വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഐക്യം—സത്യാരാധനയുടെ മുഖമുദ്ര

ഐക്യം—സത്യാരാധനയുടെ മുഖമുദ്ര

ഐക്യം—സത്യാരാധനയുടെ മുഖമുദ്ര

“തൊഴുത്തിലെ ആടുകളെപ്പോലെ . . . ഞാൻ അവരെ ഒരുമിച്ചുകൂട്ടും.”—മീഖാ 2:12.

1. സൃഷ്ടി ദൈവത്തിന്റെ ജ്ഞാനം വിളിച്ചോതുന്നത്‌ എങ്ങനെ?

ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” (സങ്കീ. 104:24) പ്രകൃതിയിലെ അത്യത്ഭുതവും സങ്കീർണവുമായ ജൈവശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്ന ലക്ഷോപലക്ഷംവരുന്ന വ്യത്യസ്‌തയിനം സസ്യങ്ങൾക്കും ചെറുപ്രാണികൾക്കും മൃഗങ്ങൾക്കും ബാക്‌ടീരിയങ്ങൾക്കും ഇടയിലെ പരസ്‌പരാശ്രയത്തെക്കുറിച്ചു ചിന്തിക്കുക. ദൈവത്തിന്റെ ജ്ഞാനമല്ലേ അത്‌ വിളിച്ചോതുന്നത്‌! ഇനി മനുഷ്യശരീരത്തിന്റെ കാര്യമെടുത്താലോ? വലിയ അവയവങ്ങൾമുതൽ ചെറുകോശാംഗങ്ങൾവരെയുള്ള ആയിരക്കണക്കിനു ശരീരഭാഗങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നതുകൊണ്ടാണ്‌ ആരോഗ്യത്തോടെ ജീവിക്കാൻ നമുക്കാകുന്നത്‌.

2. ക്രിസ്‌ത്യാനികൾക്കിടയിലെ ഐക്യം ഒരു അത്ഭുതമായി തോന്നിയിരിക്കാവുന്നത്‌ എന്തുകൊണ്ട്‌? (13-ാം പേജിലെ ചിത്രം കാണുക.)

2 മനുഷ്യകുലത്തിൽത്തന്നെ ആകാരത്തിലും വ്യക്തിത്വത്തിലും വൈദഗ്‌ധ്യത്തിലും വൈവിധ്യങ്ങൾ ഉണ്ടെങ്കിലും പരസ്‌പരം ആശ്രയിക്കാനും സഹകരിച്ചു പ്രവർത്തിക്കാനുമാണ്‌ യഹോവ അവരെ സൃഷ്ടിച്ചത്‌. അതിനു സഹായിക്കുന്ന ദിവ്യഗുണങ്ങളും അവൻ അവർക്കു നൽകി. (ഉല്‌പ. 1:27; 2:18) എന്നിരുന്നാലും ദൈവത്തിൽനിന്ന്‌ അകന്നുപോയ മനുഷ്യവർഗത്തിന്‌ ഐക്യം നഷ്ടമായിരിക്കുന്നു. (1 യോഹ. 5:19) അതുകൊണ്ടുതന്നെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിൽ വിവിധതുറകളിൽപ്പെട്ട ആളുകൾ ഐക്യത്തോടെ സഹവസിച്ചിരുന്നത്‌ പലർക്കും ഒരു അത്ഭുതമായി തോന്നിയിരിക്കാം. അന്നത്തെ ക്രിസ്‌തീയ സഭയിൽ എഫെസൊസുകാരായ അടിമകളും ഗ്രീക്കുകാരായ കുലീനസ്‌ത്രീകളും വിദ്യാസമ്പന്നരായ യഹൂദ പുരുഷന്മാരും മുമ്പു വിഗ്രഹാരാധികളായിരുന്നവരും ഒക്കെ ഉണ്ടായിരുന്നു.—പ്രവൃ. 13:1; 17:4; 1 തെസ്സ. 1:9; 1 തിമൊ. 6:1.

