അഭൂതപൂർവമായ വികസനത്തിന്റെ കാലത്ത് സേവിക്കുന്നു
അഭൂതപൂർവമായ വികസനത്തിന്റെ കാലത്ത് സേവിക്കുന്നു
ഹാർലി ഹാരിസ് പറഞ്ഞപ്രകാരം
1950 സെപ്‌റ്റംബർ 2. സ്ഥലം യു.എസ്.എ.-യിലെ മിസൗറിയിലുള്ള കെന്നത്ത്. സർക്കിട്ട് സമ്മേളനത്തിന് അവിടെ കൂടിവന്ന ഞങ്ങളെ ഒരു ജനക്കൂട്ടം വളഞ്ഞു. രംഗം വഷളാകുമെന്നു തോന്നിയപ്പോൾ സ്ഥലത്തെ മേയർ അക്രമാസക്തരായ ആ ജനക്കൂട്ടത്തിൽനിന്നു ഞങ്ങളെ രക്ഷിക്കാൻ ദേശീയ സുരക്ഷാസേനയെ വരുത്തി. തെരുവിലെങ്ങും തോക്കുകളും ബയൊനെറ്റുകളുമേന്തിയ പടയാളികൾ അണിനിരന്നു. അവർക്കിടയിലൂടെ നടന്ന് ഞങ്ങൾ കാറിൽ കയറിയപ്പോൾ ജനക്കൂട്ടം കൂക്കിവിളിക്കുന്നുണ്ടായിരുന്നു. സമ്മേളനത്തിന്റെ ബാക്കി ഭാഗം കൂടാനായി അവിടെനിന്നു ഞങ്ങൾ മിസൗറിയിലെ കേപ് ഗെരാർഡോയിലേക്കു പോയി. ഞാൻ അവിടെവെച്ച് സ്‌നാനമേറ്റു; അന്ന് എനിക്ക് 14 വയസ്സ്. പ്രശ്‌നപൂരിതമായ ഈ സാഹചര്യത്തിന്മധ്യേ ഞാൻ യഹോവയെ സേവിക്കാൻ ഇടയായത് എങ്ങനെയെന്ന് ആദ്യം വിശദീകരിക്കാം.
എന്റെ വല്യപ്പനും വല്യമ്മയും അവരുടെ എട്ടുമക്കളും 1930-കളുടെ ആരംഭത്തിൽ റഥർഫോർഡ് സഹോദരന്റെ ചില പ്രസംഗങ്ങളുടെ റെക്കോർഡിങ്ങുകൾ കേൾക്കാൻ ഇടയായി; ഇതാണ് സത്യം എന്ന് അവർ തിരിച്ചറിയുകയും ചെയ്‌തു. 1935-ൽ വാഷിങ്‌ടൺ ഡി.സി.-യിൽ നടന്ന കൺവെൻഷനിൽ എന്റെ മാതാപിതാക്കളായ ബേ ഹാരിസും മിൽഡ്രഡ് ഹാരിസും സ്‌നാനമേറ്റു. ആ കൺവെൻഷനിൽ തിരിച്ചറിയിക്കപ്പെട്ട “മഹാപുരുഷാര”ത്തിന്റെ ഭാഗമാണ് തങ്ങളെന്നു മനസ്സിലാക്കിയപ്പോൾ അവർ തികച്ചും പുളകിതരായി!—വെളി. 7:9, 14.
തൊട്ടടുത്ത വർഷം ഞാൻ ജനിച്ചു. എനിക്ക് ഒരു വയസ്സായപ്പോൾ മിസ്സിസ്സിപ്പിയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് ഞങ്ങൾ താമസംമാറി. അവിടെ ആയിരുന്നപ്പോൾ സഞ്ചാരമേൽവിചാരകന്മാരുടെ സന്ദർശനംപോലും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. എന്റെ കുടുംബം ബെഥേലിലേക്ക് കത്തുകൾ എഴുതുമായിരുന്നു; സമ്മേളനങ്ങളിലും സംബന്ധിക്കുമായിരുന്നു. കുറച്ചു കാലത്തേക്ക് സഹോദരങ്ങളുമായി ഞങ്ങൾക്ക് അത്രമാത്രം ബന്ധമേ ഉണ്ടായിരുന്നുള്ളൂ.
