വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൾഗേറിയയിലെ പ്രത്യേക പ്രചാരണ പരിപാടി

ബൾഗേറിയയിലെ പ്രത്യേക പ്രചാരണ പരിപാടി

ബൾഗേറിയയിലെ പ്രത്യേക പ്രചാരണ പരിപാടി

“കൊയ്‌ത്തു വളരെയുണ്ട്‌; വേലക്കാരോ ചുരുക്കം; അതുകൊണ്ട്‌ കൊയ്‌ത്തിലേക്കു വേലക്കാരെ അയയ്‌ക്കാൻ കൊയ്‌ത്തിന്റെ യജമാനനോടു യാചിക്കുവിൻ.” —മത്താ. 9:37, 38.

യേശുവിന്റെ ഈ വാക്കുകൾ ബൾഗേറിയയുടെ കാര്യത്തിൽ തികച്ചും അർഥവത്താണ്‌! തെക്കുകിഴക്കൻ യൂറോപ്പിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ബാൾക്കൻ രാജ്യമാണത്‌. ഏതാണ്ട്‌ 1,700 പ്രസാധകരാണ്‌ അവിടെയുള്ളത്‌; ജനസംഖ്യ 70 ലക്ഷത്തിലധികവും! ഇവരോടെല്ലാം സുവാർത്ത പ്രസംഗിക്കാൻ അവിടെയുള്ള സഹോദരങ്ങൾമാത്രം വിചാരിച്ചാൽ സാധിക്കില്ല. അതുകൊണ്ട്‌, 2009-ൽ ബൾഗേറിയയിൽ ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ഭരണസംഘം അനുമതിനൽകി: പല യൂറോപ്യൻ രാജ്യങ്ങളിൽനിന്ന്‌ ബൾഗേറിയൻ ഭാഷ സംസാരിക്കുന്ന സാക്ഷികളെ അതിനായി ക്ഷണിച്ചു. ഏഴാഴ്‌ച നീണ്ടുനിൽക്കുന്ന ആ പ്രചാരണ പരിപാടി വേനൽക്കാലത്തു നടത്താനായിരുന്നു പദ്ധതി. 2009 ആഗസ്റ്റ്‌ 14-16 തീയതികളിൽ സോഫിയയിൽവെച്ചു നടക്കാനിരുന്ന “സദാ ജാഗരൂകരായിരിക്കുവിൻ!” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു തൊട്ടുമുമ്പ്‌ അത്‌ അവസാനിക്കുമായിരുന്നു.

പ്രതീക്ഷകളെ കടത്തിവെട്ടിയ പ്രതികരണം

ഫ്രാൻസ്‌, ജർമനി, ഗ്രീസ്‌, ഇറ്റലി, പോളണ്ട്‌, സ്‌പെയ്‌ൻ എന്നിവിടങ്ങളിൽനിന്ന്‌ എത്രപേർ വരാൻ തയ്യാറാകും? അവധി എടുത്ത്‌ സ്വന്തം ചെലവിൽ വേണമായിരുന്നു വരാൻ; അതുകൊണ്ടുതന്നെ സോഫിയയിലെ ബ്രാഞ്ചോഫീസിലുള്ള സഹോദരങ്ങൾ അധികംപേരെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ആഴ്‌ചകൾ കഴിയുന്തോറും അപേക്ഷകരുടെ എണ്ണം കൂടിക്കൂടിവന്നു; ഒടുവിൽ അത്‌ 292 ആയി! ബൾഗേറിയയിലെ കസാൻലാക്‌, സാൻഡൻസ്‌കി, സിലിസ്‌ട്ര എന്നീ മൂന്നുനഗരങ്ങളിലേക്ക്‌ അയയ്‌ക്കാൻ മതിയായ സ്വമേധാസേവകർ! ഈ പരിപാടിയിൽ പങ്കെടുക്കാൻ ബൾഗേറിയയിലെ പ്രസാധകരെയും പയനിയർമാരെയും സർക്കിട്ട്‌ മേൽവിചാരകന്മാർ പ്രോത്സാഹിപ്പിച്ചു. അധികമൊന്നും പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ അങ്ങനെ താമസിയാതെ 382 പേർ തീക്ഷ്‌ണതയോടെ പ്രസംഗിച്ചുതുടങ്ങി.

