വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ കർമനിരതനായ നേതാവ്‌

നമ്മുടെ കർമനിരതനായ നേതാവ്‌

നമ്മുടെ കർമനിരതനായ നേതാവ്‌

“സമ്പൂർണജയം നേടാനായി അവൻ തന്റെ ജൈത്രയാത്ര ആരംഭിച്ചു.”—വെളി. 6:2.

1, 2. (എ) 1914 മുതലുള്ള യേശുവിന്റെ വാഴ്‌ചയെ ബൈബിൾ വർണിക്കുന്നത്‌ എങ്ങനെ? (ബി) അധികാരം ഏറ്റെടുത്തതുമുതൽ ക്രിസ്‌തു എന്തെല്ലാം ചെയ്‌തു?

യഹോവയുടെ മിശിഹൈക രാജ്യത്തിന്റെ രാജാവായി 1914-ൽ ക്രിസ്‌തു അവരോധിതനായി. അവനെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക്‌ ഏതു രൂപമാണ്‌ കടന്നുവരുന്നത്‌? ചിന്താമഗ്നനായി തന്റെ സ്വർഗീയ സിംഹാസനത്തിലിരുന്ന്‌ ഭൂമിയിലെ തന്റെ സഭകളെ ഇടയ്‌ക്കൊക്കെ ഒന്നു നോക്കുന്ന ഒരു രാജാവായിട്ടാണോ നിങ്ങൾ അവനെ കാണുന്നത്‌? എങ്കിൽ തെറ്റി. സങ്കീർത്തനപുസ്‌തകവും വെളിപാടും വരച്ചുകാണിക്കുന്നത്‌ മറ്റൊരു ചിത്രമാണ്‌: കുതിരപ്പുറത്തേറി “ജൈത്രയാത്ര” നടത്തുന്ന ഊർജസ്വലനായ ഒരു രാജാവാണ്‌ അവൻ. ‘സമ്പൂർണജയമാണ്‌’ അവന്റെ ലക്ഷ്യം.—വെളി. 6:2; സങ്കീ. 2:6-9; 45:1-4.

2 ‘മഹാസർപ്പത്തെയും അവന്റെ ദൂതന്മാരെയും’ കീഴടക്കിക്കൊണ്ടാണ്‌ ക്രിസ്‌തു രാജ്യാധികാരം പ്രയോഗിച്ചുതുടങ്ങിയത്‌. ദൂതന്മാരുടെ അധിപനായ അവൻ, മീഖായേൽ, ആദ്യംതന്നെ സാത്താനെയും അവന്റെ ഭൂതങ്ങളെയും പരിപാവനമായ സ്വർഗത്തിൽനിന്ന്‌ നിഷ്‌കാസനംചെയ്‌തു; അവരെ ഭൂമിയുടെ പരിസരങ്ങളിൽ മാത്രമായി ഒതുക്കി. (വെളി. 12:7-9) തുടർന്ന്‌, യഹോവയുടെ ‘നിയമദൂതനായി’ അവൻ തന്റെ പിതാവിനൊപ്പം ആത്മീയ ആലയം പരിശോധിക്കാൻ എത്തി. (മലാ. 3:1) ‘മഹതിയാം ബാബിലോണിന്റെ’ അങ്ങേയറ്റം മ്ലേച്ഛത നിറഞ്ഞ ഭാഗമായ ക്രൈസ്‌തവലോകം രക്തപാതകം പേറുന്നതായും രാഷ്‌ട്രീയ വ്യവസ്ഥിതിയുമായി ആത്മീയ വ്യഭിചാരത്തിൽ ഏർപ്പെടുന്നതായും കണ്ടതിനാൽ അവൻ അവളെ ന്യായംവിധിച്ചു.—വെളി. 18:2, 3, 24.

ഭൂമിയിലെ തന്റെ അടിമയെ ശുദ്ധീകരിക്കുന്നു

3, 4. (എ) യഹോവയുടെ ‘ദൂതൻ’ എന്നനിലയിൽ ക്രിസ്‌തു ഏതു ദൗത്യം നിർവഹിച്ചിരിക്കുന്നു? (ബി) ആലയം പരിശോധിച്ചപ്പോൾ എന്തു വെളിപ്പെട്ടു? (സി) സഭയുടെ ശിരസ്സായ യേശു എന്തു നിയമനം നടത്തി?

