വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹവിശ്വാസികളെ ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ?

സഹവിശ്വാസികളെ ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ?

സഹവിശ്വാസികളെ ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ?

“സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ. പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ.”—റോമ. 12:10.

1, 2. (എ) റോമർക്കുള്ള ലേഖനത്തിൽ പൗലോസ്‌ എന്ത്‌ ഉദ്‌ബോധനം നൽകുന്നു? (ബി) നാം എന്തു ചോദ്യങ്ങൾ പരിചിന്തിക്കും?

ക്രിസ്‌ത്യാനികളായ നാം സഹവിശ്വാസികളോട്‌ സ്‌നേഹത്തോടെ ഇടപെടേണ്ടതിന്റെ പ്രാധാന്യം റോമർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ്‌ അപ്പൊസ്‌തലൻ ഊന്നിപ്പറഞ്ഞു. നമ്മുടെ സ്‌നേഹം ‘കാപട്യമില്ലാത്തതായിരിക്കണം’ എന്ന്‌ അവൻ ഓർമിപ്പിച്ചു. ‘ആർദ്രതയോടെ’ ‘സഹോദരസ്‌നേഹം’ കാണിക്കണമെന്നും അവൻ എടുത്തുപറഞ്ഞു.—റോമ. 12:9, 10എ.

2 സഹോദരസ്‌നേഹം നമ്മുടെ ഉള്ളിൽ ഉണ്ടായതുകൊണ്ടായില്ല; നാം അത്‌ പ്രകടിപ്പിക്കണം, അത്‌ മറ്റുള്ളവർക്ക്‌ കാണാൻ കഴിയണം. നാം പ്രവൃത്തികളിലൂടെ ആ സ്‌നേഹം കാണിച്ചില്ലെങ്കിൽ മറ്റുള്ളവർ അത്‌ എങ്ങനെ അറിയും? അതുകൊണ്ടാണ്‌ “പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ” എന്ന്‌ പൗലോസ്‌ കൂട്ടിച്ചേർത്തത്‌. (റോമ. 12:10ബി) മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? സഹവിശ്വാസികളെ ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യമെന്താണ്‌? നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ഹൃദയത്തിൽനിന്നുവരുന്ന ബഹുമാനം

3. “ബഹുമാനം,” “മാനം” എന്നീ വാക്കുകൾക്ക്‌ എബ്രായ-ഗ്രീക്ക്‌ ഭാഷകളിൽ എന്ത്‌ അർഥമുണ്ട്‌?

3 “ബഹുമാനിക്കുക” എന്നതിനുള്ള മുഖ്യ എബ്രായപദത്തിന്റെ വാച്യാർഥം “ഭാരം നൽകുക” എന്നാണ്‌. ഒരു വ്യക്തിയെ ബഹുമാനിക്കുക എന്നാൽ അദ്ദേഹത്തെ വലിയൊരാളായി, ശ്രേഷ്‌ഠനായി കണക്കാക്കുക എന്നാണ്‌ അർഥം. ഈ എബ്രായപദത്തെ പലപ്പോഴും തിരുവെഴുത്തുകളിൽ ‘മഹത്ത്വം’ എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു; ബഹുമാനിക്കപ്പെടുന്ന വ്യക്തിയോടുള്ള ആഴമായ ആദരവിനെയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌. (ഉല്‌പ. 45:13) ബൈബിളിൽ “മാനം” എന്ന്‌ തർജമചെയ്‌തിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്‌ മാന്യത, മൂല്യം, വിശിഷ്ടം എന്നൊക്കെ അർഥമുണ്ട്‌. (ലൂക്കോ. 14:10) അതെ, നാം ബഹുമാനിക്കുന്നവരെ നാം വിലയേറിയവരായി, വിശിഷ്ടരായി കാണുന്നു.

4, 5. മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു? ഉദാഹരിക്കുക.

