വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളിൽ വായിക്കാനും പഠിക്കാനുമുള്ള ആഗ്രഹം വളർത്തുക

കുട്ടികളിൽ വായിക്കാനും പഠിക്കാനുമുള്ള ആഗ്രഹം വളർത്തുക

കുട്ടികളിൽ വായിക്കാനും പഠിക്കാനുമുള്ള ആഗ്രഹം വളർത്തുക

കുഞ്ഞുങ്ങളെ വായിക്കാനും പഠിക്കാനും പരിശീലിപ്പിക്കുക—അവരുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അതിനുള്ള പങ്ക്‌ നിസ്സാരമല്ല! ഇത്തരം പരിശീലനവേളകൾ എത്ര ആഹ്ലാദം പകർന്നേക്കാമെന്നോ! കുട്ടിക്കാലത്ത്‌ മാതാപിതാക്കൾ തങ്ങളെ വായിച്ചുകേൾപ്പിച്ചതിന്റെ മധുരസ്‌മരണകൾ പലരുടെയും മനസ്സിൽ മായാതെനിൽക്കുന്നു. വായനാനുഭവം അതിൽത്തന്നെ ആനന്ദകരമാണ്‌, അതിന്റെ പ്രയോജനങ്ങളോ അതിലേറെയും. ദൈവദാസന്മാരുടെ കാര്യത്തിൽ ഇത്‌ വിശേഷാൽ സത്യമാണ്‌. കാരണം, ബൈബിൾ പഠിക്കുന്നതിലൂടെ അവരുടെ ആത്മീയവളർച്ച ത്വരിതഗതിയിലാകുന്നു. “വായനയോടും പഠനത്തോടും ബന്ധപ്പെട്ട കാര്യങ്ങളാണ്‌ ഞങ്ങൾ ഏറ്റവും അധികം പ്രിയപ്പെടുന്നത്‌” എന്ന്‌ ഒരു ക്രിസ്‌തീയ പിതാവ്‌ പറയുന്നു.

ദൈവവുമായി ഉറ്റബന്ധത്തിലേക്കുവരാൻ നല്ല പഠനശീലങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കും. (സങ്കീ. 1:1-3, 6) വായിക്കാൻ അറിഞ്ഞിരിക്കുക എന്നത്‌ രക്ഷനേടുന്നതിനുള്ള ഒരു നിബന്ധനയല്ല; എങ്കിൽത്തന്നെയും വായനയിലൂടെ പല അനുഗ്രഹങ്ങളും കൈവരുമെന്ന്‌ ബൈബിൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ വെളിപാട്‌ 1:3 പറയുന്നു: “ഈ പ്രവചനത്തിന്റെ വാക്കുകൾ വായിച്ചുകേൾപ്പിക്കുന്നവനും അവ കേൾക്കുന്നവരും . . . ഭാഗ്യവാന്മാർ.” പൗലോസ്‌ അപ്പൊസ്‌തലനും തിമൊഥെയൊസിനുള്ള നിശ്വസ്‌ത ലേഖനത്തിൽ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയുകയുണ്ടായി. പഠനപ്രക്രിയയുടെ ഒരു അവിഭാജ്യഘടകമായ ഏകാഗ്രതയുടെ മൂല്യം അവന്റെ ഈ വാക്കുകളിൽ കാണാം: “ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക; ഇവയിൽ വ്യാപൃതനായിരിക്കുക.” അങ്ങനെ ചെയ്‌താൽ തിമൊഥെയൊസിന്റെ ‘അഭിവൃദ്ധി സകലരും കാണാൻ ഇടയാകുമായിരുന്നു.’—1 തിമൊ. 4:15.