3 ആത്മീയ ആലയം പരിശോധിക്കാൻ എത്തിയ യഹോവയും അവന്റെ ‘ദൂതനും’ ക്രൈസ്‌തവസഭകളുടെ ഭാഗമല്ലാതെ നിലകൊള്ളുന്ന സത്യക്രിസ്‌ത്യാനികളുടെ ഒരു കൂട്ടത്തെ അതിന്റെ ഭൗമിക പ്രാകാരത്തിൽ കണ്ടെത്തി. എന്നാൽ, ഈ ‘ലേവിപുത്രന്മാർക്ക്‌’ അഥവാ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ ശുദ്ധീകരണം ആവശ്യമായിരുന്നു. മലാഖി പ്രവാചകൻ ഇതു മുൻകൂട്ടിപ്പറയുകയുണ്ടായി: “അവൻ (യഹോവ) ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.” (മലാ. 3:3) ഈ ആത്മീയ ഇസ്രായേല്യരെ ശുദ്ധീകരിക്കാൻ യഹോവ തന്റെ ‘നിയമദൂതനായ’ യേശുക്രിസ്‌തുവിനെ ഉപയോഗിച്ചു.

4 എന്നാൽ അപ്പോഴും, വിശ്വസ്‌തരായ ഈ അഭിഷിക്ത ക്രിസ്‌ത്യാനികൾ സഹവിശ്വാസികളായ ‘വീട്ടുകാർക്ക്‌’ തക്കസമയത്ത്‌ ആത്മീയഭക്ഷണം നൽകാനായി പരമാവധി യത്‌നിക്കുന്നത്‌ ക്രിസ്‌തു നിരീക്ഷിച്ചു. 1879 മുതൽ, സാഹചര്യം അനുകൂലമായിരുന്നപ്പോഴും അല്ലാത്തപ്പോഴും അവർ ഈ മാസികയുടെ താളുകളിലൂടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. ‘യുഗസമാപ്‌തിയിൽ’ തന്റെ വീട്ടുകാരെ പരിശോധിക്കാൻ “വരുമ്പോൾ” അവർക്കു “തക്കസമയത്ത്‌ ഭക്ഷണം” കൊടുക്കുന്ന ഒരു അടിമയെ താൻ കണ്ടെത്തും എന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. ആ അടിമയെ താൻ അനുമോദിക്കുമെന്നും “തന്റെ സകല സ്വത്തുക്കളുടെമേലും വിചാരകനായി നിയമിക്കും” എന്നും അവൻ പറയുകയുണ്ടായി. (മത്താ. 24:3, 45-47) ക്രിസ്‌തീയ സഭയുടെ ശിരസ്സായ ക്രിസ്‌തു തന്റെ രാജ്യത്തോടു ബന്ധപ്പെട്ട്‌ ഭൂമിയിലുള്ള സർവതിനും മേൽനോട്ടം വഹിക്കാൻ ഈ ‘വിശ്വസ്‌തനും വിവേകിയുമായ അടിമയെ’ ഉപയോഗിച്ചിരിക്കുന്നു. അതിന്റെ ഭരണസംഘത്തിലൂടെയാണ്‌ യേശു അഭിഷിക്തരായ ‘വീട്ടുകാർക്കും’ ‘വേറെ ആടുകളായ’ അവരുടെ സഹകാരികൾക്കും നിർദേശങ്ങൾ നൽകുന്നത്‌.—യോഹ. 10:16.

ഭൂമിയിലെ വിളവു കൊയ്യുന്നു

5. മിശിഹൈക രാജാവ്‌ എന്തു ചെയ്യുന്നതാണ്‌ യോഹന്നാൻ ദർശനത്തിൽ കണ്ടത്‌?