താമസസൗകര്യം ഒരുക്കാനായി സമീപ സഭകളിൽനിന്നുള്ള സഹോദരങ്ങളെ അവിടേക്കു നേരത്തേ അയച്ചു. അവർ അപ്പാർട്ടുമെന്റുകൾ വാടകയ്‌ക്കെടുക്കുകയും ചെലവുകുറഞ്ഞ ഹോട്ടൽമുറികൾ ബുക്കുചെയ്യുകയും ചെയ്‌തു. യാത്രചെയ്‌തെത്തുന്ന സ്വമേധാസേവകർക്കു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്‌തുകൊടുക്കാൻ ഈ സഹോദരങ്ങൾ അക്ഷീണം പ്രയത്‌നിച്ചു. വരുന്ന സഹോദരങ്ങൾക്ക്‌ യോഗങ്ങൾ നടത്തുന്നതിനായി മൂന്നുനഗരങ്ങളിലും ഹാളുകൾ വാടകയ്‌ക്കെടുത്തു, വേണ്ട ക്രമീകരണങ്ങളും ചെയ്‌തു. യഹോവയുടെ സാക്ഷികൾ ആരുമില്ലാത്ത പ്രദേശങ്ങളിൽ യഹോവയെ സ്‌തുതിക്കുന്നതിനായി യോഗങ്ങൾക്ക്‌ 50 പ്രസാധകരാണ്‌ കൂടിവന്നിരുന്നത്‌, അവിസ്‌മരണീയമായ സംഭവം!

ഈ പ്രചാരണ പരിപാടിക്കായി മറ്റു രാജ്യങ്ങളിൽനിന്നു വന്ന സഹോദരങ്ങളുടെ തീക്ഷ്‌ണത തികച്ചും അഭിനന്ദനാർഹമാണ്‌. വേനൽക്കാലത്ത്‌ ബൾഗേറിയയിലെ താപനില 40° സെൽഷ്യസിലും കൂടാറുണ്ട്‌. എന്നാൽ ആ എരിയുന്ന വെയിലിലും അവരുടെ തീക്ഷ്‌ണത വാടിപ്പോയില്ല. ആദ്യത്തെ മൂന്നാഴ്‌ചയ്‌ക്കുള്ളിൽത്തന്നെ സിലിസ്‌ട്ര നഗരത്തിൽ സമഗ്രസാക്ഷ്യം നൽകാനായി. ഡാന്യൂബ്‌ നദീതീരത്ത്‌ സ്ഥിതിചെയ്യുന്ന, 50,000-ത്തിലധികം നിവാസികളുള്ള ഒരു നഗരമാണത്‌! തുടർന്ന്‌ അവർ സുവാർത്തയുമായി അടുത്തുള്ള ഗ്രാമങ്ങളിലേക്കു പോയി. സിലിസ്‌ട്രയ്‌ക്ക്‌ 55 കിലോമീറ്റർ പടിഞ്ഞാറുള്ള ടുട്രാക്കയിൽപോലും അങ്ങനെ സുവാർത്ത എത്തി. സാധാരണഗതിയിൽ രാവിലെ 9:30-ന്‌ അവർ ശുശ്രൂഷ ആരംഭിക്കും, ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയ്‌ക്കുശേഷം വൈകിട്ട്‌ 7 മണിവരെ അതു നീളും; ചിലപ്പോൾ അതിലും വൈകാറുണ്ടായിരുന്നു. കസാൻലാകിലെയും സാൻഡൻസ്‌കിയിലെയും കാര്യമോ? സ്വമേധാസേവകരുടെ തീക്ഷ്‌ണതനിമിത്തം അവിടെയും പ്രചാരണ പരിപാടി ചുറ്റുമുള്ള പട്ടണങ്ങളിലേക്കും ഗ്രാമാന്തരങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി.

