വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ അനുഗ്രഹം നേടാൻ ആത്മാർഥമായി പരിശ്രമിക്കുക

യഹോവയുടെ അനുഗ്രഹം നേടാൻ ആത്മാർഥമായി പരിശ്രമിക്കുക

യഹോവയുടെ അനുഗ്രഹം നേടാൻ ആത്മാർഥമായി പരിശ്രമിക്കുക

“തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക്‌ (ദൈവം) പ്രതിഫലം നൽകുന്നു.”—എബ്രാ. 11:6.

1, 2. (എ) പല ആളുകളും ദൈവാനുഗ്രഹം തേടുന്നതെങ്ങനെ? (ബി) യഹോവയുടെ അനുഗ്രഹം നമുക്ക്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

“തമ്പുരാനേ, അനുഗ്രഹിക്കണേ!” ചില ദേശങ്ങളിൽ, ആരെങ്കിലും ഒന്നു തുമ്മിയാൽ അപരിചിതർപോലും പറയാറുള്ളതാണിത്‌. പല മതങ്ങളിലും പുരോഹിതന്മാർ ആളുകളെയും മൃഗങ്ങളെയും ജീവനില്ലാത്ത വസ്‌തുക്കളെപ്പോലും അനുഗ്രഹിക്കാറുണ്ട്‌. അനുഗ്രഹം തേടി ‘തീർഥയാത്ര’ നടത്തുന്നവരും കുറവല്ല. നാടിന്റെ ഐശ്വര്യത്തിനായി മുടങ്ങാതെ ദൈവാനുഗ്രഹം തേടുന്ന രാഷ്‌ട്രീയക്കാരും വിരളമല്ല. അനുഗ്രഹത്തിനായുള്ള അത്തരം അഭ്യർഥനകൾ ഉചിതമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അവയ്‌ക്ക്‌ ഫലം ലഭിക്കുമോ? യഥാർഥത്തിൽ ദൈവാനുഗ്രഹം ലഭിക്കുന്നത്‌ ആർക്കാണ്‌, അതിന്‌ എന്തു ചെയ്യണം?

2 അന്ത്യകാലത്ത്‌ സകല ജനതകളിൽനിന്നും ശുദ്ധരും സമാധാനപ്രിയരുമായ ഒരു ജനതയെ തനിക്കായി കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞു. അവർ എതിർപ്പിനും വിദ്വേഷത്തിനും മധ്യേയും ഭൂമിയുടെ അറ്റത്തോളം രാജ്യസുവാർത്ത പ്രസംഗിക്കുമായിരുന്നു. (യെശ. 2:2-4; മത്താ. 24:14; വെളി. 7:9, 14) ഈ ജനതയുടെ ഭാഗമാകാൻ തീരുമാനിച്ച നമുക്ക്‌ അതു കൈവരുത്തുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ദൈവത്തിന്റെ അനുഗ്രഹം കൂടിയേതീരൂ; അതില്ലാതെ വിജയിക്കാനാവില്ല. (സങ്കീ. 127:1) ആകട്ടെ, നമുക്ക്‌ ദൈവാനുഗ്രഹം നേടാനാകുന്നത്‌ എങ്ങനെയാണ്‌?

അനുസരണമുള്ളവരുടെമേൽ അനുഗ്രഹം ചൊരിയുന്നു

3. ഇസ്രായേല്യർ അനുസരിക്കുന്നപക്ഷം എന്തു ലഭിക്കുമായിരുന്നു?

3 സദൃശവാക്യങ്ങൾ 10:6, 7 വായിക്കുക. ഇസ്രായേൽജനം വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനുമുമ്പ്‌ യഹോവ അവർക്കു നൽകിയ വാഗ്‌ദാനത്തെക്കുറിച്ചു ചിന്തിക്കുക. അനുസരിക്കുന്നപക്ഷം സംരക്ഷണവും സമൃദ്ധമായ അനുഗ്രഹങ്ങളും അവൻ വാഗ്‌ദാനം ചെയ്‌തു. അവരെ അനുഗ്രഹിക്കും എന്നല്ല ഈ അനുഗ്രഹങ്ങളെല്ലാം അവർക്കു “സിദ്ധിക്കും” അഥവാ, മറ്റൊരു ഭാഷാന്തരം പറയുന്നതനുസരിച്ച്‌, അവരുടെമേൽ “ചൊരിയും” എന്നാണ്‌ യഹോവ പറഞ്ഞത്‌. (ആവ. 28:1, 2, പി.ഒ.സി. ബൈബിൾ) അതെ, അനുസരിക്കുന്നവർക്ക്‌ സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന്‌ ഉറപ്പായിരുന്നു.

