വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സംഘടനയിൽ തിരക്കോടെ

യഹോവയുടെ സംഘടനയിൽ തിരക്കോടെ

യഹോവയുടെ സംഘടനയിൽ തിരക്കോടെ

വെർനൻ സൂബ്‌കൊ പറഞ്ഞപ്രകാരം

കാനഡയിലെ സസ്‌കാച്ചിവനിലുള്ള സ്റ്റെനൻ എന്ന ഗ്രാമത്തിലെ ഒരു ഫാമിലാണ്‌ ഞാൻ വളർന്നത്‌. ഞങ്ങൾ അഞ്ചുപേരായിരുന്നു കുട്ടികൾ. ഔറെല്യാ എന്റെ ചേച്ചി; എനിക്കു താഴെ ആൽവിൻ, അലെഗ്രാ, ഡാറെൽ. ആത്മീയമായും ഭൗതികമായും ഞങ്ങൾക്കു വേണ്ടുന്നതെല്ലാം നൽകാൻ മാതാപിതാക്കളായ ഫ്രെഡും അഡെല്ലയും ശ്രദ്ധിച്ചിരുന്നു. ഞങ്ങളെ സത്യം പഠിപ്പിച്ചതിന്‌ ഞങ്ങൾ ഇന്നും അവരോടു കടപ്പെട്ടിരിക്കുന്നു.

ധൈര്യശാലിയായ ഒരു സുവാർത്താഘോഷകനായിരുന്നു എന്റെ പിതാവ്‌. അദ്ദേഹം അഭിഷിക്തനായിരുന്നു. കുടുംബത്തെ പോറ്റാൻ അദ്ദേഹം നന്നായി പണിയെടുത്തു. എന്നാൽ അതോടൊപ്പം, താനൊരു സാക്ഷിയാണെന്ന കാര്യം എല്ലാവരും അറിയണമെന്ന്‌ അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. എപ്പോഴും സത്യത്തെക്കുറിച്ചാണ്‌ അദ്ദേഹം സംസാരിച്ചിരുന്നത്‌. ആ തീക്ഷ്‌ണതയും ധൈര്യവും എന്റെ ഉള്ളിൽ ഇന്നും മായാതെ നിൽക്കുന്നു. “യഹോവയുടെ സംഘടനയിൽ എപ്പോഴും തിരക്കോടെ പ്രവർത്തിക്കുക, പ്രശ്‌നങ്ങൾ കുറഞ്ഞിരിക്കും,” അദ്ദേഹം എന്നോട്‌ കൂടെക്കൂടെ പറഞ്ഞിരുന്ന ഒരു കാര്യമാണിത്‌.

സ്റ്റെനനിലും അതിനടുത്തുള്ള പ്രദേശങ്ങളിലും ഞങ്ങൾ കൂടെക്കൂടെ തെരുവുസാക്ഷീകരണം നടത്തുമായിരുന്നു. അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു എനിക്കത്‌. ഓരോ സ്ഥലത്തും കാണും റൗഡിപ്പയ്യന്മാർ; അവർ കുട്ടികളായ ഞങ്ങളുടെ അടുത്തുവന്ന്‌ കളിയാക്കും. എനിക്ക്‌ എട്ടുവയസ്സുള്ളപ്പോൾ നടന്ന സംഭവമാണ്‌: വീക്ഷാഗോപുരവും ഉണരുക!യും പിടിച്ചുകൊണ്ട്‌ തെരുവിന്റെ ഒരു കോണിൽ നിൽക്കുകയായിരുന്നു ഞാൻ. ഒരുപറ്റം പയ്യന്മാർ എന്നെ വളഞ്ഞു. എന്റെ തലയിലിരുന്ന പുത്തൻ തൊപ്പി അവർ കൈക്കലാക്കി അടുത്തുകണ്ട കുറ്റിയിൽ വെച്ചു. എന്നെ ശ്രദ്ധിച്ചുകൊണ്ട്‌ ഒരു സഹോദരൻ അവിടെ നിന്നത്‌ എനിക്കു വലിയ അനുഗ്രഹമായി. “എന്താ, എന്തുപറ്റി” എന്നു ചോദിച്ചുകൊണ്ട്‌ അദ്ദേഹം എന്റെ അടുത്തേക്കു വന്നു. അടുത്തനിമിഷം പയ്യന്മാരെല്ലാം സ്ഥലംവിട്ടു. എന്നെ അൽപ്പം പേടിപ്പിച്ച ഒരു സംഭവമായിരുന്നെങ്കിലും അതിൽനിന്ന്‌ ഞാൻ ഒരു കാര്യം പഠിച്ചു: തെരുവുസാക്ഷീകരണം നടത്തുമ്പോൾ ഒരിടത്തുതന്നെ ‘കുറ്റിയടിച്ചതുപോലെ’ നിൽക്കരുത്‌. ആ പ്രായത്തിലുണ്ടായ ഇത്തരം അനുഭവങ്ങൾ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കാനും എനിക്കു ധൈര്യം നൽകി.

