വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏതു പരിശോധനയും നേരിടാൻ ശക്തി ലഭിച്ചവർ

ഏതു പരിശോധനയും നേരിടാൻ ശക്തി ലഭിച്ചവർ

ഏതു പരിശോധനയും നേരിടാൻ ശക്തി ലഭിച്ചവർ

“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌തനാണ്‌.”—ഫിലി. 4:13.

1. യഹോവയുടെ ജനത്തിന്‌ പല പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നത്‌ എന്തുകൊണ്ട്‌?

യഹോവയുടെ ജനത്തിന്‌ പ്രശ്‌നങ്ങൾ ഒരു പുത്തരിയല്ല. ചില പ്രശ്‌നങ്ങൾ നമ്മുടെതന്നെ അപൂർണതനിമിത്തം ഉണ്ടാകുന്നവയാണ്‌; മറ്റുചിലത്‌ നാം ജീവിക്കുന്ന ഈ വ്യവസ്ഥിതി സമ്മാനിക്കുന്നവയും. ദൈവത്തെ സേവിക്കുന്നവർക്കും സേവിക്കാത്തവർക്കും ഇടയിലുള്ള ‘ശത്രുതയുടെ’ ഫലമാണ്‌ വേറെ ചിലത്‌. (ഉല്‌പ. 3:15) മാനവകുലത്തിന്റെ ആരംഭംമുതൽ, വിശ്വാസത്തെപ്രതിയുള്ള പീഡനങ്ങളും സമപ്രായക്കാരിൽനിന്നുള്ള സമ്മർദങ്ങളും മറ്റുതരത്തിലുള്ള പ്രശ്‌നങ്ങളും നേരിടാൻവേണ്ട സഹായം ദൈവം തന്റെ വിശ്വസ്‌തരായ ദാസന്മാർക്ക്‌ നൽകിയിട്ടുണ്ട്‌. അത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ അവന്റെ പരിശുദ്ധാത്മാവിന്‌ നമ്മെയും ശക്തിപ്പെടുത്താനാകും.

മതപീഡനം നേരിടാനുള്ള ശക്തി

2. മതപീഡനത്തിന്റെ ലക്ഷ്യം എന്ത്‌, അത്‌ ഏതൊക്കെ വിധങ്ങളിൽ ഉണ്ടായേക്കാം?

2 ആളുകളുടെ വിശ്വാസങ്ങളെപ്രതി അവരെ മനഃപൂർവം മാനസികമായോ ശാരീരികമായോ ദ്രോഹിക്കുന്നതാണ്‌ മതപീഡനം. അത്തരം വിശ്വാസങ്ങൾ തുടച്ചുനീക്കുക, അവ വ്യാപിക്കാതെ തടയുക, വിശ്വാസികളെ പിന്തിരിപ്പിക്കുക എന്നിവയാണ്‌ അതിന്റെ ലക്ഷ്യം. പീഡനം നേരിട്ടുള്ളതോ ഒളിഞ്ഞുമറഞ്ഞുള്ളതോ ആയിരിക്കാം. അതുകൊണ്ടാണ്‌ സാത്താന്റെ ആക്രമണത്തെ ബൈബിൾ സിംഹത്തിന്റെയും പാമ്പിന്റെയും ആക്രമണവുമായി താരതമ്യം ചെയ്‌തിരിക്കുന്നത്‌.—സങ്കീർത്തനം 91:13 വായിക്കുക.

3. സാത്താൻ സിംഹത്തെപ്പോലെയും പാമ്പിനെപ്പോലെയും ആക്രമിക്കുന്നത്‌ എങ്ങനെ?

3 അക്രമാസക്തനായ ഒരു സിംഹത്തെപ്പോലെ സാത്താൻ ചിലപ്പോൾ ദൈവജനത്തിനുമേൽ ചാടിവീഴാറുണ്ട്‌; അക്രമവും തടവും നിരോധനവും പോലെ നേരിട്ടുള്ള ആക്രമണ മാർഗങ്ങൾ അവൻ ഉപയോഗിക്കുന്നു. (സങ്കീ. 94:20) യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രം അടങ്ങിയ വാർഷികപുസ്‌തകങ്ങളിൽനിന്ന്‌ സാത്താന്റെ ഇത്തരത്തിലുള്ള ആക്രമണമുറകളെക്കുറിച്ച്‌ വായിച്ചറിയാനാകും. തത്ത്വദീക്ഷയില്ലാത്ത ജനക്കൂട്ടം ദൈവജനത്തെ പലയിടത്തും ആക്രമിച്ചിട്ടുണ്ട്‌; ചിലതിനു നേതൃത്വം നൽകിയത്‌ പുരോഹിതന്മാരോ രാഷ്‌ട്രീയക്കാരോ ആണ്‌. യഹോവയെ സേവിക്കുന്നത്‌ നിറുത്തിക്കളയാൻ ചിലരെയെങ്കിലും ഇതെല്ലാം പ്രേരിപ്പിച്ചിരിക്കുന്നു. പാമ്പിനെപ്പോലെ ഒളിഞ്ഞിരുന്നും സാത്താൻ ആക്രമിക്കാറുണ്ട്‌; ആളുകളുടെ മനസ്സിൽ വിഷംകുത്തിവെച്ച്‌, അവരെ വഞ്ചിച്ച്‌ തന്റെ വരുതിയിലാക്കുകയാണ്‌ അവന്റെ ലക്ഷ്യം. നമ്മുടെ ആത്മീയബലം ക്ഷയിച്ചുകാണാൻ അവൻ ആഗ്രഹിക്കുന്നു. എന്നാൽ പരിശുദ്ധാത്മാവിന്റെ സഹായമുണ്ടെങ്കിൽ ഈ രണ്ടുതരത്തിലുള്ള ആക്രമണങ്ങളെയും ചെറുത്തുനിൽക്കാൻ നമുക്കാകും.