വായിക്കാനും പഠിക്കാനും അറിയാം എന്നതുകൊണ്ടുമാത്രം അത്‌ ഒരു വ്യക്തിക്കു പ്രയോജനം ചെയ്യണമെന്നില്ല. ഈ പ്രാപ്‌തികളുള്ള പലരും അവ ഉപയോഗപ്പെടുത്താറില്ല എന്നതാണ്‌ വാസ്‌തവം; മറ്റുപല കാര്യങ്ങൾക്കുംവേണ്ടി അവർ സമയം പാഴാക്കുന്നു. അതുകൊണ്ട്‌, മൂല്യവത്തായ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം മക്കളിൽ വളർത്താൻ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാനാകും?

നിങ്ങളുടെ സ്‌നേഹവും മാതൃകയും

കുട്ടികൾ പഠനവേളകൾ ആസ്വദിക്കണമെങ്കിൽ അവ സ്‌നേഹനിർഭരമായിരിക്കണം. ക്രിസ്‌തീയ ദമ്പതികളായ ഒവനും ക്ലോഡിയയും തങ്ങളുടെ മക്കളുടെ ബാല്യകാലത്തെക്കുറിച്ച്‌ ഓർക്കുന്നു: “അവർ പഠനവേളകൾക്കായി കാത്തിരിക്കുമായിരുന്നു, വിശേഷാവസരങ്ങളായിരുന്നു അവർക്ക്‌ അത്‌—സുരക്ഷിതത്വവും സന്തോഷവും അനുഭവപ്പെട്ട അവസരങ്ങൾ. പഠനം എന്നു കേൾക്കുമ്പോൾ സ്‌നേഹവാത്സല്യങ്ങൾ നിറഞ്ഞ ഒരു അന്തരീക്ഷമാണ്‌ അവരുടെ മനസ്സിലേക്കു വന്നിരുന്നത്‌.” കുടുംബം ഒത്തൊരുമിച്ചുള്ള പഠനവേളകൾ പകർന്നുനൽകുന്ന സ്‌നേഹവായ്‌പുകൾ, വെല്ലുവിളികൾ നിറഞ്ഞ കൗമാരത്തിലൂടെ കടന്നുപോകുമ്പോഴും കുട്ടികളുടെ ചിന്തകളെ നേർവഴിക്കു നയിക്കും. ഒവന്റെയും ക്ലോഡിയയുടെയും മക്കളുടെ കാര്യത്തിൽ ഇതു സത്യമായിരുന്നു. ഇപ്പോൾ അവർ പയനിയർമാരാണ്‌. വായനയോടും പഠനത്തോടും പ്രിയം വളർത്തിയെടുക്കാൻ മാതാപിതാക്കൾ നൽകിയ പരിശീലനം അവരെ ഇന്നും സഹായിക്കുന്നു.

സ്‌നേഹത്തോടൊപ്പം മാതാപിതാക്കളുടെ മാതൃകയും പ്രധാനമാണ്‌. മാതാപിതാക്കൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതു കണ്ടുവളരുന്ന കുട്ടികൾ ഇക്കാര്യങ്ങളെ ജീവിതത്തിന്റെ ഭാഗമായി വീക്ഷിക്കാനുള്ള സാധ്യത ഏറെയാണ്‌. പക്ഷേ നിങ്ങൾക്ക്‌ വായനാശീലമില്ലെങ്കിലോ? വായനയുടെ കാര്യത്തിൽ മാതൃകവെക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ഒരുപക്ഷേ നിങ്ങളുടെ മുൻഗണനകളിലോ വായനയോടുള്ള മനോഭാവത്തിലോ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. (റോമ. 2:21) നിങ്ങളുടെ ദിനചര്യയിലെ ഒരു മുഖ്യസംഗതിയാണ്‌ വായനയെങ്കിൽ കുട്ടികളെ ആ മാതൃക ഗണ്യമായി സ്വാധീനിക്കും. പ്രത്യേകിച്ച്‌ ബൈബിൾ വായന, യോഗങ്ങൾക്കു തയ്യാറാകൽ, കുടുംബാധ്യയനം എന്നീ കാര്യങ്ങളിലുള്ള നിങ്ങളുടെ ഉത്സാഹം കാണുമ്പോൾ വായനയും പഠനവും എത്രമാത്രം പ്രധാനമാണെന്നു കുട്ടികൾ തിരിച്ചറിയും.

