നാം എന്നും ദൈവത്തോടു വിശ്വസ്‌തരായിരിക്കും!
നാം എന്നും ദൈവത്തോടു വിശ്വസ്‌തരായിരിക്കും!
“ഞാനോ, എന്റെ നിഷ്‌കളങ്കതയിൽ നടക്കും.”—സങ്കീ. 26:11.
1, 2. (എ) ഇയ്യോബ് തന്നെക്കുറിച്ച് എന്തു പറഞ്ഞു? (ബി) ഇയ്യോബ് 31-ാം അധ്യായം അവന്റെ വിശ്വസ്‌തതയെക്കുറിച്ച് എന്തു പറയുന്നു?
ഇന്നു കാണുന്ന തരത്തിലുള്ള ത്രാസ് പണ്ടുകാലത്തും ഉണ്ടായിരുന്നു. മുകൾഭാഗത്ത് നീളമുള്ള ഒരു തണ്ടും അതിന്റെ രണ്ടറ്റത്തുനിന്നായി തൂക്കിയിട്ട രണ്ടുതട്ടും ഉൾപ്പെട്ട ഈ ഉപകരണമാണ് ഭാരം അളക്കാൻ മുഖ്യമായും ഉപയോഗിച്ചിരുന്നത്. തന്റെ ജനം ഉപയോഗിക്കുന്നത് ഒത്ത കട്ടിയും ത്രാസും ആയിരിക്കണമെന്ന് യഹോവയ്‌ക്കു നിർബന്ധമുണ്ടായിരുന്നു.—സദൃ. 11:1.
2 ദൈവഭക്തനായ ഇയ്യോബിന് സാത്താൻ കഷ്ടപ്പാടുകൾ വരുത്തിയപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “ദൈവം (യഹോവ) എന്റെ നിഷ്‌കളങ്കത അറിയേണ്ടതിന് എന്നെ കപടമില്ലാത്ത ത്രാസിൽ തൂക്കിനോക്കട്ടെ!” (ഇയ്യോ. 31:6, പി.ഒ.സി. ബൈബിൾ) * ഒരു മനുഷ്യന്റെ വിശ്വസ്‌തത പരിശോധിക്കുന്ന പല സാഹചര്യങ്ങളെക്കുറിച്ചു പരാമർശിക്കുന്ന ഒരു അധ്യായമാണ് ഇയ്യോബ് 31. തനിക്കു നേരിട്ട ആ പരിശോധനകളിൽ എല്ലാം ഇയ്യോബ് വിജയിച്ചുവെന്ന് ആ അധ്യായം സൂചിപ്പിക്കുന്നു. അവന്റെ ആ നല്ല മാതൃക വിശ്വസ്‌തത കാക്കാൻ നമുക്കൊരു പ്രചോദനമാണ്. ഇയ്യോബിനെ അനുകരിക്കുന്നെങ്കിൽ നമുക്കും സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ, “ഞാനോ, എന്റെ നിഷ്‌കളങ്കതയിൽ നടക്കും” എന്ന് ഉറച്ച ബോധ്യത്തോടെ പറയാനാകും.—സങ്കീ. 26:11.
3. ചെറുതും വലുതുമായ കാര്യങ്ങളിൽ ദൈവത്തോടു വിശ്വസ്‌തരായിരിക്കേണ്ടത് എന്തുകൊണ്ട്?
3 അതികഠിനമായ പരിശോധനകൾ നേരിട്ടെങ്കിലും ഇയ്യോബ് ദൈവത്തോടു വിശ്വസ്‌തനായിരുന്നു. അവൻ നേരിട്ട കടുത്ത പരിശോധനകളും അവന്റെ ദൃഢവിശ്വസ്‌തതയും അവന് ചിലരുടെ ദൃഷ്ടിയിൽ ഒരു വീരപരിവേഷംതന്നെ നൽകിയിരിക്കുന്നു. ഇയ്യോബിനുണ്ടായ എല്ലാ പരിശോധനകളും നമുക്കു നേരിട്ടെന്നുവരില്ല. എന്നാൽ, ചെറുതും വലുതുമായ കാര്യങ്ങളിൽ നാം യഹോവയോടു വിശ്വസ്‌തരായിരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവന്റെ പരമാധികാരത്തെ പിന്തുണയ്‌ക്കുന്നവരും വിശ്വസ്‌തത പാലിക്കുന്നവരും ആണെന്നു തെളിയിക്കാൻ നമുക്ക് കഴിയൂ.—ലൂക്കോസ് 16:10 വായിക്കുക.
