വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങളേ, ദൈവവചനം നിങ്ങളെ വഴിനടത്തട്ടെ!

യുവജനങ്ങളേ, ദൈവവചനം നിങ്ങളെ വഴിനടത്തട്ടെ!

യുവജനങ്ങളേ, ദൈവവചനം നിങ്ങളെ വഴിനടത്തട്ടെ!

“ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക.”—സദൃ. 4:5.

1, 2. (എ) താൻ നേരിട്ട സംഘർഷാവസ്ഥ തരണംചെയ്യാൻ പൗലോസിനെ എന്തു സഹായിച്ചു? (ബി) ജ്ഞാനവും വിവേകവും നിങ്ങൾക്ക്‌ എങ്ങനെ നേടാം?

“നൻമ ചെയ്യാനാഗ്രഹിക്കുന്ന എന്നിൽത്തന്നെ തിൻമയുണ്ട്‌.” ഇത്‌ പറഞ്ഞത്‌ ആരാണെന്ന്‌ അറിയാമോ? പൗലോസ്‌ അപ്പൊസ്‌തലൻ. പൗലോസ്‌ യഹോവയെ സ്‌നേഹിച്ചിരുന്നെങ്കിലും ശരിചെയ്യാൻ അവന്‌ എപ്പോഴും എളുപ്പമായിരുന്നില്ല. (റോമാ 7:21-23, പി.ഒ.സി. ബൈബിൾ) ഈ സംഘർഷാവസ്ഥ അവനെ എങ്ങനെ ബാധിച്ചു? “ഞാനോ അരിഷ്ടമനുഷ്യൻ!” എന്ന്‌ അവൻ പരിതപിക്കുകയുണ്ടായി. (റോമ. 7:24) പൗലോസിന്റെ അവസ്ഥ നിങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ടാകും. ശരിചെയ്യുന്നത്‌ പ്രയാസമായി ചിലപ്പോഴൊക്കെ നിങ്ങൾക്ക്‌ തോന്നാറുണ്ടോ? അപ്പോഴൊക്കെ പൗലോസിനെപ്പോലെ നിങ്ങൾക്ക്‌ നിരാശ അനുഭവപ്പെട്ടിട്ടുണ്ടോ? വിഷമിക്കേണ്ട. തനിക്ക്‌ നേരിട്ട പ്രയാസങ്ങൾ അവൻ വിജയകരമായി തരണംചെയ്‌തു, നിങ്ങൾക്കും അതിനാകും.

2 “സത്യവചന”ത്തിൽ അടങ്ങിയിരിക്കുന്ന മാർഗനിർദേശം പിൻപറ്റിയതുകൊണ്ട്‌ പൗലോസിനു വിജയിക്കാനായി. (2 തിമൊ. 1:13, 14) പ്രശ്‌നങ്ങൾ നേരിടാനും നല്ല തീരുമാനങ്ങൾ എടുക്കാനും വേണ്ട ജ്ഞാനവും വിവേകവും സമ്പാദിക്കാൻ അവന്‌ അങ്ങനെ കഴിഞ്ഞു. ജ്ഞാനവും വിവേകവും നേടാൻ യഹോവയാംദൈവം നിങ്ങളെയും സഹായിക്കും. (സദൃ. 4:5) തന്റെ വചനമായ ബൈബിളിൽ ഏറ്റവും നല്ല ഉപദേശങ്ങൾ അവൻ നൽകിയിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:16, 17 വായിക്കുക.) മാതാപിതാക്കളോട്‌ ഇടപെടുമ്പോഴും പണം കൈകാര്യം ചെയ്യുമ്പോഴും ഒറ്റയ്‌ക്കായിരിക്കുമ്പോഴും തിരുവെഴുത്തുകളിൽ കാണുന്ന തത്ത്വങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന്‌ നോക്കാം.

കുടുംബത്തിൽ ദൈവവചനം വഴിനയിക്കട്ടെ!

3, 4. മാതാപിതാക്കൾ പറയുന്നത്‌ അനുസരിക്കാൻ നിങ്ങൾക്ക്‌ ബുദ്ധിമുട്ടു തോന്നിയേക്കാവുന്നത്‌ എന്തുകൊണ്ട്‌, പക്ഷേ അവർ നിയമങ്ങൾ വെക്കുന്നത്‌ എന്തുകൊണ്ടാണ്‌?

3 മാതാപിതാക്കൾ പറയുന്നതെല്ലാം അനുസരിക്കാൻ ബുദ്ധിമുട്ടാണെന്ന്‌ നിങ്ങൾക്ക്‌ തോന്നാറുണ്ടോ? എന്തുകൊണ്ടാണ്‌ അങ്ങനെ തോന്നുന്നത്‌? നിങ്ങൾ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കാം. നിങ്ങളുടെ പ്രായത്തിൽ ആ ആഗ്രഹം സ്വാഭാവികമാണ്‌. എന്നാൽ മാതാപിതാക്കളുടെ കീഴിലായിരിക്കുന്നിടത്തോളംകാലം അവരെ അനുസരിക്കാൻ നിങ്ങൾക്ക്‌ ബാധ്യതയുണ്ട്‌.—എഫെ. 6:1-3.