3. ക്രിസ്‌ത്യാനികളുടെ ഐക്യത്തെ ബൈബിൾ വർണിക്കുന്നത്‌ എങ്ങനെ, ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

3 ഒരു ശരീരത്തിലെ അവയവങ്ങൾപോലെ ഐക്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കാൻ സത്യാരാധന ആളുകളെ സഹായിക്കുന്നു. (1 കൊരിന്ത്യർ 12:12, 13 വായിക്കുക.) ഇതോടുള്ളബന്ധത്തിൽ നമുക്ക്‌ ഇപ്പോൾ പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കാം: സത്യാരാധന ആളുകളെ ഏകീകരിക്കുന്നത്‌ എങ്ങനെ? സകലജനതകളിൽനിന്നുമുള്ള ദശലക്ഷങ്ങളെ ഒന്നിപ്പിക്കാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌? ഐക്യത്തിനു വിഘാതം സൃഷ്ടിക്കുന്ന ഏതെല്ലാം സ്വഭാവവിശേഷങ്ങളെ മറികടക്കാൻ യഹോവ നമ്മെ സഹായിക്കുന്നു? ഐക്യത്തിന്റെ കാര്യത്തിൽ സത്യക്രിസ്‌ത്യാനികൾ ക്രൈസ്‌തവലോകത്തിൽനിന്നു വ്യത്യസ്‌തരായിരിക്കുന്നത്‌ എങ്ങനെ?

സത്യാരാധന ആളുകളെ ഏകീകരിക്കുന്ന വിധം

4. സത്യാരാധന ആളുകളെ ഏകീകരിക്കുന്നത്‌ എങ്ങനെ?

4 സകലതും സൃഷ്ടിച്ചത്‌ യഹോവയായതിനാൽ പ്രപഞ്ചത്തിന്റെ സർവാധികാരിയായിരിക്കാൻ യോഗ്യതയുള്ളത്‌ അവനു മാത്രമാണെന്ന്‌ യഥാർഥ ക്രിസ്‌ത്യാനികൾ അംഗീകരിക്കുന്നു. (വെളി. 4:11) അക്കാരണത്താൽ, വ്യത്യസ്‌ത സംസ്‌കാരങ്ങളിലും സാഹചര്യങ്ങളിലും ജീവിക്കുന്നവരാണെങ്കിലും ഒരേ ദിവ്യനിയമങ്ങൾ അനുസരിക്കുകയും ഒരേ തിരുവെഴുത്തു തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നവരാണ്‌ അവർ. സത്യാരാധകരെല്ലാം യഹോവയെ “പിതാവ്‌” എന്നാണ്‌ സംബോധനചെയ്യുന്നത്‌. (യെശ. 64:8; മത്താ. 6:9) അതുകൊണ്ടുതന്നെ അവരെല്ലാം ആത്മീയ സഹോദരങ്ങളാണ്‌. സങ്കീർത്തനക്കാരൻ വർണിച്ചതുപോലുള്ള ഐക്യം അവർ ആസ്വദിക്കുകയും ചെയ്യുന്നു: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”—സങ്കീ. 133:1.

5. സത്യാരാധകർക്കിടയിൽ ഐക്യം ഉന്നമിപ്പിക്കുന്ന ഗുണം ഏതാണ്‌?

5 അപൂർണരാണെങ്കിലും സത്യക്രിസ്‌ത്യാനികൾക്ക്‌ ഐക്യത്തോടെ ഒത്തൊരുമിച്ച്‌ ദൈവത്തെ ആരാധിക്കാനാകുന്നു; കാരണം, പരസ്‌പരം സ്‌നേഹിക്കാൻ അവർ പഠിച്ചിട്ടുണ്ട്‌. യഹോവയാണ്‌ അവരെ അതു പഠിപ്പിക്കുന്നത്‌; മറ്റാർക്കും കഴിയാത്ത വിധത്തിൽ അവൻ അതു ചെയ്യുന്നു. (1 യോഹന്നാൻ 4:7, 8 വായിക്കുക.) അവന്റെ വചനം നമ്മോട്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ മനസ്സലിവ്‌, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുവിൻ. ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ. യഹോവ നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുവിൻ. എല്ലാറ്റിലും ഉപരിയായി ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്‌നേഹം ധരിക്കുവിൻ.” (കൊലോ. 3:12-14) അതെ, ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്‌നേഹം, അതാണ്‌ പ്രമുഖമായും സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്നത്‌. മറ്റെങ്ങുമില്ലാത്ത ഐക്യം സത്യാരാധകരുടെ ഇടയിലുണ്ടെന്ന വസ്‌തുത നേരിൽക്കാണാൻ നിങ്ങൾക്കു കഴിഞ്ഞിട്ടില്ലേ?—യോഹ. 13:35.

