്കുക

20, 21. മറ്റുള്ളവരോടു ക്ഷമിക്കാൻ നമ്മെ എന്തു സഹായിക്കും, നാം ക്ഷമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

20 നാവിനെ പൂർണമായി നിയന്ത്രിക്കാൻ നമുക്കാർക്കും കഴിയില്ല എന്നതാണ്‌ ഖേദകരമായ ഒരുകാര്യം. (യാക്കോ. 3:2) നമ്മുടെ കുടുംബാംഗങ്ങളും സഹോദരീസഹോദരന്മാരും എത്ര ശ്രമിച്ചാലും, ചിലപ്പോൾ നമ്മെ വേദനിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ചിന്താശൂന്യമായി പറഞ്ഞെന്നുവരും. അവർ പറഞ്ഞതിനെപ്രതി പെട്ടെന്നു നീരസപ്പെടുന്നതിനു പകരം എന്തുകൊണ്ടായിരിക്കാം അവർ അങ്ങനെ പറഞ്ഞതെന്നു ക്ഷമയോടെ ചിന്തിച്ചുനോക്കുക. (സഭാപ്രസംഗി 7:8, 9 വായിക്കുക.) അപ്പോൾ അവരുടെ മനസ്സ്‌ അസ്വസ്ഥമായിരുന്നോ, അതോ അവർക്കു സുഖമില്ലാതിരിക്കുകയായിരുന്നോ? അതുമല്ലെങ്കിൽ അവർക്കു ഭയമോ നിങ്ങൾക്ക്‌ അറിയാത്ത മറ്റെന്തെങ്കിലും പ്രശ്‌നമോ ഉണ്ടായിരുന്നോ?

21 ഇത്തരം കാര്യങ്ങളൊന്നും കോപത്താൽ പൊട്ടിത്തെറിക്കുന്നതിനെ ന്യായീകരിക്കുന്നില്ല എന്നതു ശരിയാണ്‌. പക്ഷേ, അതിനിടയാക്കിയേക്കാവുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നത്‌, ആളുകൾ ചിലപ്പോൾ അരുതാത്തത്‌ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത്‌ എന്തുകൊണ്ടാണെന്നു തിരിച്ചറിയാൻ നമ്മെ സഹായിക്കും, അവരോടു ക്ഷമിക്കാനും അത്‌ നമ്മെ പ്രേരിപ്പിക്കും. നാമെല്ലാം മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്‌തിട്ടുള്ളവരാണ്‌, അവർ ഹൃദയപൂർവം നമ്മോടു ക്ഷമിക്കുമെന്നു നാം പ്രതീക്ഷിക്കുന്നു. (സഭാ. 7:21, 22) നമ്മോടു ദൈവം ക്ഷമിക്കണമെങ്കിൽ മറ്റുള്ളവരോടു നാം ക്ഷമിക്കണമെന്ന്‌ യേശു പറഞ്ഞു. (മത്താ. 6:14, 15; 18:21, 22, 35) അതുകൊണ്ട്‌ ക്ഷമ ചോദിക്കാനും ക്ഷമിക്കാനും അമാന്തിക്കരുത്‌. അങ്ങനെയാകുമ്പോൾ കുടുംബത്തിലും സഭയിലും “ഐക്യത്തിന്റെ സമ്പൂർണബന്ധമായ” സ്‌നേഹം നിലനിറുത്താൻ നമുക്കാകും.—കൊലോ. 3:14.

22. ഹൃദ്യമായി സംസാരിക്കാനുള്ള ശ്രമം തക്കമൂല്യമുള്ളതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

22 കോപാക്രാന്തമായ ഈ ലോകം അതിന്റെ നാശത്തിലേക്കു ഗമിക്കവെ നമുക്കിടയിലെ ഐക്യത്തിനും സന്തോഷത്തിനും തുരങ്കംവെക്കുന്ന പ്രശ്‌നങ്ങൾ വർധിക്കാനാണ്‌ സാധ്യത. ദൈവവചനത്തിലെ പ്രായോഗിക തത്ത്വങ്ങൾ ബാധകമാക്കുന്നത്‌ മോശമായതൊന്നും നാവിൽനിന്നു വരാതെ നല്ലതുമാത്രം പറയാൻ നമ്മെ സഹായിക്കും. കുടുംബത്തിലും സഭയിലും സമാധാനപരമായ ബന്ധങ്ങൾക്ക്‌ അതു വഴിയൊരുക്കും. മാത്രമല്ല, നമ്മുടെ നല്ല മാതൃക “സന്തുഷ്ടനായ” യഹോവയാം ദൈവത്തെക്കുറിച്ച്‌ മറ്റുള്ളവർക്ക്‌ ഒരു മഹത്തായ സാക്ഷ്യം നൽകുകയും ചെയ്യും.—1 തിമൊ. 1:11, അടിക്കുറിപ്പ്‌.

നിങ്ങൾക്കു വിശദീകരിക്കാമോ?

• പ്രശ്‌നത്തെക്കുറിച്ചു സംസാരിക്കാൻ ഉചിതമായ സമയം തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യമെന്ത്‌?

• കുടുംബാംഗങ്ങൾ തമ്മിലുള്ള സംസാരം എപ്പോഴും ‘ഹൃദ്യമായിരിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

• മുറിപ്പെടുത്തുന്ന സംസാരം നമുക്ക്‌ എങ്ങനെ ഒഴിവാക്കാം?

• ക്ഷമിക്കുന്നവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രങ്ങൾ]

ആദ്യം നിങ്ങളുടെ കോപം അടങ്ങട്ടെ; അതിനുശേഷം, സംസാരിക്കാൻ പറ്റിയ സമയം കണ്ടെത്തുക

[23-ാം പേജിലെ ചിത്രം]

ഭർത്താവ്‌ ഭാര്യയോട്‌ എപ്പോഴും ആർദ്രതയോടെ സംസാരിക്കണം