4, 5. പീഡനങ്ങൾ നേരിടാൻ എന്താണ്‌ ചെയ്യേണ്ടത്‌, എന്തുകൊണ്ട്‌? ഒരു ഉദാഹരണം നൽകുക.

4 ഭാവിയിൽ വരാൻ സാധ്യതയുള്ള പീഡനങ്ങളെക്കുറിച്ച്‌ വിഭാവന ചെയ്യുന്നതുകൊണ്ട്‌ കാര്യമില്ല. അതിനായി തയ്യാറാകാനുള്ള വഴി അതല്ല. ഏതു തരത്തിലുള്ള പീഡനങ്ങളാണ്‌ നമുക്ക്‌ ഉണ്ടാകാൻ പോകുന്നതെന്ന്‌ മുൻകൂട്ടി അറിയാൻ കഴിയില്ല എന്നതാണ്‌ വാസ്‌തവം; പ്രതീക്ഷിക്കുന്ന പല പീഡനങ്ങളും ഉണ്ടായെന്നുംവരില്ല. അതുകൊണ്ട്‌ അത്തരം കാര്യങ്ങളെക്കുറിച്ചോർത്ത്‌ വ്യാകുലപ്പെടുന്നത്‌ അർഥശൂന്യമാണ്‌. പക്ഷേ, നമുക്കു ചെയ്യാനാകുന്ന ഒന്നുണ്ട്‌: ദൈവദാസന്മാരുടെ വിശ്വസ്‌ത ജീവിതഗതിയെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണങ്ങളും യേശുവിന്റെ ഉപദേശങ്ങളും അവന്റെ മാതൃകയുമെല്ലാം ധ്യാനിക്കുക. മിക്കവർക്കും പീഡനങ്ങളെ വിജയകരമായി തരണംചെയ്യാൻ സാധിച്ചിരിക്കുന്നത്‌ അങ്ങനെയാണ്‌. യഹോവയോടുള്ള സ്‌നേഹം ദൃഢമാക്കാൻ ഇത്‌ അവരെ സഹായിച്ചിരിക്കുന്നു. ഈ സ്‌നേഹമാണ്‌ ഏതു പരിശോധനകളിലും പിടിച്ചുനിൽക്കാൻ അവരെ പ്രേരിപ്പിച്ചത്‌.

5 മലാവിയിലെ രണ്ടുസഹോദരിമാരുടെ കാര്യമെടുക്കുക. രാഷ്‌ട്രീയ അംഗത്വ കാർഡുകൾ വാങ്ങാതിരുന്നതിനാൽ അക്രമാസക്തരായ ജനക്കൂട്ടം അവരെ പ്രഹരിച്ചു, അവരുടെ വസ്‌ത്രം ഉരിഞ്ഞു, ബലാത്സംഗം ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തി. ബെഥേലിൽ ഉള്ളവർപോലും അംഗത്വ കാർഡ്‌ വാങ്ങിയെന്ന്‌ അവർ ആ സഹോദരിമാരോട്‌ നുണ പറഞ്ഞു. എന്തായിരുന്നു സഹോദരിമാരുടെ മറുപടി? “ഞങ്ങൾ യഹോവയെ മാത്രമേ സേവിക്കുകയുള്ളൂ. അതിനാൽ ബ്രാഞ്ചോഫീസിലെ സഹോദരങ്ങൾ കാർഡുകൾ വാങ്ങിയാലും ഞങ്ങൾക്ക്‌ ഒന്നുമില്ല. നിങ്ങൾ ഞങ്ങളെ കൊന്നാൽപ്പോലും ഞങ്ങൾ അതു വാങ്ങുകയില്ല!” ആ ധൈര്യം കണ്ടപ്പോൾ അവർ ആ സഹോദരിമാരെ വിട്ടയച്ചു.