5 മിശിഹൈക രാജാവ്‌ 1914-ൽ വാഴ്‌ച ആരംഭിച്ചശേഷം ചെയ്യുന്ന മറ്റൊരു കാര്യത്തെക്കുറിച്ച്‌ അപ്പൊസ്‌തലനായ യോഹന്നാൻ ഒരു ദർശനത്തിൽ കാണുകയുണ്ടായി. ‘കർത്തൃദിവസത്തിൽ’ നടക്കാനിരിക്കുന്ന ആ കാര്യത്തെക്കുറിച്ച്‌ യോഹന്നാൻ എഴുതി: “പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെൺമേഘം! അതിന്മേൽ മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ ഇരിക്കുന്നു. അവന്റെ തലയിൽ പൊൻകിരീടം; കൈയിൽ മൂർച്ചയേറിയ അരിവാൾ.” (വെളി. 1:10; 14:14) “ഭൂമിയിലെ വിളവ്‌ കൊയ്‌ത്തിനു നന്നേ പാകമായിരിക്കു”ന്നതിനാൽ അരിവാൾ വീശി കൊയ്യാൻ യഹോവയുടെ അടുക്കൽനിന്നു വന്ന ഒരു ദൂതൻ ഈ കൊയ്‌ത്തുകാരനോടു പറയുന്നതായി യോഹന്നാൻ കേൾക്കുന്നു.—വെളി. 14:15, 16.

6. കാലക്രമത്തിൽ എന്തു സംഭവിക്കും എന്നാണ്‌ യേശു പറഞ്ഞത്‌?

6 ഭൂമിയിലെ ഈ കൊയ്‌ത്ത്‌ ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തമാണ്‌ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്‌. നല്ല വിളവു ലഭിക്കും എന്ന പ്രതീക്ഷയിൽ വയലിൽ ഗോതമ്പു വിതച്ച ഒരു മനുഷ്യനോട്‌ യേശു തന്നെത്തന്നെ ഉപമിച്ചു. രാത്രിയുടെ മറവിൽ ഒരു ശത്രു, “പിശാച്‌,” ഗോതമ്പിനിടയിൽ കളകൾ വിതച്ചതായും യേശു ദൃഷ്ടാന്തത്തിൽ പറയുകയുണ്ടായി. യേശുവിന്റെ സഹഭരണാധികാരികളാകാനായി അഭിഷേകം ചെയ്യപ്പെടുന്ന ക്രിസ്‌ത്യാനികളെയാണ്‌ ഗോതമ്പ്‌, അഥവാ “രാജ്യത്തിന്റെ പുത്രന്മാർ” പ്രതിനിധാനം ചെയ്യുന്നത്‌. കളകൾ ‘ദുഷ്ടനായവന്റെ പുത്രന്മാരാണ്‌.’ “യുഗസമാപ്‌തി”യിലെ കൊയ്‌ത്തുകാലംവരെ ഗോതമ്പും കളകളും ഒരുമിച്ചു വളരട്ടെ എന്ന്‌ വിതക്കാരൻ തന്റെ വേലക്കാരോടു പറഞ്ഞു. കൊയ്‌ത്തിന്റെ സമയത്ത്‌ യേശു തന്റെ ദൂതന്മാരെ അയച്ച്‌ കളകളിൽനിന്നു ഗോതമ്പ്‌ വേർതിരിക്കുമായിരുന്നു.—മത്താ. 13:24-30, 36-41.

7. ക്രിസ്‌തു ‘ഭൂമിയിൽ കൊയ്‌ത്തു നടത്തുന്നത്‌’ എങ്ങനെ?

7 യോഹന്നാനു ലഭിച്ച ദർശനത്തിന്റെ നിവൃത്തിയായി യേശു ഒരു ലോകവ്യാപക കൊയ്‌ത്തു വേലയ്‌ക്ക്‌ നേതൃത്വം വഹിക്കുന്നു. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ഗോതമ്പു തുല്യരായ 1,44,000 വരുന്ന ‘രാജ്യത്തിന്റെ പുത്രന്മാരിൽ’ ശേഷിച്ചവരെ കൂട്ടിച്ചേർത്തുകൊണ്ട്‌ ‘ഭൂമിയിലെ കൊയ്‌ത്ത്‌’ ആരംഭിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സത്യക്രിസ്‌ത്യാനികളും വ്യാജക്രിസ്‌ത്യാനികളും തമ്മിലുള്ള അന്തരം കൂടുതൽ വ്യക്തമായിത്തീർന്നു; ‘ഭൂമിയിലെ വിളവിന്റെ’ ശേഷിച്ച ഭാഗമായ വേറെ ആടുകളെ കൂട്ടിച്ചേർക്കാൻ അത്‌ അവസരമൊരുക്കി. ഇവർ ‘രാജ്യത്തിന്റെ പുത്രന്മാരല്ല,’ പകരം സ്വമനസ്സാലെ രാജ്യത്തിന്റെ പ്രജകളായിത്തീരുന്ന “മഹാപുരുഷാരം” ആണ്‌. ‘സകലവംശങ്ങളിൽനിന്നും ജാതികളിൽനിന്നും ഭാഷക്കാരിൽനിന്നും’ കൂട്ടിച്ചേർക്കപ്പെടുന്നവരാണ്‌ അവർ. യേശുക്രിസ്‌തുവും അവനോടൊപ്പം ഭരിക്കാനിരിക്കുന്ന 1,44,000 ‘വിശുദ്ധന്മാരും’ ചേർന്ന മിശിഹൈകരാജ്യത്തിന്‌ അവർ കീഴ്‌പെട്ടിരിക്കുന്നു.—വെളി. 7:9, 10; ദാനീ. 7:13, 14, 18.