4 മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? അത്‌ നമ്മുടെ ഉള്ളിൽനിന്നു വരണം. നമ്മുടെ ഹൃദയത്തിൽ ഒരു വ്യക്തിയോടു തോന്നുന്ന ആദരവിന്റെ ബാഹ്യപ്രകടനമാണ്‌ ആ വ്യക്തിയോടുള്ള ബഹുമാനം. മറ്റു വാക്കുകളിൽ പറഞ്ഞാൽ സഹോദരങ്ങളോട്‌ നാം എങ്ങനെ പെരുമാറുന്നു എന്നതു മാത്രമല്ല അവരെ നാം എങ്ങനെ വീക്ഷിക്കുന്നു എന്നതും പ്രധാനമാണ്‌.

5 ഒരു ക്രിസ്‌ത്യാനിക്ക്‌ സഹവിശ്വാസികളോട്‌ ഉള്ളിൽ ആദരവില്ലെങ്കിൽ അവരോട്‌ യഥാർഥ ബഹുമാനം കാണിക്കാനാകുമോ? (3 യോഹ. 9, 10) നല്ല മണ്ണിൽ വേരോട്ടമുണ്ടെങ്കിലേ ഒരു ചെടി വാടിപ്പോകാതെ തഴച്ചുവളരൂ. അതുപോലെ മറ്റുള്ളവരോട്‌ നമുക്കുള്ള ബഹുമാനം ഹൃദയംഗമമാണെങ്കിലേ അത്‌ ‘വാടിപ്പോകാതിരിക്കൂ;’ അപ്പോൾ അത്‌ നിഷ്‌കപടവുമായിരിക്കും. എന്നാൽ നാം കാണിക്കുന്ന ബഹുമാനം വെറും പുറംപൂച്ചാണെങ്കിൽ അതു നിലനിൽക്കില്ല, കാരണം അത്‌ ഹൃദയത്തിൽനിന്ന്‌ വരുന്നതല്ല. ബഹുമാനിക്കാനുള്ള ഉദ്‌ബോധനം നൽകുന്നതിനുമുമ്പ്‌, “നിങ്ങളുടെ സ്‌നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ” എന്ന്‌ പൗലോസ്‌ പ്രസ്‌താവിച്ചത്‌ തക്ക കാരണത്തോടെയാണ്‌.—റോമ. 12:9; 1 പത്രോസ്‌ 1:22 വായിക്കുക.

“ദൈവത്തിന്റെ സാദൃശ്യത്തിൽ” സൃഷ്ടിക്കപ്പെട്ടവരെ ബഹുമാനിക്കുക

6, 7. നാം മറ്റുള്ളവരെ ബഹുമാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 നാം കാണിക്കുന്ന ബഹുമാനം ഹൃദയത്തിൽനിന്നുള്ളത്‌ ആയിരിക്കണമെങ്കിൽ സഹോദരങ്ങളെ ബഹുമാനിക്കാൻ തിരുവെഴുത്തുകൾ നൽകുന്ന കാരണങ്ങൾ നാം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌. അവയിൽ രണ്ടെണ്ണം നമുക്ക്‌ ഇപ്പോൾ പരിചിന്തിക്കാം.

7 ഭൂമിയിലെ മറ്റു സൃഷ്ടികളിൽനിന്നെല്ലാം വ്യത്യസ്‌തമായി “ദൈവത്തിന്റെ സാദൃശ്യത്തിൽ” ആണ്‌ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്‌. (യാക്കോ. 3:9) അതുകൊണ്ട്‌ സ്‌നേഹം, ജ്ഞാനം, നീതി എന്നിങ്ങനെയുള്ള ദിവ്യഗുണങ്ങൾ നമുക്കുണ്ട്‌. സ്രഷ്ടാവിൽനിന്ന്‌ നമുക്കു ലഭിച്ചിരിക്കുന്ന മറ്റൊരു ദാനത്തെക്കുറിച്ച്‌ സങ്കീർത്തനക്കാരൻ പാടി: “യഹോവേ, . . . നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു. . . . നീ അവനെ (മർത്യനെ) ദൈവത്തെക്കാൾ അല്‌പം മാത്രം താഴ്‌ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.” (സങ്കീ. 8:1, 4, 5; 104:1) * മനുഷ്യന്‌ ദൈവം ഒരളവുവരെ അന്തസ്സും തേജസ്സും മാനവും നൽകിയിരിക്കുന്നു. അതുകൊണ്ട്‌ നാം ഒരാളെ ബഹുമാനിക്കുമ്പോൾ, വാസ്‌തവത്തിൽ മനുഷ്യന്‌ അന്തസ്സു നൽകിയ യഹോവയെ ബഹുമാനിക്കുകയാണ്‌. എല്ലാ മനുഷ്യരെയും ബഹുമാനിക്കാൻ നമുക്ക്‌ കാരണങ്ങൾ ഉണ്ടെന്നിരിക്കെ സഹവിശ്വാസികളെ നാം എത്രയധികം ആദരിക്കണം!—യോഹ. 3:16; ഗലാ. 6:10.