4 മാതാപിതാക്കൾ നിയമങ്ങൾ വെക്കുന്നതും ചില കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നതും എന്തിനാണെന്നു മനസ്സിലാക്കുമ്പോൾ അത്‌ അനുസരിക്കാൻ കൂടുതൽ എളുപ്പമായിരിക്കും. 18 വയസ്സുകാരിയായ ബ്രില്ലി * അവളുടെ മാതാപിതാക്കളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “എന്റെ പ്രായത്തിൽ അവർ എങ്ങനെയായിരുന്നു എന്ന കാര്യം അവർ ഓർക്കാറേയില്ല. എന്റെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും ഒന്നും ഒരു വിലയുമില്ല. എന്നെ ഒരു കൊച്ചുകുട്ടിയായിട്ടാണ്‌ അവർ കാണുന്നത്‌.” മാതാപിതാക്കൾ വേണ്ടത്ര സ്വാതന്ത്ര്യം അനുവദിച്ചുതരുന്നില്ല എന്ന്‌ ബ്രില്ലിയെപ്പോലെ നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ? നിങ്ങളെക്കുറിച്ചു ചിന്തയുള്ളതുകൊണ്ടാണ്‌ മാതാപിതാക്കൾ നിയമങ്ങൾ വെക്കുന്നത്‌. നിങ്ങളെ എങ്ങനെ പരിപാലിക്കുന്നു എന്ന കാര്യത്തിൽ തങ്ങൾ യഹോവയോടു കണക്കുബോധിപ്പിക്കേണ്ടവരാണെന്നും ക്രിസ്‌ത്യാനികളായ മാതാപിതാക്കൾക്ക്‌ അറിയാം.—1 തിമൊ. 5:8.

5. മാതാപിതാക്കളെ അനുസരിച്ചാൽ എന്തു പ്രയോജനമുണ്ട്‌?

5 മാതാപിതാക്കൾ വെക്കുന്ന നിയമങ്ങൾ അനുസരിക്കുന്നത്‌ ബാങ്കിൽനിന്ന്‌ എടുത്ത ഒരു വായ്‌പ തിരിച്ചടയ്‌ക്കുന്നതുപോലെയാണ്‌. കൃത്യമായി അത്‌ തിരിച്ചടയ്‌ക്കുകയാണെങ്കിൽ പിന്നെയും വായ്‌പ നൽകാൻ ബാങ്കുകാർ തയ്യാറാകും. വായ്‌പ എടുത്ത ആൾക്ക്‌ അത്‌ അടച്ചുതീർക്കാൻ ബാധ്യതയുള്ളതുപോലെ മാതാപിതാക്കളെ ആദരിക്കാനും അവരെ അനുസരിക്കാനും നിങ്ങൾ ബാധ്യസ്ഥരാണ്‌. (സദൃശവാക്യങ്ങൾ 1:8 വായിക്കുക.) നിങ്ങൾ അവരെ എത്ര നന്നായി അനുസരിക്കുന്നുവോ അത്രയധികം സ്വാതന്ത്ര്യം അനുവദിച്ചുതരാൻ അവർ തയ്യാറായേക്കാം. (ലൂക്കോ. 16:10) എന്നാൽ കൂടെക്കൂടെ അനുസരണക്കേടു കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക്‌ അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം അവർ വെട്ടിച്ചുരുക്കാനിടയുണ്ട്‌, ചിലപ്പോൾ ഒട്ടുംതന്നെ അനുവദിക്കേണ്ടെന്നും തീരുമാനിച്ചേക്കാം. കടം വീട്ടിത്തീർക്കാത്ത ആൾക്ക്‌ ബാങ്ക്‌ പിന്നെയും വായ്‌പ നൽകുമെന്നു പ്രതീക്ഷിക്കാനാവില്ലല്ലോ!

6. കുട്ടികളെ അനുസരണമുള്ളവരായി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാനാകും?

