വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംസാരം സ്‌നേഹനിർഭരമായ ദയയോടുകൂടിയത്‌ ആയിരിക്കട്ടെ!

നിങ്ങളുടെ സംസാരം സ്‌നേഹനിർഭരമായ ദയയോടുകൂടിയത്‌ ആയിരിക്കട്ടെ!

നിങ്ങളുടെ സംസാരം സ്‌നേഹനിർഭരമായ ദയയോടുകൂടിയത്‌ ആയിരിക്കട്ടെ!

“അവൾ ജ്ഞാനത്തോടെ വായ്‌ തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്‌.”—സദൃ. 31:26.

1, 2. (എ) യഹോവയുടെ ആരാധകർ ഏതു ഗുണം വളർത്തിയെടുക്കണം? (ബി) ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

പുരാതനകാലത്തു ജീവിച്ചിരുന്ന ലെമൂവേൽരാജാവിന്‌ അദ്ദേഹത്തിന്റെ അമ്മ നൽകിയ ഉപദേശത്തിൽ ഒരു നല്ല ഭാര്യക്ക്‌ അവശ്യം വേണ്ട സ്വഭാവവിശേഷതയെക്കുറിച്ചു പറയുകയുണ്ടായി: “അവൾ ജ്ഞാനത്തോടെ വായ്‌ തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്‌.” (സദൃ. 31:1, 10, 26) ജ്ഞാനമുള്ള സ്‌ത്രീയുടെ മാത്രമല്ല യഹോവയാംദൈവത്തെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്ന സകലരുടെയും സംസാരത്തെ അലങ്കരിക്കേണ്ട ഗുണമാണ്‌ സ്‌നേഹനിർഭരമായ ദയ. * സത്യാരാധകരായ എല്ലാവരുടെയും സംസാരം ഇത്തരം ദയയോടുകൂടിയതായിരിക്കണം.

2 എന്താണ്‌ സ്‌നേഹനിർഭരമായ ദയ? ആരോടു കാണിക്കുന്നതാണ്‌ ഈ ദയ? നമ്മുടെ സംസാരം സ്‌നേഹനിർഭരമായ ദയയോടുകൂടിയത്‌ ആയിരിക്കാൻ നാം എന്തു ചെയ്യണം? കുടുംബാംഗങ്ങളോടും സഹക്രിസ്‌ത്യാനികളോടുമുള്ള സംസാരത്തെ ഈ ദയ എപ്രകാരം സ്വാധീനിക്കും?

വിശ്വസ്‌തതയോടുകൂടിയ സ്‌നേഹത്താൽ പ്രചോദിതമായ ദയ

3, 4. (എ) എന്താണ്‌ സ്‌നേഹനിർഭരമായ ദയ? (ബി) ദയയും സ്‌നേഹനിർഭരമായ ദയയും തമ്മിലുള്ള വ്യത്യാസമെന്ത്‌?

3 ദയ എന്ന ഗുണം സ്‌നേഹനിർഭരമായ ദയയുടെ ഭാഗമാണ്‌. എന്തുകൊണ്ടെന്നാൽ, ദയാപൂർവം മറ്റുള്ളവരിൽ വ്യക്തിപരമായ താത്‌പര്യം എടുക്കുന്നതും സഹായങ്ങൾ ചെയ്‌തുകൊടുത്തുകൊണ്ടും ആശ്വാസം പകരുന്ന വിധത്തിൽ സംസാരിച്ചുകൊണ്ടും ആ താത്‌പര്യം കാണിക്കുന്നതും ഈ ഗുണത്തിന്റെ ഒരു പ്രത്യേകതയാണ്‌. അതുപോലെതന്നെ, ഈ ഗുണത്തിൽ സ്‌നേഹം ഉൾപ്പെട്ടിരിക്കുന്നു. കാരണം, സ്‌നേഹനിർഭരമായ ദയയുള്ളവർ മറ്റുള്ളവരോടുള്ള സ്‌നേഹത്തെപ്രതി അവരുടെ ക്ഷേമത്തിൽ തത്‌പരരായിരിക്കും. എന്നാൽ കേവലം സ്‌നേഹവും ദയയും മാത്രം ഉൾപ്പെടുന്നതല്ല സ്‌നേഹനിർഭരമായ ദയ. അതിന്‌ വിശാലമായ അർഥമാണുള്ളത്‌. എന്തുതന്നെ സംഭവിച്ചാലും, ഒരു സദുദ്ദേശ്യം സാക്ഷാത്‌കരിക്കുംവരെ അതുമായി ബന്ധപ്പെട്ട വ്യക്തിയോട്‌ സവിശ്വസ്‌തം പറ്റിനിന്ന്‌ മനസ്സോടെ കാണിക്കുന്ന ദയയാണ്‌ സ്‌നേഹനിർഭരമായ ദയ.

