വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും”

“ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും”

“ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും”

‘നിങ്ങൾ പൂർണമായി ശോധനചെയ്യപ്പെടേണ്ടതിന്‌’ “പിശാച്‌ നിങ്ങളിൽ ചിലരെ തടവിലാക്കാൻ പോകുന്നു” എന്ന്‌ യേശു തന്റെ അനുഗാമികൾക്കു മുന്നറിയിപ്പുനൽകുകയുണ്ടായി. എന്നാൽ ആ മുന്നറിയിപ്പുനൽകുന്നതിനു തൊട്ടുമുമ്പ്‌ അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “സഹിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു നീ ഭയപ്പെടേണ്ട.” രാജ്യപ്രസംഗവേലയ്‌ക്കു തടയിടുന്നതിനായി സാത്താൻ ഇന്നും സത്യക്രിസ്‌ത്യാനികളിൽ പലരെയും ഭീഷണിപ്പെടുത്തുകയും തടവിലാക്കുകയും ചെയ്യുന്നു. ചില രാജ്യങ്ങളിൽ അതിനായി അവൻ ഗവണ്മെന്റുകളെപ്പോലും ഉപയോഗിച്ചേക്കാം. (വെളി. 2:10; 12:17) എന്നാൽ, സാത്താന്റെ തന്ത്രങ്ങൾ നേരിടാൻ നമുക്ക്‌ എങ്ങനെ സജ്ജരായിരിക്കാനാകും? യേശു ഉദ്‌ബോധിപ്പിച്ചതുപോലെ നമുക്ക്‌ എങ്ങനെ ‘ഭയപ്പെടാതിരിക്കാൻ’ കഴിയും?

നമ്മിൽ മിക്കവർക്കും എപ്പോഴെങ്കിലുമൊക്കെ ഭയം തോന്നിയിട്ടുണ്ടാകും. എന്നാൽ യഹോവയുടെ സഹായത്താൽ നമുക്ക്‌ ഭയത്തെ മറികടക്കാനാകുമെന്ന്‌ ദൈവവചനം ഉറപ്പുനൽകുന്നു. യഹോവ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയാണ്‌? സാത്താനും അവന്റെ കൂട്ടാളികളും പ്രയോഗിക്കുന്ന ഉപായങ്ങൾ തിരിച്ചറിയാൻ നമ്മെ പ്രാപ്‌തരാക്കുന്നതാണ്‌ ഒരു വിധം. അങ്ങനെ എതിർപ്പുകൾ നേരിടാൻ അവൻ നമ്മെ സജ്ജരാക്കുന്നു. (2 കൊരി. 2:11) ബൈബിൾക്കാലങ്ങളിൽ നടന്ന ഒരു സംഭവം നമുക്കിപ്പോൾ പരിശോധിക്കാം. അതിലൂടെ, സാത്താൻ ഉപയോഗിക്കുന്ന ചില ഉപായങ്ങൾ നമുക്കു തിരിച്ചറിയാനാകും. “പിശാചിന്റെ കുടിലതന്ത്രങ്ങളോട്‌ എതിർത്തു”നിന്ന ആധുനിക കാലത്തെ ചില വിശ്വസ്‌ത ക്രിസ്‌ത്യാനികളുടെ അനുഭവങ്ങളും നാം പരിചിന്തിക്കും.—എഫെ. 6:11-13.