6, 7. പീഡനങ്ങൾ നേരിടാൻ യഹോവ തന്റെ ദാസന്മാർക്ക്‌ എങ്ങനെയാണ്‌ ശക്തിനൽകുന്നത്‌?

6 “വളരെ ക്ലേശങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും” തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികൾ “പരിശുദ്ധാത്മാവിൽനിന്നുള്ള സന്തോഷത്തോടെ” വചനം സ്വീകരിച്ചു എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി. (1 തെസ്സ. 1:6) മുൻകാലത്തും ഇക്കാലത്തും പീഡനങ്ങൾ സഹിച്ച ക്രിസ്‌ത്യാനികൾ പരിശോധനയുടെ മൂർധന്യാവസ്ഥയിൽ തങ്ങൾക്ക്‌ ഒരു ആന്തരിക സമാധാനം അനുഭവിച്ചറിയാനായതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ആ സമാധാനം പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഒരു സവിശേഷതയാണ്‌. (ഗലാ. 5:22) അത്‌ അവരുടെ ഹൃദയങ്ങളെയും നിനവുകളെയും സംരക്ഷിച്ചു. അതെ, പരിശോധനകൾ വരുമ്പോൾ അവ നേരിടാനും പ്രശ്‌നങ്ങളെ ബുദ്ധിപൂർവം കൈകാര്യംചെയ്യാനും യഹോവ തന്റെ ദാസന്മാർക്ക്‌ പരിശുദ്ധാത്മാവിനെ പകർന്ന്‌ ശക്തിനൽകുന്നു. *

7 മൃഗീയമായ പീഡനങ്ങൾ നേരിട്ടിട്ടും വിശ്വസ്‌തത കാത്തുസൂക്ഷിച്ച ദൈവജനത്തിന്റെ മനക്കരുത്തിനെ പലരും പ്രശംസിച്ചു സംസാരിച്ചിട്ടുണ്ട്‌. സാക്ഷികൾക്ക്‌ അമാനുഷ ശക്തി ലഭിച്ചിരുന്നോ എന്ന്‌ അവർ അത്ഭുതപ്പെടുന്നു; അത്‌ വാസ്‌തവമാണുതാനും. പത്രോസ്‌ അപ്പൊസ്‌തലൻ ഈ ഉറപ്പുനൽകുകയുണ്ടായി: “ക്രിസ്‌തുവിന്റെ നാമത്തെപ്രതി നിന്ദിക്കപ്പെടുന്നെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ. മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ്‌ നിങ്ങളുടെമേൽ വസിക്കുന്നുവല്ലോ.” (1 പത്രോ. 4:14) നീതിക്കുവേണ്ടി നിലകൊള്ളുന്നതുനിമിത്തം പീഡിപ്പിക്കപ്പെടുന്നത്‌ ദിവ്യാംഗീകാരത്തിന്റെ തെളിവാണ്‌. (മത്താ. 5:10-12; യോഹ. 15:20) അതുകൊണ്ടുതന്നെ ഈ പീഡനങ്ങൾ സന്തോഷിക്കാൻ വകനൽകുന്നു.

സമപ്രായക്കാരിൽനിന്നുള്ള സമ്മർദം നേരിടാൻ ശക്തി

8. (എ) മറ്റുള്ളവരിൽനിന്നുള്ള സമ്മർദം ചെറുക്കാൻ യോശുവയ്‌ക്കും കാലേബിനും കഴിഞ്ഞത്‌ എന്തുകൊണ്ട്‌? (ബി) യോശുവയുടെയും കാലേബിന്റെയും മാതൃകയിൽനിന്ന്‌ എന്തു മനസ്സിലാക്കാം?

8 ക്രിസ്‌ത്യാനികൾക്കു നേരിടേണ്ടിവരുന്ന മറ്റൊരുതരം പ്രശ്‌നമാണ്‌ സമപ്രായക്കാരിൽനിന്നുള്ള സമ്മർദം. എന്നാൽ പരിശുദ്ധാത്മാവ്‌ ഈ ലോകത്തിന്റെ ആത്മാവിനെക്കാൾ ഏറെ ശക്തമായതിനാൽ നമ്മെ കളിയാക്കുന്നവരെയും നമ്മെക്കുറിച്ച്‌ അപവാദം പറഞ്ഞുപരത്തുന്നവരെയും തങ്ങളെപ്പോലെ പ്രവർത്തിക്കാൻ നമ്മെ നിർബന്ധിക്കുന്നവരെയും ചെറുക്കാൻ നമുക്കു കഴിയും. കനാൻ ദേശം ഒറ്റുനോക്കാൻ പോയ യോശുവയും കാലേബും ഇതിന്‌ ഉദാഹരണമാണ്‌. അവരോടൊപ്പം പോയ മറ്റു പത്തുപേരുടെ അഭിപ്രായത്തോട്‌ യോജിക്കാതെ വേറിട്ടുനിൽക്കാൻ അവർക്കു കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌? അവരെ നയിച്ചത്‌ പരിശുദ്ധാത്മാവായതിനാലാണ്‌ അവർക്കു ‘വേറൊരു സ്വഭാവം’ ഉണ്ടായിരുന്നത്‌.—സംഖ്യാപുസ്‌തകം 13:30; 14:6-10, 24 വായിക്കുക.

