വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങളേ, നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?

യുവജനങ്ങളേ, നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?

യുവജനങ്ങളേ, നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?

“വായുവിൽ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്‌.” —1 കൊരി. 9:26.

1, 2. ജീവിതവിജയത്തിന്‌ എന്ത്‌ ആവശ്യമാണ്‌?

പരിചയമില്ലാത്ത വിജനമായ ഒരു സ്ഥലത്തുകൂടെ യാത്രചെയ്യുകയാണ്‌ ഒരു സഞ്ചാരി. ഭൂപടവും വടക്കുനോക്കിയന്ത്രവും കൂടെക്കരുതിയിട്ടുണ്ട്‌. എവിടെയാണ്‌ നിൽക്കുന്നതെന്നു മനസ്സിലാക്കാനും ഏതു വഴിയിലൂടെ പോകണമെന്നു തീരുമാനിക്കാനും ഭൂപടം അയാളെ സഹായിക്കും. വടക്കുനോക്കിയന്ത്രമാകട്ടെ വഴി തെറ്റാതിരിക്കാൻ ഉപകരിക്കും. പക്ഷേ എത്തിച്ചേരേണ്ട സ്ഥലത്തെക്കുറിച്ച്‌ അയാൾക്ക്‌ നിശ്ചയമില്ലെങ്കിലോ? ഭൂപടംകൊണ്ടോ വടക്കുനോക്കിയന്ത്രംകൊണ്ടോ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ? ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയാതിരിക്കണമെങ്കിൽ എവിടേക്കാണ്‌ പോകേണ്ടതെന്ന്‌ അയാൾ വ്യക്തമായി അറിഞ്ഞിരിക്കണം.

2 മുതിർന്നുവരുന്ന ഈ പ്രായത്തിൽ ഇത്തരം ഒരു സാഹചര്യം നിങ്ങൾ നേരിടേണ്ടിവരും. ജീവിതപാതയിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന കൃത്യതയുള്ള ഒരു ഭൂപടവും വടക്കുനോക്കിയന്ത്രവും ഉണ്ട്‌. ജീവിതം ഏതു ദിശയിലേക്കു തിരിച്ചുവിടണമെന്നു തീരുമാനിക്കാൻ സഹായിക്കുന്ന ഭൂപടം ബൈബിളാണ്‌. (സദൃ. 3:5, 6) ഇനി, നിങ്ങളുടെ മനസ്സാക്ഷിയെ ശരിയായി പരിശീലിപ്പിച്ചാൽ വഴി തെറ്റാതിരിക്കാൻ അത്‌ നിങ്ങളെ സഹായിക്കും, ഒരു വടക്കുനോക്കിയന്ത്രംപോലെ. (റോമ. 2:15) പക്ഷേ, അതുകൊണ്ടായില്ല. ജീവിതത്തിൽ വിജയിക്കണമെങ്കിൽ എവിടേക്കാണ്‌ പോകേണ്ടതെന്ന്‌ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. അതെ, നിങ്ങൾക്ക്‌ എത്തിച്ചേരാൻ കഴിയുന്ന വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കണം.

3. ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച്‌ 1 കൊരിന്ത്യർ 9:26-ൽ പൗലോസ്‌ എന്താണ്‌ പറഞ്ഞത്‌?

3 “ലക്ഷ്യമില്ലാതെയല്ല ഞാൻ ഓടുന്നത്‌. വായുവിൽ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്‌” എന്ന്‌ എഴുതിയപ്പോൾ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുകയും അവയിൽ എത്തിച്ചേരാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ വരച്ചുകാട്ടുകയായിരുന്നു പൗലോസ്‌ അപ്പൊസ്‌തലൻ. (1 കൊരി. 9:26) ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അത്‌ മനസ്സിൽക്കണ്ട്‌ ഓടാനാകും. വൈകാതെ ആരാധന, ജോലി, വിവാഹം, കുടുംബം എന്നിവയോടു ബന്ധപ്പെട്ട്‌ ഗൗരവമുള്ള തീരുമാനങ്ങൾ നിങ്ങൾക്ക്‌ എടുക്കേണ്ടിവരും. ചിലപ്പോൾ മുമ്പിലുള്ള വഴികളിൽ ഏതു തിരഞ്ഞെടുക്കണമെന്ന്‌ അറിയാതെ നിങ്ങൾ കുഴങ്ങിയേക്കാം. എന്നാൽ ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന സത്യത്തിന്റെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ നിങ്ങൾ മുന്നമേ ജീവിതത്തിന്റെ ഗതി നിർണയിച്ചിട്ടുണ്ടെങ്കിൽ തെറ്റായ ദിശയിലേക്കു കാലെടുത്തു വെക്കാനുള്ള പ്രലോഭനത്തിൽ വീഴില്ല.—2 തിമൊ. 4:4, 5.