കുട്ടികളിൽ വായനയോടുള്ള താത്‌പര്യം വളർത്തുന്നതിന്‌ നിങ്ങളുടെ സ്‌നേഹത്തിനും മാതൃകയ്‌ക്കും ഗണ്യമായ ഒരു പങ്കുണ്ടെന്നാണ്‌ ഇതു കാണിക്കുന്നത്‌. ഇക്കാര്യത്തിൽ അവരെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാനാകും?

വായനാപ്രിയം വളർത്തുക

വായനയുടെ ലോകത്തിലൂടെ പിച്ചവെക്കാൻ കുഞ്ഞുങ്ങളെ സഹായിക്കുന്നതിന്‌ നിങ്ങൾ അവശ്യം ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്‌? ഇളം പ്രായത്തിലേ പുസ്‌തകങ്ങൾ വാങ്ങിക്കൊടുക്കുക. വായനാപ്രിയം വളർത്താൻ ചെറുപ്പംമുതലേ മാതാപിതാക്കളിൽനിന്നു സഹായം ലഭിച്ചിട്ടുള്ള ഒരു മൂപ്പന്റെ നിർദേശം ശ്രദ്ധിക്കുക: “പുസ്‌തകങ്ങൾ കൈയിലെടുത്തും ഉപയോഗിച്ചും കുട്ടികൾ ശീലിക്കട്ടെ. അപ്പോൾ, പുസ്‌തകങ്ങൾ അവരുടെ കളിക്കൂട്ടുകാരാകും, അവരുടെ ജീവിതത്തിന്റെ ഭാഗവും.” അങ്ങനെ, വായിക്കാറാകുന്നതിന്‌ ഏറെനാൾമുമ്പുതന്നെ എന്റെ ബൈബിൾ കഥാപുസ്‌തകം, മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം! എന്നിങ്ങനെയുള്ള ബൈബിളധിഷ്‌ഠിത പുസ്‌തകങ്ങൾ പല കുട്ടികളുടെയും ഉറ്റതോഴരായിത്തീരുന്നു. കുട്ടികളോടൊപ്പമിരുന്ന്‌ ഇത്തരം പുസ്‌തകങ്ങൾ വായിക്കുമ്പോൾ ഭാഷ മാത്രമല്ല ‘ആത്മീയകാര്യങ്ങളും’ ‘ആത്മീയവചനങ്ങളും’ അവർക്കു പരിചിതമാകും.—1 കൊരി. 2:13.

പതിവായി ഉച്ചത്തിൽ വായിക്കുക. ദിവസവും കുട്ടികളോടൊപ്പം വായിക്കുന്ന ശീലം വളർത്തിയെടുക്കുക. ഇപ്രകാരം ചെയ്യുന്നത്‌ പദങ്ങൾ ശരിയായി ഉച്ചരിക്കാനും വായനാശീലം വളർത്താനും അവരെ സഹായിക്കും. നിങ്ങൾ വായിക്കുന്ന രീതിയും പ്രധാനമാണ്‌. ഉത്സാഹത്തോടെ വായിക്കുക, കുട്ടികൾ അത്‌ അനുകരിക്കും. ഒരേ കഥതന്നെ വീണ്ടുംവീണ്ടും വായിച്ചുകേൾപ്പിക്കാൻ അവർ നിങ്ങളോട്‌ ആവശ്യപ്പെട്ടേക്കാം! അവർ പറയുന്നതുപോലെ ചെയ്യുക. ക്രമേണ, പുതിയപുതിയ കാര്യങ്ങൾ കേൾക്കാൻ അവർ ആഗ്രഹം കാണിക്കും. നിർബന്ധപൂർവം കുട്ടികളെ വായിച്ചുകേൾപ്പിക്കേണ്ടതില്ല. യേശുവിന്റെ മാതൃക നോക്കുക: തന്റെ ശ്രോതാക്കൾക്കു “ഗ്രഹിക്കാൻ കഴിയുന്നിടത്തോളം” മാത്രമേ അവൻ പഠിപ്പിച്ചുള്ളൂ. (മർക്കോ. 4:33) നിർബന്ധിക്കാതിരുന്നാൽ അടുത്ത തവണത്തെ വായനയ്‌ക്കായി അവർ നോക്കിയിരിക്കും. അങ്ങനെയാകുമ്പോൾ, കുട്ടികളിൽ വായിക്കാനുള്ള ആഗ്രഹം വളരും, നിങ്ങളുടെ ലക്ഷ്യവും സാധിക്കും.