സദാചാരമൂല്യങ്ങൾ മുറുകെപ്പിടിക്കുക
4, 5. ദൈവത്തോടു വിശ്വസ്‌തനായിരുന്ന ഇയ്യോബ് എന്ത് ഒഴിവാക്കി?
4 ഇയ്യോബിനെപ്പോലെ യഹോവയോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കണമെങ്കിൽ ദൈവം വെച്ചിരിക്കുന്ന സദാചാരമൂല്യങ്ങൾ നാം മുറുകെപ്പിടിക്കണം. ഇയ്യോബ് പറഞ്ഞത് ശ്രദ്ധിക്കുക: “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്‌തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? . . . എന്റെ ഹൃദയം ഒരു സ്‌ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതില്‌ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, എന്റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; അന്യർ അവളുടെ മേൽ കുനിയട്ടെ.”—ഇയ്യോ. 31:1, 9, 10.
5 ദൈവത്തോടു വിശ്വസ്‌തനായിരിക്കാൻ ദൃഢചിത്തനായിരുന്ന ഇയ്യോബ് ഉള്ളിൽ ലൈംഗിക ആസക്തി തോന്നുമാറ് ഒരു സ്‌ത്രീയെയും നോക്കുമായിരുന്നില്ല. അവിവാഹിതയായ ഒരു സ്‌ത്രീയോടു ശൃംഗരിക്കുകയോ മറ്റൊരുവന്റെ ഭാര്യയോടു ലൈംഗിക താത്‌പര്യത്തോടെ ഇടപെടുകയോ ചെയ്യുന്ന രീതി വിവാഹിതനായിരുന്ന ഇയ്യോബിന് ഇല്ലായിരുന്നു. പിൽക്കാലത്ത് യേശു ഗിരിപ്രഭാഷണത്തിൽ ധാർമികതയെക്കുറിച്ച് ശക്തമായ ഒരു പ്രസ്‌താവന നടത്തുകയുണ്ടായി. ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട വാക്കുകളാണവ.—മത്തായി 5:27, 28 വായിക്കുക.
വക്രത നിറഞ്ഞ വഴികൾ ഒഴിവാക്കുക
6, 7. (എ) ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ ദൈവം നമ്മുടെ വിശ്വസ്‌തത തൂക്കിനോക്കുന്നത് എങ്ങനെയാണ്? (ബി) നാം വക്രതയോ വഞ്ചനയോ ഉള്ളവരായിരിക്കരുതാത്തത് എന്തുകൊണ്ട്?
6 വിശ്വസ്‌തരായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം ഒരിക്കലും വക്രതയോടെ പ്രവർത്തിക്കരുത്. (സദൃശവാക്യങ്ങൾ 3:31-33 വായിക്കുക.) “ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനെക്കു ഓടിയെങ്കിൽ—ദൈവം എന്റെ പരമാർത്ഥത (“നിഷ്‌കളങ്കത,” പി.ഒ.സി.) അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ” എന്ന് ഇയ്യോബ് പറഞ്ഞു. (ഇയ്യോ. 31:5, 6) യഹോവ മനുഷ്യരെയെല്ലാം “ഒത്ത ത്രാസിൽ” ആണ് തൂക്കിനോക്കുന്നത്. ഇയ്യോബിന്റെ കാര്യത്തിൽ ചെയ്‌തതുപോലെ ദൈവം തന്റെ സമർപ്പിത ദാസരായ നമ്മുടെ “നിഷ്‌കളങ്കത,” അഥവാ വിശ്വസ്‌തത ‘തൂക്കിനോക്കാൻ’ നീതി സംബന്ധിച്ച തന്റെ പൂർണതയുള്ള നിലവാരങ്ങൾ ഉപയോഗിക്കുന്നു.