പീഡനത്തിന്മധ്യേ സഹിച്ചുനിൽക്കുന്നു
നിഷ്‌പക്ഷതനിമിത്തം രണ്ടാം ലോകമഹായുദ്ധകാലത്ത് യഹോവയുടെ സാക്ഷികൾക്ക് വളരെയധികം പീഡനം സഹിക്കേണ്ടിവന്നു. അന്ന് അർക്കൻസസിലെ മൗണ്ടൻ ഹോമിൽ ആണ് ഞങ്ങൾ താമസിച്ചിരുന്നത്. ഒരു ദിവസം ഞാനും പിതാവും തെരുവുസാക്ഷീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ പെട്ടെന്ന് എന്റെ പിതാവിന്റെ കൈയിൽനിന്നു മാസികകൾ പിടിച്ചുവാങ്ങി, ഞങ്ങളുടെ മുമ്പിൽവെച്ചുതന്നെ അവ കത്തിച്ചുകളഞ്ഞു. ‘യുദ്ധത്തിനു പോകാത്ത ഭീരുക്കൾ’ എന്നു പറഞ്ഞ് ഞങ്ങളെ ആക്ഷേപിക്കുകയും ചെയ്‌തു. ഞാൻ പേടിച്ച് കരയാൻ തുടങ്ങി; അന്ന് എനിക്ക് അഞ്ചുവയസ്സേ ഉള്ളൂ. ആ മനുഷ്യൻ ഇത്രയൊക്കെ ചെയ്‌തിട്ടും എന്റെ പിതാവ് ഒട്ടും ക്ഷോഭിച്ചില്ല, ഒന്നും പറയാതെ ശാന്തനായി നിന്നു. ഒടുവിൽ അയാൾ അവിടം വിട്ടുപോയി.
ഞങ്ങളെ അനുകൂലിച്ച നല്ല മനുഷ്യരും ഉണ്ടായിരുന്നു. ഒരിക്കൽ ഒരു കൂട്ടം ആളുകൾ ഞങ്ങളുടെ കാർ വളഞ്ഞപ്പോൾ സ്ഥലത്തെ ഗവണ്മെന്റ് വക്കീൽ ആ വഴിക്കുവന്നു. “എന്താ ഇവിടെ നടക്കുന്നത്?” അദ്ദേഹം ചോദിച്ചു. “ഈ യഹോവാസാക്ഷികൾ രാജ്യത്തിനുവേണ്ടി പോരാടാത്തവരാണ്,” ഒരു മനുഷ്യൻ പ്രതിവചിച്ചു. അതുകേട്ടതും വക്കീൽ ഞങ്ങളുടെ കാറിന്റെ പ്രവൃ. 27:3.
ചവിട്ടുപടിയിൽ കയറിനിന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഞാൻ ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടിയ ആളാണ്. ഈ യുദ്ധത്തിലും ഞാൻ പോരാടും! നിങ്ങൾ ഇവരെ വിട്ടേക്കൂ. ഇവർ ആരെയും ദ്രോഹിക്കുന്നില്ലല്ലോ.” ആ ജനക്കൂട്ടം പതിയെ അവിടെനിന്നു പിരിഞ്ഞുപോയി. ഞങ്ങളോടു കനിവുകാണിച്ച അങ്ങനെയുള്ള ആളുകളെ ഞങ്ങൾ ഏറെ വിലമതിച്ചു.—ഞങ്ങളെ ശക്തീകരിച്ച കൺവെൻഷനുകൾ
ഞങ്ങൾക്കു തക്ക സമയത്തു ലഭിച്ച സഹായമായിരുന്നു 1941-ൽ മിസൗറിയിലെ സെന്റ് ലൂയിസിൽ നടന്ന കൺവെൻഷൻ. 1,15,000-ത്തിലധികം പേർ അതിൽ പങ്കെടുത്തു എന്നാണ് ഒരു കണക്കു സൂചിപ്പിക്കുന്നത്; 3,903 പേർ സ്‌നാനമേറ്റു! അവിടെ റഥർഫോർഡ് സഹോദരൻ നടത്തിയ “രാജാവിന്റെ കുട്ടികൾ” എന്ന പ്രസംഗം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞങ്ങൾ കുട്ടികളെ അഭിസംബോധനചെയ്‌താണ് സഹോദരൻ പ്രസംഗിച്ചത്. ഞങ്ങൾക്കെല്ലാവർക്കും കുട്ടികൾ (ഇംഗ്ലീഷ്) എന്ന നീല പുറംചട്ടയോടുകൂടിയ മനോഹരമായ പുസ്‌തകത്തിന്റെ ഓരോ പ്രതി ലഭിക്കുകയും ചെയ്‌തു. അടുത്ത വർഷം നടക്കാനിരുന്ന കാര്യങ്ങൾക്കുവേണ്ടി ഈ കൺവെൻഷൻ എന്നെ ഒരുക്കി; ഞാൻ പ്രൈമറി സ്‌കൂളിൽ ചേരാനിരിക്കുകയായിരുന്നു. പതാകയെ വന്ദിക്കാതിരുന്നതിന് സ്‌കൂളിൽ ചേർന്ന ആ വർഷം എന്നെയും എന്റെ പിതൃസഹോദരന്റെ മക്കളെയും സ്‌കൂളിൽനിന്നു പുറത്താക്കി. എങ്കിലും അധികാരികളുടെ മനസ്സു മാറിയോ എന്നറിയാൻ ഞങ്ങൾ എല്ലാ ദിവസവും സ്‌കൂളിലേക്കു പോകുമായിരുന്നു. എന്നും ഞങ്ങൾ കാട്ടിലൂടെ നടന്നുനടന്ന് അവിടെവരെ ചെല്ലും, പക്ഷേ അവർ ഞങ്ങളെ പറഞ്ഞുവിടും. എന്നാൽ ദൈവരാജ്യത്തോടുള്ള വിശ്വസ്‌തത കാണിക്കാനുള്ള അവസരമായിട്ടാണ് ഞങ്ങൾ ഇതിനെ കണ്ടത്.