4. യഥാർഥ അനുസരണം എപ്രകാരമുള്ളതായിരിക്കും?

4 ഇസ്രായേല്യർ ഏതു മനോഭാവത്തോടെയാണ്‌ അനുസരിക്കേണ്ടിയിരുന്നത്‌? “ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ” അവർ തന്നെ സേവിക്കാനാണ്‌ ദൈവം ആഗ്രഹിച്ചത്‌. അല്ലാത്തപക്ഷം അവർ തന്റെ അപ്രീതിക്കു പാത്രമാകുമെന്ന്‌ അവൻ പറഞ്ഞു. (ആവർത്തനപുസ്‌തകം 28:45-48എ വായിക്കുക.) നാം വെറും യാന്ത്രികമായി അനുസരിക്കാനല്ല ദൈവം പ്രതീക്ഷിക്കുന്നത്‌; ആ രീതിയിൽ കൽപ്പനകൾ അനുസരിക്കാൻ മൃഗങ്ങൾക്കും ഭൂതങ്ങൾക്കും പോലും കഴിയും. (മർക്കോ. 1:27; യാക്കോ. 3:3) ദൈവത്തോടുള്ള യഥാർഥ അനുസരണം അവനോടുള്ള സ്‌നേഹത്തിന്റെ പ്രകടനമാണ്‌. ദൈവത്തെ മനസ്സോടെ അനുസരിക്കുന്നവർക്ക്‌, ദൈവത്തിന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലെന്നും “തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക്‌ അവൻ പ്രതിഫലം നൽകുന്നുവെന്നും” ഉള്ള വിശ്വാസത്തിൽനിന്നുളവാകുന്ന സന്തോഷം ലഭിക്കും.—എബ്രാ. 11:6; 1 യോഹ. 5:3.

5. ആവർത്തനപുസ്‌തകം 15:7, 8-ലെ നിയമം അനുസരിക്കാൻ യഹോവയുടെ വാഗ്‌ദാനത്തിലുള്ള വിശ്വാസം ഒരു വ്യക്തിയെ എങ്ങനെ സഹായിക്കുമായിരുന്നു?

5 ആവർത്തനപുസ്‌തകം 15:7, 8-ൽ (വായിക്കുക.) പറഞ്ഞിരിക്കുന്ന നിയമം ശ്രദ്ധിക്കുക. ആത്മാർഥതയോടെ അനുസരിക്കുന്നവർക്കു പ്രതിഫലം ലഭിക്കും എന്ന വിശ്വാസമുണ്ടെങ്കിലേ പൂർണ അർഥത്തിൽ ആ നിയമം പാലിക്കാനാകുമായിരുന്നുള്ളൂ. ഒരാൾ മനസ്സില്ലാമനസ്സോടെയാണ്‌ ആ നിയമം അനുസരിച്ചിരുന്നതെങ്കിലോ? ദരിദ്രർക്ക്‌ അതിലൂടെ കുറെയൊക്കെ ആശ്വാസം ലഭിക്കുമായിരുന്നു എന്നതു ശരിയാണ്‌. എന്നാൽ ദൈവജനത്തിനിടയിൽ ഊഷ്‌മളമായ ബന്ധങ്ങൾ ഊട്ടിവളർത്താൻ അത്തരം അനുസരണം സഹായിക്കുമായിരുന്നോ? തന്റെ നിയമം അനുസരിക്കുന്നവർക്കുവേണ്ടി കരുതാൻ യഹോവയ്‌ക്കുള്ള പ്രാപ്‌തിയിൽ വിശ്വാസമുണ്ടെന്ന്‌ അതു തെളിയിക്കുമായിരുന്നോ? ദൈവത്തിന്റെ ഔദാര്യത്തെ പ്രതിഫലിപ്പിക്കാനുള്ള നല്ലൊരു അവസരമായി അതിനെ കാണുന്നു എന്നതിന്റെ സൂചനയായിരിക്കുമായിരുന്നോ അത്‌? ഒരിക്കലുമല്ല! ആത്മാർഥമായി ഔദാര്യം കാണിക്കുന്ന വ്യക്തിയുടെ ഹൃദയനില യഹോവ കാണുമായിരുന്നു; അത്തരം ഒരു വ്യക്തിയെ അയാളുടെ എല്ലാ പ്രവൃത്തിയിലും സംരംഭത്തിലും അനുഗ്രഹിക്കുമെന്ന്‌ ദൈവം വാഗ്‌ദാനംചെയ്‌തു. (ആവ. 15:10) ആ വാഗ്‌ദാനത്തിലുള്ള വിശ്വാസം, ദൈവത്തിന്റെ നിയമം അനുസരിക്കാൻ അവന്റെ ദാസന്മാർക്കു പ്രേരണയേകി. അതിലൂടെ അവർക്കു സമൃദ്ധമായ അനുഗ്രഹങ്ങളും ലഭിച്ചു.—സദൃ. 28:20.