ഒരു കുടുംബത്തിലെ അംഗങ്ങൾ

8, 9. സഹവിശ്വാസികളെ ബഹുമാനിക്കാനുള്ള എന്തു കാരണമാണ്‌ പൗലോസ്‌ പരാമർശിച്ചത്‌?

8 നാം പരസ്‌പരം ബഹുമാനിക്കേണ്ടതിന്റെ മറ്റൊരു കാരണം പൗലോസ്‌ പറയുകയുണ്ടായി. ബഹുമാനിക്കാനുള്ള ആഹ്വാനം നൽകുന്നതിനുമുമ്പ്‌ പൗലോസ്‌, “സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ” എന്നു പറഞ്ഞു. ഇവിടെ “ആർദ്രത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം പരസ്‌പരം പിന്തുണയ്‌ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന്റെ ഐക്യത്തിനു നിദാനമായ ദൃഢബന്ധത്തെയാണ്‌ കുറിക്കുന്നത്‌. ഇഴയടുപ്പമുള്ള ഒരു കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ ഉള്ളതുപോലെ സഭാംഗങ്ങൾക്കിടയിൽ സുദൃഢവും ഊഷ്‌മളവുമായ സ്‌നേഹബന്ധം ഉണ്ടായിരിക്കണം എന്ന്‌ ഊന്നിപ്പറയാനാണ്‌ പൗലോസ്‌ ഈ പദം ഉപയോഗിച്ചത്‌. (റോമ. 12:5) അവൻ ഇത്‌ എഴുതിയത്‌ യഹോവയെന്ന ഏക പിതാവിന്റെ മക്കളായി ദത്തെടുക്കപ്പെട്ട അഭിഷിക്ത ക്രിസ്‌ത്യാനികൾക്കാണ്‌ എന്ന കാര്യം ഓർക്കുക. അവരെല്ലാം സവിശേഷമായ ഒരു വിധത്തിൽ ഒരേ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പൗലോസിന്റെ നാളിലെ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ പരസ്‌പരം ബഹുമാനിക്കാൻ ഇത്‌ ഈടുറ്റ കാരണം നൽകി. ഇന്നത്തെ അഭിഷിക്തരുടെ കാര്യത്തിലും ഇതു സത്യമാണ്‌.

9 “വേറെ ആടുകളു”ടെ കാര്യമോ? (യോഹ. 10:16) അവരെ ഇതുവരെ ദൈവത്തിന്റെ മക്കളായി ദത്തെടുത്തിട്ടില്ലെങ്കിലും ഒരേ ആഗോള ക്രിസ്‌തീയ കുടുംബത്തിലെ അംഗങ്ങളായതിനാൽ അവർക്കും പരസ്‌പരം ‘സഹോദരാ,’ ‘സഹോദരീ’ എന്ന്‌ വിളിക്കാനാകും. (1 പത്രോ. 2:17; 5:9) അങ്ങനെ പരസ്‌പരം അഭിസംബോധന ചെയ്യുമ്പോൾ തങ്ങൾ എന്താണ്‌ അർഥമാക്കുന്നതെന്ന്‌ ‘വേറെ ആടുകളിൽപ്പെട്ടവർ’ മനസ്സിൽപ്പിടിക്കുന്നെങ്കിൽ സഹവിശ്വാസികളെ ഹൃദയംഗമമായി ബഹുമാനിക്കാൻ അവർക്കു സാധിക്കും.—1 പത്രോസ്‌ 3:8 വായിക്കുക.