6. ദൈവരാജ്യ പ്രത്യാശ നമുക്കിടയിൽ ഐക്യം നിലനിറുത്താൻ സഹായിക്കുന്നത്‌ എങ്ങനെ?

6 മനുഷ്യവർഗത്തിന്റെ ഏകപ്രത്യാശ ദൈവരാജ്യമാണെന്ന്‌ സത്യാരാധകരെല്ലാം ഉറച്ചുവിശ്വസിക്കുന്നു. അവർക്കിടയിൽ ഐക്യം ഉന്നമിപ്പിക്കുന്ന മറ്റൊരു ഘടകമാണിത്‌. വൈകാതെ, ദൈവരാജ്യം മാനുഷഭരണങ്ങളെയെല്ലാം തുടച്ചുനീക്കിയിട്ട്‌ അനുസരണമുള്ള മനുഷ്യവർഗത്തിന്‌ നിലനിൽക്കുന്ന യഥാർഥ സമാധാനം നൽകുമെന്ന്‌ അവർക്കറിയാം. (യെശ. 11:4-9; ദാനീ. 2:44) അതുകൊണ്ട്‌, “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല” എന്ന്‌ ക്രിസ്‌തു തന്റെ അനുഗാമികളെക്കുറിച്ചു പറഞ്ഞ വാക്കുകൾക്കു ചേർച്ചയിൽ അവർ പ്രവർത്തിക്കുന്നു. (യോഹ. 17:16) സത്യക്രിസ്‌ത്യാനികൾ ഈ ലോകത്തിന്റെ പോരാട്ടങ്ങളിൽ നിഷ്‌പക്ഷത പാലിക്കുന്നവരാണ്‌. തന്നിമിത്തം, ചുറ്റും യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും അവർക്കിടയിൽ ഐക്യം കളിയാടുന്നു.

ഏകസരണിയിലൂടെ നമ്മെ പഠിപ്പിക്കുന്നു

7, 8. തിരുവെഴുത്തധിഷ്‌ഠിത നിർദേശങ്ങൾ നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നത്‌ എങ്ങനെ?

7 ഏകസരണിയിലൂടെ നിർദേശങ്ങളും പ്രോത്സാഹനവും ലഭിച്ചതിനാൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്കിടയിൽ ഐക്യത്തിനു ഭംഗമുണ്ടായില്ല. യേശു സഭയെ പഠിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നത്‌ യെരുശലേമിലുള്ള അപ്പൊസ്‌തലന്മാരും മൂപ്പന്മാരും അടങ്ങുന്ന ഭരണസംഘത്തിലൂടെയാണ്‌ എന്ന്‌ അവർ അംഗീകരിച്ചിരുന്നു. ഭരണസംഘത്തിലെ ഈ വിശ്വസ്‌ത പുരുഷന്മാർ ദൈവവചനത്തിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനങ്ങൾ എടുത്തിരുന്നത്‌; സഞ്ചാരമേൽവിചാരകന്മാരിലൂടെ അവർ ആ തീരുമാനങ്ങൾ എല്ലായിടത്തുമുള്ള സഭകളെ അറിയിക്കുകയും ചെയ്‌തു. അത്തരം ചില മേൽവിചാരകന്മാരെക്കുറിച്ചു ബൈബിൾ പറയുന്നു: “അവർ പട്ടണന്തോറും സഞ്ചരിക്കവെ, യെരുശലേമിലുള്ള അപ്പൊസ്‌തലന്മാരും മൂപ്പന്മാരും കൈക്കൊണ്ട തീർപ്പുകൾ പിൻപറ്റേണ്ടതിന്‌ അവ അവിടെയുള്ളവരെ അറിയിച്ചുപോന്നു.”—പ്രവൃ. 15:6, 19-22; 16:4.