ദൈവഭക്തനായ രാജാവിനെതിരെ ഒരു ദുഷ്ടഭരണാധികാരി

ബി.സി. എട്ടാം നൂറ്റാണ്ടിലാണ്‌ സംഭവം നടക്കുന്നത്‌. ഒന്നിനുപുറകെ ഒന്നായി പല ദേശങ്ങൾ കീഴടക്കിയ ആഹ്ലാദത്തിലാണ്‌ അസീറിയൻ രാജാവായ സൻഹേരീബ്‌. അഹങ്കാരം മൂത്ത ദുഷ്ടനായ ആ രാജാവിന്റെ അടുത്ത ലക്ഷ്യം യെരുശലേമാണ്‌. ദൈവഭക്തനായ ഹിസ്‌കീയാവാണ്‌ അന്ന്‌ യെരുശലേം ആസ്ഥാനമാക്കി ദൈവജനത്തെ ഭരിച്ചിരുന്നത്‌. (2 രാജാ. 18:1-3, 13) ഭൂമിയിൽനിന്ന്‌ സത്യാരാധന തുടച്ചുനീക്കുക എന്ന ലക്ഷ്യം സാധിക്കാനായി സാത്താൻ സൻഹേരീബിനെ കരുവാക്കുകയായിരുന്നു. അതെ, സാത്താൻ സാഹചര്യം മുതലെടുക്കുകയായിരുന്നു എന്നതിന്‌ സംശയമില്ല.—ഉല്‌പ. 3:15.

പട്ടണനിവാസികളോട്‌ കീഴടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട്‌ സൻഹേരീബ്‌ യെരുശലേമിലേക്ക്‌ ഒരു പ്രതിനിധിസംഘത്തെ അയച്ചു. അക്കൂട്ടത്തിൽ രാജാവിന്റെ മുഖ്യവക്താവായ റബ്‌-ശാക്കേയും ഉണ്ടായിരുന്നു. * (2 രാജാ. 18:17) യഹൂദന്മാരുടെ ആത്മവീര്യവും ധൈര്യവും ചോർത്തിക്കളഞ്ഞ്‌ ഒരു യുദ്ധംകൂടാതെ അവരെ കീഴടക്കുകയായിരുന്നു അവന്റെ ലക്ഷ്യം. യഹൂദന്മാരിൽ ഭയം ജനിപ്പിക്കാൻ റബ്‌-ശാക്കേ എന്ത്‌ അടവുകളാണ്‌ പ്രയോഗിച്ചത്‌?

ഒറ്റപ്പെട്ടവരെങ്കിലും വിശ്വസ്‌തർ

ഹിസ്‌കീയാവിന്റെ പ്രതിനിധികളോട്‌ റബ്‌-ശാക്കേ ഇങ്ങനെ വിളിച്ചുപറഞ്ഞു: “മഹാരാജാവായ അശ്ശൂർരാജാവു ഇപ്രകാരം കല്‌പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു? . . . ചതെഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേൽ ഒരുത്തൻ ഊന്നിയാൽ അതു അവന്റെ ഉള്ളംകയ്യിൽ തറെച്ചുകൊള്ളും.” (2 രാജാ. 18:19, 21) റബ്‌-ശാക്കേ പറഞ്ഞത്‌ പച്ചക്കള്ളമായിരുന്നു; ഹിസ്‌കീയാവ്‌ ഈജിപ്‌റ്റുകാരുടെ സഹായം തേടിയിരുന്നില്ല. ഇതായിരുന്നു റബ്‌-ശാക്കേ യഹൂദന്മാരോടു പറഞ്ഞതിന്റെ ധ്വനി: ‘നിങ്ങൾ ഒറ്റയ്‌ക്കാണ്‌, നിങ്ങളെ രക്ഷിക്കാൻ ആരും വരാൻപോകുന്നില്ല.’

