വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ സേവിക്കാൻ പ്രായം തടസ്സമല്ല

ദൈവത്തെ സേവിക്കാൻ പ്രായം തടസ്സമല്ല

ദൈവത്തെ സേവിക്കാൻ പ്രായം തടസ്സമല്ല

2009 ഡിസംബർ 19-ന്‌ സ്‌പെയ്‌നിന്റെ തെക്കുഭാഗത്തുള്ള മാലഗയിൽ ഒരു അമ്മയും മകളും സ്‌നാനമേറ്റു. രണ്ടുപേരുടെയും പേര്‌ അന്ന. സ്‌പെയ്‌നിൽ ആ വർഷം 2,352 പേർ സ്‌നാനമേറ്റിരുന്നു. പക്ഷേ ഈ അമ്മയുടെയും മകളുടെയും കാര്യത്തിൽ ഒരു പ്രത്യേകതയുണ്ട്‌: അന്ന്‌ ആ അമ്മയ്‌ക്കു പ്രായം 107-ഉം മകൾക്ക്‌ 83-ഉം!

ഇവർ യഹോവയ്‌ക്കു സമർപ്പിച്ചു സ്‌നാനമേൽക്കാൻ ഇടയായത്‌ എങ്ങനെയാണ്‌? ഇവരിൽ മകളെ, 1970-കളുടെ തുടക്കത്തിൽ അയൽക്കാരിൽ ഒരാൾ തന്റെ വീട്ടിൽ നടക്കുന്ന സഭാപുസ്‌തകാധ്യയനത്തിനു ക്ഷണിക്കുമായിരുന്നു. ഇടയ്‌ക്കിടെ അന്ന അതിൽ സംബന്ധിച്ചിരുന്നെങ്കിലും ജോലിത്തിരക്കുകാരണം പുരോഗമിച്ചില്ല.

ഏതാണ്ടു പത്തുവർഷത്തിനുശേഷം അന്നയുടെ ചില മക്കൾ ബൈബിൾ പഠിക്കാൻ ആരംഭിച്ചു, ക്രമേണ അവർ സാക്ഷികളായിത്തീർന്നു. അവരിൽ ഒരാളായിരുന്നു മാരി കാർമെൻ. മാരി ബൈബിൾ സത്യത്തോടുള്ള അമ്മയുടെ താത്‌പര്യം ഉണർത്തി. അങ്ങനെ അന്ന വീണ്ടും ബൈബിൾ പഠിക്കാൻ തുടങ്ങി. വൈകാതെ, മാരി കാർമെന്റെ വല്യമ്മയും (അന്ന) ബൈബിൾ പഠിക്കാൻ താത്‌പര്യം കാണിച്ചു. അങ്ങനെ ആ കുടുംബത്തിൽനിന്ന്‌ മൊത്തം പത്തുപേർ സ്‌നാനമേറ്റു.

സ്‌നാനദിവസം ആ അമ്മയുടെയും മകളുടെയും സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. “യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു, അതുകൊണ്ടാണല്ലോ തന്നെ അറിയാൻ അവൻ എനിക്ക്‌ അവസരം തന്നത്‌,” 107 വയസ്സുള്ള ആ വല്യമ്മ പറഞ്ഞു. “പറുദീസ വരുന്നതിനുമുമ്പ്‌ എനിക്ക്‌ യഹോവയെ കഴിയുന്നത്ര സേവിക്കണം, അവന്റെ ഇഷ്ടം ചെയ്യണം, എന്നെക്കൊണ്ടാവുന്നത്ര സുവാർത്ത പ്രസംഗിക്കണം,” മകൾ അന്ന കൂട്ടിച്ചേർത്തു.

യോഗങ്ങളിൽ സംബന്ധിക്കുന്നത്‌ ഈ രണ്ടുവിധവമാർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്‌. “ഇവർ രണ്ടുപേരും ഒരു യോഗവും മുടക്കാറില്ല. വീക്ഷാഗോപുര അധ്യയനത്തിന്‌ ഉത്തരം പറയാൻ ഇരുവരും എപ്പോഴും തയ്യാറായിവരും,” അവരുടെ സഭയിലെ ഒരു മൂപ്പൻ പറയുന്നു.

‘ഉപവാസത്തോടും യാചനയോടുംകൂടെ രാവും പകലും മുടങ്ങാതെ ദൈവാലയത്തിൽ ആരാധന കഴിച്ചുപോന്ന’ ഹന്നാ എന്ന വിധവയുടെ കാര്യമാണ്‌ വിശ്വസ്‌തരായ ഈ സഹോദരിമാരെ കാണുമ്പോൾ മനസ്സിലേക്കുവരുക. ആലയത്തിൽ മുടങ്ങാതെ പോയിരുന്നതിനാൽ ശിശുവായിരുന്ന യേശുവിനെ കാണാനുള്ള വിശിഷ്ടാവസരം ഹന്നായ്‌ക്ക്‌ ലഭിച്ചു. (ലൂക്കോ. 2:36-38) 84 വയസ്സുണ്ടായിരുന്ന ഹന്നായ്‌ക്ക്‌ യഹോവയെ സേവിക്കാൻ പ്രായം ഒരു തടസ്സമായിരുന്നില്ല. നമ്മുടെ ഈ സഹോദരിമാരുടെ കാര്യവും അങ്ങനെതന്നെ!

ബൈബിളിൽനിന്നുള്ള സന്ദേശം ശ്രദ്ധിക്കാൻ താത്‌പര്യമുള്ള ബന്ധുക്കൾ നിങ്ങൾക്കുണ്ടോ? വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരിക്കെ രാജ്യസന്ദേശത്തോടു താത്‌പര്യം കാണിച്ച പ്രായമായ ആരെയെങ്കിലും നിങ്ങൾ കണ്ടിരുന്നോ? അവരും ഈ സഹോദരിമാരെപ്പോലെ ദൈവത്തെ സേവിക്കാൻ തീരുമാനിച്ചേക്കാം എന്ന്‌ ഓർക്കുക; സത്യദൈവമായ യഹോവയെ സേവിക്കാൻ പ്രായം ഒരു പ്രശ്‌നമല്ലല്ലോ!

[25-ാം പേജിലെ ചിത്രം]

“യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു”

[25-ാം പേജിലെ ചിത്രം]

“പറുദീസ വരുന്നതിനുമുമ്പ്‌ എനിക്ക്‌ യഹോവയെ കഴിയുന്നത്ര സേവിക്കണം”