വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യാരാധനയ്‌ക്കായി തീക്ഷ്‌ണതയോടെ

സത്യാരാധനയ്‌ക്കായി തീക്ഷ്‌ണതയോടെ

സത്യാരാധനയ്‌ക്കായി തീക്ഷ്‌ണതയോടെ

“കൊയ്‌ത്തു വളരെയുണ്ട്‌; വേലക്കാരോ ചുരുക്കം.”—മത്താ. 9:37.

1. അടിയന്തിരതയോടെ പ്രവർത്തിക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

അത്യാവശ്യമായി എത്തിച്ചേരേണ്ട ഒരു സ്ഥലത്തേക്ക്‌ നിങ്ങൾ ഓട്ടോറിക്ഷയിൽ യാത്രചെയ്യുകയാണ്‌. സമയം വൈകിയിരിക്കുന്നു. നിങ്ങൾ എന്തു ചെയ്യും? “കുറച്ചുകൂടെ വേഗം പോകാമോ, അത്യാവശ്യമുണ്ട്‌!” എന്ന്‌ ഡ്രൈവറോടു പറഞ്ഞേക്കാം. ഒരു കാര്യം ചെയ്‌തുതീർക്കാനുള്ള സമയം അതിക്രമിക്കുന്നതായി മനസ്സിലാക്കുന്നെങ്കിൽ നിങ്ങളുടെ ധൃതിയും വെപ്രാളവും കൂടും. ശരീരം ഊർജസ്വലതയോടെ പ്രവർത്തിക്കാൻ തയ്യാറെടുക്കും. നിങ്ങൾ കഴിയുന്നത്ര വേഗത്തിലും ചുറുചുറുക്കോടെയും കാര്യങ്ങൾ ചെയ്യും. അടിയന്തിരതയോടെ പ്രവർത്തിക്കുകയാണ്‌ നിങ്ങൾ അപ്പോൾ!

2. സത്യക്രിസ്‌ത്യാനികൾ ഏറ്റവും അടിയന്തിരമായി ചെയ്‌തുതീർക്കേണ്ട വേല ഏത്‌?

2 രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും സകല ജനതകളിൽനിന്നുമുള്ള ആളുകളെ ശിഷ്യരാക്കുകയും ചെയ്യുന്നതിൽപ്പരം അടിയന്തിരമായ ഒരു വേല സത്യക്രിസ്‌ത്യാനികൾക്ക്‌ ഇന്നില്ല. (മത്താ. 24:14; 28:19, 20) “ആദ്യംതന്നെ,” അതായത്‌ അന്ത്യം വരുന്നതിനുമുമ്പ്‌, ഈ വേല നിർവഹിക്കപ്പെടണമെന്ന്‌ യേശു പറഞ്ഞതായി മർക്കോസ്‌ രേഖപ്പെടുത്തി. (മർക്കോ. 13:10) അതിന്റെ കാരണം യേശുവിന്റെ പിൻവരുന്ന വാക്കുകളിൽ കാണാം. അവൻ പറഞ്ഞു: “കൊയ്‌ത്തു വളരെയുണ്ട്‌; വേലക്കാരോ ചുരുക്കം.” വെച്ചുതാമസിപ്പിക്കാവുന്ന ഒരു കാര്യമല്ല കൊയ്‌ത്ത്‌, സമയം കഴിയുന്നതിനുമുമ്പ്‌ വിളവു കൊയ്‌തെടുക്കണം.—മത്താ. 9:37.

3. പ്രസംഗവേലയുടെ അടിയന്തിരത കണക്കിലെടുത്ത്‌ പലരും എന്തു ചെയ്‌തിരിക്കുന്നു?

3 പ്രസംഗവേലയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ നമ്മെക്കൊണ്ടാവുന്നത്ര നാം അതിൽ ഉൾപ്പെടേണ്ടതാണ്‌. നമ്മുടെ സമയവും ശ്രദ്ധയും ഊർജവും അതിനായി വിനിയോഗിക്കണം. പല സഹോദരീസഹോദരന്മാരും അപ്രകാരം ചെയ്‌തിരിക്കുന്നു. പയനിയർമാരോ മിഷനറിമാരോ ബെഥേൽ അംഗങ്ങളോ ആയി മുഴുസമയം ദൈവത്തെ സേവിക്കാൻ ജീവിതം ലളിതമാക്കിയവരാണ്‌ അവരിൽ പലരും. തിരക്കുള്ള ജീവിതമാണ്‌ അവരുടേത്‌. അവർ പലതും വേണ്ടെന്നു വെച്ചിരിക്കുന്നു. അവർക്കു പല വെല്ലുവിളികൾ നേരിടേണ്ടതുമുണ്ട്‌. എന്നാൽ തന്റെ ഈ ദാസന്മാരെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. അവരെക്കുറിച്ച്‌ ഓർക്കുമ്പോൾ നമുക്ക്‌ അഭിമാനം തോന്നാറില്ലേ? (ലൂക്കോസ്‌ 18:28-30 വായിക്കുക.) മുഴുസമയ ശുശ്രൂഷകരാകാൻ കഴിയാത്ത മറ്റു പലരും തങ്ങളെക്കൊണ്ടാകുന്നിടത്തോളം ഈ ജീവരക്ഷാകരമായ വേലയിൽ ഏർപ്പെടുന്നു; രക്ഷയുടെ പാതയിൽ നടക്കാൻ സ്വന്തം മക്കളെ സഹായിക്കുന്നതും ഈ വേലയുടെ ഭാഗമാണ്‌.—ആവ. 6:6, 7.

