വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അദ്ദേഹത്തിന്റെ പ്രവൃത്തികൾ അദ്ദേഹത്തെ പിൻചെന്നിരിക്കുന്നു’

‘അദ്ദേഹത്തിന്റെ പ്രവൃത്തികൾ അദ്ദേഹത്തെ പിൻചെന്നിരിക്കുന്നു’

‘അദ്ദേഹത്തിന്റെ പ്രവൃത്തികൾ അദ്ദേഹത്തെ പിൻചെന്നിരിക്കുന്നു’

തിയോഡർ ജാരറ്റ്‌സ്‌ സഹോദരൻ 2010 ജൂൺ 9 ബുധനാഴ്‌ച വെളുപ്പിന്‌ ഭൗമികജീവിതം പൂർത്തിയാക്കി. യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായിരുന്ന അദ്ദേഹത്തിന്‌ 84 വയസ്സായിരുന്നു. മെലിറ്റയാണ്‌ ഭാര്യ. മറ്റു ബന്ധുക്കളായി ഒരു ചേച്ചിയും അവരുടെ മൂന്നുമക്കളുമുണ്ട്‌.

യു.എസ്‌.എ.-യിലെ കെന്റക്കിലുള്ള പൈക്ക്‌ കൗണ്ടിയിൽ 1925 സെപ്‌റ്റംബർ 28-നാണ്‌ ജാരറ്റ്‌സ്‌ സഹോദരൻ ജനിച്ചത്‌. 1941 ആഗസ്റ്റ്‌ 10-ന്‌, 15-ാം വയസ്സിൽ അദ്ദേഹം സ്‌നാനമേറ്റു; രണ്ടുവർഷത്തിനുശേഷം 17-ാമത്തെ വയസ്സിൽ സാധാരണ പയനിയറായി. ഏതാണ്ട്‌ 67 വർഷം നീണ്ടുനിന്ന മുഴുസമയ ശുശ്രൂഷയുടെ തുടക്കമായിരുന്നു അത്‌.

1946-ൽ 20 വയസ്സുള്ളപ്പോൾ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ ഏഴാമത്തെ ക്ലാസ്സിൽ അദ്ദേഹം സംബന്ധിച്ചു. ബിരുദാനന്തരം ഐക്യനാടുകളിലെ ഒഹായോയിലുള്ള ക്ലീവ്‌ലൻഡിൽ അദ്ദേഹത്തിനു സഞ്ചാരമേൽവിചാരകനായി നിയമനം കിട്ടി. തുടർന്ന്‌ 1951-ൽ ഓസ്‌ട്രേലിയയിൽ ബ്രാഞ്ച്‌ ദാസനായി സേവിക്കാൻ അദ്ദേഹത്തെ അങ്ങോട്ടേക്ക്‌ അയച്ചു. “ദിവ്യാധിപത്യ ക്രമം പാലിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശുഷ്‌കാന്തിയും വയൽപ്രവർത്തനങ്ങൾക്ക്‌ അദ്ദേഹം നൽകിയ നേതൃത്വവും രാജ്യമെമ്പാടുമുള്ള സഹോദരങ്ങൾക്ക്‌ ഏറെ ഉണർവും ഉത്സാഹവും പകർന്നു” എന്ന്‌ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1983 റിപ്പോർട്ടുചെയ്യുന്നു.

ഐക്യനാടുകളിൽ മടങ്ങിയെത്തിയശേഷം ജാരറ്റ്‌സ്‌ സഹോദരൻ മെലിറ്റ ലാസ്‌കോയെ വിവാഹം കഴിച്ചു, 1956 ഡിസംബർ 10-ന്‌. വിവാഹത്തെത്തുടർന്ന്‌ സഞ്ചാരവേലയിലേക്കു പ്രവേശിച്ച ഇരുവരും സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ വേലയുമായി ബന്ധപ്പെട്ട്‌ ഐക്യനാടുകളിലെ നിരവധി സ്ഥലങ്ങളിൽ സേവനം അനുഷ്‌ഠിച്ചു. 1974 അവസാനത്തോടെയാണ്‌ സഹോദരന്‌ ഭരണസംഘാംഗമാകാനുള്ള ക്ഷണം ലഭിക്കുന്നത്‌.

അർപ്പണബോധത്തോടും വിശ്വസ്‌തതയോടും കൂടെ യഹോവയെ സേവിക്കുകയും ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്‌ത ഒരാളായി ജാരറ്റ്‌സ്‌ സഹോദരൻ എന്നെന്നും സ്‌മരിക്കപ്പെടും. സ്‌നേഹനിധിയായ, കരുതലുള്ള ഒരു ഭർത്താവായിരുന്നു അദ്ദേഹം; തന്റെ ഇഷ്ടങ്ങളെക്കാൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കു പ്രാധാന്യംകൊടുത്ത ഒരു ആത്മീയമനസ്‌കൻ. (1 കൊരി. 13:4, 5) എല്ലാവരെയും ഒരുപോലെ കണ്ട്‌ കരുണയോടെയാണ്‌ അദ്ദേഹം ഇടപെട്ടിരുന്നത്‌. മറ്റുള്ളവരുടെ ക്ഷേമത്തിലുള്ള ആത്മാർഥ താത്‌പര്യം സഹോദരന്റെ പ്രവൃത്തികളിൽ പ്രകടമായിരുന്നു. ആളുകളോടുള്ള അകമഴിഞ്ഞ സ്‌നേഹവും കരുതലും അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ പ്രതിഫലിച്ചു.

ബെഥേൽ കുടുംബത്തിനും ലോകമെങ്ങുമുള്ള സഹോദരവർഗത്തിനും, തങ്ങളുടെ പ്രിയങ്കരനായ ജാരറ്റ്‌സ്‌ സഹോദരന്റെ വേർപാടിൽ ഏറെ ദുഃഖമുണ്ട്‌. എങ്കിലും, പതിറ്റാണ്ടുകളോളം തുടർന്ന അദ്ദേഹത്തിന്റെ വിശ്വസ്‌ത സേവനത്തെപ്രതി നമുക്കു സന്തോഷിക്കാം. കഠിനാധ്വാനിയും ‘മരണപര്യന്തം വിശ്വസ്‌തനും’ ആയിരുന്ന അദ്ദേഹത്തിന്‌ “ജീവകിരീടം” അവകാശമായി ലഭിച്ചു എന്ന്‌ നമുക്ക്‌ ഉറപ്പുണ്ട്‌. (വെളി. 2:10) ‘അദ്ദേഹത്തിന്റെ പ്രവൃത്തികൾ അദ്ദേഹത്തെ പിൻചെന്നിരിക്കുന്നു’ എന്ന കാര്യത്തിലും നമുക്ക്‌ സംശയമില്ല.—വെളി. 14:13.