9. ഭൂരിപക്ഷത്തിൽനിന്ന്‌ വ്യത്യസ്‌തരായി നിൽക്കാൻ ക്രിസ്‌ത്യാനികൾ മടിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

9 സത്യമതോപദേഷ്‌ടാക്കൾ എന്നു കരുതി പലരും ആദരിച്ചിരുന്ന മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കാൻ യേശുവിന്റെ അപ്പൊസ്‌തലന്മാർക്ക്‌ ധൈര്യം നൽകിയതും പരിശുദ്ധാത്മാവാണ്‌. (പ്രവൃ. 4:21, 31; 5:29, 32) ഒഴുക്കിനൊപ്പം നീന്താനാണ്‌ മിക്കവരും ആഗ്രഹിക്കുന്നത്‌, പ്രശ്‌നങ്ങൾ ഒഴിവാക്കുകയാണ്‌ അവരുടെ ലക്ഷ്യം. എന്നാൽ സത്യക്രിസ്‌ത്യാനികൾക്ക്‌ മിക്കപ്പോഴും ശരിയായതിനുവേണ്ടി നിലപാടെടുത്തേ മതിയാകൂ. അത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരിൽനിന്ന്‌ വ്യത്യസ്‌തരായി നിൽക്കാൻ അവർക്ക്‌ ഭയമില്ല; കാരണം പരിശുദ്ധാത്മാവു നൽകുന്ന ബലം അവർക്കു കൈമുതലായുണ്ട്‌. (2 തിമൊ. 1:7) മറ്റുള്ളവരുടെ സമ്മർദത്തിന്‌ വഴങ്ങരുതാത്ത ഒരു സാഹചര്യം നമുക്കിപ്പോൾ പരിശോധിക്കാം.

10. ചില ക്രിസ്‌ത്യാനികൾ നേരിടുന്ന പ്രശ്‌നം എന്ത്‌?

10 ഒരു സുഹൃത്ത്‌ തിരുവെഴുത്തു വിരുദ്ധമായ എന്തെങ്കിലും ചെയ്‌തിരിക്കുന്നു എന്ന്‌ അറിയുമ്പോൾ ചില ചെറുപ്പക്കാർ ധർമസങ്കടത്തിലായേക്കാം. സുഹൃത്തിനെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണെങ്കിൽപ്പോലും മൂപ്പന്മാരോട്‌ കാര്യം പറയുന്നത്‌ വിശ്വാസവഞ്ചനയായേക്കും എന്ന്‌ അവർ ഭയപ്പെടുന്നു. അതുകൊണ്ട്‌, ആത്യന്തികമായി ആർക്കും ഗുണം ഉണ്ടാകില്ലെങ്കിലും സംഭവം രഹസ്യമാക്കിവെക്കാനായിരിക്കാം അവരുടെ തീരുമാനം. പോരാത്തതിന്‌, തന്റെ കാര്യം പുറത്തുപറയരുതെന്ന്‌ തെറ്റുചെയ്‌ത വ്യക്തി ശഠിക്കുകയും ചെയ്‌തേക്കാം. യുവാക്കൾമാത്രം നേരിടുന്ന ഒരു പ്രശ്‌നമല്ല ഇത്‌. ഒരു സുഹൃത്തോ കുടുംബാംഗമോ ചെയ്‌ത ഗുരുതരമായ തെറ്റ്‌ മൂപ്പന്മാരുടെ ശ്രദ്ധയിൽപ്പെടുത്താൻ ചില മുതിർന്നവർക്കും ബുദ്ധിമുട്ടായിരിക്കും. എന്നാൽ സത്യക്രിസ്‌ത്യാനികൾ ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണം?

11, 12. സഭയിലുള്ള ആരെങ്കിലും തന്റെ തെറ്റ്‌ വെളിപ്പെടുത്തരുതെന്ന്‌ നിങ്ങളോട്‌ ആവശ്യപ്പെട്ടാൽ എന്തു ചെയ്യണം, എന്തുകൊണ്ട്‌?