8 സമാനമായി ഇന്ന്‌, ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ അടങ്ങുന്ന ഭരണസംഘം ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ക്രിസ്‌തീയ സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നു. ആത്മീയ പോഷണമേകുന്ന പ്രസിദ്ധീകരണങ്ങൾ അവർ പല ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഈ ആത്മീയ ഭക്ഷണം ദൈവവചനത്തിൽ അധിഷ്‌ഠിതമാണ്‌. അതുകൊണ്ടുതന്നെ അവർ പഠിപ്പിക്കുന്നത്‌ മനുഷ്യന്റെ ഉപദേശമല്ല യഹോവയുടേതാണ്‌.—യെശ. 54:13.

9. ഒന്നിച്ചുനിൽക്കാൻ നമ്മുടെ ദൈവദത്ത നിയോഗം സഹായിക്കുന്നത്‌ എങ്ങനെ?

9 പ്രസംഗവേലയിൽ നേതൃത്വമെടുത്തുകൊണ്ട്‌ ക്രിസ്‌തീയ മേൽവിചാരകന്മാരും ഐക്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. ദൈവസേവനത്തിൽ ഒന്നുചേർന്നു പ്രവർത്തിക്കുന്നവർക്കിടയിൽ ഉടലെടുക്കുന്ന ആത്മബന്ധം, ഒത്തുകൂടി സമയം ചെലവഴിക്കുന്ന ലോകക്കാർക്കിടയിലെ ബന്ധത്തെക്കാൾ വളരെ ശക്തമാണ്‌. വെറുതെ ഒത്തുകൂടി സന്തോഷിക്കാൻ വേണ്ടിയായിരുന്നില്ല, മറിച്ച്‌ യഹോവയെ മഹത്ത്വപ്പെടുത്താനും പ്രസംഗ-ശിഷ്യരാക്കൽ വേല നിർവഹിക്കാനും പരസ്‌പരം ആത്മീയവർധന വരുത്താനും ആയിരുന്നു ക്രിസ്‌തീയ സഭ സ്ഥാപിച്ചത്‌. (റോമ. 1:11, 12; 1 തെസ്സ. 5:11; എബ്രാ. 10:24, 25) അക്കാരണത്താലാണ്‌ പൗലോസ്‌ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞത്‌: “നിങ്ങൾ ഏകാത്മാവിൽ ഏകമനസ്സോടെ ഉറച്ചുനിന്ന്‌ സുവിശേഷത്തിലെ വിശ്വാസത്തിനുവേണ്ടി തോളോടുതോൾ ചേർന്നു പോരാടുന്നു.”—ഫിലി. 1:27.

10. ദൈവജനമായ നമ്മെ ഒന്നിച്ചു നിറുത്തുന്ന ചില കാര്യങ്ങൾ ഏവ?

10 അതെ, യഹോവയുടെ ജനമായതിനാൽ നമുക്കിടയിൽ ഐക്യമുണ്ട്‌. കാരണം, നാമെല്ലാം യഹോവയെ സർവാധികാരിയായി അംഗീകരിക്കുകയും സഹോദരങ്ങളെ സ്‌നേഹിക്കുകയും ദൈവരാജ്യത്തിൽ പ്രത്യാശയർപ്പിക്കുകയും നമുക്കിടയിൽ നേതൃത്വംവഹിക്കാൻ ദൈവം ആക്കിവെച്ചിരിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നു. എന്നാൽ ഐക്യത്തിനു വിഘ്‌നമായേക്കാവുന്ന മനോഭാവങ്ങൾ അപൂർണതനിമിത്തം നമ്മിൽ ഉടലെടുത്തേക്കാം. അവയെ മറികടക്കാനും യഹോവ നമ്മെ സഹായിക്കുന്നുണ്ട്‌.—റോമ. 12:2.

അഹങ്കാരവും അസൂയയും ഒഴിവാക്കുക

11. അഹങ്കാരം ഭിന്നതയുളവാക്കുന്നത്‌ എങ്ങനെ, അതിനെ മറികടക്കാൻ യഹോവ നമുക്ക്‌ എന്തു സഹായം നൽകുന്നു?