4. ചിലർക്ക്‌ അടിയന്തിരതാബോധം നഷ്ടമായേക്കാവുന്നത്‌ എന്തുകൊണ്ട്‌?

4 നാം കണ്ടതുപോലെ, ഒരു കാര്യം ചെയ്‌തുതീർക്കേണ്ടത്‌ എപ്പോഴാണെന്നും അതിന്‌ അധികം സമയമില്ലെന്നും അറിയുമ്പോഴാണ്‌ സാധാരണഗതിയിൽ അടിയന്തിരത തോന്നുക. നാം ജീവിക്കുന്നത്‌ അന്ത്യകാലത്താണ്‌ എന്ന വസ്‌തുതയെ പിന്താങ്ങുന്ന ധാരാളം തെളിവുകൾ തിരുവെഴുത്തുകളിലും ചരിത്രത്തിലും കാണാം. (മത്താ. 24:3, 33; 2 തിമൊ. 3:1-5) പക്ഷേ, അന്ത്യം വരുന്ന ആ കൃത്യ സമയം മനുഷ്യർക്കാർക്കും അറിയില്ല. ‘യുഗസമാപ്‌തിയുടെ അടയാളത്തെക്കുറിച്ച്‌’ വിശദീകരിക്കവെ യേശു ഇക്കാര്യം വ്യക്തമാക്കി: “ആ നാളും നാഴികയും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.” (മത്താ. 24:36) സാഹചര്യം ഇങ്ങനെയായിരിക്കെ, വർഷങ്ങൾ കടന്നുപോകുന്തോറും അടിയന്തിരതാബോധം കാത്തുസൂക്ഷിക്കാൻ ചിലർക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം, വിശേഷിച്ച്‌ അനേക വർഷങ്ങളായി കാത്തിരിക്കുന്നവർക്ക്‌. (സദൃ. 13:12) നിങ്ങൾക്ക്‌ എപ്പോഴെങ്കിലും ഇത്‌ ഒരു പ്രശ്‌നമായിരുന്നിട്ടുണ്ടോ? യഹോവയാംദൈവവും യേശുക്രിസ്‌തുവും നൽകിയിരിക്കുന്ന നിയമനത്തെ അടിയന്തിരതയോടെ നിർവഹിക്കേണ്ട ഒന്നായി വീക്ഷിക്കാനും അതിൽ തിരക്കോടെ ഏർപ്പെടാനും നമ്മെ എന്തു സഹായിക്കും?

മാതൃകാപുരുഷനിൽനിന്നു പഠിക്കുക

5. യേശുവിന്റെ അടിയന്തിരതാബോധം അവന്റെ ശുശ്രൂഷയിൽ നിഴലിച്ചത്‌ എങ്ങനെ?

5 ദൈവസേവനത്തിൽ അടിയന്തിരതാബോധത്തോടെ പ്രവർത്തിച്ചവരിൽ യേശുവിന്‌ ഒപ്പമെത്താൻ ആരുമില്ല. വെറും മൂന്നരവർഷക്കാലംകൊണ്ട്‌ വളരെയേറെ കാര്യങ്ങൾ ചെയ്‌തുതീർക്കേണ്ടതുണ്ടായിരുന്നതിനാൽ അവൻ അടിയന്തിരതയോടെ പ്രവർത്തിച്ചു. സത്യാരാധനയ്‌ക്കുവേണ്ടി യേശു ആ കാലയളവിൽ ചെയ്‌തിടത്തോളം ചെയ്യാൻ മറ്റാർക്കും ഒരിക്കലും സാധിച്ചിട്ടില്ല. അവൻ തന്റെ പിതാവിന്റെ നാമവും ഉദ്ദേശ്യവും പ്രസിദ്ധമാക്കി, രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചു, മതനേതാക്കളുടെ പൊള്ളത്തരവും വ്യാജോപദേശങ്ങളും വെളിച്ചത്തുകൊണ്ടുവന്നു, മരണത്തോളം യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിച്ചു. ആളുകളെ ഉപദേശിക്കാനും സഹായിക്കാനും സുഖപ്പെടുത്താനും അവൻ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ചുറ്റിസഞ്ചരിച്ചു. (മത്താ. 9:35) ഇത്രയും കുറഞ്ഞ സമയംകൊണ്ട്‌ ഇത്രയേറെ കാര്യങ്ങൾ ചെയ്‌തുതീർത്ത മറ്റൊരു വ്യക്തിയെ കണ്ടെത്താനാവില്ല. അതെ, മറ്റാർക്കും കഴിയാത്ത വിധത്തിൽ യേശു അധ്വാനിച്ചു.—യോഹ. 18:37.

