വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൃഹത്തായ ആത്മീയകൊയ്‌ത്തിൽ പൂർണപങ്കുണ്ടായിരിക്കുക

ബൃഹത്തായ ആത്മീയകൊയ്‌ത്തിൽ പൂർണപങ്കുണ്ടായിരിക്കുക

ബൃഹത്തായ ആത്മീയകൊയ്‌ത്തിൽ പൂർണപങ്കുണ്ടായിരിക്കുക

“കർത്താവിന്റെ വേലയിൽ സദാ വ്യാപൃതരായിരിക്കുവിൻ.”—1 കൊരി. 15:58.

1. യേശു ശിഷ്യന്മാർക്ക്‌ എന്തു ക്ഷണം നൽകി?

ശമര്യയിലൂടെ യാത്രചെയ്യുകയായിരുന്നു യേശു; അപ്പോൾ എ.ഡി. 30-ാം ആണ്ട്‌ അവസാനിക്കാറായിരുന്നു. യാത്രചെയ്‌ത്‌ അവൻ സുഖാർ പട്ടണത്തിന്‌ അടുത്തുള്ള ഒരു കിണറ്റിനരികിൽ എത്തി. അവിടെവെച്ച്‌ അവൻ ശിഷ്യന്മാരോടായി പറഞ്ഞു: “കണ്ണുകളുയർത്തി വയലിലേക്കു നോക്കുവിൻ. അവ കൊയ്‌ത്തിനു പാകമായിരിക്കുന്നു.” (യോഹ. 4:35) യേശു ഇവിടെ അക്ഷരാർഥത്തിലുള്ള കൊയ്‌ത്തിനെക്കുറിച്ചല്ല പറഞ്ഞത്‌. മറിച്ച്‌ ഒരു ആത്മീയകൊയ്‌ത്തിനെ, അതായത്‌, തന്റെ ശിഷ്യന്മാരായിത്തീരാനിരിക്കുന്ന പരമാർഥഹൃദയരായ ആളുകളെ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചാണ്‌ അവൻ പരാമർശിച്ചത്‌. അത്‌ ഒരു ക്ഷണമായിരുന്നു, കൊയ്‌ത്തുവേലയിൽ പങ്കെടുക്കാനുള്ള ക്ഷണം. അതെ, ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം ചെയ്‌തുതീർക്കാനുണ്ടായിരുന്നു!

2, 3. (എ) നാം കൊയ്‌ത്തുകാലത്താണ്‌ ജീവിക്കുന്നതെന്ന്‌ എന്തു സൂചിപ്പിക്കുന്നു? (ബി) ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

2 കൊയ്‌ത്തിനെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾക്ക്‌ ഇന്ന്‌ ഏറെ പ്രസക്തിയുണ്ട്‌. മനുഷ്യവർഗമാകുന്ന ‘ലോകം കൊയ്‌ത്തിനു പാകമായിരിക്കുന്ന’ സമയത്താണ്‌ നാം ജീവിക്കുന്നത്‌. ഓരോ വർഷവും ലക്ഷക്കണക്കിന്‌ ആളുകളാണ്‌ ജീവദായകമായ സത്യം പഠിക്കാനുള്ള ക്ഷണം സ്വീകരിക്കുന്നത്‌; ആയിരക്കണക്കിന്‌ പുതിയ ശിഷ്യന്മാർ സ്‌നാനമേൽക്കുകയും ചെയ്യുന്നു. കൊയ്‌ത്തിന്റെ യജമാനനായ യഹോവയാം ദൈവത്തിന്റെ മേൽനോട്ടത്തിൻകീഴിൽ, ഇന്നോളം നടന്നിട്ടുള്ളതിലേക്കുംവെച്ച്‌ ബൃഹത്തായ ഒരു ‘കൊയ്‌ത്തിൽ’ പങ്കെടുക്കാനുള്ള പദവി നമുക്കുണ്ട്‌. ഈ കൊയ്‌ത്തിൽ ‘സദാ വ്യാപൃതനായിരിക്കുന്ന’ ഒരാളാണോ നിങ്ങൾ?—1 കൊരി. 15:58.

3 മൂന്നരവർഷം നീണ്ടുനിന്ന ഭൂമിയിലെ തന്റെ ശുശ്രൂഷയ്‌ക്കിടയിൽ, ‘കൊയ്‌ത്തുകാരാകാൻ’ യേശു ശിഷ്യന്മാരെ പരിശീലിപ്പിച്ചു. അതിന്റെ ഭാഗമായി അവൻ അവരെ പഠിപ്പിച്ച സുപ്രധാന പാഠങ്ങളിൽ മൂന്നെണ്ണം ഈ ലേഖനത്തിൽ നാം ചർച്ചചെയ്യും. ആധുനികകാലത്ത്‌ ശിഷ്യരെ കൂട്ടിച്ചേർക്കുന്ന വേലയിൽ പരമാവധി ചെയ്യാൻ നമ്മെ സഹായിക്കുന്ന ഗുണങ്ങളെക്കുറിച്ചുള്ളവയാണ്‌ ഇവ. ആ ഗുണങ്ങൾ ഓരോന്നായി നമുക്കിപ്പോൾ നോക്കാം.