6. എബ്രായർ 11:6 എന്ത്‌ ഉറപ്പുനൽകുന്നു?

6 ദൈവത്തിന്റെ അനുഗ്രഹം നേടാൻ, അവൻ പ്രതിഫലം നൽകുന്നവനാണെന്നു വിശ്വസിക്കുന്നതോടൊപ്പം, ചെയ്യേണ്ട മറ്റൊരു കാര്യത്തെക്കുറിച്ച്‌ എബ്രായർ 11:6 സൂചിപ്പിക്കുന്നു. യഹോവ പ്രതിഫലം നൽകുന്നത്‌ തന്നെ “ആത്മാർഥമായി അന്വേഷിക്കുന്നവർക്ക്‌” ആണ്‌ എന്നതു ശ്രദ്ധിക്കുക. മൂലഭാഷയിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം തീവ്രമായ, ഏകാഗ്രമായ ശ്രമത്തെ സൂചിപ്പിക്കുന്നു. അങ്ങനെ ശ്രമിച്ചാൽ അനുഗ്രഹം ഉറപ്പാണ്‌! “ഭോഷ്‌കു പറയാൻ കഴിയാത്ത” ദൈവമാണ്‌ ഇതു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. (തീത്തൊ. 1:1) തന്റെ വാഗ്‌ദാനങ്ങളെല്ലാം പൂർണമായും വിശ്വസിക്കാനാകുന്നവയാണെന്ന്‌ കഴിഞ്ഞ സഹസ്രാബ്ദങ്ങളിൽ ഉടനീളം യഹോവ തെളിയിച്ചിരിക്കുന്നു. അവന്റെ വാക്കുകൾ ഒന്നും വൃഥാവാകില്ല; അവയെല്ലാം നിറവേറും. (യെശ. 55:11) അതുകൊണ്ട്‌ നാം യഥാർഥ വിശ്വാസം പ്രകടമാക്കുന്നപക്ഷം ദൈവം പ്രതിഫലം നൽകും എന്ന കാര്യത്തിൽ നമുക്ക്‌ പൂർണ ഉറപ്പുണ്ടായിരിക്കാം.

7. അബ്രാഹാമിന്റെ “സന്തതി”യിലൂടെ നമുക്ക്‌ എങ്ങനെ അനുഗ്രഹം നേടാനാകും?

7 അബ്രാഹാമിന്റെ “സന്തതി”യുടെ മുഖ്യഭാഗം യേശുക്രിസ്‌തുവും ഉപഭാഗം അഭിഷിക്ത ക്രിസ്‌ത്യാനികളുമാണ്‌. “അന്ധകാരത്തിൽനിന്ന്‌ തന്റെ അത്ഭുതപ്രകാശത്തിലേക്ക്‌ . . . വിളിച്ചവന്റെ സദ്‌ഗുണങ്ങളെ ഘോഷിക്കേണ്ടതിന്‌” നിയോഗിച്ചിരിക്കുന്നത്‌ ഈ ഉപഭാഗത്തെയാണ്‌. (ഗലാ. 3:7-9, 14, 16, 26-29; 1 പത്രോ. 2:9) തന്റെ സ്വത്തുക്കൾ നോക്കിനടത്താൻ യേശു ആക്കിവെച്ചിരിക്കുന്ന അവരെ അവഗണിച്ചാൽ യഹോവയോട്‌ അടുത്തുവരാനും അവന്റെ പ്രീതി നേടാനും നമുക്കാവില്ല. അതെ, “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ സഹായമില്ലാതെ, ദൈവവചനത്തിലുള്ള കാര്യങ്ങളുടെ അർഥം ശരിയാംവണ്ണം മനസ്സിലാക്കാനോ അവ എങ്ങനെ പ്രാവർത്തികമാക്കണമെന്നു തിരിച്ചറിയാനോ നമുക്കു കഴിയില്ല. (മത്താ. 24:45-47) അപ്രകാരം തിരുവെഴുത്തുകളിൽനിന്നു തിരിച്ചറിയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നെങ്കിൽ നമുക്കു ദൈവാനുഗ്രഹം നേടാനാകും.