7 നാം വക്രതയോ വഞ്ചനയോ കാണിക്കുന്നവരാണെങ്കിൽ ദൈവത്തോടു വിശ്വസ്‌തരാണെന്നു പറയാനാകുമോ? ഇല്ല. വിശ്വസ്‌തതാപാലകർ ‘ലജ്ജാകരമായ കുത്സിതമാർഗങ്ങൾ വർജിക്കും,’ അവർ ‘കൗശലംപ്രയോഗിക്കുകയില്ല.’ (2 കൊരി. 4:1, 2) നാം വക്രതയോടെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്‌തതിന്റെ ഫലമായി ഒരു സഹവിശ്വാസി യഹോവയോടു സഹായത്തിനായി നിലവിളിക്കേണ്ടിവരുന്നെങ്കിലോ? ദൈവമുമ്പാകെയുള്ള നമ്മുടെ നില എത്ര ശോചനീയമായിരിക്കും! “എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്‌തു” എന്ന് സങ്കീർത്തനക്കാരൻ പറയുകയുണ്ടായി. “യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ” എന്നായിരുന്നു അവന്റെ അപേക്ഷ. (സങ്കീ. 120:1, 2) യഹോവയ്‌ക്കു നമ്മുടെ ഉള്ളറിയാനാകും എന്ന കാര്യം മറന്നുപോകരുത്. നാം അവനോടു വിശ്വസ്‌തരാണോ എന്ന് അറിയാനായി അവൻ “ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നു.”—സങ്കീ. 7:8, 9.
മറ്റുള്ളവരോട് ഇടപെടുന്നതിൽ മാതൃകയായിരിക്കുക
8. ഇയ്യോബ് മറ്റുള്ളവരോട് എങ്ങനെയാണ് ഇടപെട്ടത്?
8 ഇയ്യോബിനെപ്പോലെ മറ്റുള്ളവരോടു നീതിയോടും താഴ്‌മയോടും പരിഗണനയോടും കൂടെ ഇടപെടുന്നെങ്കിലേ നമുക്ക് ദൈവത്തോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാനാകൂ. ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “എന്റെ ദാസന്മാരോ ദാസിമാരോ എനിക്കെതിരെ ഒരു പരാതി ബോധിപ്പിച്ചിട്ട് അവരുടെ അവകാശം ഞാൻ തള്ളിക്കളഞ്ഞുവെങ്കിൽ, ദൈവം എഴുന്നേല്‌ക്കുമ്പോൾ ഞാൻ എന്തു ചെയ്യും? അവിടുന്ന് എന്നോടു കണക്കു ചോദിക്കുമ്പോൾ ഞാൻ എന്തുത്തരം പറയും? എന്നെ ഗർഭത്തിൽ ഉരുവാക്കിയവനല്ലേ അവനെയും ഉരുവാക്കിയത്? ഒരുവൻ തന്നെയല്ലേ ഞങ്ങൾക്കു രൂപം നല്‌കിയത്?”—ഇയ്യോ. 31:13-15, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
9. തന്റെ ദാസീദാസന്മാരോടുള്ള ഇയ്യോബിന്റെ പെരുമാറ്റത്തിൽ ഏതെല്ലാം ഗുണങ്ങൾ പ്രകടമായിരുന്നു, ഇയ്യോബിന്റെ മാതൃക നമുക്കെങ്ങനെ അനുകരിക്കാം?
9 സാധ്യതയനുസരിച്ച് സങ്കീർണമായ നടപടിക്രമങ്ങളൊന്നും കൂടാതെയാണ് ഇയ്യോബിന്റെ കാലത്ത് നീതിന്യായ കാര്യങ്ങൾ കൈകാര്യം ചെയ്‌തിരുന്നത്. അവ ചിട്ടയോടെ നടത്തപ്പെട്ടിരുന്നു, അടിമകൾക്കുപോലും കോടതികളിൽ ന്യായം ബോധിപ്പിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഇയ്യോബിന്റെ ദാസീദാസന്മാർക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം, നീതിയോടും കരുണയോടും കൂടെയാണ് അവൻ അവരോട് ഇടപെട്ടിരുന്നത്. നിഷ്‌കളങ്കതയിൽ നടന്നുകൊണ്ട് വിശ്വസ്‌തത പാലിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നമുക്കും ഇത്തരം ഗുണങ്ങൾ ഉണ്ടായിരിക്കണം; ക്രിസ്‌തീയ സഭയിൽ മൂപ്പന്മാരായി സേവിക്കുന്നവരുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്.