4 സ്‌നേഹനിർഭരമായ ദയ മറ്റൊരു വിധത്തിലും ദയയിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ദയ അപരിചിതരോടും കാണിക്കാനാകും. കപ്പൽച്ചേതത്തിൽ അകപ്പെട്ട പൗലോസിനോടും കൂടെയുണ്ടായിരുന്ന 275 യാത്രക്കാരോടും മാൾട്ട ദ്വീപുവാസികൾ കനിവു കാണിച്ചത്‌ ഇതിന്‌ ഒരു ഉദാഹരണമാണ്‌. പൗലോസിനെയും കൂട്ടരെയും മാൾട്ട ദ്വീപുവാസികൾക്ക്‌ ഒട്ടും പരിചയമില്ലായിരുന്നെങ്കിലും അവർ അവരോടു ദയ കാണിച്ചു. (പ്രവൃ. 27:37–28:2) എന്നാൽ ഇതിൽനിന്നു വ്യത്യസ്‌തമായി, പരിചയമുള്ള വ്യക്തികൾക്കിടയിലെ കൂറുമായി ബന്ധപ്പെട്ടതാണ്‌ സ്‌നേഹനിർഭരമായ ദയ. * ഇതിനൊരു ഉദാഹരണമാണ്‌ “യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ” കേന്യർ അവരോടു കാണിച്ച ദയ.—1 ശമൂ. 15:6.

പ്രാർഥനയും ധ്യാനവും പ്രധാനം

5. നാവിനെ വരുതിയിൽ നിറുത്താൻ നമുക്കെങ്ങനെ കഴിയും?

5 എപ്പോഴും സ്‌നേഹനിർഭരമായ ദയയോടെ സംസാരിക്കുക എന്നത്‌ അത്ര എളുപ്പമല്ല. ശിഷ്യനായ യാക്കോബ്‌ ഇപ്രകാരം എഴുതി: “നാവിനെയോ ഒരു മനുഷ്യനും മെരുക്കാനാവില്ല. മനുഷ്യനു വരുതിയിൽ നിറുത്താനാകാത്ത അത്‌ തിന്മ വിതയ്‌ക്കുന്നതും മാരകവിഷം നിറഞ്ഞതും ആകുന്നു.” (യാക്കോ. 3:8) നിയന്ത്രിക്കാൻ ഇത്ര ബുദ്ധിമുട്ടുള്ള ഈ അവയവത്തെ വരുതിയിൽ നിറുത്താൻ നമുക്കെങ്ങനെ കഴിയും? തന്റെ നാളിലെ മതനേതാക്കളോട്‌ യേശു പറഞ്ഞ വാക്കുകളിൽനിന്ന്‌ നമുക്ക്‌ അതിന്‌ ഉത്തരം കണ്ടെത്താനാകും: “ഹൃദയത്തിന്റെ നിറവിൽനിന്നല്ലയോ വായ്‌ സംസാരിക്കുന്നത്‌.” (മത്താ. 12:34) സ്‌നേഹനിർഭരമായ ദയയോടെ സംസാരിക്കാൻ കഴിയണമെങ്കിൽ നമ്മുടെ ഹൃദയത്തിൽ, നമ്മുടെ ഉള്ളിൽ ആ ഗുണം ഉണ്ടായിരിക്കണം. ഇക്കാര്യത്തിൽ പ്രാർഥനയും ധ്യാനവും സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ നമുക്കു നോക്കാം.