11 അഹങ്കാരം ഭിന്നതയുളവാക്കും. അഹങ്കാരമുള്ള ഒരു വ്യക്തി എല്ലാവരെക്കാളും ശ്രേഷ്‌ഠനായിരിക്കാൻ ആഗ്രഹിക്കും; ആത്മപ്രശംസ നടത്തുന്നതിൽ പലപ്പോഴും അയാൾ ആനന്ദം കണ്ടെത്തും. പക്ഷേ അത്‌ മിക്കപ്പോഴും ഐക്യത്തിനു വിലങ്ങുതടിയാണ്‌; കാരണം, കേട്ടുനിൽക്കുന്നവരിൽ അത്‌ അസൂയ ജനിപ്പിച്ചേക്കാം. “ഇവ്വിധം ഊറ്റംകൊള്ളുന്നത്‌ തിന്മയാകുന്നു” എന്ന്‌ ശിഷ്യനായ യാക്കോബ്‌ തുറന്നുപറഞ്ഞു. (യാക്കോ. 4:16) മറ്റുള്ളവരെ ‘കൊച്ചാക്കുന്നത്‌’ സ്‌നേഹശൂന്യമായ പ്രവൃത്തിയാണ്‌. എന്നാൽ യഹോവയാകട്ടെ, നമ്മെപ്പോലുള്ള അപൂർണരായ മനുഷ്യരോട്‌ ഇടപെട്ടുകൊണ്ട്‌ താഴ്‌മയും സൗമ്യതയും കാണിക്കുന്നു. “നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു” എന്ന്‌ ദാവീദ്‌ ദൈവത്തോടു പറയുകയുണ്ടായി. (2 ശമൂ. 22:36) കാര്യങ്ങളെ ശരിയായി വീക്ഷിക്കാനും അങ്ങനെ അഹങ്കാരത്തെ കീഴടക്കാനും ദൈവത്തിന്റെ വചനം നമ്മെ സഹായിക്കുന്നു. നിശ്വസ്‌തതയിൽ പൗലോസ്‌ ഇങ്ങനെ ചോദിച്ചു: “നിനക്കു മറ്റുള്ളവരെക്കാൾ എന്തു വിശേഷത? അല്ല, ലഭിച്ചതല്ലാതെ നിനക്ക്‌ എന്തുണ്ട്‌? ലഭിച്ചതാണെങ്കിൽപ്പിന്നെ ലഭിച്ചതല്ല എന്നപോലെ നീ വലുപ്പം ഭാവിക്കുന്നത്‌ എന്തിന്‌?”—1 കൊരി. 4:7.

12, 13. (എ) അസൂയ തോന്നാൻ എളുപ്പമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവ വീക്ഷിക്കുന്നതുപോലെ മറ്റുള്ളവരെ വീക്ഷിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമുണ്ട്‌?

12 ഐക്യത്തിനു വിഘാതമാകുന്ന മറ്റൊരു സ്വഭാവവിശേഷമാണ്‌ അസൂയ. അപൂർണതയുടെ ഫലമായി നമ്മിലെല്ലാം ‘അസൂയയുടെ ആത്മാവ്‌ വസിക്കുന്നുണ്ട്‌.’ (യാക്കോ. 4:5) അക്കാരണത്താൽ, ദീർഘകാലമായി ക്രിസ്‌ത്യാനികൾ ആയിരിക്കുന്നവർക്കുപോലും ചിലപ്പോൾ അസൂയ തോന്നിയെന്നുവരാം; മറ്റുള്ളവരുടെ പ്രാപ്‌തിയോ പദവിയോ വസ്‌തുവകകളോ സാഹചര്യങ്ങളോ ഒക്കെയായിരിക്കാം അസൂയയ്‌ക്കു കാരണമാകുന്നത്‌. ഉദാഹരണത്തിന്‌, കുടുംബവും കുട്ടികളുമുള്ള ഒരു സഹോദരന്‌, മുഴുസമയസേവനത്തിലായിരിക്കുന്ന ഒരു സഹോദരനുള്ള സേവനപദവികൾനിമിത്തം അദ്ദേഹത്തോട്‌ അസൂയ തോന്നിയേക്കാം. എന്നാൽ മുഴുസമയ ശുശ്രൂഷകനായ സഹോദരന്‌, കുട്ടികളുള്ള തന്നോട്‌ അൽപ്പം അസൂയ തോന്നാനിടയുണ്ടെന്ന കാര്യം ആ പിതാവ്‌ തിരിച്ചറിയുന്നില്ല. നമ്മുടെ ഐക്യം തകർക്കാൻ അസൂയയെ അനുവദിക്കരുത്‌. അതിനു നമുക്ക്‌ എന്തുചെയ്യാനാകും?