6. എന്തിലായിരുന്നു യേശുവിന്റെ ശ്രദ്ധ?

6 ശുശ്രൂഷയിൽ അശ്രാന്തം പരിശ്രമിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌? യഹോവയുടെ സമയപ്പട്ടികയിൽ താൻ എവിടെയാണ്‌ നിൽക്കുന്നതെന്ന്‌ ദാനീയേൽ പ്രവചനത്തിൽനിന്ന്‌ യേശു മനസ്സിലാക്കിയിട്ടുണ്ടാകാം. (ദാനീ. 9:27) ആ പ്രവചനം അനുസരിച്ച്‌ “ആഴ്‌ചവട്ടത്തിന്റെ മദ്ധ്യേ” അഥവാ മൂന്നരവർഷംകൊണ്ട്‌ ഭൂമിയിലെ അവന്റെ ശുശ്രൂഷ അവസാനിക്കേണ്ടിയിരുന്നു. എ.ഡി. 33-ലെ വസന്തത്തിൽ കഴുതപ്പുറത്തേറി യെരുശലേമിലേക്കു പ്രവേശിച്ച ഉടനെ യേശു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നിരിക്കുന്നു.” (യോഹ. 12:23) അതെ, തന്റെ മരണം അടുത്തിരിക്കുന്നു എന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. പക്ഷേ അതേക്കുറിച്ചായിരുന്നില്ല അവന്റെ ചിന്ത; തന്റെ വേലയിൽ തിരക്കോടെ ഏർപ്പെടാൻ അവനെ പ്രേരിപ്പിച്ച മുഖ്യസംഗതിയും അതായിരുന്നില്ല. പിതാവിന്റെ ഹിതം ചെയ്യാനും സഹമനുഷ്യരോട്‌ തനിക്കുള്ള സ്‌നേഹം കാണിക്കാനും അവസരങ്ങൾ തേടുന്നതിലായിരുന്നു അവന്റെ ശ്രദ്ധമുഴുവൻ. ശിഷ്യന്മാരെ കൂട്ടിച്ചേർത്ത്‌ അവർക്കുവേണ്ട പരിശീലനം നൽകി പ്രസംഗവേലയ്‌ക്കായി പറഞ്ഞയയ്‌ക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ ഈ സ്‌നേഹമാണ്‌. താൻ തുടങ്ങിവെച്ച വേല തുടർന്നുകൊണ്ടുപോകാനും താൻ ചെയ്‌തതിലും വലിയ കാര്യങ്ങൾ ചെയ്യാനും അവരെ സജ്ജരാക്കുകയായിരുന്നു അവൻ.—യോഹന്നാൻ 14:12 വായിക്കുക.

7, 8. ദൈവാലയത്തിൽനിന്ന്‌ കച്ചവടക്കാരെ യേശു ആട്ടിപ്പുറത്താക്കിയപ്പോൾ ശിഷ്യന്മാർക്ക്‌ എന്താണ്‌ ഓർമവന്നത്‌, അത്‌ ചെയ്യാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

7 യേശുവിന്റെ തീക്ഷ്‌ണത വ്യക്തമാക്കുന്ന ഒരു സന്ദർഭം നോക്കാം. അവന്റെ ശുശ്രൂഷയുടെ ആരംഭത്തിലാണത്‌. എ.ഡി. 30-ലെ പെസഹാ പെരുന്നാൾ അടുത്തുവരുകയായിരുന്നു. യേശുവും ശിഷ്യന്മാരും യെരുശലേമിലെ ആലയത്തിൽ എത്തിയപ്പോൾ “ആടുമാടുകളെയും പ്രാവുകളെയും വിൽക്കുന്നവരെയും അവിടെ ഇരിക്കുന്ന നാണയമാറ്റക്കാരെയും” കണ്ടു. എന്തായിരുന്നു യേശുവിന്റെ പ്രതികരണം? അതുകണ്ടപ്പോൾ ശിഷ്യന്മാരുടെ മനസ്സിലേക്ക്‌ എന്തു കടന്നുവന്നു?—യോഹന്നാൻ 2:13-17 വായിക്കുക.