6. യഹോവയുടെ സ്‌നേഹനിർഭരമായ ദയാപ്രവൃത്തികളെക്കുറിച്ച്‌ നാം നന്ദിയോടെ ധ്യാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 “മഹാദയ” ഉള്ളവനാണ്‌ യഹോവയാംദൈവം എന്ന്‌ ബൈബിൾ പറയുന്നു. (പുറ. 34:6) “യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 119:64) യഹോവ തന്റെ ആരാധകരോടു സ്‌നേഹനിർഭരമായ ദയ കാണിച്ച പല സന്ദർഭങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌. യഹോവയുടെ അത്തരം ദയാപ്രവൃത്തികളെക്കുറിച്ച്‌ നന്ദിയോടെ ധ്യാനിക്കുന്നപക്ഷം ഈ ദിവ്യഗുണം വളർത്തിയെടുക്കാനുള്ള ആഗ്രഹം നമുക്കുണ്ടാകും.—സങ്കീർത്തനം 77:12 വായിക്കുക.

7, 8. (എ) ലോത്തിനോടും കുടുംബത്തോടും യഹോവ സ്‌നേഹനിർഭരമായ ദയ കാണിച്ചത്‌ എങ്ങനെ? (ബി) യഹോവയുടെ സ്‌നേഹനിർഭരമായ ദയ ലഭിച്ച ദാവീദിന്‌ എന്തു തോന്നി?

7 അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിനെയും കുടുംബത്തെയും യഹോവ രക്ഷിച്ചതിനെക്കുറിച്ചു ചിന്തിക്കുക. രണ്ടുദൂതന്മാർ അവർ താമസിച്ചിരുന്ന സൊദോംപട്ടണം സന്ദർശിച്ചു. അതു നശിപ്പിക്കാനുള്ള സമയമായപ്പോൾ ഭാര്യയെയും മക്കളെയും കൂട്ടി എത്രയും വേഗം പട്ടണം വിട്ടു പോകാൻ അവർ ലോത്തിനെ നിർബന്ധിച്ചു. “അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്‌കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി.” എത്ര ഹൃദയസ്‌പർശിയാണ്‌ ഈ ബൈബിൾ വിവരണം! യഹോവയുടെ സ്‌നേഹനിർഭരമായ ദയയുടെ ഒരു പ്രകടനമല്ലേ ഇത്‌?—ഉല്‌പ. 19:16, 19.

8 പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദിന്റെ കാര്യമെടുക്കുക. യഹോവയെക്കുറിച്ച്‌ അവൻ ഇങ്ങനെ പാടി: “അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നു.” ബത്ത്‌-ശേബയോടുള്ള ബന്ധത്തിൽ ചെയ്‌ത പാപത്തിന്‌ തനിക്കു ലഭിച്ച ക്ഷമയെപ്രതി അവൻ എത്ര നന്ദിയുള്ളവൻ ആയിരുന്നിരിക്കണം! “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ അവൻ യഹോവയെ വാഴ്‌ത്തി. (സങ്കീ. 103:3, 11) ഇവയും സമാനമായ മറ്റു തിരുവെഴുത്തു വിവരണങ്ങളും ധ്യാനിക്കുന്നത്‌ യഹോവയുടെ സ്‌നേഹനിർഭരമായ ദയയോടുള്ള വിലമതിപ്പ്‌ നമ്മിൽ വളരാൻ ഇടയാക്കും; അവനെ സ്‌തുതിക്കാനും അവനു നന്ദി നൽകാനും നാം പ്രേരിതരായിത്തീരും. നമ്മുടെ ഉള്ളിൽ എത്രയധികം വിലമതിപ്പുണ്ടോ സത്യദൈവത്തെ അനുകരിക്കാൻ നാം അത്രയധികം ചായ്‌വുള്ളവരായിരിക്കും.—എഫെ. 5:1.

9. നിത്യജീവിതത്തിൽ സ്‌നേഹനിർഭരമായ ദയ കാണിക്കാൻ യഹോവയുടെ ആരാധകർക്ക്‌ എന്തു കാരണമുണ്ട്‌?