കൈവരിച്ച നേട്ടങ്ങൾ

ഈ ഏഴാഴ്‌ചകൊണ്ട്‌ നല്ലൊരു സാക്ഷ്യംതന്നെ നൽകപ്പെട്ടു. ‘നിങ്ങളീ നഗരത്തെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു’ എന്ന്‌ അപ്പൊസ്‌തലന്മാരുടെ നാളുകളിൽ ചിലർ പറഞ്ഞതുപോലെ ഈ നഗരങ്ങളിലെ ആളുകൾക്കും പറയാനാകുമായിരുന്നു. (പ്രവൃ. 5:28) പ്രചാരണ പരിപാടിയിൽ പങ്കെടുത്ത സാക്ഷികൾ ഏതാണ്ട്‌ 50,000 മാസികകൾ സമർപ്പിക്കുകയും 482 ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്‌തു. 2009 സെപ്‌റ്റംബർ 1-ഓടെ സിലിസ്‌ട്രയിൽ ഒരു സഭ രൂപീകരിക്കാനായി; കസാൻലാകിലും സാൻഡൻസ്‌കിയിലും ആകട്ടെ ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്ന സഭാകൂട്ടങ്ങൾ ഉണ്ട്‌! ഈ പ്രചാരണ പരിപാടിയിലൂടെ ആദ്യമായി സുവാർത്ത കേട്ട ചിലർ നല്ല ആത്മീയ പുരോഗതി കൈവരിക്കുന്നതായി കാണുന്നത്‌ എത്ര പുളകപ്രദമാണ്‌!

ബൾഗേറിയൻ ഭാഷ അറിയാവുന്ന, സ്‌പെയിനിൽ നിന്നുള്ള ഒരു പ്രത്യേക പയനിയർ പ്രചാരണ പരിപാടിയുടെ ആദ്യത്തെ ആഴ്‌ചയിൽ, തെരുവിൽ ദിനപത്രങ്ങൾ വിൽക്കുന്ന ഒരു സ്‌ത്രീയോട്‌ സാക്ഷീകരിച്ചു. സിലിസ്‌ട്രയിൽനിന്നുള്ള ഈ സ്‌ത്രീയുടെ പേര്‌ കരീന എന്നായിരുന്നു. അവർ നല്ല താത്‌പര്യം കാണിച്ചു, തുടർന്ന്‌ ഒരു ക്രിസ്‌തീയ യോഗത്തിനു വരുകയും ചെയ്‌തു. വൈകാതെ അവർക്കും അവരുടെ രണ്ടുമക്കൾക്കും ബൈബിളധ്യയനം ആരംഭിച്ചു. ഭർത്താവ്‌ നിരീശ്വരവാദിയായതിനാൽ പാർക്കിൽവെച്ചാണ്‌ അധ്യയനം നടത്തിയത്‌. സത്യത്തോട്‌ നല്ല താത്‌പര്യം കാണിച്ച മൂത്ത മകൾ ഡാനിയേല, ഒരാഴ്‌ചകൊണ്ട്‌ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം വായിച്ചു തീർത്തു. ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കരുതെന്നു മനസ്സിലാക്കിയ അവൾ ഉടനടി മാറ്റങ്ങൾ വരുത്തി; സുഹൃത്തുക്കളുമായി ബൈബിൾ സത്യങ്ങൾ പങ്കുവെക്കാനും തുടങ്ങി. യോഗത്തിൽ സംബന്ധിച്ച്‌ വെറും മൂന്നാഴ്‌ചയ്‌ക്കുശേഷം അധ്യയനം എടുക്കുന്ന സഹോദരിയോട്‌ അവൾ പറഞ്ഞു: “എനിക്കും ഒരു സാക്ഷിയാകണം. പ്രസംഗവേലയിൽ ഏർപ്പെടാൻ എന്താണു ചെയ്യേണ്ടത്‌?” ഡാനിയേലയും അവളുടെ അമ്മയും അനുജത്തിയും ഇപ്പോൾ നന്നായി പുരോഗമിക്കുന്നു.