4, 5. (എ) സ്വന്തമായി ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ എന്തു സംഭവിച്ചേക്കാം? (ബി)  നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ദൈവത്തിന്റെ ഹിതത്തിനു ചേർച്ചയിലായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

4 സ്വന്തമായി ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ കൂട്ടുകാരും അധ്യാപകരുമൊക്കെ പറയുന്ന വഴിക്ക്‌ നിങ്ങൾ പോകാൻ ഇടയുണ്ട്‌. നിങ്ങൾക്കു വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽപ്പോലും തങ്ങൾ ആഗ്രഹിക്കുന്ന ഗതി തിരഞ്ഞെടുക്കാൻ അവർ നിങ്ങളെ നിർബന്ധിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ ഇതു ചിന്തിക്കുക: ‘അവർ പറയുന്നതുപോലെ ചെയ്‌താൽ എനിക്ക്‌ യൗവനകാലത്ത്‌ സ്രഷ്ടാവിനെ ഓർക്കാൻ കഴിയുമോ? അതോ, എന്റെ ശ്രദ്ധ മറ്റ്‌ എന്തിലെങ്കിലും ആയിപ്പോകുമോ?’—സഭാപ്രസംഗി 12:1 വായിക്കുക.

5 നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ദൈവത്തിന്റെ ഹിതത്തിനു ചേർച്ചയിലായിരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? നമുക്കുള്ള എല്ലാ സൗഭാഗ്യങ്ങളും യഹോവയിൽനിന്നാണ്‌ വന്നിരിക്കുന്നത്‌. (യാക്കോ. 1:17) തീർച്ചയായും നാം എല്ലാം യഹോവയോടു നന്ദിയുള്ളവരായിരിക്കണം. (വെളി. 4:11) ഭാവിജീവിതത്തിനായി ലക്ഷ്യങ്ങൾ വെക്കുമ്പോൾ യഹോവയുടെ ഇഷ്ടം കണക്കിലെടുക്കുന്നതിൽപ്പരം അവനോടു നന്ദി കാണിക്കാൻ നിങ്ങൾക്കു മറ്റെന്തു മാർഗമാണുള്ളത്‌! നിങ്ങളുടെ നല്ല ഭാവിക്കായി എന്തെല്ലാം ലക്ഷ്യങ്ങൾ വെക്കാനാകുമെന്നും അവയിൽ എത്തിച്ചേരാൻ എന്തൊക്കെ ചെയ്യണമെന്നും നമുക്കിപ്പോൾ നോക്കാം.

നിങ്ങൾക്കു വെക്കാനാകുന്ന ലക്ഷ്യങ്ങൾ

6. നിങ്ങൾക്ക്‌ ആദ്യം ഏതു ലക്ഷ്യം വെക്കാനാകും, എന്തുകൊണ്ട്‌?

6 നിങ്ങൾക്ക്‌ ആദ്യം ഏതു ലക്ഷ്യം വെക്കാനാകും? കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന്‌ സ്വയം ബോധ്യപ്പെടുത്തുക. (റോമ. 12:2; 2 കൊരി. 13:5) നിങ്ങളുടെ കൂട്ടുകാരിൽ പലരും പരിണാമത്തിലോ വ്യാജ മതോപദേശങ്ങളിലോ വിശ്വസിക്കുന്നവരായിരിക്കാം; അതാണ്‌ വിശ്വസിക്കേണ്ടതെന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടാവാം. പക്ഷേ, മറ്റുള്ളവർ പറഞ്ഞു എന്നുവെച്ച്‌ നിങ്ങൾ ഒരു കാര്യം വിശ്വസിക്കേണ്ടതില്ല. നിങ്ങൾ മുഴുമനസ്സോടെ തന്നെ സേവിക്കുന്നതു കാണാനാണ്‌ യഹോവയ്‌ക്ക്‌ ഇഷ്ടം. (മത്തായി 22:36, 37 വായിക്കുക.) നിങ്ങളുടെ വിശ്വാസം തെളിവിലധിഷ്‌ഠിതമായിരിക്കണം എന്ന്‌ നമ്മുടെ സ്വർഗീയ പിതാവായ യഹോവ ആഗ്രഹിക്കുന്നു.—എബ്രാ. 11:1.