11 പിൻവരുന്ന സാഹചര്യം പരിചിന്തിക്കുക. സഭയിലെ തന്റെ സുഹൃത്തായ സ്റ്റീവ്‌ അശ്ലീലം വീക്ഷിക്കുന്നതായി അലക്‌സ്‌ എന്ന യുവാവ്‌ മനസ്സിലാക്കി. ‘നീ ഈ ചെയ്യുന്നത്‌ ശരിയല്ല’ എന്ന്‌ അലക്‌സ്‌ സ്റ്റീവിനോടു പറയുന്നു. മൂപ്പന്മാരോട്‌ ഇക്കാര്യം സംസാരിക്കണമെന്ന്‌ അലക്‌സ്‌ ആവശ്യപ്പെടുമ്പോൾ, ‘നീ എന്റെ കൂട്ടുകാരനാണെങ്കിൽ ഇത്‌ ആരോടും പറയില്ല’ എന്നാണ്‌ അവന്റെ മറുപടി. സ്റ്റീവുമായുള്ള സൗഹൃദം നഷ്ടമാകും എന്ന്‌ അലക്‌സ്‌ പേടിക്കേണ്ടതുണ്ടോ? ‘സ്റ്റീവ്‌ കുറ്റം നിഷേധിച്ചാൽ മൂപ്പന്മാർ എന്നെ അവിശ്വസിക്കുമോ’ എന്നോർത്ത്‌ ആകുലപ്പെടേണ്ടതുണ്ടോ? ഇങ്ങനെയൊക്കെ ചിന്തിച്ച്‌ അലക്‌സ്‌ മിണ്ടാതിരുന്നാൽ പ്രശ്‌നം വഷളാകുകയേയുള്ളൂ. യഹോവയുമായുള്ള സ്റ്റീവിന്റെ ബന്ധം നഷ്ടമാകാൻ അത്‌ ഇടയാക്കും. “മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും” എന്ന കാര്യം അലക്‌സ്‌ ഓർക്കണം. (സദൃ. 29:25) അലക്‌സിന്‌ മറ്റെന്തെങ്കിലും ചെയ്യാനാകുമോ? സ്‌നേഹപൂർവം സ്റ്റീവിനെ സമീപിച്ച്‌ അവന്റെ തെറ്റിനെക്കുറിച്ച്‌ വീണ്ടും സംസാരിക്കണം. അതിന്‌ ധൈര്യം ആവശ്യമാണ്‌. തന്റെ പ്രശ്‌നത്തെക്കുറിച്ച്‌ തുറന്നു സംസാരിക്കാൻ ഇപ്രാവശ്യം സ്റ്റീവ്‌ മനസ്സുവെക്കില്ലെന്ന്‌ ആരു കണ്ടു! മൂപ്പന്മാരോടു സംസാരിക്കാൻ സ്റ്റീവിനോട്‌ അലക്‌സ്‌ വീണ്ടും ആവശ്യപ്പെടണം. ഇത്ര ദിവസത്തിനുള്ളിൽ സംസാരിച്ചില്ലെങ്കിൽ ‘ഞാൻതന്നെ അക്കാര്യം മൂപ്പന്മാരോടു പറയും’ എന്ന്‌ അലക്‌സ്‌ പറയണം.—ലേവ്യ. 5:1.

12 അത്തരം ഒരു സാഹചര്യത്തിൽ നിങ്ങളുടെ സുഹൃത്ത്‌ നിങ്ങൾ ചെയ്യുന്നതിനെ ഒരു ഉപകാരമായി ആദ്യം കണ്ടെന്നുവരില്ല. എന്നാൽ പിന്നീട്‌ നിങ്ങളുടെ സദുദ്ദേശ്യം ആ വ്യക്തി തിരിച്ചറിയാൻ ഇടയുണ്ട്‌. മൂപ്പന്മാർ നൽകുന്ന സഹായം അദ്ദേഹം സ്വീകരിച്ചേക്കാം. അങ്ങനെയാണെങ്കിൽ, നിങ്ങൾ കാണിച്ച ധൈര്യവും വിശ്വസ്‌തതയും അദ്ദേഹം എക്കാലവും ഓർത്തിരുന്നേക്കാം. ഇനി, തിരിച്ചാണ്‌ സംഭവിക്കുന്നതെങ്കിലോ? അദ്ദേഹം നിങ്ങളോടു വിരോധംവെച്ചുകൊണ്ടിരിക്കുന്നെങ്കിലോ? അത്തരമൊരു വ്യക്തി നിങ്ങളുടെ സുഹൃത്തായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തായ യഹോവയെ പ്രീതിപ്പെടുത്തുന്നതാണ്‌ എപ്പോഴും നല്ലത്‌. നാം യഹോവയ്‌ക്കു ഹിതകരമായത്‌ ചെയ്യുമ്പോൾ അവനെ സ്‌നേഹിക്കുന്നവർക്ക്‌ നമ്മുടെ വിശ്വസ്‌തതനിമിത്തം നമ്മോട്‌ മതിപ്പുതോന്നും, അവർ നമ്മുടെ നല്ല കൂട്ടുകാരായിത്തീരും. ക്രിസ്‌തീയ സഭയിൽ സാത്താന്‌ ഒരു കാരണവശാലും ഇടംകൊടുക്കരുത്‌. ഇടംകൊടുത്താൽ, നാം യഹോവയുടെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും. പകരം, ക്രിസ്‌തീയ സഭയെ ശുദ്ധമായി സൂക്ഷിക്കാൻ ശ്രമിക്കുമ്പോൾ നാം പരിശുദ്ധാത്മാവിനോട്‌ സഹകരിച്ചു പ്രവർത്തിക്കുകയാണ്‌.—എഫെ. 4:27, 30.

