വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സംഘടനയെ അടുത്തറിയാൻ കുട്ടികളെ സഹായിക്കുക

യഹോവയുടെ സംഘടനയെ അടുത്തറിയാൻ കുട്ടികളെ സഹായിക്കുക

യഹോവയുടെ സംഘടനയെ അടുത്തറിയാൻ കുട്ടികളെ സഹായിക്കുക

കുട്ടികൾ പൊതുവെ അന്വേഷണകുതുകികളാണ്‌. അവർ തുരുതുരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. പണ്ട്‌ ഈജിപ്‌റ്റിൽവെച്ച്‌ ആദ്യത്തെ പെസഹാരാത്രിയിൽ ഇസ്രായേല്യരുടെ കുട്ടികളും കുറെ ചോദ്യങ്ങൾ ചോദിച്ചിരിക്കാൻ ഇടയുണ്ട്‌. എന്തായിരിക്കും അവർ ചോദിച്ചത്‌? ‘ആ ആട്ടിൻകുട്ടിയെ കൊന്നത്‌ എന്തിനാ?’ ‘വാതിൽക്കൽ എന്തിനാ രക്തം തേക്കുന്നത്‌?’ ‘നമ്മൾ എങ്ങോട്ടാ പോകുന്നത്‌?’ എന്നിങ്ങനെ പലപല ചോദ്യങ്ങൾ. കുട്ടികൾ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കാൻ യഹോവ ആഗ്രഹിച്ചിരുന്നു എന്ന്‌ ഇസ്രായേല്യ പിതാക്കന്മാർക്ക്‌ അവൻ കൊടുത്ത കൽപ്പന വ്യക്തമാക്കുന്നു. ഭാവിയിൽ പെസഹാ ആചരിക്കുന്നതിനെക്കുറിച്ച്‌ കൽപ്പിക്കവെ അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഈ കർമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ: മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞുകടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം.” (പുറ. 12:24-27) തന്റെ ‘ചട്ടങ്ങളെയും വിധികളെയും’ കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ പിന്നീട്‌ യഹോവ ഇസ്രായേല്യ മാതാപിതാക്കളെ ഓർമിപ്പിക്കുകയുണ്ടായി.—ആവ. 6:20-25.

സത്യാരാധനയെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരം ലഭിക്കണമെന്ന്‌ യഹോവ ആഗ്രഹിച്ചിരുന്നു എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. യഹോവയെ തങ്ങളുടെ രക്ഷകനും ദൈവവുമായി കണ്ട്‌ സ്‌നേഹിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള ഉത്തരങ്ങൾ ആയിരിക്കണമായിരുന്നു അവ. ഇന്നും അതുതന്നെയാണ്‌ യഹോവയുടെ ആഗ്രഹം. കുട്ടികളുടെ ഹൃദയത്തിൽ ദൈവത്തോടും അവന്റെ ജനത്തോടും സ്‌നേഹം വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക്‌ എങ്ങനെ കഴിയും? യഹോവയുടെ സംഘടനയെ അടുത്തറിയാനും അതിന്റെ പ്രവർത്തനം നമുക്ക്‌ എങ്ങനെ ഗുണംചെയ്യുന്നു എന്ന്‌ മനസ്സിലാക്കാനും അവരെ സഹായിക്കുന്നതാണ്‌ ഒരു മാർഗം. മാതാപിതാക്കൾക്ക്‌ ഇതെങ്ങനെ ചെയ്യാനാകും?

പ്രാദേശിക സഭയെ പരിചയപ്പെടുത്തുക

നിങ്ങൾ സഹവസിക്കുന്ന സഭയെക്കുറിച്ച്‌ കുട്ടികൾ അറിഞ്ഞിരിക്കണം. ഈ ലക്ഷ്യം കൈവരിക്കാൻ മാതാപിതാക്കളായ നിങ്ങൾ കുട്ടികളെ എല്ലാ ക്രിസ്‌തീയ യോഗങ്ങൾക്കും കൂട്ടിക്കൊണ്ടുപോകേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുമ്പോൾ ഇസ്രായേല്യർ പാലിക്കാൻ യഹോവ ആഗ്രഹിച്ച കൽപ്പന അനുസരിക്കുകയായിരിക്കും നിങ്ങൾ. യഹോവ അവരോട്‌ ഇങ്ങനെ പറഞ്ഞു: “പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും . . . കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും . . . നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചുകൂട്ടേണം.”—ആവ. 31:12, 13.