7, 8. (എ) കുറച്ചുകാലംകൊണ്ട്‌ എത്തിച്ചേരാനാകുന്ന ഏതു ലക്ഷ്യങ്ങൾ നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കും? (ബി) കൊച്ചുകൊച്ചു ലക്ഷ്യങ്ങളിൽ ചിലത്‌ സാധിച്ചുകഴിയുമ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നും?

7 കുറച്ചുകാലംകൊണ്ട്‌ എത്തിച്ചേരാനാകുന്ന ലക്ഷ്യങ്ങൾ വെക്കുന്നത്‌ നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കാൻ സഹായിക്കും. ദിവസവും പ്രാർഥിക്കുക എന്നതാണ്‌ ഒരു ലക്ഷ്യം. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങളിൽ പ്രാർഥനയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവ മനസ്സിലോ കടലാസ്സിലോ കുറിച്ചുവെക്കുന്നെങ്കിൽ നിങ്ങളുടെ പ്രാർഥന യാന്ത്രികമായിരിക്കില്ല, അത്‌ കൂടുതൽ അർഥവത്തായിത്തീരും. നിങ്ങൾ നേരിട്ട പ്രശ്‌നങ്ങൾ മാത്രമല്ല നിങ്ങളെ സന്തോഷിപ്പിച്ച കാര്യങ്ങളും പ്രാർഥനയിൽ ഉൾപ്പെടുത്തുക. (ഫിലി. 4:6) എല്ലാ ദിവസവും ബൈബിൾ വായിക്കുക എന്നതാണ്‌ നിങ്ങൾക്കു വെക്കാവുന്ന മറ്റൊരു ലക്ഷ്യം. ദിവസവും ഏതാണ്ട്‌ നാലുപേജ്‌ വായിച്ചാൽ ഒരു വർഷംകൊണ്ട്‌ ബൈബിൾ മുഴുവൻ വായിച്ചുതീർക്കാനാകും എന്ന കാര്യം അറിയാമോ? * “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന” മനുഷ്യനെ “ഭാഗ്യവാൻ” എന്നാണ്‌ സങ്കീർത്തനം 1:1, 2 വിശേഷിപ്പിക്കുന്നത്‌.

8 ഓരോ സഭായോഗത്തിനും ഒരു ഉത്തരം പറയാൻ തയ്യാറായിപ്പോകുക എന്നതാണ്‌ വെക്കാനാകുന്ന മറ്റൊരു ലക്ഷ്യം. ആദ്യമൊക്കെ ഉത്തരമോ വാക്യമോ നോക്കിവായിക്കാൻ മാത്രമായിരിക്കാം നിങ്ങൾക്കു കഴിയുക. എന്നാൽ പിന്നീട്‌ സ്വന്തം വാചകത്തിൽ ഉത്തരം പറയാൻ ശ്രമിക്കുക. ഓരോ തവണ ഉത്തരം പറയുമ്പോഴും നിങ്ങൾ വാസ്‌തവത്തിൽ യഹോവയ്‌ക്ക്‌ ഒരു യാഗം അർപ്പിക്കുകയാണ്‌. (എബ്രാ. 13:15) ഈ കൊച്ചുകൊച്ചു ലക്ഷ്യങ്ങളിൽ ചിലത്‌ സാധിച്ചുകഴിയുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും, യഹോവയോടു കൂടുതൽ അടുക്കും. അപ്പോൾ നിങ്ങൾക്ക്‌ ഏറെക്കാലംകൊണ്ട്‌ നേടിയെടുക്കാനാകുന്ന ലക്ഷ്യങ്ങൾവെക്കാനാകും.

9. നിങ്ങൾ ഇതുവരെ പ്രസാധകനായിട്ടില്ലെങ്കിൽ ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാനാകും?