9 താനുമായി ഉറ്റബന്ധമുള്ള ആളുകളോടാണ്‌ യഹോവ സ്‌നേഹനിർഭരമായ ദയ—വിശ്വസ്‌തതയോടുകൂടിയ സ്‌നേഹം—കാണിക്കുന്നതെന്ന്‌ തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ജീവനുള്ള ദൈവവുമായി അത്തരമൊരു ബന്ധമില്ലാത്തവരുടെ കാര്യമോ? അവരോടു ദൈവം നിർദയമായോ പരുഷമായോ ആണോ ഇടപെടുന്നത്‌? ഒരിക്കലുമല്ല. ദൈവം “നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ” എന്ന്‌ ലൂക്കോസ്‌ 6:35 പറയുന്നു. “ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും അവൻ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നു.” (മത്താ. 5:45) സത്യം അറിയുകയും അത്‌ സ്വീകരിക്കുകയും ചെയ്യുന്നതിനുമുമ്പ്‌ ദൈവത്തിന്റെ ദയയിൽനിന്നു പ്രയോജനംനേടിയിട്ടുള്ളവരാണ്‌ നാമെല്ലാം. എന്നാൽ അവന്റെ ആരാധകരായിത്തീർന്നശേഷം വിശ്വസ്‌തതയോടുകൂടിയ അവന്റെ സ്‌നേഹത്തിന്‌, അതായത്‌ സുസ്ഥിരവും സ്‌നേഹനിർഭരവുമായ ദയയ്‌ക്ക്‌ നാം പാത്രീഭൂതരായി. (യെശയ്യാവു 54:10 വായിക്കുക.) നാം അതിന്‌ എത്ര നന്ദിയുള്ളവരായിരിക്കണം! ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വിശേഷിച്ച്‌ സംസാരത്തിൽ സ്‌നേഹനിർഭരമായ ദയ കാണിക്കാൻ ഈ വസ്‌തുത ശക്തമായ ഒരു പ്രേരകമല്ലേ?

10. സ്‌നേഹനിർഭരമായ ദയ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കാൻ പ്രാർഥന അതിപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 സ്‌നേഹനിർഭരമായ ദയ വളർത്തിയെടുക്കാൻ പ്രാർഥന നമ്മെ വളരെയേറെ സഹായിക്കും. സ്‌നേഹനിർഭരമായ ദയയിൽ ഉൾപ്പെട്ടിരിക്കുന്ന സ്‌നേഹവും ദയയും യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ സവിശേഷതകളാണല്ലോ. (ഗലാ. 5:22) നാം പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻകീഴിൽ വരുന്നെങ്കിൽ നമ്മുടെ ഹൃദയത്തിൽ സ്‌നേഹനിർഭരമായ ദയ വളരും. പരിശുദ്ധാത്മാവിനുവേണ്ടി യഹോവയോടു യാചിക്കുന്നതാണ്‌ അത്‌ ലഭിക്കാനുള്ള പ്രാഥമിക മാർഗം. (ലൂക്കോ. 11:13) പരിശുദ്ധാത്മാവിനായി നാം തുടർച്ചയായി പ്രാർഥിക്കണം, അതിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം. അതെ, നമ്മുടെ സംസാരത്തിൽ സ്‌നേഹനിർഭരമായ ദയ ഉണ്ടായിരിക്കണമെങ്കിൽ പ്രാർഥനയും ധ്യാനവും കൂടിയേതീരൂ.

ഇണകൾക്കിടയിലെ സംസാരത്തിൽ

11. (എ) ഭർത്താവ്‌ ഭാര്യയോടു സ്‌നേഹനിർഭരമായ ദയയോടെ ഇടപെടാൻ യഹോവ പ്രതീക്ഷിക്കുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) സ്‌നേഹനിർഭരമായ ദയ ഒരു ഭർത്താവിന്റെ സംസാരത്തെ എപ്രകാരം സ്വാധീനിക്കും?