സഭകൾക്ക്‌ നേതൃത്വം വഹിക്കുന്നു

8, 9. (എ) സഭയുടെ മൊത്തത്തിലുള്ള പ്രവർത്തനം മാത്രമല്ല സഭയിലെ ഓരോ അംഗത്തിന്റെയും ജീവിതരീതി യേശു നിരീക്ഷിക്കുന്നുണ്ടെന്ന്‌ എന്തു തെളിയിക്കുന്നു? (ബി) നാം ഒഴിവാക്കേണ്ട “സാത്താന്റെ ആഴങ്ങൾ” ഏവയാണ്‌? (26-ാം പേജിലെ ചിത്രം കാണുക.)

8 ഒന്നാം നൂറ്റാണ്ടിലെ ഓരോ സഭയുടെയും ആത്മീയാവസ്ഥ ക്രിസ്‌തു അടുത്തു നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന കാര്യം മുൻലേഖനത്തിൽ നാം കാണുകയുണ്ടായി. “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും” ലഭിച്ച രാജാവായ ക്രിസ്‌തു നമ്മുടെ നേതാവെന്നനിലയിൽ ലോകമെമ്പാടുമുള്ള സഭകൾക്കും സഭാമേൽവിചാരകന്മാർക്കും ഇന്ന്‌ സജീവമായി നേതൃത്വം വഹിക്കുന്നു. (മത്താ. 28:18; കൊലോ. 1:18) യഹോവ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ “സഭയ്‌ക്കുവേണ്ടി അവനെ സകലത്തിന്റെയും ശിരസ്സ്‌” ആക്കിവെച്ചിരിക്കുകയാണ്‌. (എഫെ. 1:22) അതുകൊണ്ട്‌ യഹോവയുടെ സാക്ഷികളുടെ 1,00,000-ത്തിലധികം വരുന്ന സഭകളിൽ നടക്കുന്നതൊന്നും യേശുവിന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല.