13 ബൈബിൾ ക്രിസ്‌തീയ സഭയിലെ അഭിഷിക്ത ക്രിസ്‌ത്യാനികളെ ശരീരത്തിലെ അവയവങ്ങളോടു താരതമ്യം ചെയ്‌തിരിക്കുന്നു എന്ന കാര്യം മനസ്സിൽപ്പിടിക്കുന്നത്‌ അസൂയ ഒഴിവാക്കാൻ നമ്മെ സഹായിക്കും. (1 കൊരിന്ത്യർ 12:14-18 വായിക്കുക.) ഒന്നു ചിന്തിച്ചുനോക്കൂ, കണ്ണ്‌ എളുപ്പം ശ്രദ്ധയിൽപ്പെടുന്ന അവയവമായതുകൊണ്ട്‌ ശരീരത്തിന്‌ അകത്തുള്ള ഹൃദയത്തെക്കാൾ അതിനാണ്‌ കൂടുതൽ പ്രാധാന്യം എന്നുവരുമോ? രണ്ടും പ്രധാനമല്ലേ? സമാനമായി, ചിലപ്പോൾ സഭയിലുള്ള ചിലർ മറ്റുള്ളവരെക്കാൾ പ്രാധാന്യമുള്ളവരായി കാണപ്പെട്ടേക്കാം; പക്ഷേ എല്ലാ അംഗങ്ങളെയും യഹോവ വിലയുള്ളവരായി കാണുന്നു. അതുകൊണ്ട്‌ യഹോവ വീക്ഷിക്കുന്നതുപോലെ നമ്മുടെ സഹോദരങ്ങളെ വീക്ഷിക്കുക. മറ്റുള്ളവരോട്‌ അസൂയപ്പെടുന്നതിനു പകരം അവരുടെ കാര്യത്തിൽ ശ്രദ്ധയും താത്‌പര്യവും കാണിക്കുക. അങ്ങനെ ചെയ്യുമ്പോൾ, സത്യക്രിസ്‌ത്യാനികളും ക്രൈസ്‌തവലോകത്തിലുള്ളവരും തമ്മിലുള്ള വ്യത്യാസം പ്രകടമാക്കുകയായിരിക്കും നാം.

ഭിന്നത—ക്രൈസ്‌തവലോകത്തിന്റെ മുഖമുദ്ര

14, 15. വിശ്വാസത്യാഗംഭവിച്ച ക്രിസ്‌തീയസഭ ഛിദ്രിച്ചത്‌ എങ്ങനെ?

14 സത്യക്രിസ്‌ത്യാനികളുടെ മുഖമുദ്ര ഐക്യമാണെങ്കിൽ ക്രൈസ്‌തവസഭകളുടെ മുഖമുദ്ര ഭിന്നതയാണ്‌. നാലാം നൂറ്റാണ്ടോടെ ക്രിസ്‌ത്യാനികൾക്കിടയിൽ വിശ്വാസത്യാഗം പടർന്നുപന്തലിച്ചു. ആ സമയമായപ്പോഴേക്കും റോമിലെ ഒരു പുറജാതീയ ചക്രവർത്തി വിശ്വാസത്യാഗംഭവിച്ച ക്രിസ്‌തീയസഭയുടെ വിശ്വാസിയായിത്തീരുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തു; ക്രൈസ്‌തവലോകത്തിന്റെ വികാസത്തിന്‌ അത്‌ വഴിതുറന്നു. എന്നാൽ പിൽക്കാലത്ത്‌ പല രാജ്യങ്ങളും റോമുമായുള്ള ബന്ധം വിച്ഛേദിച്ച്‌ തങ്ങളുടേതായ ക്രൈസ്‌തവമതങ്ങൾ സ്ഥാപിച്ചു.