ഇനി കസാൻലാകിൽനിന്നുള്ള ഒരു അനുഭവം നോക്കാം. പ്രചാരണ പരിപാടിക്കായി ഇറ്റലിയിൽനിന്നു വന്ന ബൾഗേറിയക്കാരനായ ഓർലിൻ എന്ന സഹോദരൻ വയൽസേവനം കഴിഞ്ഞ്‌ താമസസ്ഥലത്തേക്ക്‌ മടങ്ങുകയായിരുന്നു. വരുന്ന വഴിക്ക്‌, പാർക്കിൽ ഇരിക്കുന്ന രണ്ടു ചെറുപ്പക്കാരോട്‌ അദ്ദേഹം സാക്ഷീകരിച്ചു. അവർക്കു ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം സമർപ്പിക്കുകയും ഒരു മടക്കസന്ദർശനം ക്രമീകരിക്കുകയും ചെയ്‌തു. തലേന്നു പാർക്കിൽ കണ്ട സ്വെറ്റോമിറുമായി അടുത്തദിവസം ഓർലിൻ ഒരു ബൈബിളധ്യയനം ആരംഭിച്ചു. പിറ്റേ ദിവസവും അധ്യയനം തുടർന്നു; ഒമ്പതുദിവസത്തിൽ എട്ടുതവണ അധ്യയനം നടത്തി. സ്വെറ്റോമിർ ഇങ്ങനെ പറഞ്ഞു: “ദൈവത്തെ അറിയാൻ സഹായിക്കണേ എന്ന്‌ നിങ്ങളെ കാണുന്നതിന്‌ രണ്ടുദിവസം മുമ്പ്‌ ഞാൻ പ്രാർഥിച്ചിരുന്നു. ദൈവം എന്നെ സഹായിക്കുകയാണെങ്കിൽ എന്റെ ജീവിതം അവന്‌ സമർപ്പിക്കാമെന്നും ഞാൻ പ്രതിജ്ഞ ചെയ്‌തു.” ഇറ്റലിയിലേക്കു മടങ്ങിയപ്പോൾ ഓർലിൻ ഈ അധ്യയനം പ്രദേശത്തെ സഹോദരങ്ങൾക്കു കൈമാറി. സ്വെറ്റോമിർ ഇപ്പോഴും പഠിക്കുന്നുണ്ട്‌; അദ്ദേഹം സത്യം തന്റെ സ്വന്തമാക്കുന്നു.

ത്യാഗങ്ങൾക്ക്‌ തക്ക പ്രതിഫലം ലഭിക്കുന്നു

അവധിയെടുത്ത്‌ സ്വന്തം ചെലവിൽ സുവാർത്ത പ്രസംഗിക്കാനായി മറ്റൊരു രാജ്യത്തേക്ക്‌ പോയ സഹോദരങ്ങൾക്ക്‌ എന്താണ്‌ പറയാനുള്ളത്‌? സ്‌പെയിനിൽനിന്നുള്ള ഒരു മൂപ്പൻ എഴുതി: “സ്‌പെയിനിലെ ബൾഗേറിയൻ വയലിൽ പ്രവർത്തിക്കുന്ന സഹോദരങ്ങൾ പരസ്‌പരം കൂടുതൽ അടുക്കാൻ ഈ പ്രചാരണ പരിപാടി ഇടയാക്കി. അതിൽ പങ്കുപറ്റിയവരുടെമേൽ അത്‌ നല്ല പ്രഭാവംചെലുത്തി.” ഇറ്റലിയിൽനിന്നുള്ള ഒരു ദമ്പതികൾ ഇങ്ങനെ എഴുതി: “ഞങ്ങളുടെ ജീവിതത്തിലെ അവിസ്‌മരണീയമായ മാസമാണത്‌.” അവർ കൂട്ടിച്ചേർത്തു: “ആ പ്രചാരണ പരിപാടി ഞങ്ങളുടെ ജീവിതംതന്നെ മാറ്റിമറിച്ചു. ഞങ്ങളുടെ കാഴ്‌ചപ്പാടുകൾക്ക്‌ അതോടെ മാറ്റം വന്നു.” ബൾഗേറിയയിലേക്ക്‌ താമസം മാറിക്കൊണ്ട്‌ ആവശ്യം കൂടുതലുള്ളിടത്ത്‌ സേവിക്കാൻ കഴിയുമോ എന്ന്‌ ഇവർ ഗൗരവമായി ചിന്തിക്കാൻതുടങ്ങി. സ്‌പെയിനിൽനിന്നുള്ള ഏകാകിയായ ഒരു സാധാരണ പയനിയറാണ്‌ കരിന. സിലിസ്‌ട്രയിലെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത്‌ മടങ്ങിച്ചെന്നശേഷം അവൾ സ്‌പെയിനിലെ തന്റെ ജോലി ഉപേക്ഷിച്ച്‌ തിരികെ ബൾഗേറിയയിലേക്ക്‌ പോയി. ആ നഗരത്തിൽ പുതുതായി ആരംഭിച്ച സഭയെ സഹായിക്കുകയായിരുന്നു അവളുടെ ലക്ഷ്യം. ഒരു വർഷം ബൾഗേറിയയിൽ താമസിക്കാനുള്ള പണം അവൾ സ്വരൂപിച്ചിരുന്നു. തന്റെ തീരുമാനത്തെപ്പറ്റി കരിനയ്‌ക്ക്‌ പറയാനുള്ളത്‌ ഇതാണ്‌: “ബൾഗേറിയയിൽ സേവിക്കാൻ യഹോവ എന്നെ സഹായിച്ചത്‌ ഓർക്കുമ്പോൾ എനിക്ക്‌ വളരെയധികം സന്തോഷം തോന്നുന്നു, ഇവിടെ ഏറെക്കാലം നിൽക്കണം എന്നാണ്‌ എന്റെ ആഗ്രഹം. എനിക്ക്‌ ഇപ്പോൾതന്നെ അഞ്ച്‌ ബൈബിളധ്യയനങ്ങളുണ്ട്‌. അതിൽ മൂന്നുപേർ യോഗങ്ങൾക്കു ഹാജരാകുന്നു.”

