വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ന്യായീകരണങ്ങൾ യഹോവയുടെ വീക്ഷണം

ന്യായീകരണങ്ങൾ യഹോവയുടെ വീക്ഷണം

ന്യായീകരണങ്ങൾ യഹോവയുടെ വീക്ഷണം

“എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്‌ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്‌തു” എന്ന്‌ ആദാം ദൈവത്തോടു പറഞ്ഞു. “പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി” എന്നു പറഞ്ഞ്‌ ഹവ്വായും തന്റെ ഭാഗം ന്യായീകരിക്കാൻ മുതിർന്നു. അന്നുമുതൽ ഇന്നോളം മനുഷ്യർ പറഞ്ഞിട്ടുള്ള ന്യായീകരണങ്ങൾക്ക്‌ കൈയുംകണക്കുമില്ല.—ഉല്‌പ. 3:12, 13.

മനഃപൂർവം അനുസരണക്കേടു കാണിച്ചതിന്‌ ആദാമിനെയും ഹവ്വായെയും യഹോവ ശിക്ഷിച്ചു. അവർ നൽകിയ ന്യായീകരണങ്ങൾ യഹോവ സ്വീകരിച്ചില്ല എന്നാണ്‌ അത്‌ കാണിക്കുന്നത്‌. (ഉല്‌പ. 3:16-19) നാം എന്തു പറഞ്ഞാലും അതിനെയെല്ലാം വെറും ന്യായീകരണങ്ങളായിട്ടായിരിക്കുമോ യഹോവ കരുതുന്നത്‌? അതോ, ചില കാരണങ്ങൾ ന്യായമാണെന്ന്‌ അവൻ അംഗീകരിക്കുമോ? ഇവയ്‌ക്കുള്ള ഉത്തരം കണ്ടെത്തുന്നതിനുമുമ്പ്‌, ആളുകൾ ന്യായീകരണങ്ങൾ പറയുന്നത്‌ എന്തുകൊണ്ടാണെന്നു നോക്കാം.

ചെയ്യരുതാത്ത ഒരു കാര്യം ചെയ്യുമ്പോൾ, ചെയ്യേണ്ടത്‌ ചെയ്യാതിരിക്കുമ്പോൾ, അതുമല്ലെങ്കിൽ ഒരു കാര്യം ചെയ്യാൻ ഇഷ്ടമില്ലെങ്കിൽ ഒക്കെയാണ്‌ ആളുകൾ സാധാരണ ന്യായീകരണങ്ങൾ നിരത്തുന്നത്‌. ഒരു പിഴവ്‌ സംഭവിച്ചത്‌ എന്തുകൊണ്ടാണെന്നു വിശദീകരിക്കുന്നതിനെയും ആത്മാർഥമായി ക്ഷമാപണം നടത്തുന്നതിനെയും ഇതുമായി കൂട്ടിക്കുഴയ്‌ക്കരുത്‌. അത്തരം ആത്മാർഥമായ ക്ഷമാപണം തെറ്റു ക്ഷമിച്ചുകിട്ടാൻ വഴിയൊരുക്കിയേക്കാം. ആദാമും ഹവ്വായും ചെയ്‌തതുപോലെ പലരുടെയും കാര്യത്തിൽ ന്യായീകരണം ഒരു നാട്യം, സത്യം മറച്ചുവെക്കാനായി പറയുന്ന കളവ്‌ ആയിരിക്കാം. ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുകയാണ്‌ ന്യായീകരണം നടത്തുന്ന മറ്റു പലരുടെയും ലക്ഷ്യം.