എന്തുകൊണ്ടു പ്രധാനം?

10, 11. പരസ്‌പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 പരസ്‌പരം ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും ഇത്ര പ്രാധാന്യമുള്ളത്‌ എന്തുകൊണ്ടാണ്‌? നമ്മുടെ സഹോദരീസഹോദരന്മാരെ ബഹുമാനിക്കുമ്പോൾ സഭയുടെ ക്ഷേമത്തിനും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുകയാണ്‌ നാം.

11 സത്യക്രിസ്‌ത്യാനികളായ നമുക്ക്‌ ഏറ്റവുമധികം കരുത്തുപകരുന്നത്‌ യഹോവയുമായുള്ള അടുത്ത ബന്ധവും അവന്റെ ആത്മാവിന്റെ പിന്തുണയുമാണ്‌ എന്നതിനു സംശയമില്ല. (സങ്കീ. 36:7; യോഹ. 14:26) എന്നാൽ സഹവിശ്വാസികൾ നമ്മെ വിലയേറിയവരായി കാണുന്നു എന്നു മനസ്സിലാക്കുമ്പോഴും നമുക്ക്‌ പ്രോത്സാഹനം ലഭിക്കും. (സദൃ. 25:11) മറ്റുള്ളവർ നമ്മെ മാനിക്കുമ്പോൾ, അവർ ആത്മാർഥമായി നമ്മെ അഭിനന്ദിക്കുമ്പോൾ നമുക്കത്‌ പുതുജീവൻ പകരും. ജീവന്റെ പാതയിൽ സന്തോഷത്തോടും നിശ്ചയദാർഢ്യത്തോടും കൂടെ ഗമിക്കാൻ വേണ്ട ഓജസ്സും വീര്യവും അത്‌ പകർന്നുനൽകും. നിങ്ങൾ ഇത്‌ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും, ഇല്ലേ?

12. സഭയ്‌ക്കുള്ളിൽ സ്‌നേഹനിർഭരവും ഊഷ്‌മളവുമായ ഒരു അന്തരീക്ഷം നിലനിറുത്താൻ നമുക്ക്‌ ഓരോരുത്തർക്കും എന്തുചെയ്യാനാകും?

12 ആദരിക്കപ്പെടുക എന്നത്‌ മനുഷ്യന്റെ ഒരു ആവശ്യമാണെന്ന്‌ അറിയാവുന്നതിനാൽ, “പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ” എന്ന്‌ യഹോവ തന്റെ വചനത്തിലൂടെ നമ്മോട്‌ ആവശ്യപ്പെടുന്നു. (റോമ. 12:10; മത്തായി 7:12 വായിക്കുക.) കാലാതീതമായ ഈ ബുദ്ധിയുപദേശം എല്ലാ ക്രിസ്‌ത്യാനികളും മുഴുഹൃദയാ അനുസരിക്കുമ്പോൾ സഹോദരങ്ങൾക്കിടയിൽ സ്‌നേഹനിർഭരവും ഊഷ്‌മളവുമായ ഒരു അന്തരീക്ഷം ഉണ്ടായിരിക്കും. അതുകൊണ്ട്‌, ‘സഭയിലുള്ള ഒരു സഹോദരനോടോ സഹോദരിയോടോ എനിക്കുള്ള ഹൃദയംഗമമായ ആദരവ്‌ വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ ഞാൻ ഏറ്റവും ഒടുവിൽ പ്രകടിപ്പിച്ചത്‌ എപ്പോഴാണ്‌’ എന്ന്‌ നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.—റോമ. 13:8.

നമുക്ക്‌ ഓരോരുത്തർക്കുമുള്ള നിയോഗം

13. (എ) ബഹുമാനിക്കുന്നതിൽ ആരാണ്‌ വിശേഷാൽ മുന്നിട്ടുനിൽക്കേണ്ടത്‌? (ബി) റോമർ 1:1-ലെ പൗലോസിന്റെ വാക്കുകൾ എന്തു സൂചിപ്പിക്കുന്നു?