എന്നാൽ അധികം വൈകാതെ, പതാക വന്ദനം നിർബന്ധമാക്കേണ്ടതില്ലെന്ന് ഐക്യനാടുകളിലെ സുപ്രീം കോടതി വിധിച്ചു. ഒടുവിൽ, ഞങ്ങൾക്കു സ്‌കൂളിൽ ചേരാനായി. അധ്യാപകൻ ഞങ്ങളോട് വളരെ പരിഗണന കാണിച്ചു; നഷ്ടപ്പെട്ട പാഠഭാഗങ്ങൾ പഠിച്ചെടുക്കാൻ സഹായിച്ചു. സഹപാഠികളും ഞങ്ങളോട് ആദരവോടെയാണ് ഇടപെട്ടത്.
1942-ൽ ഒഹായോയിലെ ക്ലീവ്‌ലൻഡിൽ നടന്ന കൺവെൻഷനും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. “സമാധാനം—അതു നിലനിൽക്കുമോ?” എന്ന വിഷയത്തെ ആസ്‌പദമാക്കി നേഥൻ എച്ച്. നോർ സഹോദരൻ അന്നൊരു പ്രസംഗം നടത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം താരതമ്യേന സമാധാനപൂർണമായ ഒരു അവസ്ഥ സംജാതമാകുമെന്ന് വെളിപാട് 17-ാം അധ്യായം വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വികസനം നടക്കുമെന്നുള്ള പ്രതീക്ഷയ്‌ക്ക് അതു വകനൽകി. അതിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ 1943-ൽ ഗിലെയാദ് സ്‌കൂൾ ആരംഭിച്ചു. ഈ സ്‌കൂൾ ഭാവിയിൽ എന്റെ ജീവിതത്തിന്റെ ഗതി നിർണയിക്കുമെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു. മുൻകൂട്ടിപ്പറഞ്ഞ സമാധാനം യുദ്ധാനന്തരം യാഥാർഥ്യമായി; പീഡനം കെട്ടടങ്ങി. പക്ഷേ, 1950-ൽ കൊറിയൻ യുദ്ധം ആരംഭിച്ചതോടെ പ്രസംഗവേലയ്‌ക്ക് എതിരെ വീണ്ടും എതിർപ്പ് പൊട്ടിപ്പുറപ്പെട്ടു. അതിനോട് അനുബന്ധിച്ചുണ്ടായ ഒരു സംഭവമാണ് തുടക്കത്തിൽ വിവരിച്ചത്.
വികസനത്തിൽ ഒരു പൂർണ പങ്ക്
1954-ൽ ഞാൻ സ്‌കൂൾ പഠനം പൂർത്തിയാക്കി; ഒരു മാസത്തിനുശേഷം പയനിയറിങ് ആരംഭിച്ചു. 1950-ൽ ജനക്കൂട്ടം ഞങ്ങളെ വളഞ്ഞ മിസൗറിയിലെ കെന്നത്തിലാണ് ഞാൻ ആദ്യം സേവിച്ചത്. അതിനുശേഷം 1955 മാർച്ചിൽ എനിക്ക് ബെഥേലിൽ സേവിക്കാനുള്ള ക്ഷണം ലഭിച്ചു. എന്നെ നിയമിച്ച സഭയുടെ പ്രദേശത്തായിരുന്നു ന്യൂയോർക്ക് പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ടൈംസ് സ്‌ക്വയർ. ഗ്രാമത്തിൽനിന്നു തികച്ചും വിഭിന്നമായ ഒരു അന്തരീക്ഷം! ശുശ്രൂഷയിലായിരിക്കെ വഴിപോക്കരോട്, മാസിക തുറന്ന് ചിന്തോദ്ദീപകമായ ഒരു ലേഖനം ചൂണ്ടിക്കാണിച്ച് “നിങ്ങൾ എപ്പോഴെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?” എന്നു ഞാൻ ചോദിക്കുമായിരുന്നു. തിരക്കിട്ടു പോകുന്ന നഗരവാസികളുടെ ശ്രദ്ധ പിടിച്ചെടുക്കാൻ അങ്ങനെ എനിക്കു കഴിഞ്ഞു; പലരും മാസികകൾ സ്വീകരിച്ചു.