എന്നാൽ ദൈവസേവനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, ‘സത്യവിരുദ്ധമായ’ ന്യായങ്ങൾ നിരത്തിക്കൊണ്ട്‌ ‘സ്വയം വഞ്ചിക്കാതിരിക്കാൻ’ നാം ശ്രദ്ധിക്കണം. (യാക്കോ. 1:22) അതുകൊണ്ട്‌ ഇക്കാര്യത്തിൽ ‘കർത്താവിനു പ്രസാദകരമായത്‌ എന്തെന്ന്‌ സദാ പരിശോധിച്ച്‌ ഉറപ്പാക്കാനായി’ നമുക്ക്‌ ഇപ്പോൾ ചില ബൈബിൾ ദൃഷ്ടാന്തങ്ങളും തത്ത്വങ്ങളും പരിശോധിക്കാം.—എഫെ. 5:10.

ദൈവം നമ്മിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്‌

യഹോവയുടെ ജനമായ നാം നിശ്ചയമായും അനുസരിക്കേണ്ട വ്യക്തമായ ചില കൽപ്പനകൾ അവന്റെ വചനത്തിൽ നമുക്കു കാണാം. “പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്ന നിയോഗംതന്നെ ഉദാഹരണം. സത്യക്രിസ്‌ത്യാനികളായ എല്ലാവരും ക്രിസ്‌തു നൽകിയ ഈ കൽപ്പന ഇന്നും അനുസരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. (മത്താ. 28:19, 20) വാസ്‌തവത്തിൽ ഈ കൽപ്പന അനുസരിക്കുന്നത്‌ വളരെ പ്രധാനമാണ്‌. “ഞാൻ സുവിശേഷം അറിയിക്കുന്നില്ലെങ്കിൽ എനിക്ക്‌ അയ്യോ കഷ്ടം!” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതിയത്‌ അതുകൊണ്ടാണ്‌.—1 കൊരി. 9:16.

ഇങ്ങനെയൊക്കെയാണെങ്കിലും കാലങ്ങളായി നമ്മോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ചിലർ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്ന കാര്യത്തിൽ മടിയുള്ളവരാണ്‌. (മത്താ. 24:14) മുമ്പ്‌ പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്ന ചിലരാകട്ടെ അത്‌ നിറുത്തിക്കളഞ്ഞിരിക്കുന്നു. പ്രസംഗവേലയിൽ ഏർപ്പെടാത്തതിന്‌ ചിലർ പറയുന്ന ഒഴികഴിവുകൾ എന്തെല്ലാമാണ്‌? താൻ കൊടുത്ത വ്യക്തമായ നിർദേശങ്ങൾ പാലിക്കാൻ ചിലർ മടികാണിച്ചപ്പോൾ യഹോവ അതിനെ എങ്ങനെയാണ്‌ കണ്ടത്‌?

ദൈവത്തിനു സ്വീകാര്യമല്ലാത്ത ന്യായങ്ങൾ

“അത്‌ വളരെ ബുദ്ധിമുട്ടാണ്‌.” സ്വതവെ ലജ്ജാശീലമുള്ളവർക്ക്‌ പ്രസംഗവേലയിൽ ഏർപ്പെടുന്നത്‌ വിശേഷാൽ ബുദ്ധിമുട്ടായി തോന്നാം. അങ്ങനെയുള്ളവർക്ക്‌ യോനായുടെ ദൃഷ്ടാന്തത്തിൽനിന്ന്‌ എന്തു പഠിക്കാനാകും? അങ്ങേയറ്റം ബുദ്ധിമുട്ടുപിടിച്ചതെന്നു തോന്നിയ ഒരു നിയമനം യഹോവയിൽനിന്ന്‌ അവനു ലഭിച്ചു: വരാൻ പോകുന്ന നാശത്തെക്കുറിച്ച്‌ നിനെവേക്കാരോടു പ്രസംഗിക്കുക. കൊടുംക്രൂരതയ്‌ക്ക്‌ പേരുകേട്ട അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നിനെവേ. അതുകൊണ്ടായിരിക്കണം, ആ നിയമനം നിർവഹിക്കാൻ യോനായ്‌ക്ക്‌ ഭയംതോന്നി. ഒരുപക്ഷേ യോനാ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം: ‘ഈ മനുഷ്യരോട്‌ പ്രസംഗിക്കാൻ പോയാൽ എന്റെ അവസ്ഥ എന്താകും? അവർ എന്നെ വെറുതെ വെച്ചേക്കില്ല.’ തുടർന്ന്‌ യോനാ എന്താണ്‌ ചെയ്‌തത്‌? അവൻ ആ നിയമനം ഇട്ടെറിഞ്ഞ്‌ ഓടിപ്പോയി. പക്ഷേ യഹോവ യോനായുടെ ന്യായീകരണങ്ങൾ അംഗീകരിച്ചില്ല. നിനെവേക്കാരോട്‌ പ്രസംഗിക്കാൻ യഹോവ പിന്നെയും യോനായോട്‌ ആവശ്യപ്പെട്ടു. ഇത്തവണ യോനാ ധൈര്യപൂർവം തന്റെ നിയമനം പൂർത്തീകരിച്ചു, അവന്റെ വേലയെ യഹോവ അനുഗ്രഹിക്കുകയും ചെയ്‌തു.—യോനാ 1:1-3; 3:3, 4, 10.

