വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘യഹോവയ്‌ക്കു വഴിപാട്‌ അർപ്പിക്കാം’

‘യഹോവയ്‌ക്കു വഴിപാട്‌ അർപ്പിക്കാം’

‘യഹോവയ്‌ക്കു വഴിപാട്‌ അർപ്പിക്കാം’

ആരെങ്കിലും നിങ്ങൾക്കൊരു ഉപകാരം ചെയ്‌താൽ നിങ്ങൾ എങ്ങനെ നന്ദി കാണിക്കും? മിദ്യാന്യരുമായുള്ള യുദ്ധത്തിൽ വിജയിച്ച ഇസ്രായേൽ സൈന്യാധിപന്മാർ എങ്ങനെയാണ്‌ അവരുടെ നന്ദി പ്രകടിപ്പിച്ചത്‌? ഇസ്രായേല്യർ ബാൽപെയോരിനെ വണങ്ങി പാപംചെയ്‌തശേഷമുള്ള യുദ്ധമായിരുന്നു അത്‌. ആ യുദ്ധത്തിൽ ദൈവം തന്റെ ജനത്തിനു വിജയംനൽകി. യുദ്ധത്തിൽ കിട്ടിയ കൊള്ളമുതൽ 12,000 യോദ്ധാക്കളും ശേഷം ജനവും വീതിച്ചെടുത്തു. യഹോവയുടെ നിർദേശപ്രകാരം യോദ്ധാക്കൾ തങ്ങൾക്കു വീതിച്ചുകിട്ടിയ കൊള്ളമുതലിന്റെ ഒരു പങ്ക്‌ പുരോഹിതന്മാർക്കു നൽകി; മറ്റ്‌ ഇസ്രായേല്യരും അവർക്കു ലഭിച്ചതിൽ ഒരു പങ്ക്‌ ലേവ്യർക്കു കൊടുത്തു.—സംഖ്യാ. 31:1-5, 25-30.

പക്ഷേ, കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന്‌ സൈന്യാധിപന്മാർക്കുണ്ടായിരുന്നു. “അടിയങ്ങൾ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല,” അവർ മോശയോടു പറഞ്ഞു. നന്ദിസൂചകമായി പൊന്നും പലതരം ആഭരണങ്ങളും അവർ യഹോവയ്‌ക്കു വഴിപാടർപ്പിച്ചു; മൊത്തം 190 കിലോഗ്രാമിലധികം സ്വർണം!—സംഖ്യാ. 31:49-54.

ഇന്നും അനേകർ യഹോവ തങ്ങൾക്കായി ചെയ്‌തിരിക്കുന്ന കാര്യങ്ങളെപ്രതി കൃതജ്ഞത പ്രകാശിപ്പിക്കുന്നു. യഹോവയുടെ സമർപ്പിത ജനം മാത്രമല്ല അത്തരത്തിൽ നന്ദി പ്രകടിപ്പിക്കുന്നത്‌. 2009-ൽ ഇറ്റലിയിലെ ബോലോണിയയിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ കുറച്ചുപേരെ സ്റ്റേഡിയത്തിലേക്കും തിരിച്ചും കൊണ്ടുപോയ ബസ്‌ ഡ്രൈവറുടെ കാര്യം എടുക്കുക. ശ്രദ്ധിച്ചു വണ്ടിയോടിച്ച സൗമ്യനായ ആ ഡ്രൈവർക്ക്‌ സഹോദരങ്ങൾ ഒരു കാർഡും ടിപ്പും ഒപ്പം ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പുസ്‌തകവും നൽകി. “ഈ കാർഡും പുസ്‌തകവും ഞാൻ എടുത്തോളാം. പക്ഷേ, നിങ്ങൾ ചെയ്യുന്ന ഈ വേല തുടർന്നുകൊണ്ടുപോകാൻ ഈ പണം ഉപകാരപ്പെടും. അതുകൊണ്ട്‌ ഞാൻ ഒരു സാക്ഷി അല്ലെങ്കിലും എന്റെ സംഭാവനയായിട്ട്‌ ഇത്‌ ഇരിക്കട്ടെ. മറ്റുള്ളവരോട്‌ സ്‌നേഹം ഉള്ളതുകൊണ്ടാണ്‌ നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്യുന്നതെന്ന്‌ എനിക്കു മനസ്സിലായി,” പണം തിരികെ നൽകിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