11 അപ്പൊസ്‌തലനായ പൗലോസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ഭർത്താക്കന്മാരേ, ക്രിസ്‌തു സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുവിൻ.” (എഫെ. 5:25) ആദാമിനോടും ഹവ്വായോടും യഹോവ പറഞ്ഞ കാര്യവും പൗലോസ്‌ അവരെ ഓർമപ്പെടുത്തി: “ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ട്‌ ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകശരീരമായിത്തീരും.” (എഫെ. 5:31) ഭർത്താവ്‌ ഭാര്യയോടു വിശ്വസ്‌തമായി പറ്റിനിൽക്കാനും അവളോട്‌ എപ്പോഴും സ്‌നേഹനിർഭരമായ ദയയോടെ ഇടപെടാനും യഹോവ പ്രതീക്ഷിക്കുന്നു എന്നു വ്യക്തം. ഒരു ഭർത്താവിന്റെ സംസാരം വിശ്വസ്‌തതയോടുകൂടിയ സ്‌നേഹത്താൽ ഭരിക്കപ്പെടുന്നതാണെങ്കിൽ മറ്റുള്ളവരുടെ മുമ്പാകെ അദ്ദേഹം അവളെ താഴ്‌ത്തിക്കെട്ടുകയോ അവളുടെ കുറ്റം പറയുകയോ ചെയ്യില്ല. അവളെ പ്രശംസിക്കുന്നതിലായിരിക്കും അദ്ദേഹത്തിനു താത്‌പര്യം. (സദൃ. 31:28) എന്തെങ്കിലും കാരണത്താൽ അവർക്കിടയിൽ പ്രശ്‌നം ഉണ്ടാകുന്നെങ്കിൽ അവളെ അവമതിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കാൻ സ്‌നേഹനിർഭരമായ ദയയുള്ള ഒരു ഭർത്താവ്‌ ശ്രദ്ധിക്കും.

12. സ്‌നേഹനിർഭരമായ ദയ തന്റെ സംസാരത്തെ സ്വാധീനിക്കുന്നു എന്ന്‌ ഭാര്യക്ക്‌ എങ്ങനെ കാണിക്കാം?

12 സ്‌നേഹനിർഭരമായ ദയ ഭാര്യയുടെ സംസാരത്തെയും സ്വാധീനിക്കണം. അവളുടെ സംസാരത്തിൽ ലോകത്തിന്റെ ആത്മാവ്‌ പ്രകടമാകരുത്‌. “ഭർത്താവിനെ ആഴമായി ബഹുമാനി”ക്കുന്ന ഭാര്യ മറ്റുള്ളവരുടെ മുമ്പാകെ അദ്ദേഹത്തെക്കുറിച്ച്‌ നല്ലതു മാത്രമേ സംസാരിക്കൂ. അങ്ങനെ മറ്റുള്ളവർക്ക്‌ അദ്ദേഹത്തിലുള്ള മതിപ്പ്‌ വർധിക്കാൻ അവൾ ഇടയാക്കും. (എഫെ. 5:33) കുട്ടികൾക്ക്‌ പിതാവിനോടുള്ള ബഹുമാനം കുറയാതിരിക്കാൻ അവൾ ശ്രദ്ധിക്കും; അവരുടെ മുമ്പിൽവെച്ച്‌ അദ്ദേഹത്തോട്‌ എതിർത്തു സംസാരിക്കുകയോ വിയോജിക്കുകയോ ഇല്ല. പകരം, അവർ ഇരുവരും തനിച്ചായിരിക്കുമ്പോൾ അവൾ അത്തരം കാര്യങ്ങൾ പറഞ്ഞുതീർക്കും. “സ്‌ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃ. 14:1) അത്തരമൊരു സ്‌ത്രീയുടെ ഭവനം മുഴുകുടുംബത്തിനും സന്തോഷവും നവോന്മേഷവും പകരുന്ന ഇടമായിരിക്കും.

13. സ്‌നേഹനിർഭരമായ ദയ അവശ്യം വേണ്ടത്‌ എവിടെയാണ്‌, അതിന്‌ ദമ്പതികൾ എന്തു ചെയ്യണം?