ശൈശവംമുതൽതന്നെ കുട്ടികൾക്ക്‌ യഹോവയുടെ വചനം പഠിച്ചുതുടങ്ങാനാകും. “തിരുവെഴുത്തുകൾ ശൈശവംമുതൽതന്നെ നീ അറിഞ്ഞിട്ടുണ്ടല്ലോ” എന്നു തിമൊഥെയൊസിനെക്കുറിച്ച്‌ പൗലോസ്‌ പറയുകയുണ്ടായി. (2 തിമൊ. 3:15) രാജ്യഹാളിൽ യോഗങ്ങൾക്കു കൂടിവരുന്ന ചെറിയ കുട്ടികൾപോലും അവിടെ പറയുന്ന കാര്യങ്ങൾ കുറച്ചെങ്കിലും മനസ്സിലാക്കും, രാജ്യഗീതങ്ങൾ അവർ കേട്ടു പരിചയിക്കും. ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കാനും അവയോട്‌ ആദരവ്‌ കാണിക്കാനും അവർക്ക്‌ അവിടെനിന്നു പഠിക്കാനാകും. കൂടാതെ, സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്ന യഥാർഥ സ്‌നേഹം അവർ അവിടെ അനുഭവിച്ചറിയും. യേശു പറഞ്ഞു: “ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കൽപ്പന നൽകുന്നു; നിങ്ങൾ തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം എന്നുതന്നെ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം. നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന്‌ എല്ലാവരും അറിയും.” (യോഹ. 13:34, 35) രാജ്യഹാളിൽ നിറഞ്ഞുനിൽക്കുന്ന ഊഷ്‌മളമായ സ്‌നേഹവും അവിടെ ആയിരിക്കുമ്പോൾ അനുഭവവേദ്യമാകുന്ന സുരക്ഷിതത്വവും കുട്ടികളിൽ പ്രഭാവംചെലുത്തും, യോഗങ്ങൾക്കു ഹാജരാകുന്നത്‌ അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീരും.

രാജ്യഹാളിൽ നേരത്തേ എത്തുന്നതും യോഗങ്ങൾക്കുശേഷം ഉടനെ മടങ്ങിപ്പോകാതിരിക്കുന്നതും ശീലമാക്കുന്നെങ്കിൽ നിങ്ങളുടെ കുട്ടികൾക്ക്‌ സഭയിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. കുട്ടികളുമായി മാത്രമായിരിക്കരുത്‌ അവരുടെ ചങ്ങാത്തം. പല പ്രായത്തിലുള്ള സഹോദരീസഹോദരന്മാരെ കുട്ടികൾക്കു പരിചയപ്പെടുത്തുക. പ്രായമായവരുമായി അടുത്തിടപഴകുമ്പോൾ അവർക്ക്‌ എത്രമാത്രം അനുഭവസമ്പത്തും ജ്ഞാനവുമുണ്ടെന്ന്‌ കുട്ടികൾ മനസ്സിലാക്കും. പുരാതനകാലത്തെ സെഖര്യാവിന്‌, നന്നേ ചെറുപ്പത്തിൽ യെഹൂദയുടെ രാജാവായ ഉസ്സീയാവിനെ “ദൈവഭയത്തിൽ . . . ഉപദേശി”ക്കാനും അവനെ നേർവഴിക്കു നടത്താനും കഴിഞ്ഞു. (2 ദിന. 26:1, 4, 5) സമാനമായി, അനേകവർഷം യഹോവയെ വിശ്വസ്‌തമായി സേവിച്ച വ്യക്തികൾക്ക്‌ നിങ്ങളുടെ കുട്ടികളുടെമേൽ നല്ല സ്വാധീനംചെലുത്താനാകും. ഇനി, രാജ്യഹാളിൽ ആയിരിക്കുമ്പോൾ അവിടുത്തെ ലൈബ്രറി, നോട്ടീസ്‌ ബോർഡ്‌ എന്നിവയെക്കുറിച്ചും മറ്റും കുട്ടികൾക്കു പറഞ്ഞുകൊടുക്കാനും ശ്രദ്ധിക്കുക.