6 നിയമങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ നല്ല മാതൃക വെക്കുന്നെങ്കിൽ അവർ വെക്കുന്ന നിയമങ്ങൾ അനുസരിക്കുന്നത്‌ കുട്ടികൾക്ക്‌ എളുപ്പമായിത്തീരും. യഹോവ പറയുന്ന കാര്യങ്ങൾ മാതാപിതാക്കൾ മനസ്സോടെ അനുസരിക്കുമ്പോൾ ദൈവത്തിന്റെ നിയമങ്ങൾ ഭാരമുള്ളവയല്ലെന്ന്‌ മക്കൾ തിരിച്ചറിയും. മാതാപിതാക്കൾ വെക്കുന്ന നിയമങ്ങളും ഭാരമുള്ളവയല്ലെന്നും അവ അനുസരിക്കേണ്ടതാണെന്നും അംഗീകരിക്കാൻ ഇത്‌ അവരെ സഹായിക്കും. (1 യോഹ. 5:3) ഇനി, ചില കാര്യങ്ങളിൽ അഭിപ്രായം പറയാൻ മാതാപിതാക്കൾക്ക്‌ മക്കളെ അനുവദിക്കാനാകും. അഭിപ്രായം പറയാൻ യഹോവ തന്റെ ദാസന്മാർക്ക്‌ അനുവാദം നൽകിയ സന്ദർഭങ്ങൾ ബൈബിൾ വിവരിക്കുന്നുണ്ട്‌.—ഉല്‌പ. 18:22-32; 1 രാജാ. 22:19-22.

7, 8. (എ) ചില യുവജനങ്ങൾക്ക്‌ എന്താണ്‌ പ്രശ്‌നമായിത്തോന്നാറുള്ളത്‌? (ബി) ഏതു കാര്യങ്ങൾ മനസ്സിൽപ്പിടിക്കുന്നത്‌ ശിക്ഷണത്തിൽനിന്നു പ്രയോജനം നേടാൻ നിങ്ങളെ സഹായിക്കും?

7 മാതാപിതാക്കൾ തങ്ങളെ അനാവശ്യമായി കുറ്റപ്പെടുത്തുന്നു എന്നാണ്‌ ചില ചെറുപ്പക്കാരുടെ പരാതി. “എന്റെ അമ്മ ഒരു ‘സിഐഡി’യെപ്പോലെയാണ്‌; എപ്പോഴും പുറകേനടന്ന്‌ കുറ്റം കണ്ടുപിടിക്കും.” ക്രെയ്‌ഗ്‌ എന്ന ചെറുപ്പക്കാരൻ പറഞ്ഞതാണിത്‌. ഇടയ്‌ക്കൊക്കെ നിങ്ങൾക്കും അങ്ങനെ തോന്നാറുണ്ടോ?

8 മാതാപിതാക്കൾ നിങ്ങളെ തിരുത്തുമ്പോൾ അല്ലെങ്കിൽ ശിക്ഷണം നൽകുമ്പോൾ അവർ നിങ്ങളെ കുറ്റപ്പെടുത്തുകയാണെന്നു തോന്നിയേക്കാം. ന്യായമായ ശിക്ഷണംപോലും ഒരുവനെ വിഷമിപ്പിക്കുമെന്ന്‌ ബൈബിൾ സമ്മതിക്കുന്നു. (എബ്രാ. 12:11) അങ്ങനെയെങ്കിൽ, ലഭിക്കുന്ന ശിക്ഷണത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം നേടാനാകും? നിങ്ങളോടു സ്‌നേഹമുള്ളതുകൊണ്ടാണ്‌ മാതാപിതാക്കൾ ശാസിക്കുന്നത്‌ എന്ന കാര്യം മറക്കരുത്‌. (സദൃ. 3:12) മോശമായ ശീലങ്ങൾ വളർത്തിയെടുക്കാതിരിക്കാൻ, നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കുകയാണ്‌ അവരുടെ ലക്ഷ്യം. നിങ്ങളുടെ തെറ്റ്‌ ചൂണ്ടിക്കാണിച്ച്‌ അതു തിരുത്താതിരിക്കുന്നത്‌ നിങ്ങളെ പകയ്‌ക്കുന്നതിനു തുല്യമായിട്ടായിരിക്കാം അവർ കാണുന്നത്‌. (സദൃശവാക്യങ്ങൾ 13:24 വായിക്കുക.) തെറ്റുകൾ വരുത്തുക സ്വാഭാവികമാണ്‌; പഠനപ്രക്രിയയുടെ ഭാഗമാണത്‌ എന്ന കാര്യം മറക്കരുത്‌. അതുകൊണ്ട്‌ മാതാപിതാക്കൾ നിങ്ങളെ തിരുത്തുമ്പോൾ അവർ പറയുന്നതിലെ ജ്ഞാനം കാണാൻ ശ്രമിക്കുക. ജ്ഞാനത്തിന്റെ “സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും” നല്ലതാണ്‌.—സദൃ. 3:13, 14.