13 വീട്ടിൽവെച്ച്‌, പരസ്‌പരം സംസാരിക്കുമ്പോഴും ആദരവു കാണിക്കാൻ ദമ്പതികൾ മറക്കരുത്‌. “ക്രോധം, കോപം, വഷളത്തം, ദൂഷണം എന്നിവയൊക്കെയും പാടേ ഉപേക്ഷിക്കുക” എന്ന്‌ പൗലോസ്‌ എഴുതി. “നിങ്ങൾ മനസ്സലിവ്‌, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുവിൻ. . . . ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്‌നേഹം ധരിക്കുവിൻ” എന്നും അവൻ കൂട്ടിച്ചേർത്തു. (കൊലോ. 3:8, 12-14) വീട്ടിൽ ദയയോടും സ്‌നേഹത്തോടും കൂടിയുള്ള സംസാരം കേട്ടുവളരുന്ന കുട്ടികൾ മിടുക്കരായിത്തീരുമെന്നു മാത്രമല്ല അവർ മാതാപിതാക്കളുടെ സംസാരരീതി അനുകരിക്കാനുള്ള സാധ്യതയും ഏറെയാണ്‌.

14. കുടുംബാംഗങ്ങൾക്ക്‌ ആശ്വാസം പകരാൻ കുടുംബനാഥന്മാർക്ക്‌ തങ്ങളുടെ നാവിനെ എങ്ങനെ ഉപയോഗിക്കാം?

14 സങ്കീർത്തനക്കാരൻ യഹോവയോട്‌ ഇങ്ങനെ യാചിച്ചു: “നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.” (സങ്കീ. 119:76) യഹോവ തന്റെ ജനത്തിന്‌ ആശ്വാസമേകുന്നത്‌ പ്രധാനമായും പ്രോത്സാഹനവും മാർഗനിർദേശവും നൽകിക്കൊണ്ടാണ്‌. (സങ്കീ. 119:105) കുടുംബനാഥന്മാർക്ക്‌ നമ്മുടെ സ്വർഗീയപിതാവിന്റെ ഈ മാതൃക അനുകരിച്ചുകൊണ്ട്‌ കുടുംബാംഗങ്ങൾക്ക്‌ എങ്ങനെ ആശ്വാസം പകരാനാകും? ആവശ്യമായ പ്രോത്സാഹനവും മാർഗനിർദേശവും നൽകാൻ തങ്ങളുടെ നാവിനെ ഉപയോഗിച്ചുകൊണ്ട്‌ അവർക്കതു ചെയ്യാനാകും. അതിനുളള എത്ര നല്ല അവസരമാണ്‌ സായാഹ്ന കുടുംബാരാധന! ആശ്വാസം പകരാൻ സഹായിക്കുന്ന വിലയേറിയ ആത്മീയ വിവരങ്ങൾ ബൈബിളിൽനിന്നു കണ്ടെത്താനുള്ള അവസരമാണത്‌.—സദൃ. 24:4.

സഹക്രിസ്‌ത്യാനികളോട്‌ വിശ്വസ്‌തതയോടുകൂടിയ സ്‌നേഹം കാണിക്കുക

15. ക്രിസ്‌തീയ മൂപ്പന്മാർക്കും ആത്മീയ പക്വതയുള്ള മറ്റുള്ളവർക്കും സഭാംഗങ്ങളെ ‘പരിപാലിക്കാൻ’ തങ്ങളുടെ നാവിനെ എങ്ങനെ ഉപയോഗിക്കാം?

15 “നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും” എന്ന്‌ ദാവീദുരാജാവ്‌ പ്രാർഥനയിൽ പറഞ്ഞു. (സങ്കീ. 40:11) ക്രിസ്‌തീയ മൂപ്പന്മാർക്കും ആത്മീയ പക്വതയുള്ള മറ്റു സഭാംഗങ്ങൾക്കും ഇക്കാര്യത്തിൽ യഹോവയെ എങ്ങനെ അനുകരിക്കാനാകും? തിരുവെഴുത്തു വിവരങ്ങൾ സഹോദരങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ നാവിനെ ഉപയോഗിക്കുന്നതിലൂടെ നമുക്ക്‌ സ്‌നേഹനിർഭരമായ ദയ കാണിക്കാനാകും.—സദൃ. 17:17.