15 ആ രാജ്യങ്ങളിൽ പലതും നൂറ്റാണ്ടുകളോളം പരസ്‌പരം പടവെട്ടി. 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ ബ്രിട്ടൻ, ഫ്രാൻസ്‌, ഐക്യനാടുകൾ എന്നിവിടങ്ങളിലെ ആളുകൾ ദേശഭക്തി ഉന്നമിപ്പിച്ചു; ഫലത്തിൽ ദേശീയത അവരുടെ മതമായിത്തീർന്നു. 19, 20 നൂറ്റാണ്ടുകൾ ആയപ്പോഴേക്കും ലോകമെമ്പാടുള്ള അനേകരുടെയും മനസ്സിൽ ദേശീയത വേരുപിടിച്ചുതുടങ്ങിയിരുന്നു. കാലക്രമത്തിൽ ക്രൈസ്‌തവസഭകൾ പിളർന്ന്‌ അനേകം പിരിവുകളായി. അവയിൽ മിക്കതും ദേശീയതയെ വെച്ചുപൊറുപ്പിച്ചു. എന്തിനു പറയേണ്ടൂ, ക്രൈസ്‌തവർ മറ്റു ദേശങ്ങളിലുള്ള സഹവിശ്വാസികളോട്‌ പോരാടുകപോലും ചെയ്‌തു. ക്രൈസ്‌തവലോകം ഇന്ന്‌ വിശ്വാസങ്ങളുടെയും ദേശീയതയുടെയും അടിസ്ഥാനത്തിൽ ഭിന്നിച്ചിരിക്കുകയാണ്‌.

16. ക്രൈസ്‌തവലോകത്തിൽ ഭിന്നിപ്പിനിടയാക്കുന്ന ചില വിഷയങ്ങൾ ഏവ?

16 ഐക്യം സ്ഥാപിക്കുന്നതിനായി ക്രൈസ്‌തവലോകത്തിലെ എണ്ണമറ്റ വിഭാഗങ്ങളിൽ ചിലത്‌ 20-ാം നൂറ്റാണ്ടിൽ ചില നീക്കങ്ങൾ നടത്തി. പക്ഷേ പതിറ്റാണ്ടുകളോളം പരിശ്രമിച്ചിട്ടും ഏതാനും സഭകളെ ഒന്നിപ്പിക്കാനേ അവർക്കു കഴിഞ്ഞുള്ളൂ. എങ്കിൽത്തന്നെയും അൽമായർക്കിടയിൽ പരിണാമം, ഗർഭച്ഛിദ്രം, സ്വവർഗരതി, സ്‌ത്രീകളുടെ വൈദികവൃത്തി എന്നീ കാര്യങ്ങളിൽ ഇപ്പോഴും അഭിപ്രായ ഐക്യമില്ല. മുമ്പ്‌ ഭിന്നിപ്പിനിടയാക്കിയ ഉപദേശങ്ങളിൽ വെള്ളംചേർത്തുകൊണ്ട്‌ പല വിഭാഗങ്ങളിൽപ്പെട്ടവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ചില ക്രൈസ്‌തവ വിഭാഗങ്ങളിലെ നേതാക്കൾ ശ്രമിക്കുന്നു. പക്ഷേ, ഇത്തരം നടപടികൾക്കൊന്നും അവരെ ഒരുമനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആളുകളുടെ വിശ്വാസം ദുർബലമാക്കാനേ ഇത്‌ ഉതകുന്നുള്ളൂ.

ദേശീയതയെ മറികടക്കുന്നു

17. “അന്ത്യകാലത്ത്‌” സത്യാരാധന ആളുകളെ ഒരുമിപ്പിക്കുന്നതിനെക്കുറിച്ച്‌ എന്തു പ്രവചനമുണ്ടായിരുന്നു?

17 മനുഷ്യർക്കിടയിലെ ഭിന്നത മുമ്പെന്നത്തെക്കാൾ വർധിച്ചുവരുകയാണ്‌; പക്ഷേ ഐക്യം ഇപ്പോഴും സത്യാരാധകരുടെ മുഖമുദ്രയാണ്‌. “തൊഴുത്തിലെ ആടുകളെപ്പോലെ . . . ഞാൻ (ദൈവം) അവരെ ഒരുമിച്ചുകൂട്ടും” എന്ന്‌ മീഖാ പ്രവചിക്കുകയുണ്ടായി. (മീഖാ 2:12) വ്യാജദൈവങ്ങളെ അല്ലെങ്കിൽ രാഷ്‌ട്രത്തെ ആരാധിക്കുന്ന മതങ്ങൾക്കെല്ലാം മേലായി സത്യാരാധന ഉയർന്നുനിൽക്കുമെന്ന്‌ മീഖാ മുൻകൂട്ടിപ്പറഞ്ഞു. അവൻ എഴുതി: “അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും. സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.”—മീഖാ 4:1, 5.