ആഗോളസംഘടനയെ പരിചയപ്പെടുത്തുക

ഒരുലക്ഷത്തിലധികം സഭകളടങ്ങുന്ന ഒരു ലോകവ്യാപക സംഘടനയുടെ ഭാഗമാണ്‌ നിങ്ങളുടെ പ്രാദേശിക സഭ എന്ന്‌ കുഞ്ഞുങ്ങൾ മനസ്സിലാക്കണം. ഈ സംഘടനയുടെ പ്രത്യേകതകളെക്കുറിച്ചും അത്‌ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നതെന്നും അതിനെ പിന്തുണയ്‌ക്കാൻ കുട്ടികൾക്ക്‌ എന്തു ചെയ്യാനാകുമെന്നും വിശദീകരിക്കുക. സർക്കിട്ട്‌ സമ്മേളനങ്ങളിലും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിലും സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനത്തിലും നിങ്ങൾക്ക്‌ പ്രത്യേക താത്‌പര്യം ഉള്ളത്‌ എന്തുകൊണ്ടെന്നും അവർക്ക്‌ പറഞ്ഞുകൊടുക്കാവുന്നതാണ്‌.—“ കുടുംബാരാധനയിൽ ചർച്ചചെയ്യാൻ ചില വിഷയങ്ങൾ” എന്ന 28-ാം പേജിലെ ചതുരം കാണുക.

അവസരം ലഭിക്കുമ്പോഴെല്ലാം സഞ്ചാര മേൽവിചാരകന്മാരെയും മിഷനറിമാരെയും ബെഥേൽ അംഗങ്ങളെയും മറ്റു മുഴുസമയ സേവകരെയും ഭക്ഷണത്തിനായി വീട്ടിലേക്കു ക്ഷണിക്കുക. കുട്ടികളോടൊപ്പം ചെലവഴിക്കാൻ അവർക്ക്‌ സമയമുണ്ടാകില്ല എന്ന്‌ കരുതരുത്‌; കുഞ്ഞുങ്ങളെ അടുത്ത്‌ വിളിച്ച്‌ സംസാരിക്കാൻ ഒരിക്കലും മടികാണിക്കാതിരുന്ന യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്നവരാണ്‌ അവർ. (മർക്കോ. 10:13-16) അവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ, ദൈവസേവനത്തിൽ അവർ അനുഭവിക്കുന്ന സന്തോഷം കാണുമ്പോൾ മുഴുസമയ ശുശ്രൂഷ ജീവിതലക്ഷ്യമാക്കാൻ നിങ്ങളുടെ മക്കളും പ്രേരിതരായേക്കാം.

യഹോവയുടെ സംഘടനയെ കൂടുതൽ അടുത്തറിയാൻ കുട്ടികളെ സഹായിക്കുന്നതിന്‌ കുടുംബം ഒത്തൊരുമിച്ച്‌ വേറെ എന്തൊക്കെ ചെയ്യാനാകും? ചില നിർദേശങ്ങളിതാ: യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം അല്ലെങ്കിൽ യഹോവയുടെ സാക്ഷികൾ—അവർ ആരാണ്‌? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രികയും വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ വന്നിട്ടുള്ള ജീവിതകഥകളും ഒരുമിച്ച്‌ പഠിക്കാം. ഇവ പഠിക്കുമ്പോൾ, ആധുനികകാലത്തെ യഹോവയുടെ ദാസന്മാർ കാണിച്ച അർപ്പണബോധവും താഴ്‌മയും വിശ്വസ്‌തതയും എടുത്തുപറയുക; ലോകമെങ്ങും സുവാർത്ത എത്തിക്കാൻ ഇവരെ യഹോവ ഉപയോഗിച്ചത്‌ എങ്ങനെയെന്നും പറഞ്ഞുകൊടുക്കുക. കൂടാതെ, യഹോവയുടെ സംഘടന നിർമിച്ചിട്ടുള്ള വീഡിയോകൾ ഉപയോഗിച്ച്‌ പുരാതനനാളിലെയും ആധുനികനാളിലെയും ചില സംഭവങ്ങളിൽനിന്നുള്ള പാഠങ്ങൾ കുട്ടികളെ പഠിപ്പിക്കാവുന്നതാണ്‌. കഴിയുമെങ്കിൽ നിങ്ങളുടെ രാജ്യത്തുള്ള ബെഥേൽ ഭവനം സന്ദർശിക്കുക. ചിലപ്പോൾ മറ്റുരാജ്യങ്ങളിലെ ബെഥേൽ ഭവനങ്ങൾ സന്ദർശിക്കാനും നിങ്ങൾക്ക്‌ കഴിഞ്ഞേക്കും. യഹോവയുടെ സംഘടനയുടെ ഭൗമികഭാഗം പ്രവർത്തിക്കുന്നത്‌ എങ്ങനെയെന്ന്‌ കണ്ടുമനസ്സിലാക്കാൻ ഇങ്ങനെയുള്ള സന്ദർശനങ്ങൾ കുട്ടികളെ സഹായിക്കും. ഗോളമെങ്ങുമുള്ള സഹോദരങ്ങളെ നയിക്കുകയും അവർക്കു വേണ്ടുന്ന ആത്മീയ ഭക്ഷണം നൽകുകയും ചെയ്യുന്ന വിശ്വസ്‌ത അടിമവർഗത്തിന്റെ കീഴിലാണ്‌ ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്നും ഈ സംഘടന പ്രവർത്തിക്കുന്നതെന്ന്‌ അവർ അങ്ങനെ മനസ്സിലാക്കട്ടെ!—മത്താ. 24:45-47; പ്രവൃ. 15:22-31.

