വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യസന്ദേശം ആളുകളുടെ ഹൃദയത്തിൽ എത്തിക്കാൻ

രാജ്യസന്ദേശം ആളുകളുടെ ഹൃദയത്തിൽ എത്തിക്കാൻ

രാജ്യസന്ദേശം ആളുകളുടെ ഹൃദയത്തിൽ എത്തിക്കാൻ

ഏതാനും വർഷങ്ങൾക്കുമുമ്പ്‌ ബ്രസീലിന്റെ തെക്കുഭാഗത്തുള്ള പോർട്ടൂ ആലേഗ്രി എന്ന നഗരത്തിൽ സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ചു ചർച്ചചെയ്യാൻ ഒരു അന്താരാഷ്‌ട്ര സമ്മേളനം നടക്കുകയുണ്ടായി. 135 രാജ്യങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന്‌ ആളുകൾ പങ്കെടുത്ത ഒരു സമ്മേളനമായിരുന്നു അത്‌. സമ്മേളനത്തിന്റെ ഇടവേളകളിൽ അവരിൽ അനേകരുമായി പോർട്ടൂ ആലേഗ്രിയിലുള്ള ഒരു സഭയിലെ സാക്ഷികൾക്ക്‌ ദൈവരാജ്യസന്ദേശം പങ്കുവെക്കാനായി. വിവിധ ഭാഷക്കാരായ ഈ ആളുകളോട്‌ സഹോദരങ്ങൾക്ക്‌ എങ്ങനെയാണ്‌ സാക്ഷീകരിക്കാനായത്‌?

പയനിയറായ എലിസബത്ത്‌ പറയുന്നത്‌ കേൾക്കൂ: “സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകം ഞങ്ങൾ നന്നായി ഉപയോഗിച്ചു. രാജ്യസുവാർത്ത ഒരിക്കൽപ്പോലും കേട്ടിട്ടില്ലാത്തവരായിരുന്നു ആ സമ്മേളനത്തിനു വന്ന പലരും. എങ്കിലും, അവരെല്ലാം താത്‌പര്യം കാണിച്ചു. ഇന്ത്യ, ഇസ്രായേൽ, ചൈന, നൈജീരിയ, ഫ്രാൻസ്‌, ബൊളീവിയ എന്നിവിടങ്ങളിൽനിന്നുള്ളവരോട്‌ ഞങ്ങൾക്കു സംസാരിക്കാനായി. അവരിൽ ചിലർക്ക്‌ മാതൃഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ കൊടുക്കാനും ഞങ്ങൾക്കു കഴിഞ്ഞു. സ്വന്തം ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ കണ്ടപ്പോൾ അവർക്കു വലിയ സന്തോഷം തോന്നി.”

മെക്‌സിക്കോയിലെ ഒരു പയനിയറായ റോയലിനും ഈ ചെറുപുസ്‌തകം ഉപയോഗിച്ചതിന്റെ നല്ല അനുഭവങ്ങളുണ്ട്‌. കുറച്ചുനാളുകൾക്കുമുമ്പ്‌ റോയൽ 80-വയസ്സുള്ള ഒരു അറബിയെ കണ്ടുമുട്ടുകയുണ്ടായി; അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട്‌ അധികമായിരുന്നില്ല. ആ ചെറുപുസ്‌തകത്തിൽനിന്ന്‌ അറബിഭാഷയിലുള്ള രാജ്യസന്ദേശം വായിച്ചപ്പോൾ സന്തോഷംകൊണ്ട്‌ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു. എന്തായിരുന്നു കാരണം? മേലാൽ മരണം ഉണ്ടായിരിക്കുകയില്ല എന്ന വെളിപാട്‌ 21:3, 4-ലെ ദിവ്യവാഗ്‌ദാനം സ്വന്തം ഭാഷയിൽ വായിച്ചത്‌ അദ്ദേഹത്തിന്റെ ഹൃദയത്തെ അത്രയേറെ സ്‌പർശിച്ചു. റോയൽ മറ്റൊരിക്കൽ അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കെ ഒരു പോർച്ചുഗീസുകാരനെ കാണാനിടയായി. മകൻ മരിച്ചതിന്റെ ദുഃഖത്തിലായിരുന്നു അദ്ദേഹം. ചെറുപുസ്‌തകത്തിലെ പോർച്ചുഗീസ്‌ ഭാഷയിലുള്ള സന്ദേശം അദ്ദേഹത്തിനു വായിക്കാൻ കൊടുത്തു. ബൈബിളിനെക്കുറിച്ച്‌ കൂടുതൽ അറിയണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം അധ്യയനത്തിനു സമ്മതിക്കുകയും ചെയ്‌തു.

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകം ഉപയോഗിച്ച്‌ അർമേനിയൻ, ഇംഗ്ലീഷ്‌, കൊറിയൻ, ചൈനീസ്‌, ജർമൻ, പേർഷ്യൻ, ഫ്രഞ്ച്‌, മീഹി, സാപോടെക്‌, ഹിന്ദി, റഷ്യൻ എന്നീ ഭാഷക്കാരോട്‌ സാക്ഷീകരിക്കാൻ റോയലിനു കഴിഞ്ഞിട്ടുണ്ട്‌. * റോയൽ പറയുന്നു: “ഈ പ്രസിദ്ധീകരണം ശുശ്രൂഷയിൽ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. എനിക്ക്‌ അറിയില്ലാത്ത ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ ഹൃദയത്തിൽ രാജ്യസന്ദേശം എത്തിക്കാൻ ഈ പുസ്‌തകം എന്നെ സഹായിക്കുന്നുണ്ട്‌.”

പലരും ഇന്ന്‌ അന്യദേശങ്ങളിലേക്ക്‌ യാത്ര ചെയ്യുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മറ്റു ഭാഷകൾ സംസാരിക്കുന്നവരെ കണ്ടുമുട്ടാനുള്ള സാധ്യതയും ഏറെയാണ്‌. സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകം ഉപയോഗിച്ച്‌ അവരുമായി രാജ്യസന്ദേശം പങ്കിടാൻ നമുക്കാകും. നിങ്ങൾ അത്‌ കൂടെ കരുതാറുണ്ടോ?

[അടിക്കുറിപ്പ്‌]

^ ഖ. 5 നമ്മുടെ പ്രദേശത്ത്‌ ആവശ്യമായിവന്നേക്കാവുന്ന ഭാഷകൾ മാത്രമേ ഈ ചെറുപുസ്‌തകത്തിന്റെ മലയാളം പതിപ്പിൽ കാണാനാകൂ.

[32-ാം പേജിലെ ചിത്രങ്ങൾ]

ആളുകളുടെ ഹൃദയത്തിൽ രാജ്യസന്ദേശം എത്തിക്കാൻ റോയലിനെ ഈ ചെറുപുസ്‌തകം സഹായിക്കുന്നു