ദൈവദാസന്മാരെ സഹവിശ്വാസികളിൽനിന്ന്‌ ഒറ്റപ്പെടുത്തിക്കൊണ്ട്‌ അവരുടെ മനോവീര്യംകെടുത്താൻ എതിരാളികൾ ശ്രമിച്ചതിന്റെ പല ദൃഷ്ടാന്തങ്ങളും ഇക്കാലത്തുണ്ട്‌. ഒരു സഹോദരിയുടെ അനുഭവം നോക്കുക. വിശ്വാസത്തിന്റെ പേരിൽ വർഷങ്ങളോളം അവർക്ക്‌ തടവിൽ കഴിയേണ്ടിവന്നു. സഹവിശ്വാസികളിൽനിന്ന്‌ അകന്നുകഴിയേണ്ടിവന്ന ആ നാളുകളിൽ ഭയത്തിന്‌ അടിമപ്പെടാതിരിക്കാൻ തന്നെ സഹായിച്ചത്‌ എന്താണെന്ന്‌ സഹോദരി പറയുന്നു: “യഹോവയോട്‌ അടുത്തുചെല്ലാൻ പ്രാർഥന എന്നെ സഹായിച്ചു. . . . ‘അരിഷ്ടനും മനസ്സു തകർന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും’ എന്ന യെശയ്യാവു 66:2-ലെ ദൈവത്തിന്റെ വാക്കുകൾ എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. ഈ വാക്യം എനിക്ക്‌ എന്തെന്നില്ലാത്ത ആശ്വാസവും ബലവും പകർന്നുതന്നു.” വർഷങ്ങളോളം ഏകാന്തതടവിൽ കഴിഞ്ഞ ഒരു സഹോദരൻ പറയുന്നത്‌ എന്താണെന്നു നോക്കൂ: “ദൈവവുമായി ഒരു ഉറ്റബന്ധമുണ്ടെങ്കിൽ ജയിലിന്റെ നാലുചുമരുകൾക്കുള്ളിൽപ്പോലും വിശാലമായ ഒരു ലോകം കാണാനാകും എന്ന്‌ ഞാൻ മനസ്സിലാക്കി.” അതെ, യഹോവയോട്‌ ഒരു അടുത്തബന്ധം ഉണ്ടായിരുന്നതിനാലാണ്‌ ഒറ്റപ്പെട്ട അവസ്ഥയിൽപ്പോലും പിടിച്ചുനിൽക്കാൻ ഈ സഹോദരങ്ങൾക്കു കഴിഞ്ഞത്‌. (സങ്കീ. 9:9, 10) എതിരാളികൾക്ക്‌ അവരെ കുടുംബാംഗങ്ങളിൽനിന്നും സഹവിശ്വാസികളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പറിച്ചുമാറ്റാൻ കഴിഞ്ഞു; എങ്കിലും യഹോവയിൽനിന്നു തങ്ങളെ വേർപെടുത്താൻ എതിരാളികൾക്ക്‌ ഒരിക്കലുമാവില്ലെന്ന്‌ തടവിലായ ആ സാക്ഷികൾക്ക്‌ അറിയാമായിരുന്നു.—റോമ. 8:35-39.

യഹോവയുമായുള്ള ബന്ധം ശക്തമാക്കാൻ ലഭിക്കുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തേണ്ടത്‌ എത്ര പ്രധാനമാണ്‌! (യാക്കോ. 4:8) കൂടെക്കൂടെ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘യഹോവയോട്‌ എനിക്ക്‌ എത്രമാത്രം അടുപ്പമുണ്ട്‌? ദൈവവചനത്തിന്റെ അടിസ്ഥാനത്തിലാണോ ഞാൻ അനുദിനജീവിതത്തിൽ ചെറുതും വലുതുമായ തീരുമാനങ്ങൾ എടുക്കുന്നത്‌?’ (ലൂക്കോ. 16:10) ദൈവവുമായുള്ള അടുത്തബന്ധം നിലനിറുത്താൻ നല്ലശ്രമം ചെയ്യുന്നെങ്കിൽ നാം പേടിക്കേണ്ട കാര്യമില്ല. ക്ലേശിതരായ യഹൂദന്മാരെ പ്രതിനിധീകരിച്ചുകൊണ്ട്‌ യിരെമ്യാ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. . . . ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.”—വിലാ. 3:55-57.