9. ശിക്ഷണം നൽകിയ വിധം ശരിയായില്ല എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

9 മാതാപിതാക്കൾക്കും ചിലപ്പോൾ തെറ്റുപറ്റാറുണ്ട്‌. (യാക്കോ. 3:2) ശിക്ഷണം നൽകുമ്പോൾ മനസ്സറിയാതെ അവർ എന്തെങ്കിലും പറഞ്ഞെന്നുവരാം. (സദൃ. 12:18) എന്തുകൊണ്ടായിരിക്കാം മാതാപിതാക്കൾ അങ്ങനെ പെരുമാറുന്നത്‌? വേറെ പല കാര്യങ്ങളും അവരെ അലട്ടുന്നുണ്ടാകാം; അല്ലെങ്കിൽ, നിങ്ങൾ ചെയ്യുന്ന തെറ്റുകൾ അവരുടെ ഭാഗത്തെ വീഴ്‌ചയായിട്ടായിരിക്കാം അവർ കാണുന്നത്‌. ശിക്ഷണം നൽകിയ വിധം ശരിയായില്ല എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം നിങ്ങളെ സഹായിക്കാനാണല്ലോ അവർ അങ്ങനെ ചെയ്യുന്നത്‌ എന്നോർത്ത്‌ അവരോട്‌ നന്ദി കാണിക്കുകയല്ലേ വേണ്ടത്‌? ശിക്ഷണം സ്വീകരിക്കാൻ ശീലിക്കുന്നത്‌ ഭാവിയിൽ നിങ്ങൾക്കു ഗുണംചെയ്യും.

10. മാതാപിതാക്കൾ നൽകുന്ന തിരുത്തൽ സ്വീകരിക്കാനും അവർ വെക്കുന്ന നിയമങ്ങൾ അംഗീകരിക്കാനും നിങ്ങളെ എന്തു സഹായിക്കും?

10 നിങ്ങളുടെ സംഭാഷണചാതുര്യം മെച്ചപ്പെടുത്തുന്നെങ്കിൽ മാതാപിതാക്കൾ നൽകുന്ന തിരുത്തൽ സ്വീകരിക്കാനും അവർ വെക്കുന്ന നിയമങ്ങൾ അംഗീകരിക്കാനും നിങ്ങൾക്ക്‌ എളുപ്പമായിരിക്കും. അതിന്‌ എന്തു ചെയ്യണം? നന്നായി ശ്രദ്ധിക്കുക, അതാണ്‌ ആദ്യം ചെയ്യേണ്ടത്‌. “ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ; അവൻ കോപത്തിനു താമസമുള്ളവനും ആയിരിക്കട്ടെ” എന്ന്‌ ബൈബിൾ ഉപദേശിക്കുന്നു. (യാക്കോ. 1:19) നിങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാൻ തിടുക്കം കാണിക്കുന്നതിനു പകരം നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക, മാതാപിതാക്കൾക്കു പറയാനുള്ളത്‌ കേൾക്കുക. മാതാപിതാക്കൾ പറയുന്ന വിധത്തിനല്ല അവർ പറയുന്ന കാര്യത്തിന്‌ ശ്രദ്ധകൊടുക്കുക. അതിനുശേഷം, അവർ പറഞ്ഞത്‌ നിങ്ങൾ അംഗീകരിക്കുന്നുവെന്നും തെറ്റു സമ്മതിക്കുന്നുവെന്നും ആദരപൂർവം അവരോടു പറയുക. അവർ പറഞ്ഞത്‌ നിങ്ങൾ ശ്രദ്ധിച്ചു എന്ന്‌ അപ്പോൾ അവർക്ക്‌ മനസ്സിലാകും. നിങ്ങൾ ഒരു കാര്യം ചെയ്‌തതോ പറഞ്ഞതോ എന്തുകൊണ്ടാണെന്നു വിശദീകരിക്കണം എന്നുണ്ടെങ്കിലോ? മിക്കപ്പോഴും, മാതാപിതാക്കൾ പറഞ്ഞ കാര്യം നിങ്ങൾ ചെയ്യുന്നതുവരെ “അധരങ്ങളെ അടക്കുന്ന”തായിരിക്കും ബുദ്ധി. (സദൃ. 10:19) അവർ പറഞ്ഞത്‌ നിങ്ങൾ ചെയ്‌തു എന്ന്‌ കണ്ടു കഴിയുമ്പോൾ നിങ്ങൾ പറയുന്നത്‌ കേൾക്കാൻ അവർക്ക്‌ മടികാണില്ല. ഇങ്ങനെ നിങ്ങൾ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നെങ്കിൽ നിങ്ങളെ വഴിനടത്തുന്നത്‌ ദൈവവചനമാണെന്നു പറയാനാകും.

പണം കൈകാര്യം ചെയ്യുന്നതിൽ ദൈവവചനം വഴിനയിക്കട്ടെ!