അത്യാഗ്രഹികളാകാതെ ഉദാരമതികളായിരിക്കുക
10, 11. (എ) ഇയ്യോബ് ഉദാരമതിയും സഹായമനസ്‌കനും ആയിരുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) ഇയ്യോബ് 31:16-25 ഏതു നിശ്വസ്‌തമൊഴികൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു?
10 ഉദാരമതിയും സഹായമനസ്‌കനുമായിരുന്നു ഇയ്യോബ്; സ്വാർഥനോ അത്യാഗ്രഹിയോ ആയിരുന്നില്ല അവൻ. “വിധവയുടെ കണ്ണു ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ, അനാഥന്നു അംശം കൊടുക്കാതെ ഞാൻ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കിൽ . . . ഒരുത്തൻ വസ്‌ത്രമില്ലാതെ നശിച്ചു”പോകുന്നതു കണ്ടുനിന്നെങ്കിൽ, പട്ടണവാതിൽക്കൽ സഹായം തേടിയെത്തിയ “അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ, എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ” എന്ന് ഇയ്യോബ് പറഞ്ഞു. അവൻ പൊന്നിനോട് “നീ എന്റെ ആശ്രയം” എന്ന് ഒരിക്കലും പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവൻ വിശ്വസ്‌തത പാലിക്കുന്നതിൽ പരാജയപ്പെടുമായിരുന്നു.—ഇയ്യോ. 31:16-25.
11 ഈ കാവ്യാത്മക വചനങ്ങൾ, ശിഷ്യനായ യാക്കോബിന്റെ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “നമ്മുടെ ദൈവവും പിതാവുമായവന്റെ ദൃഷ്ടിയിൽ ശുദ്ധവും നിർമലവുമായ ആരാധനയോ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടങ്ങളിൽ സംരക്ഷിക്കുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ നമ്മെത്തന്നെ കാത്തുകൊള്ളുന്നതും ആകുന്നു.” (യാക്കോ. 1:27) യേശു നൽകിയ മുന്നറിയിപ്പും ഇതു നമ്മെ ഓർമിപ്പിക്കുന്നു: “സൂക്ഷിച്ചുകൊള്ളുവിൻ; സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രതപാലിക്കുവിൻ; എന്തെന്നാൽ ഒരുവന് എത്ര സമ്പത്തുണ്ടായാലും അവന്റെ വസ്‌തുവകകളല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്.” തുടർന്ന് യേശു ഒരു ദൃഷ്ടാന്തവും പറയുകയുണ്ടായി, ‘ദൈവവിഷയമായി സമ്പന്നനാകാതെ’ മരിച്ചുപോയ അത്യാഗ്രഹിയായ ഒരു ധനികന്റെ. (ലൂക്കോ. 12:15-21) വിശ്വസ്‌തത പാലിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം അത്യാഗ്രഹം എന്ന കെണിയിൽ വീണുപോകരുത്. അത്യാഗ്രഹം വിഗ്രഹാരാധനയാണ്. കാരണം ഒരു വ്യക്തി എന്താണോ അമിതമായി ആഗ്രഹിക്കുന്നത്, അത് യഹോവയിൽനിന്ന് അയാളുടെ ശ്രദ്ധ അകറ്റിക്കളയും. അങ്ങനെ അതൊരു വിഗ്രഹമായിത്തീരും. (കൊലോ. 3:5) അത്യാഗ്രഹവും ദൈവത്തോടുള്ള വിശ്വസ്‌തതയും ഒരിക്കലും ചേർന്നുപോകില്ല!
സത്യാരാധനയിൽ ഉറച്ചുനിൽക്കുക
12, 13. വിഗ്രഹാരാധന ഒഴിവാക്കുന്ന കാര്യത്തിൽ ഇയ്യോബ് എന്തു മാതൃകവെച്ചു?
12 ദൈവത്തോടു വിശ്വസ്‌തത പാലിക്കാൻ ആഗ്രഹിക്കുന്നവർ സത്യാരാധനയിൽനിന്നു വ്യതിചലിക്കില്ല. ഇയ്യോബ് ഇക്കാര്യത്തിൽ നല്ലൊരു മാതൃകയായിരുന്നു. അവന്റെതന്നെ വാക്കുകൾ ശ്രദ്ധിക്കുക: “സൂര്യൻ പ്രകാശിക്കുന്നതോ ചന്ദ്രൻ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ടു എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായി എന്റെ കയ്യെ ചുംബിക്കയും ചെയ്‌തുവെങ്കിൽ, അതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.”—ഇയ്യോ. 31:26-28.