13 ബഹുമാനിക്കുന്നതിൽ ആരാണ്‌ മുന്നിട്ടുനിൽക്കേണ്ടത്‌? “നിങ്ങളുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവരെ”ന്നാണ്‌ എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ്‌ ക്രിസ്‌തീയ മൂപ്പന്മാരെ വിശേഷിപ്പിച്ചത്‌. (എബ്രാ. 13:17) ശരിയാണ്‌, പല കാര്യങ്ങളിലും നേതൃത്വംവഹിച്ചുകൊണ്ട്‌ മുന്നിട്ടുനിൽക്കുന്നത്‌ മൂപ്പന്മാരാണ്‌. ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്നവരായ അവർ സഹമൂപ്പന്മാർ ഉൾപ്പെടെയുള്ള സഹവിശ്വാസികളെ ബഹുമാനിക്കുന്നതിലും മുന്നിട്ടുനിൽക്കണം. ഉദാഹരണത്തിന്‌ സഭയുടെ ആത്മീയ ആവശ്യങ്ങൾ ചർച്ചചെയ്യാൻ മൂപ്പന്മാർ കൂടിവരുമ്പോൾ ഓരോരുത്തരും പറയുന്ന അഭിപ്രായങ്ങൾ ശ്രദ്ധിച്ചുകേട്ടുകൊണ്ട്‌ അവർ പരസ്‌പരം ആദരിക്കണം. കൂടാതെ ഒരു തീരുമാനം എടുക്കുമ്പോൾ എല്ലാ മൂപ്പന്മാരുടെയും അഭിപ്രായങ്ങളും വീക്ഷണങ്ങളും കണക്കിലെടുത്തുകൊണ്ട്‌ ആദരവു കാണിക്കാനാകും. (പ്രവൃ. 15:6-15) എന്നാൽ ഒരു കാര്യം നാം വിസ്‌മരിക്കരുത്‌: റോമർക്കുള്ള പൗലോസിന്റെ ലേഖനം മൂപ്പന്മാർക്കു മാത്രമല്ല മുഴുസഭയ്‌ക്കും വേണ്ടിയായിരുന്നു. (റോമ. 1:1) അതുകൊണ്ട്‌ ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കാനുള്ള ആഹ്വാനം ഇന്ന്‌ നമുക്കെല്ലാവർക്കും ബാധകമാണ്‌.

14. (എ) ബഹുമാനിക്കുന്നതും ബഹുമാനിക്കുന്നതിൽ മുന്നിട്ടുകൊള്ളുന്നതും തമ്മിലുള്ള വ്യത്യാസം ഉദാഹരിക്കുക. (ബി) ഏതു ചോദ്യം സ്വയം ചോദിക്കാനാകും?

14 റോമിലെ സഹവിശ്വാസികളോട്‌ കേവലം ബഹുമാനിക്കാനല്ല, ബഹുമാനിക്കുന്നതിൽ മുന്നിട്ടുകൊള്ളാനാണ്‌ പൗലോസ്‌ പറഞ്ഞത്‌ എന്ന കാര്യം ശ്രദ്ധിക്കുക. എന്താണ്‌ ഇവ തമ്മിലുള്ള വ്യത്യാസം? ഈ ഉദാഹരണം ശ്രദ്ധിക്കുക. വായിക്കാൻ അറിയാവുന്ന വിദ്യാർഥികളോട്‌ വായിക്കാൻ പഠിക്കാൻ അധ്യാപകൻ പറയുമോ? ഇല്ല. പകരം വായനയിൽ മെച്ചപ്പെടാൻ പറഞ്ഞേക്കാം. അതുപോലെ, സ്‌നേഹം സത്യക്രിസ്‌ത്യാനികളുടെ മുഖമുദ്ര ആയതിനാൽ അവർ പരസ്‌പരം ബഹുമാനിക്കുന്നവരാണ്‌; സ്‌നേഹമാണല്ലോ ബഹുമാനിക്കാൻ പ്രചോദിപ്പിക്കുന്ന ഗുണം. (യോഹ. 13:35) എന്നാൽ വായിക്കാൻ അറിയാവുന്ന വിദ്യാർഥികൾക്ക്‌ വായനാപ്രാപ്‌തി മെച്ചപ്പെടുത്താനാകുന്നതുപോലെ ബഹുമാനിക്കുന്നതിൽ മുന്നിട്ടുകൊണ്ട്‌ നമുക്കും മെച്ചപ്പെടാനാകും. (1 തെസ്സ. 4:9, 10) മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ മുൻകൈയെടുക്കാനുള്ള നിയോഗം നമുക്ക്‌ ഓരോരുത്തർക്കുമുണ്ട്‌. ‘ഞാൻ ആ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോ, സഭയിലുള്ളവരെ ബഹുമാനിക്കുന്നതിൽ മുൻകൈയെടുക്കുന്നുണ്ടോ?’ എന്ന്‌ സ്വയം ചോദിക്കാനാകും.