9 ചില ലക്ഷ്യങ്ങൾ നേടിയെടുക്കാൻ താരതമ്യേന കൂടുതൽ കാലം വേണ്ടിവരും. അങ്ങനെയുള്ള ചില ലക്ഷ്യങ്ങൾ ഏതൊക്കെയാണ്‌? ഇതുവരെയും പരസ്യശുശ്രൂഷയിൽ ഏർപ്പെട്ടുതുടങ്ങിയിട്ടില്ലെങ്കിൽ ഒരു പ്രസാധകൻ ആകാൻ നിങ്ങൾക്കു ലക്ഷ്യംവെക്കാം. മഹത്തായ ഈ ലക്ഷ്യം കൈവരിച്ചാൽ പിന്നെ എല്ലാ മാസവും ക്രമമായി ആ വേലയിൽ ഏർപ്പെടാൻ ശ്രമംചെയ്യുക; നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുക. ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിച്ചു സംസാരിക്കാനും പരിശീലിക്കാവുന്നതാണ്‌. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ പ്രസംഗവേല കൂടുതൽ രസകരമായിത്തീരും. അടുത്തതായി നിങ്ങൾക്ക്‌ എന്തു ചെയ്യാം? ശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയം കൂട്ടാനും അല്ലെങ്കിൽ ഒരു ബൈബിളധ്യയനം തുടങ്ങാനും ഒക്കെ കഴിയും. പ്രസാധകനായിത്തീർന്നാൽപ്പിന്നെ നിങ്ങൾക്കു വെക്കാൻ കഴിയുന്ന ഏറ്റവും മികച്ച ലക്ഷ്യം ഏതാണ്‌? യഹോവയാംദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിച്ച്‌ സ്‌നാനമേറ്റ്‌ അവന്റെ ഒരു സാക്ഷിയായിത്തീരുക.

10, 11. സ്‌നാനമേറ്റ ചെറുപ്പക്കാർക്ക്‌ ഏതൊക്കെ ലക്ഷ്യങ്ങൾ വെക്കാനാകും?

10 നിങ്ങൾ സ്‌നാനമേറ്റ പ്രസാധകനാണെങ്കിലോ? നിങ്ങൾക്കും വെക്കാനാകുന്ന ചില ലക്ഷ്യങ്ങളുണ്ട്‌. ഇടയ്‌ക്കിടെ സഭയോടൊത്ത്‌, അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ പോയി സാക്ഷീകരിക്കാൻ ഒരു ലക്ഷ്യം വെക്കാനാകും. ഈ ചെറുപ്രായത്തിൽ നിങ്ങൾക്കുള്ള ആരോഗ്യവും ചുറുചുറുക്കും എല്ലാം നന്നായി വിനിയോഗിക്കാനുള്ള മാർഗങ്ങളാണ്‌ സഹായ പയനിയറിങ്ങും സാധാരണ പയനിയറിങ്ങും. യൗവനകാലത്ത്‌ നിങ്ങളുടെ സ്രഷ്ടാവിനെ ഓർക്കാനുള്ള ഉത്തമമാർഗം മുഴുസമയ സേവനമാണെന്ന്‌ പതിനായിരക്കണക്കിനുവരുന്ന പയനിയർമാർ തങ്ങളുടെ അനുഭവത്തിൽനിന്ന്‌ പറഞ്ഞുതരും. വീട്ടിൽ താമസിച്ചുകൊണ്ടുതന്നെ എത്തിച്ചേരാനാകുന്ന ലക്ഷ്യങ്ങളാണിവയൊക്കെ. നിങ്ങൾ കൈവരിക്കുന്ന ഈ നേട്ടങ്ങൾ സഭയ്‌ക്കും ഗുണംചെയ്യും.

11 നിങ്ങളുടെ സേവനം മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കാൻ സഹായിക്കുന്ന ലക്ഷ്യങ്ങളുമുണ്ട്‌. ആവശ്യം അധികമുള്ള മറ്റൊരു പ്രദേശത്തേക്കോ മറ്റൊരു രാജ്യത്തേക്കോ മാറിത്താമസിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ നിങ്ങൾക്ക്‌ ഒരുപക്ഷേ കഴിഞ്ഞെന്നുവരും. അല്ലെങ്കിൽ, മറ്റിടങ്ങളിലെ രാജ്യഹാളുകളുടെയോ ബ്രാഞ്ചോഫീസുകളുടെയോ പണിയിൽ സഹായിക്കാനായിരിക്കാം നിങ്ങൾക്കിഷ്ടം. അതുമല്ലെങ്കിൽ ബെഥേലിൽ സേവിക്കാനോ മിഷനറിയാകാനോ ലക്ഷ്യമിടാം. പക്ഷേ സ്‌നാനമേറ്റെങ്കിലേ ഈ ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾക്കു കഴിയൂ. ജീവിതപാതയിലെ ഒരു നാഴികക്കല്ലാണത്‌. നിങ്ങൾ ഇതുവരെ സ്‌നാനമേറ്റിട്ടില്ലെങ്കിൽ ആ ലക്ഷ്യം കൈവരിക്കാൻ എന്തു ചെയ്യണം എന്നു നോക്കാം.