13 ഇയ്യോബ് നിർജീവ വസ്‌തുക്കളെ ആരാധിച്ചില്ല. സൂര്യനും ചന്ദ്രനും പോലുള്ള ആകാശഗോളങ്ങളെ കണ്ട് അവന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും അവൻ സ്വന്തം ‘കൈ ചുംബിക്കുകയും’ ചെയ്‌തിരുന്നെങ്കിൽ (ഒരുപക്ഷേ കൈയിൽ ചുംബിച്ചിട്ട് ആ കൈ ആകാശഗോളങ്ങൾക്കു നേരെ നീട്ടി ചുംബനം ആവ. 4:15, 19) ദൈവത്തോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ എല്ലാത്തരത്തിലുമുള്ള വിഗ്രഹാരാധന നാം ഒഴിവാക്കണം.—1 യോഹന്നാൻ 5:21 വായിക്കുക.
അവയ്‌ക്കു സമർപ്പിക്കുന്നതിനെ ആയിരിക്കാം അർഥമാക്കുന്നത്) ദൈവനിഷേധിയായ ഒരു വിഗ്രഹാരാധി ആകുമായിരുന്നു അവൻ. (പകയും കാപട്യവും ഒഴിവാക്കുക
14. ഇയ്യോബ് പകവെച്ചുകൊണ്ടിരിക്കുന്ന ആളായിരുന്നില്ല എന്നു നമുക്ക് എങ്ങനെ അറിയാം?
14 പകവെച്ചുകൊണ്ടിരിക്കുകയോ ക്രൂരത കാണിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല ഇയ്യോബ്. അത്തരം കാര്യങ്ങൾ ദൈവത്തോടുള്ള വിശ്വസ്‌തതയ്‌ക്കു തുരങ്കംവെക്കുമെന്ന് അവന് അറിയാമായിരുന്നു. ഇയ്യോബ് ഇപ്രകാരം പറഞ്ഞു: “എന്റെ വൈരിയുടെ നാശത്തിങ്കൽ ഞാൻ സന്തോഷിക്കയോ, അവന്റെ അനർത്ഥത്തിങ്കൽ ഞാൻ നിഗളിക്കയോ ചെയ്‌തു എങ്കിൽ— അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‌വാൻ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല.”—ഇയ്യോ. 31:29, 30.
15. നമ്മെ പകയ്‌ക്കുന്നവർക്ക് ആപത്തുവരുമ്പോൾ സന്തോഷിക്കരുതാത്തത് എന്തുകൊണ്ട്?
15 തന്നെ പകയ്‌ക്കുന്നവർക്കുപോലും ആപത്ത് ഉണ്ടായപ്പോൾ നീതിമാനായ ഇയ്യോബ് സന്തോഷിച്ചില്ല. പിന്നീട് എഴുതപ്പെട്ട ഒരു സദൃശവാക്യം ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു: “നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു. യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.” (സദൃ. 24:17, 18) മറ്റൊരാൾക്ക് ഒരാപത്തു വരുമ്പോൾ നാം ഉള്ളിൽ സന്തോഷിക്കുന്നെങ്കിൽ, നമ്മുടെ മനസ്സു വായിക്കാനാകുന്ന യഹോവയ്‌ക്ക് അത് അനിഷ്ടമാകും. (സദൃ. 17:5) അവൻ നമുക്കെതിരെ പ്രവർത്തിക്കാനും അത് ഇടയാക്കിയേക്കാം. “പ്രതികാരം എന്റേതാകുന്നു, പകപോക്കലും,” യഹോവ പറയുന്നു.—ആവ. 32:35, ഓശാന ബൈബിൾ.
16. ധനികരല്ലെങ്കിൽപ്പോലും നമുക്ക് അതിഥിസത്‌കാരം കാണിക്കാനാകുന്നത് എങ്ങനെ?