9 പുരാതന കാലത്തെ തുയഥൈര സഭയോട്‌ യേശു ഇപ്രകാരം പറഞ്ഞു: ‘തീജ്വാലയ്‌ക്കൊത്ത കണ്ണുകളുള്ളവനായ ദൈവപുത്രൻ പറയുന്നത്‌: “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു.”’ (വെളി. 2:18, 19) അധാർമികതയും സുഖലോലുപതയും നിറഞ്ഞ ജീവിതശൈലി പിന്തുടർന്നതിന്‌ യേശു ആ സഭാംഗങ്ങളെ ശകാരിച്ചു: ‘ഞാൻ അന്തരംഗങ്ങളെയും ഹൃദയങ്ങളെയും ശോധനചെയ്യുന്നവനാണ്‌. നിങ്ങൾക്കോരോരുത്തർക്കും നിങ്ങളുടെ പ്രവൃത്തികൾക്കുതക്ക പ്രതിഫലം ഞാൻ നൽകും.’ (വെളി. 2:23) സഭയുടെ മൊത്തത്തിലുള്ള പ്രവർത്തനം മാത്രമല്ല സഭയിലെ ഓരോ അംഗത്തിന്റെയും ജീവിതരീതി യേശു നിരീക്ഷിക്കുന്നുണ്ടെന്നാണ്‌ ഈ പ്രസ്‌താവന കാണിക്കുന്നത്‌. കൂടാതെ, “‘സാത്താന്റെ ആഴങ്ങൾ’ എന്ന്‌ . . . പറയുന്നവ അറിഞ്ഞിട്ടില്ലാത്ത” അവിടത്തെ ചില ക്രിസ്‌ത്യാനികളെ യേശു അഭിനന്ദിക്കുകയും ചെയ്‌തു. (വെളി. 2:24) “സാത്താന്റെ ആഴങ്ങൾ” എന്നു പറയുന്നവയിൽ പരതിനോക്കുന്ന ആളുകൾ ഇന്നുമുണ്ട്‌. ഇന്റർനെറ്റിലൂടെയോ അക്രമം നിറഞ്ഞ വീഡിയോ ഗെയിമുകളിലൂടെയോ അതു ചെയ്യുന്നവരാണ്‌ അനേകർ; മറ്റുചിലരാകട്ടെ, എന്തുമാകാം എന്ന മനോഭാവം വെച്ചുപുലർത്തുന്നു. ഇത്തരം കാര്യങ്ങളിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരെയും പ്രായമായവരെയും യേശു ഇന്നും അഭിനന്ദിക്കുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലും തന്റെ വഴിനടത്തിപ്പിനു കീഴ്‌പെടാൻ പരമാവധി ശ്രമിക്കുന്ന, പല ത്യാഗങ്ങളും ചെയ്യുന്ന നിരവധി ക്രിസ്‌ത്യാനികളെ കാണുമ്പോൾ ക്രിസ്‌തുവിന്റെ ഹൃദയം എത്രമാത്രം സന്തോഷിക്കും!

10. സഭാമൂപ്പന്മാർ ക്രിസ്‌തുവിന്റെ നിയന്ത്രണത്തിലാണ്‌ എന്ന വസ്‌തുത എപ്രകാരം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു, അവർ ഏതു ക്രമീകരണം അംഗീകരിക്കേണ്ടതുണ്ട്‌?

10 ഭൂമിയിലുള്ള തന്റെ സഭകളെ സ്‌നേഹപൂർവം വഴിനടത്താൻ ക്രിസ്‌തു നിയമിത മൂപ്പന്മാരെ ഉപയോഗിക്കുന്നു. (എഫെ. 4:8, 11, 12) ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന മേൽവിചാരകന്മാരെല്ലാം ആത്മാഭിഷിക്തരായിരുന്നു. ക്രിസ്‌തുവിന്റെ വലങ്കൈയിലെ നക്ഷത്രങ്ങളായിട്ടാണ്‌ അവരെ വെളിപാടു പുസ്‌തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്‌. (വെളി. 1:16, 20) ഇന്നുള്ള സഭാമൂപ്പന്മാരിൽ മിക്കവരും വേറെ ആടുകളിൽപ്പെട്ടവരാണ്‌. പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിനു ചേർച്ചയിൽ, പ്രാർഥനാപൂർവമാണ്‌ അവരെ നിയമിക്കുന്നത്‌. അതുകൊണ്ട്‌ അവരും ക്രിസ്‌തുവിന്റെ ‘കരങ്ങളിലാണെന്ന്‌’ പറയാനാകും. (പ്രവൃ. 20:28) അതേസമയം, അഭിഷിക്ത പുരുഷന്മാരടങ്ങിയ ഒരു ചെറിയ കൂട്ടത്തെ, ഭരണസംഘത്തെ, ഉപയോഗിച്ചാണ്‌ ക്രിസ്‌തു ഭൂമിയിലെ തന്റെ ശിഷ്യന്മാരെ വഴിനടത്തുന്നതെന്ന്‌ അവർ അംഗീകരിക്കുന്നു.—പ്രവൃത്തികൾ 15:6, 28-30 വായിക്കുക.

“കർത്താവായ യേശുവേ വരേണമേ”

11. നമ്മുടെ നേതാവ്‌ വേഗം വരുന്നതു കാണാൻ നമുക്ക്‌ ആകാംക്ഷയുള്ളത്‌ എന്തുകൊണ്ട്‌?