8 യേശു അപ്പോൾ പറഞ്ഞതും ചെയ്‌തതുമായ കാര്യങ്ങൾ ദാവീദിന്റെ ഒരു സങ്കീർത്തനത്തിലെ പ്രാവചനിക വാക്കുകളാണ്‌ ശിഷ്യന്മാരുടെ മനസ്സിലേക്കുകൊണ്ടുവന്നത്‌: “അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്‌ണത എന്നെ ദഹിപ്പിച്ചു കളയുന്നു.” (സങ്കീ. 69:9, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) അവർ അങ്ങനെ ചിന്തിക്കാനുള്ള കാരണം എന്താണ്‌? വളരെയേറെ അപകടംപിടിച്ച ഒരു കാര്യമാണ്‌ അവൻ ചെയ്‌തത്‌. ഈ പകൽക്കൊള്ളയ്‌ക്കു പിന്നിൽ പുരോഹിതന്മാരും ശാസ്‌ത്രിമാരും മറ്റും അടങ്ങുന്ന ആലയ അധികാരികൾ തന്നെയായിരുന്നു. ആ ഉദ്യമം പരാജയപ്പെടുത്തുകവഴി യേശു അവരുടെ ശത്രുത സമ്പാദിച്ചു. ശിഷ്യന്മാർ തിരിച്ചറിഞ്ഞതുപോലെ, ‘ദൈവാലയത്തെക്കുറിച്ചുള്ള’ അഥവാ സത്യാരാധനയെപ്രതിയുള്ള അവന്റെ “തീക്ഷ്‌ണത”യാണ്‌ അന്നു പ്രകടമായത്‌. ആകട്ടെ, എന്താണ്‌ തീക്ഷ്‌ണത?

എന്താണ്‌ തീക്ഷ്‌ണത?

9. തീക്ഷ്‌ണത എന്താണെന്നു വിശദീകരിക്കുക.

9 “ഉത്‌കടമായ താത്‌പര്യം, ഒരു സംഗതിയെപ്രതിയുള്ള ശുഷ്‌കാന്തി” എന്നാണ്‌ “തീക്ഷ്‌ണത”യെ ഒരു നിഘണ്ടു നിർവചിക്കുന്നത്‌. ചൂട്‌, എരിവ്‌, ഉത്സാഹം, തീവ്രത, ആവേശം എന്നിവയൊക്കെ അതിന്റെ പര്യായപദങ്ങളായി നൽകിയിരിക്കുന്നു. യേശുവിന്റെ ശുശ്രൂഷയെ വിശേഷിപ്പിക്കാൻ ഉതകുന്ന വാക്കുകളാണ്‌ ഇവയെല്ലാം. അതുകൊണ്ടാണ്‌ ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, “അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്‌ണത എന്നെ ദഹിപ്പിച്ചു കളയുന്നു” എന്ന്‌ സങ്കീർത്തനം 69:9 വിവർത്തനം ചെയ്‌തിരിക്കുന്നത്‌. ചില പൗരസ്‌ത്യഭാഷകളിൽ “തീക്ഷ്‌ണത” എന്ന വാക്കിന്റെ അക്ഷരാർഥം “ചൂടുള്ള ഹൃദയം” എന്നാണ്‌. ഹൃദയം ജ്വലിക്കുന്നു എന്ന ധ്വനിയാണ്‌ അതിനുള്ളത്‌. ആലയത്തിൽ യേശു ചെയ്‌തതു കണ്ടപ്പോൾ ശിഷ്യന്മാരുടെ മനസ്സിലേക്ക്‌ ദാവീദിന്റെ വാക്കുകൾ കടന്നുവന്നതിൽ അതിശയിക്കാനില്ല. ഇപ്രകാരം, ഹൃദയത്തിനു ചൂടുപിടിച്ചാലെന്നപോലെ തീക്ഷ്‌ണതയോടെ പ്രവർത്തിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

10. “തീക്ഷ്‌ണത” എന്നു പറയുമ്പോൾ ബൈബിൾ എന്താണ്‌ അർഥമാക്കുന്നത്‌?