ദൈവഹിതം മുൻനിറുത്തി പ്രവർത്തിക്കുക

8, 9. ഗോത്രപിതാവായ യാക്കോബ്‌ ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രയത്‌നിച്ചത്‌ എങ്ങനെ?

8 ദൈവാനുഗ്രഹം നേടാനായി പ്രയത്‌നിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഗോത്രപിതാവായ യാക്കോബിന്റെ ചിത്രമായിരിക്കാം നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്നത്‌. തന്റെ മുത്തച്ഛനായ അബ്രാഹാമിനു ദൈവം നൽകിയ വാഗ്‌ദാനം എങ്ങനെ നിവൃത്തിയേറുമെന്ന്‌ അവന്‌ അറിയില്ലായിരുന്നു. പക്ഷേ അബ്രാഹാമിന്റെ സന്തതിയെ യഹോവ വർധിപ്പിക്കുമെന്നും അവർ വലിയൊരു ജനതയാകുമെന്നും യാക്കോബ്‌ ഉറച്ചുവിശ്വസിച്ചു. അങ്ങനെ ബി.സി. 1781-ൽ അവൻ തനിക്കൊരു ഭാര്യയെ അന്വേഷിച്ച്‌ ഹാരാനിലേക്കു യാത്രയായി. തനിക്ക്‌ ഇണങ്ങുന്ന ഒരു ഭാര്യയെ കണ്ടെത്തുക മാത്രമായിരുന്നില്ല അവന്റെ ലക്ഷ്യം. യഹോവയെ ആരാധിക്കുന്ന ആത്മീയതയുള്ള ഒരു യുവതിയെ, തന്റെ കുട്ടികൾക്ക്‌ നല്ലൊരു അമ്മയാകാൻ കഴിയുന്ന ഒരുവളെ ആയിരുന്നു അവൻ അന്വേഷിച്ചത്‌.

9 അങ്ങനെ യാക്കോബ്‌ തന്റെ ബന്ധുവായ റാഹേലിനെ കണ്ടുമുട്ടി. റാഹേലിനെ അവന്‌ ഇഷ്ടമായി. അവളെ ഭാര്യയായി കിട്ടുന്നതിന്‌ അവളുടെ അപ്പനായ ലാബാനുവേണ്ടി ഏഴുവർഷം വേലചെയ്യാൻ യാക്കോബ്‌ തയ്യാറായി. ഇതു വെറുമൊരു പ്രണയകഥയല്ല. തന്റെ മുത്തച്ഛനായ അബ്രാഹാമിന്‌ സർവശക്തനായ ദൈവം നൽകിയതും തന്റെ പിതാവായ യിസ്‌ഹാക്കിനോട്‌ ആവർത്തിച്ചതുമായ വാഗ്‌ദാനത്തെക്കുറിച്ച്‌ യാക്കോബിന്‌ നിസ്സംശയമായും അറിയാമായിരുന്നു. (ഉല്‌പ. 18:18; 22:17, 18; 26:3-5, 24, 25) കൂടാതെ, യിസ്‌ഹാക്ക്‌ യാക്കോബിനെ ഇങ്ങനെ അനുഗ്രഹിച്ചിരുന്നു: “സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.” (ഉല്‌പ. 28:3, 4) അതെ, അനുയോജ്യയായ ഭാര്യയെ കണ്ടെത്താനും ഒരു കുടുംബത്തെ ഉളവാക്കാനും യാക്കോബ്‌ ചെയ്‌ത ശ്രമം യഹോവയുടെ വാഗ്‌ദാനത്തിലുള്ള അവന്റെ വിശ്വാസത്തിന്റെ തെളിവായിരുന്നു.

10. യാക്കോബിന്റെ അഭ്യർഥനയ്‌ക്കു ചേർച്ചയിൽ യഹോവ അവനെ അനുഗ്രഹിച്ചത്‌ എന്തുകൊണ്ട്‌?

10 കുടുംബത്തിനുവേണ്ടി സ്വത്തു സമ്പാദിക്കുകയായിരുന്നില്ല യാക്കോബിന്റെ ലക്ഷ്യം. തന്റെ സന്തതിയെക്കുറിച്ചുള്ള ദിവ്യവാഗ്‌ദാനമായിരുന്നു അവന്റെ മനസ്സുനിറയെ. യഹോവയുടെ ഹിതം നിറവേറിക്കാണുന്നതിലായിരുന്നു അവന്റെ മുഴുശ്രദ്ധയും. പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും യഹോവയുടെ അനുഗ്രഹം നേടാൻ തന്നാലാവുന്നതെല്ലാം ചെയ്യാൻ യാക്കോബ്‌ ദൃഢചിത്തനായിരുന്നു. പ്രായമായപ്പോഴും അവന്റെ ഈ മനോഭാവത്തിനു മാറ്റമുണ്ടായില്ല. യഹോവ അതിന്‌ അവനെ അനുഗ്രഹിക്കുകയും ചെയ്‌തു.—ഉല്‌പത്തി 32:24-29 വായിക്കുക.

11. വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നാം എന്തു ചെയ്യണം?

11 യാക്കോബിനെപ്പോലെ നമുക്കും യഹോവയുടെ ഉദ്ദേശ്യം നിറവേറുന്നതിനെക്കുറിച്ചുള്ള സകലവിവരങ്ങളും അറിയില്ല. എന്നാൽ “യഹോവയുടെ ദിവസ”വുമായി ബന്ധപ്പെട്ട്‌ നാം എന്തു പ്രതീക്ഷിക്കണം എന്ന്‌ ഒരു ഏകദേശരൂപം ലഭിക്കാൻ ദൈവവചനത്തിന്റെ പഠനം നമ്മെ സഹായിക്കും. (2 പത്രോ. 3:10, 17) ഉദാഹരണത്തിന്‌, ആ ദിവസം എപ്പോൾ വരുമെന്ന്‌ കൃത്യമായി നമുക്കറിയില്ല; പക്ഷേ അത്‌ അടുത്തെത്തിയിരിക്കുന്നു എന്ന്‌ നാം മനസ്സിലാക്കുന്നു. ശേഷിച്ചിരിക്കുന്ന ചുരുങ്ങിയ സമയംകൊണ്ട്‌ സമഗ്രസാക്ഷ്യം നൽകുന്നതിലൂടെ നമ്മെയും നമ്മുടെ വാക്കു കേൾക്കുന്നവരെയും രക്ഷിക്കാനാകും എന്ന ദൈവവചനം നാം വിശ്വസിക്കുന്നു.—1 തിമൊ. 4:16.

12. ഏതു കാര്യം ഉറപ്പാണ്‌?

12 ഈ ഭൂമുഖത്തുള്ള എല്ലാ വ്യക്തികൾക്കും സാക്ഷ്യം നൽകിക്കഴിഞ്ഞേ യഹോവയുടെ ദിവസം വരുകയുള്ളൂ എന്നു നാം പ്രതീക്ഷിക്കുന്നില്ല. അന്ത്യം എപ്പോൾ വേണമെങ്കിലും വരാമെന്നു നമുക്കറിയാം. (മത്താ. 10:23) നമ്മുടെ പ്രസംഗവേല കാര്യക്ഷമമായി നിർവഹിക്കാൻ വേണ്ടുന്ന നിർദേശങ്ങളും നമുക്കു ലഭ്യമാണ്‌. നമുക്കുള്ള കഴിവുകളും ആസ്‌തികളും എല്ലാം ഉപയോഗിച്ച്‌ വിശ്വാസത്തോടെ നാം ഈ വേലയിൽ നമ്മുടെ പരമാവധി ചെയ്യുന്നു. ഒരു പ്രദേശത്തു ഫലം ഉണ്ടാകുമോ ഇല്ലയോ എന്നു നമുക്കു മുൻകൂട്ടി അറിയാനാകില്ല. (സഭാപ്രസംഗി 11:5, 6 വായിക്കുക.) യഹോവ നമ്മെ അനുഗ്രഹിക്കും എന്ന വിശ്വാസത്തോടെ പ്രസംഗിക്കുക, അതാണ്‌ നമുക്കു തന്നിരിക്കുന്ന ജോലി. (1 കൊരി. 3:6, 7) നമ്മുടെ പരിശ്രമം യഹോവ കാണുന്നുണ്ടെന്നും നമുക്കു വേണ്ടുന്ന മാർഗനിർദേശം അവൻ പരിശുദ്ധാത്മാവിലൂടെ നൽകുമെന്നും ഉറപ്പുണ്ടായിരിക്കാം.—സങ്കീ. 32:8.