സുവാർത്ത പ്രസംഗിക്കാനുള്ള നിയമനം നിങ്ങൾക്ക്‌ ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ “ദൈവത്തിനു സകലവും സാധ്യ”മാണെന്നും സഹായത്തിനുവേണ്ടി നിരന്തരം അവനോട്‌ അപേക്ഷിക്കുന്നെങ്കിൽ അവൻ നിങ്ങളെ ശക്തീകരിക്കും എന്നും ഓർക്കുക. ശുശ്രൂഷ നിർവഹിക്കാൻവേണ്ട ധൈര്യം ആർജിക്കാൻ നിങ്ങൾ ശ്രമിക്കുന്നപക്ഷം യഹോവ നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും.—മർക്കോ. 10:27; ലൂക്കോ. 11:9-13.

“എനിക്ക്‌ താത്‌പര്യം തോന്നുന്നില്ല.” ക്രിസ്‌തീയ ശുശ്രൂഷയിൽ ഏർപ്പെടാൻ നിങ്ങൾക്ക്‌ താത്‌പര്യം തോന്നുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും? നിങ്ങളിൽ പ്രവർത്തിക്കാനും നിങ്ങളുടെ ഉള്ളിൽ ആഗ്രഹം ജനിപ്പിക്കാനും യഹോവയ്‌ക്കു കഴിയും എന്ന്‌ ഓർക്കുക. അതിനെക്കുറിച്ച്‌ പൗലോസ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “നിങ്ങൾക്ക്‌ ഇച്ഛിക്കാനും പ്രവർത്തിക്കാനും കഴിയേണ്ടതിന്‌ തന്റെ പ്രസാദപ്രകാരം നിങ്ങളിൽ പ്രവർത്തിക്കുന്നതു ദൈവമാകുന്നു.” (ഫിലി. 2:13) അതുകൊണ്ട്‌ ദൈവേഷ്ടം ചെയ്യാനുള്ള വാഞ്‌ഛ നിങ്ങളിൽ ഉളവാക്കാൻ യഹോവയോട്‌ അപേക്ഷിക്കുക. അങ്ങനെ ചെയ്‌ത ഒരാളാണ്‌ ദാവീദ്‌ രാജാവ്‌. “നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ” എന്ന്‌ അവൻ യഹോവയോട്‌ യാചിച്ചു. (സങ്കീ. 25:4, 5) യഹോവയെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം ഉണ്ടാകാൻ ദാവീദിനെപ്പോലെ നിങ്ങൾക്കും ഉള്ളുരുകി പ്രാർഥിക്കാനാകും.