താഴ്‌മ അനിവാര്യം

4. താഴ്‌മയുടെ പ്രാധാന്യം യേശു ദൃഷ്ടാന്തീകരിച്ചത്‌ എങ്ങനെ?

4 ഈ രംഗമൊന്ന്‌ ഭാവനയിൽ കാണുക: തങ്ങളിൽ ആരാണ്‌ വലിയവൻ എന്ന വാദപ്രതിവാദം ശിഷ്യന്മാർക്കിടയിൽ കഴിഞ്ഞതേയുള്ളൂ. പരസ്‌പര വിശ്വാസമില്ലായ്‌മയും അനിഷ്ടവും സാധ്യതയനുസരിച്ച്‌ അവരുടെ മുഖത്ത്‌ ഇപ്പോഴും പ്രകടമാണ്‌. യേശു ഇപ്പോൾ ഒരു കൊച്ചുകുട്ടിയെ വിളിച്ച്‌ അവരുടെ നടുവിൽ നിറുത്തുന്നു. ആ കുട്ടിയെ കാണിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “ഈ ശിശുവിനെപ്പോലെ സ്വയം താഴ്‌ത്തുന്നവനായിരിക്കും (“സ്വയം ചെറുതാകുന്നവനാണ്‌,” പി.ഒ.സി. ബൈബിൾ) സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ.” (മത്തായി 18:1-4 വായിക്കുക.) അധികാരവും പദവിയും സമ്പത്തുമൊക്കെയാണ്‌ ഒരു വ്യക്തിയെ ഉന്നതനാക്കുന്നത്‌ എന്ന ലോകത്തിന്റെ ചിന്താഗതി അവർ മാറ്റേണ്ടിയിരുന്നു. മറ്റുള്ളവരുടെ മുമ്പാകെ ‘സ്വയം താഴ്‌ത്തുന്നതിലാണ്‌’ യഥാർഥ മഹത്ത്വമിരിക്കുന്നതെന്ന്‌ അവർ മനസ്സിലാക്കുകയും വേണമായിരുന്നു. യഥാർഥ താഴ്‌മയുള്ളവരാണെങ്കിൽ മാത്രമേ യഹോവ അവരെ അനുഗ്രഹിക്കുകയും ഉപയോഗിക്കുകയും ചെയ്യുമായിരുന്നുള്ളൂ.

5, 6. കൊയ്‌ത്തുവേലയിൽ പൂർണപങ്കുണ്ടായിരിക്കാൻ താഴ്‌മയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? ഉദാഹരണം പറയുക.

5 ഇന്നും അധികാരത്തിനും പദവിക്കും സമ്പത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്‌ ലോകത്തിലുള്ള പലരും. ഇക്കാരണംകൊണ്ടുതന്നെ ആത്മീയകാര്യങ്ങൾക്കായി അവർക്ക്‌ സമയമില്ല. (മത്താ. 13:22) അവരിൽനിന്ന്‌ വ്യത്യസ്‌തരാണ്‌ യഹോവയുടെ ജനം. കൊയ്‌ത്തിന്റെ യജമാനനിൽനിന്ന്‌ അംഗീകാരവും അനുഗ്രഹവും നേടാൻ കഴിയേണ്ടതിന്‌ മറ്റുള്ളവരുടെ മുമ്പാകെ ‘സ്വയം ചെറുതാകാൻ’ അവർക്കു സന്തോഷമേയുള്ളൂ.—മത്താ. 6:24; 2 കൊരി. 11:7; ഫിലി. 3:8.