ആൽവിനും ഞാനും 1951 മേയിലാണ്‌ സ്‌നാനമേൽക്കുന്നത്‌. അന്ന്‌ എനിക്ക്‌ പ്രായം 13. ജാക്ക്‌ നേഥൻ സഹോദരനാണ്‌ അന്ന്‌ സ്‌നാനപ്രസംഗം നടത്തിയത്‌. യഹോവയെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാതെ ഒരു മാസംപോലും കടന്നുപോകരുതെന്ന്‌ അദ്ദേഹം അന്നു പറഞ്ഞത്‌ ഞാൻ ഇന്നും ഓർക്കുന്നു. * ഏറ്റവും ഉത്തമമായ ജീവിതവൃത്തിയായിട്ടാണ്‌ പയനിയറിങ്ങിനെ ഞങ്ങളുടെ കുടുംബം എപ്പോഴും കണ്ടിരുന്നത്‌. 1958-ൽ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ പയനിയറിങ്ങിനായി ഞാൻ മാനിടോബയിലെ വിന്നിപെഗിലേക്ക്‌ പോയി. തടിക്കച്ചവടത്തിൽ പിതാവിന്റെ ഒപ്പം ഞാനും നിൽക്കുന്നത്‌ അദ്ദേഹത്തിനു സന്തോഷമുള്ള കാര്യമായിരുന്നെങ്കിലും ഞാൻ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കണം എന്നുതന്നെയായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം; വിന്നിപെഗിലേക്ക്‌ നിറഞ്ഞ മനസ്സോടെ അവർ എന്നെ യാത്രയാക്കി.

പുതിയ സ്ഥലം, പുതിയ കൂട്ടാളി

ക്യൂബെക്കിൽ സുവാർത്താ പ്രസംഗകരുടെ ആവശ്യം കൂടുതലുണ്ടായിരുന്നതിനാൽ 1959-ൽ ബ്രാഞ്ചോഫീസ്‌ താത്‌പര്യമുള്ളവരെ അങ്ങോട്ടേക്ക്‌ അയയ്‌ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ പയനിയറിങ്ങിനായി ക്യൂബെക്കിലെ മോൺട്രിയോളിലേക്കു പോയി. എന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം തുടങ്ങുകയായിരുന്നു: ഫ്രഞ്ച്‌ ഭാഷ പഠിച്ചെടുക്കണം, പുതിയൊരു സംസ്‌കാരവുമായി ഇഴുകിച്ചേരണം. . . തികച്ചും വ്യത്യസ്‌തമായ ഒരു അനുഭവം! “‘ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയൊന്നുമല്ല’ എന്ന്‌ ഒരിക്കലും പറയരുത്‌,” സഞ്ചാരമേൽവിചാരകൻ നൽകിയ ഈ ഉപദേശം എനിക്ക്‌ ഏറെ ഗുണംചെയ്‌തു.—1 കൊരി. 9:22, 23.