ഇനി ഇറ്റലിയിൽനിന്നുള്ള ഒരു സഹോദരിയുടെ കാര്യമെടുക്കുക. പ്രചാരണ പരിപാടിയിൽ പങ്കെടുക്കണമെന്നുണ്ടായിരുന്നെങ്കിലും ഒരു പുതിയ ജോലിയിൽ കയറിയതിനാൽ അവർക്ക്‌ അവധി ഇല്ലായിരുന്നു. പക്ഷേ, രണ്ടുംകൽപ്പിച്ച്‌ അവർ ഒരു മാസത്തെ വേതനമില്ലാത്ത അവധിക്ക്‌ അപേക്ഷിച്ചു; അവധി കിട്ടിയില്ലെങ്കിൽ ജോലി രാജിവെക്കാനും അവർ തയ്യാറായിരുന്നു. എന്നാൽ മാനേജരുടെ പ്രതികരണം അവരെ അമ്പരപ്പിച്ചു: “നിനക്കു പോകാം, പക്ഷേ ഒരു ‘കണ്ടീഷൻ,’ ബൾഗേറിയയിൽ ചെന്നിട്ട്‌ നീ എനിക്ക്‌ ഒരു പോസ്റ്റ്‌കാർഡ്‌ അയയ്‌ക്കണം.” യഹോവ തന്റെ പ്രാർഥന കേട്ടു എന്ന്‌ സഹോദരിക്കു ബോധ്യമായി.

ബൾഗേറിയയിലെ വർന എന്ന നഗരത്തിൽനിന്നുള്ള ഒരു യുവസഹോദരിയാണ്‌ സ്റ്റാനിസ്ലാവ. മുഴുസമയം ജോലി ചെയ്‌തിരുന്ന അവൾ സിലിസ്‌ട്രയിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനായി അവധിയെടുത്തു. നല്ല ശമ്പളമുള്ള ജോലിയായിരുന്നു അവളുടേത്‌. വളരെ ദൂരത്തുനിന്നും സുവാർത്ത പ്രസംഗിക്കാനായി തന്റെ രാജ്യത്തു വന്ന പയനിയർമാരുടെയെല്ലാം സന്തോഷം കണ്ട്‌ അവളുടെ കണ്ണുനിറഞ്ഞു. ലൗകിക ജോലിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന താൻ ജീവിതംകൊണ്ട്‌ എന്താണു ചെയ്യുന്നതെന്ന്‌ അവൾ ചിന്തിച്ചുതുടങ്ങി. രണ്ടാഴ്‌ചയ്‌ക്കുശേഷം വീട്ടിലേക്കു മടങ്ങിയ സ്റ്റാനിസ്ലാവ തന്റെ ജോലി ഉപേക്ഷിച്ച്‌ ഒരു സാധാരണ പയനിയറായി. യൗവനകാലത്ത്‌ സ്രഷ്ടാവിനെ ഓർക്കുന്ന അവൾ ഇപ്പോൾ തികച്ചും സന്തുഷ്ടയാണ്‌.—സഭാ. 12:1.