10 സത്യവേദപുസ്‌തകത്തിൽ “തീക്ഷ്‌ണതയുള്ള” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തെ പുതിയ ലോക ഭാഷാന്തരം “സമ്പൂർണഭക്തി നിഷ്‌കർഷിക്കുന്ന” എന്നാണ്‌ ചിലയിടങ്ങളിൽ വിവർത്തനം ചെയ്‌തിരിക്കുന്നത്‌. (പുറ. 20:5; യോശു. 24:19) ആ എബ്രായ പദത്തെക്കുറിച്ച്‌ ഒരു ബൈബിൾ നിഘണ്ടു പറയുന്നത്‌ ഇങ്ങനെയാണ്‌: “വൈവാഹിക ബന്ധത്തെക്കുറിച്ചു പറയാൻ ഈ പദം സാധാരണ ഉപയോഗിക്കാറുണ്ട്‌. . . . ഇണയിൽനിന്ന്‌ പരിപൂർണ വിശ്വസ്‌തത പ്രതീക്ഷിക്കാനുള്ള അർഹത ഭാര്യക്കോ ഭർത്താവിനോ ഉള്ളതുപോലെ തന്റെ ദാസരിൽനിന്ന്‌ സമ്പൂർണഭക്തി പ്രതീക്ഷിക്കാനുള്ള അവകാശം ദൈവത്തിനുണ്ട്‌. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്ക്‌ അവൻ തയ്യാറല്ല.” ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന തീക്ഷ്‌ണത എന്ന പദത്തിന്‌ ഇഷ്ടപ്പെട്ട ഒരു കളി കാണുമ്പോൾ കാണികൾക്കു തോന്നുന്നതുപോലുള്ള ആവേശത്തെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു എന്നു വ്യക്തം. നിന്ദയോ മത്സരമോ വെച്ചുപൊറുപ്പിക്കാതെ, സൽപ്പേര്‌ നിലനിറുത്താനും അപകീർത്തി നീക്കാനും കാണിക്കുന്ന ശുഷ്‌കാന്തിയെ അഥവാ വ്യഗ്രതയെയാണ്‌ “തീക്ഷ്‌ണത” എന്നതുകൊണ്ട്‌ ദാവീദ്‌ അർഥമാക്കിയത്‌.

11. തീക്ഷ്‌ണതയോടെ പ്രവർത്തിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

11 യേശു ആലയത്തിൽ ചെയ്‌ത കാര്യങ്ങൾ കണ്ടപ്പോൾ ദാവീദിന്റെ വാക്കുകളെക്കുറിച്ച്‌ ശിഷ്യന്മാർ ചിന്തിച്ചതിൽ അത്ഭുതപ്പെടാനില്ല. യേശു ശുഷ്‌കാന്തി കാണിച്ചത്‌ അവന്റെ സമയം പരിമിതമായിരുന്നതുകൊണ്ടു മാത്രമല്ല. തന്റെ പിതാവിന്റെ നാമത്തെക്കുറിച്ചും സത്യാരാധനയെക്കുറിച്ചും അവന്‌ എരിവുണ്ടായിരുന്നു; അവനെ തീക്ഷ്‌ണതയുള്ളവനാക്കിയ മുഖ്യഘടകം അതാണ്‌. ദൈവനാമം നിന്ദിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും കണ്ടപ്പോൾ അവന്റെ ഉള്ളം ജ്വലിച്ചു; ആ നിന്ദയും അപമാനവും നീക്കാൻ അവൻ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചു. സാധാരണക്കാരായ മനുഷ്യരെ മതനേതാക്കൾ ചൂഷണം ചെയ്യുന്നതും അടിച്ചമർത്തുന്നതും കണ്ടപ്പോൾ അവർക്ക്‌ ആശ്വാസം നൽകാൻ, അവരെ സഹായിക്കാൻ അവന്‌ ഉത്‌കടമായ ആഗ്രഹം തോന്നി. അതേസമയം തന്റെ തീക്ഷ്‌ണതനിമിത്തം, കണ്ണിൽച്ചോരയില്ലാത്ത മതനേതാക്കളെ കടുത്തഭാഷയിൽ കുറ്റംവിധിക്കാൻ അവൻ മടിച്ചില്ല.—മത്താ. 9:36; 23:2, 4, 27, 28, 33.

സത്യാരാധനയ്‌ക്കായി തീക്ഷ്‌ണതയോടെ പ്രവർത്തിക്കുക

12, 13. ദൈവനാമത്തിന്റെയും ദൈവരാജ്യത്തിന്റെയും കാര്യത്തിൽ ക്രൈസ്‌തവ നേതാക്കന്മാർ എന്തു ചെയ്‌തിരിക്കുന്നു?