കുട്ടികളെ ഉൾപ്പെടുത്തുക, വായിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യുക. അങ്ങനെ ചെയ്‌താൽ അവർ അധികം വൈകാതെ വാക്കുകൾ പലതും തിരിച്ചറിയും, അർഥം മനസ്സിലാക്കും, ഉച്ചരിക്കാൻ പഠിക്കും! വായിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യുന്നെങ്കിൽ അവർ പെട്ടെന്ന്‌ പുരോഗമിക്കും. “പിന്നീട്‌ വായിക്കാറാകുമ്പോൾ വാക്കുകൾ തിരിച്ചറിയാനും മനസ്സിലാക്കാനും” ഇത്തരം സംഭാഷണം സഹായിക്കും എന്നാണ്‌ കുട്ടികളെ നന്നായി വായിക്കാൻ പഠിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യുന്ന ഒരു പുസ്‌തകം പറയുന്നത്‌. അത്‌ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “വികാസംപ്രാപിച്ചുകൊണ്ടിരിക്കുന്ന കുരുന്നുമനസ്സുകൾ എഴുതാനും വായിക്കാനും വെമ്പൽകൊള്ളുന്നവയാണ്‌. അതുകൊണ്ട്‌ കുരുന്നുകളോട്‌ സംസാരിക്കേണ്ടത്‌ അനിവാര്യമാണ്‌—അത്‌ എത്ര അർഥവത്താണോ അത്രയും നല്ലത്‌.”

നിങ്ങളെ വായിച്ചുകേൾപ്പിക്കാനും ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ ചിന്തിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ചിന്തോദ്ദീപകമായ ചോദ്യങ്ങൾ എങ്ങനെ ചോദിക്കാമെന്ന്‌ നിങ്ങൾതന്നെ കാണിച്ചുകൊടുക്കുക. എന്തായിരിക്കും അവയ്‌ക്കുള്ള ഉത്തരം എന്ന്‌ ചിന്തിക്കാനും സഹായിക്കുക. അങ്ങനെ, അറിവിന്റെ ഭണ്ഡാരമാണ്‌ പുസ്‌തകങ്ങൾ എന്നും വായിക്കുന്ന ഓരോ വാക്കിനും അർഥമുണ്ടെന്നും അവർ മനസ്സിലാക്കും. ദൈവവചനത്തിൽ അധിഷ്‌ഠിതമായ കാര്യങ്ങളാണ്‌ വായിക്കുന്നതെങ്കിൽ ഈ രീതി വിശേഷാൽ ഗുണംചെയ്യും, അർഥസമ്പുഷ്ടമായ വാക്കുകളാണല്ലോ അവയിൽ അടങ്ങിയിരിക്കുന്നത്‌.—എബ്രാ. 4:12.

എളുപ്പം നേടിയെടുക്കാവുന്ന ഒരു വൈദഗ്‌ധ്യമല്ല വായന എന്ന കാര്യം മറക്കരുത്‌. ഈ പ്രാവീണ്യം നേടാൻ സമയവും പരിശീലനവും കൂടിയേതീരൂ. * അതുകൊണ്ട്‌ കുട്ടികളുടെ വായനാപ്രിയത്തെ നിർലോഭം അഭിനന്ദിക്കുക. അത്‌ അവർക്ക്‌ പ്രോത്സാഹനമേകും. വായനയെ പ്രിയപ്പെടാൻ ഇത്തരം അഭിനന്ദനങ്ങൾ അവർക്കു പ്രചോദനമാകും.