11 യോഹന്നാനു നൽകിയ വെളിപാടിൽ താൻ വേഗം വരുന്നതായി യേശു പലതവണ പറയുകയുണ്ടായി. (വെളി. 2:16; 3:11; 22:7, 20) വ്യക്തമായും, മഹതിയാം ബാബിലോൺ ഉൾപ്പെടെ സാത്താന്റെ മുഴുദുഷ്ടവ്യവസ്ഥിതിയുടെയുംമേൽ ന്യായവിധി നിർവഹിക്കാൻ വരുന്നതിനെക്കുറിച്ചു പറയുകയായിരുന്നു യേശു. (2 തെസ്സ. 1:7, 8) പ്രവചിക്കപ്പെട്ട മഹത്തായ സംഭവങ്ങളെല്ലാം നിറവേറിക്കാണാനുള്ള ആഗ്രഹംമൂലം, വയോധികനായ യോഹന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ആമേൻ! കർത്താവായ യേശുവേ വരേണമേ.” നമ്മുടെ നേതാവും രാജാവുമായ ക്രിസ്‌തു തന്റെ പിതാവിന്റെ നാമം വിശുദ്ധീകരിക്കാനും പരമാധികാരം സംസ്ഥാപിക്കാനുമായി രാജ്യാധികാരത്തിൽ വരുന്നതു കാണാൻ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യകാലത്തു ജീവിക്കുന്ന നാമും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌.

12. നാശത്തിന്റെ നാലുകാറ്റ്‌ അഴിച്ചുവിടുന്നതിനു മുമ്പായി ക്രിസ്‌തു ഏതു വേല പൂർത്തിയാക്കും?

12 സാത്താന്റെ ദൃശ്യസംഘടനയെ നശിപ്പിക്കാൻ യേശു വരുന്നതിനുമുമ്പ്‌ 1,44,000 പേരടങ്ങിയ ആത്മീയ ഇസ്രായേലിലെ അവസാന അംഗവും അന്തിമ മുദ്രയേറ്റിരിക്കും. ഈ മുദ്രയിടീൽ അവസാനിക്കുന്നതുവരെ സാത്താന്റെ വ്യവസ്ഥിതിയുടെമേൽ നാശത്തിന്റെ നാലുകാറ്റ്‌ അഴിച്ചുവിടുകയില്ലെന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നു.—വെളി. 7:1-4.

13. ‘മഹാകഷ്ടത്തിന്റെ’ ആദ്യഘട്ടത്തിൽ ക്രിസ്‌തു തന്റെ സാന്നിധ്യം അറിയിക്കുന്നത്‌ എങ്ങനെ?

13 ഭൂമിയിലെ നിവാസികളിൽ ബഹുഭൂരിപക്ഷവും 1914 മുതൽ ക്രിസ്‌തു ‘സാന്നിധ്യവാനാണ്‌’ എന്ന വസ്‌തുത തിരിച്ചറിഞ്ഞിട്ടില്ല. (2 പത്രോ. 3:3, 4, അടിക്കുറിപ്പ്‌) സാത്താന്റെ വ്യവസ്ഥിതിയുടെ വ്യത്യസ്‌ത ഭാഗങ്ങളുടെമേൽ യഹോവയുടെ ന്യായവിധി നിർവഹിച്ചുകൊണ്ട്‌ ക്രിസ്‌തു വൈകാതെതന്നെ തന്റെ സാന്നിധ്യം അവരെയെല്ലാം അറിയിക്കും. ‘അധർമമനുഷ്യനെ,’ അതായത്‌ ക്രൈസ്‌തവലോകത്തിലെ പുരോഹിതന്മാരെ നശിപ്പിക്കുമ്പോൾ അവന്റെ ‘സാന്നിധ്യത്തിന്റെ പ്രഭാവം’ ഏവർക്കും ദൃശ്യമാകും. (2 തെസ്സലോനിക്യർ 2:3, 8 വായിക്കുക.) യഹോവയുടെ നിയമിത ന്യായാധിപനായി ക്രിസ്‌തു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവായിരിക്കും അത്‌. (2 തിമൊഥെയൊസ്‌ 4:1 വായിക്കുക.) ക്രൈസ്‌തവലോകത്തിന്റെ നാശം വ്യാജമത ലോകസാമ്രാജ്യത്തിന്റെ സമ്പൂർണ നാശത്തിനു മുന്നോടിയായിരിക്കും. ഈ മതവേശ്യയെ നശിപ്പിക്കാൻ യഹോവ രാഷ്‌ട്രീയനേതാക്കന്മാരുടെ ഹൃദയത്തിൽ തോന്നിപ്പിക്കും. (വെളി. 17:15-18) ‘മഹാകഷ്ടത്തിന്റെ’ ആദ്യഘട്ടമാണത്‌.—മത്താ. 24:21.