ക്യൂബെക്കിൽ ഞാൻ ഒറ്റയ്‌ക്കായിരുന്നു പയനിയറിങ്‌. അങ്ങനെയിരിക്കെ, വിന്നിപെഗിൽവെച്ച്‌ ഞാൻ പരിചയപ്പെട്ട ഷെർളി റ്റർക്കോട്ട്‌ എന്റെ ജീവിതത്തിലേക്കു കടന്നുവന്നു. 1961 ഫെബ്രുവരിയിൽ ഞങ്ങൾ വിവാഹിതരായി. യഹോവയെ അതിയായി സ്‌നേഹിക്കുന്ന ഒരു കുടുംബത്തിൽനിന്നായിരുന്നു അവളും. ഇക്കാലമത്രയും അവൾ എനിക്ക്‌ താങ്ങും തണലുമാണ്‌. അവൾ എന്റെ ജീവിതത്തെ ഇത്രയേറെ അർഥപൂർണമാക്കുമെന്ന്‌ ഞാൻ അന്ന്‌ അറിഞ്ഞിരുന്നില്ല.

ഗാസ്‌പെ പര്യടനം

വിവാഹം കഴിഞ്ഞ്‌ രണ്ടുവർഷം കഴിഞ്ഞപ്പോൾ ഞങ്ങളെ ക്യൂബെക്കിലെ റിമോസ്‌കിയിൽ പ്രത്യേക പയനിയർമാരായി നിയമിച്ചു. ആ വസന്തകാലത്ത്‌ കാനഡയുടെ കിഴക്കൻ തീരത്തുള്ള ഗാസ്‌പെ ഉപദ്വീപിലുടനീളം പ്രസംഗപര്യടനം നടത്താൻ ബ്രാഞ്ചോഫീസ്‌ ആവശ്യപ്പെട്ടു; കഴിയുന്നത്ര സ്ഥലങ്ങളിൽ രാജ്യവിത്തു വിതയ്‌ക്കുകയായിരുന്നു ദൗത്യം. (സഭാ. 11:6) 1,000-ത്തിലധികം മാസികകളും 400-നടുത്ത്‌ പുസ്‌തകങ്ങളും കുറച്ചു ഭക്ഷണവും വസ്‌ത്രങ്ങളും കാറിൽ നിറച്ച്‌ ഒരു മാസത്തെ പര്യടനത്തിനായി ഞങ്ങൾ പുറപ്പെട്ടു. ഗാസ്‌പെയിലെ ഓരോ ഗ്രാമങ്ങളും ഞങ്ങൾ ചിട്ടയോടെ പ്രവർത്തിച്ചുതീർത്തു. യഹോവയുടെ സാക്ഷികൾ വരുന്നുണ്ടെന്നും അവരുടെ പ്രസിദ്ധീകരണങ്ങളൊന്നും സ്വീകരിക്കരുതെന്നും റേഡിയോയിലൂടെ അറിയിപ്പു നൽകിയിരുന്നെങ്കിലും തദ്ദേശവാസികളിൽ മിക്കവർക്കും കാര്യം പിടികിട്ടിയില്ല. അവർ വിചാരിച്ചത്‌ അത്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള പരസ്യമാണെന്നാണ്‌. സന്തോഷത്തോടെ അവർ മാസികകളും പുസ്‌തകങ്ങളും വാങ്ങിവായിച്ചു.