18. എന്തു മാറ്റങ്ങൾ വരുത്താൻ സത്യാരാധന നമ്മെ സഹായിച്ചിരിക്കുന്നു?

18 പണ്ട്‌ ശത്രുക്കളായിരുന്നവരെ സത്യാരാധന ഒരുമനപ്പെടുത്തുന്നതിനെക്കുറിച്ചും മീഖാ വർണിച്ചിരുന്നു: “അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. . . . അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.” (മീഖാ 4:2, 3) ദേശത്തെയോ മനുഷ്യരുണ്ടാക്കിയ ദൈവങ്ങളെയോ ആരാധിച്ചിരുന്നവർ അത്‌ ഉപേക്ഷിച്ച്‌ യഹോവയുടെ ആരാധകരായിത്തീരുമ്പോൾ അവർ ആഗോള ഐക്യം അനുഭവിച്ചറിയുന്നു. സ്‌നേഹത്തിന്റെ മാർഗത്തിലൂടെ നടക്കാൻ ദൈവം അവരെ അഭ്യസിപ്പിക്കുന്നു.

19. ലക്ഷക്കണക്കിന്‌ ആളുകൾ സത്യാരാധനയിലേക്കു കൂട്ടിവരുത്തപ്പെടുന്നത്‌ എന്തിന്റെ വ്യക്തമായ തെളിവാണ്‌?

19 സത്യക്രിസ്‌ത്യാനികൾക്കിടയിലെ ആഗോള ഐക്യത്തിനു സമാനതകളില്ല. ഇപ്പോഴും പരിശുദ്ധാത്മാവിലൂടെ യഹോവ തന്റെ ജനത്തെ നയിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണത്‌. സകലജനതകളിൽനിന്നുമുള്ള വ്യക്തികളെ ഇന്ന്‌ ഒരുമിച്ചു കൂട്ടുകയാണ്‌; ഇത്ര വലിയൊരു കൂട്ടിച്ചേർക്കൽ മനുഷ്യചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ല. വെളിപാട്‌ 7:9, 14-ന്റെ ശ്രദ്ധേയമായ നിവൃത്തിയാണിത്‌. ദൈവത്തിന്റെ ദൂതന്മാർ ഈ ദുഷിച്ച വ്യവസ്ഥിതിയെ നശിപ്പിക്കുന്ന ‘നാലുകാറ്റിനെ’ വൈകാതെ അഴിച്ചുവിടുമെന്നും ഇത്‌ സൂചിപ്പിക്കുന്നു. (വെളിപാട്‌ 7:1-4, 9, 10, 14 വായിക്കുക.) ലോകവ്യാപക സഹോദരവർഗത്തോടൊപ്പം ഐക്യത്തിൽ സേവിക്കാനാകുന്നത്‌ ഒരു ബഹുമതിയല്ലേ? ഈ ഐക്യം കാത്തുസൂക്ഷിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? അടുത്ത ലേഖനം ഇക്കാര്യം ചർച്ചചെയ്യും.

ഉത്തരം പറയാമോ?

• സത്യാരാധന ആളുകളെ ഏകീകരിക്കുന്നത്‌ എങ്ങനെ?

• അസൂയ ഐക്യം തകർക്കാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

• സത്യാരാധകരുടെ ഐക്യത്തിന്‌ ദേശീയത്വം ഭംഗംവരുത്താത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നു ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ

[15-ാം പേജിലെ ചിത്രങ്ങൾ]

രാജ്യഹാൾ നിർമാണ വേലയിൽ പങ്കെടുക്കുന്നത്‌ ഐക്യം ഉന്നമിപ്പിക്കുന്നത്‌ എങ്ങനെ?