പരിശുദ്ധാത്മാവ്‌ ലഭിക്കാൻ പരിശ്രമിക്കുക

13, 14. പരിശുദ്ധാത്മാവിന്‌ ദൈവദാസന്മാരെ ഏതൊരു കാര്യത്തിനുംവേണ്ടി സജ്ജരാക്കാൻ കഴിയുമെന്ന്‌ പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

13 ഒരു നിയമനം നിർവഹിക്കാനോ പ്രസംഗവേലയിൽ ഏർപ്പെടാനോ വേണ്ടത്ര പ്രാപ്‌തി നമുക്കില്ലെന്നു തോന്നുന്നെങ്കിലോ? നമ്മുടെ പ്രാപ്‌തികൾ മെച്ചപ്പെടുത്താനുള്ള സഹായത്തിനായി പരിശുദ്ധാത്മാവിനെ നൽകാൻ നാം യഹോവയോടു യാചിക്കണം. (ലൂക്കോസ്‌ 11:13 വായിക്കുക.) ഏതൊരു സേവനപദവിക്കും വേലയ്‌ക്കും വേണ്ടി നമ്മെ പ്രാപ്‌തരാക്കാൻ ദൈവാത്മാവിനു കഴിയും; നമ്മുടെ മുൻകാല സാഹചര്യമോ പരിചയക്കുറവോ ഒന്നും അതിനൊരു തടസ്സമാകില്ല. ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുവന്ന ഉടൻ ദൈവജനത്തിന്റെ കാര്യത്തിൽ നടന്നത്‌ അതാണ്‌. യുദ്ധം ചെയ്‌ത്‌ ഒരു പരിചയവുമില്ലാത്ത വെറും ഇടയന്മാരും അടിമകളുമായിരുന്ന അവർക്ക്‌ യുദ്ധത്തിൽ ശത്രുക്കളെ തോൽപ്പിക്കാൻ പരിശുദ്ധാത്മാവ്‌ പ്രാപ്‌തിനൽകി. (പുറ. 17:8-13) അതിനുശേഷം അധികം വൈകാതെ, ദൈവം നൽകിയ രൂപമാതൃകയ്‌ക്കൊത്ത്‌ അതിമനോഹരമായ തിരുനിവാസം നിർമിക്കാൻ അതേ ആത്മാവ്‌ ബെസലേലിനെയും ഒഹൊലീയാബിനെയും സജ്ജരാക്കി.—പുറ. 31:2-6; 35:30-35.

14 സ്വന്തമായി അച്ചടി ആരംഭിക്കേണ്ടത്‌ ആവശ്യമായിവന്നപ്പോൾ സാഹചര്യത്തിനൊത്ത്‌ ഉയരാൻ യഹോവയുടെ ആധുനികകാല ദാസന്മാരെ അവന്റെ ആത്മാവ്‌ സജ്ജരാക്കി. 1927-ഓടെ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌ വിശദീകരിച്ചുകൊണ്ട്‌ അന്ന്‌ അച്ചടിശാലയുടെ മേൽനോട്ടം വഹിച്ചിരുന്ന ആർ. ജെ. മാർട്ടിൻ സഹോദരൻ എഴുതി: “കൃത്യസമയത്ത്‌ കർത്താവ്‌ വഴിതുറന്നു; ഒരു വലിയ അച്ചടിയന്ത്രം ഞങ്ങളുടെ കൈകളിലെത്തി. ആ അച്ചടിയന്ത്രത്തെക്കുറിച്ചോ അതിന്റെ പ്രവർത്തനത്തെക്കുറിച്ചോ ഞങ്ങൾക്ക്‌ യാതൊന്നും അറിയില്ലായിരുന്നു. പക്ഷേ തന്റെ വേലയ്‌ക്കായി സർവസ്വവും സമർപ്പിച്ചവർക്ക്‌ ബുദ്ധിനൽകാൻ കർത്താവിന്‌ അറിയാമല്ലോ. . . . ഏതാനും ആഴ്‌ചകൾകൊണ്ട്‌ ആ യന്ത്രം പ്രവർത്തിപ്പിക്കാൻ ഞങ്ങൾക്കായി. അത്‌ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, അതിന്റെ നിർമാതാക്കൾപോലും സ്വപ്‌നം കണ്ടിരിക്കാനിടയില്ലാത്ത വിധത്തിൽ!” അതെ, ആത്മാർഥമായ അത്തരം പരിശ്രമങ്ങളെ യഹോവ ഇന്നോളം അനുഗ്രഹിച്ചിരിക്കുന്നു.

15. പ്രലോഭനങ്ങൾ നേരിടുന്നവർക്ക്‌ റോമർ 8:11 പ്രോത്സാഹനം പകരുന്നത്‌ എങ്ങനെ?