സ്‌നാനം എന്ന ലക്ഷ്യം കൈവരിക്കാൻ

12. ചിലർ സ്‌നാനമേൽക്കുന്നത്‌ എന്തുകൊണ്ടാണ്‌, പക്ഷേ അവ ന്യായമായ കാരണങ്ങളല്ലാത്തത്‌ എന്തുകൊണ്ട്‌?

12 എന്തിനാണ്‌ സ്‌നാനമേൽക്കുന്നത്‌? പാപം ചെയ്യുന്നതിൽനിന്ന്‌ അത്‌ തങ്ങളെ തടയുമെന്ന്‌ ചിലർ കരുതുന്നു. ‘കൂട്ടുകാരെല്ലാം സ്‌നാനമേറ്റതുകൊണ്ട്‌ എനിക്കും സ്‌നാനമേൽക്കണം’ എന്നു ചിന്തിക്കുന്നവരാണ്‌ മറ്റുചിലർ. അച്ഛനമ്മമാരെ സന്തോഷിപ്പിക്കുകയാണ്‌ വേറെ ചിലരുടെ ലക്ഷ്യം. പക്ഷേ, മറ്റാരും കാണാതെ ചെയ്യാനാഗ്രഹിക്കുന്ന തെറ്റുകളിൽനിന്ന്‌ സ്‌നാനം നിങ്ങളെ തടയില്ല. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി ചെയ്യേണ്ട കാര്യവുമല്ല അത്‌. യഹോവയുടെ സാക്ഷി ആയിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്തൊക്കെയാണെന്ന്‌ നന്നായി മനസ്സിലാക്കിയശേഷം ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്നു ബോധ്യമാകുമ്പോഴാണ്‌ സ്‌നാനമേൽക്കേണ്ടത്‌.—സഭാ. 5:4, 5.

13. സ്‌നാനമേൽക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നത്‌ എന്തായിരിക്കണം?

13 ആളുകളെ സ്‌നാനം കഴിപ്പിച്ചു ശിഷ്യരാക്കാനാണ്‌ യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചത്‌. നാം സ്‌നാനമേൽക്കേണ്ടതിന്റെ ഒരു കാരണം അതാണ്‌. സ്‌നാനമേറ്റുകൊണ്ട്‌ യേശുതന്നെ ഇക്കാര്യത്തിൽ നല്ലൊരു മാതൃകവെച്ചു. (മത്തായി 28:19, 20; മർക്കോസ്‌ 1:9 വായിക്കുക.) മാത്രമല്ല, രക്ഷനേടാൻ ആഗ്രഹിക്കുന്നവരെല്ലാം അവശ്യം സ്വീകരിക്കേണ്ട ഒരു നടപടിയാണ്‌ സ്‌നാനം. നോഹയെയും കുടുംബത്തെയും പ്രളയത്തിൽനിന്നു രക്ഷിച്ച പെട്ടകത്തെക്കുറിച്ചു പറഞ്ഞശേഷം പത്രോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “അതിനു സദൃശമായ സ്‌നാനം യേശുക്രിസ്‌തുവിന്റെ പുനരുത്ഥാനംവഴി ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു.” (1 പത്രോ. 3:20, 21) അപകടം ഉണ്ടായേക്കാം എന്നു കരുതി എടുക്കുന്ന ഒരു ഇൻഷ്വറൻസ്‌ പോളിസി പോലെയാണ്‌ സ്‌നാനം എന്ന്‌ ഇതിന്‌ അർഥമില്ല. യഹോവയോടു സ്‌നേഹമുള്ളതുകൊണ്ടും അവനെ മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ സേവിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആയിരിക്കണം നിങ്ങൾ സ്‌നാനമേൽക്കുന്നത്‌.—മർക്കോ. 12:29, 30.

14. ചിലർ സ്‌നാനമേൽക്കാൻ മടിക്കുന്നത്‌ എന്തുകൊണ്ട്‌, പക്ഷേ ബൈബിൾ നിങ്ങൾക്ക്‌ എന്ത്‌ ഉറപ്പുനൽകുന്നു?