6 തെക്കെ അമേരിക്കയിൽ ഒരു മൂപ്പനായി സേവിക്കുന്ന ഫ്രാൻസിസ്‌കൊയുടെ കാര്യമെടുക്കുക. പയനിയർ സേവനം തുടങ്ങുന്നതിനായി ചെറുപ്പത്തിൽ സർവകലാശാലാ വിദ്യാഭ്യാസം നിറുത്തിയ ഒരാളാണ്‌ അദ്ദേഹം. ഫ്രാൻസിസ്‌കൊ പറയുന്നു: “പിന്നീട്‌, എന്റെ വിവാഹം നിശ്ചയിച്ചപ്പോൾ എനിക്ക്‌ വേണമെങ്കിൽ കൂടുതൽ സാമ്പത്തിക ഭദ്രത നൽകുന്ന ഒരു ജോലി അന്വേഷിക്കാമായിരുന്നു. എന്നാൽ ജീവിതം ലളിതമാക്കിക്കൊണ്ട്‌ ഒരുമിച്ച്‌ മുഴുസമയ ശുശ്രൂഷയിൽ തുടരാൻ ഞങ്ങൾ തീരുമാനിച്ചു. പിന്നീട്‌ കുട്ടികളുണ്ടായപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ലാതായിത്തീർന്നു. എങ്കിലും, ജീവിതം ലളിതമാക്കി നിറുത്താനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ യഹോവ ഞങ്ങളെ സഹായിച്ചു.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “കഴിഞ്ഞ 30 വർഷത്തിലേറെയായി ഞാൻ ഒരു മൂപ്പനായി സേവിക്കുന്നു; കൂടാതെ മറ്റുപല നിയമനങ്ങളും നിർവഹിക്കാൻ എനിക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്‌. ലളിതമായ ജീവിതം നയിക്കാൻ തീരുമാനിച്ചതിൽ ഞങ്ങൾക്ക്‌ ഒരിക്കലും ഖേദിക്കേണ്ടിവന്നിട്ടില്ല.”

7. റോമർ 12:16-ലെ ബുദ്ധിയുപദേശം ബാധകമാക്കാൻ നിങ്ങൾ എന്തു ചെയ്‌തിരിക്കുന്നു?

7 ഈ ലോകത്തിലുള്ളവരുടെ “ഉന്നതഭാവം വെടിഞ്ഞ്‌ എളിയകാര്യങ്ങളുടെ തലത്തിലേക്കിറങ്ങി”വരുന്നെങ്കിൽ കൊയ്‌ത്തുവേലയിൽ നിങ്ങൾക്കും കൂടുതൽ അനുഗ്രഹങ്ങളും പദവികളും പ്രതീക്ഷിക്കാം.—റോമ. 12:16; മത്താ. 4:19, 20; ലൂക്കോ. 18:28-30.

ശുഷ്‌കാന്തിക്ക്‌ പ്രതിഫലം നിശ്ചയം

8, 9. (എ) താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ചുരുക്കിപ്പറയുക. (ബി) ഈ ദൃഷ്ടാന്തം വിശേഷാൽ ആർക്കു പ്രോത്സാഹനം നൽകും?

8 കൊയ്‌ത്തുവേലയിൽ പൂർണപങ്കുണ്ടായിരിക്കാൻ നാം ശുഷ്‌കാന്തിയുള്ളവരായിരിക്കണം. താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ യേശു ഇക്കാര്യം വ്യക്തമാക്കി. * ഒരു മനുഷ്യൻ അന്യദേശത്തേക്ക്‌ യാത്രപോകുന്നതിനുമുമ്പ്‌ തന്റെ സമ്പത്ത്‌ മൂന്ന്‌ അടിമകളെ ഏൽപ്പിച്ചു. യജമാനൻ ഒന്നാമത്തെ അടിമയ്‌ക്ക്‌ അഞ്ചുതാലന്തും രണ്ടാമത്തെ അടിമയ്‌ക്ക്‌ മൂന്നുതാലന്തും മൂന്നാമത്തെ ആൾക്ക്‌ ഒരു താലന്തും നൽകി. ആദ്യത്തെ രണ്ട്‌ അടിമകൾ കഠിനാധ്വാനികളായിരുന്നു. അവർ യജമാനൻ പോയ ഉടൻതന്നെ തങ്ങൾക്കു ലഭിച്ച താലന്തുകൾ ഉപയോഗിച്ച്‌ വ്യാപാരംചെയ്‌തു. പക്ഷേ, മൂന്നാമത്തെ അടിമ ‘അലസനായിരുന്നു.’ അവൻ തനിക്കു കിട്ടിയ താലന്ത്‌ കുഴിച്ചിട്ടു. യജമാനൻ തിരിച്ചുവന്നപ്പോൾ ആദ്യത്തെ രണ്ട്‌ അടിമകൾക്കു പ്രതിഫലം നൽകി, അവരെ “അധികത്തിനു” വിചാരകന്മാരാക്കി. മൂന്നാമത്തെ അടിമയ്‌ക്കു നൽകിയിരുന്ന താലന്ത്‌ അദ്ദേഹം തിരിച്ചുവാങ്ങി, അവനെ വീട്ടിൽനിന്നു പുറത്താക്കുകയും ചെയ്‌തു.—മത്താ. 25:14-30.

9 യേശുവിന്റെ ദൃഷ്ടാന്തത്തിലെ കഠിനാധ്വാനികളായ അടിമകളെ അനുകരിച്ചുകൊണ്ട്‌ ശിഷ്യരാക്കൽ വേലയിൽ പരമാവധി ചെയ്യാനായിരിക്കും നിങ്ങളുടെയും ആഗ്രഹം. എന്നാൽ സാഹചര്യംനിമിത്തം നിങ്ങൾക്ക്‌ ഇപ്പോൾ അധികമൊന്നും ചെയ്യാനാകുന്നില്ലെങ്കിലോ? ചിലപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബത്തെ പോറ്റാൻ നിങ്ങൾക്ക്‌ ദീർഘസമയം ജോലി ചെയ്യേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ, മുമ്പുണ്ടായിരുന്ന ചുറുചുറുക്കും ആരോഗ്യവുമൊന്നും നിങ്ങൾക്ക്‌ ഇപ്പോൾ ഇല്ലായിരിക്കാം. നിങ്ങളുടെ സാഹചര്യം ഇതാണെങ്കിൽ, താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തം നിങ്ങൾക്കു പ്രോത്സാഹനം പകരും.

10. താലന്തുകളുടെ ദൃഷ്ടാന്തത്തിലെ യജമാനൻ ന്യായബോധം കാണിച്ചത്‌ എങ്ങനെ, ഇത്‌ നിങ്ങൾക്കു പ്രോത്സാഹനമേകുന്നത്‌ ഏതു വിധത്തിൽ?

10 തന്റെ അടിമകൾക്കെല്ലാം ഒരേ കഴിവുകളല്ല ഉള്ളതെന്ന കാര്യം യജമാനൻ മനസ്സിലാക്കിയിരുന്നു എന്നതു ശ്രദ്ധേയമാണ്‌. “ഓരോരുത്തനും അവനവന്റെ പ്രാപ്‌തിയനുസരിച്ച്‌” ആണ്‌ യജമാനൻ താലന്തുകൾ നൽകിയത്‌. (മത്താ. 25:15) അദ്ദേഹം പ്രതീക്ഷിച്ചതുപോലെ, ആദ്യത്തെ അടിമ രണ്ടാമനെ അപേക്ഷിച്ച്‌ അധികം സമ്പാദിക്കുകയുണ്ടായി. എന്നാൽ യജമാനൻ ഇരുവരുടെയും ശുഷ്‌കാന്തിയെ ഒരുപോലെ പ്രശംസിച്ചു. “നല്ലവനും വിശ്വസ്‌തനുമായ ദാസൻ” എന്നാണ്‌ അദ്ദേഹം രണ്ടുപേരെയും സംബോധനചെയ്‌തത്‌. അവർക്കിരുവർക്കും നൽകിയ പ്രതിഫലവും തുല്യമായിരുന്നു. (മത്താ. 25:21, 23) ഇതുപോലെതന്നെ, നിങ്ങൾക്ക്‌ എത്രമാത്രം തന്റെ സേവനത്തിൽ ചെയ്യാനാകും എന്ന കാര്യത്തിൽ നിങ്ങളുടെ സാഹചര്യങ്ങൾക്കും ഒരു പങ്കുണ്ടെന്ന്‌ കൊയ്‌ത്തിന്റെ യജമാനനായ യഹോവ മനസ്സിലാക്കുന്നു. മുഴുദേഹിയോടെ അവനെ സേവിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ അവന്റെ ശ്രദ്ധയിൽപ്പെടാതെ പോകില്ല, അവൻ അതിന്‌ തക്ക പ്രതിഫലം നിശ്ചയമായും നൽകും.—മർക്കോ. 14:3-9; ലൂക്കോസ്‌ 21:1-4 വായിക്കുക.

11. പ്രതികൂലമായ സാഹചര്യങ്ങളിലും ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നെങ്കിൽ അനേകം അനുഗ്രഹങ്ങൾ ലഭിക്കും എന്നതിന്‌ ഒരു ഉദാഹരണം പറയുക.

11 അനുകൂലമായ സാഹചര്യങ്ങൾ ഇല്ലാത്തപ്പോൾപ്പോലും നമുക്ക്‌ ദൈവസേവനത്തിൽ ശുഷ്‌കാന്തിയുള്ളവരായിരിക്കാനാകും. ബ്രസീലിൽ താമസിക്കുന്ന സെൽമിറ എന്ന സഹോദരിയുടെ അനുഭവം നോക്കുക. ഇരുപതുവർഷംമുമ്പ്‌ സെൽമിറയുടെ ഭർത്താവിനെ കവർച്ചാശ്രമത്തിനിടെ കള്ളന്മാർ കൊലപ്പെടുത്തി. മൂന്നുകുഞ്ഞുങ്ങളെ തനിയെ വളർത്തിക്കൊണ്ടുവരേണ്ട ഉത്തരവാദിത്വം സെൽമിറയുടെ ചുമലിലായി. വീട്ടുജോലിക്ക്‌ പോയിരുന്ന അവൾക്ക്‌ ദീർഘനേരം ജോലി ചെയ്യേണ്ടിയിരുന്നു. മാത്രമല്ല, തിരക്കേറിയ വാഹനങ്ങളിൽ ജോലിസ്ഥലത്തേക്കുള്ള യാത്രകളും ക്ഷീണിപ്പിക്കുന്നതായിരുന്നു. ഇങ്ങനെയുള്ള കഷ്ടപ്പാടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഒരു സാധാരണ പയനിയറായി പ്രവർത്തിക്കുന്നതിന്‌ അവൾ കാര്യാദികൾ ക്രമീകരിച്ചു. അവളുടെ മൂന്നുമക്കളിൽ രണ്ടുപേരും പിന്നീട്‌ അവളോടൊപ്പം പയനിയറിങ്‌ ചെയ്യാൻതുടങ്ങി. “കഴിഞ്ഞ വർഷങ്ങളിൽ 20-ലധികം ആളുകൾ എന്നോടൊപ്പം ബൈബിൾ പഠിച്ച്‌ എന്റെ ‘കുടുംബ’ത്തിന്റെ ഭാഗമായി. അവരുടെ സ്‌നേഹവും സൗഹൃദവും ഞാൻ ഇന്നും ആസ്വദിക്കുന്നു. പണംകൊണ്ടു നേടാൻ കഴിയാത്ത സമ്പാദ്യമാണ്‌ ഇത്‌,” അവൾ പറയുന്നു. അതെ, സെൽമിറയുടെ ശുഷ്‌കാന്തിക്ക്‌ കൊയ്‌ത്തിന്റെ യജമാനൻ പ്രതിഫലം നൽകി!

12. പ്രസംഗവേലയിൽ ശുഷ്‌കാന്തിയുള്ളവരായിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

12 ചില സാഹചര്യങ്ങൾനിമിത്തം ശുശ്രൂഷയിൽ അധികം സമയം ചെലവഴിക്കാൻ നിങ്ങൾക്കാകുന്നില്ലെങ്കിലോ? ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരാകാൻ ശ്രമിക്കുക; അതുവഴി, കൊയ്‌ത്തുവേലയിലെ നിങ്ങളുടെ പങ്കു വർധിപ്പിക്കാനാകും. സേവനയോഗത്തിലൂടെ വാരന്തോറും ലഭിക്കുന്ന നിർദേശങ്ങൾ ബാധകമാക്കുന്നെങ്കിൽ പ്രസംഗവേലയിലെ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടും; സാക്ഷീകരണത്തിനുള്ള പുതിയപുതിയ രീതികൾ നിങ്ങൾ പരീക്ഷിച്ചുനോക്കുകയും ചെയ്യും. (2 തിമൊ. 2:15) മാത്രമല്ല, അത്യാവശ്യമില്ലാത്ത ചില കാര്യങ്ങൾ ഒഴിവാക്കാനോ അല്ലെങ്കിൽ അവ മറ്റൊരു സമയത്തേക്കു മാറ്റിവെക്കാനോ ശ്രമിക്കുക; അങ്ങനെയെങ്കിൽ, സഭയുടെ വയൽസേവന ക്രമീകരണത്തിൽ പതിവായി പങ്കെടുക്കാൻ നിങ്ങൾക്കു സാധിച്ചേക്കും.—കൊലോ. 4:5.

13. ശുഷ്‌കാന്തിയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്ന മുഖ്യ ഘടകം എന്താണ്‌?

13 ദൈവത്തോടുള്ള സ്‌നേഹവും വിലമതിപ്പുമാണ്‌ ശുഷ്‌കാന്തിയുള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ എന്ന്‌ ഓർക്കുക. (സങ്കീ. 40:8) യേശുവിന്റെ ദൃഷ്ടാന്തത്തിലെ മൂന്നാമത്തെ അടിമ തന്റെ യജമാനനെ കഠിനഹൃദയനും ന്യായബോധമില്ലാത്തവനുമായിട്ടാണ്‌ വീക്ഷിച്ചത്‌, അതുകൊണ്ടുതന്നെ അവൻ യജമാനനെ ഭയപ്പെട്ടു. ഫലമോ? തനിക്കു ലഭിച്ച താലന്ത്‌ ഉപയോഗിച്ച്‌ യജമാനന്റെ സമ്പത്ത്‌ വർധിപ്പിക്കുന്നതിനു പകരം അയാൾ അതു കുഴിച്ചിട്ടു. അത്തരമൊരു അലസമനോഭാവം ഒഴിവാക്കാൻ നാം കൊയ്‌ത്തിന്റെ യജമാനനായ യഹോവയോട്‌ ഉറ്റബന്ധം വളർത്തിയെടുക്കുകയും അതു നിലനിറുത്തുകയും വേണം. സ്‌നേഹം, ക്ഷമ, കരുണ തുടങ്ങിയ ദൈവത്തിന്റെ ഹൃദയോഷ്‌മളമായ ഗുണങ്ങളെക്കുറിച്ചു പഠിക്കാനും ധ്യാനിക്കാനും സമയം കണ്ടെത്തുക. അങ്ങനെയാകുമ്പോൾ, ദൈവസേവനത്തിൽ പരമാവധി ചെയ്യാൻ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കും.—ലൂക്കോ. 6:45; ഫിലി. 1:9-11.

“നിങ്ങളും വിശുദ്ധരായിരിക്കണം”

14. കൊയ്‌ത്തുവേലക്കാരായിത്തീരാൻ ആഗ്രഹിക്കുന്നവർ എന്ത്‌ അടിസ്ഥാന യോഗ്യത നേടേണ്ടതുണ്ട്‌?

14 തന്റെ ഭൗമിക ദാസന്മാരിൽനിന്ന്‌ ദൈവം പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ അപ്പൊസ്‌തലനായ പത്രോസ്‌ പറയുകയുണ്ടായി. എബ്രായ തിരുവെഴുത്തുകളിൽനിന്ന്‌ ഉദ്ധരിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “നിങ്ങളെ വിളിച്ചവൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും സകല പ്രവൃത്തികളിലും വിശുദ്ധരായിരിക്കുവിൻ. ‘ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം’ എന്ന്‌ എഴുതിയിരിക്കുന്നുവല്ലോ.” (1 പത്രോ. 1:15, 16; ലേവ്യ. 19:2; ആവ. 18:13) കൊയ്‌ത്തുവേലക്കാർ ധാർമികമായും ആത്മീയമായും ശുദ്ധരായിരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്‌ ഈ പ്രസ്‌താവന. ആ അടിസ്ഥാന യോഗ്യത നേടാൻ നാം ആലങ്കാരികമായി നമ്മെത്തന്നെ കഴുകി വെടിപ്പാക്കാനുള്ള ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. നമുക്കെങ്ങനെ സ്വയം കഴുകി വെടിപ്പാക്കാൻ കഴിയും? ദൈവത്തിന്റെ സത്യവചനത്താൽ.

15. ദൈവവചനത്തിലെ സത്യത്തിന്‌ എന്തിനുള്ള കഴിവുണ്ട്‌?

15 വെള്ളത്തിനു ശുദ്ധീകരിക്കാനാകുന്നതുപോലെ ദൈവത്തിന്റെ സത്യവചനത്തിന്‌ ശുദ്ധിവരുത്താനുള്ള കഴിവുണ്ട്‌. ഉദാഹരണത്തിന്‌, അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയെ ക്രിസ്‌തു “വചനത്തിന്റെ ജലംകൊണ്ടു കഴുകിവെടിപ്പാക്കി . . . വിശുദ്ധയും നിർമല”യുമാക്കിയെന്നും ദൈവദൃഷ്ടിയിൽ അവൾ ഒരു നിർമലകന്യകയെപ്പോലെ ശുദ്ധയാണെന്നും അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി. (എഫെ. 5:25-27) ദൈവത്തിന്റെ സത്യവചനത്തിന്‌ ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്ന്‌ യേശുവും പറഞ്ഞിരുന്നു. താൻ ഘോഷിച്ച ആ വചനത്തെക്കുറിച്ച്‌ ശിഷ്യന്മാരോട്‌ അവൻ ഇപ്രകാരം പ്രസ്‌താവിക്കുകയുണ്ടായി: “ഞാൻ നിങ്ങളോടു സംസാരിച്ച വചനംനിമിത്തം നിങ്ങൾ വെടിപ്പുള്ളവരായിക്കഴിഞ്ഞിരിക്കുന്നു.” (യോഹ. 15:3) ദൈവവചനത്തിലെ സത്യത്തിന്‌ ആത്മീയമായും ധാർമികമായും ശുദ്ധിവരുത്താനുള്ള കഴിവുണ്ടെന്നു വ്യക്തം. നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ, നമ്മെ ഈ വിധത്തിൽ ശുദ്ധീകരിക്കാൻ ദൈവവചനത്തെ അനുവദിച്ചേ മതിയാകൂ.

16. ആത്മീയമായും ധാർമികമായും ശുദ്ധിയുള്ളവരായിരിക്കാൻ നാം എന്തു ചെയ്യണം?

16 ദൈവത്തിന്റെ കൊയ്‌ത്തുവേലയിൽ പങ്കെടുക്കുന്നതിനുള്ള ആദ്യപടിയായി, നാം നമ്മുടെ ജീവിതത്തിൽനിന്ന്‌ ആത്മീയമായും ധാർമികമായും ദുഷിപ്പിക്കുന്ന കാര്യങ്ങളെല്ലാം പിഴുതെറിയുന്നു. എന്നാൽ ഈ പദവിയിൽ തുടരുന്നതിന്‌ നാം എന്തു ചെയ്യേണ്ടതുണ്ട്‌? ദൈവത്തിന്റെ ധാർമികവും ആത്മീയവുമായ ഉയർന്ന നിലവാരങ്ങൾക്ക്‌ അനുസൃതമായി ജീവിച്ചുകൊണ്ട്‌ നല്ല മാതൃകകളായിരിക്കണം. (1 പത്രോസ്‌ 1:14-16 വായിക്കുക.) ശാരീരിക ശുചിത്വത്തിനു നാം നിരന്തരം ശ്രദ്ധനൽകുന്നതുപോലെ, ദൈവത്തിന്റെ സത്യവചനത്താലുള്ള ശുദ്ധീകരണത്തിനു നാം നിരന്തരം വിധേയരാകണം. ബൈബിൾ വായിക്കുന്നതും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതും ഇതിൽ ഉൾപ്പെടുന്നു. ദൈവം നൽകുന്ന ഓർമിപ്പിക്കലുകൾ നമ്മുടെ ജീവിതത്തിൽ ബാധകമാക്കാൻ ആത്മാർഥമായി ശ്രമിക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നത്‌, ഈ ലോകത്തിന്റെ ദുഷിച്ച സ്വാധീനങ്ങളെ ചെറുക്കാനും നമ്മുടെതന്നെ പാപപ്രവണതകൾക്കെതിരെ പോരാടാനും നമ്മെ സജ്ജരാക്കും. (സങ്കീ. 119:9; യാക്കോ. 1:21-25) അതെ, യഹോവയുടെ സത്യവചനത്തിന്‌ നമ്മുടെ ഗുരുതരമായ പാപങ്ങൾപോലും ‘കഴുകിവെടിപ്പാക്കാനാകും’ എന്നറിയുന്നത്‌ എത്ര ആശ്വാസകരമാണ്‌!—1 കൊരി. 6:9-11.

17. ശുദ്ധരായി നിലകൊള്ളാൻ നാം ഏത്‌ ബൈബിൾ ബുദ്ധിയുപദേശങ്ങൾക്ക്‌ ചെവികൊടുക്കണം?

17 നിങ്ങളെ ശുദ്ധീകരിക്കാൻ ദൈവത്തിന്റെ സത്യവചനത്തെ നിങ്ങൾ അനുവദിക്കാറുണ്ടോ? ഉദാഹരണത്തിന്‌, ഇന്നുള്ള തരംതാണ വിനോദങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചു ലഭിക്കുന്ന മുന്നറിയിപ്പുകളോട്‌ നിങ്ങൾ എങ്ങനെയാണ്‌ പ്രതികരിക്കുന്നത്‌? (സങ്കീ. 101:3) നിങ്ങളുടെ വിശ്വാസങ്ങൾ വെച്ചുപുലർത്താത്ത സഹപാഠികളോടും സഹപ്രവർത്തകരോടും അനാവശ്യമായി ചങ്ങാത്തം കൂടാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? (1 കൊരി. 15:33) യഹോവയുടെ ദൃഷ്ടിയിൽ നിങ്ങളെ അശുദ്ധരാക്കിയേക്കാവുന്ന ബലഹീനതകൾ തരണംചെയ്യാൻ ആത്മാർഥമായി നിങ്ങൾ ശ്രമിക്കാറുണ്ടോ? (കൊലോ. 3:5) ഈ ലോകത്തിലെ രാഷ്‌ട്രീയ വിവാദങ്ങളിൽനിന്ന്‌ നിങ്ങൾ അകന്നുനിൽക്കുന്നുണ്ടോ? പല കായിക മത്സരങ്ങളിലും മുറ്റിനിൽക്കുന്ന ദേശീയ വികാരങ്ങൾ നിങ്ങളെ സ്വാധീനിക്കാറുണ്ടോ?—യാക്കോ. 4:4.

18. ആത്മീയമായും ധാർമികമായും ശുദ്ധരായിരിക്കുന്നത്‌ ഫലപ്രദരായ കൊയ്‌ത്തുവേലക്കാരായിരിക്കാൻ നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെ?

18 ഇത്തരം കാര്യങ്ങളിൽ വിശ്വസ്‌തത പാലിക്കുന്നെങ്കിൽ അത്‌ വലിയ അനുഗ്രഹങ്ങൾ കൈവരുത്തും. തന്റെ അഭിഷിക്ത അനുഗാമികളെ മുന്തിരിച്ചെടിയുടെ ശാഖകളോട്‌ ഉപമിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “എന്നിലുള്ള കായ്‌ക്കാത്ത ശാഖകളെല്ലാം (എന്റെ പിതാവ്‌) മുറിച്ചുകളയുന്നു. കായ്‌ക്കുന്നവയെ ഒക്കെയും കൂടുതൽ ഫലം കായ്‌ക്കേണ്ടതിന്‌ അവൻ വെട്ടിവെടിപ്പാക്കുകയും ചെയ്യുന്നു.” (യോഹ. 15:2) ദൈവത്തിന്റെ സത്യവചനത്താൽ നിങ്ങളെത്തന്നെ വെടിപ്പാക്കുന്നെങ്കിൽ, ശുദ്ധീകരിക്കുന്നെങ്കിൽ, നിങ്ങൾ കൂടുതൽ ഫലം പുറപ്പെടുവിക്കും.

അനുഗ്രഹങ്ങൾ—ഇപ്പോഴും ഭാവിയിലും

19. യേശു നൽകിയ പരിശീലനം പ്രയോജനപ്പെടുത്തിയ ശിഷ്യന്മാർക്ക്‌ കൊയ്‌ത്തുവേലയിൽ എന്ത്‌ അനുഗ്രങ്ങൾ ലഭിച്ചു?

19 യേശു നൽകിയ പരിശീലനം പ്രയോജനപ്പെടുത്തിയ വിശ്വസ്‌തരായ ശിഷ്യന്മാർക്ക്‌ പിന്നീട്‌ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ പരിശുദ്ധാത്മാവ്‌ ലഭിച്ചു, “ഭൂമിയുടെ അറ്റംവരെയും” സാക്ഷീകരിക്കുന്നതിനായി അങ്ങനെ അവർ ശക്തീകരിക്കപ്പെട്ടു. (പ്രവൃ. 1:8) അവർ പിന്നീട്‌ ഭരണസംഘാംഗങ്ങളായും മിഷനറിമാരായും സഞ്ചാര മൂപ്പന്മാരായും ഒക്കെ സേവിച്ചു. അങ്ങനെ, “ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിടയിൽ” സുവാർത്ത പ്രസംഗിക്കുന്നതിൽ അവർക്ക്‌ സുപ്രധാനമായ പങ്കുവഹിക്കാനായി. (കൊലോ. 1:23) എത്ര വലിയ അനുഗ്രഹങ്ങളാണ്‌ അവർ ആസ്വദിച്ചത്‌! മറ്റുള്ളവർക്ക്‌ അവർ എത്രയധികം സന്തോഷം നൽകിയിട്ടുണ്ടാകും!

20. (എ) ആത്മീയകൊയ്‌ത്തിൽ പൂർണമായി പങ്കുപറ്റിയതുനിമിത്തം നിങ്ങൾക്ക്‌ എന്ത്‌ അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്നു? (ബി) എന്താണ്‌ നിങ്ങളുടെ തീരുമാനം?

20 താഴ്‌മയും ശുഷ്‌കാന്തിയും ഉള്ളവരും ദൈവവചനംവെക്കുന്ന ഉയർന്ന നിലവാരങ്ങളോടു പറ്റിനിൽക്കുന്നവരും ആണെങ്കിൽ ഇപ്പോൾ നടക്കുന്ന ബൃഹത്തായ ആത്മീയകൊയ്‌ത്തുവേലയിൽ നമുക്ക്‌ അർഥവത്തും പൂർണവുമായ പങ്കുണ്ടായിരിക്കും. ഈ ലോകത്തിന്റെ ഭൗതികത്വ ചിന്താഗതിയും സുഖലോലുപ ജീവിതവും അനേകരെ വേദനയിലും നിരാശയിലും ആഴ്‌ത്തുമ്പോൾ, നാം യഥാർഥ സന്തോഷവും സംതൃപ്‌തിയും ആസ്വദിക്കുകയാണ്‌. (സങ്കീ. 126:6) എല്ലാറ്റിലും ഉപരി, “കർത്താവിൽ (നമ്മുടെ) അധ്വാനം വ്യർഥമല്ല” എന്നത്‌ ഉറപ്പാണ്‌. (1 കൊരി. 15:58) ‘തന്റെ നാമത്തോടു നാം കാണിക്കുന്ന സ്‌നേഹത്തെയും നാം ചെയ്യുന്ന സേവനത്തെയും’പ്രതി കൊയ്‌ത്തിന്റെ യജമാനനായ യഹോവയാം ദൈവം നമുക്ക്‌ നിത്യാനുഗ്രഹങ്ങൾ നൽകും.—എബ്രാ. 6:10-12.

[അടിക്കുറിപ്പ്‌]

^ ഖ. 8 താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തം മുഖ്യമായും യേശുവും അവന്റെ അഭിഷിക്ത അനുഗാമികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്‌. എന്നിരുന്നാലും ഇതിലെ തത്ത്വങ്ങൾ എല്ലാ ക്രിസ്‌ത്യാനികൾക്കും ബാധകമാണ്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

കൊയ്‌ത്തുവേലയിൽ പൂർണപങ്കുണ്ടായിരിക്കുന്നതിന്‌. . .

• താഴ്‌മയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ശുഷ്‌കാന്തിയുള്ളവരായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

• ധാർമികമായും ആത്മീയമായും ശുദ്ധി കാത്തുസൂക്ഷിക്കേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

രാജ്യതാത്‌പര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ലളിതജീവിതം നയിക്കാൻ താഴ്‌മ നമ്മെ സഹായിക്കും