എല്ലാവിധ ക്ലേശങ്ങളും നേരിടാനുള്ള ശക്തി

13. ദൈവജനം എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ നേരിടുന്നത്‌, അവ സർവസാധാരണമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ക്ലേശങ്ങൾ ഏതു രൂപത്തിലാണ്‌ വരുക എന്ന്‌ പറയാനാവില്ല. അത്‌ ചിലപ്പോൾ സാമ്പത്തിക പ്രശ്‌നമാകാം, തൊഴിൽനഷ്ടമാകാം, പ്രകൃതിവിപത്താകാം, ആരോഗ്യ പ്രശ്‌നമാകാം, പ്രിയപ്പെട്ട ആരുടെയെങ്കിലും മരണമാകാം. നാം ജീവിക്കുന്നത്‌ “ദുഷ്‌കരമായ സമയങ്ങ”ളിലായതിനാൽ ഇന്നല്ലെങ്കിൽ നാളെ നമുക്കെല്ലാം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്‌. (2 തിമൊ. 3:1) അങ്ങനെ സംഭവിക്കുമ്പോൾ പരിഭ്രമിച്ചുപോകരുത്‌. ഏതു സാഹചര്യത്തിലും സഹിച്ചുനിൽക്കാൻ പരിശുദ്ധാത്മാവിന്‌ നമ്മെ സഹായിക്കാനാകും.

14. ക്ലേശങ്ങളിൽ പിടിച്ചുനിൽക്കാൻ ഇയ്യോബിന്‌ കഴിഞ്ഞത്‌ എങ്ങനെ?

14 ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങൾ അനുഭവിച്ച വ്യക്തിയാണ്‌ ഇയ്യോബ്‌. ഉപജീവനമാർഗവും കുട്ടികളും സുഹൃത്തുക്കളും ആരോഗ്യവും ഒക്കെ നഷ്ടപ്പെട്ടതുകൂടാതെ ഭാര്യക്ക്‌ യഹോവയിലുള്ള വിശ്വാസം നഷ്ടമാകുന്നതും അവന്‌ കാണേണ്ടിവന്നു. (ഇയ്യോ. 1:13-19; 2:7-9) എന്നാൽ എലീഹൂ അവന്‌ ആശ്വാസം പകർന്നു. എലീഹൂവും യഹോവയും ഇയ്യോബിനോടു പറഞ്ഞതിന്റെ സാരം ഇതായിരുന്നു: “മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക.” (ഇയ്യോ. 37:14) ക്ലേശങ്ങളിൽ പിടിച്ചുനിൽക്കാൻ ഇയ്യോബിന്‌ കഴിഞ്ഞത്‌ എങ്ങനെയാണ്‌? യഹോവ പരിശുദ്ധാത്മാവിലൂടെ ചെയ്‌ത കാര്യങ്ങളെക്കുറിച്ചും അവൻ വ്യത്യസ്‌ത വിധങ്ങളിൽ തന്റെ ശക്തി പ്രകടമാക്കിയതിനെക്കുറിച്ചും ഇയ്യോബ്‌ ഓർക്കുകയും ധ്യാനിക്കുകയും ചെയ്‌തു. അങ്ങനെ ചെയ്യുന്നത്‌ സഹിച്ചുനിൽക്കാൻ നമ്മെയും സഹായിക്കും. (ഇയ്യോ. 38:1-41; 42:1, 2) യഹോവയുടെ കരുതൽ അനുഭവിച്ചറിഞ്ഞ അവസരങ്ങൾ നമ്മുടെ ജീവിതത്തിൽത്തന്നെ ഉണ്ടാകും. അവയെക്കുറിച്ച്‌ ചിന്തിക്കുക. അവൻ നമുക്കുവേണ്ടി ഇപ്പോഴും കരുതുന്നു എന്ന കാര്യവും മറക്കരുത്‌.

15. പരിശോധനകൾ നേരിടാൻ പൗലോസിന്‌ ശക്തി ലഭിച്ചത്‌ എങ്ങനെ?