15 യഹോവയുടെ ആത്മാവ്‌ പല വിധങ്ങളിൽ പ്രവർത്തിക്കുന്നു. ഈ ആത്മാവ്‌ എല്ലാ ദൈവദാസന്മാർക്കും ലഭ്യമാണ്‌. തരണംചെയ്യാൻ കഴിയില്ലെന്നു തോന്നുന്ന പ്രതിബന്ധങ്ങൾ മറികടക്കാൻ അത്‌ അവരെ സഹായിക്കും. പ്രലോഭനങ്ങളെ തരണംചെയ്യാൻ ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ റോമർ 7:21, 25-ലും 8:11-ലും രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ വാക്കുകൾ നിങ്ങൾക്കു ശക്തിപകരും. അതെ, ‘യേശുവിനെ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിച്ചവന്റെ ആത്മാവിന്‌’ നിങ്ങളെ സഹായിക്കാനാകും, ജഡികമോഹങ്ങളുമായി പോരാടി വിജയിക്കാനുള്ള ശക്തിപകരാനാകും. ഈ ഭാഗം ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾക്കുവേണ്ടി എഴുതപ്പെട്ടതാണെങ്കിലും അതിലെ തത്ത്വം എല്ലാ ദൈവദാസർക്കും ബാധകമാണ്‌. അതുകൊണ്ട്‌, ക്രിസ്‌തുവിൽ വിശ്വസിക്കുകയും അനുചിതമായ ആഗ്രഹങ്ങളെ നിഗ്രഹിക്കുകയും ആത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കെല്ലാവർക്കും ജീവൻ നേടാനാകും.

16. ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ലഭിക്കാൻ നാം എന്തു ചെയ്യണം?

16 ഒരു ശ്രമവും ചെയ്യാതെ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി ലഭിക്കുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാനാകുമോ? ഇല്ല. അതു ലഭിക്കാനായി പ്രാർഥിക്കുന്നതിനു പുറമേ ദൈവത്തിന്റെ നിശ്വസ്‌തവചനം ഉത്സാഹപൂർവം പഠിക്കുകയും വേണം. (സദൃ. 2:1-6) ക്രിസ്‌തീയ സഭയിൽ ദൈവാത്മാവിന്റെ ഒഴുക്കുള്ളതിനാൽ നാം പതിവായി യോഗങ്ങൾക്കും ഹാജരാകണം. “ആത്മാവ്‌ സഭകളോടു പറയുന്നത്‌” ‘കേൾക്കാൻ’ ആഗ്രഹമുണ്ടെന്നു തെളിയിക്കുകയായിരിക്കും നാം അപ്പോൾ. (വെളി. 3:6) പഠിക്കുന്ന കാര്യങ്ങൾ താഴ്‌മയോടെ ബാധകമാക്കുന്നതും പ്രധാനമാണ്‌. “തന്നെ ഭരണാധികാരിയായി അനുസരിക്കുന്നവർക്ക്‌” ദൈവം തന്റെ പരിശുദ്ധാത്മാവിനെ നൽകും എന്നതിൽ സംശയമില്ല.—പ്രവൃ. 5:32.

17. നമ്മുടെ പരിശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നതിനെ എന്തുമായി താരതമ്യം ചെയ്യാം?