എളിയവരെ’ ആദരിക്കുക

15, 16. (എ) ബഹുമാനിക്കാനുള്ള നിയോഗം നിറവേറ്റവെ ആരെ ഒഴിവാക്കരുത്‌, എന്തുകൊണ്ട്‌? (ബി) എല്ലാ സഹോദരീസഹോദരന്മാരോടും നമുക്ക്‌ ആത്മാർഥമായ ബഹുമാനമുണ്ടോ എന്ന്‌ എങ്ങനെ അറിയാം?

15 ബഹുമാനിക്കാനുള്ള നിയോഗം നിറവേറ്റവെ സഭയിലുള്ള ആരെ നാം ഒഴിവാക്കരുത്‌? “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്‌പ കൊടുക്കുന്നു; അവൻ ചെയ്‌ത നന്മെക്കു അവൻ പകരം കൊടുക്കും” എന്ന്‌ ദൈവവചനം പറയുന്നു. (സദൃ. 19:17) ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കാൻ ശ്രമിക്കുമ്പോൾ ഈ തിരുവെഴുത്തിലെ തത്ത്വം നമുക്ക്‌ എങ്ങനെ ബാധകമാക്കാനാകും?

16 മിക്ക ആളുകൾക്കും തങ്ങളെക്കാൾ ഉന്നതസ്ഥാനീയരായവരെ ബഹുമാനിക്കാൻ മടിതോന്നാറില്ല; എന്നാൽ അതേ ആളുകൾ, തങ്ങളെക്കാൾ താഴ്‌ന്നവരെന്നു തോന്നുന്നവരോട്‌ ആദരവില്ലാതെ പെരുമാറിയേക്കാം. പക്ഷേ യഹോവ അങ്ങനെയുള്ളൊരു വ്യക്തിയല്ല. “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും” എന്ന്‌ അവൻ പറയുന്നു. (1 ശമൂ. 2:30) തന്നെ സേവിക്കുകയും മാനിക്കുകയും ചെയ്യുന്ന എല്ലാവരെയും യഹോവ മാനിക്കും. “എളിയവനെ” അവൻ അവഗണിക്കുന്നില്ല. (സങ്കീർത്തനം 113:5-7 വായിക്കുക; 2 ദിന. 16:9) നാം യഹോവയെ അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണ്‌. അതുകൊണ്ട്‌, മറ്റുള്ളവരോടു നാം കാണിക്കുന്ന ആദരവ്‌ എത്രമാത്രം ആത്മാർഥമാണെന്ന്‌ അളക്കാൻ സ്വയം ഇങ്ങനെ ചോദിക്കുക: ‘സഭയിൽ ഉത്തരവാദിത്വ സ്ഥാനങ്ങളൊന്നുമില്ലാത്ത, അധികം ശ്രദ്ധിക്കപ്പെടാത്തവരോട്‌ ഞാൻ എങ്ങനെയാണ്‌ ഇടപെടുന്നത്‌?’ (യോഹ. 13:14, 15) മറ്റുള്ളവരോടു നമുക്കുള്ള ആദരവ്‌ എത്രമാത്രം ആത്മാർഥമാണെന്ന്‌ അറിയാൻ ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മെ സഹായിക്കും.—ഫിലിപ്പിയർ 2:3, 4 വായിക്കുക.