14. (എ) മഹാകഷ്ടത്തിന്റെ ആദ്യഘട്ടം ചുരുക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌? (ബി) “മനുഷ്യപുത്രന്റെ അടയാളം” യഹോവയുടെ ജനത്തിന്‌ എന്തു സൂചന നൽകും?

14 “തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി” അതായത്‌ ഭൂമിയിൽ അപ്പോഴും ശേഷിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികളെപ്രതി മഹാകഷ്ടത്തിന്റെ ആ നാളുകൾ ചുരുക്കപ്പെടും എന്ന്‌ യേശു പ്രസ്‌താവിച്ചു. (മത്താ. 24:22) വ്യാജമതങ്ങൾക്കുനേരെയുള്ള ആ ആക്രമണത്തിൽ അഭിഷിക്ത ക്രിസ്‌ത്യാനികളും അവരുടെ സഹകാരികളായ വേറെ ആടുകളും തുടച്ചുനീക്കപ്പെടാൻ യഹോവ അനുവദിക്കില്ല. “ആ നാളുകളിലെ കഷ്ടം കഴിഞ്ഞയുടൻതന്നെ” സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ കാണുമെന്നും “അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു ദൃശ്യമാകും” എന്നും യേശു കൂട്ടിച്ചേർത്തു. ഇതു കണ്ട്‌ ഭൂമിയിലെ സകലഗോത്രങ്ങളും “മാറത്തടിച്ചു വിലപിക്കും.” എന്നാൽ സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്തരുടെയും ഭൗമിക പ്രത്യാശയുള്ള അവരുടെ സഹകാരികളുടെയും പ്രതികരണം വ്യത്യസ്‌തമായിരിക്കും: തങ്ങളുടെ “വിടുതൽ അടുത്തുവരുന്നതിനാൽ” അവർ ‘നിവർന്നു തല ഉയർത്തും.’—മത്താ. 24:29, 30; ലൂക്കോ. 21:25-28.

15. ക്രിസ്‌തു തന്റെ വരവിങ്കൽ എന്തു ചെയ്യും?

15 തന്റെ ജൈത്രയാത്ര പൂർത്തിയാക്കുന്നതിനുമുമ്പ്‌ മനുഷ്യപുത്രൻ മറ്റൊരു വിധത്തിൽ ‘വരും.’ അവൻ അത്‌ മുൻകൂട്ടിപ്പറഞ്ഞത്‌ ഇങ്ങനെയാണ്‌: “മനുഷ്യപുത്രൻ സകല ദൂതന്മാരോടുമൊപ്പം തന്റെ മഹത്ത്വത്തിൽ വരുമ്പോൾ അവൻ തന്റെ മഹിമയാർന്ന സിംഹാസനത്തിലിരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ ഒരുമിച്ചുകൂട്ടപ്പെടും. ഇടയൻ കോലാടുകളിൽനിന്നു ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിറുത്തും.” (മത്താ. 25:31-33) താൻ ‘സകല ജനതകളെയും’ ന്യായം വിധിക്കാൻ വരുന്നതിനെക്കുറിച്ചാണ്‌ ക്രിസ്‌തു ഇവിടെ പറയുന്നത്‌. അവൻ അവരെ രണ്ടുവിഭാഗങ്ങളായി വേർതിരിക്കും: തന്റെ ആത്മീയ സഹോദരന്മാർക്ക്‌ (ഭൂമിയിലെ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌) സജീവമായി പിന്തുണനൽകിയവരെ ‘ചെമ്മരിയാടുകളായും’ “നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അനുസരിക്കാത്ത”വരെ ‘കോലാടുകളായും.’ (2 തെസ്സ. 1:7, 8) ‘നീതിമാന്മാർ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചെമ്മരിയാടുകൾക്ക്‌ ഭൂമിയിൽ ‘നിത്യജീവൻ’ ലഭിക്കും. എന്നാൽ കോലാടുകൾ “നിത്യച്ഛേദനത്തിലേക്കു പോകും.” അതെ, അവരെ കാത്തിരിക്കുന്നത്‌ നിത്യനാശമാണ്‌.—മത്താ. 25:34, 40, 41, 45, 46.