11, 12. (എ) പണത്തോടു ബന്ധപ്പെട്ട്‌ ബൈബിൾ എന്തു ബുദ്ധിയുപദേശം നൽകുന്നു, എന്തുകൊണ്ട്‌? (ബി) പണം കൈകാര്യം ചെയ്യാൻ മാതാപിതാക്കൾ നിങ്ങളെ എങ്ങനെ സഹായിച്ചേക്കും?

11 ‘ധനം പരിരക്ഷ നല്‌കുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. എന്നാൽ ജ്ഞാനം ധനത്തെക്കാൾ മൂല്യമേറിയതാണെന്ന്‌ അതേ വാക്യം പ്രസ്‌താവിക്കുന്നുണ്ട്‌. (സഭാ. 7:12, പി.ഒ.സി.) പണത്തിന്‌ മൂല്യമുണ്ടെന്നു പറയുമ്പോൾത്തന്നെ അതിനെ സ്‌നേഹിക്കരുത്‌ എന്നും ബൈബിൾ മുന്നറിയിപ്പു നൽകുന്നു. എന്താണ്‌ അതിലെ അപകടം? ഒരു ഉദാഹരണം നോക്കാം: വിദഗ്‌ധനായ പാചകക്കാരന്‌ മൂർച്ചയുള്ള ഒരു കത്തി വലിയൊരു സഹായമാണ്‌. എന്നാൽ അശ്രദ്ധയുള്ള ഒരാളുടെ കൈയിലാണ്‌ അത്‌ കിട്ടുന്നതെങ്കിലോ? അത്‌ ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തും. സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുന്നെങ്കിൽ പണവും വലിയൊരു മുതൽക്കൂട്ടാണ്‌. “എന്നാൽ ധനികരാകാൻ നിശ്ചയിച്ചുറച്ചിരിക്കുന്നവർ”ക്ക്‌ പലതും നഷ്ടമായെന്നുവരും: അവരുടെ സുഹൃദ്‌ബന്ധങ്ങൾക്കും കുടുംബബന്ധങ്ങൾക്കും ഉലച്ചിൽതട്ടിയേക്കാം, ദൈവവുമായുള്ള ബന്ധവും താറുമാറാകാൻ ഇടയുണ്ട്‌. അങ്ങനെ “പലവിധ വ്യഥകളാൽ” സ്വയം കുത്തിമുറിപ്പെടുത്തുകയായിരിക്കും അവർ.—1 തിമൊഥെയൊസ്‌ 6:9, 10 വായിക്കുക.

12 പണം ബുദ്ധിപൂർവം കൈകാര്യംചെയ്യാൻ എങ്ങനെയാണ്‌ പഠിക്കുന്നത്‌? മാതാപിതാക്കൾക്ക്‌ നിങ്ങളെ ഇക്കാര്യത്തിൽ സഹായിക്കാനാകും. അവരോടു ചോദിച്ചു പഠിക്കുക. ‘ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിക്കും, ബുദ്ധിമാൻ സദുപദേശം സമ്പാദിക്കും’ എന്ന്‌ ശലോമോൻ എഴുതി. (സദൃ. 1:5) അന്ന എന്ന പെൺകുട്ടി മാതാപിതാക്കളുടെ ബുദ്ധിയുപദേശം സ്വീകരിച്ചു. അവൾ പറയുന്നു: “ഒരു ബഡ്‌ജറ്റ്‌ ഉണ്ടാക്കേണ്ടത്‌ എങ്ങനെയെന്ന്‌ പപ്പ എനിക്ക്‌ കാണിച്ചുതന്നു. പണം ചെലവാക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന്‌ ഞാൻ പഠിച്ചത്‌ പപ്പയിൽനിന്നാണ്‌.” അമ്മയും അവൾക്ക്‌ ചില നല്ല ഉപദേശങ്ങൾ നൽകി. “എന്തെങ്കിലും വാങ്ങുന്നതിനുമുമ്പ്‌ പല കടകളിൽ വില ചോദിക്കുന്നതുകൊണ്ടുള്ള മെച്ചം അമ്മ പറഞ്ഞുതന്നു.” അന്നയെ ഇത്‌ എങ്ങനെ സഹായിച്ചു? അവൾ പറയുന്നത്‌ ശ്രദ്ധിക്കൂ: “കിട്ടുന്ന പണം സൂക്ഷിച്ച്‌ ഉപയോഗിക്കാൻ ഇപ്പോൾ എനിക്കറിയാം. ചെലവു ചുരുക്കാൻ ഞാൻ ശ്രദ്ധിക്കുന്നു; അതുകൊണ്ടുതന്നെ, അനാവശ്യമായ കടങ്ങളോ അതിന്റെ തലവേദനകളോ ഒന്നുമില്ല.”