കുട്ടിയുടെ പ്രാപ്‌തിയനുസരിച്ച്‌ പഠിപ്പിക്കുക

കുട്ടികളെ പഠിപ്പിക്കുമ്പോൾ, യേശു തന്റെ അപ്പൊസ്‌തലന്മാരെ പഠിപ്പിച്ച വിധം നിങ്ങളുടെ മനസ്സിലുണ്ടായിരിക്കണം. “ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ടെങ്കിലും ഇപ്പോൾ നിങ്ങൾക്ക്‌ അവ ഗ്രഹിക്കാൻ കഴിയുകയില്ല” എന്ന്‌ ഒരിക്കൽ യേശു അവരോടു പറഞ്ഞു. (യോഹ. 16:12) ഒരുപാടു കാര്യങ്ങൾ പറഞ്ഞ്‌ യേശു അവരെ വീർപ്പുമുട്ടിച്ചില്ല. ശരിക്കും ഗ്രഹിക്കാൻ കഴിയേണ്ടതിന്‌ പ്രധാനപ്പെട്ട സത്യങ്ങൾ അൽപ്പാൽപ്പമായിട്ടാണ്‌ അവൻ അവരെ പഠിപ്പിച്ചത്‌. കുട്ടികൾക്ക്‌ കാര്യങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ യേശുവിന്റെ മാതൃക അനുകരിക്കുക; ഒറ്റയടിക്ക്‌ ഒത്തിരി കാര്യങ്ങൾ അവരെ പറഞ്ഞു കേൾപ്പിക്കരുത്‌. സംഘടനയെക്കുറിച്ചുള്ള വിവരങ്ങൾ കുറേശ്ശെ, ക്രമമായിവേണം അവർക്ക്‌ പറഞ്ഞുകൊടുക്കാൻ. അങ്ങനെയാകുമ്പോൾ അവരുടെ താത്‌പര്യം നഷ്ടമാകില്ല; ക്രിസ്‌തീയ സഭയെക്കുറിച്ചു പഠിക്കുന്നത്‌ അവർ ആസ്വദിക്കും. കുട്ടികൾ വളരുന്നതനുസരിച്ച്‌, പറഞ്ഞകാര്യങ്ങൾ ആവർത്തിക്കുകയും കൂടുതൽ വിശദാംശങ്ങൾ നൽകുകയും ചെയ്യാവുന്നതാണ്‌.

ക്രിസ്‌തീയ സഭ ആത്മീയ കരുത്തിന്റെ വറ്റാത്ത ഉറവാണ്‌. സഭാപ്രവർത്തനങ്ങളിൽ തീക്ഷ്‌ണതയോടെ ഏർപ്പെടുന്ന കുട്ടികൾ സാത്താന്യ ലോകത്തിന്റെ സ്വാധീനങ്ങളെ ചെറുക്കാൻ കൂടുതൽ കരുത്തുള്ളവരായിരിക്കും. (റോമ. 12:2) യഹോവയുടെ സംഘടനയെ അടുത്തറിയാൻ മക്കളെ സഹായിക്കുന്നത്‌ നിങ്ങൾക്ക്‌ സന്തോഷം പകരുന്ന അനുഭവമായിരിക്കും എന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. അവർ എന്നും സ്‌നേഹവാനായ നമ്മുടെ ദൈവത്തോടും അവന്റെ സംഘടനയോടും പറ്റിനിൽക്കാൻ ഇടവരട്ടെ!