12 ഇന്ന്‌ ദൈവത്തെ ആരാധിക്കുന്നു എന്ന്‌ അവകാശപ്പെടുന്നവരുടെ പ്രവൃത്തികളും മനോഭാവങ്ങളും യേശുവിന്റെ കാലത്തെ ആളുകളുടേതിൽനിന്നു വ്യത്യസ്‌തമല്ല, കുറെക്കൂടി മോശമാണെങ്കിലേ ഉള്ളൂ. ഇതേക്കുറിച്ചു ചിന്തിക്കുക: യേശു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ ആദ്യം പറഞ്ഞത്‌ ദൈവത്തിന്റെ നാമത്തെക്കുറിച്ചാണ്‌. “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു പ്രാർഥിക്കാൻ അവൻ അവരോട്‌ പറഞ്ഞു. (മത്താ. 6:9) പക്ഷേ, ഇന്ന്‌ ഏതെങ്കിലും മതനേതാക്കന്മാർ, വിശേഷിച്ചും ക്രൈസ്‌തവലോകത്തിലെ പുരോഹിതന്മാർ ദൈവത്തിന്റെ നാമം ആളുകൾക്കു പറഞ്ഞുകൊടുക്കുന്നതായോ അതു വിശുദ്ധീകരിക്കാൻ, മഹത്ത്വപ്പെടുത്താൻ അവരെ പഠിപ്പിക്കുന്നതായോ നിങ്ങൾ കണ്ടിട്ടുണ്ടോ? ത്രിത്വം, ആത്മാവിന്റെ അമർത്യത, നരകം എന്നിങ്ങനെയുള്ള വ്യാജ ഉപദേശങ്ങളിലൂടെ, ദൈവം എന്ന ആശയം നിഗൂഢവും ദുർഗ്രഹവുമാണെന്നും അവൻ ക്രൂരനും നിഷ്‌ഠുരനുമാണെന്നും ചിത്രീകരിക്കുകയല്ലേ അവർ? തങ്ങളുടെ വഴിവിട്ട ജീവിതവും കാപട്യവും കൊണ്ട്‌ അവർ ദൈവത്തിനു നിന്ദവരുത്തുകയാണ്‌. (റോമർ 2:21-24 വായിക്കുക.) ഇതൊന്നും പോരാത്തതിന്‌, ആളുകളിൽനിന്ന്‌ ദൈവത്തിന്റെ പേര്‌ മറച്ചുവെക്കാൻ കിണഞ്ഞുശ്രമിച്ചിരിക്കുന്ന അവർ ബൈബിൾ ഭാഷാന്തരങ്ങളിൽനിന്ന്‌ ആ പേരു നീക്കുകപോലും ചെയ്‌തിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ദൈവവുമായി അടുക്കാനും അവനുമായി ഒരു അടുത്തബന്ധം സ്ഥാപിക്കാനും അവർ ആളുകളെ സമ്മതിക്കുന്നില്ല.—യാക്കോ. 4:7, 8.

13 ദൈവരാജ്യത്തിനായി പ്രാർഥിക്കാനും യേശു ശിഷ്യന്മാരോടു പറഞ്ഞു. “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥിക്കാൻ അവൻ അവരെ പഠിപ്പിച്ചു. (മത്താ. 6:10) ക്രൈസ്‌തവലോകത്തിലെ മതനേതാക്കന്മാർ ഈ പ്രാർഥന ആവർത്തിച്ചു ചൊല്ലുന്നുണ്ടെങ്കിലും രാഷ്‌ട്രീയ സംഘടനകളെയും മറ്റും പിന്തുണയ്‌ക്കാനാണ്‌ അവർ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നത്‌. പോരാത്തതിന്‌, ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും അതിനു സാക്ഷ്യംനൽകുകയും ചെയ്യുന്നവരെ അവർ അവമതിക്കുന്നു. ഫലമോ? ക്രൈസ്‌തവരിൽ മിക്കവരും ദൈവരാജ്യത്തിൽ വിശ്വസിക്കുന്നില്ലെന്നു മാത്രമല്ല, അതേക്കുറിച്ച്‌ സംസാരിക്കാറുപോലുമില്ല.

14. ക്രൈസ്‌തവലോകത്തിലെ പുരോഹിതന്മാർ ദൈവവചനത്തിൽ വെള്ളം ചേർത്തിരിക്കുന്നത്‌ എങ്ങനെ?