17 ദൈവാനുഗ്രഹം ലഭിക്കാൻ ആത്മാർഥമായ പരിശ്രമം ആവശ്യമാണെന്നതു ശരിയാണ്‌. എന്നാൽ യഹോവ തന്റെ ജനത്തിന്മേൽ ചൊരിയുന്ന സമൃദ്ധമായ അനുഗ്രഹങ്ങൾ നമ്മുടെ പരിശ്രമംകൊണ്ടുമാത്രം ലഭിക്കില്ലെന്ന്‌ ഓർക്കുക. നമ്മുടെ പരിശ്രമത്തിന്‌ അവൻ നൽകുന്ന അനുഗ്രഹങ്ങളെ പോഷകസമൃദ്ധമായ ഭക്ഷണത്തിൽനിന്നു ശരീരത്തിനു ലഭിക്കുന്ന പ്രയോജനത്തോട്‌ ഉപമിക്കാം. ഭക്ഷണം ആസ്വദിച്ചു കഴിക്കാനും അതിൽനിന്നുള്ള പോഷകങ്ങൾ സ്വാംശീകരിക്കാനും പറ്റുന്ന വിധത്തിൽ ദൈവം നമ്മുടെ ശരീരം സൃഷ്ടിച്ചിരിക്കുന്നു. നമുക്കു വേണ്ട ഭക്ഷണം നൽകുന്നതും അവനാണ്‌. ഭക്ഷണപദാർഥങ്ങളിൽ പോഷകമൂല്യങ്ങൾ ഉണ്ടാകുന്നത്‌ എങ്ങനെയെന്ന്‌ നമുക്ക്‌ പൂർണമായി അറിയില്ല. നാം കഴിക്കുന്ന ഭക്ഷണത്തിൽനിന്ന്‌ ശരീരം ഊർജം ഉത്‌പാദിപ്പിക്കുന്നത്‌ എങ്ങനെയെന്നു വിശദീകരിക്കാനും നമ്മിൽ പലർക്കും കഴിയില്ല. എന്നാൽ ഈ പ്രക്രിയ ശരീരത്തിനു ഗുണംചെയ്യുന്നു എന്ന കാര്യം നമുക്കറിയാം, അതുകൊണ്ടാണ്‌ നാം ഭക്ഷണം കഴിക്കുന്നത്‌. കഴിക്കുന്നത്‌ പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിൽ അത്‌ ഏറെ ഗുണംചെയ്യും. സമാനമായി, നിത്യജീവൻ നേടാൻ നാം പാലിക്കേണ്ട നിബന്ധനകൾ വെച്ചിരിക്കുന്നതും അവ പാലിക്കാൻവേണ്ട സഹായം നൽകുന്നതും യഹോവയാണ്‌. അതെ, ഇക്കാര്യത്തിലും അവനാണ്‌ സിംഹഭാഗവും നിർവഹിക്കുന്നത്‌, അതുകൊണ്ടുതന്നെ സകല മഹത്ത്വവും അവനുള്ളതാണ്‌. പക്ഷേ, അനുഗ്രഹങ്ങൾ ലഭിക്കാൻ ദൈവഹിതത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട്‌ നാം അവനോടു സഹകരിക്കണം, ശരീരത്തിനു പോഷണം ലഭിക്കാൻ നാം ഭക്ഷണം കഴിക്കുന്നതുപോലെ.—ഹഗ്ഗാ. 2:18, 19.

18. എന്താണ്‌ നിങ്ങളുടെ തീരുമാനം, എന്തുകൊണ്ട്‌?

18 അതുകൊണ്ട്‌, ലഭിക്കുന്ന നിയമനങ്ങളെല്ലാം ഏറ്റവും മെച്ചമായി ചെയ്യാൻ ആത്മാർഥമായി പരിശ്രമിക്കുക. വിജയത്തിനായി എപ്പോഴും യഹോവയിൽ ആശ്രയിക്കുക. (മർക്കോ. 11:23, 24) അപ്രകാരം ചെയ്യവെ, ‘അന്വേഷിക്കുന്ന ഏവനും കണ്ടെത്തും’ എന്ന കാര്യം മറക്കരുത്‌. (മത്താ. 7:8) ആത്മാഭിഷിക്തരെ സ്വർഗത്തിൽ “ജീവകിരീടം” നൽകി യഹോവ അനുഗ്രഹിക്കും. (യാക്കോ. 1:12) അബ്രാഹാമിന്റെ സന്തതിയിലൂടെ ലഭിക്കുന്ന അനുഗ്രഹം നേടാനായി പരിശ്രമിക്കുന്ന ക്രിസ്‌തുവിന്റെ ‘വേറെ ആടുകൾ’ അവന്റെ പിൻവരുന്ന വാക്കുകൾ കേട്ട്‌ സന്തോഷിക്കും: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുവിൻ.” (യോഹ. 10:16; മത്താ. 25:34) അതെ, ദൈവത്താൽ “അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ . . . അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീ. 37:22, 29.

വിശദീകരിക്കാമോ?

• യഥാർഥ അനുസരണം എപ്രകാരമുള്ളതായിരിക്കും?

• ദൈവത്തിന്റെ അനുഗ്രഹം നേടാൻ എന്ത്‌ ആവശ്യമാണ്‌?

• നമുക്കെങ്ങനെ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നേടാനാകും, അത്‌ നമുക്കുവേണ്ടി എപ്രകാരം പ്രവർത്തിക്കും?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ അനുഗ്രഹം നേടാൻ യാക്കോബ്‌ ദൂതനുമായി മല്ലിട്ടു.

ദൈവാനുഗ്രഹം നേടാൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ?

[10-ാം പേജിലെ ചിത്രം]

തിരുനിവാസത്തിന്റെ പണി വൈദഗ്‌ധ്യത്തോടെ ചെയ്യാൻ പരിശുദ്ധാത്മാവ്‌ ബെസലേലിനെയും ഒഹൊലീയാബിനെയും സജ്ജരാക്കി