രസകരവും പ്രയോജനപ്രദവും

വായനയിൽനിന്നു പ്രയോജനം ലഭിക്കുന്നതിന്‌ പഠിക്കേണ്ട വിധം കുട്ടികൾക്ക്‌ പറഞ്ഞുകൊടുക്കുക. വസ്‌തുതകൾ മനസ്സിലാക്കുന്നതും അവ പരസ്‌പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ തിരിച്ചറിയുന്നതും പഠനത്തിൽ ഉൾപ്പെടുന്നു. വിവരങ്ങൾ ചിട്ടപ്പെടുത്താനും ഓർത്തിരിക്കാനും അവ പ്രായോഗികപഥത്തിൽ കൊണ്ടുവരാനുമുള്ള പ്രാപ്‌തിയും ആവശ്യമാണ്‌. പഠിക്കേണ്ടത്‌ എങ്ങനെയെന്നും പഠിക്കുന്ന വിവരങ്ങൾ ഉപകാരപ്പെടുന്നത്‌ എങ്ങനെയെന്നും കുട്ടി മനസ്സിലാക്കിക്കഴിഞ്ഞാൽ പഠനം രസകരമായിരിക്കും, അതിൽനിന്ന്‌ അവന്‌ പ്രയോജനവും ലഭിക്കും.—സഭാ. 10:10.

പഠനവിദ്യകൾ പരിചയപ്പെടുത്തുക. കുടുംബാരാധന, ദിനവാക്യ ചർച്ച എന്നിവയും സമാനമായ മറ്റ്‌ സന്ദർഭങ്ങളും പഠനവിദ്യകൾ പരിചയപ്പെടുത്താനുള്ള സുവർണാവസരങ്ങളാണ്‌. അടങ്ങിയിരുന്ന്‌ കുറച്ചുനേരത്തേക്ക്‌ ഒരു വിഷയം ശ്രദ്ധാപൂർവം പഠിക്കുന്നതു പതിവാക്കുന്നെങ്കിൽ അവർ ഏകാഗ്രത ശീലിക്കും, അത്‌ പഠനത്തിന്‌ അനിവാര്യമാണ്‌. പഠിച്ചകാര്യം നേരത്തേ അറിയാവുന്ന കാര്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക. താരതമ്യം ചെയ്യാൻ ഇത്‌ അവനെ പഠിപ്പിക്കും. വായിച്ചത്‌ സ്വന്തം വാക്കുകളിൽ ചുരുക്കിപ്പറയാൻ കുട്ടിയോട്‌ പറയാവുന്നതാണ്‌. വായിച്ചതിന്റെ അർഥം ഗ്രഹിക്കാനും അത്‌ ഓർത്തിരിക്കാനും ഇത്‌ സഹായിക്കും. പുനരവലോകനം ചെയ്യാൻ അതായത്‌ വായിച്ച ലേഖനത്തിലെ മുഖ്യ ആശയങ്ങൾ ആവർത്തിക്കാൻ കുട്ടിയെ പഠിപ്പിക്കുക; ഇത്‌ മറ്റൊരു ഓർമസഹായിയാണ്‌. സഭായോഗങ്ങളിലും മറ്റു പഠനവേളകളിലും ഹ്രസ്വമായ കുറിപ്പുകളെടുക്കാൻ കൊച്ചുകുട്ടികളെപ്പോലും ശീലിപ്പിക്കാനാകും. ഏകാഗ്രതയോടിരിക്കാൻ ഇത്‌ കുട്ടികളെ സഹായിക്കും. ലളിതമായ ഈ വിദ്യകൾ പ്രയോഗിച്ചുനോക്കുക; നിങ്ങൾക്കും കുട്ടിക്കും പഠനം രസകരവും പ്രയോജനപ്രദവുമായ ഒരു അനുഭവമായിരിക്കും.