14 പിന്നീടു സഭയിൽനിന്നു പുറത്താക്കപ്പെട്ടേക്കാം എന്ന പേടികാരണമാണ്‌ ചിലർ സ്‌നാനമേൽക്കാൻ മടിക്കുന്നത്‌. നിങ്ങൾക്ക്‌ ഈ പേടിയുണ്ടോ? ഈ പേടി അതിൽത്തന്നെ തെറ്റല്ല. യഹോവയുടെ സാക്ഷിയായിരിക്കുന്നത്‌ ഗൗരവമുള്ള ഒരു കാര്യമാണെന്ന്‌ നിങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. സ്‌നാനമേൽക്കാൻ തടസ്സമായി നിൽക്കുന്നത്‌ മറ്റെന്തെങ്കിലും കാരണമാണോ? ഒരുപക്ഷേ, ദിവ്യനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതാണ്‌ ഏറ്റവും മികച്ച ജീവിതഗതി എന്ന്‌ നിങ്ങൾക്ക്‌ ഇതുവരെ ബോധ്യമായിട്ടുണ്ടാകില്ല. കാര്യമതാണെങ്കിൽ ബൈബിൾ നിലവാരങ്ങൾക്കുനേരെ പുറംതിരിയുന്നവർക്ക്‌ അനുഭവിക്കേണ്ടിവരുന്ന തിക്തഫലങ്ങളെക്കുറിച്ചു ചിന്തിക്കുക. ശരിയായ തീരുമാനം എടുക്കാൻ അതു നിങ്ങളെ സഹായിക്കും. ഇനി, ദൈവിക നിലവാരങ്ങളൊക്കെ ഇഷ്ടമാണെങ്കിലും ‘അതനുസരിച്ച്‌ ജീവിക്കാൻ എനിക്കു കഴിയുമെന്നു തോന്നുന്നില്ല’ എന്ന ചിന്തയായിരിക്കാം നിങ്ങളെ പുറകോട്ടുവലിക്കുന്നത്‌. വാസ്‌തവത്തിൽ ആ ചിന്ത ഒരു നല്ല ലക്ഷണമാണ്‌: നിങ്ങൾക്ക്‌ താഴ്‌മയുണ്ടെന്നുള്ളതിന്റെ തെളിവ്‌. അപൂർണ മനുഷ്യരുടെയെല്ലാം ഹൃദയം കപടമാണെന്ന്‌ ബൈബിൾതന്നെ പറയുന്നുണ്ട്‌. (യിരെ. 17:9) എന്നാൽ ദൈവത്തിന്റെ “വചനപ്രകാരം” കാലടികളെ സൂക്ഷിച്ചാൽ നിങ്ങൾക്കു വിജയിക്കാനാകും. (സങ്കീർത്തനം 119:9 വായിക്കുക.) സ്‌നാനമേൽക്കുന്നതിൽനിന്നു നിങ്ങളെ തടയുന്ന ആകുലതകളും പ്രശ്‌നങ്ങളും എന്തുതന്നെ ആയാലും അവ മറികടക്കാൻ പരിശ്രമിക്കുക. *

15, 16. സ്‌നാനമേൽക്കാൻ നിങ്ങൾ തയ്യാറാണോ എന്ന്‌ എങ്ങനെ മനസ്സിലാക്കാം?

15 സ്‌നാനമേൽക്കാൻ നിങ്ങൾ തയ്യാറാണോ എന്ന്‌ എങ്ങനെ മനസ്സിലാക്കാം? താഴെക്കൊടുത്തിരിക്കുന്നതുപോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതാണ്‌ ഒരു മാർഗം: ‘ബൈബിളിലെ അടിസ്ഥാന ഉപദേശങ്ങൾ മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കാൻ എനിക്കു കഴിയുമോ? മാതാപിതാക്കൾ വയൽസേവനത്തിനു പോകാത്തപ്പോഴും ഞാൻ പോകാറുണ്ടോ? എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ ഞാൻ ശ്രമിക്കാറുണ്ടോ? ഞാൻ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങാതിരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? എന്റെ മാതാപിതാക്കളും കൂട്ടുകാരും യഹോവയെ ഉപേക്ഷിച്ചു പോയാലും ഞാൻ അപ്പോഴും അവനെ സേവിക്കുമോ? ദൈവവുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച്‌ ഞാൻ പ്രാർഥിക്കുകയും ജീവിതം നിരുപാധികമായി അവനു സമർപ്പിക്കുകയും ചെയ്‌തോ?’