യേശു ജൈത്രയാത്ര പൂർത്തിയാക്കുന്നു

16. നമ്മുടെ നേതാവായ ക്രിസ്‌തു തന്റെ ജൈത്രയാത്ര പൂർത്തിയാക്കുന്നത്‌ എങ്ങനെ?

16 തന്നോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി ഭരിക്കാനുള്ളവരിൽ അവസാന അംഗത്തെയും മുദ്രയിടുകയും ചെമ്മരിയാടുകളായവരെ വേർതിരിച്ച്‌ രക്ഷയ്‌ക്കായി തന്റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്‌തു കഴിഞ്ഞാൽ “ജൈത്രയാത്ര” പൂർത്തിയാക്കാൻ യേശു പുറപ്പെടുകയായി. (വെളി. 5:9, 10; 6:2) ശക്തരായ ദൂതന്മാരും പുനരുത്ഥാനം പ്രാപിച്ച തന്റെ സഹോദരന്മാരും അടങ്ങുന്ന സൈന്യത്തിന്റെ അധിപനായി അവൻ ഭൂമിയിലുള്ള, സാത്താന്റെ രാഷ്‌ട്രീയ-സൈനിക-വാണിജ്യ വ്യവസ്ഥിതിയെ പൂർണമായി നശിപ്പിക്കും. (വെളി. 2:26, 27; 19:11-21) സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുന്നതോടെ ക്രിസ്‌തുവിന്റെ ജൈത്രയാത്ര പൂർത്തിയാകും. തുടർന്ന്‌ സാത്താനെയും ഭൂതങ്ങളെയും ക്രിസ്‌തു ആയിരംവർഷത്തേക്ക്‌ അഗാധത്തിലടയ്‌ക്കും.—വെളി. 20:1-3.

17. ആയിരംവർഷ വാഴ്‌ചക്കാലത്ത്‌ ക്രിസ്‌തു വേറെ ആടുകളെ എന്തിലേക്കു നയിക്കും, എന്തായിരിക്കണം നമ്മുടെ തീരുമാനം?

17 മഹാകഷ്ടത്തെ അതിജീവിക്കുന്ന വേറെ ആടുകളുടെ ‘മഹാപുരുഷാരത്തെക്കുറിച്ചു’ സംസാരിക്കവെ, “സിംഹാസനത്തിന്‌ അരികെയുള്ള കുഞ്ഞാട്‌ അവരെ മേയ്‌ച്ച്‌ ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തും” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ പ്രവചിച്ചു. (വെളി. 7:9, 17) അതെ, തന്റെ സ്വരം ശ്രദ്ധിക്കുന്ന വേറെ ആടുകളെ ആയിരംവർഷ വാഴ്‌ചക്കാലത്തുടനീളം ക്രിസ്‌തു വഴിനടത്തും, അവരെ നിത്യജീവനിലേക്കു നയിക്കും. (യോഹന്നാൻ 10:16, 26-28 വായിക്കുക.) നമ്മുടെ രാജാവും നേതാവുമായ ക്രിസ്‌തുവിനെ നമുക്ക്‌ വിശ്വസ്‌തം പിന്തുടരാം—ഇന്നും യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിലും!

പുനരവലോകനം

• അധികാരമേറ്റ ഉടൻ ക്രിസ്‌തു എന്ത്‌ നടപടി സ്വീകരിച്ചു?

• സഭകളെ നയിക്കാൻ ക്രിസ്‌തു ഇന്ന്‌ ആരെയാണ്‌ ഉപയോഗിക്കുന്നത്‌?

• നമ്മുടെ നേതാവായ ക്രിസ്‌തു ഏതെല്ലാം വിധങ്ങളിൽ ‘വരാനിരിക്കുന്നു?’

• ക്രിസ്‌തു നമ്മെ പുതിയ ലോകത്തിൽ എങ്ങനെ വഴിനടത്തും?

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചിത്രം]

സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ നാശം ക്രിസ്‌തുവിന്റെ സാന്നിധ്യം വിളിച്ചോതും