15 വിശ്വാസത്തിന്റെപേരിൽ ജീവനു ഭീഷണി ഉയർത്തുന്ന പല സാഹചര്യങ്ങളും നേരിട്ട വ്യക്തിയാണ്‌ പൗലോസ്‌ അപ്പൊസ്‌തലൻ. (2 കൊരി. 11:23-28) അത്തരം സാഹചര്യങ്ങളിൽ സമചിത്തതയോടെ പ്രവർത്തിക്കാൻ അവനു കഴിഞ്ഞത്‌ എങ്ങനെയാണ്‌? പൗലോസ്‌ യഹോവയോട്‌ പ്രാർഥിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്‌തു. തന്റെ വധത്തിൽ കലാശിച്ച അതികഠിനമായ പരീക്ഷണകാലത്ത്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “കർത്താവ്‌ എനിക്കു തുണ നിന്നു; എന്നിലൂടെ വചനം പൂർണമായി ഘോഷിക്കപ്പെടാനും വിജാതീയർ അതു കേൾക്കാനും ഇടയാകത്തക്കവിധം അവൻ എനിക്കു ശക്തിപകർന്നു. സിംഹത്തിന്റെ വായിൽനിന്നും ഞാൻ വിടുവിക്കപ്പെട്ടു.” (2 തിമൊ. 4:17) അതെ, “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട” എന്ന്‌ സ്വന്തം അനുഭവത്തിൽനിന്ന്‌ സഹവിശ്വാസികളോട്‌ പറയാൻ പൗലോസിന്‌ കഴിഞ്ഞു.—ഫിലിപ്പിയർ 4:6, 7, 13 വായിക്കുക.

16, 17. പ്രാതികൂല്യങ്ങൾ നേരിടാൻ യഹോവ തന്റെ ജനത്തെ സഹായിക്കും എന്ന്‌ കാണിക്കുന്ന ഒരു അനുഭവം പറയുക.

16 യഹോവ തന്റെ ജനത്തിനുവേണ്ടി കരുതുന്നത്‌ എങ്ങനെയെന്ന്‌ അനുഭവിച്ചറിഞ്ഞ ഒരു പയനിയറാണ്‌ റൊക്‌സാന. നമ്മുടെ ഒരു കൺവെൻഷനിൽ സംബന്ധിക്കാൻ കുറച്ചു ദിവസത്തെ അവധി ചോദിച്ചപ്പോൾ അവധിയെടുത്താൽ ജോലിയിൽനിന്ന്‌ പിരിച്ചുവിടും എന്ന്‌ മുതലാളി ഭീഷണിപ്പെടുത്തി. ‘ജോലി നഷ്ടപ്പെടരുതേ’ എന്നു പ്രാർഥിച്ചുകൊണ്ട്‌, ഉത്‌കണ്‌ഠപ്പെടാതെ റൊക്‌സാന കൺവെൻഷനു പോയി. കൺവെൻഷൻ കഴിഞ്ഞ്‌ തിങ്കളാഴ്‌ച തിരിച്ചുചെന്നപ്പോൾ, പറഞ്ഞിരുന്നതുപോലെതന്നെ അവളെ പിരിച്ചുവിട്ടു. എന്തു ചെയ്യണമെന്ന്‌ അറിയാത്ത അവസ്ഥയിലായി അവൾ. തുച്ഛമായ ശമ്പളമായിരുന്നെങ്കിലും കുടുംബത്തെ സഹായിക്കാൻ അവൾക്ക്‌ ഈ ജോലി ആവശ്യമായിരുന്നു. കൺവെൻഷനിൽവെച്ച്‌ ആത്മീയമായി തന്നെ പരിപോഷിപ്പിച്ച ദൈവത്തിന്‌ ഭൗതികമായും കരുതാനാകും എന്ന ഉറപ്പോടെ അവൾ വീണ്ടും പ്രാർഥിച്ചു. തിരിച്ച്‌ വീട്ടിലേക്കു നടക്കുന്ന വഴി, “ജോലിക്കാരെ ആവശ്യമുണ്ട്‌” എന്നൊരു നോട്ടീസ്‌ അവൾ കണ്ടു. ഫാക്‌ടറികളിൽ ഉപയോഗിക്കുന്ന തയ്യൽമെഷീൻ പ്രവർത്തിപ്പിച്ച്‌ പരിചയമുള്ളവരെയായിരുന്നു ആവശ്യം. അവൾ അപേക്ഷിച്ചു. അവൾക്ക്‌ തൊഴിൽപരിചയം ഇല്ലെന്ന്‌ മനസ്സിലാക്കിയിട്ടും മാനേജർ അവളെ ജോലിക്കെടുത്തു, അതും മുമ്പുണ്ടായിരുന്നതിന്റെ ഏതാണ്ട്‌ ഇരട്ടി ശമ്പളത്തിന്‌. തന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം കിട്ടിയതായി റൊക്‌സാനയ്‌ക്കു തോന്നി. പക്ഷേ, അതിലും വലിയ ഒരു അനുഗ്രഹം അവളെ കാത്തിരിക്കുകയായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന പലരോടും സാക്ഷീകരിക്കാൻ അവൾക്കു കഴിഞ്ഞു. പിന്നീട്‌, മാനേജർ ഉൾപ്പെടെ അവരിൽ അഞ്ചുപേർ സ്‌നാനമേറ്റ്‌ സാക്ഷികളായി!