ക്യൂബെക്കിന്റെ ചില ഭാഗങ്ങളിൽ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, ഇടയ്‌ക്കിടെ പോലീസുകാർ വന്ന്‌ ഞങ്ങളോട്‌ പ്രവർത്തനം നിറുത്താൻ ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ ഒരു പട്ടണത്തിൽ അത്തരമൊരു സംഭവമുണ്ടായി. എല്ലാ വീടുകളിലും പ്രസിദ്ധീകരണങ്ങൾ നൽകിവരുകയായിരുന്നു ഞങ്ങൾ. അപ്പോൾ ഒരു പോലീസ്‌ ഓഫീസർ വന്ന്‌ സ്റ്റേഷനിലേക്ക്‌ വരാൻ പറഞ്ഞു, ഞങ്ങൾ കൂടെപ്പോയി. പ്രസംഗപ്രവർത്തനം നിറുത്താൻ നഗരത്തിന്റെ വക്കീൽ ഉത്തരവു പുറപ്പെടുവിച്ചിരുന്നു എന്ന്‌ അപ്പോഴാണ്‌ ഞാൻ അറിയുന്നത്‌. പോലീസ്‌ മേധാവി അന്ന്‌ അവധിയിലായിരുന്നു; അതുകൊണ്ട്‌, പ്രസംഗിക്കാനുള്ള അവകാശത്തെക്കുറിച്ചു വിശദീകരിക്കുന്ന, ടൊറന്റോയിലെ ബ്രാഞ്ചോഫീസ്‌ തയ്യാറാക്കി നൽകിയിരുന്ന കത്ത്‌ ഞാൻ വക്കീലിനെ കാണിച്ചു. അത്‌ വായിച്ചതും അദ്ദേഹം പറഞ്ഞു: “നോക്കൂ, ഒരു പ്രശ്‌നമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ വേല നിറുത്തിക്കാൻ പറഞ്ഞത്‌ ഇടവക വികാരിയാണ്‌.” നമ്മുടെ വേല നിയമപരമാണെന്ന്‌ പ്രദേശത്തെ ആളുകൾ അറിയണമെന്ന്‌ ഞങ്ങൾക്കുണ്ടായിരുന്നു; അതുകൊണ്ട്‌, ഞങ്ങളെ പിടിച്ചുകൊണ്ടുപോയ സ്ഥലത്തേക്ക്‌ ഉടനെ മടങ്ങിച്ചെന്ന്‌ പ്രസംഗവേല പുനരാരംഭിച്ചു.

പിറ്റേന്നു രാവിലെ ഞങ്ങൾ പോലീസ്‌ മേധാവിയെ കാണാൻ ചെന്നപ്പോഴാണ്‌, നമ്മുടെ വേല തടസ്സപ്പെടുത്തിയ വിവരം അദ്ദേഹം അറിയുന്നത്‌. അദ്ദേഹത്തെ അത്‌ വിഷമിപ്പിച്ചു. വക്കീലിനെ ഫോണിൽ വിളിച്ച്‌ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒന്ന്‌ കേൾക്കേണ്ടതുതന്നെയായിരുന്നു! ഇനി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ നേരിട്ടു വിളിച്ചു പറഞ്ഞാൽ മതി, പ്രശ്‌നം കൈകാര്യം ചെയ്‌തുകൊള്ളാമെന്ന്‌ ആ പോലീസ്‌ മേധാവി ഉറപ്പുതന്നു. ഞങ്ങൾ ആ പ്രദേശത്ത്‌ പുതിയവരായിരുന്നു, ഫ്രഞ്ചും അധികം അറിയില്ലായിരുന്നു. എന്നിട്ടും ആളുകൾ ഞങ്ങളോട്‌ വളരെ സ്‌നേഹത്തോടെയാണ്‌ ഇടപെട്ടത്‌. പക്ഷേ, ‘ഇവർ എന്നെങ്കിലും ബൈബിൾസത്യം മനസ്സിലാക്കുമോ?’ എന്നായിരുന്നു ഞങ്ങളുടെ ചിന്ത. വർഷങ്ങൾക്കുശേഷം ഗാസ്‌പെയിൽ രാജ്യഹാൾ പണിയുമായി മടങ്ങിച്ചെന്നപ്പോൾ ഞങ്ങൾക്ക്‌ അതിന്‌ ഉത്തരം ലഭിച്ചു. ഞങ്ങൾ പണ്ട്‌ സംസാരിച്ച പലരും സാക്ഷികളായിത്തീർന്നിരുന്നു. അതെ, യഹോവയാണ്‌ വളരുമാറാക്കുന്നത്‌.—1 കൊരി. 3:6, 7.

ദൈവം തന്ന ദാനം

1970-ൽ യഹോവ ഞങ്ങൾക്കൊരു മകളെ തന്നു, ലിസ. ഞങ്ങളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. പിന്നീട്‌, എന്റെ ഭാര്യയും മകൾ ലിസയും എന്നോടൊപ്പം പല രാജ്യഹാളുകളുടെയും നിർമാണവേലയിൽ പങ്കെടുത്തു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ ലിസ പറഞ്ഞു: “നിങ്ങൾക്ക്‌ ഞാൻ കാരണം കുറച്ചുകാലത്തേക്ക്‌ മുഴുസമയ സേവനം നിറുത്തേണ്ടിവന്നില്ലേ, അതുകൊണ്ട്‌ അതിന്റെ കുറവു നികത്താൻ ഞാൻ പയനിയറാകാം.” അന്നു തുടങ്ങിയതാണ്‌ അവൾ പയനിയറിങ്‌; 20 വർഷത്തിനുശേഷം ഇപ്പോഴും അത്‌ തുടരുന്നു. ഭർത്താവ്‌ സിൽവാനും പയനിയറാണ്‌. അവർക്ക്‌ ഒരുമിച്ച്‌ പല അന്താരാഷ്‌ട്ര നിർമാണ പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ജീവിതം ലളിതമാക്കി യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുക എന്നതാണ്‌ എപ്പോഴും ഞങ്ങളുടെ കുടുംബത്തിന്റെ ലക്ഷ്യം. ലിസ പയനിയറിങ്‌ തുടങ്ങിയപ്പോൾ പറഞ്ഞ വാക്കുകൾ എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. 2001-ൽ ഞാൻ പയനിയറിങ്‌ പുനരാരംഭിക്കാൻ കാരണംതന്നെ അവളാണ്‌. അന്നു തുടങ്ങി ഇന്നുവരെ ഞാൻ അതിൽ തുടരുന്നു. എല്ലാ കാര്യത്തിലും യഹോവയെ പൂർണമായി ആശ്രയിക്കാനും ലളിതമായ, എന്നാൽ സംതൃപ്‌തമായ ഒരു ജീവിതം നയിക്കാനും എന്നെ സഹായിക്കുന്നത്‌ പയനിയറിങ്ങാണ്‌.

സ്‌നേഹവും വിശ്വസ്‌തതയും വേണ്ട വേല

യഹോവയുടെ വേല ചെയ്യാനായി മുന്നോട്ടു വരുകയും അവൻ നൽകുന്ന ഏതു നിയമനവും മനസ്സോടെ കൈക്കൊള്ളുകയും ചെയ്‌താൽ അളവറ്റ അനുഗ്രഹങ്ങൾ നമ്മെ തേടിയെത്തും. മേഖലാ നിർമാണ കമ്മിറ്റിയിൽ സേവിച്ചുകൊണ്ട്‌ എന്റെ പ്രിയ സഹോദരങ്ങളോടൊപ്പം ക്യൂബെക്കിലെയും മറ്റു പ്രദേശങ്ങളിലെയും നിർമാണവേലയിൽ ഏർപ്പെടുന്നത്‌ ഒരു വലിയ പദവിയായി ഞാൻ കാണുന്നു.

നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചില സ്വമേധാസേവകർ നല്ല പ്രാസംഗികരൊന്നും അല്ലായിരിക്കാം, പക്ഷേ രാജ്യഹാൾ നിർമാണവേലയിൽ അവരെ വെല്ലാൻ ആരുമുണ്ടാവില്ല. അവർ മനസ്സും ഹൃദയവും അർപ്പിച്ചാണ്‌ അതു ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ അവരുടെ കഴിവുകളെല്ലാം പുറത്തുവരുന്നു. യഹോവയുടെ ആരാധനയ്‌ക്ക്‌ ഉപയോഗിക്കാനുള്ള കെട്ടിടം അതിമനോഹരമായി പൂർത്തിയാക്കപ്പെടുന്നു എന്നതാണ്‌ അതിന്റെ മെച്ചം.

“രാജ്യഹാൾ നിർമാണവേലയിൽ ഏർപ്പെടുന്നവർക്ക്‌ അവശ്യം വേണ്ട ഗുണങ്ങൾ ഏതൊക്കെയാണ്‌?” എന്ന്‌ എന്നോടു പലരും ചോദിക്കാറുണ്ട്‌. എന്റെ അനുഭവംവെച്ച്‌ പറയുകയാണെങ്കിൽ, ഏറ്റവും പ്രധാനമായി യഹോവയോടും അവന്റെ പുത്രനോടും സഹോദരവർഗത്തോടും സ്‌നേഹം ഉണ്ടായിരിക്കണം. (1 കൊരി. 16:14) രണ്ടാമതു വേണ്ടത്‌ കൂറും വിശ്വസ്‌തതയുമാണ്‌. എല്ലായ്‌പോഴും നാം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നീങ്ങണമെന്നില്ല. എന്നാൽ വിശ്വസ്‌തനായ വ്യക്തി അപ്പോഴും ദിവ്യാധിപത്യ ക്രമീകരണങ്ങളോടു കൂറുപുലർത്തും; മറ്റു നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അദ്ദേഹം മുന്നോട്ടുവരുകയും ചെയ്യും.