സംശയത്തിന്റെ വിത്ത്‌ മുളച്ചില്ല

സംശയത്തിന്റെ വിത്തുപാകാൻ റബ്‌-ശാക്കേ കുടിലമായ ഒരു ന്യായവാദം നടത്തി. യഹോവയുടെ ‘പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്‌കീയാവു നീക്കിക്കളഞ്ഞില്ലയോ?’ “യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്‌പിച്ചിരിക്കുന്നു” എന്ന്‌ അവൻ പറഞ്ഞു. (2 രാജാ. 18:22, 25) ജനം യഹോവയെ അപ്രീതിപ്പെടുത്തിയിരിക്കുന്നു, അതുകൊണ്ട്‌ അവൻ അവർക്കുവേണ്ടി പോരാടുകയില്ല എന്നായിരുന്നു റബ്‌-ശാക്കേയുടെ വാദം. പക്ഷേ സത്യം മറിച്ചായിരുന്നു. സത്യാരാധനയിലേക്കു മടങ്ങിവന്ന യഹൂദന്മാരിലും ഹിസ്‌കീയാവിലും യഹോവ സംപ്രീതനായിരുന്നു എന്നതാണു വാസ്‌തവം.—2 രാജാ. 18:3-7.

നമ്മെ വശത്താക്കാൻ തന്ത്രശാലികളായ എതിരാളികൾ ചില വിവരങ്ങൾ നൽകിയേക്കാം, എന്നാൽ സംശയത്തിന്റെ വിത്തുപാകാനുള്ള ഉദ്ദേശ്യത്തിൽ അതിന്റെകൂടെ അവർ നുണയും കലർത്തുന്നു. ഉദാഹരണത്തിന്‌ തടവിൽ കഴിയുന്ന സഹോദരങ്ങളോട്‌, ആ രാജ്യത്ത്‌ വേലയ്‌ക്കു നേതൃത്വം വഹിക്കുന്ന സഹോദരങ്ങളിലൊരാൾ വിശ്വാസം ത്യജിച്ചിരിക്കുന്നെന്നും അതുകൊണ്ട്‌ അവരും അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ലെന്നും ചിലപ്പോഴൊക്കെ അധികാരികൾ പറഞ്ഞിട്ടുണ്ട്‌. എന്നാൽ ഇത്തരം ന്യായവാദങ്ങളൊന്നും വിവേകമതികളായ ക്രിസ്‌ത്യാനികളിൽ സംശയം ജനിപ്പിക്കുകയോ ആശയക്കുഴപ്പം ഉണ്ടാക്കുകയോ ചെയ്യില്ല.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ തടവിലായിരുന്ന ഒരു സഹോദരിക്കുണ്ടായ അനുഭവം ഇങ്ങനെയായിരുന്നു: ഒരു അധികാരി, ഉത്തരവാദിത്വ സ്ഥാനത്തുണ്ടായിരുന്ന ഒരു സഹോദരൻ വിശ്വാസം ത്യജിച്ചെന്നു കാണിക്കുന്ന രേഖകൾ കാണിച്ചിട്ട്‌, ‘ഈ ആളിൽ നിങ്ങൾക്കു വിശ്വാസമില്ലേ’ എന്ന്‌ സഹോദരിയോടു ചോദിച്ചു. “(അദ്ദേഹം) ഒരു അപൂർണമനുഷ്യൻ മാത്രമാണ്‌” എന്നായിരുന്നു സഹോദരിയുടെ മറുപടി. ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചിരുന്നിടത്തോളം കാലം ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു; “എന്നാൽ ഇപ്പോൾ ബൈബിളിനു വിരുദ്ധമായ പ്രസ്‌താവനകൾ നടത്തിയിരിക്കുന്നതിനാൽ മേലാൽ അദ്ദേഹം എന്റെ സഹോദരനല്ല,” സഹോദരി കൂട്ടിച്ചേർത്തു. “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്‌” എന്ന തിരുവെഴുത്ത്‌ ഉദ്‌ബോധനത്തിനു ചെവികൊടുത്തുകൊണ്ട്‌ വിശ്വസ്‌തയായ ആ സഹോദരി ജ്ഞാനപൂർവം പ്രവർത്തിച്ചു.—സങ്കീ. 146:3.

സഹിച്ചുനിൽക്കാനുള്ള നമ്മുടെ തീരുമാനത്തെ ദുർബലമാക്കിയേക്കാവുന്ന ന്യായവാദങ്ങൾക്കെതിരെ നമുക്കെങ്ങനെ ജാഗ്രതപാലിക്കാനാകും? ദൈവവചനത്തിന്റെ സൂക്ഷ്‌മപരിജ്ഞാനം നേടുകയും അതിലെ ഉപദേശങ്ങൾ ബാധകമാക്കുകയും ചെയ്യുക. (എഫെ. 4:13, 14; എബ്രാ. 6:19) ദൈനംദിന ബൈബിൾ വായനയ്‌ക്കും വ്യക്തിപരമായ പഠനത്തിനും ശ്രദ്ധനൽകിക്കൊണ്ട്‌ നമ്മെത്തന്നെ ഒരുക്കുന്നെങ്കിൽ സമ്മർദപൂരിതമായ സാഹചര്യങ്ങളിൽ ശരിയായി ചിന്തിക്കാൻ നമുക്കു കഴിയും. (എബ്രാ. 4:12) അതെ, നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കാനും വിശ്വാസം ശക്തിപ്പെടുത്താനുമുള്ള സമയം ഇപ്പോഴാണ്‌. അനേകവർഷങ്ങൾ ഏകാന്തതടവിൽ കഴിയേണ്ടിവന്ന ഒരു സഹോദരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നമുക്കു ലഭിക്കുന്ന ആത്മീയവിഭവങ്ങളിൽ ഒന്നും പാഴാക്കാനുള്ളതല്ല. ഇക്കാര്യം എല്ലാവരും തിരിച്ചറിയേണ്ടതാണ്‌. കാരണം, പിന്നീട്‌ അത്‌ എങ്ങനെ പ്രയോജനപ്പെടും എന്ന്‌ ഇപ്പോൾ നമുക്ക്‌ അറിയില്ല.” ദൈവവചനവും അടിമവർഗം നൽകുന്ന പ്രസിദ്ധീകരണങ്ങളും ശ്രദ്ധാപൂർവം പഠിക്കുന്നെങ്കിൽ ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ, പഠിച്ചകാര്യങ്ങൾ പരിശുദ്ധാത്മാവ്‌ നമ്മെ ‘ഓർമപ്പെടുത്തും.’—യോഹ. 14:26.

ഭീഷണിക്കെതിരെ ഒരു പരിച

യഹൂദന്മാരെ ഭീഷണിപ്പെടുത്താൻ റബ്‌-ശാക്കേ ഒരു ശ്രമംനടത്തി. “എന്റെ യജമാനനായ അസ്സീറിയ രാജാവുമായി ഒരു പന്തയം വയ്‌ക്കുവിൻ. ഞാൻ രണ്ടായിരം കുതിരകളെ തരാം. അവയിൽ സവാരി ചെയ്യാൻ നിനക്ക്‌ ആളുകളെ കിട്ടുമോ? . . . നിനക്ക്‌ എന്റെ യജമാനന്റെ സേവകന്മാരിൽ ഏറ്റവും നിസ്സാരനായ ഒരു സേനാപതിയെ തോല്‌പിക്കാൻ കഴിയുമോ?” അവൻ വെല്ലുവിളിച്ചു. (2 രാജാ. 18:23, 24, പി.ഒ.സി. ബൈബിൾ) മാനുഷിക കാഴ്‌ചപ്പാടിൽ ഹിസ്‌കീയാവും അവന്റെ ജനവും ശക്തരായ അസീറിയൻ സേനയ്‌ക്കു മുന്നിൽ ഒന്നുമല്ലായിരുന്നു.

നമ്മെ പീഡിപ്പിക്കുന്നവരും അതിശക്തരാണെന്നു തോന്നിയേക്കാം, പ്രത്യേകിച്ച്‌ അവർക്ക്‌ ഭരണാധികാരികളുടെ പിന്തുണയുള്ളപ്പോൾ. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ നമ്മെ പീഡിപ്പിച്ച നാസികളുടെ കാര്യത്തിൽ ഇതു സത്യമായിരുന്നു. പല ദൈവദാസന്മാരെയും അധൈര്യപ്പെടുത്താൻ അവർ ശ്രമിച്ചു. വർഷങ്ങളോളം തടവിൽ കഴിഞ്ഞ ഒരു സഹോദരൻ, തന്നെ അധികാരികൾ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച്‌ വിവരിക്കുകയുണ്ടായി. ഒരിക്കൽ ഒരു പട്ടാള അധികാരി അദ്ദേഹത്തോടു ചോദിച്ചു: “നിന്റെ അനിയൻ വെടിയേറ്റു മരിച്ചത്‌ നീ കണ്ടില്ലേ? ഇപ്പോൾ നിന്റെ തീരുമാനം എന്താണ്‌?” അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “ഞാൻ യഹോവയുടെ ഒരു സാക്ഷിയാണ്‌, അതിനു മാറ്റമുണ്ടാകില്ല.” “എങ്കിൽ അടുത്തത്‌ നിന്റെ ഊഴമാണ്‌,” അയാൾ ഭീഷണിമുഴക്കി. പക്ഷേ സഹോദരന്‌ ഒരു കുലുക്കവുമുണ്ടായില്ല. അവസാനം അയാൾ ശ്രമം ഉപേക്ഷിച്ചു. ഇത്തരമൊരു ഭീഷണിയെ നേരിടാൻ സഹോദരനു കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌? “ഞാൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ചു” എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.—സദൃ. 18:10.

യഹോവയിൽ പൂർണമായി വിശ്വാസമർപ്പിക്കുക; നമുക്ക്‌ ആത്മീയഹാനിവരുത്താൻ സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങളിൽനിന്നെല്ലാം നമ്മെ സംരക്ഷിക്കുന്ന വലിയൊരു പരിചയായി അത്‌ വർത്തിക്കും. (എഫെ. 6:16) അതുകൊണ്ട്‌ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കണമേ എന്ന്‌ നാം യഹോവയോട്‌ യാചിക്കണം. (ലൂക്കോ. 17:5) നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കാൻ അടിമവർഗം ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങൾ നാം പ്രയോജനപ്പെടുത്തുകയും വേണം. ദുശ്ശാഠ്യക്കാരായ ആളുകളോടു പ്രസംഗിക്കേണ്ടിവന്ന യെഹെസ്‌കേൽ പ്രവാചകനോട്‌ യഹോവ പറഞ്ഞ കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കുക; ഭീഷണി നേരിടുമ്പോൾ നമ്മെ ശക്തീകരിക്കാൻ ആ വാക്കുകൾക്കാകും. യഹോവ അവനോടു പറഞ്ഞു: “ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു. ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു.” (യെഹെ. 3:8, 9) യെഹെസ്‌കേലിനെ സഹായിച്ചതുപോലെ യഹോവ നമ്മെയും സഹായിക്കും; ആവശ്യമെങ്കിൽ വജ്രംപോലെ കടുപ്പമുള്ളവരാക്കും, വേണ്ടുന്ന മനക്കരുത്ത്‌ നൽകും.

പ്രലോഭനങ്ങളെ ചെറുക്കുക

മറ്റ്‌ അടവുകളൊന്നും ഫലിക്കാതെവരുമ്പോൾ ഒരു വ്യക്തിയുടെ വിശ്വസ്‌തത തകർക്കാൻ എതിരാളികൾ മോഹനവാഗ്‌ദാനങ്ങളുമായി രംഗത്തുവന്നേക്കാം. റബ്‌-ശാക്കേയും അത്‌ പയറ്റിനോക്കി. യെരുശലേം നിവാസികളോട്‌ അവൻ പറഞ്ഞു: “അശ്ശൂർരാജാവു ഇപ്രകാരം കല്‌പിക്കുന്നു: നിങ്ങൾ എന്നോടു സന്ധി ചെയ്‌തു എന്റെ അടുക്കൽ പുറത്തു വരുവിൻ; . . . പിന്നെ ഞാൻ വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും.” (2 രാജാ. 18:31, 32) ചൂടുള്ള അപ്പവും പുതുവീഞ്ഞും നൽകാമെന്ന വാഗ്‌ദാനം, നിരോധിക്കപ്പെട്ട പട്ടണത്തിൽ കുടുങ്ങിപ്പോയവരെ മോഹിപ്പിക്കാൻപോന്നതായിരുന്നു!

തടവിലടയ്‌ക്കപ്പെട്ടിരുന്ന ഒരു മിഷനറിയുടെ വിശ്വാസം തകർക്കാൻ അധികാരികൾ ഈ രീതി ഉപയോഗിക്കുകയുണ്ടായി. ചിന്തിച്ചു തീരുമാനമെടുക്കാനായി അദ്ദേഹത്തെ ആറുമാസത്തേക്ക്‌ “മനോഹരമായ പൂന്തോട്ടത്താൽ” ചുറ്റപ്പെട്ട ഒരു “കൊട്ടാരത്തിലേക്ക്‌” മാറ്റുമെന്ന്‌ അവർ പറഞ്ഞു. എന്നുവരികിലും, ആത്മീയജാഗ്രത കൈവിടാതിരുന്ന അദ്ദേഹം ക്രിസ്‌തീയ തത്ത്വങ്ങളിൽനിന്ന്‌ അണുവിട വ്യതിചലിച്ചില്ല. അത്‌ എങ്ങനെ സാധിച്ചു? പിന്നീട്‌ അദ്ദേഹം അതേക്കുറിച്ച്‌ പറഞ്ഞു: “ദൈവരാജ്യം എനിക്ക്‌ യഥാർഥമായിരുന്നു. അത്‌ സദാ എന്റെ മനസ്സിലുണ്ടായിരുന്നു. . . . ദൈവരാജ്യത്തെക്കുറിച്ചുള്ള ഗ്രാഹ്യം എന്നെ ശക്തിപ്പെടുത്തി. ഒരുനിമിഷംപോലും ഞാൻ അതേക്കുറിച്ച്‌ സംശയിച്ചില്ല. എനിക്ക്‌ അത്ര ഉറപ്പുണ്ടായിരുന്നു, അതുകൊണ്ട്‌ ഞാൻ കുലുങ്ങിയില്ല.”

ദൈവരാജ്യം യാഥാർഥ്യമാകുമെന്ന്‌ നിങ്ങൾക്ക്‌ എത്രമാത്രം ഉറപ്പുണ്ട്‌? ഗോത്രപിതാവായ അബ്രാഹാമിനും അപ്പൊസ്‌തലനായ പൗലോസിനും യേശുവിനുതന്നെയും കഠിനപരിശോധനകളിൽ സഹിച്ചുനിൽക്കാനായത്‌ ദൈവരാജ്യം അവർക്ക്‌ യഥാർഥമായിരുന്നതിനാലാണ്‌. (ഫിലി. 3:13, 14; എബ്രാ. 11:8-10; 12:2) ദൈവരാജ്യത്തിന്‌ ജീവിതത്തിൽ എപ്പോഴും പ്രമുഖസ്ഥാനം നൽകുക, അതു കൈവരുത്തുന്ന നിത്യാനുഗ്രഹങ്ങൾ മനസ്സിൽ അടുപ്പിച്ചുനിറുത്തുക. അങ്ങനെ ചെയ്യുന്നെങ്കിൽ, പ്രലോഭനങ്ങൾക്കു വഴിപ്പെട്ട്‌ പരിശോധനകളിൽനിന്നു താത്‌കാലിക മോചനം നേടാൻ നാം ശ്രമിക്കില്ല.—2 കൊരി. 4:16-18.