16, 17. സ്‌നേഹനിർഭരമായ ദയ നമ്മുടെ നാവിന്മേലുണ്ടെന്നു കാണിക്കാനാകുന്ന ചില വഴികൾ ഏവ?

16 ബൈബിൾ തത്ത്വങ്ങൾക്കു നിരക്കാത്ത ഒരു തെറ്റായ ഗതിയിലേക്ക്‌ ഒരു സഹക്രിസ്‌ത്യാനി നീങ്ങുന്നത്‌ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നെങ്കിൽ എന്തു ചെയ്യണം? ആ വ്യക്തിയെ തിരുത്തുന്നതിന്‌ നിങ്ങളുടെ നാവിനെ ഉപയോഗിക്കാൻ സ്‌നേഹനിർഭരമായ ദയ നിങ്ങളെ പ്രേരിപ്പിക്കില്ലേ? (സങ്കീ. 141:5) ഇനി, സഹവിശ്വാസിയായ ഒരാൾ ഗുരുതരമായ ഒരു തെറ്റു ചെയ്‌തതായി നിങ്ങൾ അറിയുന്നെങ്കിലോ? നിങ്ങൾക്ക്‌ വിശ്വസ്‌തതയോടുകൂടിയ സ്‌നേഹം ഉണ്ടെങ്കിൽ ‘സഭയിലെ മൂപ്പന്മാരെ വിളിക്കാൻ’ നിങ്ങൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും. മൂപ്പന്മാർ ‘യഹോവയുടെ നാമത്തിൽ അവന്റെമേൽ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കാൻ’ അത്‌ വഴിയൊരുക്കും. (യാക്കോ. 5:14) തെറ്റു ചെയ്‌തയാൾ മൂപ്പന്മാരെ സമീപിക്കുന്നില്ലെങ്കിലോ? ആ തെറ്റിനെക്കുറിച്ച്‌ നിങ്ങൾ മൂപ്പന്മാരോടു പറയാതിരിക്കുന്നത്‌ സ്‌നേഹത്തിന്റെയോ ദയയുടെയോ ലക്ഷണമല്ല. “വിഷാദമഗ്നരെ സാന്ത്വന”പ്പെടുത്തുന്ന വിധത്തിൽ സംസാരിക്കാനും നമുക്ക്‌ നമ്മുടെ നാവിനെ ഉപയോഗിക്കാനാകും. (1 തെസ്സ. 5:14) കാരണം, നമ്മിൽ ചിലർ നിരുത്സാഹിതരോ ഏകാന്തത അനുഭവിക്കുന്നവരോ വിലകെട്ടവരെന്ന ചിന്തയുള്ളവരോ നിരാശയിൽ ആണ്ടുപോയവരോ ഒക്കെയാണ്‌. അവർക്ക്‌ ആശ്വാസമേകുംവിധം സംസാരിച്ചുകൊണ്ട്‌ സ്‌നേഹനിർഭരമായ ദയയുണ്ടെന്ന്‌ നമുക്ക്‌ തെളിയിക്കാനാകും.

17 ദൈവജനത്തിന്റെ ശത്രുക്കൾ നമ്മുടെ സഹോദരങ്ങളെക്കുറിച്ച്‌ അപവാദം പറഞ്ഞുപരത്തുന്നെങ്കിൽ നാം എന്തു ചെയ്യണം? സഹവിശ്വാസികളുടെ വിശ്വസ്‌തതയെ നാം സംശയിക്കരുത്‌, അത്തരം സംസാരത്തിന്‌ ചെവികൊടുക്കുകയുമരുത്‌. ആത്മാർഥതയോടെയാണ്‌ ഒരാൾ അതു പറയുന്നതെങ്കിലോ? എന്തിന്റെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം അങ്ങനെ പറയുന്നതെന്ന്‌ ചോദിക്കാവുന്നതാണ്‌. ദ്രോഹിക്കുക എന്ന ലക്ഷ്യത്തിൽ ചിലപ്പോൾ സഹോദരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശത്രുക്കൾ നമ്മോടു ചോദിച്ചേക്കാം. സഹോദരങ്ങളോട്‌ വിശ്വസ്‌തതയോടുകൂടിയ സ്‌നേഹമുണ്ടെങ്കിൽ നാം ഒരിക്കലും അത്തരം വിവരങ്ങൾ നൽകില്ല.—സദൃ. 18:24.