നോർ സഹോദരൻ നടത്തുന്ന ദിനവാക്യ ചർച്ചയാണ് ഞാൻ ബെഥേലിൽ ഏറ്റവും ആസ്വദിച്ചിരുന്ന ഒരു സംഗതി. തിരുവെഴുത്തുകൾ വിശദീകരിച്ച് അവ പ്രായോഗികതലത്തിലേക്കു കൊണ്ടുവരുന്ന കാര്യത്തിൽ അദ്ദേഹം പ്രഗത്ഭനായിരുന്നു. സഹോദരിമാരോട് എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച് ഏകാകികളായ ഞങ്ങൾ യുവാക്കൾക്ക് സഹോദരൻ നല്ല ഉപദേശങ്ങൾ നൽകുമായിരുന്നു. ഒരു പിതാവിനെപ്പോലെയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. 1960 ആയപ്പോഴേക്കും വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചു.
30 ദിവസം കഴിയുമ്പോൾ ഞാൻ ബെഥേലിൽനിന്നു പോകാൻ ആഗ്രഹിക്കുന്നു എന്നു കാണിച്ച് ഒരു കത്തു നൽകി. പക്ഷേ എനിക്കു മറുപടിയൊന്നും കിട്ടിയില്ല. 30-ാമത്തെ ദിവസം, ധൈര്യം സംഭരിച്ച്, ഞാൻ പോകേണ്ട ദിവസം അറിയാനായി ഫോൺചെയ്‌തു. റോബേർട്ട് വോളെൻ സഹോദരനാണ് ഫോൺ എടുത്തത്. ഞാൻ ജോലി ചെയ്യുന്നിടത്തേക്കു വന്ന അദ്ദേഹം, ഒരു പ്രത്യേക പയനിയറായോ സഞ്ചാരമേൽവിചാരകനായോ പോകാൻ ആഗ്രഹമുണ്ടോ എന്നു ചോദിച്ചു. “പക്ഷേ ബോബ് (റോബേർട്ട്), എനിക്ക് 24 വയസ്സേ ഉള്ളൂ! എനിക്ക് അനുഭവപരിചയമില്ലല്ലോ” എന്നായിരുന്നു എന്റെ മറുപടി.
സഞ്ചാരവേലയിലേക്ക്
ആ ദിവസം വൈകിട്ട് മുറിയിൽ ചെന്നപ്പോൾ, അതാ ഒരു വലിയ കവർ! അതിൽ രണ്ട് അപേക്ഷാഫാറങ്ങൾ ഉണ്ടായിരുന്നു: ഒന്ന് പ്രത്യേക പയനിയറിങ്ങിനുള്ളതും
മറ്റേത് സഞ്ചാരവേലയ്‌ക്കുള്ളതും. ഞാൻ ഞെട്ടിപ്പോയി! അങ്ങനെ തെക്കുപടിഞ്ഞാറൻ മിസൗറിയിലും കിഴക്കൻ കൻസാസിലും ഉള്ള സഹോദരങ്ങളുടെ സഞ്ചാരമേൽവിചാരകനായി സേവിക്കാനുള്ള മഹത്തായ അവസരം എനിക്കു കൈവന്നു. ബെഥേൽ വിടുന്നതിനുമുമ്പ് സഞ്ചാരമേൽവിചാരകന്മാർക്കുള്ള ഒരു യോഗത്തിൽ എനിക്കു പങ്കെടുക്കാനായി. നോർ സഹോദരന്റെ ഉപസംഹാര വാക്കുകൾ ഇങ്ങനെയായിരുന്നു: “സർക്കിട്ട്, ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകന്മാരാണ് എന്നതുകൊണ്ട് പ്രാദേശിക സഹോദരങ്ങളെക്കാൾ അറിവുള്ളവരാണ് നിങ്ങൾ എന്ന് അർഥമില്ല. അവരിൽ ചിലർക്ക് നിങ്ങളെക്കാൾ ഏറെ അനുഭവപരിചയമുണ്ട്; സാഹചര്യംനിമിത്തം അവർക്ക് ഈ പദവികൾ വഹിക്കാനാകുന്നില്ല എന്നേ ഉള്ളൂ. അവരിൽനിന്നു നിങ്ങൾക്ക് ഏറെ പഠിക്കാനാകും.”ആ വാക്കുകൾ തികച്ചും സത്യമായിരുന്നു. കൻസാസിലെ പാർസൻസ് നഗരത്തിലുണ്ടായിരുന്ന ഫ്രെഡ് മലഹൻ, അദ്ദേഹത്തിന്റെ ഭാര്യ, ജ്യേഷ്‌ഠനായ ചാർലി എന്നിവരുടെ കാര്യം എടുത്തുപറയേണ്ടതാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സത്യത്തിൽ വന്നവരാണ് അവർ. വളരെ രസകരമായിരുന്നു അവരുടെ അനുഭവങ്ങൾ; മിക്കതും ഞാൻ ജനിക്കുന്നതിനു മുമ്പുള്ളവ! മറ്റൊരു സഹോദരനായിരുന്നു മിസൗറിയിലെ ജോപ്ലിനിൽനിന്നുള്ള ജോൺ റിസ്റ്റൻ. പതിറ്റാണ്ടുകൾ പയനിയറായി സേവിച്ച പ്രായമുള്ള, ദയാലുവായ ഒരു സഹോദരനായിരുന്നു അദ്ദേഹം. ഈ സഹോദരങ്ങൾക്കെല്ലാം യഹോവയുടെ സംഘടനയുടെ ക്രമീകരണങ്ങളോട് ഏറെ വിലമതിപ്പുണ്ടായിരുന്നു. ഞാൻ തീരെ ചെറുപ്പമായിരുന്നെങ്കിലും അവരുടെ സർക്കിട്ട് മേൽവിചാരകനെന്ന നിലയിൽ അവർ എന്നെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്‌തു.
1962-ൽ, ചുറുചുറുക്കുള്ള ചുവന്ന മുടിക്കാരിയായ ക്ലോറിസ് ന്യോക്കി എന്ന പയനിയറെ ഞാൻ വിവാഹംകഴിച്ചു. ഞങ്ങൾ ഒരുമിച്ച് സഞ്ചാരവേലയിൽ തുടർന്നു. അനേകം സഹോദരങ്ങളോടൊപ്പം താമസിച്ചതിനാൽ അവരെയെല്ലാം അടുത്തറിയാൻ ഞങ്ങൾക്കു സാധിച്ചു. മുഴുസമയ ശുശ്രൂഷ ആരംഭിക്കാൻ യുവജനങ്ങളിൽ പലരെയും പ്രോത്സാഹിപ്പിക്കാനും ഞങ്ങൾക്കായി. അത്തരത്തിലുള്ള രണ്ടുപേരായിരുന്നു ജെയ് കോസിൻസ്‌കിയും ജോവാൻ ക്രെസ്‌മെനും. ഞങ്ങൾ അവരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുകയും ആത്മത്യാഗപരമായ ജീവിതം നയിക്കുന്നതിലെ സന്തോഷത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്‌തു. അത്തരം പ്രോത്സാഹനം കിട്ടേണ്ട താമസം, അവർ മുഴുസമയ സേവനം തങ്ങളുടെ ജീവിത ലക്ഷ്യമാക്കി. ജോവാൻ ഒരു പ്രത്യേക പയനിയറായി; ജെയ് ആകട്ടെ ബെഥേൽ സേവനം തിരഞ്ഞെടുത്തു. പിന്നീട് അവർ ഇരുവരും വിവാഹിതരായി, ഇപ്പോൾ ഏതാണ്ട് 30 വർഷമായി അവർ സർക്കിട്ട് വേലയിലാണ്.
മിഷനറി സേവനത്തിലേക്ക്
വിദേശ രാജ്യത്ത് സേവിക്കാൻ താത്‌പര്യമുണ്ടോ എന്ന് 1966-ൽ നോർ സഹോദരൻ ഞങ്ങളോടു ചോദിച്ചു. “ഇപ്പോൾ ചെയ്യുന്ന സേവനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. പക്ഷേ, മറ്റെവിടെയെങ്കിലും ആവശ്യമുണ്ടെങ്കിൽ പോകാൻ തയ്യാറാണ്,” ഞങ്ങൾ മറുപടി നൽകി. ഒരാഴ്‌ച കഴിഞ്ഞപ്പോൾ ഗിലെയാദ് സ്‌കൂളിൽ പങ്കെടുക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. സ്‌കൂളിൽ സംബന്ധിക്കാനായി ബെഥേലിലേക്കു മടങ്ങിപ്പോകുന്നത് എത്ര ആവേശകരമായിരുന്നെന്നോ! ഞാൻ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ബെഥേലിലെ അനേകം സഹോദരങ്ങളോടൊപ്പം വീണ്ടും ആയിരിക്കാനായതിൽ എനിക്ക് ഏറെ സന്തോഷം തോന്നി. അനേകം സഹപാഠികളോട് സൗഹൃദം സ്ഥാപിക്കാനും ഞങ്ങൾക്കായി; അവരെല്ലാം ഇന്നേവരെ ദൈവത്തെ വിശ്വസ്‌തതയോടെ സേവിക്കുന്നു.
എന്നെയും ക്ലോറിസിനെയും തെക്കെ അമേരിക്കയിലെ ഇക്വഡോറിലേക്കാണ് നിയമിച്ചത്. ഡെന്നിസ് ക്രിസ്റ്റ്, എഡ്വിന ക്രിസ്റ്റ്, അന്ന റോഡ്രിഗസ്, ഡാലിയ സാൻചെസ് എന്നിവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ക്രിസ്റ്റ് ദമ്പതികൾ തലസ്ഥാന നഗരിയായ കിറ്റോയിലേക്കാണു പോയത്; ഞങ്ങളെ നിയമിച്ചത് ഇക്വഡോറിലെ മൂന്നാമത്തെ വൻനഗരമായ കീൻകയിലേക്കും. അന്നയ്‌ക്കും ഡാലിയയ്‌ക്കും നിയമനം ലഭിച്ചതും കീൻകയിലേക്കുതന്നെ. രണ്ടുപ്രവിശ്യകൾ കൂടിയതായിരുന്നു ഞങ്ങളുടെ പ്രദേശം. കീൻകയിലെ ആദ്യസഭയുടെ തുടക്കം ഞങ്ങളുടെ വീട്ടിൽനിന്നായിരുന്നു.
ഞങ്ങൾ നാലുപേർ കൂടാതെ വേറെ രണ്ടുപേർ മാത്രമേ ആദ്യകാലത്ത് യോഗങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. അവിടമെല്ലാം എങ്ങനെ പ്രസംഗിച്ചുതീർക്കുമെന്ന് ഞങ്ങൾ അക്കാലത്ത് അതിശയിച്ചിട്ടുണ്ട്.നിറയെ പള്ളികളുള്ള ഒരു നഗരമായിരുന്നു കീൻക. മതപരമായ വിശേഷദിവസങ്ങളിൽ നഗരത്തിലെങ്ങും ഘോഷയാത്രകളായിരിക്കും; വീഥികളിൽ ആളുകൾ തിങ്ങിനിറയും. എന്നാൽ ഒട്ടേറെ സംശയങ്ങളുള്ളവരായിരുന്നു അവിടത്തെ ആളുകൾ. ഉദാഹരണത്തിന്, കീൻകയിലെ ഒരു സൈക്കിൾ ചാമ്പ്യനായ മാരിയോ പോളോയെ ഞാൻ ആദ്യം കണ്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ച ചോദ്യം എന്നെ അമ്പരപ്പിച്ചു: “വെളിപാടു പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന വേശ്യ ആരാണ്?”
ഒരു രാത്രി മാരിയോ വിഷണ്ണനായി ഞങ്ങളുടെ വീട്ടിലേക്കു കയറിവന്നു. ഇവാഞ്ചലിക്കൽ സഭയുടെ ഒരു പാസ്റ്റർ യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള ആരോപണങ്ങൾ നിറഞ്ഞ ചില പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിനു നൽകിയിരുന്നു. ആരോപണവിധേയരായവർക്ക് തങ്ങളുടെ പക്ഷം വിശദീകരിക്കാൻ അവസരം ലഭിക്കണം എന്നു ഞാൻ പറഞ്ഞു. അതുകൊണ്ട് ഇക്കാര്യം ചർച്ചചെയ്യാൻ മാരിയോ എന്നെയും പാസ്റ്ററെയും അടുത്ത ദിവസം വീട്ടിലേക്കു ക്ഷണിച്ചു. ത്രിത്വത്തെക്കുറിച്ചാകട്ടെ ചർച്ചയെന്ന് ഞാൻ പാസ്റ്ററോടു പറഞ്ഞു. യോഹന്നാൻ 1:1 പാസ്റ്റർ വായിച്ചപ്പോൾ ‘ദൈവമെന്നും’ ‘ദേവനെന്നും’ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദങ്ങളുടെ വ്യത്യാസം മാരിയോതന്നെ വിശദീകരിച്ചു. പാസ്റ്റർ വായിച്ച വാക്യങ്ങൾക്കെല്ലാം ഇപ്രകാരം മാരിയോ ഉത്തരം നൽകി. അവസാനം ത്രിത്വം തെളിയിക്കാൻ കഴിയാതെ പാസ്റ്റർ അവിടെനിന്നു പോയി. നമ്മുടെ പക്കലാണ് സത്യമുള്ളതെന്ന് മാരിയോയ്‌ക്കും ഭാര്യക്കും അതോടെ ബോധ്യംവന്നു. ബൈബിൾ സത്യങ്ങൾക്കുവേണ്ടി പ്രതിവാദം പറയുന്നതിൽ അവർ നിപുണരായിത്തീരുകയും ചെയ്‌തു. ഇപ്പോൾ കീൻക നഗരത്തിലെ സഭകളുടെ എണ്ണം 33 ആണ്; ഞങ്ങൾക്ക് ആദ്യം നിയമിച്ചുതന്ന ആ വലിയ പ്രദേശത്ത് മൊത്തം 63 സഭകളുണ്ട്. വൻ വളർച്ചതന്നെ!