16 നിസ്സാരമായി എടുക്കാവുന്ന ഒരു കാര്യമല്ല സ്‌നാനം. ജീവിതത്തിന്റെ ഗതി നിർണയിക്കുന്ന ഗൗരവമുള്ള ഒരു തീരുമാനമാണത്‌. ഈ നടപടിയെക്കുറിച്ചു ചിന്തിച്ചു തീരുമാനമെടുക്കാൻ വേണ്ട പക്വത നിങ്ങൾക്കായോ? യോഗങ്ങളിൽ നല്ല പ്രസംഗങ്ങൾ നടത്താനാകുന്നു എന്നതുകൊണ്ടോ നല്ല ഉത്തരങ്ങൾ പറയാനാകുന്നു എന്നതുകൊണ്ടോ ഒരാൾക്ക്‌ പക്വതയുണ്ടാകണം എന്നില്ല. പക്വതയുള്ള ഒരു വ്യക്തിക്ക്‌ ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ തിരിച്ചറിയാനും അവയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുണ്ടായിരിക്കും. (എബ്രായർ 5:14 വായിക്കുക.) നിങ്ങൾക്ക്‌ അതിനു കഴിയുന്നുണ്ടോ? എങ്കിൽ, ലഭ്യമായതിൽവെച്ച്‌ ഏറ്റവും വലിയ പദവിയാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്‌: യഹോവയെ മുഴുഹൃദയത്തോടെ സേവിക്കാനും നിങ്ങളെ സ്വയം അവനു സമർപ്പിച്ചിരിക്കുന്നു എന്നു തെളിയിക്കുന്ന വിധത്തിൽ ജീവിക്കാനും ഉള്ള പദവി!

17. സ്‌നാനത്തെത്തുടർന്ന്‌ ഉണ്ടായേക്കാവുന്ന പരിശോധനകൾ നേരിടാൻ നിങ്ങൾക്ക്‌ എങ്ങനെ സാധിക്കും?

17 എന്തെന്നില്ലാത്ത ഉത്സാഹത്തോടെയായിരിക്കാം സ്‌നാനമേറ്റശേഷം നിങ്ങൾ ദൈവസേവനത്തിൽ ഏർപ്പെടുന്നത്‌. എന്നാൽ വൈകാതെ നിങ്ങളുടെ വിശ്വാസത്തിന്റെയും ഉത്സാഹത്തിന്റെയും മാറ്റുരയ്‌ക്കുന്ന പരിശോധനകൾ നേരിട്ടെന്നുവരാം. (2 തിമൊ. 3:12) ഇവയെല്ലാം ഒറ്റയ്‌ക്കു നേരിടേണ്ടിവരുമോ എന്നോർത്ത്‌ പേടിക്കേണ്ട. മാതാപിതാക്കളുടെ സഹായം തേടുക. സഭയിലെ പക്വതയുള്ള സഹോദരങ്ങൾക്കും നിങ്ങളെ സഹായിക്കാനാകും. നിങ്ങൾക്ക്‌ ആത്മധൈര്യം നൽകാനാകുന്നവരെ സുഹൃത്തുക്കളാക്കുക. യഹോവ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാണെന്നും എന്തുവന്നാലും അതു നേരിടാൻ വേണ്ട കരുത്ത്‌ അവൻ നൽകുമെന്നും ഉറപ്പുണ്ടായിരിക്കുക.—1 പത്രോ. 5:6, 7.

ലക്ഷ്യങ്ങളിലെത്താൻ. . .

18, 19. എന്തിനൊക്കെയാണ്‌ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നു ചിന്തിക്കുന്നതിന്റെ പ്രയോജനമെന്ത്‌?

18 എത്രയൊക്കെ ശ്രമിച്ചിട്ടും ആഗ്രഹിക്കുന്നതും ചെയ്യേണ്ടതുമായ എല്ലാ കാര്യങ്ങളും ചെയ്യാൻ ഒരിക്കലും വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നാണോ നിങ്ങളുടെ പരാതി? എങ്കിൽ, എന്തിനൊക്കെയാണ്‌ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നു ചിന്തിച്ചുനോക്കുക. ഇതു ചെയ്‌തുനോക്കൂ: ഒരു ബക്കറ്റെടുത്ത്‌ അതിൽ വലിയ കുറച്ചു കല്ലുകൾ പെറുക്കിവെക്കുക. അതിനുശേഷം അതിൽ മണൽ നിറയ്‌ക്കുക. ഇനി, ആ കല്ലുകളും മണലും ബക്കറ്റിൽനിന്നു മാറ്റി ഒരിടത്തു വെക്കാം. കാലിയായ ആ ബക്കറ്റിലേക്ക്‌ വീണ്ടും മാറ്റിവെച്ച മണലിടുക, പുറകെ കല്ലുകളും. ഇത്തവണ കല്ലുകളെല്ലാം വെക്കാൻ ഇടമില്ല, അല്ലേ? എന്താണ്‌ കാരണം? ആദ്യം മണലിട്ടതാണ്‌ പ്രശ്‌നം.