സ്‌നേഹനിർഭരമായ ദയ ‘പിന്തുടരുന്നവൻ ജീവൻ കണ്ടെത്തും’

18, 19. സ്‌നേഹനിർഭരമായ ദയയോടെ സഹാരാധകരോട്‌ ഇടപെടേണ്ടത്‌ എന്തുകൊണ്ട്‌?

18 സഹാരാധകരോട്‌ ഇടപെടുമ്പോഴെല്ലാം വിശ്വസ്‌തതയോടുകൂടിയ നമ്മുടെ സ്‌നേഹം പ്രകടമായിരിക്കണം. പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും സ്‌നേഹനിർഭരമായ ദയ നമ്മുടെ നാവിൽനിന്നു നീങ്ങിപ്പോകരുത്‌. ഇസ്രായേൽ ജനത്തിന്റെ സ്‌നേഹനിർഭരമായ ദയ “പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെ” ആയപ്പോൾ യഹോവയ്‌ക്ക്‌ അത്‌ അനിഷ്ടമായി. (ഹോശേ. 6:4, 6) നാം എപ്പോഴും ഈ ഗുണം കാണിക്കണമെന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. അങ്ങനെ ചെയ്യുന്നവരെ അവൻ എങ്ങനെ അനുഗ്രഹിക്കും?

19 “നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും” എന്ന്‌ സദൃശവാക്യങ്ങൾ 21:21 പറയുന്നു. അതെ, സ്‌നേഹനിർഭരമായ ദയ പിന്തുടരുന്ന വ്യക്തി ജീവൻ കണ്ടെത്തും—ഹ്രസ്വകാലത്തേക്കുള്ള ഒരു ജീവിതമല്ല, അനന്തജീവൻ! “യഥാർഥ ജീവനിൽ പിടിയുറപ്പിക്കാൻ” യഹോവ അവനെ സഹായിക്കും. (1 തിമൊ. 6:12, 19) അതുകൊണ്ട്‌, ‘ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയ കാണിക്ക’ എന്ന ആഹ്വാനത്തിനു ചേർച്ചയിൽ നമുക്കു ജീവിക്കാം.—സെഖ. 7:9.

[അടിക്കുറിപ്പ്‌]

^ ഖ. 1 പുതിയ ലോക ഭാഷാന്തരത്തിൽ ‘സ്‌നേഹനിർഭരമായ ദയ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നിടത്ത്‌ സത്യവേദപുസ്‌തകത്തിൽ ദയ, മഹാദയ, വാത്സല്യം മുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു.

^ ഖ. 4 വിശ്വസ്‌തത, സ്‌നേഹം, ദയ എന്നിവയിൽനിന്ന്‌ സ്‌നേഹനിർഭരമായ ദയ അഥവാ സ്‌നേഹദയ എങ്ങനെയാണ്‌ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നു കൂടുതൽ അറിയാൻ 2002 മേയ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ പേജ്‌ 12-13, 18-19 കാണുക.

വിശദീകരിക്കാമോ?

• സ്‌നേഹനിർഭരമായ ദയയെ എങ്ങനെ നിർവചിക്കും?

• സ്‌നേഹനിർഭരമായ ദയയോടെ സംസാരിക്കാൻ നമ്മെ എന്തു സഹായിക്കും?

• ദമ്പതികൾക്ക്‌ സംസാരത്തിൽ എങ്ങനെ വിശ്വസ്‌തതയോടുകൂടിയ സ്‌നേഹം കാണിക്കാനാകും?

• സ്‌നേഹനിർഭരമായ ദയയോടെ സഹാരാധകരോടു സംസാരിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

യഹോവയുടെ സ്‌നേഹനിർഭരമായ ദയയെ ദാവീദ്‌ വാഴ്‌ത്തിപ്പാടി

[24-ാം പേജിലെ ചിത്രം]

നിങ്ങൾ ക്രമമായി കുടുംബാരാധന നടത്താറുണ്ടോ?