14 ദൈവത്തോടു പ്രാർഥിച്ചപ്പോൾ, “നിന്റെ വചനം സത്യം ആകുന്നുവല്ലോ” എന്ന്‌ യേശു വ്യക്തമായി പറയുകയുണ്ടായി. (യോഹ. 17:17) തന്റെ ജനത്തിന്‌ ആത്മീയഭക്ഷണം നൽകുന്നതിനുവേണ്ടി ഒരു “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ നിയോഗിക്കുമെന്ന്‌ ഭൂമിയിലായിരിക്കെ യേശു പറഞ്ഞിരുന്നു. (മത്താ. 24:45) ദൈവവചനം പഠിപ്പിക്കുന്നവരെന്ന്‌ ക്രൈസ്‌തവലോകത്തിലെ പുരോഹിതന്മാർ അവകാശപ്പെടുന്നുണ്ടെങ്കിലും യജമാനൻ നൽകിയ വേല അവർ വിശ്വസ്‌തതയോടെ നിർവഹിച്ചിട്ടുണ്ടോ? ഇല്ല. ബൈബിളിനെ വെറും കെട്ടുകഥയെന്നു മുദ്രകുത്താനാണ്‌ അവർ ശ്രമിച്ചിരിക്കുന്നത്‌. അജഗണങ്ങൾക്ക്‌ അറിവും ആശ്വാസവും നൽകുന്ന ആത്മീയാഹാരം കൊടുക്കുന്നതിനുപകരം കർണരസം പകരുന്ന തത്ത്വശാസ്‌ത്രങ്ങളാണ്‌ അവർ പഠിപ്പിക്കുന്നത്‌. ധാർമികബോധമില്ലാത്ത വിശ്വാസികളെ മുഷിപ്പിക്കാതിരിക്കാൻ അവർ ദൈവത്തിന്റെ നിലവാരങ്ങളിൽ വെള്ളം ചേർത്തിരിക്കുന്നു.—2 തിമൊ. 4:3, 4.

15. ദൈവത്തിന്റെ പേരിൽ പുരോഹിതന്മാർ കാണിച്ചുകൂട്ടിയിരിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ നിങ്ങൾക്ക്‌ എന്താണ്‌ തോന്നാറുള്ളത്‌?

15 ദൈവത്തിന്റെ പേരിൽ ക്രൈസ്‌തവലോകം കാണിച്ചുകൂട്ടിയിരിക്കുന്ന കൊള്ളരുതായ്‌മകൾനിമിത്തം, ആത്മാർഥരായ പലരും ആശയറ്റവരാണ്‌. അവർക്ക്‌ ദൈവത്തിലും അവന്റെ വചനത്തിലും വിശ്വാസം നഷ്ടമായിരിക്കുന്നു എന്നു മാത്രമല്ല അവർ സാത്താനും അവന്റെ ദുഷ്ടലോകത്തിനും ഇരകളായിത്തീരുകയും ചെയ്‌തിരിക്കുന്നു. ഇത്തരം കാര്യങ്ങൾ നിത്യേന കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ദൈവദാസരായ നിങ്ങൾക്ക്‌ എന്താണ്‌ തോന്നാറുള്ളത്‌? ദൈവത്തിന്റെ നാമത്തിന്മേൽ നിന്ദയും അപവാദവും കുമിഞ്ഞിരിക്കുന്നതു കാണുമ്പോൾ ആ നാമത്തിന്റെ വിശുദ്ധിക്കായി ആവുന്നതെല്ലാം ചെയ്യാൻ നിങ്ങളുടെ ഉള്ളം വെമ്പൽകൊള്ളാറില്ലേ? ആത്മാർഥരായ, സത്യസന്ധരായ ആളുകൾ ആത്മീയമായി കബളിപ്പിക്കപ്പെടുന്നതും ചൂഷണംചെയ്യപ്പെടുന്നതും കാണുമ്പോൾ അവരുടെ സഹായത്തിനെത്താൻ നിങ്ങൾക്കു തോന്നാറില്ലേ? “ഇടയനില്ലാത്ത ആടുകളെപ്പോലെ ദ്രോഹിക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരും” ആയ ആളുകളെ കണ്ടപ്പോൾ യേശുവിന്റെ മനസ്സലിഞ്ഞു. പക്ഷേ അവൻ അതിലധികം ചെയ്‌തു. “അവൻ പല കാര്യങ്ങളും അവരെ പഠിപ്പിക്കാൻതുടങ്ങി” എന്ന്‌ തിരുവെഴുത്തു പറയുന്നു. (മത്താ. 9:36; മർക്കോ. 6:34) യേശുവിനെപ്പോലെ സത്യാരാധനയ്‌ക്കായി തീക്ഷ്‌ണതയോടെ പ്രവർത്തിക്കാൻ നമുക്കും കാരണങ്ങളുണ്ട്‌.

16, 17. (എ) ഉത്സാഹപൂർവം ശുശ്രൂഷയിൽ ഏർപ്പെടാൻ നമ്മെ പ്രചോദിപ്പിക്കുന്നത്‌ എന്താണ്‌? (ബി) അടുത്ത ലേഖനം എന്തിനെക്കുറിച്ചുള്ളതാണ്‌?