ബ്രാഞ്ചിലേക്കു മാറുന്നു, വികസനം തുടരുന്നു
1970-ൽ അൽ ഷൂലോയോടൊപ്പം ഗ്വയാകീലിലുള്ള ബ്രാഞ്ചിലേക്കു പോകാൻ എന്നോട് ആവശ്യപ്പെട്ടു. ഞങ്ങൾ രണ്ടുപേരുംകൂടെ ബ്രാഞ്ചിലെ കാര്യങ്ങൾ നോക്കിനടത്തി. രാജ്യത്ത് മൊത്തമുള്ള 46 സഭകൾക്കുവേണ്ട പ്രസിദ്ധീകരണങ്ങൾ പായ്‌ക്കുചെയ്യാൻ ജോ സെക്കരാക്ക് സഹോദരൻ ദിവസേന കുറച്ചു സമയം വന്ന് സഹായിച്ചിരുന്നു. ഞാൻ ബെഥേലിൽ സേവിച്ച സമയത്ത് കുറച്ചുകാലം ക്ലോറിസ് മിഷനറിസേവനത്തിൽത്തന്നെ തുടർന്നു. അവൾ ഇന്നോളം 55-പേരെ സ്‌നാനമേൽക്കാൻ സഹായിച്ചിരിക്കുന്നു; മിക്കപ്പോഴും അവളുടെ ബൈബിൾ വിദ്യാർഥികളിൽ അഞ്ചുപേർവരെ സമ്മേളനങ്ങളിൽ സ്‌നാനമേൽക്കുമായിരുന്നു.
ക്ലോറിസ് അധ്യയനമെടുത്ത ഒരു സ്‌ത്രീയാണ് ലുക്രേഷ്യ. അവളുടെ ഭർത്താവിന് എതിർപ്പായിരുന്നു. എന്നിട്ടും ലുക്രേഷ്യ പഠിച്ചു സ്‌നാനമേറ്റു, പിന്നീട് ഒരു സാധാരണ പയനിയറായി. അവൾ തന്റെ മക്കളെയും സത്യം പഠിപ്പിച്ചു. അവളുടെ രണ്ട് ആൺമക്കൾ ഇപ്പോൾ മൂപ്പന്മാരാണ്; അതിൽ ഒരാൾ പ്രത്യേക പയനിയറും. അവളുടെ മകളും ഒരു പയനിയറാണ്. ലുക്രേഷ്യയുടെ കൊച്ചുമകൾ നല്ല ഒരു സഹോദരനെ വിവാഹംകഴിച്ചു. അവർ ഇരുവരും പ്രത്യേക പയനിയർമാരായി സേവിക്കുന്നു. സത്യം പഠിക്കാൻ ഈ കുടുംബം അനേകരെ സഹായിച്ചിട്ടുണ്ട്.
1980-ഓടെ ഇക്വഡോറിലെ പ്രസാധകരുടെ എണ്ണം ഏതാണ്ട് 5,000 ആയി; ഞങ്ങളുടെ ചെറിയ ഓഫീസ് മതിയാകാതെവന്നു. ഗ്വയാകീൽ നഗരത്തിനു വെളിയിലായി ഒരു സഹോദരൻ ഏകദേശം 80 ഏക്കർ സ്ഥലം നൽകി. അങ്ങനെ 1984-ൽ അവിടെ ഒരു പുതിയ ബ്രാഞ്ച് കെട്ടിടത്തിന്റെയും സമ്മേളനഹാളിന്റെയും പണി ആരംഭിച്ചു; 1987-ൽ അവയുടെ സമർപ്പണവും നടന്നു.
സഹായിക്കാൻ എത്തിയവർ
ഇക്വഡോറിൽ ആവശ്യം അധികമുള്ള പ്രദേശത്തു പ്രവർത്തിക്കാനായി ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം മറ്റു രാജ്യങ്ങളിൽനിന്ന് അനേകം പ്രസാധകരും പയനിയർമാരും എത്തുകയുണ്ടായി. എന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ആഹ്ലാദകരമായ അത്തരം അനുഭവങ്ങളിലൊന്ന് കാനഡയിൽനിന്നുള്ള ആൻഡി കിഡിന്റേതാണ്. സ്‌കൂൾ അധ്യാപകനായി വിരമിച്ച അദ്ദേഹം 1985-ൽ 70-ാമത്തെ വയസ്സിലാണ് ഇക്വഡോറിലേക്കു വന്നത്. 2008-ൽ 93-ാമത്തെ വയസ്സിൽ മരണമടയുന്നതുവരെ അദ്ദേഹം വിശ്വസ്‌തതയോടെ ഇവിടെ സേവിച്ചു. ഞാൻ ഈ സഹോദരനെ ആദ്യമായി ഇക്വഡോറിൽവെച്ചു കാണുമ്പോൾ ഒരു ചെറിയ സഭയുടെ ഏക മേൽവിചാരകനായിരുന്നു അദ്ദേഹം. സ്‌പാനിഷ് കഷ്ടിച്ചുമാത്രം അറിയാമായിരുന്ന അദ്ദേഹം പ്രയാസപ്പെട്ട് പരസ്യപ്രസംഗവും അതിനുശേഷം വീക്ഷാഗോപുര അധ്യയനവും അന്നു നടത്തി. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളും സേവനയോഗത്തിലെ മിക്ക പരിപാടികളും നടത്തിയത് അദ്ദേഹം തന്നെയായിരുന്നു; എല്ലാം സ്‌പാനിഷിൽ! ആ പ്രദേശത്ത് ഇന്ന് തഴച്ചുവളരുന്ന രണ്ടുസഭകളുണ്ട്; ഏതാണ്ട് 200 പ്രസാധകരും അനേകം പ്രാദേശിക മൂപ്പന്മാരും അടങ്ങിയ സഭകൾ.