യഹോവ നിങ്ങൾക്കായി ചെയ്‌തിരിക്കുന്ന സകലതിനോടുമുള്ള നന്ദി പ്രകാശിപ്പിക്കാനുള്ള ഒരു മാർഗം യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്‌ക്കായി സംഭാവന നൽകുകയാണ്‌. (മത്താ. 24:14) അതിനുള്ള ചില മാർഗങ്ങളാണ്‌ ഇതോടൊപ്പമുള്ള ചതുരത്തിൽ കൊടുത്തിരിക്കുന്നത്‌.

[20, 21 പേജുകളിലെ ചതുരം]

ചിലർ സംഭാവന നൽകുന്ന വിധങ്ങൾ

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ

“ലോകവ്യാപക വേല” എന്ന ലേബലുള്ള സംഭാവനപ്പെട്ടിയിൽ ഇടുന്നതിന്‌ അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു.

ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിലേക്ക്‌ അയച്ചുകൊടുക്കുന്നു. സ്വമേധാസംഭാവനകൾ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ചോഫീസിലേക്ക്‌ നേരിട്ടും അയയ്‌ക്കാവുന്നതാണ്‌. (താഴെക്കൊടുത്തിരിക്കുന്ന തരത്തിലുള്ള സംഭാവനകളും നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ചോഫീസിലേക്ക്‌ നേരിട്ട്‌ അയയ്‌ക്കാവുന്നതാണ്‌.) ചെക്കുകൾ “Watch Tower”-ന്റെ പേരിലായിരിക്കണം. * കൂടാതെ ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്‌. അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഒപ്പം വെക്കണം.

സോപാധിക ദാന ട്രസ്റ്റ്‌ ക്രമീകരണം *

വാച്ച്‌ടവറിന്‌ ലോകവ്യാപകമായി ഉപയോഗിക്കുന്നതിനായി പണം ട്രസ്റ്റിൽ നിക്ഷേപിക്കാവുന്നതാണ്‌. എന്നാൽ ദാതാവ്‌ ആവശ്യപ്പെടുന്നപക്ഷം അത്‌ തിരികെ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌, പ്രാദേശിക ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.

ആസൂത്രിത കൊടുക്കൽ *

നിരുപാധിക ദാനമായി പണം നൽകുന്നതിനു പുറമേ, നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ആശ്രയിച്ച്‌, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി സംഭാവനചെയ്യുന്നതിനു വേറെയും മാർഗങ്ങളുണ്ട്‌. പിൻവരുന്നവ അതിൽപ്പെടുന്നു:

ഇൻഷ്വറൻസ്‌: ലൈഫ്‌ ഇൻഷ്വറൻസ്‌ പോളിസിയുടെയോ റിട്ടയർമെന്റ്‌/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച്‌ടവറിന്റെ (Watch Tower) പേര്‌ വെക്കാവുന്നതാണ്‌.

ബാങ്ക്‌ അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക്‌ വ്യവസ്ഥകൾക്കു ചേർച്ചയിൽ വാച്ച്‌ടവറിനെ ബാങ്ക്‌ അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, പെൻഷൻ അക്കൗണ്ടുകൾ എന്നിവയുടെ ട്രസ്റ്റിയാക്കാവുന്നതാണ്‌. വ്യക്തിയുടെ മരണശേഷം അവ വാച്ച്‌ടവറിനു ലഭിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്‌.

സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച്‌ടവറിനു നിരുപാധിക ദാനമായി നൽകാവുന്നതാണ്‌. നിയമസാധുതയുള്ള വിൽപ്പത്രത്തിൽ ഗുണഭോക്താവായും വാച്ച്‌ടവറിന്റെ (Watch Tower) പേര്‌ വെക്കാവുന്നതാണ്‌.

സ്ഥാവരവസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവരവസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന്‌ ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്‌. ഏതെങ്കിലും സ്ഥാവരവസ്‌തു ആധാരം ചെയ്യുന്നതിനുമുമ്പ്‌ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.

ഗിഫ്‌റ്റ്‌ അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ ഒരു വാച്ച്‌ടവർ കോർപ്പറേഷനു കൈമാറുന്ന ക്രമീകരണമാണ്‌ ഗിഫ്‌റ്റ്‌ അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷന്തോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ്‌ അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന്‌ ആദായനികുതിയിൽ ഇളവുലഭിക്കും.

വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ മരണാനന്തര അവകാശമായി Watch Tower-നു നൽകാവുന്നതാണ്‌. * അല്ലെങ്കിൽ ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവായി വാച്ച്‌ടവറിന്റെ പേര്‌ വെക്കാവുന്നതാണ്‌. ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവ്‌ ഒരു മതസംഘടന ആയിരിക്കുമ്പോൾ നികുതിയിളവുകൾ ലഭിച്ചേക്കാം.

“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവെ ദാതാവിന്റെ ഭാഗത്തുനിന്നു കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ (Charitable Planning to Benefit Kingdom Service Worldwide) എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനിഷിലും തയ്യാറാക്കിയിട്ടുണ്ട്‌. * ഇപ്പോൾത്തന്നെയോ അല്ലെങ്കിൽ ഒരു വിൽപ്പത്രം മുഖേനയോ ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ്‌ ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്‌. ഈ ലഘുപത്രിക വായിക്കുകയും സ്വന്തം നിയമ/നികുതി ഉപദേശകരുമായി ചർച്ചനടത്തുകയും ചെയ്‌തശേഷം, ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ മതപരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനും അതേസമയം, അങ്ങനെ ചെയ്യുന്നതു മുഖാന്തരമുള്ള നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്കു കഴിഞ്ഞിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്‌ താഴെക്കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുമായി) കത്തുമുഖേനയോ ടെലിഫോണിലൂടെയോ ബന്ധപ്പെടുക.

Jehovah’s Witnesses of India,

Post Box 6440,

Yelahanka,

Bangalore 560 064,

Karnataka.

Telephone: (080) 28468072

[അടിക്കുറിപ്പുകൾ]

^ ഖ. 10 ഇന്ത്യയിൽ, “The Watch Tower Bible and Tract Society of India”—യുടെ പേരിലായിരിക്കണം ചെക്കുകൾ.

^ ഖ. 11 ഇന്ത്യയിൽ ബാധകമല്ല.

^ ഖ. 13 കുറിപ്പ്‌: നികുതിനിയമങ്ങൾ രാജ്യന്തോറും വ്യത്യസ്‌തമായിരുന്നേക്കാം. നികുതി നിയമവും നികുതി ആസൂത്രണവും സംബന്ധിച്ച്‌ നിങ്ങളുടെ അക്കൗണ്ടന്റുമായോ വക്കീലുമായോ ചർച്ചചെയ്യുക. അന്തിമ തീരുമാനത്തിനുമുമ്പ്‌ ദയവായി ബ്രാഞ്ചോഫീസുമായും ബന്ധപ്പെടുക.

^ ഖ. 20 ഇന്ത്യയിൽ, “The Watch Tower Bible and Tract Society of India”-യ്‌ക്കു ലഭിക്കുന്ന വിധത്തിലായിരിക്കണം ഇതു തയ്യാറാക്കേണ്ടത്‌.

^ ഖ. 21 ഇന്ത്യയിൽ ലഭ്യമല്ല.