യഹോവയുടെ സേവനത്തിൽ സജീവമായി പ്രവർത്തിക്കാനാകുന്നത്‌ എത്ര വലിയ അനുഗ്രഹമാണ്‌! സുവാർത്ത പ്രസംഗിക്കുക, പഠിപ്പിക്കുക എന്ന സുപ്രധാന വേലയ്‌ക്കുവേണ്ടി നമ്മുടെ സമയവും ഊർജവും ചെലവഴിക്കുന്നതാണ്‌ നമുക്ക്‌ ചെയ്യാനാകുന്ന ഏറ്റവും മഹത്തായ കാര്യം. ഈ ജീവരക്ഷാകരമായ വേലയിൽ കൂടുതൽ പ്രവർത്തിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ആവശ്യം അധികമുള്ള പ്രദേശങ്ങൾ നിങ്ങളുടെ രാജ്യത്തുതന്നെ ഉണ്ടായിരിക്കും. അത്തരമൊരു പ്രദേശത്തേക്ക്‌ മാറിത്താമസിക്കാൻ നിങ്ങൾക്കാകുമോ? അല്ലെങ്കിൽ, മറ്റൊരു ഭാഷ പഠിക്കാനാകുമോ? അങ്ങനെ നിങ്ങളുടെ രാജ്യത്ത്‌ ബൈബിൾ സത്യത്തിനായി കേഴുന്ന ആളുകളെ നിങ്ങൾക്കു സഹായിക്കാനായേക്കും. ശുശ്രൂഷയിലെ പങ്ക്‌ വർധിപ്പിക്കാൻ നിങ്ങൾ ചെയ്യുന്നത്‌ എന്തും ആയിക്കൊള്ളട്ടെ, യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും എന്ന്‌ ഉറപ്പുണ്ടായിരിക്കുക.—സദൃ. 10:22.

[32-ാം പേജിലെ ചതുരം/ ചിത്രം]

മറക്കാനാകാത്ത ഒരു ദിനം

ഈ പ്രത്യേക പ്രചാരണ പരിപാടിക്കായി മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നു വന്ന പലരും സോഫിയയിൽവെച്ചു നടന്ന “സദാ ജാഗരൂകരായിരിക്കുവിൻ!” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പങ്കെടുക്കാനും ആസൂത്രണം ചെയ്‌തിരുന്നു. പല രാജ്യങ്ങളിൽനിന്നുള്ള അനേകം സന്ദർശകരെ കാണാനായത്‌ അവിടെയുള്ള സഹോദരങ്ങൾക്ക്‌ ഏറെ പ്രോത്സാഹനം പകർന്നു. ബൾഗേറിയൻ ഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം (സമ്പൂർണ ബൈബിൾ) ഭരണസംഘാംഗമായ ജഫ്രി ജാക്‌സൺ സഹോദരൻ പ്രകാശനം ചെയ്‌തപ്പോൾ സദസ്സിലുണ്ടായിരുന്ന 2,039 പേരുടെ ആവേശമൊന്നു കാണേണ്ടതുതന്നെയായിരുന്നു. ആ വെള്ളിയാഴ്‌ച അവിടെ മുഴങ്ങിയ നീണ്ട കരഘോഷം കൂടിവന്നിരുന്നവരുടെ ഹൃദയംഗമമായ വിലമതിപ്പ്‌ വിളിച്ചറിയിച്ചു; അനേകർ സന്തോഷാശ്രുക്കൾ പൊഴിച്ചു. എളുപ്പം മനസ്സിലാകുന്ന, കൃത്യതയുള്ള ഈ പരിഭാഷ യഹോവയെ അറിയാൻ ആത്മാർഥരായ ബൾഗേറിയക്കാരെ സഹായിക്കും എന്നതിന്‌ സംശയമില്ല.

[30, 31 പേജുകളിലെ ചിത്രക്കുറിപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ബൾഗേറിയ

സോഫിയ

സാൻഡൻസ്‌കി

സിലിസ്‌ട്ര

കസാൻലാക്‌

[31-ാം പേജിലെ ചിത്രങ്ങൾ]

ആ ഏഴാഴ്‌ചകൊണ്ട്‌ ശ്രദ്ധേയമായ സാക്ഷ്യം നൽകാൻ കഴിഞ്ഞു