13. പണം ചെലവാക്കുന്ന കാര്യത്തിൽ സ്വയം നിയന്ത്രിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

13 തോന്നുന്നതെല്ലാം വാങ്ങിക്കൂട്ടിയാൽ, അല്ലെങ്കിൽ, കൂട്ടുകാരുടെ മുമ്പിൽ ആളാകാൻവേണ്ടി പണം ചെലവാക്കിയാൽ നിങ്ങൾ കടക്കെണിയിൽപ്പെടാൻ താമസം ഉണ്ടാവില്ല. ഇത്‌ എങ്ങനെ ഒഴിവാക്കാം? പണം ചെലവാക്കുന്ന കാര്യത്തിൽ സ്വയം നിയന്ത്രിക്കാൻ പഠിക്കണം. കൗമാരം പിന്നിട്ട എലന പറയുന്നു: “കൂട്ടുകാരോടൊത്ത്‌ പുറത്തുപോകുന്നതിനുമുമ്പ്‌, പരമാവധി എത്ര ചെലവാക്കും എന്ന്‌ ഞാൻ തീരുമാനിക്കാറുണ്ട്‌. . . . പണം സൂക്ഷിച്ചു ചെലവാക്കുന്ന, ആദ്യം കാണുന്നതു വാങ്ങുന്നതിനുപകരം പല കടകളിൽ വിലചോദിച്ച്‌ സാധനം വാങ്ങാൻ എന്നെ സഹായിക്കുന്ന കൂട്ടുകാരോടൊപ്പം മാത്രമേ ഞാൻ ഷോപ്പിങ്ങിനു പോകാറുള്ളൂ.”

14. “ധനത്തിന്റെ വഞ്ചകശക്തി”ക്കെതിരെ ജാഗ്രത പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 ജോലിചെയ്‌ത്‌ ജീവിക്കാൻവേണ്ട പണമുണ്ടാക്കുകയും അത്‌ നേരാംവണ്ണം ഉപയോഗിക്കുകയും ചെയ്യേണ്ടത്‌ പ്രധാനമാണ്‌. പക്ഷേ, “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ” ആണ്‌ യഥാർഥത്തിൽ അനുഗൃഹീതർ എന്ന്‌ യേശു പറഞ്ഞു. (മത്താ. 5:3) “ധനത്തിന്റെ വഞ്ചകശക്തി” ആത്മീയകാര്യങ്ങളിലുള്ള ഒരുവന്റെ താത്‌പര്യം ഞെരുക്കിക്കളഞ്ഞേക്കാം എന്നും അവൻ മുന്നറിയിപ്പു നൽകി. (മർക്കോ. 4:19) പണത്തെക്കുറിച്ച്‌ ദൈവവചനം നൽകുന്ന ശരിയായ വീക്ഷണം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ.

ഒറ്റയ്‌ക്കായിരിക്കുമ്പോൾ ദൈവവചനം വഴിനയിക്കട്ടെ!

15. ദൈവത്തോടുള്ള നിങ്ങളുടെ വിശ്വസ്‌തത പരീക്ഷിക്കപ്പെടാൻ ഏറ്റവുമധികം സാധ്യതയുള്ളത്‌ എപ്പോഴാണ്‌?

15 തനിച്ചായിരിക്കുമ്പോഴാണോ മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോഴാണോ ദൈവത്തോടുള്ള നിങ്ങളുടെ വിശ്വസ്‌തത പരീക്ഷിക്കപ്പെടാൻ കൂടുതൽ സാധ്യതയുള്ളത്‌? സ്‌കൂളിലോ ജോലിസ്ഥലത്തോ ആയിരിക്കുമ്പോൾ സാധാരണഗതിയിൽ വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ നിങ്ങൾ ഏറെ ശ്രദ്ധയുള്ളവരായിരിക്കും. എന്നാൽ പ്രശ്‌നങ്ങളൊന്നുമില്ല എന്നു കരുതി സ്വസ്ഥമായിരിക്കുന്ന സമയത്താണ്‌ നിങ്ങളുടെ ധാർമികത അപകടത്തിലാകാൻ കൂടുതൽ സാധ്യത.

16. ഒറ്റയ്‌ക്കായിരിക്കുമ്പോഴും നിങ്ങൾ യഹോവയെ അനുസരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