16 ഇയ്യോബ് അതിഥിപ്രിയനായിരുന്നു. (ഇയ്യോ. 31:31, 32) ധനികരല്ലെങ്കിൽപ്പോലും നമുക്കും ‘അതിഥിസത്‌കാരം ആചരിക്കാനാകും.’ (റോമ. 12:13) അതിന് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കേണ്ടതില്ല. കാരണം ബൈബിൾ ഇപ്രകാരം പറയുന്നു: “ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്‌നേഹമുള്ളെടത്തെ ശാകഭോജനം (“സസ്യഭോജനം,” ഓശാന) നല്ലത്.” (സദൃ. 15:17) സ്‌നേഹനിധികളായ സഹാരാധകരോടൊപ്പം കഴിക്കുന്ന ലഘുവായ ഒരു ഭക്ഷണംപോലും വളരെ ആസ്വാദ്യമായിരിക്കും. ദൈവത്തോടു വിശ്വസ്‌തത പാലിക്കുന്നവരോടൊപ്പം ചെലവഴിക്കുന്ന ആ സമയം തീർച്ചയായും പ്രോത്സാഹനമേകും.
17. ഗുരുതരമായ തെറ്റുകൾ നാം മറച്ചുവെക്കരുതാത്തത് എന്തുകൊണ്ട്?
17 കാപട്യമേതുമില്ലാത്ത ഇയ്യോബിന്റെ ആതിഥ്യം സ്വീകരിക്കുന്നത് ആത്മീയമായി നവോന്മേഷം പകരുന്ന അനുഭവമായിരുന്നിരിക്കും. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തീയ സഭയിലേക്ക് നുഴഞ്ഞുകയറിയ ദൈവനിഷേധികളെപ്പോലെ “കാര്യസാധ്യത്തിനായി . . . മുഖസ്‌തുതി പ്രയോഗിക്കു”ന്ന ആളായിരുന്നില്ല ഇയ്യോബ്. (യൂദാ 3, 4, 16) മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേടാകുമെന്നു കരുതി തന്റെ ‘അകൃത്യം മാർവ്വിടത്തു മറെച്ചുവെക്കുന്നവനായിരുന്നില്ല’ അവൻ. ദൈവം തന്നെ പരിശോധിക്കുന്നതിനും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് ഏറ്റുപറയുന്നതിനും ഇയ്യോബ് തയ്യാറായിരുന്നു. (ഇയ്യോ. 31:33-37) നമുക്കു ഗുരുതരമായ തെറ്റുപറ്റിയാൽ മുഖം രക്ഷിക്കാനായി അത് മറച്ചുവെക്കാതിരിക്കാം. അത്തരം സന്ദർഭങ്ങളിൽ, ദൈവത്തോടുള്ള നമ്മുടെ വിശ്വസ്‌തത നഷ്ടമാകാതിരിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? തെറ്റ് ഏറ്റുപറയുകയും അനുതപിക്കുകയും ചെയ്യുക, വേണ്ട ആത്മീയസഹായം തേടുക, തെറ്റു തിരുത്താൻ നമ്മാലാവുന്നതെല്ലാം ചെയ്യുക.—സദൃ. 28:13; യാക്കോ. 5:13-15.
വിചാരണ കാത്ത് ഒരു വിശ്വസ്‌തതാപാലകൻ
18, 19. (എ) ഇയ്യോബ് ആരെയും ചൂഷണംചെയ്‌തില്ലെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ബി) തന്റെ ഭാഗത്തു തെറ്റുണ്ടെന്നു തെളിഞ്ഞാൽ ഇയ്യോബ് എന്തിനു തയ്യാറായിരുന്നു?
18 നേരുള്ളവനും ധർമിഷ്‌ഠനുമായിരുന്നു ഇയ്യോബ്. അതുകൊണ്ട് അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ അതിന്റെ ഉഴച്ചാലുകൾ ഒന്നിച്ചു കരകയോ ചെയ്‌തുവെങ്കിൽ, വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവു തിന്നുകയോ അതിന്റെ ഉടമക്കാരുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്‌തു എങ്കിൽ, കോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ.” (ഇയ്യോ. 31:38-40) ഇയ്യോബ് വേലക്കാരെ ചൂഷണംചെയ്യുകയോ മറ്റുള്ളവരുടെ നിലം കയ്യേറുകയോ ചെയ്‌തില്ല. ചെറുതും വലുതുമായ കാര്യങ്ങളിൽ നാം അവനെപ്പോലെ ദൈവത്തോടു വിശ്വസ്‌തരായിരിക്കണം.