19 സമയത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ്‌ പ്രശ്‌നം. വിനോദംപോലുള്ള ചെറിയ സംഗതികൾക്കാണ്‌ നിങ്ങൾ പ്രഥമസ്ഥാനം നൽകുന്നതെങ്കിൽ വലിയ കാര്യങ്ങൾക്ക്‌—ആത്മീയ കാര്യങ്ങൾക്ക്‌—വേണ്ടത്ര സമയം ഒരിക്കലും ഉണ്ടായെന്നുവരില്ല. എന്നാൽ ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കാനുള്ള’ ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നെങ്കിലോ? ആത്മീയ കാര്യങ്ങൾക്ക്‌ വേണ്ടുവോളം സമയമുണ്ടാകും എന്നു മാത്രമല്ല വിനോദത്തിനും ആവശ്യമായ സമയം ലഭിക്കും.—ഫിലി. 1:10.

20. ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കവെ എന്തെങ്കിലും ആശങ്ക തോന്നിയാൽ എന്തു ചെയ്യണം?

20 സ്‌നാനം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കവെ നിങ്ങൾക്ക്‌ പലവിധ ആശങ്കകൾ ഉണ്ടായേക്കാം. അപ്പോഴൊക്കെ, “ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീ. 55:22) ആഗോള പ്രസംഗ-പഠിപ്പിക്കൽ വേല മാനവചരിത്രത്തിലെതന്നെ അതിപ്രധാന വേലയാണ്‌; അതിൽ പങ്കെടുക്കാനുള്ള വിശിഷ്ടാവസരം നിങ്ങൾക്കുണ്ട്‌. (പ്രവൃ. 1:8) ഒന്നുകിൽ, മറ്റുള്ളവർ ഈ വേല ചെയ്യുമ്പോൾ നിങ്ങൾക്കു വെറും കാഴ്‌ചക്കാരനായി നിൽക്കാം. അല്ലെങ്കിൽ അവരോടൊപ്പം പ്രവർത്തിച്ചുകൊണ്ട്‌ അതിന്റെ ആവേശത്തിൽ പങ്കുചേരാം. ഒന്നോർക്കുക: ‘യൗവനകാലത്തു സ്രഷ്ടാവിനെ ഓർക്കുന്നതുകൊണ്ട്‌’ നിങ്ങൾക്ക്‌ ഒരിക്കലും ഖേദിക്കേണ്ടിവരില്ല. (സഭാ. 12:1) അതുകൊണ്ട്‌, രാജ്യവേലയ്‌ക്കായി നിങ്ങളുടെ കഴിവുകൾ വിനിയോഗിക്കുന്നതിൽനിന്നു മാറിനിൽക്കരുത്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 7 2010 ജനുവരി 1 വീക്ഷാഗോപുരത്തിന്റെ 23-26 പേജുകൾ കാണുക.

^ ഖ. 14 കൂടുതൽ വിവരങ്ങൾക്ക്‌ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—വാല്യം 2 (ഇംഗ്ലീഷ്‌) അധ്യായം 34 കാണുക.

ഉത്തരം പറയാമോ?

• ലക്ഷ്യങ്ങൾ വെക്കേണ്ടത്‌ എന്തുകൊണ്ട്‌?

• എത്തിപ്പിടിക്കേണ്ട ചില ലക്ഷ്യങ്ങളേവ?

• സ്‌നാനം എന്ന ലക്ഷ്യത്തിലെത്താൻ എന്തൊക്കെ ചെയ്യണം?

• എന്തിനാണ്‌ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നു വിശകലനം ചെയ്യുന്നത്‌ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

ദിവസവും ബൈബിൾ വായിക്കാൻ നിങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ടോ?

[15-ാം പേജിലെ ചിത്രം]

സ്‌നാനം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങളെ എന്തു സഹായിക്കും?

[16-ാം പേജിലെ ചിത്രം]

ഇതിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?