16 ഒറ്റയ്‌ക്കായിരിക്കുമ്പോഴും നിങ്ങൾ യഹോവയെ അനുസരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? ഓർക്കുക: നിങ്ങൾക്ക്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനും ദുഃഖിപ്പിക്കാനും കഴിയും. (ഉല്‌പ. 6:5, 6; സദൃ. 27:11) യഹോവയ്‌ക്ക്‌ “നിങ്ങളെക്കുറിച്ചു കരുതലുള്ള”തുകൊണ്ട്‌ നിങ്ങൾ ചെയ്യുന്നതെന്തും അവനെ ബാധിക്കും. (1 പത്രോ. 5:7) നിങ്ങളുടെ നന്മയ്‌ക്കുവേണ്ടി അവൻ പറയുന്നത്‌ നിങ്ങൾ അനുസരിക്കണമെന്നാണ്‌ അവന്റെ ആഗ്രഹം. (യെശ. 48:17, 18) പുരാതന ഇസ്രായേലിലെ ചില ദൈവദാസന്മാർ അവന്റെ കൽപ്പന ലംഘിച്ചപ്പോൾ അത്‌ യഹോവയെ വേദനിപ്പിച്ചു. (സങ്കീ. 78:40, 41) എന്നാൽ ദാനീയേൽ പ്രവാചകനെ യഹോവയ്‌ക്ക്‌ വലിയ ഇഷ്ടമായിരുന്നു; “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ” എന്നാണ്‌ ഒരു ദൈവദൂതൻ അവനെ വിളിച്ചത്‌. (ദാനീ. 10:11) എന്തുകൊണ്ടാണ്‌ ദാനീയേൽ ദൈവത്തിനു പ്രിയപ്പെട്ടവനായത്‌? പൊതുജനസമക്ഷത്തു മാത്രമല്ല ഒറ്റയ്‌ക്കായിരുന്നപ്പോഴും അവൻ ദൈവത്തോടു വിശ്വസ്‌തനായിരുന്നു.—ദാനീയേൽ 6:10 വായിക്കുക.

17. വിനോദപരിപാടികൾ തിരഞ്ഞെടുക്കുമ്പോൾ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കാം?

17 തനിച്ചായിരിക്കുമ്പോൾ ദൈവത്തോടു വിശ്വസ്‌തരായിരിക്കണമെങ്കിൽ ‘ശരിയും തെറ്റും തിരിച്ചറിയാനുള്ള’ പ്രാപ്‌തി നിങ്ങൾക്ക്‌ ഉണ്ടായിരിക്കണം; “ഉപയോഗത്താൽ” അതായത്‌ ശരിചെയ്‌തുകൊണ്ട്‌ ആ “വിവേചനാപ്രാപ്‌തിയെ” പരിശീലിപ്പിക്കുകയും വേണം. (എബ്രാ. 5:14) ഏതു പാട്ടു കേൾക്കണം, ഏതു സിനിമ കാണണം, ഏത്‌ ഇന്റർനെറ്റ്‌ സൈറ്റ്‌ സന്ദർശിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ ശരിയേത്‌ തെറ്റേത്‌ എന്നു വിവേചിക്കാൻ പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും: ‘ഈ പരിപാടി കരുണ എന്ന ഗുണം വളർത്തിയെടുക്കാൻ എന്നെ സഹായിക്കുമോ, അതോ മറ്റൊരാൾക്ക്‌ വരുന്ന “ആപത്തിൽ സന്തോഷിക്കുന്ന” ഒരാളാക്കി മാറ്റുമോ?’ (സദൃ. 17:5) “‘നന്മയെ സ്‌നേഹിക്കാൻ’ ഇതെന്നെ സഹായിക്കുമോ, അതോ ‘തിന്മയെ വെറുക്കുന്നത്‌’ എനിക്കു കൂടുതൽ ബുദ്ധിമുട്ടായിത്തീരുമോ?” (ആമോ. 5:15, പി.ഒ.സി.) നിങ്ങൾ ഒറ്റയ്‌ക്കായിരിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങളിൽനിന്ന്‌ നിങ്ങൾ എന്തിനാണ്‌ പ്രാധാന്യം കൽപ്പിക്കുന്നതെന്നു മനസ്സിലാക്കാം.—ലൂക്കോ. 6:45.

18. ആരുമറിയാതെ നിങ്ങൾ ഒരു തെറ്റു ചെയ്‌തുകൊണ്ടിരിക്കുകയാണെങ്കിൽ എന്തു ചെയ്യണം, എന്തുകൊണ്ട്‌?