ക്ഷീണമോ നിരുത്സാഹമോ തോന്നുന്ന ചില സാഹചര്യങ്ങളിൽ യോഗങ്ങൾക്കു ഹാജരാകാനും ശുശ്രൂഷയിൽ ഏർപ്പെടാനുമൊക്കെ നാം നമ്മെത്തന്നെ നിർബന്ധിക്കേണ്ടതുണ്ടായിരിക്കാം. ഇതിന്റെപേരിൽ, നമുക്ക്‌ യഹോവയോട്‌ യഥാർഥ സ്‌നേഹമില്ലെന്ന്‌ നിഗമനം ചെയ്യേണ്ടതുണ്ടോ? ഒരിക്കലുമില്ല. പുരാതനനാളിലെ വിശ്വസ്‌ത ദൈവദാസന്മാർക്കും ദിവ്യേഷ്ടം ചെയ്യാനായി കഠിനശ്രമം ചെയ്യേണ്ടതുണ്ടായിരുന്നു. ഉദാഹരണത്തിന്‌, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കേണ്ടതിനുവേണ്ടി താൻ തന്റെ ‘ശരീരത്തെ ദണ്ഡിപ്പിച്ചതായി’ പൗലോസ്‌ പറയുകയുണ്ടായി. (1 കൊരി. 9:26, 27) അതുകൊണ്ട്‌ ശുശ്രൂഷ നിർവഹിക്കാൻ നാം നമ്മെത്തന്നെ നിർബന്ധിക്കേണ്ടതുണ്ടെങ്കിൽപ്പോലും അങ്ങനെ ചെയ്യുമ്പോൾ യഹോവ നമ്മെ അനുഗ്രഹിക്കും എന്ന കാര്യത്തിൽ സംശയംവേണ്ടാ; യഹോവയോടുള്ള സ്‌നേഹംനിമിത്തമാണല്ലോ അവന്റെ ഹിതം ചെയ്യാൻ നാം ഇത്രമാത്രം ശ്രമിക്കുന്നത്‌. പരിശോധനകൾ വരുമ്പോൾ ദൈവത്തിന്റെ ദാസന്മാർ അവനെ ഉപേക്ഷിക്കും എന്ന സാത്താന്റെ അവകാശവാദം തെറ്റാണെന്നും അതിലൂടെ നാം തെളിയിക്കുകയാണ്‌.—ഇയ്യോ. 2:4.

“എനിക്ക്‌ ഒട്ടും സമയമില്ല.” ശുശ്രൂഷയിൽ ഏർപ്പെടാൻ സമയമില്ല എന്നു തോന്നുന്നെങ്കിൽ നിങ്ങളുടെ മുൻഗണനകൾ അടിയന്തിരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ‘ഒന്നാമത്‌ രാജ്യം അന്വേഷിക്കുവിൻ’ എന്നാണ്‌ യേശു പറഞ്ഞത്‌. (മത്താ. 6:33) ഈ തത്ത്വം പിൻപറ്റാൻ നിങ്ങളുടെ ജീവിതരീതി ലളിതമാക്കേണ്ടതുണ്ടായിരിക്കാം, അല്ലെങ്കിൽ വിനോദത്തിനുവേണ്ടി ചെലവഴിക്കുന്ന സമയത്തിൽ കുറെ ശുശ്രൂഷയ്‌ക്കായി മാറ്റിവെക്കേണ്ടതുണ്ടായിരിക്കാം. വിനോദത്തിനും വ്യക്തിപരമായ മറ്റ്‌ ആവശ്യങ്ങൾക്കും സമയം വേണമെന്നത്‌ ശരിതന്നെ, പക്ഷേ ശുശ്രൂഷ അവഗണിക്കാൻ ഇതൊന്നും ന്യായമായ കാരണങ്ങളല്ല. ദൈവത്തെ സേവിക്കുന്ന ഒരാളുടെ ജീവിതത്തിൽ മുന്തിയ സ്ഥാനം ദൈവരാജ്യത്തിനായിരിക്കണം.