ഐക്യനാടുകളിൽനിന്നു കുടുംബത്തോടൊപ്പം ഇക്വഡോറിലേക്കു താമസംമാറിയ ഏനെസ്റ്റോ ഡയസ് എന്ന സഹോദരൻ എട്ടുമാസങ്ങൾക്കുശേഷം ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ മൂന്നുമക്കൾ ഭാഷ നന്നായി പഠിച്ചെടുത്തു; ദൈവവചനം പഠിപ്പിക്കുന്നതിൽ അവർ പ്രഗത്ഭരായിത്തീർന്നിരിക്കുന്നു. ഒരു സാധാരണ പയനിയറായി എന്റെ കുടുംബത്തോടൊപ്പം മുഴുസമയസേവനത്തിൽ ആയിരിക്കുക എന്നത് വെറുമൊരു സ്വപ്‌നമാണെന്നാണ് ഞാൻ കരുതിയിരുന്നത്; പക്ഷേ ഇന്നത്
ഒരു യാഥാർഥ്യമാണ്. ഞങ്ങൾ എല്ലാവരും കൂടി ഇപ്പോൾ 25 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്. കുടുംബാംഗങ്ങൾ എന്നനിലയിൽ മുമ്പെന്നത്തെക്കാൾ അധികം പരസ്‌പരം അടുക്കാനും, അതിലുപരിയായി യഹോവയോട് അടുത്തുചെല്ലാനും ഞങ്ങൾക്കു സാധിച്ചിരിക്കുന്നു.” ഈ പ്രിയ സഹോദരന്മാരും സഹോദരിമാരും ഞങ്ങൾക്കു വിലപ്പെട്ടവരാണ്!ബ്രാഞ്ച് സൗകര്യങ്ങൾ 1994-ൽ വീണ്ടും വികസിപ്പിക്കുകയുണ്ടായി; അതിന്റെ വലുപ്പം ഇരട്ടിയായി. പിന്നീട് 2005-ൽ പ്രസാധകരുടെ എണ്ണം 50,000 കവിഞ്ഞപ്പോൾ ബ്രാഞ്ച് സൗകര്യങ്ങൾ വീണ്ടും മതിയാകാതെവന്നു. അതുകൊണ്ട്, സമ്മേളനഹാൾ പൊളിച്ചു വലുതാക്കി, ബ്രാഞ്ചിലെ താമസസൗകര്യം വികസിപ്പിച്ചു, പരിഭാഷകർക്കായി പുതിയ ഓഫീസുകളും പണിതു. 2009 ഒക്‌ടോബർ 31-ന് ഇവയുടെ സമർപ്പണം നടന്നു.
1942-ൽ എന്നെ സ്‌കൂളിൽനിന്നു പുറത്താക്കിയപ്പോൾ ഐക്യനാടുകളിൽ ഏതാണ്ട് 60,000 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അവിടെ പത്തുലക്ഷത്തിലധികം സാക്ഷികളുണ്ട്. 1966-ൽ ഞങ്ങൾ ഇക്വഡോറിൽ എത്തിയപ്പോൾ അവിടത്തെ രാജ്യപ്രസാധകരുടെ എണ്ണം ഏതാണ്ട് 1,400 ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 68,000 കവിഞ്ഞിരിക്കുന്നു. ഇവിടെ നടത്തപ്പെടുന്ന ബൈബിളധ്യയനങ്ങളുടെ എണ്ണം 1,20,000 ആണ്. 2009-ൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിന് 2,32,000-ത്തിലധികം പേർ കൂടിവരുകയുണ്ടായി. ഇനിയും വികസനം തുടരും എന്നാണ് ഇതെല്ലാം കാണിക്കുന്നത്. യഹോവ തന്റെ ജനത്തെ ഇത്ര സമൃദ്ധമായി അനുഗ്രഹിക്കുമെന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഈ സമയത്ത് ഇവിടെ ആയിരിക്കാൻ കഴിഞ്ഞതും അഭൂതപൂർവമായ ഈ വളർച്ച കാണാനായതും ഞങ്ങളെ ആവേശംകൊള്ളിച്ചിരിക്കുന്നു! *
[അടിക്കുറിപ്പ്]
^ ഖ. 34 ഈ ലേഖനം പ്രസിദ്ധീകരണത്തിനായി തയ്യാറാക്കുന്ന സമയത്ത് ഹാർലി ഹാരിസ് സഹോദരൻ യഹോവയോടു വിശ്വസ്‌തനായി മരണമടഞ്ഞു.
[5-ാം പേജിലെ ചിത്രങ്ങൾ]
തുറസ്സായ സ്ഥലത്തു നടന്ന സമ്മേളനം (1981) അതേ സ്ഥലത്ത് ഗ്വയാകീൽ സമ്മേളനഹാൾ (2009)