19 എലീഹൂവിന്റെയും മൂന്ന് ആശ്വാസകരുടെയും മുമ്പാകെ സ്വന്തം ‘കയ്യൊപ്പുള്ള’ തന്റെ ജീവിതരേഖ ഹാജരാക്കിക്കൊണ്ട് ഇയ്യോബ് തന്റെ പക്ഷംവാദിച്ചു. എതിർവാദം പറയാൻ കഴിയുന്നവരെ അവൻ അതിനായി ക്ഷണിച്ചു. തന്റെ ഭാഗത്തു തെറ്റുണ്ടെന്നു തെളിഞ്ഞാൽ ശിക്ഷ ഏറ്റുവാങ്ങാൻ അവൻ തയ്യാറായിരുന്നു. ദൈവത്തിന്റെ നീതിപീഠത്തിനുമുമ്പിൽ തന്റെ ന്യായം ബോധിപ്പിച്ച് അവൻ വിധിക്കായി കാത്തുനിന്നു. അതോടെ, “ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.”—ഇയ്യോ. 31:35, 40.
വിശ്വസ്‌തരായിരിക്കാൻ നിങ്ങൾക്കും കഴിയും
20, 21. (എ) ഇയ്യോബിനു വിശ്വസ്‌തത പാലിക്കാനായത് എന്തുകൊണ്ട്? (ബി) നമുക്ക് എങ്ങനെ ദൈവത്തോടു സ്‌നേഹം വളർത്തിയെടുക്കാനാകും?
20 ഇയ്യോബ് ദൈവത്തെ സ്‌നേഹിച്ചു, ദൈവവും അവനെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്‌തു. അതുകൊണ്ടാണ് ഇയ്യോബിന് വിശ്വസ്‌തത പാലിക്കാനായത്. “ജീവനും കൃപയും നീ (യഹോവ) എനിക്കു നല്‌കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു” എന്ന് ഇയ്യോബ് പറഞ്ഞു. (ഇയ്യോ. 10:12) സഹമനുഷ്യനോട് കൃപ കാണിക്കാത്തവൻ കാലക്രമത്തിൽ സർവശക്തനോടുള്ള ഭയം ത്യജിക്കും എന്നു മനസ്സിലാക്കിയ ഇയ്യോബ് മറ്റുള്ളവരോട് സ്‌നേഹത്തോടെ ഇടപെട്ടു. (ഇയ്യോ. 6:14) അതെ, വിശ്വസ്‌തത പാലിക്കുന്നവർ ദൈവത്തെയും അയൽക്കാരെയും സ്‌നേഹിക്കും.—മത്താ. 22:37-40.
21 നമുക്ക് എങ്ങനെ ദൈവത്തോടു സ്‌നേഹം വളർത്തിയെടുക്കാം? ദൈവവചനം ദിവസവും വായിക്കുകയും ദൈവത്തെക്കുറിച്ച് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ധ്യാനിക്കുകയും ചെയ്യുക. കൂടാതെ, ഹൃദയംഗമമായ പ്രാർഥനയിലൂടെ യഹോവയെ സ്‌തുതിക്കാനും അവൻ ചെയ്യുന്ന നന്മകൾക്കൊക്കെയും കൃതജ്ഞതാസ്‌തോത്രം അർപ്പിക്കാനും നമുക്കു സാധിക്കും. (ഫിലി. 4:6, 7) യഹോവയെ വാഴ്‌ത്തിപ്പാടാനും അവന്റെ ജനത്തോടൊപ്പം ക്രമമായി കൂടിവരാനുമുള്ള അവസരവും നമുക്കുണ്ട്. (എബ്രാ. 10:23-25) മാത്രമല്ല, ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് “അവന്റെ രക്ഷയെ” പ്രസിദ്ധമാക്കുന്നെങ്കിൽ ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം വർധിക്കും. (സങ്കീ. 96:1-3) ഇങ്ങനെയൊക്കെ ചെയ്‌താൽ, “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; . . . ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു” എന്നു പാടിയ സങ്കീർത്തനക്കാരനെപ്പോലെ നമുക്ക് നമ്മുടെ വിശ്വസ്‌തതയ്‌ക്കു കോട്ടംതട്ടാതെ സൂക്ഷിക്കാനാകും.—സങ്കീ. 73:28.