മറ്റുള്ളവരെ ബഹുമാനിക്കുക—സമയം ചെലവഴിച്ചുകൊണ്ട്‌

17. മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കാനുള്ള ഒരു പ്രമുഖ വിധമേതാണ്‌, എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

17 സഭയിൽ എല്ലാവരെയും ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കാനുള്ള ഒരു പ്രമുഖവിധം ഏതാണ്‌? ക്രിസ്‌ത്യാനികളായ നമ്മുടെ ജീവിതം തിരക്കുപിടിച്ചതാണ്‌, സഭാകാര്യങ്ങൾക്കായിത്തന്നെ നമുക്ക്‌ ഒരുപാട്‌ സമയം വേണ്ടിവരുന്നു. അതുകൊണ്ടുതന്നെ നമുക്ക്‌ സമയം വളരെ വിലപ്പെട്ടതാണ്‌. അതിനാൽ, മറ്റുള്ളവർക്കായി നമ്മുടെ സമയം ചെലവഴിക്കുന്നതാണ്‌ അവരെ ബഹുമാനിക്കാനുള്ള ഒരു മാർഗം. എന്നാൽ സമയം മറ്റുള്ളവർക്കും വിലപ്പെട്ടതായതിനാൽ നമ്മുടെ സഹോദരീസഹോദരന്മാർ നമുക്കുവേണ്ടി പരിധിയിലേറെ സമയം ചെലവഴിക്കാൻ നാം പ്രതീക്ഷിക്കരുത്‌. സമാനമായി അവർക്കുവേണ്ടി നാം സമയം ചെലവഴിക്കണമെന്ന്‌ അവർ നിർബന്ധംപിടിക്കാതിരിക്കുന്നത്‌ നാം വിലമതിക്കും.

18. പതിനെട്ടാം പേജിലെ ചിത്രത്തിൽ കാണുന്നതുപോലെ, സഹവിശ്വാസികൾക്കായി സമയം ചെലവഴിക്കാൻ നമുക്ക്‌ മനസ്സുണ്ടെന്ന്‌ എങ്ങനെ കാണിക്കാം?

18 എന്നിരുന്നാലും നാം (വിശേഷിച്ച്‌ സഭയിൽ ഇടയവേല ചെയ്യുന്നവർ) ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യം നിറുത്തിവെച്ചിട്ട്‌ ഒരു സഹോദരനോ സഹോദരിക്കോ വേണ്ടി സമയം ചെലവഴിക്കുമ്പോൾ അവരെ ബഹുമാനിക്കുകയാണെന്നു പറയാനാകും. എന്തുകൊണ്ട്‌? അങ്ങനെ ചെയ്യുമ്പോൾ നാം ഫലത്തിൽ ഇതാണ്‌ പറയുന്നത്‌: ‘ഞാൻ ഈ പണിയെക്കാൾ പ്രാധാന്യം കൽപ്പിക്കുന്നത്‌ നിങ്ങൾക്കാണ്‌. നിങ്ങൾ എനിക്ക്‌ അത്ര വേണ്ടപ്പെട്ട ആളാണ്‌.’ (മർക്കോ. 6:30-34) എന്നാൽ മറിച്ച്‌ നാം നമ്മുടെ ജോലിയിൽത്തന്നെ മുഴുകുകയാണെങ്കിൽ അദ്ദേഹത്തിനു ലഭിക്കുന്ന സന്ദേശം എന്തായിരിക്കും? നാം അദ്ദേഹത്തിന്‌ വിലകൽപ്പിക്കുന്നില്ല എന്നായിരിക്കില്ലേ? ചിലസമയങ്ങളിൽ അത്യാവശ്യമായി ചെയ്‌തുതീർക്കേണ്ട ഒരു കാര്യം നിറുത്തിവെക്കാൻ പറ്റില്ല എന്നതു ശരിയാണ്‌. എങ്കിൽപ്പോലും സഹോദരീസഹോദരന്മാർക്കുവേണ്ടി ഒരൽപ്പം സമയം ചെലവഴിക്കാനുള്ള നമ്മുടെ മനസ്സൊരുക്കം അല്ലെങ്കിൽ മനസ്സില്ലായ്‌മ ഉള്ളിൽ നമുക്ക്‌ അവരോട്‌ എത്രമാത്രം ആദരവുണ്ട്‌ എന്നതിന്റെ തെളിവായിരിക്കും.—1 കൊരി. 10:24.