യഹോവ നമ്മെ കൈവിടില്ല

യഹൂദന്മാരെ ഭയപ്പെടുത്താൻ റബ്‌-ശാക്കേ കിണഞ്ഞു ശ്രമിച്ചെങ്കിലും ഹിസ്‌കീയാവിനും അവന്റെ ജനത്തിനും യഹോവയിലുണ്ടായിരുന്ന ആശ്രയത്തിന്‌ യാതൊരു ഇളക്കവുംതട്ടിയില്ല. (2 രാജാ. 19:15, 19; യെശ. 37:5-7) അവരുടെ പ്രാർഥനകൾക്ക്‌ യഹോവ ഉത്തരം നൽകി: അവന്റെ ദൂതൻ ഒറ്റരാത്രികൊണ്ട്‌ 1,85,000 അസീറിയൻ പടയാളികളെ കൊന്നൊടുക്കി. പരാജിതനായ സൻഹേരീബ്‌ അവശേഷിച്ച ഏതാനും പടയാളികളുമായി അടുത്ത ദിവസംതന്നെ തന്റെ തലസ്ഥാനമായ നിനെവേയിലേക്കു മടങ്ങി.—2 രാജാ. 19:35, 36.

അതെ, തന്നിൽ ആശ്രയിച്ചവരെയൊന്നും യഹോവ കൈവിട്ടില്ല. യഹോവയ്‌ക്ക്‌ ഇന്നും മാറ്റംവന്നിട്ടില്ലെന്ന്‌, പരിശോധനകളിന്മധ്യേ സഹിച്ചുനിൽക്കുന്ന ആധുനിക നാളിലെ സഹോദരങ്ങളുടെ ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു. നമ്മുടെ സ്വർഗീയ പിതാവായ യഹോവയുടെ പിൻവരുന്ന വാക്കുകൾ തികച്ചും അർഥവത്താണ്‌: “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.”—യെശ. 41:13.

[അടിക്കുറിപ്പ്‌]

^ ഖ. 6 “റബ്‌-ശാക്കേ” എന്നത്‌ ഒരു സ്ഥാനപ്പേരായിരുന്നു. ഈ പ്രമുഖ അസീറിയൻ ഉദ്യോഗസ്ഥന്റെ വ്യക്തിനാമം ബൈബിളിൽ വെളിപ്പെടുത്തിയിട്ടില്ല.

[13-ാം പേജിലെ ആകർഷക വാക്യം]

“ഭയപ്പെടേണ്ടാ,” അല്ലെങ്കിൽ “ഭയപ്പെടരുത്‌” എന്ന്‌ 30-ലധികം പ്രാവശ്യം ദൈവവചനത്തിൽ യഹോവ പറഞ്ഞിരിക്കുന്നു

[12-ാം പേജിലെ ചിത്രം]

റബ്‌-ശാക്കേയുടെയും ഇന്നത്തെ ദൈവജനത്തിന്റെ ശത്രുക്കളുടെയും തന്ത്രങ്ങൾ തമ്മിൽ എന്തു സമാനതകളുണ്ട്‌?

[15-ാം പേജിലെ ചിത്രങ്ങൾ]

പരിശോധനകളിന്മധ്യേ വിശ്വസ്‌തത കൈവിടാതിരിക്കാൻ യഹോവയുമായുള്ള അടുത്തബന്ധം നമ്മെ സഹായിക്കും