“എനിക്ക്‌ അതിനുള്ള കഴിവില്ല.” സുവാർത്ത പ്രസംഗിക്കാനുള്ള യോഗ്യതയില്ലെന്ന്‌ ഒരുപക്ഷേ നിങ്ങൾക്കു തോന്നുന്നുണ്ടാകാം. യഹോവ നൽകിയ നിയോഗം നിർവഹിക്കാനുള്ള പ്രാപ്‌തി തങ്ങൾക്കില്ലെന്ന്‌ ബൈബിൾക്കാലങ്ങളിലെ വിശ്വസ്‌തരായ ചില ദൈവദാസന്മാർക്കും തോന്നിയിരുന്നു. മോശയുടെ കാര്യംതന്നെ എടുക്കുക. യഹോവയിൽനിന്ന്‌ ഒരു ദൗത്യം ലഭിച്ചപ്പോൾ അവൻ പറഞ്ഞത്‌ ഇതാണ്‌: “കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്‌സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു.” യഹോവ മോശയെ ധൈര്യപ്പെടുത്തി. പക്ഷേ അപ്പോഴും അവന്റെ മറുപടി, “കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ” എന്നായിരുന്നു. (പുറ. 4:10-13) യഹോവ എങ്ങനെയാണ്‌ ഇതിനോട്‌ പ്രതികരിച്ചത്‌?

ആ നിയമനത്തിൽനിന്ന്‌ യഹോവ മോശയെ ഒഴിവാക്കിയില്ല. പക്ഷേ, മോശയ്‌ക്ക്‌ ഒരു സഹായിയായി അവൻ അഹരോനെ നൽകി. (പുറ. 4:14-17) മാത്രമല്ല, തുടർന്നുള്ള വർഷങ്ങളിൽ യഹോവ മോശയോടൊപ്പം ഉണ്ടായിരുന്നു; താൻ നൽകിയ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കാൻ വേണ്ട സഹായങ്ങളും ദൈവം അവനു ചെയ്‌തുകൊടുത്തു. ശുശ്രൂഷയിൽ നിങ്ങൾക്കു വേണ്ട സഹായങ്ങൾ നൽകാൻ അനുഭവപരിചയമുള്ള സഹവിശ്വാസികളെ യഹോവ ഇന്നും പ്രേരിപ്പിക്കും എന്ന്‌ ഉറപ്പുണ്ടായിരിക്കുക. എല്ലാറ്റിലും ഉപരി, താൻ കൽപ്പിച്ചിരിക്കുന്ന വേല നിർവഹിക്കാൻ യഹോവ നമ്മെ യോഗ്യരാക്കും എന്ന്‌ അവന്റെ വചനംതന്നെ ഉറപ്പു നൽകുന്നു.—2 കൊരി. 3:5; “ഞാൻ ഏറ്റവും സന്തോഷം അനുഭവിച്ച വർഷങ്ങൾ” എന്ന ചതുരം കാണുക.

“ഒരാൾ എന്നെ വിഷമിപ്പിച്ചു.” ചിലർ ശുശ്രൂഷയിൽ പങ്കെടുക്കാതിരിക്കുന്നതും യോഗങ്ങളിൽ ഹാജരാകുന്നത്‌ നിറുത്തുന്നതും ആരെങ്കിലും അവരെ വേദനിപ്പിച്ചതുകൊണ്ടാണ്‌. യഹോവ തങ്ങളുടെ ഈ ന്യായീകരണം തീർച്ചയായും അംഗീകരിക്കും എന്ന്‌ അവർ കരുതുന്നു. ആരെങ്കിലും നമ്മുടെ വികാരങ്ങളെ വ്രണപ്പെടുത്തുമ്പോൾ വിഷമം തോന്നുക സ്വാഭാവികം. പക്ഷേ, അതിന്റെപേരിൽ ക്രിസ്‌തീയ പ്രവർത്തനങ്ങൾ നിറുത്തുന്നതിനെ ന്യായീകരിക്കാനാകുമോ? പൗലോസിനും സഹവിശ്വാസിയായ ബർന്നബാസിനും ഇടയിൽ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായിട്ട്‌ അവർ “കോപിച്ച്‌ തമ്മിൽ ഉഗ്രമായ തർക്കമുണ്ടായി” എന്നു നാം വായിക്കുന്നു. (പ്രവൃ. 15:39) ആ സംഭവം അവർ ഇരുവരെയും വളരെ വിഷമിപ്പിച്ചിട്ടുണ്ടാവണം. പക്ഷേ, അതിന്റെപേരിൽ അവർ ശുശ്രൂഷ ഉപേക്ഷിച്ചുപോയോ? ഇല്ലേയില്ല!