പഠനത്തിനു പറ്റിയ അന്തരീക്ഷം ഒരുക്കുക. പഠിക്കാൻ നല്ല വായുസഞ്ചാരവും വെളിച്ചവുമുള്ള സ്ഥലംവേണം; സ്വസ്ഥമായിരുന്നു പഠിക്കാൻപറ്റിയ സൗകര്യപ്രദമായ സ്ഥലമായിരിക്കണം അത്‌. അങ്ങനെയാകുമ്പോൾ കുട്ടിക്ക്‌ ഏകാഗ്രതയോടെ പഠിക്കാനാകും. പഠനത്തെ മാതാപിതാക്കൾ എങ്ങനെ വീക്ഷിക്കുന്നു എന്നതിനു പ്രാധാന്യമുണ്ട്‌. ഒരു അമ്മയുടെ അഭിപ്രായം ശ്രദ്ധിക്കുക: “പതിവായുള്ള വായനയ്‌ക്കും പഠനത്തിനുമായി നിങ്ങൾ മാതാപിതാക്കൾ സമയം മാറ്റിവെക്കേണ്ടത്‌ ഏറെ പ്രധാനമാണ്‌. അങ്ങനെയാകുമ്പോൾ, ചിട്ടയോടെ കാര്യങ്ങൾ ചെയ്യാൻ മക്കൾ പഠിക്കും. ഓരോ കാര്യവും ചെയ്യുന്നതിന്‌ ഒരു നിശ്ചിത സമയമുണ്ടെന്ന്‌ അവർ മനസ്സിലാക്കും.” ചില മാതാപിതാക്കൾ പഠനത്തിനിടയിൽ മറ്റുകാര്യങ്ങളൊന്നും ചെയ്യാൻ സമ്മതിക്കാറില്ല. കുട്ടികളിൽ നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ ഈ രീതി പ്രമുഖ പങ്കുവഹിക്കുന്നു എന്ന്‌ ഒരു വിദഗ്‌ധൻ പറയുന്നു.

പഠിക്കുന്ന കാര്യങ്ങളുടെ മൂല്യം തിരിച്ചറിയാൻ സഹായിക്കുക. പഠിക്കുന്ന കാര്യങ്ങളുടെ പ്രായോഗികത മനസ്സിലാക്കാൻ കുട്ടിക്കു കഴിയണം. പഠനം അർഥവത്താകുന്നത്‌ പഠിക്കുന്നതു പ്രയോഗത്തിൽ കൊണ്ടുവരാനാകുമ്പോഴാണ്‌. ഒരു യുവസഹോദരൻ പറയുന്നത്‌ ഇങ്ങനെയാണ്‌: “പഠിക്കുന്ന ഒരു കാര്യം എങ്ങനെ പ്രയോജനപ്പെടും എന്നു കാണാൻ കഴിയുന്നില്ലെങ്കിൽ എനിക്കു പഠിക്കാൻ തോന്നില്ല. പക്ഷേ, എനിക്കത്‌ ഉപയോഗപ്പെടും എന്നു മനസ്സിലായാൽ അതു പഠിക്കാൻ താത്‌പര്യംതോന്നും.” ഒരു പ്രത്യേക ലക്ഷ്യം കൈവരിക്കാനുള്ള മാർഗമാണ്‌ പഠനം എന്ന കാര്യം മനസ്സിലുണ്ടെങ്കിൽ കുട്ടികൾ പഠനത്തിൽ മുഴുകും. വായനയോട്‌ പ്രിയം വളർത്തിയെടുത്തതുപോലെ അവർ പഠനത്തെയും പ്രിയപ്പെടും.