22, 23. മുൻകാലങ്ങളിലെയും ഇന്നത്തെയും വിശ്വസ്‌ത ദൈവദാസരുടെ പ്രവർത്തനങ്ങളിൽ എന്തു സമാനതകളുണ്ട്?
22 മുൻകാലങ്ങളിൽ യഹോവ തന്റെ വിശ്വസ്‌ത ദാസർക്ക് പല നിയമനങ്ങൾ നൽകിയിട്ടുണ്ട്. പെട്ടകം പണിയാനും ‘നീതി പ്രസംഗിക്കാനും’ ഉള്ള ദൗത്യം അവൻ നോഹയ്‌ക്കു നൽകി. (2 പത്രോ. 2:5) യോശുവയ്‌ക്കു കൊടുത്തത്, വാഗ്‌ദത്ത ദേശത്തേക്ക് ഇസ്രായേല്യരെ നയിക്കാനുള്ള ഉത്തരവാദിത്വമായിരുന്നു. “ന്യായപ്രമാണപുസ്‌തകത്തിലുള്ളതു . . . രാവും പകലും” വായിക്കുകയും ധ്യാനിക്കുകയും അത് അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്‌തതുകൊണ്ടാണ് അവന് ആ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞത്. (യോശു. 1:7, 8) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളും തങ്ങൾക്കു ലഭിച്ച നിയോഗത്തിനു ചേർച്ചയിൽ ദൈവവചനം പഠിക്കാൻ ക്രമമായി കൂടിവരുകയും ആളുകളെ ശിഷ്യരാക്കുകയും ചെയ്‌തിരുന്നു.—മത്താ. 28:19, 20.
23 നീതി പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുകയും സഹാരാധകരോടൊപ്പം യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും കൂടിവരുകയും ചെയ്യുക. യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കാനും നമ്മുടെ വിശ്വസ്‌തത നിലനിറുത്താനും ഉള്ള മാർഗങ്ങളാണവ. ധൈര്യശാലികളായിരിക്കാനും ആത്മീയമായി ബലിഷ്‌ഠരായിരിക്കാനും ദൈവേഷ്ടം ചെയ്യുന്നതിൽ വിജയംവരിക്കാനും അവ നമ്മെ സഹായിക്കും. നമ്മുടെ സ്വർഗീയ പിതാവിന്റെയും അവന്റെ പുത്രന്റെയും പിന്തുണയുള്ളതിനാൽ ഇവയൊന്നും നമുക്ക് അസാധ്യമല്ല. (ആവ. 30:11-14; 1 രാജാ. 8:57) വിശ്വസ്‌തരായി ജീവിക്കുകയും യഹോവയെ പരമാധികാരിയാം കർത്താവായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന “മുഴുസഹോദരവർഗ”വും നമ്മോടൊപ്പമുണ്ട്.—1 പത്രോ. 2:17.
[അടിക്കുറിപ്പ്]
^ ഖ. 2 പല ബൈബിൾ ഭാഷാന്തരങ്ങളിലും “നിഷ്‌കളങ്കത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം ദൈവത്തോടുള്ള വിശ്വസ്‌തതയെയും കുറിക്കുന്നു. ദൈവദൃഷ്ടിയിൽ വിശ്വസ്‌തനായ ഒരാൾ നിഷ്‌കളങ്കനും നേരുള്ളവനും ആയിരിക്കും.
ഉത്തരം പറയാമോ?
• യഹോവ വെച്ചിരിക്കുന്ന സദാചാരമൂല്യങ്ങളെ നാം എങ്ങനെ കാണണം?
• ഇയ്യോബിന്റെ ഏതെല്ലാം ഗുണങ്ങളാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടമായത്?
• ഇയ്യോബ് 31:29-37 വിവരിക്കുന്നതനുസരിച്ച് ഇയ്യോബിന്റെ പെരുമാറ്റം എങ്ങനെയുള്ളതായിരുന്നു?
• ദൈവത്തോടു വിശ്വസ്‌തരായി ജീവിക്കാൻ നമുക്കു കഴിയും എന്നു പറയുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[29-ാം പേജിലെ ചിത്രം]
യഹോവയോടു വിശ്വസ്‌തനായിരിക്കാൻ ഇയ്യോബിനു കഴിഞ്ഞു. നമുക്കും അതിനു കഴിയും!
[32-ാം പേജിലെ ചിത്രം]
ദൈവത്തോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ. . .