ബഹുമാനിക്കുന്നതിൽ മുന്നിട്ടുകൊള്ളാൻ നിശ്ചയിച്ചുറയ്‌ക്കുക

19. സഹവിശ്വാസികൾക്കായി സമയം നീക്കിവെക്കുന്നതോടൊപ്പം അവരെ ബഹുമാനിക്കാൻ നാം എന്തുകൂടി ചെയ്യണം?

19 സഹവിശ്വാസികളെ ബഹുമാനിക്കാൻ സുപ്രധാനമായ വേറെയും മാർഗങ്ങളുണ്ട്‌. അവർക്കായി സമയം നീക്കിവെച്ചാൽ മാത്രം പോരാ, അവർ പറയുന്നത്‌ ശ്രദ്ധിച്ചുകേൾക്കുകയും വേണം. ഇക്കാര്യത്തിലും യഹോവ നല്ല മാതൃകയാണ്‌. സങ്കീർത്തനക്കാരനായ ദാവീദ്‌ ഇങ്ങനെ പറയുകയുണ്ടായി: “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.” (സങ്കീ. 34:15) സമാനമായി നമ്മുടെ കണ്ണും കാതും സഹോദരങ്ങൾക്കായി എപ്പോഴും തുറന്നിരിക്കണം, പ്രത്യേകിച്ച്‌ സഹായം തേടി വരുന്നവർക്കായി. അവർ പറയുന്നത്‌ നാം ശ്രദ്ധയോടെ കേൾക്കണം. അങ്ങനെ നമുക്ക്‌ യഹോവയെ അനുകരിക്കാൻ സാധിക്കും. അപ്രകാരം ചെയ്യുമ്പോൾ നാം അവരെ ആദരിക്കുകയാണ്‌.

20. ബഹുമാനിക്കുന്നതിനോടുള്ള ബന്ധത്തിൽ ഏത്‌ കാര്യങ്ങൾ നാം മനസ്സിൽപ്പിടിക്കണം?

20 നാം പരിചിന്തിച്ചതനുസരിച്ച്‌, സഹവിശ്വാസികളെ ഹൃദയംഗമമായി ബഹുമാനിക്കേണ്ടതിന്റെ കാരണങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. എളിയവരടക്കം സകലരെയും ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കാനുള്ള അവസരങ്ങൾ തേടുകയും വേണം. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നമുക്കിടയിലെ സാഹോദര്യവും ഐക്യവും സുദൃഢമാക്കുകയാണ്‌ നാം. അതുകൊണ്ട്‌ മറ്റുള്ളവരെ ബഹുമാനിക്കുന്നതിനു മാത്രമല്ല അതിൽ മുന്നിട്ടുകൊള്ളാനും നമുക്ക്‌ തുടർന്നും ശ്രമിക്കാം. അതിന്‌ നിങ്ങൾ നിശ്ചയിച്ചുറച്ചിട്ടുണ്ടോ?

[അടിക്കുറിപ്പ്‌]

^ ഖ. 7 എട്ടാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ പൂർണമനുഷ്യനായിരുന്ന യേശുക്രിസ്‌തുവിലേക്കു വിരൽചൂണ്ടുന്ന ഒരു പ്രവചനവുമായിരുന്നു.—എബ്രാ. 2:6-9.

ഓർമിക്കുന്നുവോ?

• മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

• സഹവിശ്വാസികളെ ബഹുമാനിക്കേണ്ടതിന്റെ കാരണങ്ങൾ ഏവ?

• പരസ്‌പരം ബഹുമാനിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• സഹവിശ്വാസികളെ ബഹുമാനിക്കുന്നു എന്ന്‌ നമുക്ക്‌ എങ്ങനെയെല്ലാം കാണിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

സഹവിശ്വാസികളെ നമുക്കെങ്ങനെ ബഹുമാനിക്കാം?