സമാനമായി സഹവിശ്വാസികളിലാരെങ്കിലും നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമ്പോൾ, അപൂർണനായ ആ ക്രിസ്‌തീയ സഹോദരനല്ല മറിച്ച്‌ നിങ്ങളെ വിഴുങ്ങാൻ തക്കംനോക്കിയിരിക്കുന്ന സാത്താനാണ്‌ നിങ്ങളുടെ ശത്രു എന്ന കാര്യം ഓർക്കുക. പിശാച്‌ നിങ്ങളെ കീഴ്‌പെടുത്താതിരിക്കണമെങ്കിൽ ‘വിശ്വാസത്തിൽ ഉറപ്പുള്ളവരായി അവനോട്‌ എതിർത്തുനിൽക്കണം.’ (1 പത്രോ. 5:8, 9; ഗലാ. 5:15) അത്തരം ഉറച്ച വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ ‘നിരാശനായിപ്പോകുകയില്ല.’—റോമ. 9:33.

പരിമിതികൾ ഉള്ളപ്പോൾ

ന്യായീകരണങ്ങളെക്കുറിച്ച്‌ ഇത്രയേറെ പരിചിന്തിച്ചതിൽനിന്ന്‌ നാം എന്തു പഠിച്ചു? സുവാർത്ത പ്രസംഗിക്കാനുള്ള കൽപ്പന ഉൾപ്പെടെ യഹോവയുടെ കൽപ്പനകൾ പാലിക്കാതിരിക്കുന്നതിന്‌ തിരുവെഴുത്തുപരമായി ഒരു ന്യായവും നൽകാനാകില്ല. എന്നാൽ, ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ കഴിയാത്തതിന്‌ ഒരുപക്ഷേ നമുക്ക്‌ തക്കതായ ചില കാരണങ്ങൾ ഉണ്ടായിരിക്കാം: തിരുവെഴുത്തുപരമായ മറ്റ്‌ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതുള്ളതിനാൽ പ്രസംഗവേലയ്‌ക്കുവേണ്ടി നീക്കിവെക്കാൻ ചിലർക്ക്‌ സമയം കുറവായിരിക്കും; ഇടയ്‌ക്കൊക്കെ, കടുത്ത ക്ഷീണമോ അനാരോഗ്യമോ നിമിത്തം യഹോവയുടെ സേവനത്തിൽ ആഗ്രഹിക്കുന്നത്ര ചെയ്യാനായില്ലെന്നും വരാം. എന്നിരുന്നാലും യഹോവ നമ്മുടെ ഉള്ളിലെ ആഗ്രഹം കാണുന്നുണ്ടെന്നും നമ്മുടെ പരിമിതികൾ അവൻ കണക്കിലെടുക്കുമെന്നും അവന്റെ വചനം നമുക്ക്‌ ഉറപ്പുനൽകുന്നു.—സങ്കീ. 103:14; 2 കൊരി. 8:12.

അതുകൊണ്ട്‌ ഇക്കാര്യങ്ങളിൽ നമ്മെയോ മറ്റുള്ളവരെയോ ദയാരഹിതമായി വിധിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “മറ്റൊരുവന്റെ ദാസനെ വിധിക്കാൻ നീ ആർ? അവൻ നിന്നാലും വീണാലും അത്‌ അവന്റെ യജമാനന്റെ കാര്യമത്രേ.” (റോമ. 14:4) മറ്റുള്ളവരുടെ സാഹചര്യവുമായി നമ്മുടെ സാഹചര്യത്തെ തട്ടിച്ചുനോക്കുന്നതിനുപകരം, “നാം ഓരോരുത്തരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാകുന്നു” എന്നകാര്യം മനസ്സിൽപ്പിടിക്കുക. (റോമ. 14:12; ഗലാ. 6:4, 5) പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ നമ്മുടെ പക്ഷം സാധൂകരിക്കുമ്പോൾ അത്‌ “സത്യസന്ധമായ മനസ്സാക്ഷി”യോടെ ചെയ്യാൻ നമുക്ക്‌ കഴിയണം.—എബ്രാ. 13:18, അടിക്കുറിപ്പ്‌.

ദൈവസേവനം സന്തോഷദായകം

നമ്മുടെ സാഹചര്യം എന്തുതന്നെ ആയിക്കൊള്ളട്ടെ, നമുക്കെല്ലാവർക്കും യഹോവയെ സന്തോഷത്തോടെ സേവിക്കാനാകും. കാരണം നമുക്ക്‌ അസാധ്യമായത്‌ അവൻ ഒരിക്കലും നമ്മോട്‌ ആവശ്യപ്പെടില്ല. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

ദൈവവചനം പറയുന്നു: “നന്മ ചെയ്‌വാൻ നിനക്കു പ്രാപ്‌തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുത്‌.” (സദൃ. 3:27) ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ എങ്ങനെ ചെയ്യാനാണ്‌ ഈ സദൃശവാക്യം നമ്മോടു പറയുന്നത്‌? സഹോദരന്റെ പ്രാപ്‌തിയനുസരിച്ചല്ല മറിച്ച്‌ സ്വന്തം പ്രാപ്‌തിയനുസരിച്ച്‌ തന്നെ സേവിക്കാനാണ്‌ യഹോവ നമ്മോടു കൽപ്പിക്കുന്നത്‌. അതെ, നമുക്കോരോരുത്തർക്കും—പ്രാപ്‌തി കുറവുള്ളവർക്കുപോലും—യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാനാകും.—ലൂക്കോ. 10:27; കൊലോ. 3:23.

[14-ാം പേജിലെ ചതുരം/ചിത്രം]

“ഞാൻ ഏറ്റവും സന്തോഷം അനുഭവിച്ച വർഷങ്ങൾ”

നമുക്ക്‌ ശാരീരികമായോ വൈകാരികമായോ സാരമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽപ്പോലും ശുശ്രൂഷയിൽ പൂർണമായി പങ്കെടുക്കുന്നതിന്‌ അതൊരു തടസ്സമാണെന്ന്‌ തിടുക്കത്തിൽ നിഗമനം ചെയ്യരുത്‌. ഏണസ്റ്റ്‌ എന്ന ക്രിസ്‌തീയ സഹോദരന്റെ അനുഭവം നൽകുന്ന പാഠം ഇതാണ്‌.

കാനഡയിൽനിന്നുള്ള ഈ സഹോദരന്‌ സംസാരവൈകല്യം ഉണ്ടായിരുന്നു, പോരാത്തതിന്‌ ലജ്ജാശീലവും. ഒരു അപകടത്തിൽ നടുവിനു ക്ഷതമേറ്റ അദ്ദേഹത്തിന്‌ ജോലി ഉപേക്ഷിക്കേണ്ടിവന്നു. ശാരീരികവൈകല്യം സംഭവിച്ചിട്ടും അപകടത്തെത്തുടർന്ന്‌ തനിക്ക്‌ ലഭിച്ച കൂടുതലായ സമയം അദ്ദേഹത്തിന്‌ ശുശ്രൂഷയിൽ ചെലവഴിക്കാൻ കഴിഞ്ഞു. അങ്ങനെയിരിക്കെ, സഹായ പയനിയറിങ്‌ ചെയ്യാൻ സഭായോഗങ്ങളിൽനിന്നു ലഭിച്ച പ്രോത്സാഹനം അദ്ദേഹത്തിനു പ്രചോദനമേകി. പക്ഷേ, പയനിയറിങ്‌ ചെയ്യാൻ തനിക്ക്‌ കഴിവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ.

തന്റെ ധാരണ ശരിയാണെന്ന്‌ സ്വയം ബോധ്യപ്പെടുത്താനായി ഒരു മാസം പയനിയറിങ്‌ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. പ്രതീക്ഷിച്ചതിനു വിപരീതമായി അദ്ദേഹം അത്‌ വിജയകരമായി പൂർത്തിയാക്കി. ‘ഒരിക്കൽക്കൂടി ഇതു ചെയ്യാൻ പറ്റുമെന്ന്‌ എനിക്കു തോന്നുന്നില്ല’ എന്നായി പിന്നെ അദ്ദേഹത്തിന്റെ ചിന്ത. ഇത്‌ തെളിയിക്കാൻ അദ്ദേഹം പിറ്റേ മാസവും സഹായ പയനിയറിങ്ങിന്‌ അപേക്ഷിച്ചു. ഇക്കുറിയും അദ്ദേഹത്തിന്‌ അത്‌ പൂർത്തിയാക്കാനായി.

അങ്ങനെ, ഒരു വർഷം അദ്ദേഹം സഹായ പയനിയറായി സേവിച്ചു. ‘പക്ഷേ, എനിക്ക്‌ എന്തായാലും ഒരു സാധാരണ പയനിയറാകാൻ കഴിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അത്‌ സത്യമാണെന്ന്‌ ഉറപ്പിക്കാൻ അദ്ദേഹം സാധാരണ പയനിയറിങ്ങിന്‌ അപേക്ഷിച്ചു. സാധാരണ പയനിയറായി ഒരു വർഷം പൂർത്തിയാക്കിയത്‌ അദ്ദേഹത്തിനുതന്നെ വിശ്വസിക്കാനായില്ല. അങ്ങനെ, അത്‌ തുടരാൻ അദ്ദേഹം തീരുമാനിച്ചു. ആരോഗ്യം വഷളായി മരണത്തിനു കീഴടങ്ങുന്നതുവരെ, രണ്ടുവർഷം സാധാരണ പയനിയറായി സേവിക്കാനും അതിന്റെ സന്തോഷം അനുഭവിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മരണക്കിടക്കയിലായിരിക്കെ, തന്നെ സന്ദർശിക്കാൻ വരുന്നവരോട്‌ അദ്ദേഹം നിറകണ്ണുകളോടെ ഇങ്ങനെ പറയുമായിരുന്നു: “ഒരു പയനിയറായി യഹോവയെ സേവിച്ച ആ വർഷങ്ങൾ, അതായിരുന്നു എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷം അനുഭവിച്ച വർഷങ്ങൾ.”

[13-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ ഏർപ്പെടുന്നതിനു പ്രതിബന്ധമായി നിൽക്കുന്ന എന്തും നമുക്ക്‌ മറികടക്കാനാകും

[15-ാം പേജിലെ ചിത്രം]

നാം മുഴുദേഹിയോടെ, സാഹചര്യങ്ങൾ അനുവദിക്കുന്ന അളവോളം, സേവനത്തിൽ ഏർപ്പെടുമ്പോൾ യഹോവ അതിൽ സംപ്രീതനാകും