യഹോവയോടു കടപ്പെട്ടിരിക്കുന്നു

1985-ൽ എന്റെ പിതാവ്‌ മരണമടഞ്ഞെങ്കിലും യഹോവയുടെ സംഘടനയിൽ എപ്പോഴും തിരക്കോടെ പ്രവർത്തിക്കണമെന്ന അദ്ദേഹത്തിന്റെ ഉപദേശം ഇപ്പോഴും എന്റെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. സ്വർഗത്തിലെ നിയമനം ഏറ്റെടുത്ത മറ്റുള്ളവരെപ്പോലെ അദ്ദേഹവും യഹോവയുടെ സംഘടനയിൽ ഇപ്പോഴും തിരക്കോടെ പ്രവർത്തിക്കുന്നുണ്ടാവും, തീർച്ച. (വെളി. 14:13) അമ്മയ്‌ക്ക്‌ ഇപ്പോൾ 97 വയസ്സുണ്ട്‌. പക്ഷാഘാതം വന്നശേഷം പഴയതുപോലെ സംസാരിക്കാൻ കഴിയില്ല, പക്ഷേ ബൈബിൾ നന്നായി അറിയാം. വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ്‌ അമ്മ ഞങ്ങൾക്ക്‌ കത്തുകൾ എഴുതുന്നത്‌. യഹോവയോട്‌ വിശ്വസ്‌തരായി തുടരാൻ അമ്മയുടെ കത്തുകൾ ഞങ്ങൾക്കു പ്രോത്സാഹനമേകുന്നു. സ്‌നേഹനിധികളായ ഈ മാതാപിതാക്കളുടെ മക്കളായി ജനിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ധന്യരാണ്‌!

ഷെർളിയെ എനിക്കു കൂട്ടായി തന്നതിനും യഹോവയോടു നന്ദിയുള്ളവനാണ്‌ ഞാൻ. അവളുടെ അമ്മ നൽകിയ ഉപദേശം അവൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു: “സഭയുടെ കാര്യവും മറ്റുമായി വെർനൻ എപ്പോഴും തിരക്കിലായിരിക്കും. നീ അത്‌ മനസ്സിലാക്കി പ്രവർത്തിക്കണം.” ഒരുമിച്ച്‌ യഹോവയെ സേവിച്ച്‌ വാർധക്യത്തിലേക്ക്‌ കൈപിടിച്ചു നീങ്ങാനും, രണ്ടുപേരും അർമ്മഗെദ്ദോനെ അതിജീവിച്ചാൽ യൗവനത്തിലേക്ക്‌ തിരികെ നടന്ന്‌ അവനെ എക്കാലവും സേവിക്കാനും, 49 വർഷംമുമ്പ്‌ വിവാഹിതരായപ്പോൾ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇക്കാലമത്രയും “കർത്താവിന്റെ വേലയിൽ സദാ വ്യാപൃത”രായിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. (1 കൊരി. 15:58) ഒന്നിനും കുറവില്ലാതെ ഇന്നുവരെ ഞങ്ങളെ കാത്തുപരിപാലിച്ചിരിക്കുന്ന യഹോവയോട്‌ ഞങ്ങൾ എന്നും കടപ്പെട്ടവരാണ്‌!

[അടിക്കുറിപ്പ്‌]

^ ഖ. 6 ജാക്ക്‌ ഹാലിഡേ നേഥൻ സഹോദരന്റെ ജീവിതകഥ 1990 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ പേജ്‌ 10-14-ൽനിന്ന്‌ വായിച്ചറിയുക.

[31-ാം പേജിലെ ചിത്രം]

“ജീവിതം ലളിതമാക്കി യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുക എന്നതാണ്‌ എപ്പോഴും ഞങ്ങളുടെ കുടുംബത്തിന്റെ ലക്ഷ്യം”