[28-ാം പേജിലെ ചതുരം/ചിത്രം]

 കുടുംബാരാധനയിൽ ചർച്ചചെയ്യാൻ ചില വിഷയങ്ങൾ

കുടുംബാരാധനയിൽ കുട്ടികളോടൊത്ത്‌ ചർച്ചചെയ്യാവുന്ന യഹോവയുടെ സംഘടനയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ്‌ ചുവടെ കൊടുത്തിരിക്കുന്നത്‌.

▪ പ്രാദേശിക സഭയുടെ ചരിത്രം പറഞ്ഞുകൊടുക്കുക. എപ്പോൾ, എങ്ങനെയായിരുന്നു അതിന്റെ തുടക്കം? ഏതൊക്കെ കെട്ടിടങ്ങൾ രാജ്യഹാളുകളായി ഉപയോഗിച്ചിട്ടുണ്ട്‌? കുട്ടികൾക്ക്‌ ഇക്കാര്യങ്ങൾ നേരിട്ടു ചോദിച്ചറിയാൻ അനേക വർഷങ്ങളായി സഭയോടൊത്തു സഹവസിക്കുന്ന ആരെയെങ്കിലും വീട്ടിലേക്കു ക്ഷണിക്കരുതോ?

▪ ഓരോ സഭായോഗത്തിന്റെയും വലിയ കൂടിവരവുകളുടെയും ഉദ്ദേശ്യം എന്താണെന്നും അവയിൽനിന്ന്‌ കുട്ടികൾക്ക്‌ എങ്ങനെ പ്രയോജനംനേടാമെന്നും വിശദീകരിച്ചുകൊടുക്കുക.

▪ യഹോവയുടെ സംഘടന നടത്തുന്ന വിവിധ സ്‌കൂളുകളുടെ ലക്ഷ്യങ്ങളെക്കുറിച്ച്‌ പറയുക. ഈ സ്‌കൂളുകളുടെ പ്രയോജനങ്ങൾ എടുത്തുകാണിക്കുന്ന അനുഭവങ്ങൾ പറഞ്ഞുകേൾപ്പിക്കാം.

▪ സുവാർത്താ പ്രസംഗവേലയിൽ ക്രമമായി പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക. യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകത്തിലെ ലോകവ്യാപക റിപ്പോർട്ട്‌ കാണിച്ചിട്ട്‌ കുട്ടികളായ ഇവർക്ക്‌ അതിൽ എന്തു പങ്കുവഹിക്കാനാകും എന്ന്‌ വിശദീകരിക്കാം.

▪ യഹോവയുടെ സംഘടനയിൽ യുവാക്കൾക്ക്‌ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാനാകുന്ന വ്യത്യസ്‌ത മേഖലകളെക്കുറിച്ച്‌ ചർച്ചചെയ്യുക. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്‌തകത്തിന്റെ 10-ാം അധ്യായത്തിൽ ഈ വിവരങ്ങൾ കൊടുത്തിട്ടുണ്ട്‌.

▪ സഭയിൽ ചില കാര്യങ്ങൾ ചില പ്രത്യേക വിധത്തിൽ ചെയ്യുന്നത്‌ എന്തുകൊണ്ടാണെന്ന്‌ മക്കൾക്കു മനസ്സിലാക്കിക്കൊടുക്കാം. ചെറിയ കാര്യങ്ങളിൽപ്പോലും എപ്പോഴും യഹോവയുടെ സംഘടനയെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുക. സഭാപ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന്‌ മൂപ്പന്മാരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ തങ്ങളുടെ ഭാഗം എങ്ങനെ നിർവഹിക്കാം എന്നു കാണിച്ചുകൊടുക്കുക.

[ചിത്രം]

ദീർഘകാലമായി ദൈവത്തെ സേവിക്കുന്നവർ സുഹൃത്തുക്കളായുണ്ടെങ്കിൽ കുട്ടികൾക്ക്‌ അതു ഗുണംചെയ്യും

[26-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ സംഘടനയെക്കുറിച്ചുള്ള മക്കളുടെ ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരം നൽകാൻ പുരാതന ഇസ്രായേല്യരെപ്പോലെ ഇന്നും മാതാപിതാക്കൾ ശ്രമിക്കുന്നു