16 ശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ ഏർപ്പെടുമ്പോൾ 1 തിമൊഥെയൊസ്‌ 2:3, 4-ലെ പൗലോസിന്റെ വാക്കുകളുടെ അർഥം ഉൾക്കൊണ്ടു പ്രവർത്തിക്കുകയായിരിക്കും നാം. (വായിക്കുക.) അന്ത്യകാലത്താണ്‌ ജീവിക്കുന്നതെന്ന്‌ അറിയാവുന്നതുകൊണ്ടു മാത്രമല്ല നാം ശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ ഏർപ്പെടുന്നത്‌. അത്‌ ദൈവത്തിന്റെ ഇഷ്ടമാണെന്ന തിരിച്ചറിവും നമുക്ക്‌ പ്രേരണയേകുന്നു. ദൈവത്തെ ആരാധിക്കാനും സേവിക്കാനും അങ്ങനെ അനുഗ്രഹം പ്രാപിക്കാനും കഴിയേണ്ടതിന്‌ ആളുകൾ സത്യം മനസ്സിലാക്കണമെന്നുള്ളത്‌ അവന്റെ ആഗ്രഹമാണ്‌. ‘ഇനി അധികം സമയമില്ല’ എന്ന ചിന്തയല്ല, മറിച്ച്‌ ദൈവനാമത്തെ മഹത്ത്വപ്പെടുത്താനും ആളുകൾക്ക്‌ ദൈവത്തെക്കുറിച്ചുള്ള അറിവു പകർന്നുകൊടുക്കാനുമുള്ള ആഗ്രഹമാണ്‌ ഉത്സാഹപൂർവം ശുശ്രൂഷയിൽ ഏർപ്പെടാൻ നമ്മെ പ്രചോദിപ്പിക്കുന്ന മുഖ്യഘടകം. അതെ, സത്യാരാധനയ്‌ക്കുവേണ്ടി തീക്ഷ്‌ണതയോടെ പ്രവർത്തിക്കുന്നവരാണ്‌ നാം.—1 തിമൊ. 4:16.

17 മനുഷ്യവർഗത്തെയും ഭൂമിയെയും കുറിച്ചുള്ള ദൈവോദ്ദേശ്യം മനസ്സിലാക്കാൻ ദൈവജനമായ നമുക്ക്‌ അവസരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട്‌, സന്തോഷം കണ്ടെത്താനും ഭാവിയെക്കുറിച്ച്‌ സുനിശ്ചിതമായ ഒരു പ്രത്യാശ ഉണ്ടായിരിക്കാനും മറ്റുള്ളവരെ സഹായിക്കാൻ നമുക്കു കഴിയും. സാത്താന്റെ ഈ ലോകത്തിന്മേൽ നാശത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിക്കുമ്പോൾ രക്ഷപെടാൻ എന്തു ചെയ്യണമെന്ന്‌ അവർക്കു കാണിച്ചുകൊടുക്കാനും നമുക്കാകും. (2 തെസ്സ. 1:7-9) യഹോവയുടെ ദിവസം വൈകുന്നു എന്നു ചിന്തിച്ച്‌ നിരാശപ്പെട്ടു തണുത്തുപോകുന്നതിനുപകരം സത്യാരാധനയെപ്രതിയുള്ള നമ്മുടെ തീക്ഷ്‌ണത കാണിക്കാൻ ഇനിയും സമയം ശേഷിച്ചിരിക്കുന്നതിൽ നാം സന്തോഷിക്കുകയല്ലേ വേണ്ടത്‌? (മീഖാ 7:7; ഹബ. 2:3) ആ തീക്ഷ്‌ണത നമുക്ക്‌ എങ്ങനെ വളർത്തിയെടുക്കാം? അതേക്കുറിച്ചാണ്‌ അടുത്ത ലേഖനം.

വിശദീകരിക്കാമോ?

• തന്റെ ശുശ്രൂഷയിലുടനീളം അശ്രാന്തം പരിശ്രമിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

• “തീക്ഷ്‌ണത” എന്നു പറയുമ്പോൾ ബൈബിൾ എന്താണ്‌ അർഥമാക്കുന്നത്‌?

• സത്യാരാധനയ്‌ക്കുവേണ്ടി തീക്ഷ്‌ണത കാണിക്കാൻ പ്രേരിപ്പിക്കുന്ന എന്താണ്‌ നാം നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ചിത്രം]

പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിലും സഹമനുഷ്യരോട്‌ സ്‌നേഹം കാണിക്കുന്നതിലും ആയിരുന്നു യേശുവിന്റെ ശ്രദ്ധ

[10-ാം പേജിലെ ചിത്രം]

സത്യാരാധനയ്‌ക്കായി തീക്ഷ്‌ണതയോടെ പ്രവർത്തിക്കാൻ നമുക്കു നിരവധി കാരണങ്ങളുണ്ട്‌