18 തെറ്റാണെന്ന്‌ അറിയാവുന്ന ഒരു കാര്യം ആരുമറിയാതെ നിങ്ങൾ ചെയ്‌തുകൊണ്ടിരിക്കുകയാണെങ്കിലോ? “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും” എന്നു മറക്കരുത്‌. (സദൃ. 28:13) തെറ്റുചെയ്യുന്നത്‌ തുടരുകയാണെങ്കിൽ നിങ്ങൾ “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുക”യായിരിക്കും. എത്ര ബുദ്ധിശൂന്യമാണത്‌! (എഫെ. 4:30) തെറ്റ്‌ ഏറ്റുപറയാൻ ദൈവത്തോടും മാതാപിതാക്കളോടും നിങ്ങൾക്ക്‌ കടപ്പാടുണ്ട്‌. അതിന്റെ പ്രയോജനം നിങ്ങൾക്കുതന്നെയാണ്‌. ‘സഭയിലെ മൂപ്പന്മാർക്ക്‌’ നിങ്ങളെ സഹായിക്കാനാകും. ശിഷ്യനായ യാക്കോബ്‌ അതിനെക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “അവർ യഹോവയുടെ നാമത്തിൽ അവന്റെമേൽ (കുറ്റംചെയ്‌തവന്റെമേൽ) എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിക്കു സൗഖ്യം നൽകും. യഹോവ അവനെ എഴുന്നേൽപ്പിക്കും. അവൻ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അത്‌ അവനോടു ക്ഷമിക്കും.” (യാക്കോ. 5:14, 15) ഇതുനിമിത്തം കുറച്ചു നാണക്കേടൊക്കെ ഉണ്ടായേക്കാം, നിങ്ങൾ ആഗ്രഹിക്കാത്ത ചില കാര്യങ്ങളെ നേരിടേണ്ടിവന്നെന്നുംവരാം. പക്ഷേ, ധൈര്യം സംഭരിച്ച്‌ സഹായം തേടുന്നെങ്കിൽ പ്രശ്‌നം വഷളാകാതിരിക്കുമെന്നു മാത്രമല്ല കുറ്റബോധത്തിൽനിന്നു കരകയറാനും നിങ്ങൾക്കാകും.—സങ്കീ. 32:1-5.

യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുക

19, 20. യഹോവ എന്ത്‌ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങൾ എന്തു ചെയ്യണം?

19 യഹോവ “സന്തുഷ്ടനായ ദൈവം” ആയതിനാൽ നിങ്ങളും സന്തുഷ്ടരായിരിക്കണമെന്നാണ്‌ അവന്റെ ആഗ്രഹം. (1 തിമൊ. 1:11, അടിക്കുറിപ്പ്‌) ദൈവത്തിന്‌ നിങ്ങളുടെ കാര്യത്തിൽ വളരെ താത്‌പര്യമുണ്ട്‌. ശരിചെയ്യാൻ നിങ്ങൾ എത്രമാത്രം ശ്രമിക്കുന്നുണ്ടെന്ന്‌ മറ്റാരും കണ്ടില്ലെങ്കിലും അവനു കാണാനാകും. അവന്റെ കണ്ണിനു മറഞ്ഞിരിക്കുന്ന ഒന്നുമില്ല. കുറ്റം കണ്ടുപിടിക്കാനല്ല, നല്ലതു ചെയ്യാൻ നിങ്ങളെ സഹായിക്കാനാണ്‌ അവൻ നിങ്ങളെ നിരീക്ഷിക്കുന്നത്‌. ബൈബിൾ പറയുന്നതനുസരിച്ച്‌ “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.”—2 ദിന. 16:9.

20 ബുദ്ധിമുട്ടേറിയ പ്രശ്‌നങ്ങൾ തരണംചെയ്യാനും വിഷമംപിടിച്ച സാഹചര്യങ്ങളിൽ ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കാനും വേണ്ട ജ്ഞാനവും വിവേകവും ദൈവവചനം നിങ്ങൾക്കു പകർന്നുനൽകും. ദൈവവചനത്തിനു ചേർച്ചയിൽ നിങ്ങൾ ജീവിക്കുമ്പോൾ അത്‌ മാതാപിതാക്കളെയും യഹോവയെയും സന്തോഷിപ്പിക്കും; നിങ്ങളുടെ ജീവിതം സന്തോഷനിർഭരമായിരിക്കും! അതുകൊണ്ട്‌ ദൈവവചനത്തിലെ ബുദ്ധിയുപദേശങ്ങൾ എപ്പോഴും അനുസരിക്കുക; അതു നിങ്ങളെ വഴിനടത്തട്ടെ!

[അടിക്കുറിപ്പ്‌]

^ ഖ. 4 പേരുകൾ മാറ്റിയിരിക്കുന്നു.

ഉത്തരം പറയാമോ?

• മാതാപിതാക്കൾ നൽകുന്ന തിരുത്തൽ സ്വീകരിക്കുന്നതും അവർ വെക്കുന്ന നിയമങ്ങൾ അംഗീകരിക്കുന്നതും എളുപ്പമായിത്തീരണമെങ്കിൽ കുട്ടികൾ എന്തു ചെയ്യണം?

• പണത്തെക്കുറിച്ച്‌ ശരിയായ വീക്ഷണം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• തനിച്ചായിരിക്കുമ്പോഴും നിങ്ങൾക്ക്‌ എങ്ങനെ യഹോവയോടു വിശ്വസ്‌തനായിരിക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[6-ാം പേജിലെ ചിത്രം]

തനിച്ചായിരിക്കുമ്പോൾ നിങ്ങൾ ദൈവത്തോടു വിശ്വസ്‌തനായിരിക്കുമോ?