ഏറ്റവും വലിയ പ്രതിഫലം

മക്കളിൽ വായനയോടുള്ള പ്രിയം വളർത്തിയെടുക്കുന്നതിന്റെ പ്രയോജനങ്ങളെല്ലാം എണ്ണിയെണ്ണി പറയുക സാധ്യമല്ല—സ്‌കൂളിലും തൊഴിൽമേഖലയിലും അവർക്കു വിജയംവരിക്കാനാകും, മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും തങ്ങൾക്കു ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും അവർക്കു സാധിക്കും, നിങ്ങൾക്കും അവർക്കും ഇടയിലുള്ള സ്‌നേഹബന്ധം ബലിഷ്‌ഠമാകും; ഏതാനും ചില പ്രയോജനങ്ങളാണ്‌ ഇവ, വായനയിലൂടെയും പഠനത്തിലൂടെയും ലഭിക്കുന്ന സന്തോഷം വേറെയും.

പഠനത്തോടുള്ള പ്രിയം, ആത്മീയമനസ്‌കരായിത്തീരാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കും എന്നതാണ്‌ ഏറ്റവും വലിയ പ്രയോജനം. തിരുവെഴുത്തു “സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും” ഗ്രഹിക്കാനായി അവരുടെ മനസ്സും ഹൃദയവും തുറക്കാനുള്ള താക്കോലാണ്‌ അത്‌. (എഫെ. 3:18) ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ മക്കളെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കാനുണ്ട്‌. മക്കൾക്കു സമയവും ശ്രദ്ധയും നൽകുകയും അവർക്കു ജീവിതത്തിൽ ഒരു നല്ല തുടക്കം നൽകാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ മക്കൾ കാലക്രമത്തിൽ യഹോവയെ ആരാധിക്കുന്നവരായിത്തീരും എന്ന്‌ മാതാപിതാക്കൾക്കു പ്രതീക്ഷിക്കാനാകും. നല്ല പഠനശീലം വളർത്തിയെടുക്കാൻ മക്കളെ സഹായിക്കുമ്പോൾ ദൈവവുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാനും നിലനിറുത്താനും നിങ്ങൾ അവരെ സഹായിക്കുകയാണ്‌. അതുകൊണ്ട്‌, മക്കളിൽ വായിക്കാനും പഠിക്കാനുമുള്ള പ്രിയം വളർത്താൻ ശ്രമിക്കവെ, സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക.—സദൃ. 22:6.

[അടിക്കുറിപ്പ്‌]

^ ഖ. 14 പഠനവൈകല്യങ്ങളുള്ള കുട്ടികൾക്ക്‌ വായനയും പഠനവും അസാധാരണമായ വെല്ലുവിളികൾ ഉയർത്തുന്നു. മാതാപിതാക്കൾക്ക്‌ അവരെ സഹായിക്കാൻ എന്തു ചെയ്യാനാകും എന്നറിയാൻ 1997 ഫെബ്രുവരി 22 ലക്കം ഉണരുക!യുടെ 3-10 പേജുകൾ കാണുക.

[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

വായനയ്‌ക്കായി . . .

• പുസ്‌തകങ്ങൾ വാങ്ങിക്കൊടുക്കുക

• ഉച്ചത്തിൽ വായിക്കുക

• കുട്ടികളെ ഉൾപ്പെടുത്തുക

• വായിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യുക

• വായിച്ചുകേൾപ്പിക്കാൻ പറയുക

• ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രോത്സാഹിപ്പിക്കുക

പഠനത്തിനായി . . .

• മാതൃകവെക്കുക

• കുട്ടികളെ പരിശീലിപ്പിക്കുക . . .

○ ഏകാഗ്രമായിരിക്കാൻ

○ താരതമ്യം ചെയ്യാൻ

○ ചുരുക്കിപ്പറയാൻ

○ പുനരവലോകനം ചെയ്യാൻ

○ ഹ്രസ്വമായ കുറിപ്പുകളെടുക്കാൻ

• പഠനത്തിനു പറ്റിയ അന്തരീക്ഷം ഒരുക്കുക

• പഠിക്കുന്ന കാര്യങ്ങളുടെ മൂല്യം തിരിച്ചറിയാൻ സഹായിക്കുക