17 നമ്മുടെ പ്രാർഥനകൾ യഹോവ കേൾക്കുന്നില്ലേ എന്ന്‌ നാം ചിലപ്പോൾ സംശയിച്ചേക്കാം. ഒരുപക്ഷേ, പ്രാർഥനയ്‌ക്ക്‌ പ്രതീക്ഷിക്കുന്ന വിധത്തിൽ, അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന സമയത്ത്‌ ഉത്തരം കിട്ടിയില്ലായിരിക്കാം. അങ്ങനെ സംഭവിക്കുന്നെങ്കിൽ അതിന്‌ തക്ക കാരണമുണ്ട്‌; യഹോവയ്‌ക്ക്‌ അതറിയാം. നമുക്ക്‌ ഒരുപക്ഷേ പിന്നീടേ അതു മനസ്സിലാകുകയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ്‌: യഹോവ തന്റെ വിശ്വസ്‌തരെ ഒരിക്കലും കൈവിടില്ല.—എബ്രാ. 6:10.

പരിശോധനകളും പ്രലോഭനങ്ങളും നേരിടാൻ വേണ്ട സഹായം

18, 19. (എ) പരിശോധനകളും പ്രലോഭനങ്ങളും നാം പ്രതീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) പരിശോധനകളെ വിജയകരമായി നേരിടാൻ എങ്ങനെ കഴിയും?

18 പ്രലോഭനങ്ങളും നിരുത്സാഹവും പീഡനങ്ങളും സമപ്രായക്കാരിൽനിന്നുള്ള സമ്മർദവുമൊക്കെ യഹോവയുടെ ജനം പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ്‌. ഈ ലോകം നമുക്ക്‌ എതിരാണെന്ന്‌ നമുക്കറിയാം. (യോഹ. 15:17-19) എന്നാൽ ദൈവത്തെ സേവിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മറികടക്കാൻ പരിശുദ്ധാത്മാവിന്‌ നമ്മെ ശക്തിപ്പെടുത്താനാകും. നമുക്ക്‌ ചെറുക്കാനാവാത്ത ഒരു പ്രലോഭനവും യഹോവ അനുവദിക്കില്ല. (1 കൊരി. 10:13) അവൻ നമ്മെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. (എബ്രാ. 13:5) അവന്റെ നിശ്വസ്‌ത വചനം അനുസരിക്കുന്നത്‌ ഒരു സംരക്ഷണമാണ്‌, നമുക്ക്‌ അത്‌ ശക്തിപകരും. കൂടാതെ, നമുക്കു വേണ്ട സഹായം, വേണ്ട സമയത്ത്‌ നൽകാൻ സഹവിശ്വാസികളെ ദൈവത്തിന്റെ ആത്മാവിന്‌ പ്രേരിപ്പിക്കാനാകും.

19 പ്രാർഥിച്ചുകൊണ്ടും തിരുവെഴുത്തുകൾ പഠിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ സഹായത്തിനായി നമുക്ക്‌ തുടർന്നും യത്‌നിക്കാം. അങ്ങനെ, “സന്തോഷത്തോടെ സകല സഹിഷ്‌ണുതയും ദീർഘക്ഷമയും കാണിക്കേണ്ടതിന്‌ (ദൈവത്തിന്റെ) മഹത്ത്വത്തിന്റെ വല്ലഭത്വത്തിനൊത്തവിധം പൂർണശക്തിയോടെ” നാം ബലപ്പെടാൻ ഇടവരട്ടെ.—കൊലോ. 1:11.

[അടിക്കുറിപ്പ്‌]

^ ഖ. 6 2001 മേയ്‌ 1 വീക്ഷാഗോപുരത്തിന്റെ 16-ാം പേജും 1993 ഫെബ്രുവരി 8 ഉണരുക!യുടെ (ഇംഗ്ലീഷ്‌) 21, 22 പേജുകളും കാണുക.

ഉത്തരം പറയാമോ?

• പീഡനങ്ങൾ നേരിടാൻ നിങ്ങൾക്ക്‌ എങ്ങനെ തയ്യാറെടുക്കാം?

• താൻ ചെയ്‌ത തെറ്റു മറച്ചുവെക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ എന്തു ചെയ്യണം?

• ഏതുതരം പ്രശ്‌നങ്ങൾ ഉണ്ടായാലും നിങ്ങൾക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

യോശുവയിൽനിന്നും കാലേബിൽനിന്നും നമുക്ക്‌ എന്ത്‌ പഠിക്കാം?

[29-ാം പേജിലെ ചിത്രം]

തെറ്റുചെയ്‌ത ഒരു സുഹൃത്തിനെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാം?