വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനംതകർന്നവരുടെ നിലവിളി യഹോവ കേൾക്കുന്നു

മനംതകർന്നവരുടെ നിലവിളി യഹോവ കേൾക്കുന്നു

മനംതകർന്നവരുടെ നിലവിളി യഹോവ കേൾക്കുന്നു

പുരാതന ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവു പറഞ്ഞതുപോലെ “കാലവും ഗതിയും” എല്ലാവരെയും ബാധിക്കുന്നു. (സഭാ. 9:11) ഒരു ദുരന്തമോ ക്ലേശപൂർണമായ സാഹചര്യമോ ജീവിതത്തെ കീഴ്‌മേൽമറിച്ചെന്നുവരും. എല്ലാമെല്ലാമായ ഒരു കുടുംബാംഗത്തിന്റെ പെട്ടെന്നുണ്ടായ മരണമാകാം ഒരുപക്ഷേ നിങ്ങളെ പിടിച്ചുലച്ചത്‌. തുടർന്നുള്ള നാളുകൾ വേദനനിറഞ്ഞതായിരിക്കാം, നഷ്ടബോധം നിങ്ങളെ തളർത്തിക്കളയാൻ ഇടയുണ്ട്‌. എന്തു ചെയ്യണമെന്ന്‌ അറിയില്ലാത്ത, യഹോവയോടു പ്രാർഥിക്കാൻപോലും തോന്നാത്ത അവസ്ഥ.

ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക്‌ പ്രോത്സാഹനവും പരിഗണനയും സ്‌നേഹവും ഒക്കെ ആവശ്യമാണ്‌. “വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു” എന്ന്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ ഉറപ്പു നൽകി. (സങ്കീ. 145:14) “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു” എന്നും നാം വായിക്കുന്നു. (2 ദിന. 16:9) “താഴ്‌മയുള്ളവരുടെ ആത്മാവിനു ചൈതന്യം പകരുവാനും മനസ്സുതകർന്നവരുടെ ഹൃദയത്തെ ജീവിപ്പിക്കുവാനുമായി അനുതാപിയും വിനീതനുമായ ഒരുവനോടൊപ്പവും ഞാൻ വാസം ചെയ്യുന്നു” എന്ന്‌ യഹോവ നേരിട്ട്‌ പറയുകയുണ്ടായി. (യെശ. 57:15, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) മനസ്സുതകർന്നവരെ യഹോവ എങ്ങനെയാണ്‌ ആശ്വസിപ്പിക്കുന്നത്‌, അവർക്ക്‌ എങ്ങനെയാണ്‌ സഹായം നൽകുന്നത്‌?

“തക്കസമയത്തു പറയുന്ന വാക്ക്‌”

ക്രിസ്‌തീയ സഹോദരങ്ങളിലൂടെയായിരിക്കാം യഹോവ തക്കസമയത്ത്‌ സഹായം നൽകുന്നത്‌. “വിഷാദമഗ്നരെ സാന്ത്വന”പ്പെടുത്താൻ അവൻ ക്രിസ്‌ത്യാനികളോടു പറഞ്ഞിരിക്കുന്നു. (1 തെസ്സ. 5:14) ദുഃഖിച്ചിരിക്കുന്ന ഈ സമയത്ത്‌ സഹവിശ്വാസികൾ കാണിക്കുന്ന സഹാനുഭൂതിയും സ്‌നേഹവും പരിഗണനയും വലിയൊരു സഹായമാണ്‌. ദുഃഖഭാരത്താൽ കുനിഞ്ഞിരിക്കുന്ന വ്യക്തിക്ക്‌ പുതുജീവൻ പകരാൻ ചിലപ്പോൾ ആശ്വാസം നൽകുന്ന ഏതാനും വാക്കുകൾ മതിയാകും. സമാനമായ മാനസികവ്യഥകളിലൂടെ കടന്നുപോയിട്ടുള്ള ഒരു വ്യക്തിയിൽനിന്ന്‌ ആയിരിക്കാം അത്‌ കേൾക്കുന്നത്‌. അല്ലെങ്കിൽ ഏറെ ജീവിതപരിചയമുള്ള ഒരു സുഹൃത്ത്‌ നൽകുന്ന വിലപ്പെട്ട ചില ഉപദേശങ്ങൾ ആയിരിക്കാം ആശ്വാസമാകുന്നത്‌. ഇങ്ങനെ സഹോദരീസഹോദരന്മാരിലൂടെ യഹോവയ്‌ക്ക്‌ മനസ്സുതകർന്നവരുടെ ഹൃദയത്തെ ജീവിപ്പിക്കാൻ കഴിയും.

വിവാഹം കഴിച്ച്‌ അധികംനാൾ ആകുന്നതിനുമുമ്പ്‌ ഭേദമാക്കാനാകാത്ത അസുഖം ബാധിച്ച്‌ ഭാര്യ മരിച്ചുപോയ ഒരു ക്രിസ്‌തീയ മൂപ്പനാണ്‌ അലക്‌സ്‌. അലക്‌സിനെ ആശ്വസിപ്പിക്കുന്ന എന്തെങ്കിലും പറയണമെന്ന്‌ സഹാനുഭൂതിയുള്ള ഒരു സഞ്ചാരമേൽവിചാരകൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെയും ഭാര്യ മരിച്ചുപോയിരുന്നു. അദ്ദേഹം പുനർവിവാഹം കഴിച്ചെങ്കിലും ഭാര്യ മരിച്ചുപോയ ആ സമയത്ത്‌ താനും വികാരങ്ങളുടെ ചുഴിയിൽപ്പെട്ട്‌ മുങ്ങിത്താണിരുന്നു എന്ന്‌ അദ്ദേഹം ഓർമിച്ചു. മറ്റുള്ളവരോടൊപ്പം വയൽസേവനത്തിലും സഭായോഗങ്ങളിലും ആയിരുന്നപ്പോൾ അദ്ദേഹത്തിന്‌ ആശ്വാസം തോന്നിയിരുന്നു; പക്ഷേ, വീട്ടിൽച്ചെന്ന്‌ മുറിയിൽ തനിച്ചാകുമ്പോൾ കടുത്ത ഏകാന്തത അനുഭവപ്പെട്ടിരുന്നതായി ആ സഞ്ചാരമേൽവിചാരകൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ അലക്‌സിനെ എങ്ങനെ ബാധിച്ചു? “എനിക്കു തോന്നുന്നതുപോലെയുള്ള വികാരങ്ങൾ അസാധാരണമല്ല, മറ്റുള്ളവർക്കും അങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്‌ എന്നറിഞ്ഞപ്പോൾ മനസ്സിന്‌ വല്ലാത്തൊരാശ്വാസം തോന്നി” എന്നാണ്‌ അലക്‌സ്‌ ഇതുകേട്ടിട്ട്‌ പറഞ്ഞത്‌. അതെ, “തക്കസമയത്തു പറയുന്ന വാക്ക്‌” ക്ലേശം അനുഭവിക്കുന്നവർക്ക്‌ ആശ്വാസം പകരും.—സദൃ. 15:23.

ഇണ മരിച്ചുപോയിട്ടുള്ള പലരെയും പരിചയമുള്ള മറ്റൊരു മൂപ്പനും അലക്‌സിന്‌ സ്‌നേഹത്തോടെ, സമാനുഭാവത്തോടെ, ആശ്വാസമേകുന്ന ചില കാര്യങ്ങൾ പറഞ്ഞുകൊടുത്തു. നമ്മുടെ വികാരങ്ങളും ആവശ്യങ്ങളും യഹോവയ്‌ക്ക്‌ അറിയാമെന്ന്‌ അദ്ദേഹം അലക്‌സിനോടു പറഞ്ഞു. “മാസങ്ങളും വർഷങ്ങളും കടന്നുപോകുമ്പോൾ ഒരു തുണ വേണമെന്നു തോന്നുന്നെങ്കിൽ പുനർവിവാഹത്തെ യഹോവയുടെ സ്‌നേഹപൂർവമായ കരുതലായി കാണുക,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇണയുടെ മരണശേഷം എല്ലാവർക്കും പുനർവിവാഹംചെയ്യാൻ കഴിഞ്ഞെന്നുവരില്ല, അവർ അത്‌ ആഗ്രഹിക്കുന്നെങ്കിൽപ്പോലും. എന്നാൽ, “യഹോവയുടെ കരുതലാണ്‌ ഇതെന്ന്‌ ഓർക്കുന്നത്‌ ഇണയോടോ യഹോവ ഏർപ്പെടുത്തിയ വിവാഹക്രമീകരണത്തോടോ അവിശ്വസ്‌തത കാണിക്കുകയായിരിക്കുമോ എന്ന ചിന്ത അകറ്റാൻ സഹായിക്കും,” ആ സഹോദരൻ നൽകിയ ഉപദേശത്തെക്കുറിച്ച്‌ അലക്‌സ്‌ പറയുന്നു.—1 കൊരി. 7:8, 9, 39.

ജീവിതത്തിൽ അനേകം കഷ്ടങ്ങളും ദുരിതങ്ങളും അനുഭവിച്ച സങ്കീർത്തനക്കാരനായ ദാവീദിന്‌ ഈ ഉറപ്പുണ്ടായിരുന്നു: “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.” (സങ്കീ. 34:15) പക്വതയും സഹാനുഭൂതിയുമുള്ള ക്രിസ്‌ത്യാനികൾ അവധാനപൂർവം ചിന്തിച്ച്‌ തക്കസമയത്തു പറയുന്ന വാക്കുകളിലൂടെ യഹോവയ്‌ക്കു മനസ്സുതകർന്നവരുടെ നിലവിളിക്ക്‌ ഉത്തരം നൽകാനാകും. വിലയേറിയ ഈ കരുതൽ നമുക്ക്‌ വലിയൊരു സഹായമാണ്‌.

ക്രിസ്‌തീയ യോഗങ്ങളിലൂടെ സഹായം

മനസ്സുതകർന്നിരിക്കുന്നവരുടെ ഉള്ളിലേക്ക്‌ നിഷേധാത്മക ചിന്തകൾ കടന്നുവരാൻ എളുപ്പമാണ്‌, സ്വയം ഒറ്റപ്പെടുത്താൻ അത്‌ ഒരുവനെ പ്രേരിപ്പിച്ചേക്കാം. പക്ഷേ സദൃശവാക്യങ്ങൾ 18:1 ഈ മുന്നറിയിപ്പു നൽകുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” “ഭാര്യയോ ഭർത്താവോ നഷ്ടപ്പെട്ട ഒരാളുടെ മനസ്സിൽ നിഷേധാത്മക ചിന്തകൾ വന്നു നിറയും,” അലക്‌സ്‌ സമ്മതിക്കുന്നു. ഇങ്ങനെയൊക്കെ ചിന്തിച്ചതായി അദ്ദേഹം ഓർക്കുന്നു: “‘എനിക്ക്‌ എവിടെയെങ്കിലും തെറ്റുപറ്റിയോ? കുറച്ചുകൂടി സ്‌നേഹവും പരിഗണനയും ഞാൻ കാണിക്കേണ്ടതായിരുന്നോ?’ ഒറ്റയ്‌ക്കായിരിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചതല്ല. . . ഇങ്ങനെയൊക്കെ ചിന്തിക്കാതിരിക്കണം എന്നുവെച്ചാൽ അത്‌ ബുദ്ധിമുട്ടാണ്‌, കാരണം ഞാൻ ഒറ്റയ്‌ക്കാണെന്ന്‌ ഓരോ ദിവസവും പലതും എന്നെ ഓർമപ്പെടുത്തുന്നു.”

മുമ്പെന്നത്തെക്കാൾ അധികം, മനസ്സുതകർന്നിരിക്കുമ്പോഴാണ്‌ നല്ല സഹവാസം ആവശ്യമായിരിക്കുന്നത്‌. സഭായോഗങ്ങളിൽ അത്‌ നമുക്കു ലഭിക്കും. അത്തരം ഒരു ചുറ്റുപാടിലായിരിക്കുമ്പോൾ ദൈവത്തിന്റെ നല്ല ചിന്തകൾകൊണ്ട്‌ മനസ്സുനിറയ്‌ക്കാൻ നമുക്കു കഴിയും, അതു നമ്മെ ബലപ്പെടുത്തും.

നമ്മുടെ സാഹചര്യത്തെക്കുറിച്ച്‌ ശരിയായ വീക്ഷണം നേടാൻ സഭായോഗങ്ങൾ നമ്മെ സഹായിക്കും. ബൈബിൾ ഭാഗങ്ങൾ വായിച്ചുകേൾക്കുകയും അവയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോൾ സ്വന്തം പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനം, അവന്റെ നാമത്തിന്റെ വിശുദ്ധീകരണം എന്നീ സർവപ്രധാനമായ വിഷയങ്ങളിൽ മനസ്സു പതിപ്പിക്കാൻ നമുക്കാകും. കൂടാതെ, നമ്മുടെ വേദനകളും പ്രശ്‌നങ്ങളും മറ്റാർക്കും മനസ്സിലാക്കാനായില്ലെങ്കിലും യഹോവ തീർച്ചയായും മനസ്സിലാക്കുന്നുണ്ടെന്ന്‌ അത്തരം ആത്മീയ പ്രബോധനങ്ങളിലൂടെ തിരിച്ചറിയുമ്പോൾ അതു നമുക്ക്‌ ഏറെ ശക്തിപകരും. ‘ഹൃദയത്തിലെ വ്യസനംകൊണ്ട്‌ ധൈര്യം ക്ഷയിക്കും’ എന്ന്‌ അവന്‌ അറിയാം. (സദൃ. 15:13) നമ്മെ സഹായിക്കാൻ ദൈവം ആഗ്രഹിക്കുന്നു. സഹിച്ചുനിൽക്കാൻ ഈ അറിവ്‌ നമുക്കു പ്രേരണയേകും, നമുക്കു ശക്തിനൽകും.—സങ്കീ. 27:14.

ശത്രുക്കളെക്കൊണ്ടു സഹികെട്ടപ്പോൾ ദാവീദ്‌ രാജാവ്‌ ദൈവത്തോടു നിലവിളിച്ചു: “എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്‌തംഭിച്ചിരിക്കുന്നു.” (സങ്കീ. 143:4) കഷ്ടപ്പാടുകൾ ഒരുവനെ മാനസ്സികമായും ശാരീരികമായും തളർത്തിക്കളഞ്ഞേക്കാം, ഹൃദയം മരവിച്ചുപോയതുപോലെ തോന്നിയേക്കാം. രോഗം, ശാരീരിക വൈകല്യം എന്നിവയുടെ രൂപത്തിലായിരിക്കാം കഷ്ടപ്പാടുകൾ വന്നുചേരുന്നത്‌. എന്നാൽ സഹിച്ചുനിൽക്കാൻ യഹോവ സഹായിക്കും എന്ന്‌ ഉറപ്പുണ്ടായിരിക്കുക. (സങ്കീ. 41:1-3) ദൈവം ഇന്ന്‌ ആരെയും അത്ഭുതകരമായി സുഖപ്പെടുത്തുന്നില്ലെങ്കിലും പ്രയാസങ്ങളിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ ജ്ഞാനവും കരുത്തും അവൻ നൽകുകതന്നെ ചെയ്യും. പരിശോധനകൾ നേരിട്ടപ്പോൾ ദാവീദ്‌ യഹോവയിലേക്കു തിരിഞ്ഞു. “ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു,” അവൻ പാടി.—സങ്കീ. 143:5.

നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങൾ മനസ്സിലാക്കുന്നതുകൊണ്ടാണ്‌ യഹോവ തന്റെ വചനത്തിൽ ഈ വാക്കുകളെല്ലാം രേഖപ്പെടുത്താൻ ഇടയാക്കിയത്‌. നമ്മുടെ യാചനകൾ അവൻ ശ്രദ്ധിക്കുന്നു എന്ന്‌ ഈ വാക്കുകൾ ഉറപ്പു നൽകുന്നു. നാം യഹോവയുടെ സഹായം സ്വീകരിക്കുന്നെങ്കിൽ ‘അവൻ നമ്മെ പുലർത്തും.’—സങ്കീ. 55:22.

“ഇടവിടാതെ പ്രാർഥിക്കുവിൻ”

“ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും” എന്ന്‌ യാക്കോബ്‌ 4:8 പറയുന്നു. യഹോവയോട്‌ അടുത്തു ചെല്ലാനുള്ള ഒരു മാർഗം പ്രാർഥനയാണ്‌. “ഇടവിടാതെ പ്രാർഥിക്കുവിൻ” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (1 തെസ്സ. 5:17) ഉള്ളിലുള്ള വികാരങ്ങൾ ദൈവത്തോടു പറയാൻ നമുക്കു ചിലപ്പോൾ വാക്കുകൾ കിട്ടിയെന്നുവരില്ല. എന്നാൽ അത്തരം സാഹചര്യങ്ങളിൽ “നമ്മുടെ ഉച്ചരിക്കാനാകാത്ത ഞരക്കങ്ങൾക്കായി, ആത്മാവുതന്നെ യാചന” കഴിക്കും. (റോമ. 8:26, 27) നമുക്ക്‌ ഉള്ളിന്റെയുള്ളിൽ തോന്നുന്നതും യഹോവ തീർച്ചയായും മനസ്സിലാക്കും.

യഹോവയോട്‌ വളരെയേറെ അടുപ്പമുള്ള മോനീക്ക പറയുന്നു: “യഹോവ എന്റെ ഉറ്റസുഹൃത്തായിത്തീരുന്നത്‌ പ്രാർഥനയിലൂടെയും ബൈബിൾ വായനയിലൂടെയും വ്യക്തിപരമായ പഠനത്തിലൂടെയും ഞാൻ തിരിച്ചറിഞ്ഞു. യഹോവയുടെ സഹായം ഞാൻ നിത്യവും അനുഭവിച്ചറിയുന്നു; അവന്റെ സാമീപ്യം ഞാൻ അത്രമാത്രം അറിഞ്ഞുകൊണ്ടാണിരിക്കുന്നത്‌. എന്റെ പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ ആകാത്തപ്പോഴും അവൻ അതു മനസ്സിലാക്കുന്നു എന്ന അറിവ്‌ ശരിക്കും ഒരു ആശ്വാസമാണ്‌. അവന്റെ കരുണയും അനുഗ്രഹങ്ങളും നിലയ്‌ക്കുന്നില്ല.”

അതുകൊണ്ട്‌, സഹവിശ്വാസികളുടെ സ്‌നേഹപുരസ്സരമായ ആശ്വാസവാക്കുകൾ നമുക്കു സ്വീകരിക്കാം. ക്രിസ്‌തീയ യോഗങ്ങളിൽ കേൾക്കുന്ന ബുദ്ധിയുപദേശങ്ങൾ ബാധകമാക്കാം, വിശ്വാസം ബലപ്പെടുത്തുന്ന ആശയങ്ങൾ മനസ്സിൽ സൂക്ഷിക്കാം. പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ മനസ്സുപകരാം. തക്കസമയത്തു നൽകുന്ന ഇത്തരം സഹായങ്ങളിലൂടെ, നമുക്കായി കരുതുന്നു എന്ന്‌ കാണിക്കുകയാണ്‌ യഹോവ. സ്വന്തം അനുഭവത്തിൽനിന്ന്‌ അലക്‌സ്‌ പറയുന്നു: “നമ്മെ ആത്മീയമായി ശക്തരാക്കാൻ യഹോവയാംദൈവം നൽകുന്ന എല്ലാ കരുതലുകളും പ്രയോജനപ്പെടുത്താൻ നാം ബോധപൂർവം ശ്രമിക്കുന്നെങ്കിൽ ഏതൊരു പ്രശ്‌നത്തെയും നേരിടാനുള്ള ‘അസാമാന്യശക്തി’ നമുക്ക്‌ ഉണ്ടായിരിക്കും.”—2 കൊരി. 4:7.

[18-ാം പേജിലെ ചതുരം/ചിത്രം]

മനസ്സുതകർന്നവർക്ക്‌ ആശ്വാസം

മനുഷ്യന്റെ ഹൃദയവിചാരങ്ങൾ പ്രതിഫലിക്കുന്ന വാക്കുകളാൽ സമ്പുഷ്ടമാണ്‌ സങ്കീർത്തനപുസ്‌തകം. വൈകാരിക വ്യഥകളാൽ വലയുന്നവരുടെ നിലവിളി യഹോവ കേൾക്കും എന്ന ഉറപ്പും അതു നൽകുന്നു. ഏതാനും ഉദാഹരണങ്ങൾ ഇതാ:

“എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.”—സങ്കീ. 18:6.

“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.”—സങ്കീ. 34:18.

“മനംതകർന്നവരെ അവൻ (യഹോവ) സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.” —സങ്കീ. 147:3.

[17-ാം പേജിലെ ചിത്രം]

“തക്കസമയത്തു പറയുന്ന വാക്ക്‌” എത്ര ആശ്വാസദായകം!